2009, നവംബർ 27, വെള്ളിയാഴ്‌ച

നീലനിവാസങ്ങൾ




 നീലനിവാസങ്ങൾ

















    കണ്ണിമ ചിമ്മുമ്പൊഴേ
    ക്കെണ്ണിയാലൊടുങ്ങാത്ത
    വണ്ണമീ മണ്ണിൽ വന്നു
    ജാതമാം ജന്മങ്ങളേ,


    കണ്ണിമ ചിമ്മുമ്പൊഴേ
    ക്കെണ്ണിയാലൊടുങ്ങാത്ത
    വണ്ണമീ മന്നിൽ നിന്നു
    പോകുന്ന ജന്മങ്ങളേ,


    നിങ്ങളീ പ്രവാസത്തിൽ
    സന്ധിപ്പതുണ്ടോ, മുറ്റും
    തങ്ങൾ തൻ നാട്ടിൻ കൊച്ചു
           വാർത്തകൾ കൈമാറുമോ?





    അർക്കശോണിമ പൂശി,
    യതിർനിർണ്ണയിച്ചിട്ട
    ചക്രവാളത്തിൻ സീമ
    താണ്ടിയോ പോകൂ പാത?


    നാകവും നരകവു
    മൊന്നുപോൽതിരിയാതെ
    പോകുമീയാത്മാക്കളോ
    എങ്ങ്‌ വേർപ്പിരിയുന്നു?


        അക്ഷമരാണോ ലക്ഷ്യ
    സ്ഥാനത്തെത്തുവാനേതോ
    ശിക്ഷയോ,പാരം രക്ഷ
    യോ,എന്തായ്‌ കാണാകുന്നു?


    ഭൂത,ഭാവിയായ്‌ കാലം
    മാറുമോ,പലേമാന-
    ഭൂതിയുണ്ടാമോ, ചിരം
    സ്മൃതിയോ, വിസ്മൃതിയോ?









    ഫുല്ലപുഷ്പത്തിൻ ഗന്ധ
    കാന്തി ദീപ്തിയോ, ചാരു
    തല്ലജങ്ങളിൽച്ചേരും
    മർമ്മരാരവങ്ങളോ,
    ഉൽക്കട പ്രേമകാമ
    പടഹങ്ങളോ, നീണ്ട
    സൽക്കാരരാവിൻ ഗൂഢ
    മാദക മേളങ്ങളോ


    പൊന്നിളം വിഭാതമോ,
    പൊള്ളുന്ന മദ്ധ്യാഹ്നമോ,
    പിന്നിളം താപം കൊള്ളും
    ശാന്തമാമപരാഹ്നമോ,


    ശരൽക്കാല സന്ധ്യാർദ്ര
    രാഗമോ, ചിത്തവീണാ-
    വിരൽസ്പർശമേകുന്നൊ
    രനുരാഗമോ, നീണ്ട
    യിരുൾക്കാല വിരഹാ
  ർത്ത താപമോ, ഭംഗമാം
    ചിരകാലമോഹങ്ങ
    ളെരിയും മനസ്സോ,




    നിഴലിക്കുമോ നിഴൽ
    പോലെപോലും, നിലാവി
    ന്നഴകാർന്ന നീലിച്ച
    നാട്ടിൻ നിവാസങ്ങളിൽ?







  
**




                നീലിമ പുൽകുന്നൊരാ വിണ്ണിലേയാത്മാക്കളാൽ
                പ്പാലിതമാമീ മൗനം മഹാവിശ്വചാലകം!!   
           


15 അഭിപ്രായങ്ങൾ:

  1. ജനി,മൃതിയുടെ മാസ്മരിക ചക്രത്തിൽ ഒഴുകുന്ന ആത്മാക്കളെക്കുറിച്ചു കവി വിസ്മയിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. ലേഖനങ്ങൾ പകർത്തുന്നതു് പോലെതന്നെ അനുമതിയില്ലാതെ ചിത്രങ്ങൾ പകർത്തുന്നതു് പകർപ്പവകാശ നിയമങ്ങൾ അനുസരിച്ചു് കുറ്റകരമാണു്.

