2015, മേയ് 29, വെള്ളിയാഴ്‌ച

തരിസക്കാരും ചെപ്പേടും പള്ളിയും പട്ടണവും; എണ്ണപകർന്ന് യേശുതേവന്റെ വിളക്ക് തെളിയിച്ച വേൽ-നാടുവാഴിയും.

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.


 


മാർ സബോർ നിർമ്മിച്ച  കടമറ്റം പള്ളി
                                                            

 "നസ്രാണി ക്രൈസ്തവരുടേയും കേരളത്തിന്റെയും ചരിത്രത്തിലെ സുപ്രധാനരേഖകളായ ലിഖിതങ്ങളാണ് " തരിസാപ്പള്ളി ശാസനങ്ങൾ അഥവാ തരിസാപള്ളി  ( ക്രിസ്ത്യാനി, നസ്രാണി, കോട്ടയം, )ചെപ്പേടുകൾ എന്നറിയപ്പെടുന്നത്. വേണാട് (വേൽ-നാട്) നാടുവാഴി അയ്യനടികൾ തിരുവടികൾ, [ ] .പേർഷ്യയിൽ നിന്ന് കുടിയേറിയ പുരോഹിതമുഖ്യനും വർത്തകപ്രമാണിയുമായിരുന്ന ' മാർ സാപ്രൊ ഈശോ'യുടെ പേരിൽ എ.ഡി. 849 ൽ അദ്ദേഹത്തിന്റെ തരിസാപ്പള്ളിക്ക് അനുവദിച്ച് എഴുതികൊടുത്തിട്ടുള്ള അവകാശങ്ങൾ ചെമ്പ് തകിടുകളിൽ നാരായം കൊണ്ട് വരഞ്ഞ് ആലേഖിതമായ വിളംബരമാണിത്.

 പ്രാചീന ഭാഷാഗവേഷണത്തിലും ചരിത്രഗവേഷണത്തിലും തരിസാപ്പള്ളി ശാസനത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. അക്കാലത്തെ കേരളത്തിലെ ഭരണസം‌വിധാനത്തേയും, സമൂഹത്തേയും, വിശ്വാസവ്യവസ്ഥകളേയും സംബന്ധിച്ച് വിലപ്പെട്ട വിവരങ്ങൾ നൽകുന്നു. ചാലൂക്യരുടെയും രാഷ്ട്രകൂടരുടെയുമിടയിൽ ഉണ്ടായിരുന്ന ഭരണരീതി കേരളത്തിലും ആരംഭിച്ചു കഴിഞ്ഞിരുന്നുവെന്ന് കാണാം രാജ്യത്തെ നാടുകളായും നാടുകളെ തറകളായും തറകളെ ദേശങ്ങളായും വിഭജിച്ചിരുന്നു. ദേശങ്ങളുടെ അധികാരി കുടിപതിയും നാടു ഭരിച്ചിരുന്നത് നാട്ടുടയവരും ഏറ്റവും മുകളിലായി പെരുമാളും ചേർന്നതായിരുന്നു അന്നത്തെ ഭരണക്രമം.  വേണാട്ടരചനൻ അയ്യനടികൾ തിരുവടികൾ സ്വതന്ത്രഭരണാധികാരിയായിരുന്നില്ലെന്നും ചേരചക്രവർത്തിയുടെ സാമന്തനായ നാടുവാഴിയായിരുന്നെന്നും ചെപ്പേടുകളിൽ നിന്ന് മനസ്സിലാക്കാം..  കൊല്ലം നഗരം, രാഷ്ട്രാന്തരപ്രസക്തിയുള്ള ഒരു തുറമുഖവും വ്യാപ്രാരകേന്ദ്രവുമായിരുന്നുവെന്ന്  വ്യക്തമാക്കുന്നു. വികേന്ദ്രീകൃതമായ ഒരു ഭരണസം‌വിധാനത്തിന്റെ സൂചനകളുണ്ട്. വർത്തകസംഘങ്ങൾക്ക് നഗരത്തിന്റെ സുരക്ഷ ഉൾപ്പേടെഏറെ അധികാരങ്ങൾ കൊടുത്തിരുന്നു. തൊഴിൽക്കരം, വില്പ്പനക്കരം, വാഹനനികുതി, ആഭരണങ്ങൾ അണിയുന്നതിനുള്ള നികുതി തുടങ്ങിയ വിപുലമായ  നികുതിവ്യവസ്ഥയുടെ രൂപരേഖ ചെപ്പേടുകളിൽ സൂചിപ്പിക്കുന്നു. അടിമവ്യവസ്ഥ വ്യാപകമായിരുന്നുവെന്ന് തെളിയുന്നു . പുറമേ,. കേരളസമൂഹത്തിൽ നിലനിന്നിരുന്ന മതസഹിഷ്ണുതക്കും സമൂഹ വൈവിദ്ധ്യത്തിനും മതിയായ തെളിവുകൾ ചെപ്പേടുകളിലുണ്ട്. ആദ്യകാല മലയാള ഗദ്യത്തിന്റെ ഉത്തമ മാതൃകഎന്ന വിധത്തിലും  തരിസാപ്പള്ളി ശാസനത്തിന്  പ്രാധാന്യമുണ്ട്. വ്യവഹാരഭാഷക്ക് പ്രാബല്യവും രാജഭാഷയ്ക്ക് ശൈഥില്യവും സംഭവിച്ചു തുടങ്ങിയെന്നും മനസ്സിലാക്കാം


വളരെ പഠനങ്ങൾ നടന്നിട്ടുള്ള തരിസാപ്പള്ളി ശാസനങ്ങൾക്ക് രണ്ട് ചെപ്പേടുകളിലായി ഏഴ് തകിടുകൾ   ഉണ്ടെന്നതും  രണ്ടാമത്തേത് 2.3, ശതകങ്ങൾക്കുശേഷം പകർത്തിയെഴുതിയതാണെന്നും, ഒന്നാം ചെപ്പേടിൽ 3 തകിടുകൾ ഉണ്ടായിരുന്നതിൽ മൂന്നാമത്തേതും രണ്ടാം ചെപ്പേടിലെ  4 തകിടുകളിൽ ഒന്നാമത്തേതും നഷ്ടപ്പെട്ടു എന്നാണ് പരക്കെയുണ്ടായിരുന്ന അറിവ്. "എന്നാൽ  പ്രൊഫ. എം.ആർ. രാഘവാര്യരുടെയും പ്രൊഫ. രാഘവൻ വെളുത്താട്ടിന്റെയും നേതൃത്വത്തിൽ നടന്ന പുതിയ പഠനങ്ങൾ കാണിക്കുന്നത് ഇവ രണ്ടു സെറ്റ് പട്ടയങ്ങളല്ല ഒരു സെറ്റ് പട്ടയങ്ങളാണ് എന്നാണ്. പട്ടയത്തിലെ ഏടുകൾ വ്യത്യസ്തമായ രീതിയിൽ ക്രമപ്പെടുത്തിയാണ് ഈ രേഖയുമായി ഇതുവരെ നിലനിന്നിരുന്ന സന്ദേഹങ്ങൾ അറുതിവരുത്താൻ പോന്ന കണ്ടെത്തലിലെത്തിച്ചേർന്നത്. ഇതോടെ അപൂർണ്ണമാണ് എന്ന് കരുതപ്പെട്ടിരുന്ന ഈ രേഖ പൂർണ്ണരൂപത്തിൽ തന്നെ വായിച്ചെടുക്കാനുമായി" ചെപ്പേടിന്റെ . ആറാം ഏട്ടിൽ പ്രമാണത്തിന്റെ സാക്ഷികളായവരുടെ ഒപ്പുകളാണ്. അതിൽ 11 എണ്ണം കുഫിക് ഭാഷയിലും19 എണ്ണം സുറിയാനി ഭാഷയിലും 4 എണ്ണം ഹീബ്രു ഭാഷയിലും ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.

