2014, ഡിസംബർ 31, ബുധനാഴ്‌ച

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.

മൊഴിമുള്ളുകൾ


 പൂർണ്ണത പ്രാപിച്ച  ആശയംപോലെ
വിടർന്നു നിൽക്കുന്നൂ
അർഥഗർഭയായി
 ശിശിരകാല രാത്രി

മഞ്ഞിന്റെ മായാവലയത്തിൽ
തെളിഞ്ഞു നിൽക്കുന്നുണ്ട്
നേരെന്നുതോന്നുന്ന
വരമൊഴികൾ

മദാലസമായി മെല്ലെ കാറ്റിലാടി
മാടിവിളിച്ചുകൊണ്ട്
കുസുമക്കണ്ണുകളുമായി ഈ
 മലർവല്ലരികൾ

 രാവിന്റെ തനതായ ഈ നേരുകളെ
 എനിക്കു നേരിടേണ്ടതുണ്ട്
 പകൽ രൂപം മാറുന്ന
 കാരമുള്ളുകൾ

 തനുവും മനവും കരളും ഒന്നുപോൽ
 അണിചേർത്ത്നിർത്തി
 മാറ്റുന്നുണ്ടവയെ
 മുനയില്ലാ മുള്ളുകൾ!



 

2014, ഡിസംബർ 10, ബുധനാഴ്‌ച

അഘോരം : രാഷ്ട്രീയ കാവ്യ കമന്റുകൾ : ഗീതാധാര.

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.



 അഘോരം : രാഷ്ട്രീയ കാവ്യ കമന്റുകൾ : 

ഗീതാധാര







ഗീതതൻ പരമാർത്ഥ-
     മെത്രയോ മതേതരം
ജാതിയെ വചിപ്പതോ
     ജന്മവാസനാപരം

ജാതമായ് സംസ്കാരത്തി-
     ന്നാദിമകാലങ്ങളിൽ,
യാതൊരുമതങ്ങളും
     ജാതമായ്ക്കഴിയാത്ത
ഭൂതമാംകാലങ്ങളിൽ

ഭൂമിയും വാനും നേരിൽ
     സംവദിപ്പതാം ചിന്താ
ധാരയായ്, ഗംഗയായ്,
     ഭാരതസംസ്കാരിക
ശാദ്വലങ്ങളിൽ പൂത്ത

പൂവനങ്ങളെ, ഹർഷോ-
     ന്മാദങ്ങളെ, ഇമ്മണ്ണിൽ
പ്പാവിയ പുണ്യോദയ
     പൂതമാം കാലങ്ങളിൽ

*****************************

ഇന്ത്യയും പാകിസ്ഥാനു-
     മൊന്നുപോൽ സമാർജ്ജിച്ചൂ
സുന്ദരസ്വാതന്ത്രത്തെ , -
    യെന്നാലെന്താണു ദൃശ്യം?

ഇന്ത്യയോ ദേശാന്തര
     യുന്നതങ്ങളിൽ, പാകിസ്ഥാ-
നന്ധമാം മതഭ്രാന്തിൻ
     കേന്ദ്രഭീകരദേശം!

എന്തുതാനിതിൻ ഹേതു? -
     ഒന്നുതാനല്ലോ, വേദ
ചിന്തയിൽ കുരുത്തതാം
     ഗീതതൻ അധികാരം!!

 

2014, നവംബർ 4, ചൊവ്വാഴ്ച

ചുംബനസമരാഭാസം

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.


ചുംബനസമരാഭാസം




 സ്നേഹചുംബനം (kiss of love ) സമരായുധമാക്കാൻ വഷളന്മാർക്കേ സാധിക്കൂ. പ്രീണിപ്പിക്കാനോ അനുനയിപ്പിക്കാനോ വ്യക്തിസ്വകാര്യതയുടെ അനർഘനിമിഷങ്ങ‌ളിൽ ചെയ്യാവുന്ന ശാലീനസുന്ദരമായ ഒരു ഉപഹാരമാണ്, നിവേദനമാണ്, അത്.  സ്നേഹചുംബനത്തിനെ സമരാഭാസമാക്കിയവർ അവരുടെ വീക്ഷണത്തിന് സ്വയം മരണചുംബനം (kiss of death ) നൽകി ആത്മവിലോപം വരുത്തുകയായിരുന്നു. സംസ്കാരശൂന്യന്മാരുടെ കാടുപിടിച്ചുകിടക്കുന്ന ശിരസ്സുകളിൽ വിഹരിക്കുന്ന പല ആശയ സൂകരങ്ങളിൽനിന്ന് തേറ്റയുമായി നാട്ടിലിറക്കിയ ഒന്ന്.   ഒരുകൂട്ടം സദാചാരവിരുദ്ധരായ തെമ്മാടികളെന്ന വിളിപ്പേരുമായി അവശേഷിച്ചിരിക്കയാണവർ , ഇത്തരം അൻപതോളം അസുരവിത്തുകളെ പെറുക്കിയെടുക്കാൻ ഏതു സമൂഹത്തിലും കാണും. ഈ ക്രാക്കുകൾ ഒളിഞ്ഞിരിക്കുന്ന  ക്രെവിസുകളിൽനിന്ന്  വെളിയിലിറങ്ങി വിഹരിക്കാൻ ഗ്രഹണംപോലെ ഒരു സമയം ഒത്തുവരണം. ചുരുങ്ങിയ സമയംമാത്രം നീണ്ടുനിൽക്കുന്ന ഒരു ക്ഷുദ്രഗ്രഹണം മാത്രമാണ് നമ്മുടെ സാംസ്കാരികനഭസ്സിൽ കണ്ടത് എന്നു കൊച്ചിയിലെ ദൃശ്യങ്ങൾ തെളിയിച്ചു. ഇനിയും ഈ നാട്ടിൽ ഇത്തരം ഒരു സമരാഭാസം ഉണ്ടാവില്ല.

ചുംബന സമരാഭാസത്തെ ജാതിമത സംഘടനകള്‍ ഒറ്റക്കെട്ടായി ചെറുത്തപ്പോള്‍ പിന്തുണച്ചത്‌ ഇടത്‌-തീവ്ര ഇടതുപക്ഷ സംഘടനകളാണ്.

സമരത്തെ അനുകൂലിച്ചവരില്‍ എസ്‌.എഫ്‌.ഐക്കു പുറമേ നക്‌സല്‍ സംഘടനകളായ സി.പി.ഐ (എം.എല്‍), ഡി.എച്ച്‌.ആര്‍.എം, പോരാട്ടം തുടങ്ങിയവരുടെ പ്രവര്‍ത്തകരും ഉണ്ടായിരുന്നുവെന്നാണു പോലീസ്‌ പറയുന്നത്‌.

ചുംബനത്തിനെ ആർക്കാണ് എതിർക്കാൻ കഴിയുന്നത്? എല്ലാവരും പലസ്ഥിതിയിൽ പലകാലത്ത് പലയിടത്തുവെച്ച് പല വികാരങ്ങളിൽ ചുംബിച്ചിട്ടുള്ളവർ തന്നെ. വിഷയഹേതുക്കളായ യുവമോർച്ചക്കാരും ചുംബനത്തിന് എതിരല്ല എന്ന് വ്യക്തമാക്കിയിരുന്നു. അവിഹിത, അനാശാസ്യ ,ചുംബനാഭാസങ്ങ‌ൾ അതിന്റെ തുടർനാടകങ്ങളോടുകൂടി മദ്യലഹരിയിൽ കൂട്ടംകൂടി ഏറെക്കുറെ പരസ്യമായി പോലീസിന്റെ മൂക്കിനുകീഴിൽ കുറെക്കാലമായി നടന്നുവന്നത് വെളിച്ചത്തുവന്നപ്പോഴാണ് കുറച്ചെങ്കിലും സാമൂഹ്യപ്രതിബദ്ധതയുണ്ടായിരുന്നവർ എതിർത്തത്. പോലീസ് കണ്ണടച്ചിരുന്നില്ലെങ്കിൽ സംഭവം ഉണ്ടാകയില്ലായിരുന്നു. ഇത്തരം പ്രവണതകൾ സമൂഹ കാൻസർഹേതുക്കളാണ്. അലവലാതികളൂടെയിടയിൽപോലും അവയെ വളരാൻ അനുവദിക്കരുത്.

2014, നവംബർ 2, ഞായറാഴ്‌ച

അഘോരം : രാഷ്ട്രീയ കാവ്യ കമന്റുകൾ : ചുംബൻ അഭിയാൻ

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.



അഘോരം : രാഷ്ട്രീയ കാവ്യ കമന്റുകൾ : ചുംബൻ അഭിയാൻ




ചുംബിതർക്കിനീം വേണം ചുംബിക്കാൻ, അചുംബിതർ
ചുംബനകലാകോവിദരായിടും, കൊച്ചിയിൽ
ന്യൂജനറേഷൻ കൊച്ചിനെ, മുത്താൻ, പുണരാനായ്
യൂജീസി പുത്തൻകോഴ്സ് വരുന്നൂ വേഴ്സിറ്റിയിൽ
ഇച്ഛപോലതിൽചുറ്റും പൂവാലരുണ്ടോ നല്ല
സ്വച്ഛഭാരതഫലദായിയാം അഭിയാനിൽ
അഭ്യസിക്കുവാൻ, അഭിരമിക്കാൻ, ക്ഷോഭിക്കുവാൻ
അഭ്യാസം മറ്റേതല്ലെ മല്ലുവിന്നെന്നും പ്രിയം!

2014, ഒക്‌ടോബർ 20, തിങ്കളാഴ്‌ച

മുഖ്യധാരാ മതങ്ങളുടെ പൊതുസ്വഭാവം : ഒരു സംക്ഷിപ്ത അവലോകനം.

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.

മുഖ്യധാരാ മതങ്ങളുടെ പൊതുസ്വഭാവം : ഒരു സംക്ഷിപ്ത അവലോകനം.





മതേതരത്വം (secularism) ബ്രിട്ടണിൽനിന്ന് കടമെടുത്ത ആശയമാണ്.  അതിന് ഇന്ത്യൻ പ്രകരണത്തിൽ തീരെ പ്രസക്തിയില്ല. കാരണം, ആ സങ്കല്പം സെമിറ്റിക് മതങ്ങ‌ൾ, അതായത്, ജുഡായിസം ഉൾപ്പെടുമെങ്കിലും പ്രധാനമായും ലോക മുഖ്യധാരാമതങ്ങളായ ക്രിസ്തുമതവും ഇസ്ലാമും, ഭൂരിപക്ഷത്തിന്റെ മതമാകുന്ന ദേശീയതകളിൽ മാത്രമേ പ്രസക്തിയോ പ്രയോജനമോ ആർജ്ജിക്കയുള്ളു. മത‌മെന്നാൽ പൊതുവായി, അഭിപ്രായം,വീക്ഷണം എന്നും, ഇക്കാര്യത്തിലാണെങ്കിൽ ആത്മീയ നിലപാട് എന്നുമാണ് വിവക്ഷ. സെമിറ്റിക് മതവീക്ഷണവും കടുത്ത നിലപാടും തങ്ങളുടെ ഓരോരുത്തരുടെയും വിശ്വാസങ്ങൾ മാത്രമാണ് ശരിയെന്നും, അന്തിമസത്യമെന്നും, മറ്റുള്ള മതവിശ്വാസങ്ങൾ എല്ലാം അസത്യവും അധിക്ഷേപാർഹവും അതിനാൽ ഉന്മൂലനം ചെയ്യപ്പെടേണ്ടവയും ആണെന്നാണ് .അവയുടെ ഈ വീക്ഷണങ്ങൾ  ക്രോഡീകരിച്ച് ഈ നിലപാടും, പിന്നീട് നിയമങ്ങൾ തന്നെ ആക്കിയതോ, പച്ചമനുഷ്യനായിരുന്ന അവരവരുടെ ഏക പ്രവാചകനും. എത്ര ദൈവികനെന്നു പിന്നീട് അനുയായികൾ കരുതിയാലും, മാലാഖ വെളിപ്പെടുത്തിയവയാണെന്ന് വിശ്വസിച്ചാലും, വാസ്തവത്തിൽ ആ വചനങ്ങൾ ഏകമനുഷ്യന്റെ ബുദ്ധിയിൽ തെളിഞ്ഞവമാത്രമാണ്. ഏകവ്യക്തിയുടെ ബുദ്ധിയ്ക്കും, വിവരത്തിനും, വിവേകത്തിനും  അവ ആത്മനിഷ്ടാപരമെന്നതിനു പുറമേ ( subjective), അല്ലെങ്കിൽ അതുകൊണ്ടുകൂടിയും, വളരെ പരിമിതിയും ഉണ്ട്. ഏകവ്യക്തിവചനങ്ങൾ ഒരിക്കലും അന്തിമസത്യമോ അവസാനത്തെ വാക്കോ ആവില്ല.



