2012, ജൂൺ 13, ബുധനാഴ്‌ച

പ്രസ്ഥാനഭൂതം


 പ്രസ്ഥാനഭുതം
 
 
  കറുത്ത രാവുകളിൽ
  കൂർത്ത ദംഷ്ട്രകളും
  കരിംചിറകുകളുമായി,
  കാണെക്കാണെയും
  കാണാതെയും,
  കൊല നിനക്കുപിന്നിൽ
  കരിനിഴലായി
  വട്ടം പറന്നിരുന്നു..
  നിന്റെ ശ്വാസവായുവിനെ
  പ്രകമ്പിതമാക്കിയ
  ആ ചിറകടികൾ
  നീ കേട്ടിരുന്നു.
 
  പക്ഷേ, അവ നിന്റെ കാലടികളെ
  പതറി വീഴ്ത്തിയില്ല.
  അപ്പോൾ,
  കറുത്ത രക്തത്തിലെ
  കൊലവെറിപൂണ്ട ശ്യാമാണുക്കൾ
  പകയിൽ കൊഴുത്ത്
  ചെന്നായ്ക്കളെപ്പോലെ കൂട്ടംകൂടി.
 
  ആദ്യത്തെ വെട്ട്
  നീ പിറന്നുവീണതിന്
  അടുത്തത് നിന്റെ തൊട്ടിൽ ചിരിയ്ക്ക്
  പിന്നെ പിച്ചവെച്ച നിന്റെ കാലുകളെ
  തളയണിഞ്ഞ തുണ്ടങ്ങളാക്കാൻ
 
  നിർത്താമായിരുന്നു, പക്ഷേ
  നീ വളർന്നില്ലേ?
  ഈ മലഞ്ചെരിവിലെ
  സമൃദ്ധിയായി, തഴച്ച പച്ചയായി
  മുച്ചൂടും പൂചൂടിയ ചെമ്പരുത്തിയായി
  നീ വിടർത്തിയ പൂക്കൾ
  സമാനമനുസ്സുകളിലെ
  വിഗ്രഹപാദങ്ങളിൽ ആഹ്ലാദമായി!
 
  നിന്റെ ഓരോ വാസരങ്ങളെയും
  വെട്ടിപ്പൊളിച്ചുകൊണ്ട്
  അരനൂറ്റാണ്ടിനെയും വെട്ടി
  നിണത്തിൽ ആറാടിച്ച്,
  കലാശവെട്ട് വർത്തമാനത്തിനെയും
  കുതിർത്ത് തെറിപ്പിച്ച്,
  പിശാചവാഴ്ചയുടെ വഴിപ്പിണ്ഡമാക്കി,
  പ്രസ്ഥാനഭുതം ഭൂതകാലത്തിലേക്ക്
  ഓടിമറയുന്നു.
    സ്റ്റാലിന്റെ ശവകുടീരത്തിലേക്ക്
    സഹശയിക്കാൻ.

ചിത്രം: ഗൂഗിൾ വഴി