 അതിപുരാതനകാലം മുതൽതന്നെ കേരളവും മധ്യ-പശ്ചിമ ഏഷ്യൻ രാജ്യങ്ങളുമായി സുദൃഢമായ വാണിജ്യ-സാസ്കാരിക വിനിമയ ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നത് സുവിദിതമാണ്.  ജുതപിതാവെന്നു കരുതപ്പെടുന്ന മോസസ്സ് താൻ നിർമ്മിച്ച റ്റാബർനാക്കിളിൽ (Tabernacle) (1490 ബി.സി.) ഉപയോഗിച്ചിരുന്ന അഭിഷേക എണ്ണയുടെ പ്രധാന ചേരുവ അന്ന് ഇന്ത്യയിൽനിന്നുമാത്രം ലഭിക്കുന്ന സിന്നമോൺ (cinnamon, കറുവപ്പട്ട)  ആയിരുന്നുവെന്ന് പഴയവേദത്തിൽ (Old Testament) കാണുന്നു. ബി സി. 10ആം നൂറ്റാണ്ടിൽ ജൂതചക്രവർത്തിയായിരുന്ന സോളമൻ രാജാവ് സുഗന്ധവ്യഞ്ജനങ്ങൾ, അമൂല്യ രത്നങ്ങൾ, സ്വർണ്ണം ഇവയിൽ കേരളവുമായി വ്യാപാരം നടത്തിയിരുന്നു എന്ന് ഹീബ്രു  മൂലഗ്രന്ഥങ്ങളിൽ പ്രസ്താവിക്കുന്നു.[ ] ഇന്ത്യയുടെ പശ്ചിമ ദക്ഷിണ തീരത്ത് വ്യാപിച്ച് കിടന്നിരുന്ന " അപരന്ത" എന്ന രാജ്യത്തിന്റെ ഭാഗമായിരുന്നു കേരളമെന്നും അന്നേ ഇവിടെ ജൂതർ കുടിയേറിയിരുന്നുവെന്നും അവയിൽ പറയുന്നുണ്ട്. പഴയ ജുഡിയ (തെക്കൻ പലസ്റ്റീൻ) ദേശത്തുനിന്ന് 562 ബി.സി.യിൽ ആദ്യത്തെ ജൂതകോളണി കൊടുങ്ങല്ലൂർ - കൊച്ചിഭാഗത്ത് രൂപെപ്പെട്ടാതായി വിശ്വസിക്കുന്നു. വണിക്കുകളായിരുന്ന ഇവരെ അൻജു(അഞ്ചു)വണ്ണം എന്നാണു വിളിച്ചിരുന്നത്.

കേരളക്കരയിൽ ക്രിസ്തുമതം ക്രിസ്തുവിന്റെ അപോസ്തലന്മാരിൽ ഒരാളായ സെന്റ്. തോമസ് എ.ഡി. 52 ൽ അന്ന് മുസിരിസ് എന്നു അറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂരിനടുത്ത മലിയങ്കരയിൽ എത്തി മതപ്രചരണം നടത്തി, പെരിയാറിന്റെ തിരപ്രദേശങ്ങളിലും മറ്റുമായി 7 പള്ളികൾ സ്ഥാപിച്ച് ആരംഭിച്ചൂ എന്നാണ് അദ്ദേഹത്തിന്റെ ആദ്യ അനുയായികളായ സെന്റ് തോമസ് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നത്. ചരിത്രകാരന്മാർക്ക് ഇതത്ര സ്വീകാര്യമല്ലെങ്കിലും സാഹചര്യ തെളിവുകൾ പരിഗണിക്കുമ്പോൾ ഈ കഥ അസംഭവ്യമെന്ന് തള്ളിക്കളയേണ്ടതില്ലെന്ന അഭിപ്രായവും ഉണ്ട്. പക്ഷെ, ഈ വിശ്വാസത്തിന് എന്തെങ്കിലും ആധാരമായി പറയാനുള്ളത്  ഇതിഹാസ  തെളിവുകൾ മാത്രമാണ്. പഴയ ജൂതഗ്രന്ഥങ്ങളിൽ എ.ഡി. 68 ൽ കൊടുങ്ങല്ലൂരിൽ ഒരു ക്രിസ്ത്യൻ സമൂഹം ഉണ്ടായിരുന്നുവെന്നു കാണിക്കുന്നുണ്ട്. മറ്റൊന്ന്, ഇൻഡോ-പാർത്തിയൻ ചക്രവർത്തിയായിരുന്ന ഗൊണ്ടോഫേർസ്-സാസെസ് (Gondophares-Sases- )  നാലാമന്റേതെന്നു (ചിലർ ഗൊണ്ടോഫേർസ് ഒന്നമന്റെയെന്നും) കരുതപ്പെടുന്ന  തക്ത്-ഇ-ബഹി ശിലാലിഘിതമാണ് ( 46 എ.ഡി.,പാകിസ്ഥനിലെ മർദാൻ പ്രവിശ്യയിൽ). പാർത്തിയൻ സാമ്രാജ്യം അഫ്ഗാനിസ്താൻ, സിൻഡ്, പഞ്ചാബ്, മുതൽ ചൈന വരെ നാമമാത്രമാണെങ്കിലും വ്യാപിച്ചിരുന്ന ഒരു ഇൻഡോ-പഷ്തൊ- ഇറാനിയൻ സാമ്രാജ്യമായിരുന്നു. ഗൊണ്ടൊഫെർസ് എന്നത് -  സംസ്ക്രതത്തിൽ നിന്നും രൂപാന്തരപ്പെട്ട പുരാതന ഇറാനിയൻ ഭാഷയായ അവസ്റ്റയിലെ (Avesta) വിന്ദഫർനഹ്, ഗസ്തഫർ, ഗുണ്ടപർനാഹ്, പഷ്തൂണിൽ ഗൻഡാപുർ എന്നൊക്കെ പേരുകൾ ഉണ്ട് -   ഈ രാജവംശത്തിലെ രാജാക്കന്മാരുടെ പൊതുനാമമായിരുന്നു. ഇവരുടെ തലസ്ഥാനം പുരാതന വിദ്യാഭ്യാസ നഗരമായ തക്ഷശില( Taxila ) --  ഇന്നത്തെ പാകിസ്ഥാനിൽ റാവൽപ്പിണ്ടിക്കു പടിഞ്ഞാറ് -  ആയിരുന്നു. ആഫ്ഗാനിസ്താനിലെ കാണ്ഡഹർ ഒരു ഗൊണ്ടോഫെർസ് രാജാവ് ഗുണ്ടൊഫറൊൺ എന്ന പേരിൽ സ്ഥാപിച്ചതാണെന്നു പറയപ്പെടുന്നു. പക്ഷെ, തക്ത്-ഇ-ബഹി ശിലാലിഘിതം ഈ കാലയളവിൽ ഒരു ഗൊണ്ടോഫെർസ് രാജാവ് ഉണ്ടായിരുന്നു എന്നതിനു മാത്രം തെളിവായി എടുക്കാമെന്നേയുള്ളു..

ഈ ഗൊണ്ടോഫെർസ് ക്രിസ്തു മതവിശ്വാസവുമായി പലതരത്തിലും ബന്ധമുള്ള രാജവംശമായിരുന്നു. ക്രിസ്തുവിന്റെ ജനന സമയത്ത് എത്തിയ മൂന്ന് ബിബ്ലിക്കൽ മഗികളിൽ "ഗസ്പാർഡ്, പേർഷ്യയുടെ രാജാവ് "  ഇവരിൽ വംശസ്ഥപകനായ ഒന്നമനായിരുന്നുവെന്ന് വിശ്വാസമുണ്ട്. തക്ത് ബഹി ലിഘിതത്തിൽ വെളിപ്പെടുന്ന കാലയളവും  അപോക്രിഫൽ ആക്ട്സ് ഓഫ് തോമസ് ( Apocryphal Acts of Thomas ) എന്ന ഇതിഹാസ ഗ്രന്ഥത്തിൽ 30 എ.ഡിയിൽ ക്രിസ്തുവിന്റെ കുരിശാരോഹണത്തിനുശേഷം സെന്റ് തൊമസ് അപോസ്തലന്റെ ഇന്ത്യയിലേക്കുള്ള സമുദ്രയാത്രയുടെ കാലയളവും യോജിക്കുന്നതായി കാംബ്രിഡ്ജ് ഹിസ്റ്ററി ഓഫ് ഇറാൻ ( Cambridge History of iran ) ചൂണ്ടിക്കാണിക്കുന്നു. ഗ്രീക് ചിന്തകൻ ഫിലൊസ്റ്റ്രാറ്റസ് (Philostratus) എഴുതിയ ലൈഫ് ഓഫ് അപ്പൊലൊനിയസ് ഓഫ് റ്റിയന ( Life of Apolonius of Tyana)  എന്ന മറ്റൊരു ഇതിഹാസ കൃതിയിൽ അപൊലൊനിയസ് 43-44 എ.ഡി.യിൽ ഗുണ്ടഫർ ( ഗുണ്ടോഫെർസ്) രാജാവിനെ തക്ഷശിലയിൽ എത്തി കാണുന്നതായി വിവരിക്കുന്നുണ്ട് .  തക്ഷശിലയിൽ എത്തിയ സെന്റ് തോമസ് ഗുണ്ടോഫെർസിനെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതായും 'ഐതിഹാസിക തോമസ് ചെയ്തികളിൽ' കാണുന്നു.  അവിടെനിന്നും അന്നത്തെ പ്രധാന ജൂത കേന്ദ്രമായിരുന്ന കേരളത്തിലേക്ക് കടൽമാർഗ്ഗം എത്തിയതായി കരുതുന്നതിൽ അപാകതയില്ല. പക്ഷെ അതിനു ചരിത്രപരമായ (ഇതിഹാസപ്രകാരമല്ലാത്ത) തെളിവുകൾ ഇല്ല. ഇതുകൊണ്ടാവണം 2006 ൽ  പോപ് ബെനിഡിക്റ്റ് XVI ഒരു പ്രഭാഷണത്തിൽ സെന്റ്. തോമസ് വടക്കു പടിഞ്ഞാറൻ ഇന്ത്യ വരെ മാത്രമേ സന്ദർശിച്ചിട്ടുള്ളുവെന്നും അതിനപ്പുറം മതപരിവർത്തനം നടത്തിയിട്ടില്ലെന്നും പ്രസ്താവിച്ച്ത്. ( അതായത്, ആദി കേരള ക്രിസ്ത്യാനികൾ അപ്പോസ്തല പരിവർത്തിതരൊന്നുമല്ലെന്ന് ). കേരള ക്രിസ്ത്യാനികളുടെ പ്രതിഷേധം കണക്കിലെടുത്ത് വത്തിക്കാൻ വെബ് സൈറ്റ് പിറ്റേദിവസം  തന്നെ ഈ പ്രസ്താവത്തിൽ ഭേദഗതി വരുത്തി.)