സെമിറ്റിക് മതങ്ങളുടെ രണ്ടാമത്തെ പ്രത്യേകതയായി പരിഗണിക്കേണ്ടത് അവയുടെ  അധികാരശ്രേണിയോടെയുള്ള ( hierarchy)  പുരോഹിത സ്ഥാപനസ്വഭാവമാണ് (establishment). ക്രിസ്തുമതത്തിൽ, ഡീകൺ,പാതിരി, ബിഷപ്, ആർച്ബിഷപ്, കർദിനാൾ, പോപ് എന്നിങ്ങനെ വിവിധ നിലകളിലുള്ള പുരോഹിതശ്രേണി  വ്യക്തമായി നിർവചിച്ചിട്ടുള്ള പ്രദേശ മണ്ഡലശ്രേണികളോടെ (പാരിഷ്, ഡയോസിസ്, പ്രോവിൻസ് ),  വിപുലമായ അധികാരം കുഞ്ഞാടുകളുടെ മേൽ കൈയ്യാളുന്നു. അതുപോലെ വിപുലമായ അധികാരമാണ് ഇസ്ലാമിൽ ശാരിയത് നിയമങ്ങൾക്കും അതു നടപ്പിലാക്കുന്ന ഇമാമിനും, മുഫ്തിയ്ക്കും, ആയതൊള്ളാഹ്യ്ക്കും. ഒടുവിൽ പറഞ്ഞ രണ്ട് അധികാരികൾക്കും വധശാസനവരെ പുറപ്പെടുവിക്കാം. സൽമാൻ റഷ്ദിയെ ഓർക്കുക.  ഈ സ്വഭാവം, ഈ ഘടന, വളരെ പരിമിതികളുള്ള ഏകപ്രവാചകന്റെ മൂല വചനങ്ങളെ പ്പോലും വളച്ചൊടിക്കാൻ പര്യാപ്തമാവുന്നു. പലപ്പോഴും താത്കാലികമായ  സന്ദർഭത്തിനും സാഹചര്യത്തിനും അനുരൂപമായി കപട വ്യാഖ്യാനങ്ങൾക്ക് കളമൊരുക്കുന്നു. പ്രായോഗിക നിത്യജീവിതത്തിനു സഹായകരമായതിനാൽ  കപടവ്യാഖ്യാനങ്ങൾ മൂലവചനങ്ങൾക്കു പകരക്കാരാവുന്നു. പുരോഹിതാധികാരത്തിനുമുന്നിൽ സാധാരണ ജനങ്ങൾക്കു കുഞ്ഞാടുകൾ ആകാനേ സാധിക്കൂ എന്ന സ്ഥിതിവിശേഷം സംഭവിക്കുന്നു. ഈ പ്രവണത സമൂഹ പശ്ചാത്ഗമനത്തിനും ജീർണ്ണതയ്ക്കും വഴിയൊരുക്കുന്നു.

                

സെമിറ്റിക് മതങ്ങളുടെ മൂന്നാമത്തെ പ്രത്യേകത അവയുടെ അടിസ്ഥാനപരമായ ആക്രമണ സ്വഭാവമാണ്.. ഇതരമതങ്ങളെ ഉന്മൂലനം ചെയ്യണമെന്ന് വിധിക്കുന്ന മതത്തിന് അക്രമത്തിലേക്ക് തിരിയാതെ വയ്യ. ക്രിസ്തുമതവും ഇസ്ലാം മതവും ക്രൂസേഡ് (കുരിശുയുദ്ധം) /ജിഹാദ് വിശുദ്ധയുദ്ധങ്ങളുടെ മതങ്ങളാണ്.  ബൈബിളിലും ഖുറാനിലും വാളെടുക്കുവാനുള്ള ആഹ്വാനങ്ങൾ ധാരാളമുണ്ട്.  ഒരിടത്ത് ക്രിസ്തു പറയുന്നു: "ഞാൻ ഭൂമിയിൽ സമാധാനം കൊണ്ടുവരാൻ വന്നതാണെന്ന് വിചാരിക്കണ്ട; ഞാൻ സമാധാനം കൊണ്ടുവരാൻ വന്നതല്ല, പ്രത്യുതാ വാൾ കൊണ്ടുവരാൻ വന്നതാണ്" ((Matthew 10:34) മധ്യകാലഘട്ടത്തിൽ കത്തോലിക് പോപ്മാരുടെ നേതൃത്വത്തിൽ പോപ് അർബൻ രണ്ടാമൻ 1095 ൽ വിശുദ്ധനാടായ ജെറുസലേം മുസ്ളീം അധീനതയിൽനിന്ന് മോചിപ്പിക്കാനും കടൽകടന്നുള്ള പരദേശങ്ങളിൽ ക്രിസ്തുമതം പ്രചരിപ്പിക്കാനുമായി തുടങ്ങിവെച്ച കുരിശുയുദ്ധങ്ങൾ, പരാജയത്തിൽ കലാശിച്ച ജെറുസലെം മോചനത്തിന് വേണ്ടി  200 വർഷത്തേക്കും, മതപ്രചാരണർത്ഥം 1588ലെ സ്പാനിഷ് അർമദ യുദ്ധം വരെയും നീണ്ടുനിൽക്കയുണ്ടായി. ഫിലിസ്തീനു പുറമേ സിറിയ, ഈജിപ്റ്റ്, സ്പെയിൻ, ലറ്റാവിയ-പ്രഷ്യ അടങ്ങിയ ബാൾടിൿ, ഇറ്റലി-സിസിലി, തെക്കൻ ഫ്രാൻസ് ഇവിടങ്ങളീലേക്കെല്ലാം കുരിശുയുദ്ധങ്ങൾ പടർന്നു. യൂറോപ്യൻ കൊളോണിയൽ വാഴ്ച്കളുടെ പ്രചോദനവും മറ്റൊന്നല്ല.



ഇസ്ലാം മതഗ്രന്ഥമായ ഖുർആൻ, മുഹമ്മദ് തന്റെ ജീവിതത്തിന്റ അവസാനത്തെ 23 വർഷങ്ങൾക്കിടയിലെ വിവിധ സന്ദർഭങ്ങളിൽ ശകലങ്ങളായി അവതരിപ്പിച്ച പ്രമാണങ്ങൾ വാമൊഴിയായി പടർന്നത് മനഃപാഠമായി സൂക്ഷിച്ച്, ആദ്യ ഖലീഫ അബൂബക്റിന്റെ കാലത്ത് ക്രോഡീകരിക്കപ്പെടുകയും മൂന്നാം ഖലീഫയായ ഉസ്മാന്റെ കാലത്ത് ഇന്നു ലഭ്യമായ തരത്തിൽ പുസ്തക രൂപത്തിലാക്കപ്പെടുകയും ചെയ്തതാണ്. ഖുർആനിലാവട്ടെ, ആക്രമണോത്സുകതയും ആക്രമണ ആഹ്വാനങ്ങളും അമ്പരിപ്പിക്കുന്ന വിധത്തിൽ വളരെ അധികമാണ്  അത്തരം 164 സുറകൾ ഉണ്ടെന്നാണ് ഒരു കണക്ക്. " യുദ്ധം നിന്നിൽ നിർബന്ധിതമാണ്" (2.217) " ഒരു അവിശ്വാസിയെ കണ്ടാൽ അവന്റെ ഗളച്ഛേദം ചെയ്യുക"  (K 47:004 Set 69, Count 136)   അങ്ങനെ ഞെട്ടിപ്പിക്കുന്നവ.  അതിശയിക്കാനില്ല; 40താമത്തെ വയസ്സിനുമേൽ മുഹമ്മദ് പ്രവാചകൻ മാത്രമല്ല ആയത്, ഒരു പട്ടാളമേധാവിയും സൈനികമേധാവിത്വവാദിയുമായി (militarist) തീർന്നിരുന്നു. തന്നെ വേട്ടയാടിയ മെക്കയെ കീഴ്പെടുത്തിയതുൾപ്പെടെ 27 .യുദ്ധപ്രവര്‍ത്തനങ്ങൾ നയിക്കുകയും മറ്റ് 58  എണ്ണം ആസൂത്രണം നടത്തുകയും ചെയ്തിരുന്നത്രേ!.ഇവ മിക്കവയും മദീനയിൽ കൂടെകടന്നുപോന്നിരുന്ന സാര്‍ത്ഥവാഹകസംഘങ്ങളെയും (caravans) അവിടുത്തെയും അയൽപ്രദേശങ്ങളിലെയും സമ്പന്ന ഗ്രാമങ്ങളെയും കൊള്ളയടിച്ചുകൊണ്ടായിരുന്നു.  ജിഹാദ് യുദ്ധതന്ത്രങ്ങളിൽ പ്രഗത്ഭനായിരുന്ന മുഹമ്മദിന്റെ കാലത്തുതന്നെ അറേബ്യ മുഴുവൻ പിടച്ചടക്കിയിരുന്നു. തൂടർന്നുള്ള റാഷിദുൻ കാലിഫുകളുടെ കാലത്ത് വെറും 30 വർഷങ്ങൾക്ക്ക്കുള്ളിൽത്തന്നെ ഉഗ്ര മതവികാരവ്യഗ്രതയോടുകൂടിയ ജിഹാദിനാൽ മധ്യപൗരസ്ത്യ പ്രദേശം മുതൽ വടക്ക് ക്വോക്കസസ്, പടിഞ്ഞാറ് ഈജിപ്റ്റ് മുതൽ ടുണീഷ്യ വരെ, കിഴക്ക് ഇറാൻ പീഠഭൂമി മുതൽ മധ്യേഷ്യ അടക്കം അന്നേവരെയുള്ള ഏറ്റവും വിപുല സാമ്രാജ്യം മുസ്ലീം അധീനതയിലായി. ദേശീയതാപരമായ യുദ്ധത്തിനും വിശുദ്ധയുദ്ധത്തിനും തമ്മിലുള്ള ഞെട്ടിപ്പിക്കുന്ന അന്തരം മനസ്സിലാക്കിയേപറ്റു: ആദ്യത്തേതിൽ പോരാളി പറയുന്നത്, എന്റെ രാജ്യത്തിനു വേണ്ടി ഞാൻ മരിക്കും; എന്നാൽ വിശൂദ്ധയുദ്ധത്തിലെ ഭീകരൻ പറയുന്നത്, എന്റെ വിശ്വാസങ്ങൾക്ക് വേണ്ടീ നീ മരിക്കണം!



