2009, ഡിസംബർ 29, ചൊവ്വാഴ്ച

കവിതേ, ദയിതേ!


                                        
                   കവിതേ, ദയിതേ!
                      

                                          

                                             
                                                   ഗോപാൽ കൃഷ്ണ        
                                        


                                      ഇന്നെൻ കിനാക്കളെ തൊട്ടുണർത്താനൊരു

                                      കന്നൽ മിഴിക്കോണെറിഞ്ഞു നിയെത്തിടും


                                      എന്മോഹവല്ലിയിൽ പൂക്കും സുഗന്ധിയാം

                                      സമ്മോഹനസ്മിതസ്സൂനമായ് വന്നിടും


                                      പൊൻപരാഗങ്ങളെൻ മൗലിയിൽ വർഷിച്ചു

                                      സംപ്രീതി നിർവൃതിസ്സാരമായ്‌ നിന്നിടും


                                      മാമകാത്മാവിൻ ചിരന്തന കാമനാ

                                      ദായികയായി നീയെന്നിൽ നിറഞ്ഞിടും


                                      ഇന്ദ്രിയചോദനാ സംവേദനങ്ങളിൽ

                                      കേന്ദ്രീകരിക്കൂമെൻ ചിത്തവിഭ്രാന്തിയെ


                                      സംഗീതലോലയായേറ്റം വിലോലമാ

                                      മംഗുലീസ്പർശനമേകി നീ മാറ്റിടും


                                      എന്തെന്തുരൂപങ്ങളേന്തി നീയെത്തുന്നി

                                      തന്തരംഗം മഹാ മുഗ്ദ്ധമായ്‌ മാറ്റിടാൻ!                                                                 *                                      തങ്കക്കസവുടയാട മേൽചാർത്തിയും

                                      മംഗളവാദനത്താളമേളത്തൊടും


                                      മാതംഗമൗലിയിൽ മാധവമായി നീ

                                      ആതങ്കഹാരിയാം ശ്രീമൽത്തിടമ്പായി


                                      അന്തരംഗത്തിന്റെയുത്സവമേളയിൽ

                                      അന്തികത്തെത്തും നിനക്കെന്റെ വന്ദനം

                               

2009, ഡിസംബർ 25, വെള്ളിയാഴ്‌ച

ചോദ്യച്ചിഹ്നം


      ചോദ്യച്ചിഹ്നം


       ഞാൻ വളരെ പഠിച്ചു
       പക്ഷെ ചോദിക്കാൻ പഠിച്ചില്ല
       പഠിച്ചതെല്ലാം ഉത്തരങ്ങളായിരുന്നു
       ആരോ ചോദിച്ച് ആരോ പറഞ്ഞ
       അനുസരണയുള്ള ഉത്തരങ്ങൾ

                വൈകിയണെങ്കിലും
                ചോദിക്കാൻ ഞാൻ പഠിക്കുകയാണ്
                ഉത്തരത്തിലുള്ളത് കളയാനും വയ്യ
                ചോദ്യത്തിലുള്ളത് കിട്ടുകയും വേണം


      പക്ഷെ ഉത്തരങ്ങളിൽനിന്നും കിട്ടുന്നത്
      നഖച്ചിഹ്നങ്ങൾ മാത്രം; ചോദ്യങ്ങൾ
      ഒരു തിരനോട്ടത്തിലെന്നപോലെ
      ചിത്രകമ്പളത്തിനുപിന്നിൽ മറഞ്ഞുനിൽക്കുന്നു


                എന്തുചെയ്യും? ഇത് ചോദ്യമോ, തോൽ‌വിയോ?
                അതോ മദ്ധ്യസ്ഥമായ ആശ്ചര്യമോ?
                ഉത്തരങ്ങളുടെ കരയിൽ അധികദൂരമെത്താത്ത
                പ്രശ്നവീചിയുടെ പ്രതിപ്രവാഹമോ!