എന്നാൽ പേർഷ്യയിൽനിന്നും സിറിയയിൽനിന്നും, പ്രത്യേകിച്ച് കിഴക്കൻ അസ്സിറിയയിൽനിന്ന് ക്രിസ്ത്യാനി ജുതന്മാരുടെ ഒഴുക്ക് തുടരുകയും വർദ്ധിച്ചുകൊണ്ടിരിക്കയും ചെയ്തുവെന്നുകാണാം. (പുരാതന സിറിയ ഇന്നത്തെ ലെബനോണും,ഇസ്രയേൽ,, ജോർഡാൻ, ഇവയുടെ മിക്ക ഭാഗങ്ങളും,ഇറാക്കിന്റെയും സൗദി അറേബ്യയുടെ കുറെ ഭാഗങ്ങളും, അടങ്ങിയതായിരുന്നു. അന്തിയോഖ്, (Antioch) ( ഇന്ന് തുർക്കിയിൽ)) അതിന്റെ തലസ്ഥാനവും).  ഈ ഒഴുക്കിന് പ്രധാനകാരണം, വാണിജ്യാവശ്യങ്ങൾക്ക് പുറമേ,  പ്രാധാന്യം കൊടുത്ത് അടിസ്ഥാന ധർമ്മമാക്കിയ മതപ്രചരണവും,  പേർഷ്യയിൽ അരങ്ങേറിയ പീഡനവുമാണ്. ആദ്യ ശതകങ്ങളിൽ പശ്ചിമ ദേശങ്ങളിലേക്കാൾ ഏറെ പൂർവ്വദേശങ്ങളിലായിരുന്നു മിഷണറി പ്രവർത്തനങ്ങളാൽ ക്രിസ്തുമതം വ്യാപിച്ചത്.[ ] വടക്കൻ മെസപൊടാമിയയിലെ എഡിസ്സാ  (Edessa ) ഒരു ആരബ് വംശ രാജ്യതലസ്ഥനം, ഇന്ന് തുർക്കിയിലെ സൻലിഉർഫ ( Sanliurfa) നഗരം ) എന്ന  അന്നത്തെ പ്രധാന ക്രിസ്ത്യൻ വ്യാപന കേന്ദ്രത്തിൽ നിന്നായിരുന്നു  ക്രിസ്തുമതം മധ്യ ഏഷ്യ മുതൽ ചൈന വരെ വ്യാപിച്ചത്. എഡിസ്സ ഒരു പ്രധാന ജൂതസങ്കേതവുമായിരുന്നു. . പിന്നീട് രണ്ടാം ശതകത്തിന്റെ ഒടുവിൽ പ്രധാനകേന്ദ്രം ബാഗ്ദാദിനടുത്ത സെലുക്കോസ്- റ്റെസിഫൊൻ എന്ന ഇരട്ടനഗരം ആയി മാറി. എ.ഡി 410ൽ ഇവിടുത്തെ ബിഷപ്പിനേ പൂർവദേശ ബിഷപ്മാരുടെ അധികാരിയായ കാതോലിക്കോസായി തിരഞ്ഞെടുത്തു.

ഏ.ഡി ഒന്നാം നൂറ്റാണ്ടുമുതൽതന്നെ ജൂതക്രിസ്ത്യാനികൾ മതത്തിന്റെ പേരിൽ  മുഖ്യധാരാജൂതരാലും റോമാക്കാരാലും പീഡിപ്പിക്കപ്പെട്ടിരുന്നു., പ്രത്യേകിച്ചും നാലാം നൂറ്റാണ്ടിലെ മിലാൻ ശാസനം ക്രിസ്തുമതത്തെ നിയമപരമാക്കുന്നതുവരെ. പുതിയ മതം റോമൻ ദൈവങ്ങളെ നിരാകരിക്കയും അതിനാൽ  അവർ കാത്തുരക്ഷിക്കുന്ന രാജ്യത്തെ അപകടപ്പെടുത്തുന്ന അന്ധവിശ്വ്വാസമാണെന്നുമാണ് റോമാക്കാർ കരുതിയത്. അതുപോലെ സസാനിയൻ പേർഷ്യൻ രാജാവ് ബഹ്രം രണ്ടാമന്റെ കാലം (290), ഷാപുർ രണ്ടാമൻ ((309–79), മുതൽ 4-6 ശതകങ്ങൾ വരെ ചെറുതും, ദിർഘവുമായ പല പീഡനങ്ങളും പേർഷ്യയിൽ അരങ്ങേറി. ഇക്കാലയളവിൽ വാണിജ്യവിപണനം ധാരാളം നടന്നുകൊണ്ടിരുന്ന കേരള ജൂത സങ്കേതങ്ങളിലേക്കു അതിനാൽ ജൂതക്രിസ്ത്യാനികൾ പാലായനം ചെയ്ത് എത്തിച്ചേർന്നു.