 സെമിറ്റിക് മതങ്ങളുടെ പൊതുസ്വഭാവം നാം മനസ്സിലാക്കിക്കഴിഞ്ഞു. ഈ പൊതുസ്വഭാവത്തെ 'ഹിന്ദുമത 'ത്തിന്റെ പൊതുസ്വഭാവവുമായി താരതമ്യപ്പെടുത്തിയാൽ അനുഭവപ്പെടുന്നത് അതിശാന്തമായ, ശീതളമായ, സമാധാനം തരുന്ന, ഒരു ശ്രേഷ്ടമായ അന്തരമാണ്. ഹിന്ദുമതമെന്നതിന് ഉദ്ധരണികൾ കൊടുത്തത് ശ്രദ്ധിച്ചുകാണുമല്ലൊ. എന്തെന്നാൽ അത് ഒരു മതമേ അല്ല. ഇംഗ്ളീഷിൽ വേണമെങ്കിൽ ഹിന്ദുയിസം (Hinduism) എന്നു പറയാം. ഹിന്ദുയിസം ഒരു മതമല്ല, ജീവിതശൈലിയാണ്, എന്ന് സർ ശ്രീ എസ്. രാധാകൃഷ്ണന്റെ അടിവരയിടണ്ട പ്രചുരപ്രചാരമായ പ്രസ്താവനയുടെ വാസ്തവികതയ്ക്കും പുറമേ നാം അറിഞ്ഞിരിക്കണ്ട ചില ചരിത്രയാഥാർത്ഥ്യങ്ങളൂമുണ്ട്.



ഹിന്ദു എന്ന് വാക്ക് വേദങ്ങളിലോ പുരാണങ്ങളിലോ ഇല്ല. വേദഭാഷയായ പ്രാകൃത സംസ്കൃതം ലോകത്തിലെ ഒരുവ്യ്വസ്ഥാപിത ഘടനയോടുകൂടിയ ആദ്യത്തെ ഭാഷയാണ്. അതിൽ നിന്നാണ് ആദിമ ആര്യൻ (Proto-Aryan) ഭാഷാാശാഖകളായ ഇൻഡോ-ഇറാനിയൻ, ഇൻഡൊ-യൂറോപിയൻ ഭാഷകൾ ഉരുത്തിരിഞ്ഞത്. വേദങ്ങളിൽ ആദിമമായ ഋഗ്വേദം ആണ് ലോകത്തെ ആദിമ ഗ്രന്ഥവും. ഋഗ്വേദത്തിലെ സംസ്ക്രതം സിന്ധുനദീതടവാസിക‌ളുടെ ഭാഷയായിരുന്നു. ഇവരെ വൈദിക ആര്യന്മാരെന്നു വിളിക്കാം. വേദനിഷ്ടക‌ൾ പാലിക്കാൻ  അലംഭാവമോ വിസമ്മതമോ പ്രകടിപ്പിച്ച  ചില ഗോത്രങ്ങളെ സിന്ധുനദീതട പ്രദേശത്തുനിന്ന് ബഹിഷ്കൃതരാക്കിയപ്പോൾ  അവർ പശ്ചിമദിശയിൽ യാത്രയാവുകയും  പരശ് (Persus), ഇന്നത്തെ പേർഷ്യ അഥവാ ഇറാൻ, എന്ന അയൽപ്രദേശത്ത് കുടിയേറുകയും ചെയ്തു. കാലാന്തരത്തിൽ ഇവരുടെ സംസ്ക്രത ഭാഷ രൂപം മാറി "അവസ്റ്റ" എന്ന പരശു ഭാഷയായി. പൂർവ്വപരശുക്കാരനും അഗ്നിഹോത്രി പുരോഹിതനുമായിരുന്ന സാരതുഷ്ട്ര (Zoroaster) സ്ഥാപിച്ച സാരതുഷ്ട്രയിസത്തിന്റെ (Zoroastrianism) വേദഗ്രന്ഥങ്ങ‌ൾ (യസ്ന ഹപതൻഘൈതി, ഗാത) ( scriptures:Yasna Haptanghaiti and the Gathas),  അവസ്റ്റ ഭാഷയിലാണ്.  ഇവർ ഇന്ന് പാർസികൾ എന്ന് അറിയപ്പെടുന്നു.



അവസ്റ്റയിൽ സംസ്കൃതത്തിലെ 'സ'കാരം 'ഹ്'കാരമായി മാറിയിരുന്നു.  ഇന്നത്തെ പേർഷ്യൻ ഭാഷയിലും പല മധ്യ-പൗരസ്ത്യ ഭാഷകളിലും സകാരത്തിനു പകരം ഹകാരം ഉച്ചരിക്കപ്പെടുന്നു. പാർസികളുടെ വേദഗ്രന്ഥമായ നേരത്തെ പറഞ്ഞ യസ്ന ഹപതൻഘൈതി വാസ്തവത്തിൽ  യജ്ഞ സപ്ത അംഗേതി അഥവാ ഏഴ് അംഗങ്ങൾ, അദ്ധ്യായം, ഉള്ള അനുഷ്ടാന വേദമാണ്. അവരുടെ ദൈവം " അഹുര മാസ്ദ"യാവട്ടെ അസുര മേധയും. ഇവർക്ക് സിന്ധു നദി ഹിന്ദു നദിയായി, സിന്ധുനദീതടവാസികൾ ഹിന്ദുനദീതടവാസികളും, സിന്ധുക്കൾ എന്ന ചുരുക്കവിളി ഹിന്ദുക്കൾ എന്നുമായി.  അപ്പോൾ ഹിന്ദു എന്ന നാമം സിന്ധു എന്ന നാമത്തിന്റെ അവസ്റ്റൻ അപഭ്രംശമായ പുരാതനപേർഷ്യൻ സംഭാവനയാണ്. ഇവരെ അനുകരിച്ച് പുരാതന ഗ്രീക്കുകാരും അർമീനിയക്കാരും ഹിന്ദു എന്നു തന്നെ ഉച്ചരിച്ചു. പിന്നീട് പത്താംശതകം മുതൽ തുടങ്ങിയ മുസ്ലീം പേർഷ്യൻ-തുർക്കി വംശജരായ സുൽത്താൻ, മുഗൾ, ഭരണകാലത്ത് ഹിന്ദു ഇസ്ലാമിതര മതത്തിനും, മതസ്ഥർക്കും, ഹിന്ദുസ്താൻ എന്നത്, ഉപഭൂഖണ്ഡത്തിനുമുള്ള പേരായി ചിരപ്രതിഷ്ട നേടി. അറബിനാടുകളിൽ ഇന്ത്യക്കാരെ അൽ ഹിന്ദ് എന്നാണ് വിളിക്കുന്നത്. ഹിന്ദുസ്ഥാൻ എന്നത് ചിലർക്ക് കാലാന്തരത്തിൽ ദഹിക്കാതായപ്പോൾ വിഭജിച്ച് പാകിസ്ഥാനും പിറന്നു. ഹിന്ദു എന്ന പദത്തിന്റെ മേൽവിവരിച്ച ഉല്പത്തിചരിത്രം ചരിത്രത്തിന്റെ ഏടുകളിൽനിന്നിറങ്ങി , അത് തികച്ചും ഭൂമിശാസ്ത്രപരമാണെന്നും അതിനാൽ മതേതരമാണെന്നും പൊതുവിജ്ഞാനീയമായിരുന്നെങ്കിൽ, ഒരുപക്ഷെ ഇന്ത്യ വിഭജിക്കപ്പേടുകയില്ലായിരുന്നിരിക്കാം! അതേതായാലും നന്നായി എന്ന അഭിപ്രായക്കാരനാണ് ഞാൻ; അല്ലെങ്കിൽ എന്നും എന്തൊരു പുകിലായിരുന്നേനെ ഇവിടെ. ഒവൈസിയെപ്പോലുള്ളവർക്ക് 15 മിനിട് പോലീസിനെ മാറ്റിനിർത്തിയുള്ള പാകിസ്ഥാനവൽക്കരണം സമീപകാല ചക്രവാളപരിധിയിൽതന്നെ കൊണ്ടുവരാമായിരുന്നേനെ.



ഋഗ്വേദകാലത്ത് മതം എന്ന സങ്കല്പം ഇല്ല. അറിയപ്പെടുന്ന ലോകജനത, വടക്ക് ഹിമാലയം, കിഴ്ക്ക് ഇന്നത്തെ ബീഹാർ, പടിഞ്ഞാറ് ഗാന്ധാരം (ഇന്നത്തെ അഫ്ഗാനിസ്ഥാൻ ), തെക്ക് അരാവല്ലി പർവ്വതനിരകൾ വരെയുള്ള, പ്രധാനമായും സപ്തസിന്ധുനദിതട (പഞ്ചാബ്) വാസികളായ  വൈദിക ആര്യഗോത്രവർഗ്ഗങ്ങൾ മാത്രം. ലോകമെന്നാൽ ഈ പ്രദേശവും. (സമുദ്രത്തെക്കുറിച്ച് വ്യയ്ക്തമായ പരാമർശം ഋഗ്വേദത്തിലില്ല എന്ന് വാദവിധേയമായി.പറയാം.)  ഒരേയൊരു വൈദികജീവിതശൈലിയും. മതമെന്ന ആശയത്തിനുപകരം, നിയമനിഷ്ഠമായ സദാചാരാനുഷ്ഠാനം കടമയാണെന്ന് നിർദ്ദേശിക്കുന്ന ധർമ്മം എന്ന വാക്കാണ് ഈ ജിവിതശൈലിക്ക് നൽകിയിരിക്കുന്നത്. ധർമ്മം പ്രകൃതിസത്യത്തെയും നിയമങ്ങളെയും പാലിക്കലാണ്.അത് പ്രപഞ്ചനിലനില്പിന് അനുപേക്ഷണിയമായതിനാൽ, ശാശ്വതസത്യമാണെന്നതിനാൽ, ഈ ജീവിതശൈലിയെ സനാതനധർമ്മം എന്നാണ് ഋഗ്വേദത്തിൽ പരമർശിക്കുന്നത്. സനാതനധർമ്മം മനുഷ്യന്റെ ഏറ്റവും പ്രാചീനവും, , നിത്യസത്യവും, ശാശ്വതവുമായ പെരുമാറ്റനീതിയും മൂല്യവ്യ്വസ്ഥയുമാണ്. മുക്തി, അതായത് ജ്ഞാനോദയത്തിലൂടെ അബോധത്തിൽനിന്ന് മോചനം, നേടാനുള്ള മാർഗ്ഗവുമാണ്. തമസോമയ ജ്യോതിർഗമയ!