       പ്രതിപ്രവാഹം! ഫലത്തിൽനിന്നും കർമ്മത്തിലേക്ക്
       ഇലയിൽനിന്നും മുന്നമായ മുകളത്തിലേക്ക്
       ബൃഹത്തിൽ നിന്നും ഉള്ളിലെ ബീജത്തിലേക്ക്
       കാര്യത്തിൽ‌നിന്നും ചിരിക്കുന്ന കാരണത്തിലേക്ക്


                             എങ്കിൽ,


                എന്റെ ഉത്തരങ്ങളെ ഞാൻ കുഴിച്ചിടട്ടെ
                ചോദ്യങ്ങളുടെ കിളിർപ്പുകൾ പൊടിക്കും
                അങ്കുരങ്ങളുടെ അങ്കുശാഗ്രങ്ങളിൽ പിന്നെ
                സമഗ്രതയുടെ പത്രങ്ങൾ വിരിയും


       വള്ളിവീശി വളർന്നാൽ ഞാൻ ജയിച്ചു
       പുഷ്പിച്ചുഫലിച്ചാൽ അവ എന്റേതു മാത്രം
       എന്റെ ഉദ്യാനം ഞാൻ നിർമ്മിക്കട്ടെ
       ആയിരം ചോദ്യങ്ങൾ പുഷ്പിക്കട്ടെ!!

2009, ഡിസംബർ 23, ബുധനാഴ്‌ച

വാല്മീകി

വാല്മീകി
ഗോപാൽ കൃഷ്ണ


അനന്ത ദീപ്ത നഭസ്സിൽ നി-


ന്നനേകം ശലഭങ്ങൾ പോൽ


അവർണ്ണനീയ നിറച്ചാർത്തിൽ


പറന്നെത്തും നിമേഷങ്ങൾ
ഒരുമാത്ര വിശ്രമിച്ചെങ്ങോ


വിരമിച്ചു വിലയിക്കവെ


പേലവം ചിറകിൻ ചിത്ര-


വേലയിൽ പൂണ്ടിരിക്കുന്നു


കേവലൻ സ്വപ്നകാമനാ


കോവിദൻ കവി മൂകനായ്
മൌനത്തിലേറ്റം വാചാലൻ,


ധ്യാനത്തിലുണരുന്നവൻ,


ഭാവത്തെ രൂപമായ് ചെയ്‌വോൻ,


ഭാവമായ് രൂപം നെയ്യുവോൻ,
അരുളും പൊരുളും തമ്മിൽ


തരളം കൊക്കുരുമ്മവെ,


പിട വീണു പിടയുമ്പോൾ


തടയും നഷ്ടബോധവാൻ
നശ്വരത്തിലനശ്വരം


വിശ്വത്തിൻ ദർശനത്തിനായ്


ആത്മഭാവ വിശേഷത്തിൻ


വാല്മീക*ത്തിലിരിപ്പവൻ,
തകർക്കില്ലയീ വാല്മീകം


അകക്കാമ്പിന്റെ സാധകം!
*കാട്ടുകള്ളന് ആദികവിയായിത്തിരാൻ സാധിച്ച അസാധാരണ സാധകത്തെ വാല്മീകം എന്നു തന്നെ വിശേഷിപ്പിക്കുന്നു.


2009, ഡിസംബർ 17, വ്യാഴാഴ്‌ച

കരിം കാളി

karim kaali

2009, ഡിസംബർ 15, ചൊവ്വാഴ്ച

സമകാലികം

മലയാളം എഴുതാൻ അറിയാവുന്നവർ എന്തെങ്കിലും ആവശ്യത്തിന് എഴുതുന്നതെന്തും സമകാലിക കവിതയാണ്.

 മലയാള ബ്ലോ/ബൂലോക കുട്ടി/മഹാകവിതകൾ വായിച്ചപ്പോഴാണ് ഈ ജ്ഞാനോദയം സംഭവിച്ചത്. വരികളൊ വാക്കുകളൊ ഉണ്ടെങ്കിൽ ഉടച്ച്/മുറിച്ച് പ്രതേകമായി ഒന്നിനുതാഴെഒന്നായി കാച്ച്യാൽ മതി.

ഒരു ബ്ലോലോക കുട്ടിവീരൻ ഈയിടെ കല്പിച്ചു:  ഡിക്ലരെറ്റീവ് സ്റ്റേ റ്റ്മെന്റ് വല്ലതും ഉരിയാടിയാൽ ക്ഷണം എവിഡെൻസ് ഹാജരാക്കിക്കൊളളണമെന്ന്. ഉടനെ എവിഡെൻസ് ഹാജരാക്കുകയും ചെയ്തു( ഇവിടെ). അപ്പോൾ ഇവിടെയും വേണമല്ലൊ.