 മറ്റൊന്ന്, ക്രിസ്തുമതത്തിൽ തന്നെയുണ്ടായ സൈദ്ധാന്തിക വിഘടനാവാദങ്ങൾക്കെതിരെ നടന്ന പീഡനങ്ങളാണ്. നെസ്റ്റോറിയനിസം (Nestorianism), എരിയനിസം (Arianism), മനിക്കിയിസം (Manicheism) ഇവയായിരുന്നു പ്രമുഖമായിരുന്ന വിഘടനവാദങ്ങൾ..
ആദികാല വിഘടനവാദങ്ങളിൽ പ്രമുഖമായിരുന്ന ഒന്നാണ് മണിക്കിയനിസം. ഹിന്ദു-ബുദ്ധ-സൊരോരാസ്റ്റ്രിയൻ ജ്ഞാനദർശനങ്ങളെ വികലമായി ക്രിസ്തുമത സിദ്ധാന്തവുമായി സമന്യയപ്പെടുത്തിയുള്ള ഒന്ന്. മെസപൊടോമിയയിലെ അസൂറിസ്റ്റാനിൽ എ.ഡി 216ൽ ജനിച്ച അർസാസിഡ് (പാർത്തിയൻ) വംശജനായിരുന്ന, സംസ്കൃതനാമം സ്വീകരിച്ചുവെന്നു കരുതാവുന്നതായ, മണി യുടെ ഈ സിദ്ധാന്തം പീന്നീട് ഒരു വ്യത്യസ്ത  ലോകമതമായിത്തന്നെ ചൈന വരെ വ്യാപിച്ച് 14ആം ശതകം വരെ നിലനിന്നിരുന്നു. അന്നത്തെ സസ്സാനിഡ് ( ഇസ്ലാംപൂർവ്വ പേർഷ്യൻ) സാമ്രാജ്യത്ത്ന്റെ ഭാഷയായിരുന്ന അരമൈക്കിന്റെ (  Aramaic ) എല്ലാ സംസാരഭാഷകളിലും ഉപയോഗിച്ചിരുന്ന സംസ്ക്രത നാമമായിരുന്നു മണി.[ ] ക്രിസ്തുവിന്റെയും ,പിന്നീട് സുറിയാനിക്രൈസ്തതവരുടെ ആരാധന ഭാഷയുമായിരുന്ന സിറിയക് അരമൈക് (Syriac Aramaic) തന്നെയായിരുന്നു മണിയുടേയും ഭാഷ. അതിനാൽ മണിക്കിയൻ വാദം പെട്ടെന്ന് പ്രചരിച്ചു.മറ്റ് മതസ്ഥരും ഈ നവസിദ്ധാന്തത്തെ തങ്ങൾക്ക് ഭീഷണിയായി കരുതി എതിർത്തപ്പോൾ പേർഷ്യൻ രാജാവ്  ബഹ്രാം 1 എ.ഡി 244/247ൽ മണിയെ വധശിക്ഷയ്ക്ക് വിധേയനാക്കി. അനുയായികൾ ഇന്ത്യയിൽ കേരളമുൾപ്പെടെയുള്ള അന്യരാജ്യങ്ങളിലേക്ക് പലായനം ചെയ്തു. ഇവരാണ് വർത്തകപ്രമാണിമാരായി ഇവിടെ അറിയപ്പെട്ടിരുന്ന മണിഗ്രാമക്കാർ. ഡോ: ബര്‍ണലിന്റെ അഭിപ്രായത്തില്‍ 'ഇന്ത്യയിലെ ഏറ്റവും പുരാതനമായ ക്രിസ്ത്യന്‍ കുടിയേറ്റ സങ്കേതങ്ങള്‍ മണിക്കിയന്‍ അഥവാ നോസ്റ്റിക്ക് വിഭാഗക്കാരുടേതാണെന്നു പറയാം. സിറിയന്‍ ക്രിസ്ത്യാനികള്‍, മദ്രാസ് ഗവര്‍ണര്‍ക്ക് 1882ൽ സമർപ്പിച്ച ഒരു നിവേദനത്തിൽ മണിഗ്രാമക്കാരെ അക്കാലത്തും കൊല്ലത്തും കായംകുളത്തും മറ്റിടങ്ങളിലും കണ്ടുവരുന്നതായും നായന്മാരിൽനിന്ന് ഇവരെ വേർതിരിക്കാൻ പ്രയാസമണെന്നും പറയുന്നു.

പുരാതന സിറിയയുടെ തലസ്ഥാനമായിരുന്നതും നാലാം ശതകത്തോടെ ക്രിസ്തുമതത്തിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്നുമായിരുന്ന അന്ത്യോഖിന്റെ  മെത്രോപോലീത്തയായിരുന്ന നെസ്റ്റോറിയസ് (Nestorius) (386-450) യേശുവിന്റെ മാനുഷികവും ദൈവികവുമായ മാനങ്ങൾ എന്നും ഭിന്നവും ഐക്യപ്പെടാത്തതുമായിരുന്നുവെന്ന മതം ഉന്നയിച്ചത് നെസ്റ്റോറിയിനിസം  എന്ന് പേരിൽ കടുത്ത എതിർപ്പിനെ നേരിടുകയും സഭയത്തന്നെ പിളർത്തുകയും ചെയ്തു ( Nestorian schism).  അലക്സാൻഡ്രിയയുടെ മെത്രാപോലീത്തയായിരുന്ന സിറിൽ (Cyril) നേതൃത്തം കൊടുത്ത പ്രക്ഷോഭണത്തിൽ എഫിസസ് ഒന്നാം കൗൺസിലിലും ( First Council of Ephesis – 431) തുടർന്ന് ചാൽസിഡൊൺ കൗൺസിലിലും (Chalcedon Council – 451) നെസ്റ്റോറിയനിസത്തെ മതത്തിന് നിരക്കാത്ത വിഘടനവാദമായി പ്രഖ്യാപിക്കയും നെസ്റ്റോറിയൻകാർ റോമൻ സ്വാധീനത്തിൽനിന്ന് മാറി സസാനിയൻ പേർഷ്യൻ സഭയായിരുന്ന പൗരസ്ത്യ സഭയിൽ ( Church of the East) ചേരുകയും ചെയ്തു. ഇവിടുത്തെ ആദികാല സെന്റ് തോമസ് ക്രിസ്ത്യാനി സഭ വളരെക്കാലത്തോളം നെസ്റ്റോറിയൻ സഭ ആയിരുന്നു. 16ആം നൂറ്റാണ്ടിൽ നെസ്തോറിയൻ പൗരസ്ത്യസഭയെ  റോമൻ സഭയുടെ കീഴിൽ കൊണ്ടുവരാൻ ഗോവയിലെ പോർടുഗീസ് ആധിപത്യത്തിനു സാധിച്ചതുവരേയ്ക്കും.

ഇങ്ങനെ  പശ്ചിമേഷ്യയിൽനിന്ന്,പ്രധാനമായും പുരാതന സിറിയൻ പ്രദേശങ്ങളിൽനിന്ന്, കേരളക്കരയിൽ കുടിയേറിയ സിറിയൻ ക്രിസ്ത്യാനികൾ അഥവാ സുറിയാനി ക്രിസ്ത്യാനികൾ( സെന്റ് തോമസ് ക്രിസ്ത്യാനികൾ) കിഴക്കൻ സിറിയയിലെ നെസ്റ്റോരിയൻ സഭയുമായി അടിക്കടി ബന്ധം നിലനിർത്തിയിരുന്നു വാണിജ്യാവശ്യങ്ങൾക്കായും,മതപരമായ ആവശ്യങ്ങൾക്ക് ഇവിടെനിന്നും ക്ഷണിച്ചും മതപ്രചരണാർത്ഥം പാത്രിയാർക്കീസുമാർ നിയോഗിച്ചും ഒക്കെ യായി പല കാലങ്ങളിൽ അവിടെനിന്നും പലരും എത്തിക്കൊണ്ടിരുന്നു. ഏ.ഡി. 189 ൽ അലെക്സാൻഡ്രിയൻ തത്ത്വചിന്തകന്‍ പൻറ്റേനസ് ( Pantaenus) ഇവിടം സന്ദർശിച്ച്, നസ്രാണി (ജ്യുത) ക്രിസ്ത്യാനികൾ ഉപയോഗിച്ചിരുന്ന ഹീബ്രൂ ബൈബിളിന്റെ ഒരു പ്രതി കൂടെകൊണ്ടുപോയിയെന്ന് വിശ്വസിക്കപ്പെടുന്നു. ഒന്നാം ചേരസാമ്രാജ്യത്തിന്റെ കാലത്ത് 230 ൽ പെരുമാൾ വീരരാഘവ ചക്രവർത്തി വിദേശവാണിജ്യത്തിനു സഹായകമായി കൊടുങ്ങല്ലൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ തുറുമുഖങ്ങളും തുറുമുഖപട്ടണങ്ങളും നിര്മ്മിച്ചതിന്
അംഗീകാരമായി ഇരവിക്കൊത്തന്‍ എന്ന നസ്രാണി ക്രൈസ്തവ നേതാവിന് നല്കിയ ചെപ്പേടിൽ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾക്ക് 72 പദവികള്‍ നല്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. എ.ഡി.300ൽ ബസ്രയിലെ ഡേവിഡ് എന്ന മിഷണറി ഇവിടെ എത്തിയിരുന്നതായി കരുതുന്നു. 340 - 360 കാലത്തെ തഴെക്കാട് ശാസനം നസ്രാണികൾക്ക് പ്രത്യേക പദവികൾ പ്രഖ്യാപിക്കുന്നു. 345ൽ ക്നാനായി തോമസും കൂട്ടരും ഇവിടെ എത്തിയതായി പലരും വിശ്വസിക്കുന്നെങ്കിലും ഇത് 9ആം നൂറ്റാണ്ടിലാണ് സംഭവിച്ചതെന്ന് അഭിപ്രായഭേദവുമുണ്ട്. 522ൽ  ബൈസന്റിയൻ ക്രിസ്ത്യീയ സന്യാസി കോസ്മോസ് ഇൻഡികൊപ്ലുസ്റ്റസ് (Cosmas Indicopleustes) മലബാർ സന്ദർശിക്കുന്നു.