സെമിറ്റിക് മതങ്ങളുടെ പൊതുസ്വഭാവതെ വിവരിച്ചുവല്ലൊ. എന്താണ് സനാതനധർമ്മത്തിന്റെ പൊതുസ്വഭാവം? ഇത് ഏകപ്രവാചകപ്രോക്തമോ കേന്ദ്രീകൃതമോ അല്ല. ഇശ്വരകേന്ദ്രീകൃതമാണ്. വിശ്വാസങ്ങളല്ല അടിത്തറ, പ്രത്യുതാ അനുഭവജ്ഞാനമാണ്. ചരിത്രാതീതമാണ്. പ്രപഞ്ച നീതിശാസ്ത്രമായതിനാൽ സനാതനധർമ്മ ക്രോഡീകരണത്തിനു മുൻപുമുണ്ടായിരുന്നു ,അത് തുടരുന്നു, അത് ശാശ്വതവുമാണ്. എല്ലാവരിലുമുള്ളത്, എല്ലാവരെയും ഉൾക്കൊള്ളുന്നത്. ഇത് വ്യക്തിയുടെ ആത്മീയവേദനത്തിനാണ് ഔപചാരികമായ മതപ്രമാണങ്ങളേക്കാൾ പ്രാധാന്യം കൽപ്പിക്കുന്നത്. പ്രാപഞ്ചികസത്യം എവിടെയുണ്ടോ, അത് മറ്റൊരു മതത്തിലാവട്ടെ, മതസ്ഥരിലാവട്ടെ, ശാസ്ത്രത്തിലോ, കലയിലോ, സംസ്കൃതിയിലോ ആവട്ടെ, അവിടെ സനാതനധർമ്മമുണ്ട്. എവിടെ പ്രാപഞ്ചികസത്യത്തെ, നീതിശാസ്ത്രത്തെ, അംഗീകരിക്കാതിരിക്കയോ, ഒരു വിഭാഗത്തിലേക്കോ, ഏകഗ്രന്ഥത്തിലേക്കോ, ഒരുവ്യക്തിയിലേക്കോ, മാത്രമായി ചുരുക്കുകയൊ ചെയ്താൽ, അത് ദൈവനാമത്തിലാണെങ്കിലും, അവിടെ സനാതനധർമ്മം വേർപിരിയുന്നു. അസ്ഥിത്വത്തെ ക്രമീകരിക്കുന്ന ആത്മീയനിയമങ്ങൾ മനുഷ്യജീവിതത്തിന്, പ്രപഞ്ചത്തിന് ഗുരുത്വാകർഷണ നിയമം പോലെയുള്ള ഭൗതികനിയമങ്ങൾ എന്താണോ, അതുതന്നെയാണ്.  ഈശ്വരന്റെ സാക്ഷാത്ക്കാരമാണ് പ്രപഞ്ചമെന്ന് സനാതനധർമ്മം കരുതുന്നു. പ്രപഞ്ചം, വസുധൈവ കുടുംബകമാണ്. അത് മൂന്ന് ഗുണങ്ങളാൽ നിർമ്മിതമാണ്:  സാത്വികം, രാജസികം, തമസികം. ഇവയിൽ  സാത്വികഗുണം പരിശുദ്ധവും നിർമ്മലവും ഉത്തമവും ആരോഗ്യാവഹവും ശാന്തിപൂർവ്വഹവുമാണ്. രാജസികം പ്രവർത്തനനിരതവും ചലനാത്മകവും ഊക്കേറിയതും അതേസമയം നിശ്ചയമില്ലായ്മ നിറഞ്ഞതുമാണ്. തമസികഗുണം നിശ്ചലവും അലസവും ജാഡ്യം ബാധിച്ചതും ഇരുണ്ടതുമാണ്. എല്ലാം, പ്രപഞ്ചം തന്നെ, ഈ മൂന്നു ഗുണങ്ങളുടെ സമ്മിശ്രമായാണ് നിലനിൽക്കുന്നത്. പ്രധാനമായും സാത്വികനായ മഹർഷിയിലും മറ്റു രണ്ട് ഗുണങ്ങളും ചെറിയ അളവിൽ കാണും. ഈ സമ്മിശ്രമില്ലാതെ അസ്ഥിത്വമില്ല.



 ഈ തത്ത്വങ്ങളെല്ലാംതന്നെ സനാതനമായ പ്രപഞ്ചസത്യങ്ങളാൺ്. ഏതുമതത്തിനും സ്വീകാര്യമാവേണ്ടത്. ശാസ്ത്ര-കലാ-സാഹിത്യ നിയമങ്ങ‌ളെപ്പോലെ. അതുകൊണ്ടുതന്നെ മതേതരവും. അപ്പോൾ സനാതനധർമ്മം  - വർത്തമാനകാലികാർത്ഥത്തിൽ - മതേതരമായ 'മത'മാണ്. ഇത്, എല്ലാ മതസത്തയും വിശ്വാസികൾക്ക് ഈശ്വരനിലേക്കോ ആത്മീയതയിലേക്കൊ നയിക്കുന്ന വഴികളാണ്, അതിൽ നന്മയും ഉണ്മയും ഉണ്ട്, അതിനാൽ ഒരു മതത്തെയും നിരാകരിക്കയോ തിരസ്കരിക്കയോ വേണ്ട എന്ന് ഉദ്ഘോഷിക്കുന്നു. മതമേതായാലും മതി, അതിൽ മനുഷ്യത്വത്തിലൂടെയുള്ള ദൈവികത്വം ഉണ്ടെങ്കിൽ, എന്ന അനർഘമായ മതമാണ് സനാതനധർമ്മത്തിലുള്ളത്. ഈ സനാതനധമ്മ്മംപോലും പൂർണ്ണമാണെന്നോ അന്തിമസത്യമാണെന്നോ അത് സിദ്ധാന്തിക്കുന്നില്ല. കാരണം ക്രോഡീകരണം ഒരിക്കലും പൂർണ്ണമാവില്ല. മനുഷ്യനുള്ളകാലത്തോളം മതഭേദങ്ങളൂം കാണും സനാതനധർമ്മത്തിൽനിന്ന് ഉദ്ഭവിച്ചതാണ് മതഭേദങ്ങളായ ചാർവ്വാക'മത'വും ബുദ്ധ'മത'വും.ജൈന'മതവും'. ആരിലും ഈ തത്ത്വസംഹിത അടിച്ചേൽപ്പിക്കുന്നില്ല.അതിന്റെ പ്രചാരണത്തിനായി അക്രമണോത്സുകതയോ ആക്രമണ ആഹ്വാനമോ, വിശുദ്ധയുദ്ധമോ ഇല്ല. അരക്കിട്ടുറപ്പിക്കാൻ വൈദിക അധികാരശ്രേണിയുമില്ല. എവിടെയും ഹൃദ്യമായ, വിശാലമായ, സ്വാതന്ത്ര്യം. അന്യസ്വേച്ഛകളെ  അനുനയിപ്പിച്ചുള്ള  സ്വേച്ഛാനുസാരത. അതാണ് അതിന്റെ യുഗയുഗാന്തരമായി നിലനിൽക്കുന്ന അജയ്യശക്തിയും.



 തങ്ങളുടെ പ്രവാചനും, പ്രവാചകവാചകങ്ങ‌ളെന്ന് വിശ്വസിക്കപ്പെടുന്നവയടങ്ങിയ ഗ്രന്ഥവും, അതിലെ സിദ്ധാന്തസംഹിതയും വിശ്വാസപ്രമാണങ്ങളും, അവ പേർകൊടുത്ത ദൈവവും, എല്ലാം ചേർന്ന മതവും മാത്രമാണ് യഥാർത്ഥമെന്നും, മറ്റുള്ള പ്രവാചക‌-ഗ്രന്ഥ-വിശ്വാസപ്രമാണങ്ങളും ദൈവവും മതവും അയഥാർത്ഥവും, നികൃഷ്ടവും അതിനാൽ ഉന്മൂലനം ചെയ്യപ്പെ‌ടേണ്ടതാണെന്നും അവയിലെ വിശ്വാസികളെ നിഷ്കരുണം ഒന്നടക്കം കൊന്നൊടുക്കണമെന്നും പറയുന്നത് സാത്താനിൽക്കൂടെയല്ലാതെ ഒരു ദൈവനാമത്തിലും സാധൂകരിക്കാൻ സാധ്യമല്ല. അവിടെയാണ് എല്ലാ മതസത്തകളും, ഏകദൈവത്തിലേക്കുള്ള വ്യത്യസ്ഥവഴികളെന്ന് ഉദ്ഘോഷിക്കുന്ന സനാതനധർമ്മത്തിന്റെ പരമമായ സയുക്തികതയും സാധുതയും. നേരത്തെ പറഞ്ഞ, 'ഹിന്ദുമത 'ത്തിന്റെ പൊതുസ്വഭാവത്തെ സെമിറ്റിക് മതങ്ങളുമായി താരതമ്യപ്പെടുത്തിയാൽ അനുഭവപ്പെടുന്ന അതിശാന്തമായ, ശീതളമായ, സമാധാനം തരുന്ന, ആ ശ്രേഷ്ടമായ അന്തരം നമുക്ക് ഇവിടെ അനുഭവപ്പെടുന്നു.



ലോകസമാധാനത്തിനായി സെമിറ്റിക് മതസ്ഥർ ചെയ്യേണ്ട കാര്യം വളരെ ലളിതമാണ്. സനാതനമതത്തെ അനുകരിച്ച്, രണ്ടുകാര്യങ്ങൾ മാത്രം. ബൗദ്ധികമായല്ലാത്ത മതപ്രചാരണം ഒഴിവാക്കുക. മറ്റുമതങ്ങളെ അംഗീകരിക്കുക. സര്‍വ്വോത്‌കൃഷ്‌ടമായി, അനായാസമായി, അനുഷ്ടിക്കാവുന്നത്.

2014, ഒക്‌ടോബർ 18, ശനിയാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ: വണക്കം, പിണക്കം

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.




 അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ: 

വണക്കം, പിണക്കം






ജയലളിതയെന്നു

         സഹസ്രനാമങ്ങ‌ളിൽ

ഉയരുമാരവം മേ-                            

         ൽക്കോടതി ഗണിച്ചുവോ?


തെരുവുഘോഷങ്ങളെ-

         ത്തുമോ, തുംഗമാം ദില്ലീ

പരമ ന്യായാലയ

         നിയമപീഠങ്ങളിൽ

      

ശക്തിദുർഗ്ഗയായ് ഭാവിച്ച്

         ലോകർതൻ ഭക്തിയെ

ഭുക്തിമാർഗ്ഗമായ് മാറ്റി-

         യ നാൾകളിൽ, -  ഇത്രയും


പെരിയൊരു ദുർഗ്ഗതി

         പോസ്ഗാർഡനിലമ്മയ്ക്കു

പറ്റുമെന്നാരെങ്കിലും

         -ഒട്ടുമേചിന്തിച്ചുവോ!


വണക്കം സാഷ്ടാംഗമാ-

         യാൽ, സ്വീകരിച്ചാർത്താൽ

പിണക്കം സാക്ഷാൽ ദേവി

         സമൻസായയച്ചിടും!


എന്നൊരു സമവാക്യം

         അതുതാനിതിൻപാഠം

ചെന്നയിലാണെങ്കിലും

         ലങ്കയിലാണെങ്കിലും.

2014, ഒക്‌ടോബർ 16, വ്യാഴാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ: മോഡീതരംഗം

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.



 അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ: മോഡീതരംഗം





വികാസപുരുഷൻ വിരാട്പുരുഷൻ

നരേന്ദ്രമോഡീ തരംഗമില്ലെന്ന്

വിരുദ്ധരാശ്വസിച്ചിരുന്ന നേരം

വരുന്നുവീണ്ടുമാമഹാതരംഗം!



കുരുക്ഷേത്രം പിടിച്ചടക്കിയും മുൻ

ശിവാജിസഖ്യത്തെ ഒതുക്കിയും കോൺ.