    Google image searchൽ നിന്നും ലഭിക്കുന്ന ചിത്രങ്ങൾ എല്ലാം ആരെങ്കിലും ഒക്കെ എടുത്ത ചിത്രങ്ങൾ ആയിരിക്കും. അതിനു് ചിലർ ചെയ്യുന്നതു് പോലെ googleനു കടപ്പാടു കൊടുത്തു് ഒഴിയുന്നതും ശരിയല്ല.

    GPL ഉം, Creative Commons Licenselicensing കരാറുകൾ അനുസരിച്ചു് പ്രസിദ്ധീകരിച്ച ചിത്രങ്ങൾ അല്ലാതെ, ഒന്നും ഈ വിധത്തിൽ ഉപയോഗിക്കുന്നതു് തെറ്റാണു്.

    മറുപടിഇല്ലാതാക്കൂ
  3. കൈപ്പള്ളിസ്സാറിന്,

    അറിയാം;Google Search ൽ നിന്നല്ല ഇവയെടുത്തത്. ഷെയർ ചെയുന്ന സ്വകാര്യ ശേഖരത്തിൽ നിന്നാണ്‌. ചിത്രങ്ങൾ താങ്കളെ അലസോരപ്പെടുതിയതിൽ ഖേദമുണ്ട്‌. കവ്ത വായിച്ചാലും ഇല്ലെങ്കിലും സന്ദർശനത്തിനു ഏറെ നന്ദി.

    മറുപടിഇല്ലാതാക്കൂ
  4. കൈപ്പള്ളിസ്സാറിന്,(2)
    “ലേഖനങ്ങൾ പകർത്തുന്നതു് പോലെതന്നെ“ എന്ന പ്രയോഗം കൊണ്ട്, കവിതയും കോപ്പിയാണെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നു ആശ്വസിക്കമോ?

    മറുപടിഇല്ലാതാക്കൂ
  5. കൈപ്പള്ളിസ്സാറിന്,(3)

    നിർത്താൻ തുടങ്ങിയപ്പോളാണ്‌ താങ്കളെ കണ്ടത്‌. സമയക്കുറവു കൊണ്ട്‌ ലിപ്യന്തരണത്തിൽ വന്ന തെറ്റുകൾ സദയം പൊറുക്കുക.

    മറുപടിഇല്ലാതാക്കൂ
  6. ചിത്രങ്ങളുടേ താഴെ അവയുടേ source എഴുതിയിട്ടില്ല. അതു താങ്കൾ എടുത്ത ചിത്രമാനെന്നും പറഞ്ഞിട്ടുമില്ല. ആ സ്ഥിധിക്ക് ഇവ അടിച്ചു മാറ്റിയതാണെന്നെ കാണുന്നവർ ധരിക്കു, ഞാനും.

    പിന്നെ കവിത കൊള്ളാം കേട്ടോ.

    മറുപടിഇല്ലാതാക്കൂ
  7. കൈപ്പള്ളി,

    ക്രീയേറ്റിവ്‌ കോമൺസ്‌ പോലെ ചിത്രങ്ങൾ യഥേഷ്ടം എടുത്തുപയോഗിക്കാവുന്ന 100 ൽ പ്പരം സൈറ്റുകൾ ആവശ്യാനുസരണം ഉപയോഗിക്കാൻ തുടങ്ങിയിട്ടു കുറേക്കാലമായി . ഇവയിൽ, ലിങ്കിൽക്കൂടിയോ നേരിട്ടൊ ശ്രോതസ്സ്‌ രേഖപ്പെടുത്തണമെന്ന്‌ നിബന്ധനയുള്ളവയും ഇല്ലാത്തവയും ഉണ്ട്‌. തദനുസരണം ചിത്രങ്ങൾ ഉപയോഗിക്കുന്നവരാണധികവും
    വേണ്ടിടത്ത്‌ രേഖ പ്പെടുത്തും.
    സ്വന്തം ചിത്രമെങ്കിൽ , ഫൊട്ടോഗ്രാഫ്രറായി അറിയപ്പെടണമെന്നുണ്ടെങ്കിൽ, പേർ ചേർക്കാം
    നിക്കൊൺ എസ്‌.എൽ ആർ മുതൽ 16എം.എം മൂവി ക്യാമറ, പ്രോഫേഷനൽ വിഡിയോ ക്യാമറ എന്നിവ ഉപയോഗിച്ച്‌ വൈൽഡ്‌!ലൈഫ്‌ ഡോക്ക്യുമന്ററി വരെ നിർമ്മിച്ചിട്ടുണ്ടെങ്കിലും ഇവിടെ ഞാൻ വെറും കവി മാത്രം.