ഈ പരമ്പരയിൽ എ.ഡി.824-5 കാലത്ത് അന്നത്തെ പുരാതന സിറിയൻ പ്രദേശത്തുനിന്ന് പുരോഹിത പ്രമുഖനായിരുന്ന ' മാർ സാപ്രൊ ഈശോ ' ('മരുവാൻ' സപീർ ഈശോ)യുടെ നേതൃത്വത്തിൽ 'മാർ സബോർ' മാർ പ്രോത്ത് എന്ന സഹോദരങ്ങളായ രണ്ട് ബിഷപ്പുമാർ അനുയായികളടക്കം മതപ്രചരണാർത്ഥം ഇന്നത്തെ കൊല്ലം ഭാഗത്ത് കുടിയേറി. അടുത്ത 24 വർഷങ്ങളിൽ ഇവർ പല പള്ളികളും സ്ഥാപിച്ചു. ഈ പള്ളികൾ കദീശാ (വിശുദ്ധ) പള്ളികൾ എന്ന് അറിയപ്പെടുന്നു. ഇതിൽ ഒന്ന് ഇന്ന് കടൽ കയറുകയോ നശിപ്പിക്കപ്പെട്ടതോ ആയി കരുതാവുന്ന ഒരു പള്ളി കൊല്ലത്തിനടുത്ത കരക്കേണിക്കൊല്ലം എന്ന് അന്ന് അറിയപ്പെട്ടിരുന്ന സ്ഥലത്ത് തരിസാപ്പള്ളി എന്ന വിളിക്കപ്പെട്ട ഒരു പള്ളി (ചെറിയ തോതിലായിരിക്കണം)  നിർമ്മിച്ചതായി കരുതാം. അന്ന് ചേരചക്രവർത്തിയായിരുന്ന സ്ഥാണുരവി പെരുമാളിന്റെ സാമന്തനായി കൊല്ലം തലസ്ഥാനമായി വേണാട് ഭരിച്ചിരുന്ന അയ്യനടികൾ തിരുവടികൾ ഈ പള്ളിക്ക് (വിപുലീകരിക്കാനാവണം)  വേണ്ടത്ര സ്ഥലവും അവകാശങ്ങളും കല്പിച്ച് കൊടുക്കുന്ന രേഖയോ വിളംബരമോ ആണ് തരിസാപ്പള്ളി ചെപ്പേടുകൾ അഥവാ ശാസനങ്ങൾ.. സ്ഥാണുരവിയുടെ ഭരണത്തിന്റെ അഞ്ചാം വർഷമെന്ന സൂചനവച്ച്, ക്രി.വ. 849-ലാണ് ഇവ നൽകപ്പെട്ടത് എന്ന് കരുതിവരുന്നു.



 മാർ സബോർ,   മാർ പ്രോത്ത്
                                                                                               
       മർവൻ ഇഷൊ ദദ് സബ്രിഷൊ                                                             

തരിസാപ്പള്ളി ചെപ്പേടുകളെക്കുറിച്ചുള്ള പരമ്പരാഗത അറിവ് ഇതായിരിക്കെ അടുത്തകാലത്ത് തരിസാപ്പള്ളിയുടെ ക്രിസ്ത്യൻ അസ്ഥിത്വത്തെതന്നെ നിഷേധിച്ചുകൊണ്ട് ഇത് യഥാർത്ഥത്തിൽ ബുദ്ധക്ഷേത്രമായിരുന്നുവെന്നും  അത് ഉടമസ്ഥരായിരുന്ന തമിഴക വംശജരായ വെള്ളാളർ പാലിച്ചിരുന്നതാകയാൽ  ചെപ്പേടുകൾ വാസ്തവത്തിൽ വെള്ളാള ചെപ്പേടുകൾ  (ഇവയെ ക്രിസ്ത്യൻ, കോട്ടയം, ചെപ്പേടുകൾ എന്നും പറയുന്നതിനു പകരം) എന്നാണ് കരുതേണ്ടതെന്നും വാദം ഉയർന്നിട്ടുണ്ട്. പ്രധാനമായും സൈബർ മീഡിയയിൽ.

പ്രസ്തുത വാദത്തിന് ഉപോൽബലകമായി ഉന്നയിക്കപ്പെടുന്ന തെളിവുകൾ പ്രധാനമായും ഇവയാണ്:

    1.ചെപ്പേടിൽ പറയുന്നതുപോലെ, 'തെവർ' ( ദേവൻ ) ഉള്ളതും തെവർക്ക് എണ്ണ വേണ്ടതുമായ പള്ളി ക്ഷേത്രമാകാനേ തരമുള്ളു.  ( " തെവർക്ക് നടുവന നട്ടു ഉടുവന ഇട്ടു പള്ളിക്കു എണ്ണൈക്കും മറ്റും വെണ്ടുഞ്ഞ് കടങ്കുറവ് വാരാതെയ് ചെയ്യക്കടവരാക ച്‌ചമൈച്ചു " - എന്ന് ചെപ്പേടിൽ ). ഈ ദേവൻ ബുദ്ധനാണ്.
    2. സാക്ഷികളിൽ വെള്ളാള നാമങ്ങൾ ഉണ്ട്.
    3. ചെപ്പേട് ചെമ്പിൽ വരഞ്ഞ് തയാറാക്കിയ ഗുമസ്ഥൻ അയ്യൻ(?), ആദ്യസാക്ഷി.വേൾകുല സുന്ദരൻ (ഇദ്ദേഹം പല കരണങ്ങളും ചെയ്തിട്ടുള്ള അക്കാലത്തെ പ്രമുഖ  ഗുമസ്തനായിരുന്നു; ആരാണ് ഇവിടെ എഴുതിയതെന്നു വ്യക്തമല്ല )  ഇവർ വെള്ളാളരാണ്.
    4. ആയ് രാജവംശം തന്നെ വെള്ളാളരാണ്.
    5. അഹൈന്ദവ ആരാധനാലയങ്ങളെയാണ് പള്ളികൾ എന്നു വിളിക്കുന്നതെങ്കിലും         കീഴ്ജാതികളുടെ ( ശൂദ്രരുടെയും) ക്ഷേത്രങ്ങളെ പള്ളികൾ എന്നു വിളിച്ചിരുന്നു.
    6. കൃസ്ത്യാനികളെക്കുറിച്ച് ചെപ്പേടിൽ പരാമർശമില്ല..
    7. മരുവാൻ സപീർ ഈശോ ചെയ്യിച്ച പള്ളി എന്ന് ചെപ്പേടിലെ സപിരീശോ വാസ്തവത്തിൽ  'ശബരീശൻ' എന്ന ബുദ്ധമതാനുയായി ആണ്.
    8. അതിലേതന്നെ 'മരുവാൻ' എന്നത് അമരുവാൻ എന്നത് മുറിച്ചിട്ടതാണ്.
    9. തരിസാപ്പള്ളി എന്നാൽ ജാതിഭ്രഷ്ടരാക്കപ്പെട്ട, ഭസ്മം ധരിക്കാത്ത,
        വെള്ളാളവർത്തകർ (ദരിസാ ച്ചെട്ടികൾ) മാർഗ്ഗം കൂടി ബൗദ്ധരായവരുടെ പള്ളി         എന്നു മനസ്സിലാക്കണം.

ഇതുവരെ പ്രസ്താവിച്ച ചരിത്ര പശ്ചാത്തലത്തിൽ പ്രകടമായും ഈ വാദങ്ങൾ ബാലിശമായ അബദ്ധവാദങ്ങളാണെന്നു കാണാമെങ്കിലും  ആവർത്തിക്കപ്പെടാതിരിക്കാൻ ഇവയെ കൈകാര്യം ചെയ്ത് നിരാകരിക്കേണ്ടതുണ്ട്. ചെപ്പേട് പ്രകാരം സ്ഥലവും അവകാശങ്ങളും ലഭിച്ച ഗുണഭോക്തവിന്റെ നാമത്തിൽ ഇന്നുള്ളവർക്കു തോന്നാവുന്ന ആശയക്കുഴപ്പമോ തെറ്റിധാരണയോ  ഇല്ലാതാക്കിയാൽ പ്രശ്നപരിഹാരമാവും ക്രിസ്ത്യാനി ഉടമസ്ഥത അസന്ദിഗ്‌ദമാവുകയും ചെയ്യും.   