ചവാനെ മൂലയ്ക്കിരുത്തിവെക്കുന്നു,

പവാർപഞ്ചർ റ്റയറായിമാറുന്നു.!



മുലായ,ലല്ലൂ,സതീഷ്കുമാറും

ഉലഞ്ഞുനിൽക്കും മമതദീദിയും

ജയിലിൽനിന്നും ലളിത 'അമ്മ'യും

വെയിലിൽ വാടിയ സോണിമാഡവും



പുറകെ സാരി തൻമറപിടിച്ചും

ഇറകെടുത്തതു തെരുപ്പിടിച്ചും

അറച്ചുനില്പൂ രാഹുൽബാബ, പിന്നിൽ

വിറച്ചുനില്പതാ കൈപ്പത്തിസംഘം!!



2014, സെപ്റ്റംബർ 9, ചൊവ്വാഴ്ച

ച്യുതിക്കുഴികൾ

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.


ച്യുതിക്കുഴികൾ


 നമ്മുടെ സാഹിത്യരംഗത്തെ ഒന്നു സമീക്ഷിക്കൂ. ഒരു ഷാന്റി ടൗൺ പോലെയുണ്ട്. അല്ലെങ്കിൽ പണ്ട് പ്രതാപത്തിൽ വലിയ പണ്ടികശാലകളുമൊക്കെയായി മൊത്തവ്യാപാരവും വൻകടകളും ജനാവലിയുമൊക്കെ ഉണ്ടായിരുന്ന സമൃദ്ധ കമ്പോളം അമ്പേ ക്ഷയിച്ച് പെട്ടിക്കടകൾ മാത്രമുള്ള ഒന്നൊന്നര നിരത്തായി മാറിയതുപോലെ. മറ്റൊരു ഉപമാലങ്കാരം പ്രയോഗിച്ചാൽ, കേരളത്തിന്റെ ഭൂഭാഗഭംഗിയുടെ ദൃശ്യചാരുതയ്ക്ക് ഇന്നും വലിയകോട്ടം വന്നിട്ടില്ലെങ്കിലും സാഹിത്യരംഗത്തെ ദൃശ്യത്തിൽനിന്ന് ഹരിതം മറഞ്ഞ് ഏതാണ്ട് ചമ്പൽ ചീത്തപ്രദേശങ്ങളെ (bad lands)
 ഓർമ്മപ്പെടുത്തുന്നതായിട്ടുണ്ട്.

എന്താണ് നമുക്ക് ഇങ്ങനെ സംഭവിച്ചത്? നമ്മുടെ സാംസ്കാരിക കാലചക്രത്തിൽ ഒരു കറുത്ത കാലഘട്ടം ആവേശിച്ചിരിക്കുകയാണോ? എന്നു തന്നെയാണ് സംശയിക്കേണ്ടിയിരിക്കുന്നത്.. ചാക്രികമാണെങ്കിൽ കാലാന്തരാളത്തിൽ മാറിയേക്കാം. പക്ഷെ ഇന്നത്തെ ജനതയെ സംബന്ധിചിടത്തോളം എപ്പോഴെന്നും എങ്ങിനെയെന്നും ആരു കണ്ടൂ.

സാസ്കാരികപ്രതലം കടലാസ് പതിച്ചുമൂടിയ ച്യുതിക്കുഴികൾ നിറഞ്ഞവയാണ്. അവ ഒഴിഞ്ഞുമാറി പുരോഗമിക്കണമെങ്കിൽ ഒരു ആറാം ഇന്ദ്രിയത്തിന്റെ ആവശ്യമുണ്ട്. അതാണ് സംവേദനക്ഷമത, അവബോധം എന്നൊക്കെ പറയപ്പെടുന്നത്. ഇതിന്റെ ലഭ്യതയ്ക്ക് പാണ്ഡിത്യം സഹായകരമാണെങ്കിലും അതുകൊണ്ടുമാത്രം ആയില്ല; അറിവ് വേണം. സമഗ്രമായ പാണ്ഡിത്യം ആറ്റിക്കുറുക്കിയതാണ് അറിവ്. അറിവിന്റെ പോഷകഗുണമാണ് ഈ പറഞ്ഞ അവബോധം

അവബോധം ഉപ്പുപോലെ രക്തത്തിൽ അലിയുന്നതാണ്. അതിനാൽ ഒരു പരിധിവരെ തലമുറയിലൂടെ അതിന്റെ രക്തസംക്രമണം സാധ്യമാണ്. ഇതാണ് തറവാടിത്തം അല്ലെങ്കിൽ സംസ്കാരം എന്നൊക്കെ വിവക്ഷിക്കുന്നത്. തറവാടിത്തം വ്യക്തിക്കും, ജനതയ്ക്കും, രാജ്യത്തിനുമുണ്ട്.അതാണ് ഇവയുടെ പൈതൃകവും. പൈതൃകം നിങ്ങൾക്ക് നിഷേധിക്കാം. എങ്കിൽ നിങ്ങൾ പഴയ നിയാൻഡേർത്തൽ നരയുഗത്തിലേക്ക് നിപതിക്കും.

പറഞ്ഞുവരുന്നത്, വ്യവസ്ഥാപിത സങ്കല്പങ്ങളെ തച്ചുടയ്ക്കു എന്നു കൂവിവിളിക്കുന്ന നിയാൻഡേർത്തുകളെക്കുറിച്ചാണ്. ഈ വ്യവസ്ഥാപിത സങ്കല്പങ്ങളിൽ അടിയിൽ നിറഞ്ഞിരിക്കുന്നത് മുകളിൽ വിശേഷിപ്പിച്ച അറിവും അവബോധവുമാണ്. അവയിൽ കാലാന്തരത്തിൽ പാടമൂടിയിരിക്കാം. ശുചിയായി ഉപയോഗിക്കാത്തതുകൊണ്ടുകൂടി. ശുചിയാക്കിക്കൊള്ളൂ,  നവികരിച്ചുകൊള്ളു, കഴിയുമെങ്കിൽ ആരോഗ്യകരമായി പരിഷ്കരിച്ചുകൊള്ളു. പക്ഷെ സംഭരണി തച്ചുടയ്ക്കരുത്. കലം ഉടയ്ക്കരുത്..

സാംസ്കാരിക പ്രയാണം ഒരു തുടർയാത്രയാണ്. ബോയിങ് വിമാനത്തിൽ ഭൂഖണ്ഡാന്തരം താണ്ടിയുള്ള തവളച്ചാട്ടമല്ല; - തവള ബോയിങ്ങിൽ എങ്ങിനെയോ കയറിക്കൂടി എന്നു വിചാരിച്ചാലും. അപ്പോൾ ,വന്നവഴി മറക്കരുത്. ഭാരതീയത എന്നുച്ചരിച്ചുകേട്ടാൽ തോർത്ത് തലയിലിട്ടു മൂടുന്നവരെ പോലെ, ആപാദചൂഡം കോച്ചിവലിക്കുന്നവരെപ്പോലെ,.അരിശത്താൽ എരിഞ്ഞുതീരുന്നവരെ പോലെ. നിങ്ങളോർക്കണം നിങ്ങളെങ്ങനെ നിങ്ങളായെന്ന്.

വ്യവസ്ഥാപിത സങ്കല്പങ്ങളാവണമെങ്കിൽ.വ്യ്വസ്ഥാപിതമാകാനുള്ള യോഗ്യതവേണം. അതായത്, താൽക്കാലികമല്ലാതെ, ആത്യന്തികമായി..വിഭിന്ന,വിവിധ സാഹചര്യങ്ങളിൽ സാംഗത്യം തെളിയിച്ചിട്ടുള്ളവ. നിങ്ങൾ പരിഷ്കരിച്ചുവെക്കുന്നതോ പകരം വെക്കുന്നവയോ ഈ ആത്യന്തിക പരീക്ഷയിൽ വിജയിക്കാൻ കെൽപ്പുള്ളവയായിരിക്കണം. മിന്നലക്കുകളും തൊങ്ങലുകളുംകൊണ്ട് കോമാട്ടിവേഷം കെട്ടിക്കരുത്.

ഇന്നു നടക്കുന്നത് സാഹിത്യത്തിലാണെങ്കിലും സിനിമയിലാണെങ്കിലും സീരിയല്ലാണെങ്കിലും കോമാട്ടിവേഷം കെട്ടിക്കുകയാണ്. ഉത്തരാധുനികമെന്ന് കളി. വരിയുടപ്പൻ കവിത ഗദ്യകവിതയെന്നു വിളിച്ച് ചമച്ച് മഹാകവികളായി ഞെളിയുന്നവരെക്കൊണ്ടു തോറ്റു. കേരളത്തിലെ തലമുറ 'Y' (generation 'Y"), - അതായത്,1988-94 ൽ പ്രായപൂർത്തി ആയവർ, - പദ്യകവിത അല്ലെങ്കിൽ വൃത്തബദ്ധ കവിത കണ്ട് അമ്പരക്കുന്നു: ഒരുത്തൻ ചോദിക്കന്നു: ഇപ്പോഴും ഇങ്ങനെയൊക്കെയുണ്ടോ എന്ന്.  ഈ തലമുറ സാഹിത്യത്തിലൊഴിച്ച് സവ്യസാചികളാണ്..ഇവർ അവരുടെ ഭൂചാലന രാക്ഷസയന്ത്രങ്ങളൂപയോഗിച്ച്.ചമ്പൽഗർത്തങ്ങളെ മൂടി, വാണിജ്യ മാൾ പണിയുമായിരിക്കും എന്തിന് ശൃംഗാരയലങ്കാരങ്ങൾ! ,- റ്റോയ്സ് തന്നെ അവിടെ കിട്ടും.

ഈ അവസ്ഥ ഇത്ര ത്വരിത്മായി ഇവിടെ സ്ഥാപിച്ചതിനുള്ള തലകീഴ് സമ്മാനം സഖാക്കൾക്കുള്ളതാണ്  19ആം നൂറ്റാണ്ടിലെ യൂറോപ്പിയൻ കാലാവസ്ഥയിൽമാത്രം വളർന്ന, കാലാവസ്ഥ മാറിയപ്പോൾ അവിടെയും അപ്രത്യക്ഷ്യമായ,  ആ വിദേശച്ചെടിയെ, കമ്യൂണിസ്റ്റ്പച്ചയെ, ഇവിടെ ഇറക്കുമതിചെയ്ത് കളവളർത്തി കാടുപിടിപ്പിച്ചു. കളക്കെതിരായ പരിസ്ഥിതിവാദക്കാരെ ഇവർക്കു കണ്ണിൽ പിടിക്കില്ല..വ്യവസ്ഥാപിത ചെടികളെ, വിളകളെ, ഒക്കെ ഇവർക്ക് തച്ചുടയ്ക്കണം. പകരം കമ്യൂണിസ്റ്റ്പച്ച!  കല ജീവിതത്തിനുവേണ്ടി, റീയലിസ്റ്റ് കവിത, സാഹിത്യം, സ്വതന്ത്രപദ്യം, അബ്സ്റ്റ്രാക്റ്റിന് അയിത്തം, കമ്പോളഭാഷയ്ക്കും ആദിവാസഭാഷയ്ക്കും പ്രതേക കസേര - ഭാവുകത്വത്തോട് പരമപുച്ഛം, എന്നുവേണ്ട പൊടിപൊടിച്ച്.തച്ചുടക്കൽ. എന്നാൽ വരട്ടുവാദ ജാർഗൺ നിറയെ ഭാവുകത്വം പുറമെ പൂശിയ വാക്കുകൾ  അതിൽ മയക്കിയാണ് കീഴാളരെ കൈയ്യിലെടുത്തത്. മുധുര മനൊഹര മനോജ്ഞ ചൈന ആണുപോലും.