ഉടനെ കയ്യിലുള്ള ‘എഴുത്ത്” നമ്മുടെ ബൂലോക മഹാകവി വിഷ്ണൂ തന്റെ തട്ടകത്ത് നടത്തുന്ന കൊമ്പ്‌വിളികളൊന്നിൽ ഈ ലേഖകൻ ഒന്ന്  കമന്റി മുരടനക്കിയതാണ്. മേൽ‌പ്പറഞ്ഞ മോഡസ് ഓപെറാൻഡി വച്ച് ഈ സാധനത്തെ ചിത്രവധം ചെയ്തപ്പോൾ ഉദാത്തമായ കവിതയാണ് കിട്ടിയത്. പിടിച്ചോളു  (നിങ്ങളുടെ ഇന്നത്തെ വാരഫലം മോശമെന്നു വിചാരിച്ചാൽ മതി);

കൊമ്പുവിളി

താങ്കൾ
ആദ്യം പറഞ്ഞ കാര്യങ്ങൾ
മിക്കവാറും ശരിയാണ്‌..
പക്ഷെ
പറഞ്ഞു വികാരം കേറിയപ്പോൾ
ലോകം ചെറുതാകുകയും
സ്വയം വിശ്വരൂപമാകുകയും ചെയ്തു..
അതുകൊണ്ടാണ്‌
വായനക്കാർ പുല്ലാണ്‌ എന്നും മറ്റുമുള്ള ജൽപനങ്ങൾ..
വായനക്കാരില്ലെങ്കിൽ
എഴുത്തുകാരൻ പൂജ്യം ആണ്‌..
താങ്കളുടെ
മിക്ക എഴുത്തുകളിലും
വികാരത്തിന്റെ വാണത്തിലേറി
വിവേകതലം വിട്ടുപോകുന്ന കാഴ്ചയാണ്‌ കാണുന്നത്‌..
പിന്നെ പറയുന്നത് പലതും പതിര്‌..
താങ്കൾക്ക്‌ വായനക്കാർ പുല്ല്‌;
വായനക്കാർ അകന്നാൽ താങ്കൾ പൂജ്യം..
ആർക്കാ ചേതം ?..
എഴുത്തുകാരനുതന്നെ..

താങ്കൾ പറയുന്നു,
"കവിത എന്നാല്‍
പദ്യമാണെന്ന് വിചാരിച്ചിരിക്കുന്ന
കുറേ വിഡ്ഢികള്‍ ഇക്കാലത്തുമുണ്ട്“..

ഉണ്ട്‌ ..
ഒരുപക്ഷെ താങ്കളുടെ സോഡാ ഗ്ലാസിൽ
പമ്പരവിഡ്ഡിയായി തെളിഞ്ഞേക്കാം:..
ശ്രി. ഒ.എൻ.വി കുറുപ്പ്‌. .
പലയിടത്തും അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുണ്ട്‌..

എത്ര അനായാസമാണ്‌
താങ്കൾ
മറ്റുള്ളവരെ വിഢ്ഢികൾ എന്നും
ഒരു ചുക്കും അറിയാത്തവരെന്നും
വിളിക്കുന്നത്‌!..
വികാരത്തെ പായിച്ച്‌
തന്റെ പൊള്ളയായ വളഞ്ഞ കുഴലിൽക്കൂടി
വന്യമായി കൊമ്പ്‌വിളിക്കുകയാണ്‌
താങ്കൾ..
വനരോദനം!!
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌---------------------------------------------------------

ഇരട്ടക്കുത്തുകൾ മര്യാദക്കെഴുതിയ ഗദ്യവരികൾ സൂചിപ്പിക്കുന്നു. നിസ്തുലനായ ഈ സമകാലനെ ലോകത്തിന് സമർപ്പിക്കുകയാണ്.

2009, ഡിസംബർ 10, വ്യാഴാഴ്‌ച

ദൃഷ്ടിപാതം

drishtipatham

2009, ഡിസംബർ 5, ശനിയാഴ്‌ച

പരിണാമം, മനുഷ്യൻ!