1.ചെപ്പേടിലെ അവകാശി:  "കുരക്കേണിക്കൊല്ലത്തു എശോദാ തപീരായി ചെയ്വിത്ത തരിസാപ്പള്ളിക്കു " എന്നും  " സപീരീശോ ചെയ്യിച്ച തരിസ്സാപ്പള്ളി " എന്നും കാണിച്ചാണ് ചെപ്പേടുകളിൽ " മരുവാൻ സപിരീശൊ " എന്ന ആളിന് ആചന്ദ്രതാരം അവകാശങ്ങൾ  കൊടുത്തിരിക്കുന്നത്.  അസ്സീറിയൻ പണ്ഡിതനായ  മിൻഗന (Alphonse Mingana)യുടെ അഭിപ്രായത്തിൽ " മരുവാൻ സപിരീശൊ " എന്നത് യഥാർത്ഥത്തിൽ സിറിയൻ നാമമായ " മർവാൻ സബർ-ഇഷൊ ( Marvan Ssbr- Isho )  ആണ്. ഈ നാമത്തിന്റെ അർത്ഥം " നമ്മുടെ പ്രഭു സബ്രിഷൊ ' ( Our Lord Sabrisho " ) എന്നാണ്. മാർ എന്നത് ബഹുമാനാർത്ഥം ബിഷപ്പ്മാരോട് ചേർക്കുന്ന പ്രഭു, ശ്രേഷ്ടൻ, മഹാത്മ  എന്നൊക്കെ അർത്ഥം വരുന്ന സിറിയക്ക് വാക്കാണ്. സബ്രിഷൊ (സബ്ർ-ഇഷൊ) വളരെ സാധാരണയായ, " യേശു എന്റെ ആശ " (പ്രതീക്ഷ) (" Jesus is my hope " ) എന്നർത്ഥം  വരുന്ന സിറിയക് നാമമാണ്. എ.ഡി. 596 ലെ സൈനോദിൽ നേരത്തെയുള്ള ഒരു ബിഷപ് സബ്രിഷൊ പരമർശിക്കപ്പെടുന്നു  കുരക്കേണിക്കൊല്ലത്ത് പള്ളി പണിഞ്ഞ ആളിനെ മരൊരു വിധത്തിൽ വിളിക്കുന്ന "യശോദാ തപീർ" സിറിയക്കും പേർഷ്യനും യോജിച്ച സങ്കീർണ്ണ നാമമായ , " യേശു അനുഗ്രഹം " ("Jesus datus") എന്നർത്ഥം വരുന്ന ധാരാളം അറിയപ്പെടുന്ന ഇഷൊ ദദ് (" Isho dad ") എന്ന വ്യക്തിനാമമാണ് അപ്പോൾ ഇദ്ദേഹത്തിന്റെ മുഴുവൻ നാമം സ്ഥാനപ്പേരായ മർവാൻ ഉൾപ്പെടെ " മർവൻ ഇഷൊ ദദ് സബ്രിഷൊ " എന്നാണ്. ( മർവാൻ എന്ന സ്ഥാനപ്പേർ ഇക്കാലത്തും ജൂത, ക്രിസ്ത്യാനി, അറബ്, ജനങ്ങൾ ഉപയോഗിക്കുന്നതാണ് ) ഇതാണ് പ്രാചീന മലയാള വ്യ്വഹാര ഭാഷയിൽ' എശോദാ തപീരും' 'മരുവാൻ സപിരീശൊ' യും ഒക്കെ ഉച്ചാരണങ്ങളായത്. 'മരുവാൻ' , അമരുവാൻ എന്ന വാക്ക് മുറിച്ചതല്ലെന്ന് ഇനിയും പറയേണ്ടതില്ലല്ലൊ. ശബരീശൻ എന്ന ബുദ്ധമതാനുയായിയും ഇനി മറ്റെവിടെയെങ്കിലും പോയി 'അമരേ'ണ്ടിയിരിക്കുന്നു. മർവൻ ഇഷൊ ദദ് സബ്രിഷൊ ഒരു ആത്മീയാചാര്യനായി പുകൾപെറ്റ പുരോഹിതനായിരുന്നു. ഇദ്ദേഹം അവസാനകാലത്ത് ചായൽ (കായൽപട്ണം )എന്ന സ്ഥലത്ത് സെന്റ് തോമസ് പള്ളിക്കു സമീപം നിലയ്ക്കൽ ആശ്രമം സ്ഥാപിച്ച് അവിടെത്തന്നെ അടക്കപ്പെട്ടതായി കരുതുന്നു.

2. എണ്ണ വേണ്ട തെവർ (ദേവൻ ).. " തെവർക്ക് നടുവന നട്ടു ഇടുവന ഇട്ട് പള്ളിക്ക് എണ്ണൈക്കും മറ്റും വെണ്ടുഞ് കടങ്കുറവ് വാരാതെയ് ചെയ്യക്കടവരാക ച്‌ചമൈച്ചു " എന്ന് ചെപ്പേടിൽ. ആദ്യകാല നെസ്റ്റോറിയൻ ക്രിസ്ത്യാനികളൂടെ ആരാധനാ രീതികൾ പൊതുവേ അവരിൽ ഭൂരിഭാഗവും വരുന്ന മുൻഹിന്ദുക്കളുടെ സാമ്പ്രദായിക രീതികൾ തന്നെ ആയിരുന്നു.[ ] യേശുവിനെ മറ്റൊരു ദേവനായി മാത്രമാണവർ കണ്ടിരുന്നത്.. വിഗ്രഹാരാധനയുണ്ടായിരുന്നുവെന്നതിന് ഈ ചെപ്പേടുകൾ തന്നെ സാക്ഷ്യം വഹിക്കുന്നു. സെന്റ് തോമസ് ക്രിസ്ത്യാനികൾ പൂണുനൂൽ, തലയിൽ പിൻകുടുമി, തിലകം, ഇവ ധരിച്ചിരുന്നു എന്നതിന് തെളിവുണ്ട്.[ ] പള്ളിക്കും പൊതുവേ ക്രിസ്ത്യാനികൾക്കും കൊടുത്ത അവകാശങ്ങളിൽ പ്രസ്താവിക്കുന്ന ഏതാണ്ട് എല്ലാ ബാഹ്യാചാരാവകാശങ്ങളും ഹിന്ദുക്കൾ പ്രത്യേകാവസരങ്ങളിൽ ഉപയോഗിക്കന്നവയായിരുന്നു. ( ഉദാ: അറപ്പുര, ആനമേൽ, ആർപ്പ്, ആലവട്ടം ഉച്ചിപ്പൂവ്,എടമ്പിരിശംഖ്, കാ ൽച്ചിലമ്പ്, കുഴൽ, കൈത്തള, കൊടി, നന്താവിളക്ക് നാലുവാക്കുരവ, നെറ്റിപ്പട്ടം, പകൽവിളക്ക്, പഞ്ചവട്ടം, പഞ്ചവാദ്യം, മദ്ദളം, മുടിക്കീഴാഭരണം, വീണ, വീരശൃംഖല, വീരത്തണ്ട്, വീരമദ്ദളം, വീരവാദ്യം, വെഞ്ചാമരം, ശംഖ്, ഹസ്തകടകം, മെതിയടി തുടങ്ങിയവ.) സിറിയൻ ശുശ്രൂഷാരീതികൾ (liturgy) പള്ളിയുടെ വേദിയിൽ (pulpit) ഒതുങ്ങിയിരുന്നു. അതുപോലെ പുരോഹിതർ മാംസം കഴിക്കുന്നതു വിലക്കിയിരുന്നു. മാംസവും മറ്റും കഴിച്ച് ശരിയായ പുരോഹിത വേഷം ധരിക്കാതെ മതേതര (secular) പൂജാരികളെപ്പോലെ ആരാധന നടത്തുന്ന പുരോഹിതരെ ക്കുറിച്ച് എ.ഡി. 795 ൽ കാതോലിക്കോസ് റ്റിമോത്തിക്ക് (Catholocos Timothy)പരാതി പോയതായി കാണുന്നു.[ ] ഇന്ത്യൻ ആശയങ്ങളും അനുഷ്ടാനുങ്ങളും പ്രസ്ഥാനങ്ങളും പാശചാത്യ യാഥാസ്തിക ക്രിസ്ത്യൻ സഭയെ രൂപപ്പെടുത്തിയിട്ടുണ്ടെന്നത് അവിതർക്കിതവും ആശ്രമങ്ങളും, ജപമാലയും, തലമുണ്ടനവും, ഏറ്റുപറച്ചിലും (confession) ബ്രഹ്മചര്യവും മറ്റു പലതും ഈ ഹൈന്ദവ സ്വാധീനമാണ് കാണിക്കുന്നതെന്നും ചരിത്രകാരൻ ശ്രീധരമേനോൻ ചൂണ്ടിക്കാണിക്കുന്നു.