വൈകിയിട്ടില്ല. പിന്തിരിഞ്ഞ്  തച്ചുടക്കാതെ,കൊടിനാട്ടാതെ, ദിശമാറ്റി പൈതൃകം നല്ലപോലെ നോക്കിക്കണ്ട് ആ ഉറപ്പുള്ള അടിത്തറയിൽ പുതിയ സ്മാർട്ട് നഗരങ്ങൾ ആരോഗ്യദായകമായ ഒരു പുതിയ ആർക്കിറ്റെക്ചറിൽ പണിതുയർത്തൂ.

2014, സെപ്റ്റംബർ 8, തിങ്കളാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ. സഹായാസ്ത്രം.

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.


 അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ. സഹായാസ്ത്രം. സെപ്റ്റംബർ 8, 2014



സഹായാസ്ത്രം തൊടുത്തിന്ത്യ,
സഹായാസ്ത്രംകൊണ്ടുതന്നെ -
വിഹായസ്സിൽ തടുത്തൂ പാക്
നിസ്സഹായം കിടക്കും പോക്!

പ്രകൃതിപോലും പഠിപ്പിച്ചാൽ
പഠിക്കില്ലാ, പാകിസ്ഥാന്റെ
വികൃതമായ മുഖത്തെന്ത്
ദുരഭിമാന പ്രകൃതി!!

2014, സെപ്റ്റംബർ 3, ബുധനാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ. ഹൈകു കവിതകൾ. സെപ്റ്റംബർ 3 2014

 അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ. ഹൈകു കവിതകൾ. സെപ്റ്റംബർ 3
 2014 (5-7-5 രൂപമാതൃകയിൽ)




ചെറി വസന്തം

 ചെറി വസന്തം
ചായ അനുഷ്ടാനത്തിൽ -
ഭാരതവാക്യം.


ശതകകാലം

ശതക വർഷം
കൊട്ടിക്കലാശിക്കുന്നു -
ആഹ്‌ളാദ ചെണ്ട


സുധീരം


മദ്യം സുധിരം
വർജ്ജനം വേനൽക്കാലം! -
പാമ്പ് മാളത്തിൽ.


സസി തരൂർ


ശശി തരൂരേ
കുടിച്ച് സസിയാവൂ  -
സമാധാനമാം.


വധം

 ആരെ വധിച്ചു
ആരെ? അറിഞ്ഞില്ലല്ലൊ -
പരം നാറികൾ!





2014, ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ. ഭീകരപർവ്വം. ആഗസ്റ്റ് 29, 2014

 അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ. ഭീകരപർവ്വം.
ആഗസ്റ്റ് 29, 2014









ആസുരദേശാന്തരഭികരരുയർത്തുന്ന
ധുസരം മതഭ്രാന്തിൻ മ്‌ളേച്ഛമാം പുകച്ചുരുൾ
സാന്ദ്രസാന്ദ്രമായുരുണ്ടുയരുന്നുണ്ട്, തമോ
കേന്ദ്രങ്ങളാക്കാൻ സ്വന്തം ദേശവും മറ്റുള്ളതും.
ലോകത്തിൻ നെറുകയ്ക്കു ചൂണ്ടിയ തോക്കാണിവർ,
ഭികരഭസ്മാസുരർ, ഒരുനാളിൽ കൈവെയ്ക്കും
സ്വന്തം ദേശത്തിൻ മൂർദ്ധാവിൽ, വെൺചാരമാക്കിടും,
വെന്തുവെന്തെരിയുന്ന മാംസത്തിൻ ഘനീഭൂത
ഗന്ധകകാറ്റിൽ ശ്വാസനിശ്വാസമൊടുക്കും, പി-
ന്നന്ധകാരത്തിൻ തമോഗർത്തത്തിൽ വിലയിക്കും.


ഉഷ്ണപീഡിതമൂഷരം മണൽക്കാടിൻ മൃഗ
തൃഷ്ണയാണിവരുടെ മരുപ്പച്ച -യിസ്‌ളാമിൻ
വിശ്വാധിപത്യം! -  ഇതുപോലൊരു വംശഭ്രാന്തർ
വിശ്വസിച്ചതോ വിശ്വയുദ്ധമായെരിഞ്ഞില്ലേ!
മല്ലികാസൂത്രങ്ങളായ് വിപ്‌ളവമൊരുക്കുന്നൂ,
എല്ലിലും മാംസത്തിലും "വസന്തം" വിടർത്തുന്നു
ഗാസയിൽ ഹമാസെന്ന ഭോഷ്കരും ഫലസ്തീനും
ആസുരവാണങ്ങളാൽ ശാന്തിയെ തകർക്കുന്നു.
സുന്നിമാർ, ഷിയ, കുർദ്ദുക്കളെ, പിന്നെസീദിയെ
കൊന്നൊടുക്കുകയല്ലേ, - സദ്ദാമെത്രമേൽ മെച്ചം.
അക്ഷരാർത്ഥത്തിൽ ഐസിസ് ആസുരകുലജാത
രാക്ഷസന്മാരാം ലോകനാശകർ, രക്ഷസ്സുക‌ൾ.

ഇങ്ങിനി, ഈ ഉപഭൂഖണ്ഡ സിമികൃമിമാർ
എങ്ങനെ മുളച്ചുവെന്നെങ്ങുമേ തിരക്കേണ്ട.
മുല്ലപ്പൂ മറ്റൊന്നാണ്, മുസ്ലീം മതമൗലികർ
ചൊല്ലും ചെലവും പിന്നയൽരാജ്യത്തെ അതേ ദു-
രാക്ഷസപരിഷകൾ, കൊലയാളിക‌ൾ, മത
പക്ഷവാദികൾ, എൽ ഓ സി മൂഷികർ, ചാരരും

സഹിക്കുന്നില്ലിന്ത്യതൻ പുരോഗതി, ഈരാജ്യം
വഹിക്കും ദേശാന്തര യശസ്സും പ്രാമുഖ്യവും.
മോടിയും മിടുക്കും കോട്ടകൊത്തളത്തിൽനിൽക്കും
മോഡിയും കാറ്റിൽപാറും വർണ്ണവൈജയന്തിയും.
അരുണകിരണാഭയിൽ മിന്നും നവാഗത
ഭരണത്തിൻ തലപ്പാവ്!  അതുപിന്നുൽഘോഷിച്ചൂ:

സുന്ദരമൊരുലോകം പുലരും കിഴക്കിന്റെ
ബന്ധുര സാംസ്കാരിക മേരുശൃംഗങ്ങളിൽ
പൗരസ്ത്യ മൈതാന വൻശാദ്വലദേശങ്ങളിൽ,
ഔന്ന്യത്യ ചിന്താവിഹാരവാടാശ്രമങ്ങളിൽ
വരവായ് തമസോമയ ജ്യോതിർഗമയായ്
വിരാട് വിശ്വജേതാവായി ഇന്ത്യതൻ നാളുകൾ.


                                                                                                             

2014, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ. ബഹിഷ്കരണം നമോ. ആഗസ്റ്റ് 22,2014

 അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ.
 ബഹിഷ്കരണം നമോ.  ആഗസ്റ്റ് 22, 2014











സോണിയാ റാണിയും ഓമൽ
കിങ്ങിണിക്കുട്ടനും പിന്നാ
കാര്യസ്ഥൻ മന്മോഹനനും
പത്തുവർഷം ഭരിച്ചിട്ടും

കുത്തനെകീഴോട്ട് പോയീ
മൊത്തസൂചികളൊക്കെയും
എത്തിയില്ലൊരിടത്തും നാം
വൃത്തത്തിൽ, വിഷമത്തിലായ്.

എത്രനാൾ ചുമക്കും ജനം
വൃത്തികെട്ടഭരണം, നാം
കുത്തി ബാലറ്റിൽ, ഓടിച്ചൂ
വ്യർത്ഥദുശ്ശാസനന്മാരെ.

നിഷ്കരുണം ഭരണത്തിൽ
ബഹിഷ്കരണകാരണം
നരേന്ദ്രമോദിയാണെന്ന
ധാരണയിൽ പുകഞ്ഞവർ

ബഹിഷ്കരിപ്പൂ മോദിയെ,
ജയിപ്പിച്ച ജനങ്ങളെ. !
ജനങ്ങളോ ബഹിഷ്കാരം
ബഹിരാകാശമാക്കിടും!!




2014, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ. മണിരാവണൻ ആഗസ്റ്റ് 21, 2014

അഘോരം:  രാഷ്ട്രീയ കാവ്യകമന്റുകൾ. മണിരാവണൻ  ആഗസ്റ്റ് 21, 2014


ഹൈന്ദവ വൈഷ്ണവർക്ക് വൻ
വില്ലനാണിതു രാവണൻ
എന്നാൽ ശൈവർക്കോ രാവണൻ
എന്നുവെച്ചാൽ ശിവഭക്തൻ

അതിനാലവർ കല്പിച്ചൂ:
മുക്തി വേഗം നേടുവാനായ്
ശത്രുവാകൂ വിഷ്ണുവിന്റെ,
രാവണൻ ഹേതു അങ്ങനെ.

മണിശങ്കരരാവണൻ
കെണിവെക്കുന്നൂ മോദിയെ
പണിപന്ത്രണ്ടു വെച്ചിട്ടും
പണിയെല്ലാം തനിക്കുതാൻ

ഇത്രയൊക്കെപ്പണിഞ്ഞില്ലേ
ഇനി കഷ്ടപ്പെടുത്തണോ
മുക്തിക്കുള്ള വഴി ശീഘ്രം
എത്തിച്ചേരട്ടെ ശങ്കരൻ!!

2014, ഓഗസ്റ്റ് 20, ബുധനാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ: ആസാമി ഗോഗോയ്. ആഗസ്റ്റ് 20, 2014



അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ:
ആസാമി ഗോഗോയ്. ആഗസ്റ്റ് 20, 2014




ആസാമിലിപ്പോൾ ഗോഗോയീ
ഗോയിങ്ങോണെന്തുവാണഹോ?
വാഴക്കായ് രാജ്യമാക്കിയോ,
പോഴത്തം താങ്കൾക്കേറിയോ?

വെടിവെച്ചു വീഴ്ത്തിയിട്ടോ
മുടിയാൻ ഭരണം തവ?
ആസാമാണെന്നിരുന്നാലും
ആഫ്രിക്കയല്ലിതിന്ത്യതാൻ

ഇവിടെ കാട്ടുനീതിയിൽ
ഭരണം സാധ്യമല്ലൊട്ടും
അതിനാൽ രാജിവെച്ചങ്ങു
മതിയാക്കി പോപോ  ഗോഗോയ്!

2014, ഓഗസ്റ്റ് 19, ചൊവ്വാഴ്ച

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ: കാശ്മീരം. ആഗസ്റ്റ് 19,2014

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ: കാശ്മീരം. ആഗസ്റ്റ് 19,2014

കാശ്യപപ്രജാപതിയാ
സതിസർ തടാകത്തിനെ
സുന്ദര കാശ്മിരമാക്കി
സ്രഷ്ടിച്ചെടുത്തനാൾ മുതൽ
ഹിന്ദുക്കൾ,ബുദ്ധ,ശൈവരും
എത്രദീർഘശതകങ്ങൾ
ശാന്തചിത്തരവർവാണു.