 “മലയാള സാംസ്കാരി“കത്തിൽ ഞാൻ പ്രസിദ്ധീകരിയ്ക്കുന്ന കവിതകൾ ഉയർത്തിവിടുന്നതെന്നു കരുതാവുന്ന ചിന്തകളടങ്ങിയ ഈമെയിലുകൾ എനിക്ക്  വരാറുണ്ട്. ചിന്താതുരയുള്ള ഒരു യുവസുഹൃത്ത് ഉയർത്തിയ സമസ്യകൾ പൊതുസ്വഭാവമുള്ളവയാണെന്നു  തോന്നിയതിനാൽ അവയും  അവയിലെ അടിസ്ഥാനപ്രശ്നത്തിനെക്കുറിച്ചുള്ള എന്റെ വീക്ഷണവും ഇവിടെ അവതരിപ്പിക്കുന്നു. ഇവ കൂടുതൽ ചിന്തകൾ ഉയർത്തിയാൽ അത്രയ്ക്കു വെളിച്ചം വീശുവാൻ ഉപകരിച്ചേക്കാം.
പ്രിയ ഗോപാല്‍ജി,
            .....താങ്കള്‍ ഒരു ശാസ്ത്രജ്ഞനായതില്‍ സന്തോഷം.എനിക്ക് ചില കാര്യങ്ങള്‍
അങ്ങയോട് ചോദിച്ചറിയാനുണ്ട്.
  പരിണാമം അങ്ങയുടെ ഒരു വിഷയമാണല്ലോ.പരിണാമത്തിന്റെ തുടക്കം എവിടെ
നിന്നായിരിക്കാം?.പരിണാമം പ്രക്യതിയുടെ ഒരു സ്വഭാവമാണോ? പരിണാമത്തിലൂടെ പ്രക്യതിയുടെ
ലക്ഷ്യമെന്താണ്.പരിണാമം എതുഘട്ടത്തിലാണ് മനുഷ്യനിലെത്തിനില്‍ക്കുന്നത്.
മനുഷ്യന്‍ എതളവുവരെ
പ്രക്യതിയുടെ ഭാഗമാണ്. കാരണം മനുഷ്യന്‍ പ്രക്യതിയേക്കുറിച്ചും പരിണാമത്തെയും സ്വയം നിരീക്ഷിക്കുന്നു.
അതിനെത്തന്നെ മാറ്റിമറിക്കുന്നു.മറ്റ് ജീവജാലങ്ങളിലേതിലെങ്കിലും പ്രക്ര്യതി ഇങ്ങിനെ സ്വയം തിരിച്ചറിയപ്പെടുന്നുണ്ടോ?
മനുഷ്യന് പ്രക്യതിയെ ഉപജീവിക്കുന്നതില്‍ എന്തെങ്കിലും അതിരുകളുണ്ടോ? ഇങ്ങിനെയിങ്ങിനെ ചിലതെല്ലാം.
പിന്നെ മനുഷ്യര്‍ കരയുന്നത്..... നിരാശരാകുന്നത്...ആതമഹത്ത്യചെയ്യുന്നത്....            
....

പ്രിയ ദിലീപ്‌,

യുവതലമുറയിൽ ഉറക്കെ ചിന്തിക്കുന്നവർ വിരളം. ദിലീപിനെപ്പോലെയുള്ളവരെ അറിയുന്നത്‌ അതുകൊണ്ടുതന്നെ ഏറെ സന്തോഷകരമാണ്‌.
പരിണാമവും പരിണാമവാദവും രണ്ടാണ്‌,
 പരിണാമം, മാറ്റം ,രൂപാന്തരം എന്ന അർത്ഥത്തിൽ പ്രപഞ്ചസ്വഭാവമാകുന്നു.ഏറ്റവുംസ്വീകാര്യമായ സിദ്ധാന്തമനുസരിച്ച്‌ പ്രപഞ്ചം, Big Bang എന്നറിയപ്പെടുന്ന ആദിവിസ്ഫോടനത്തിൽനിന്നും ജനിച്ചുവളർന്നുകൊണ്ടേയിരിക്കുന്നു.അനന്തമായ ഈ ചലനാത്മകതയിൽ നിന്നാണ്‌ പരിണാമസ്വഭാവം ഉണ്ടായത്‌

പ്രപഞ്ചത്തിലെ ജിവജാലങ്ങളിൽ ഒന്നുമാത്രമാണ്‌ മനുഷ്യൻ. പ്രപഞ്ചശക്തിയെയാണ്‌ ദൈവം എന്നു നാം വിളിക്കുന്നത്‌. ഈ ശക്തി ഏറ്റക്കുറച്ചിലോടെ എല്ലാ ജീവികളിലും
ഉണ്ടെങ്കിലും .ഏറ്റവും ഉയർന്ന അളവിൽ ഉള്ളത്‌ മനുഷ്യനിലാണ്‌.  ഈ അളവിലെ വലിയ അന്തരമാണ്‌ മനുഷ്യനെ മറ്റുജീവികളിൽനിന്നും ഉയർന്ന തോതിൽ വ്യത്യസ്തനാക്കുന്ന്ത്‌. അത്‌ അവനെ മറ്റു ജീവികളെയും പ്രകൃതിയെത്തന്നെയും നിയന്ത്രിക്കാൻ പര്യാപ്തനാക്കുന്നു.
ഇതാണ്‌ ഭാരതീയ സത്ത എന്നതിലും, ഇത്‌ ആദ്യം പറഞ്ഞത്‌ നാമാണന്നുള്ളതിലും നമുക്ക്‌ അഭിമാനിക്കാം.