    പെയിന്റിംഗ്‌ കാണാതെ അതിന്റെ ഫ്രയിമിന്റെ സോർസ്‌ അന്വേഷിക്കുന്ന ദോഷൈകദൃഷ്ടികൾ ഉണ്ട്‌. അവരുടെ വർഗ്ഗം കുറഞ്ഞു വരട്ടെ എന്നേ ആളുകൾ ആഗ്രഹിക്കുകയുള്ളു.

    മറുപടിഇല്ലാതാക്കൂ
  8. അകിടിലും ചോര കുടിക്കണം. അമ്പെയ്യണം. മാ നിഷാദ എന്നല്ലാതെ എന്തു പറയൻ! ലോകമല്ലേ

    മറുപടിഇല്ലാതാക്കൂ
  9. കവിത കൊള്ളാം

    പിന്നെ അടി വേണ്ട ഈ ഭൂതം ചിരിച്ചോണ്ടിരിക്കുന്ന ഒരു ഫോട്ടോ കാച്ചിക്കോ ...

    മറുപടിഇല്ലാതാക്കൂ
  10. പിന്നെ ഇടയ്ക്ക് ആ ചിത്രങ്ങള്‍ ഇട്ടപ്പോള്‍ കവിത വായന മുറിഞ്ഞു പോകുന്നു ..ഒരു അസ്വസ്ഥത ഉണ്ട് ട്ടോ

    മറുപടിഇല്ലാതാക്കൂ
  11. ഭൂതത്താൻ,

    ഈ ഫീഡ്ബാക്ക് നന്നായി.
    ചിത്രങ്ങൾ വശത്ത് പൂരകമായി മാത്രം കൊടുക്കാൻ ശ്രദ്ധിക്കാം, നന്ദി.

    മറുപടിഇല്ലാതാക്കൂ
  12. ജനി മ്യതികള്‍ ചാക്രികമോ?
    ആത്മാക്കളുടെ ചങ്ങലയോ?
    എവിടുന്നെവിടേക്കാണ് ഈ തുടര്‍ച്ച?
    ആത്മാക്കളുടെ മൌനം ഭേദിക്കുന്ന
    ഒരു കവിതകൂടി ആയിക്കൂടെ.
    ചൊല്ലിക്കേള്‍ക്കാന്‍ ആഗ്രഹമുണ്ട്

    മറുപടിഇല്ലാതാക്കൂ
  13. ജനി,മൃതി ചാക്രികമാണെന്ന്‌ വിശ്വസിക്കുന്നവരാണ്‌ കൂടുതലെന്നു തോന്നുന്നു.അതാണല്ലോ പുനർജന്മ സങ്കൽപം. ചങ്ങലയായാൽ ഒരു ജന്മത്തോടെ കഴിഞ്ഞു. ചാക്രിക സങ്കൽപ്പത്തിന്‌ ഒരു ഗുണം കൂടിയുണ്ട്‌. എവിടുന്നെവിടേക്ക്‌ എന്ന ചോദ്യമുദി‍ക്കുന്നില്ല. വർത്തുളമല്ലേ.

    പോഡ്കാസ്റ്റ്‌ സ്വയം ചെയ്താൽ അതൊരു disaster ആയി പ്പോകും നന്നായി ചൊല്ലാനറിയാവുന്ന ആരെയെങ്കിലും കിട്ടിയാൽ പോസ്റ്റ്‌ ചെയ്യാൻ തീർച്ചയായും .ശ്രമിക്കാം.

    മറുപടിഇല്ലാതാക്കൂ
  14. ‘ആത്മാക്കളുടെ മൌനം ഭേദിക്കുന്ന
    ഒരു കവിതകൂടി ആയിക്കൂടെ.“ താങ്കൾ ചോദിക്കുന്നു. ആത്മാക്കൾ മൌനം ഭേദിച്ചാൽ വെളിപ്പെടാവുന്ന സത്യങ്ങളുടെ ഭൂകമ്പത്തിൽ ലോകം തന്നെ തകരുകയില്ലെ? പക്ഷെ, ഇതൊരു കവിതാവ്ഷയം തീർച്ചയായും ആക്കാം.

    മറുപടിഇല്ലാതാക്കൂ

Powered By Blogger