പിന്നെവന്നഫ്ഗാനിസ്ഥാനിൽ
നിന്നുമുഗ്ര ദുരാണിമാർ
പതിമൂന്നാംശതകത്തിൽ
പാതികാഷ്മീർ മതംമാറ്റി
പുത്തനാമൊരു കാഷ്മീരം
എത്രയും ദരിദ്ര മർത്യർ
വർത്തിക്കും ദേശമാക്കിയോർ

കനൽനീറിക്കഴിഞ്ഞോരാ
കാശ്മീരത്തിൻപുരാസത്ത
സടകുടഞ്ഞെണീറ്റല്ലോ
സിഖരാജകൃപാണമായ്
 കൈയ്യാളിയവർ കാശ്മീരം
 സിഖ് രാജഭരണത്തിൽ
 അവർതന്നാധിപത്യത്തെ
അവർക്കുതന്നാംഗലേയർ
വിറ്റുകാശാക്കി,വാണിജ്യർ!

അവരാൽ കാശ്മീർകിരീടം
അണിഞ്ഞോർ ദോഗ്ര രാജാക്കൾ
അവർകൈമാറീ കാശ്മീരം
സ്വാതന്ത്രോജ്ജ്വലവേളയിൽ
നവഭാരത ഭരണ
ഘടനയിൽ പ്രതിഷ്ടിച്ചൂ.
ഇത് ചരിത്ര കാശ്മീരം
ഇതിലന്യർക്കെന്തുകാര്യം?

അതിനാൽ പാകിസ്ഥാൻ സ്വന്തം
മതരാജ്യം ഭരിക്കട്ടെ.
അവകാശവുമായിട്ട്
വന്നാലുള്ളതും നഷ്ടമാം.

 

 

 


.അവകാശവുമായിട്ട്
വന്നാലുള്ളതും നഷ്ടമാം.

2014, ഓഗസ്റ്റ് 18, തിങ്കളാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ: ആന്റണി റിപ്പോർട്ട്.









അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ: ആന്റണി റിപ്പോർട്ട്.

ആഗസ്റ്റ് 18, 2014.




ആൻറ്റണി പറഞ്ഞതും പറയാതെവച്ച-               
തിന്റെയും    പരമാർത്ഥമൊന്നുതാൻ, അതായത്
മന്ദരും മനോരമവായനക്കാരും ആയ
ഇന്ദിരാകോൺഗ്രസ്സിലെ അണികളിലക്‌ഷനിൽ
തങ്ങൾതൻ പത്തി വിടർത്തി ആടിയിട്ടില്ലെങ്കിൽ
എത്തിയില്ലാടാൻ കുഴൽവിളി, ജനപഥിലാ
പത്തിലെകൊട്ടാരത്തിൽ  ശൂന്യമായ് വിലയിച്ചു.

സോണിയാ, രാഹുൽ ഗാന്ധി യൂപിയിൽവിൽക്കുന്നൊരാ
വാണിഭം,ഡൈനാസ്റ്റിപ്രാഭവം, ഇസ്ലാം പ്രിണനം
ഇന്ത്യയിലെങ്ങും ഫാഷനല്ലാതായ വാസ്തവം
ഇന്ദിരാവികാസക്കാർ പാവങ്ങളറിഞ്ഞില്ല.

സോണിയാ,രാഹുൽ തമ്പ്രാക്കളേ മാനപ്രസ്തരേ
ആന്റണിയുണ്ടേയിവിടെ "അടിയൻ ലച്ചിപ്പോം".

2014, ഓഗസ്റ്റ് 17, ഞായറാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ. ലൗവ് ജിഹാദോ മറ്റോ.ആഗസ്റ്റ് 17, 2014

 അഘോരം:   രാഷ്ട്രീയ കാവ്യകമന്റുകൾ. ആഗസ്റ്റ് 17, 2014



 ലൗവ് ജിഹാദ് ഹിന്ദീ ഹൃദയഭൂമിയിൽ വീണ്ടും ചർച്ചാ വിഷയമെന്ന് റിപ്പോർട്ട്.



ഇന്നലെ 'ആരോഗ്യസംരക്ഷണത്തിനായി' ഞാൻ
നന്നേ മുറുകി നടന്നൂ സായാഹ്നവേളയിൽ
മേലേ പൊലിയുന്ന സൂരാംശുകിരണങ്ങളാൽ
ചാലേ ചമയ്ക്കുന്നു, സരളമാം സ്നേഹപത്രം.
നേരേപോകുന്ന പാതതൻ ചാരത്ത് കാണായി
പേരാലിൻ ചോട്ടിൽ പുതുതായ് വഴിയോരദൃശ്യം.
പേരറിയാത്ത പുത്തൻ വരത്തൻ താടിക്കാരൻ,
പേരറിയിച്ചതാം തെക്കേലെ തരുണീമണി
സംവദിപ്പതുണ്ടെന്തോ വ്യാപാരക്കരാറാവാം,
പാവമാണെന്തൊക്കെയാണെങ്കിലുമപ്പെൺകൊടി!

നടത്തം നിർത്തീ, നിന്നൂ ബസ്സ് കാത്തെന്നോണം ഞാൻ
നടത്തീ അവർമേലൊരുനൽ സ്റ്റിങ്ങോപ്പറേഷൻ
പ്രക്ഷേപണത്തിന്റെ ആദ്യത്തെ എപിസോഡിതാ
സംക്ഷിപ്തമായ് റ്റെലികാസ്റ്റുചെയ്യാവൂ, -  റിപ്പീറ്റില്ല.

                         ( മട്ടുമാറി)

[മുൻകൂർജാമ്യം: ജിവിച്ചിരിക്കുന്നതോ മയ്യത്തായതോ, ഒന്നിനോടും സാമ്യവും ഒന്നിനും സാധ്യതയുമില്ല. നമ്മ ഉത്തരവാദിയുമല്ല.]

ലവൻ:   ഫൈ കളർ ഐസ്ക്രീം നുണയാനായി
               ഫൈസ്റ്റാർ ഹോട്ടലിലേക്കെത്തുമോനീ?
ലവൾ:   പാടില്ല പാടില്ല നമ്മെ നമ്മൾ
               നാടേ നടന്നൊന്നും ചെയ്തുകൂടാ
ലവൻ:   'പാടേ മറന്നൊന്നും"  -  എന്നാണെടീ,
                പോടീ, ചങ്ങമ്പുഴ തന്തയാണോ?
     [ ആത്മഗതം: ലെജിറ്റിമേറ്റ് കൊസ്റ്റ്യൻ!] 
ലവൾ:    ആദ്യമേ അങ്ങനെ ചൊല്ലണന്നാ-
                ണമ്മ പറഞ്ഞത്, അതുകൊണ്ടാണേ
ലവൻ;    കെട്ടിയെടുത്താലും അമ്മച്ചീന്റെ
                മുട്ടിനുതാങ്ങാകുമെന്നുവേണ്ടാ
ലവൾ:    കെട്ടിയെടുത്തൊന്നു നോക്കിയാട്ടെ
                മുട്ടൊന്നുമില്ലാതെ പോകും ചേട്ട!
ലവൻ:    ഓക്കെയൊക്കെ, ഇപ്പം പോയിടുന്നു
                 ഒക്കുമ്പോൾ ഇന്നിയും വന്നിടാം ഞാൻ!!
       [ ആത്മഗതം: അണ്ടിയോടടുത്തപ്പോൾ ലവൻ സ്ഥലം വിട്ടു!
         അതോ കെട്ടി മൊഴിചൊല്ലിയോ!]

2014, ഓഗസ്റ്റ് 16, ശനിയാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ. സ്വ്വാതന്ത്ര്യദിനപ്പിറ്റേന്ന്. ആഗസ്റ്റ് 16,2014

























സ്വ്വാതന്ത്ര്യദിനപ്പിറ്റേന്ന്



സ്വാതന്ത്ര്യദിനാശംസാ
സന്ദേശബഹളത്തിൽ
സംതൃപ്തരാകുമ്പൊഴും
ചിന്തയിലമരുക,
എന്തേ നമുക്കീ, പാര-
തന്ത്ര്യത്തിൻ പാശങ്ങളിൽ
കുരുങ്ങാനിടവന്നു?

ഭാരതീയരാം ചിര
പുരാതന ജനത
പാരിനെപ്പഠിപ്പിച്ചൂ
വിദ്യ, പക്ഷേയതിൻനൽ
പൊരുളായി വിളങ്ങും
ആത്മാഭിമാനം പണ്ടേ
കളഞ്ഞുകുളിച്ചില്ലേ?

നാലുതുട്ടിനുവേണ്ടി
പരദേശിപ്പടതൻ
കാലാളായി നമ്മുടെ
നേർക്കുതന്നല്ലേ നാം
വെടിവെച്ചതും, പിന്നെ
 കൊലയ്ക്കു കൊടുത്തതും
അടിവെച്ചടിവെച്ച്
ചാരേ മാർച്ചുചെയ്തതും!

ചെയ്ത പാപത്തിൻ കറ
കഴുകിക്കളയാനായ്
ചെയ്യേണ്ടിവന്നില്ലേ വൻ
കുരുതികൾ, ജീവിതം
തളിർക്കാതെ, വസന്തം
വിടരാതെ, പാഴായി
പിളർന്നതാം ജന്മങ്ങൾ,
ജന്തുബലികൾ,! - നാടിൻ
ചിരംജീവികളവർ,
ചിന്താപുഷ്പങ്ങളാൽ നാം
അജ്ഞലിയർപ്പിക്കുക!!

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ. സ്വാതന്ത്ര്യ ദിനം. ആഗസ്റ്റ് 15 2014

സ്വാതന്ത്ര്യദിനം








മുഗളപ്രഭാവത്തിൻ
ചെങ്കോട്ട ചേക്കേറിയോ-
രാംഗലക്കൊടിക്കൂറ
മണ്ണിലാഴ്ത്തിയ, കൃശ
ഗാത്രനാം "ഫക്കീറിനെ",
ഓർക്കുന്നുവോ നാമിന്നാ
പിതാമഹനെ, രാഷ്ട്ര-
പിതാവിനെ,  "മഹാത്മാ
ഗാന്ധി" തൻ രൂപം വെറും
നാണയത്തിലെ മുദ്ര!

സൂര്യനസ്തമിക്കാത്ത
സാംരാജ്യ മദയാന
ഭാരതജനതതൻ
കാലടിവന്ദിക്കുന്ന
ദൃശ്യമാണിനിക്കാണാൻ
പോവുക, അതിന്നാദ്യ
വിശ്വഘോഷണമായീ
മോദിതൻ പ്രഭാഷണം.
Friday, August 15, 2014 - 12:05 PM

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ. ഹൈദരാബാദിൻ പുത്രൻ,

ഹൈദരാബാദിൻ പുത്രൻ,

 

ഹൈദരാബാദിൻ പുത്രൻ,
തലയോട്ടിത്തൊപ്പിയും
ബദൽവാണി,ശീർവാണി
ധാരിയും, -ചെറുസുൽത്താൻ
അസദ്ദുദ്ദീൻ  കുവൈസി
ഉവാച: " വെറും ഭോഷ്ക്
ഐഎസ്ഐഎസ് ഇറാക്കിൽ
പോലും, അതീയിന്ത്യയിൽ
ചെലവാകില്ല തീർത്തും"
വരിഷ്ട ഹിന്ദു , ശുഭ്രൻ
സ്വാമിയോ കുളിർ പൂണ്ടു,
കരുതിത്തന്നേചൊല്ലി:
"നിൻ നാവു പൊന്നാകട്ടെ"
ചാനലിൽ സമാധാനം;
പാനലോ തരിക്കുന്നു!
ആനയിച്ചെത്തുന്നുവോ
നാളുകൾ പൊൻനാളുകൾ!!