കാച്ചിക്കുറുക്കി "കുറൾ" പോലെയാണ്( മനപ്പൂർവം)പ്രതിപാദിച്ചിരിക്കുന്നതെങ്കിലും ഈ തത്വശകലം മനനം ചെയ്ത്‌ വേണ്ടപോലെ മനസ്സിലാക്കിയാൽ, ബാക്കിയെല്ലാം പകൽപോലെ വെളിവാകും എന്ന് ഞാൻ വിശ്വസിക്കുന്നു.  ചിന്തിച്ച്‌ മനസ്സിനെ  വികസിപ്പിക്കാം. വീണ്ടും ചോദിക്കാൻ മടിക്കണ്ട.സസ്നേഹം


ഗോപാ‍ൽ കൃഷ്ണ
Reblog this post [with Zemanta]

2009, ഡിസംബർ 4, വെള്ളിയാഴ്‌ച

വിപ്ലാവം
viplaavam

2009, ഡിസംബർ 2, ബുധനാഴ്‌ച

The Muppets: Bohemian Rhapsody


"Bohemian Rhapsody" by Queen Purchase here: http://tinyurl.com/y87s9tq Find us on Facebook: MuppetsStudio http://muppetsstudio.com http://muppets.com

ഒരു ഇടവേള . ഇഷ്ടപെട്ട ഒരു വിഡിയൊ YouTube ൽ നിന്നും. കവി കവിതയുടെ പണിപ്പുരയിൽ. കവിത വിടരണം.അതുവരേക്കും.

2009, നവംബർ 27, വെള്ളിയാഴ്‌ച

നീലനിവാസങ്ങൾ
 നീലനിവാസങ്ങൾ

    കണ്ണിമ ചിമ്മുമ്പൊഴേ
    ക്കെണ്ണിയാലൊടുങ്ങാത്ത
    വണ്ണമീ മണ്ണിൽ വന്നു
    ജാതമാം ജന്മങ്ങളേ,


    കണ്ണിമ ചിമ്മുമ്പൊഴേ
    ക്കെണ്ണിയാലൊടുങ്ങാത്ത
    വണ്ണമീ മന്നിൽ നിന്നു
    പോകുന്ന ജന്മങ്ങളേ,


    നിങ്ങളീ പ്രവാസത്തിൽ
    സന്ധിപ്പതുണ്ടോ, മുറ്റും
    തങ്ങൾ തൻ നാട്ടിൻ കൊച്ചു
           വാർത്തകൾ കൈമാറുമോ?

    അർക്കശോണിമ പൂശി,
    യതിർനിർണ്ണയിച്ചിട്ട
    ചക്രവാളത്തിൻ സീമ
    താണ്ടിയോ പോകൂ പാത?


    നാകവും നരകവു
    മൊന്നുപോൽതിരിയാതെ
    പോകുമീയാത്മാക്കളോ
    എങ്ങ്‌ വേർപ്പിരിയുന്നു?


        അക്ഷമരാണോ ലക്ഷ്യ
    സ്ഥാനത്തെത്തുവാനേതോ
    ശിക്ഷയോ,പാരം രക്ഷ
    യോ,എന്തായ്‌ കാണാകുന്നു?


    ഭൂത,ഭാവിയായ്‌ കാലം
    മാറുമോ,പലേമാന-
    ഭൂതിയുണ്ടാമോ, ചിരം
    സ്മൃതിയോ, വിസ്മൃതിയോ?

    ഫുല്ലപുഷ്പത്തിൻ ഗന്ധ
    കാന്തി ദീപ്തിയോ, ചാരു
    തല്ലജങ്ങളിൽച്ചേരും
    മർമ്മരാരവങ്ങളോ,
    ഉൽക്കട പ്രേമകാമ
    പടഹങ്ങളോ, നീണ്ട
    സൽക്കാരരാവിൻ ഗൂഢ
    മാദക മേളങ്ങളോ


    പൊന്നിളം വിഭാതമോ,
    പൊള്ളുന്ന മദ്ധ്യാഹ്നമോ,
    പിന്നിളം താപം കൊള്ളും
    ശാന്തമാമപരാഹ്നമോ,