ക്ഷേത്രമായാലും പള്ളിയായാലും വസതികളായാലും വെളിച്ചത്തിന് അന്ന് എണ്ണ‌വിളക്കുകൾ മാത്രമല്ലേ ആശ്രയമുള്ളു. അതാണ് ക്ഷേത്രങ്ങളിൽ ചുറ്റുവിളക്കുകളും, നില‌വിളക്കുകളും പലവിധത്തിലുമുള്ള മറ്റു വിളക്കുകളും ദീപങ്ങളും തീവട്ടികളും എല്ലാം എണ്ണ ധാരാളമായി ഒഴിച്ച് കത്തിച്ചിരുന്നത്. ഇക്കാര്യത്തിൽ പള്ളി വ്യത്യസ്തമാവില്ലല്ലൊ ചുറ്റുവിളക്ക്, പ്രവേശന സ്ഥലത്ത് കൽവിളക്ക്, അകത്ത് നടുവിൽ നില‌വിളക്ക്, തൂക്കു‌വിളക്കുകൾ, എല്ലാം ഉണ്ടായിരുന്നു.[ ] അതിനാൽ വലിയൊരു പള്ളിക്ക് വളരെയധികം എണ്ണ ആവശ്യമായിരുന്നു .അതിനുള്ള ഏർപ്പാടാണ് "വെണ്ടുഞ് കടങ്കുറവ് വാരാതെയ് ചെയ്യക്കടവരാക ച്‌ചമൈച്ചു " വെച്ചത്. എന്നാൽ വിളക്കുകൾക്കല്ലാതെ തന്നെയും പള്ളിക്ക് എണ്ണയുടെ ആവശ്യമുണ്ട്. വാഴ്ത്തപ്പെടലിനായുള്ള അഭിഷേക എണ്ണ (annointing oil ) പല അവസരങ്ങൾക്കായും ഉപയോഗിച്ചിരുന്നു. സിറിയൻ (അർമീനിയൻ) സഭയിൽ ഇതിനെ വിശുദ്ധ മുറൊൻ എന്നു പറയും.ഒലിവ് എണ്ണയിൽ കുന്തിരുക്കം കലർത്തിയ ഇത് അന്ന് വളരെ വിലപിടിച്ചതായിരിക്കണം.ദുർലഭമായിരുന്ന കറുവപട്ടയും കലർത്തിയുള്ളതിന് (മോസസ് റ്റാബർനാക്കിളിൽ ഉപയോഗിച്ചത്) അത്യധികം വിലയുള്ളതായിരുന്നിരിക്കണം.
പള്ളിയിലെ കൽവിളക്ക്
പള്ളിയിലെ കൽവിളക്ക്
തരിസ

ഇത്രയും വിശദീകരിച്ചതോടെ അർഹിക്കുന്ന വാദശകലങ്ങൾക്ക് സമാധാനമായിട്ടുണ്ടെങ്കിലും സുപ്രധാനമായി, തരിസ്സാപ്പള്ളി എന്നതിലെ 'തരിസ'യ്ക്ക് വിശദീകർണം വേണ്ടതുണ്ട്. സെന്റ് ത്രേസ്യയെ പരാമർശിച്ചുള്ളതാണെന്ന വിചാരം അവർ 13ആം നൂറ്റാണ്ടിലായിരുന്നുവെന്നോർത്തപ്പോൾ നിശ്ശബ്ദമായി. തരിസ എന്ന് ഒരു വാക്ക് പഴയ മലയാളത്തിലില്ല. ക്രിസ്തുമതം പ്രാബല്യത്തിൽ വന്നതിനുശേഷമുള്ള മതസംബന്ധിയായ ഭാഷയിൽ അതിന് " നേരെ, ചൊവ്വായ " എന്ന് ഒരർത്ഥം കല്പിച്ചു കാണുന്നു. ഇതിനെ ആധാരമാക്കി, " തരിശക്കാരുടെ (താർഷിഷ്) പള്ളി എന്നാണർത്ഥം. സ്തുതിചൊവ്വാക്കപ്പെട്ട (Orthodox) എന്ന ‘ത്രിസായ്’ എന്നതിന്റെ പ്രാദേശിക ഉച്ചാരണമാണ് ‘തരിസാ’. സുറിയാനി സഭ ’സ്ത്യവിശ്വാസികൾ‘ എന്നർത്ഥം വരുന്ന ‘ത്രിസായ്ശുബബോ’ എന്ന വിശേഷണം ചേർക്കാറുണ്ട് "  എന്നും ഒരു വിശദീകരണമുണ്ട്.[ ] എന്നാൽ നേരത്തെ ഭാഷാപദമായി ഇല്ലാത്ത ഈ വാക്ക് , സുറിയാനി നെസ്റ്റോറിയൻ സഭയിലേതാണ് സത്യക്രിസ്ത്യാനികൾ എന്ന അവകാശവാദത്തിൽനിന്ന് ഉദ്ഭൂതമായതാണെന്നു വ്യക്തം. അതിനാൽ അന്യ ദേശീയമായതാണ്. മറ്റൊരു വ്യാഖ്യാനം " വിഗ്രഹാരാധനയുടെ ചിഹ്നങ്ങൾ ധരിക്കാത്തവർ എന്നർത്ഥത്തിൽ " ധരിയായികൾ " ദരിയായികൾ എന്നു വിളിക്കപ്പെട്ടതാണെന്നതാണ്. 'ധരിക്കുക' എന്ന സംസ്കൃത പ്രയോഗം ക്രി.വ. ആദ്യശതകങ്ങളിൽ ഇല്ലാത്തതുകൊണ്ട് ഇതു ഒരു ആധുനിക് ക്രിസ്ത്യൻ വ്യാഖ്യാനം മാത്രം.

തരിസയെക്കുറിച്ചുള്ള അന്വേഷണം എത്തിചേർന്നത് സുപ്രധാനമായ ഒരു കണ്ടുപിടുത്തത്തിലാണ്. .മുകളിൽ പ്രസ്താവിച്ചതിലെ " തരിശക്കാരുടെ" എന്ന പ്രയോഗം ശ്രദ്ധിക്കുക. റ്റാർസസ് (Tarsus ) എന്നത് പുരാതന റോമാ സാമ്രാജ്യത്തിലെ സിലീസിയ (Cilicia ) പ്രവിശ്യയുടെ ചരിത്ര തലസ്ഥാനവും ഇന്ത്യയുമായുള്ള വാണിജ്യ പാതയുടെ തുടക്കത്തിലെ ഒരു പ്രധാന തുറമുഖ നഗരവുമായിരുന്നു, ( ഇന്ന് ഈ ചരിത്ര നഗരം ദക്ഷിണ-മധ്യ തുർക്കി രാജ്യത്തിന്റെ ഏറ്റവും വലിയ നാലാമത്തെ മെട്രൊപൊലീത്തൻ പ്രദേശമായ മെർസിൻ (Mersin) പ്രവിശ്യയിലെ ഒരു ജില്ലയാണ്. മെഡിറ്ററേനിയൻ തീരത്തുനിന്നും 20 കി.മീ. ഉള്ളിൽ സ്ഥിതി ചെയ്യുന്നു.)