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ. ആഗസ്റ്റ് 13, 2014

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ. ആഗസ്റ്റ് 13, 2014

പുല്ലാണു പാർലിമെന്റെ-
ന്നോ ത്രിണമൂലേ , നഖവും
പല്ലും പ്രയോഗിക്കാൻ
തെല്ലുമേ മടിയില്ല!
ദീദിയായ് ബംഗാൾ വ്യാഘ്രം
ദില്ലിയിൽ വിഹരിക്കും
മോദിയേയെന്നേവെറും
തൃണമായ്കാണുന്നു ഞാൻ!!

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ 1

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ 1.

ഭാരതരത്നം ടെൻഡു
പാരിലെക്രിക്കറ്റ്ദൈവം!
പാർലിമെന്റിലോരണ്ടേ
രണ്ടുനാൾ,നോബാൾ,പാവം!!

2014, ഓഗസ്റ്റ് 10, ഞായറാഴ്‌ച

ഹൈകു കവിതകൾ (തുടർച്ച: 2)

 ഹൈകു കവിതകൾ (തുടർച്ച: 2)



ശാസ്ത്രീയമായ (സാമ്പ്രദായികമായ) ഹൈകു കവിതകൾ മലയാളത്തിൽ ആദ്യമായി ഞാൻ ഇവിടെ പ്രകാശനം ചെയ്തു തുടങ്ങി. "7 ഹൈകു കവിതകൾ " ( 2013, ഒക്ടോബർ 8, ചൊവ്വാഴ്ച) http://jeeyu.blogspot.in/2013/10/7.html കാണുക.  തുടർന്ന്, ഹൈകു കവിതകൾ (തുടർച്ച:  1) 2013, ഒക്‌ടോബർ 27, ഞായറാഴ്‌ച പ്രകാശനം ചെയ്തു. ["ഇക്കഴിഞ്ഞ പോസ്റ്റായ  "7 ഹൈകു കവിതകൾ " ( 2013, ഒക്ടോബർ 8, ചൊവ്വാഴ്ച) ഹൈകുകളുടെ സ്വഭാവ വിശദീകരണത്തോടെ പ്രസിദ്ധീകരിച്ചുകഴിഞ്ഞപ്പോൾ അത്  ഹൈകു കവിതകളായി നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിലും അറിവിൽപ്പെട്ടിടത്തോളം മലയാള സാഹിത്യത്തിലെ ശാസ്ത്രീയമായ ( classic or taditional, 5-7-5 syllables and other essential features) ഹൈകു കവിതകളൂടെ ആദ്യ അവതരണവും പ്രകാശനവുമായിരിക്കുയാണ്"]


 ഇന്ന് ഹൈകു കവിതകൾ (തുടർച്ച: 2) പോസ്റ്റ് ചെയ്യുന്നു.


1. നിന്മിഴികൾ



വസന്തരാവിൽ
താരകൾ നിന്മിഴികൾ -
നിലാവ് ചുറ്റും.

2. സ്നേഹനിമിഷം


സ്നേഹനിമിഷം
നീളും അപാരകാലം -
ഇയ്യാംപാറ്റകൾ

3. ബദ്ധർ

 

ഒറ്റ ശ്വാസത്തിൽ
ബദ്ധരായി നാം പണ്ടേ -
പുഷ്പകാലമായ്.

4. ചുംബനം


നദീദേവത
അഴിമുഖം മുത്തുന്നു -
മേഘഗർജ്ജനം

5. സന്ധ്യ


പിരിയും സന്ധ്യ
പൊഴിക്കും കണ്ണീർമഴ -
മേലേ ചിദംബരം

6. ശ്യാമിനി


മിന്നാമിനുങ്ങാൽ
കണ്ണ്ചിമ്മി ശ്യാമിനി -
ഇടവം പാതി

7. മിന്നൽ


ജ്വലിക്കും മിന്നൽ
പൊളിക്കും അനന്തത -
പൊലിയും താരകൾ









************



2014, ഏപ്രിൽ 30, ബുധനാഴ്‌ച

ഭഗവാൻ ഉറങ്ങുകയല്ല.


ഭഗവാൻ ഉറങ്ങുകയല്ല.



സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന ക്രിസ്തുവചനം (Synoptic Bible ) നമ്മുടെ നടപ്പ് ജനാധിപത്യവ്യ്വസ്ഥയ്ക്കു മാതൃകയായ ബ്രിട്ടനിൽ  പണ്ടേ സ്ഥാപിതമതവും ഭരണകൂടവും തമ്മിലുള്ള അതിർരേഖയായി കാണുന്നു. ക്രിസ്തുവിന്റെ എതിരാളികൾ ദൈവപുത്രനെ കുരുക്കുവാനായി,  വിശ്വാസികളായ യഹൂദർ തങ്ങളുടെ ഭരണകൂടത്തിനു കരംകൊടുക്കന്നത് ശരിയോ എന്നു യേശുവിനോട് ചോദിച്ചപ്പോൾ അവർ വിചാരിച്ചത് യേശു ദൈവത്തിന്റെ പക്ഷംപിടിക്കുമെന്നാണ്. ശ്രീയേഷു കണക്കിനുകൊടുത്ത ഈ മറുപടി പിന്നീട് ജനായത്ത രാജ്യഭരണ മീമാംസയുടെ ആണിക്കല്ലായി കിടക്കുകയാണ്. സത്യക്രിസ്ത്യാനിയായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഈ ബിബ്ളിക്കൽ പൊരുൾ അതിന്റെ എല്ലാ ആധുനിക കാലികമാനങ്ങളോടൂംകൂടി ഉൾക്കൊള്ളുമെന്ന് പ്രതീക്ഷിക്കാം.


 പാണ്ഡ്യസാമ്രാജ്യത്തിലെ സാമന്തരാജ്യവംശമായിരുന്ന ആയ് രാജ്യത്തിന്റെ കീഴിലുള്ള പ്രമുഖ രാജവംശമായിരുന്നു വേണാട് രാജകുലം. ഇന്നത്തെ കൊല്ലം,തിരുവനന്തപുരം,കന്യാകുമാരി ജില്ലകൾ അടങ്ങിയ വേണാട് രാജ്യം അവർ അടക്കിവാണിരുന്നു. തമിഴക സംഘകാലം മുതലേയുള്ളതാണ് വേൽനാട് എന്ന വേണാട്. അത് 9 -ആം ശതകത്തോടുകൂടി രണ്ടാം ചേരരാജവംശത്തിന്റെ ഭാഗമാവുകയും പിന്നീട് 11-ആം ശതകത്തോടെ ചോള സാമ്രാജ്യത്തിന്റെ അധീനതയിലാവുകയും ചെയ്തു. ചേരരാജവംശത്തിൽ ലയിച്ചതോടെയാണ് വേണാടിനു സമൃദ്ധിയുടെ നാട് എന്നർത്ഥത്തിൽ ശ്രീവാഴുംകോട് ( തിരുവിഴാംകോട്,തിരുവിതാംകൂർ, (ഇംഗ്ളീഷുകാരുടെ ട്രാവൻകൂർ))എന്ന പേർ വന്നത്. പിന്നീട്18-ആം ശതകത്തിന്റെ പകുതിയോടെ മാർത്താണ്ഡവർമ്മ മഹാരാജാവ് ആധുനിക തിരുവിതാംകൂർ രാജ്യം സൃഷ്ടിച്ചെടുക്കുകയും ചെയ്തു.

 ഇക്കാലമത്രയും വേണാട്ടരചന്മാരായ തിരുവിതാംകൂർ രാജവശത്തിന്റെ കുലക്ഷേത്രമായിരുന്നു ശീപദ്മനാഭസ്വാമി ക്ഷേത്രം. അതായത് ക്രിസ്തുവിന്റെ കാലത്തിനും മുൻപ് മുതൽതന്നെ. 9-ആം ശതകത്തിൽപോലും തമിഴകത്തെ (തെന്നിന്ത്യ) സുപ്രസിദ്ധ വിഷ്ണുക്ഷേത്രങ്ങളിലൊന്നായി ശീപദ്മനാഭസ്വാമി ക്ഷേത്രം വാഴ്ത്തപ്പെട്ടിരുന്നതായി വൈഷ്ണവാചാര്യൻ നമ്മൽവാരുടെ 'മലൈനാട്ടു തിരുപ്പതികൾ' എന്ന രചനയലെ കീർത്തന പരാമശർത്തിൽനിന്ന് മനസ്സിലാക്കാം. അപ്പോൾ, സഹസ്രാബ്ദങ്ങളായി ക്ഷേത്രംഭരിച്ചിരുന്ന രാജകുടുംബത്തിനെ ക്ഷേത്രത്തിൽനിന്ന് എങ്ങനെ അടർത്തി മാറ്റിനിർത്താനാവും? അതൊരു ക്ഷേത്രഭേദനം ആവും, ഭവനഭേദനംപോലെ.

 വിഷയം ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. 14-ആം നൂറ്റാണ്ടിന്റെ ആദ്യദശകത്തിനടുപ്പിച്ച് (1310-14) വേണാട്ട് രാജവംശത്തിന്റെ വെന്നിക്കൊടി തെന്നിന്ത്യ മുഴുവൻ പാറിച്ച രവിവർമ്മ കുലശേഖരന്റെ ദിഗ്വിജയത്തിനു തൊട്ടുമുൻപ് ഡൽഹി സുൽത്താൻ വേണാട് രാജ്യത്തിൽ ആക്രമണപരമായി ഇടപെട്ടതുപോലെ ഇപ്പോൾ ഡൽഹി യിൽനിന്നും ശ്രീപദ്മ്നാഭസ്വമിക്ഷേത്ര ഭരണത്തിൽ അനാരോഗ്യകരവും നിർഭാഗ്യകരവുമായ രീതിയിൽ ഇടങ്കോലിടുകില്ലെന്ന് ആശിക്കാം. ചരിത്രത്തിലെ അതുല്യമായ, അമൂല്യമായ, ഈ ലോകോത്തര ദൈവികനിധി ചിരകാലസുരക്ഷിതമായി സൂക്ഷിക്കാൻ രാജകുടുംബത്തിന്റെ പ്രാധാന്യം നിലനിർത്തിക്കൊണ്ട്തന്നെ, സർക്കാരിന്റെ സംവിധാനങ്ങളും സേവനവും ഉപയോഗിച്ച്  ആർക്കും കബളിപ്പിക്കാൻപറ്റാത്ത, പഴുതുകളോ പിഴവുകളോ ഇല്ലാത്ത, ഒരു ഭരണസംവിധാനം വിധിച്ചുനൽകാൻ ഈ ചരിത്രസന്ദർഭം പരമോന്നതനീതിപീഠം വിനിയോഗിക്കുകയാണുവേണ്ടത്. ഏതായലും പ്രപഞ്ച പരമോന്നതപീഠം ഉണ്ടല്ലോ, ...പ്രിൻസസ് ലക്ഷ്മീ ബായി പറഞ്ഞതുപോലെ: " ഭഗവാൻ ഉറങ്ങുകയല്ല".
Powered By Blogger