    ശരൽക്കാല സന്ധ്യാർദ്ര
    രാഗമോ, ചിത്തവീണാ-
    വിരൽസ്പർശമേകുന്നൊ
    രനുരാഗമോ, നീണ്ട
    യിരുൾക്കാല വിരഹാ
  ർത്ത താപമോ, ഭംഗമാം
    ചിരകാലമോഹങ്ങ
    ളെരിയും മനസ്സോ,
    നിഴലിക്കുമോ നിഴൽ
    പോലെപോലും, നിലാവി
    ന്നഴകാർന്ന നീലിച്ച
    നാട്ടിൻ നിവാസങ്ങളിൽ?  
**
                നീലിമ പുൽകുന്നൊരാ വിണ്ണിലേയാത്മാക്കളാൽ
                പ്പാലിതമാമീ മൗനം മഹാവിശ്വചാലകം!!   
           


2009, നവംബർ 20, വെള്ളിയാഴ്‌ച

മധുരം തേടിമധുരം തേടി 

കുമ്പിളായിരുന്ന കരളിൽ
തുളുമ്പുവോളം മധു ഉണ്ടായിരുന്നു
കരൾനാളത്തിലൂടെ ആഗിരണം ചെയ്ത്
വീണ്ടും വീണ്ടും നിറച്ചിരുന്നു.


കരൾ വളർന്നുമുറ്റിയപ്പോൾ
വെറും ഫലകമായി,ഫാലസ്ഥലമായി.
ഉറവനാളം അടഞ്ഞ്‌ തിരോഭവിച്ചു
നിറഞ്ഞ തേൻ കുമ്പിൾ വറ്റിവരണ്ടു.

ഇറ്റു മധുരം തേടി തേനീച്ചയായി്
പൂക്കൾതോറും പാറിപ്പറന്നു
ഓരോ പൂക്കളോടും മന്ത്രിക്കുന്ന
ഓണത്തുമ്പിയായും മാറിപ്പാറി


കരിവണ്ടായി,വങ്കത്തത്തിന്റെ
പൊണ്ണത്തം മൂളി പ്പൊലിപ്പിച്ച്‌
വിരിഞ്ഞുചിരിച്ച പൂക്കളിൽ പതിച്ച്‌`
അവയെ വീണപൂക്കളാക്കി.


മഞ്ഞവെയിലിൽ പൊതിഞ്ഞുവന്ന
മുന്തിരികളുടെ ത്വക്കിൽ കാലിടറി,
വീണ്ടും പറന്നുപറ്റി വലംവെച്ചു, പക്ഷെ
കിട്ടിയത്‌ അകമ്പടിയില്ലാത്ത മണം മാത്രം


ഗന്ധവീചികളുടെ പാൽക്കടലിലേക്കാഴ്‌ന്നു
തീരം പിൻ വാങ്ങി മറഞ്ഞുകൊണ്ടേയിരുന്നു
തിരകൾ വെളിച്ചമിളക്കി തമസ്സാക്കുന്നു
നഭസ്സിൽ ലയിച്ച്‌ കരിമേഘങ്ങളാകുന്നുപിന്നീട്‌ തിരകളുടെ പ്രതിപ്രവാഹത്തിൽ
തീരം തിരിച്ചൂവന്ന്, കരയണഞ്ഞപ്പോൾ,
കരളോ, നിറഞ്ഞ കുമ്പിളായിരുന്നു
അതിലോ ആകാശം നിഴലിക്കുന്നു!

2009, നവംബർ 15, ഞായറാഴ്‌ച

എന്തിനെക്കുറിച്ചാവാം!

   
   എന്തിനെക്കുറിച്ചാവാം!       


       അലസം പ്രവാഹമായ്‌
       പ്പോകുമിപ്പുഴയെന്നും
       പുലമ്പും കഥയെല്ലാ-
       മെന്തിനെക്കുറിച്ചാവാം!

                           തടയാനൊരുമ്പെട്ട
                           കർക്കശം ശിലകളെ-
                           ക്കടന്നങ്ങൊഴുകിയ

                           സാഹസകഥയാണോ!

       കമ്രതാലങ്ങൾ ചുണ്ട-
       നക്കിക്കഥിക്കും തരു
       മർമ്മരം പൊഴിക്കുന്ന-
       തെന്തിനെക്കുറിച്ചാവാം! 
                            മണ്ണുമീവിണ്ണും കനി-
                            ഞ്ഞുൾക്കാമ്പിലുയർത്തുന്ന
                            വർണ്ണങ്ങൾ ചൂടും വരും
                            പൂക്കാലമോർത്തിട്ടാണോ!