റ്റർസസ്  ( റ്റർസോസ്, ടർസ, റ്റർസിസി, റ്റർസൊൺ എന്നെല്ലാം ഉച്ചാരണം; സിഡ്നസ് (Cydnus)(നദി) മേലേ അന്ത്യൊഖിയ, ജുലിയൊപൊലിസ് (Juliopolis) എന്ന് ഇതര നാമങ്ങൾ ).  ക്രിസ്തുവിന്റെ അപൊസ്തലന്മാരിൽ ഒരാളായ സെന്റ് പോൾ വിശിഷ്ടന്റെ ജന്മദേശ‌മാണ് റ്റർസസ്.. എല്ലാ അപൊസ്തലന്മാരും പ്രവർത്തിച്ചിരുന്ന പ്രദേശം. നേരത്തെ പ്രസ്താവിച്ച 'ബുക്ക് ഒഫ് ആക്റ്റി'ലും മറ്റു പുരാതന രേഖകളിലും പല പ്രാവശ്യം പരാമർശിക്കപ്പെട്ടിട്ടുള്ളത്. ക്രിസ്ത്യൻ സമൂഹങ്ങൾ ധാരാളമായിട്ടുണ്ടായിരുന്ന സ്ഥലം. മാർക് ആന്റണി ക്ലിയോപാട്രയെ ആദ്യമായി സന്ദർശിച്ചത് ഇവിടെ വെച്ചാണെന്നു പറയപ്പെടുന്നു. പ്രസിദ്ധമായ ഗ്രീക് സംസ്കാരകേന്ദ്രവുമായിരുന്നു. റോമൻ സാമ്രാജ്യം 4ആം ശതകത്തിൽ ക്രിസ്തുമതം ഔദ്യോഗികമായി സ്വീകരിച്ചതിനു ശേഷം ഇവിടം അന്തിയോഖ് പാത്രിയർക്കോസിന്റെ കീഴിലാക്കി. എ.ഡി.325 ലെ ആദ്യകൗൺസിലിൽ ഇവിടെനിന്നുള്ള ബിഷപ്മാർ പങ്കെടുത്തിരുന്നു. 6000 വർഷത്തെ ചരിത്രമുള്ള റ്റാർസസ് ഇന്ത്യയുമായി വ്യാപാരം നടത്തിയിരുന്ന വണിക്കുകളുടെ ഇടത്താവളവും പല സംസ്കാരങ്ങളുടെയും കേന്ദ്രവുമായിരുന്നു.

റ്റാർസസിൽനിന്ന് കാലാകാലങ്ങളായി മുൻ വിവരിച്ച് പശ്ചാത്തല സാഹചര്യങ്ങളിൽ കൊല്ലത്ത് കുടിയേറി പാർത്തിരുന്നവരാണ് തരിശക്കാർ എന്നു മലയാളത്തിൽ വിളിക്കപ്പെട്ടവർ. പശ്ചിമേഷ്യൻ ക്രിസ്ത്യൻ കുടിയേറ്റക്കാരുടെ പൊതുഭാഷ ക്രിസ്തുവിന്റെ തന്നെ ഭാഷയായിരുന്ന സിറിയൻ അരമൈക് ആയിരുന്നു. അതിനാൽ മലയാളി പ്രവാസികളെ പ്പോലെ, പ്രാദേശിക വ്യത്യാസം കണക്കിലെടുക്കാതെ ഇവർ ഒരുകൂട്ടരായിത്തന്നെ ജീവിച്ചു. ഇവർക്കുവേണ്ടിയാണ് 'പുകൾപെറ്റ വിശിഷ്ട്നായ ബിഷപ്' [ ] എന്നറിയപ്പെട്ടിരുന്ന മർവൻ ഇഷൊ ദദ് സബ്രിഷൊ അയ്യനടികളെ സമീപിച്ചതും കുരക്കേണിക്കൊല്ലത്ത് താൻ നിർമ്മിച്ച പള്ളി കേന്ദ്രമാക്കി ഒരു തുറമുഖ നഗരം തന്നെ നേടി എടുത്തതും. അക്കാലത്ത് തുറമുഖ നഗരങ്ങളെയും, ഒരു പ്രത്യേക കൂട്ടർ ഭൂരിപക്ഷമായി വസിക്കുന്ന ഗ്രാമങ്ങളെയും, 'പള്ളി' എന്നു വിളിച്ചിരുന്നു. അങ്ങിനെയാണ് നമ്മുടെ പല സ്ഥലനാമങ്ങളുടെയും ഒടുവിൽ 'പള്ളി' എന്ന സംജ്ഞ വന്നത്.[ ] " ഇവർ 'ഷകീർബർതി' (ചക്രവർത്തി,നാടുവാഴി,അയ്യനടികൾ )യെ സന്ദർശിച്ച് ഒരു പള്ളിയും പട്ടണവും കൊല്ലത്ത് നിർമ്മിക്കാൻ സ്ഥലത്തിന് അപേക്ഷിച്ചു. അദ്ദേഹം അവർക്ക് ആവശ്യത്തോളം സ്ഥലം കൊടുക്കുകയും അവർ ഒരു പള്ളിയും പട്ടണവും 'കുല്ലം' (കൊല്ലം ) എന്ന ജില്ലയിൽ പണിയുകയും ഇവിടേക്ക് സിറിയൻ ബിഷപ്പുമാരും മെത്രാന്മാരും കാതോലിക്കോസ് നിയോഗിക്കുന്നതനുസരിച്ച് വരികയും ചെയ്തിരുന്നു "[ ]. ഇതിൽനിന്ന് തരിസ്സാപ്പള്ളി, പള്ളി കേന്ദ്രമാക്കിയ തരിസക്കാരുടെ പട്ടണ(ഗ്രാമ)മായിരുന്നുവെന്നു മനസ്സിലാക്കാം.

തരിസ്സപ്പള്ളി പിന്നീട് 1505 ൽ മൂർ ( Moor ) വിഭാഗക്കാരായ മുസ്ലീമുകൾ, പോർടുഗീസുകാരുമായുള്ള വഴക്കിൽ അതിനുള്ളിൽ അഭയം പ്രാപിച്ച ഏതാനും പോർടുഗീസുകാരെ വിട്ടുകൊടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് അഗ്നിക്കിരയാക്കിയതായി പറയപ്പെടുന്നു.[ ] അപ്പോഴേക്കും കൊല്ലത്ത് 2000 ത്തോളം തരിസക്കാർ ഉണ്ടായിരുന്നതയാണ് ഒരു കണക്ക്.[ ]  ഇവരിൽ ഒരു വിഭാഗം വടക്കൻ കൊല്ലത്തേക്ക് മാറുകയും അവിടെ പോർട്ടുഗീസുകാർ ഇന്നത്തെ തേവലക്കര പള്ളി പണിഞ്ഞുകൊടുത്തുവെന്നും കാണുന്നു. മറ്റൊരു വിഭാഗം, ഈ സമയത്തായിരിക്കണം, തെക്കൻ തിരുവിതാംകൂറിലെ തിരുവാൻകോട് എന്ന സ്ഥലത്തേക്ക് കുടിയേറിയത്. അവിടെയും കൊല്ലത്തും ഇന്നും തരിസ്സാ കുടുംബങ്ങൾ ഉണ്ട്. ഇവരെയാണ് ത(ദ)രിസാ ചെട്ടികൾ എന്ന് വിളിക്കുന്നത്. അടുത്തകാലത്ത് പത്രമാധ്യമത്തിൽ (മാതൃഭൂമി ദിനപത്രം) വന്ന ഒരു ചരമക്കുറിപ്പ് വായിക്കുക: "May 19, 2010 - (കൊല്ലം)തിരുവാങ്കോട് തരിസാ ചെക്കാലഴികം കുടുംബാംഗമാണ്. മക്കള്: മാത്തുണ്ണിപ്പണിക്കര്, ആച്ചിയമ്മ, സാറാമ്മ, തോമസ് പണിക്കര്, ഗീവര്ഗ്ഗീസ് പണിക്കര്, ജോണ് പണിക്കര്. മരുമക്കള്: മോളിക്കുട്ടി, യോഹന്നാന്, ജോണ്, പ്രേമാബീലാ". ഇതുപോലെ 'മണപ്പുറത്ത്' എന്ന മറ്റൊരു ക്രിസ്ത്യൻ കുടുംബത്തെക്കുറിച്ചു അറിവുണ്ട്. ഇവരുടെ കുടുംബചരിത്രത്തിൽ പൂർവികർ പശ്ചിമേഷ്യയിൽനിന്ന് കുടിയേറിയവരായിരുന്നുവെന്ന് കാണിക്കുന്നു.  തരിസാപ്പള്ളി തുറമുഖ നഗരം മൂറുകൾ നശിപ്പിച്ചതിന്റെ ബാക്കി പിന്നീട് കടൽകേറിയതായും കരുതുന്നു.

കേരളക്രിസ്ത്രീയ ചരിത്രം പ്രദർശിപ്പിക്കുന്നത് പുരാതനകാലത്തും മധ്യകാലത്തും ഇവിടുത്തെ ജനതയും ഭരണാധികാരികളും എത്രമാത്രം മതസഹിഷ്ണതയും ഹാർദ്ദവും അന്തസ്സുറ്റതുമായ ആതിഥ്യമര്യാദയും ഉള്ളവരായിരുന്നുവെന്നതാണ്.

---------------------------------------------------------------------------------
 
( [ ] സ്രോതസ് ലഭ്യമാണെന്ന് കാണിക്കുന്നു)





















































































































































Powered By Blogger