       കഥകേട്ടാഹ്ലാദിച്ചു
       കൂജനം ചെയ്യും കിളി
       കഥനം ശൃവിച്ചതി-
       ന്നെന്തിനെക്കുറിച്ചാവം!

                           തായയാം കാകസ്ത്രീയെ
                           തൻ പോതങ്ങളെ പ്പോറ്റും
                           ആയയായ്‌ മാറ്റും കുയിൽ-
                           പ്പേട തൻ കൗശല്യമോ!

       ആടിയും പുണർന്നുംകൊ-
       ണ്ടുന്മത്തമാകും മുള-
       ങ്കാടുകൾ വിതുമ്പുന്ന-
       തെന്തിനെക്കുറിച്ചാവാം! 


 

                          തങ്ങൾ തൻ പ്രണയത്തിൻ
                          പൂവിരിഞ്ഞുയരുവാൻ
                          എങ്ങിനെയതിദീർഘം
                          കാത്തിരിക്കുകയെന്നോ!*

                              
*            *            *

                      
          യുക്തമായിരിക്കാമീ
          ഉക്തികൾ, അവ പക്ഷെ
          ശക്തമല്ലല്ലോ വിശ്വ-
          സത്യത്തിൻ പൊരുളാകാൻ,

          ഗൂഢമായ്‌ വിവക്ഷിച്ചു
          പാടുവതെല്ലാ മെന്റെ
          ഗാഢമാം മനസ്സിന്റെ
          ഭാവരൂപത്തെത്താനോ! ________________________________________


* മുള പത്തുവർഷത്തിലൊരിക്കൽ മാത്രം പൂക്കുന്നു.

2009, നവംബർ 11, ബുധനാഴ്‌ച

എന്റെ ലോകം

എന്റെ ലോകം
                                                                                                                                           
എന്റെ ലോകം എനിക്കു തിരിച്ചുതരു
നിങ്ങൾക്കാവട്ടെ,
അത്‌ മലറ്ത്തിവയ്ക്കപ്പെട്ട ലോകം!
തല കീഴ്മേൽമറിഞ്ഞ ലോകം!!


എന്റെ ഭൂമി എന്റെ ആകാശമായിരുന്നു
അവിടെ ഞാൻ എന്റെ കരുത്തുകൾ കുഴിച്ചിട്ടു
സ്വന്തം ജനിയിൽനിന്നൂറിയ
ചിന്താമഗ്നമായ ഉറവകളിൽ
അവ വളർന്ന് നക്ഷത്രങ്ങളായി ചിതറിക്കിടന്നു
ഞാൻ വിതച്ച നിശ്ശ്വാസങ്ങൾ പൂത്തതുപോലെ.
താളങ്ങളുടെ പൂമ്പാറ്റകൾ പറന്നുനടന്നിരുന്നു,
ഹൃദയത്തെ മുട്ടിയുരുമ്മി മന്ത്രിച്ചുകൊണ്ട്‌.
കാണാമറയത്തുനിന്നെത്തിയിരുന്ന കാറ്റ്‌
കാണാതിർത്തികളിലേക്കുതന്നെ വീശിയിരുന്നു

അവിടെ നിത്യതയുടെ പച്ചപ്പുതപ്പ്‌ വലിച്ചു ചുറ്റി
സംവേദനത്തിന്റെ അതികായരായ മരങ്ങൾ
വനമാകാതെ അംബരചുംബികളായി നിന്നിരുന്നു,
സുതാര്യതയുടെ കണ്ണാടിക്കയങ്ങളിലേക്ക്‌
പ്രതിഫലിച്ചുകൊണ്ട്‌


മുകുളങ്ങളുടെ അനുഷ്ടാനങ്ങളിലൂടെ,
നിറങ്ങുളുടെ ഇലകളെയും ദളങ്ങളെയും
വിരിയിച്ചുകൊണ്ടിരുന്നു. പിന്നീട്‌,
വേനൽരശ്മികളുടെ സൂചിക്കുത്തുകളാൽ
പക്വങ്ങളാക്കി, ജന്മങ്ങളൊരുക്കിയിരുന്നു.ആഴങ്ങളിലും അപ്പുറങ്ങളിലും നിന്നുമുള്ള
സന്ദേശങ്ങളുമായി
വികാരസാഗരങ്ങൾക്കു കുറുകെ
വെള്ളിലപ്പക്ഷികൾ വെളിച്ചത്തിലേക്ക്‌
പറന്നകന്നിരുന്നു, പിന്നീട്‌,
അവയുടെ നിഷ്ക്കളങ്കമായ
ശുഭ്രതയിൽത്തന്നെ മറഞ്ഞിരുന്നു.എന്റെ ലോകത്തിനുമേൽ നിങ്ങൾ കമഴ്ത്തിവച്ച
നിങ്ങളുടെ ലോകം എടുത്തുമാറ്റു!
കനകപരാഗങ്ങൾ പേറി
പൂമ്പാറ്റകൾ പറക്കട്ടെ
എന്റെ ഭൂമിയിലെ വൈഡൂര്യങ്ങൾ
ഞാൻ പെറുക്കട്ടെ!!


2009, നവംബർ 6, വെള്ളിയാഴ്‌ച

ഇഷ്ടസാനുക്കൾ
  ഇഷ്ടസാനുക്കൾ 

                                 സാനുക്കള്‍ 


മാധവമാസത്തിന്റെ
മന്ദഹാസമായ്‌ വർണ്ണ
മാധുരി വളർത്തുന്ന
വസന്താഗമനത്തിലും,
കാർമുകിൽച്ചുരുളുകൾ
വന്യമായഴിച്ചിട്ട
വാർമുടിയുലച്ചെത്തും
വർഷത്തിൻ വരവിലും,
ഹേമന്തനിശ്വാസാർദ്ദ്ര
ഹിമബിന്ദുഗോളങ്ങൾ
വ്യോമേന്ദുബിംമ്പങ്ങളെ
ത്താരാട്ടും ശൈത്യത്തിലും,
സ്വഛ്ചമാം സാനുക്കളാ-
ണെന്നിടം, ഇവിടുത്തെ
പച്ചയാം വിരിപ്പിട്ട
പീഠഭൂമിയിൽ നിന്നും
ഒന്നുനോക്കിയാൽ കാണാ-
മിത്രയും വഴി വന്ന
കുന്നുകൾ, ഗർത്തങ്ങളും
ശാദ്വലദേശങ്ങളും,
പിന്നിനിപ്പോകേണ്ടുന്ന
പാതകൾ, ദൂരെക്കാണും
സന്നിധാനത്തിലെ
പ്പൊന്നമ്പലം നിൽക്കും മേട്ടിൽ,
സ്വർണകാന്തിയിലുയിർ-
ക്കൊള്ളുമപ്പുലരിയും
വർണ്ണസന്ധ്യകൾ വിണ്ണിൻ
കുന്നേറി മായുന്നതും
വിണ്ണിലായ്‌ ത്തുഴയുന്ന
വെള്ളിനീർപ്പറവകൾ,
കണ്ണിമ ചിമ്മിക്കൊണ്ടു
താരകൾ, പിറവി തൻ
ദെണ്ണവും പേറിക്കൊണ്ടു
രാവുകൾ, പിറക്കും പൊ-
ന്നു ണ്ണിയാം ശശി പ്പൈതൽ
പൊഴിക്കും പാൽപ്പുഞ്ചിരി.


                                 താഴ്വാരം


സുകൃതക്ഷയം പൂണ്ട
താഴ്‌വരയാണെങ്കിലോ
വികൃതം ചതുപ്പിന്റെ
പാഴ്‌നിലമായിത്തീർന്നു.
തങ്ങളിൽ കെട്ടിപ്പിണഞ്ഞ-
ന്യോന്യം വിഴുങ്ങുന്ന
വിങ്ങലില്‍  പുളയുന്ന
ദുർനാഗവൃത്തങ്ങളും ,
പകയും കാമക്രോധ
വഹ്നിയും വമിക്കുന്ന
പുകയും കരിക്കുന്ന
കൂരകൾ, കബന്ധങ്ങൾ,
ദുരയാൽ പടുത്തോരു
നഗരങ്ങൾ, മേടകൾ
നുരയുമാ ലഹരിയിൽ
സമ്പന്നവീടുകൾ,
ഇരയെത്തേടും വേടൻ,
ഭയാക്രാന്ത പേടയും,
കരുണതൻ നേർക്ക-
ടഞ്ഞീടും കവാടങ്ങളും!
സ്വഛ്ചമാം സാനുക്കളാ-
ണെന്നിടം ഇദ്ദിക്കിലെ
പച്ചയാം വിരിപ്പിട്ട
ശീതഭൂമിതൻ മാറിൽ-
നിന്നു പാടുവാൻ, ഒരു
ചുവടാടുവാൻ, എനി
ക്കൊന്നു കൂടുവാൻ, ഒരു
 കൂടു ഞാനൊരുക്കട്ടെ!!