2016, ഓഗസ്റ്റ് 20, ശനിയാഴ്‌ച

മറുനിറങ്ങൾ

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.



മറുനിറങ്ങൾ



നിറങ്ങളുടെ മേൽ  നിങ്ങൾ സ്വന്തം
മറുനിറങ്ങൾ പൂശുന്നു, അതിന്മേൽ
മാരിവില്ല് സ്വയം വരച്ചുവെക്കുന്നു
വർണ്ണങ്ങളുടെ പൊടി വിതറുന്നു

ചക്രവാളത്തിന്റെ അപ്പുറത്തുനിന്ന്
ചണ്ടവാതത്തിന്റെ സിംഹഗളമേറി
 മിന്നൽ ശൂലവുമേന്തി മഴദേവത
മാനത്തിറങ്ങുന്നു, മേഘഗർജ്ജനം,
 താണ്ഡവം, സർവ്വം ഒടുങ്ങുമ്പോൾ
വിരിക്കുന്നു വെള്ളയുടെ വിതാനം

ചക്രവാളത്തിന്റെ അപ്പുറത്തുനിന്ന്
ദിഗ്‌ദേവത പ്രകാശതാലങ്ങളേന്തി
വസന്തത്തിന്റെ വർണ്ണവാങ്മയങ്ങൾ
വാരിവിതറുന്നു, അവ മാരിവില്ലാകുന്നു

മഴയിലലിയാത്ത, കാറ്റിലകലാത്ത
സത്യങ്ങളുടെ മുത്തുകൾ അതിരിട്ട
വജ്രങ്ങൾ, വരക്കാതെ, പതിക്കുന്നു
ചാർത്തുന്നു കാലത്തിന്റെ ഗളത്തിൽ






.

2016, ഓഗസ്റ്റ് 14, ഞായറാഴ്‌ച

ഒരു പഴയ ബാഗേജ്.

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.


ഒരു പഴയ ബാഗേജ്.




 പാടാൻ തുടങ്ങിയ പാട്ടിൻവരികളെ
പാടേ വിഴുങ്ങി ഞാൻ കണ്ണുതള്ളി

പണ്ടത്തെ പൈങ്കിളി പ്രേമകഥയിലെ
മൊഞ്ചത്തിയല്ലിയെൻ മുന്നിൽ നില്പൂ!

വമ്പത്തി,താനോ കോളേജ് ബ്യൂട്ടിയാണെന്ന
തണ്ടത്തി; എത്രയോ കൂവി ഞങ്ങൾ!

ഊളസംഘത്തിനെയൊട്ടുമേ കൂസാതെ
ആളുകാണിച്ചവൾ, തോറ്റു ഞങ്ങൾ.

പിന്നെയോ സൗഹൃദ പട്ടുറുമ്മാലുകൾ
തുന്നി സമ്മാനമായ് തന്നുവല്ലൊ

തോറ്റുനിലംപരിശായൊരാക്കൂട്ടത്തി-
ലൊറ്റയ്ക്കൊരാളെ നീ നോക്കിവെച്ചു.

വശ്യം കളിച്ചും കുഴഞ്ഞും രസിച്ചും, അ-
വശ്യം പിന്നെ ശാസിച്ചുനോക്കിയും, 

ആരുടെമുന്നിലും വായാടിയായ നീ
ക്രൂരമായെന്നെയവഗണിച്ചു.

ഭീരുവാകുന്നതോ മൂകയാകുന്നതോ! 
തീരെ തിരിയാതിരുന്നിതന്നാൾ

ദൂരെ നീളത്തിലക്കോറിഡോർ ചെന്നങ്ങ്
തീരവേ നീയോ തിരിഞ്ഞുനോക്കും 

സുറുമതേക്കാത്തൊരാക്കൺകളിൽ
വെറിപുരണ്ടതോ, പ്രേമവായ്പോ?

ചകിതമാനസനായി ഞാൻ രാത്രിതൻ
പകുതി നിദ്രാവിഹീനനായി.

പാതിരിയച്ചന്റെ യാസുരതാടിയെ
പാതിരാവിലും പാർത്തോരു നാൾകൾ!

"അച്ചൻ വിളീക്കുന്നു", ആ രണ്ടു വാക്കുകൾ
ഉച്ചത്തിലെന്റെ മിടിപ്പുകൂട്ടി.

************

ആലയഘണ്ടാനിനാദങ്ങൾ പിന്നെയും
ആലപിച്ചല്ലോ പല വട്ടവും

"അച്ചൻ വിളിക്കുന്നു" കേട്ടു ഞാനൊരുനാൾ,
ഉച്ചം മിടിക്കും കരളുമായി

ചെന്നു ഞാൻ, പാതിരിയച്ചൻ ചിരിക്കുന്നു!
" വന്നുവോ, ഈ കത്തു വാങ്ങിക്കുക

ഞങ്ങളെയൊക്കെ ക്ഷണിച്ചു; നിനക്കിതാ
വാങ്ങുക, എന്നെയേല്പിച്ചതെന്തോ!"

തീർത്തും അടക്കിയ ശ്വാസത്തെ വിട്ടു ഞാൻ
കത്ത് തുറന്നൂ; പിന്നാമ്പുറത്തായ്

കുത്തിക്കുറിച്ചിരിക്കുന്നു:
      "പോകുന്നു ഞാൻ,
      എത്രയും പേടിച്ച ദുസ്വപ്നമോ
      എത്തി യാഥാർഥ്യമായ്,
      വരൻ ദുബായിയിൽ,
      എത്തേണ്ട നീ, വന്നാലെനിക്കെന്നെ
      നിർത്തുവാനാവില്ല, എന്തുമേചെയ്യിടും.
      ആർക്കും കൊടുത്തില്ല കൂട്ടുകാർക്കായ്
      നിനക്കായിമാത്രം!.. നിനക്കായിമാത്രം!
      നിനക്കായ് നേരുന്നു നന്മയെന്നും!!"

*********

പൊട്ടിച്ചിരിയൊന്നു കേട്ട് ഞാൻ ഞെട്ടിയോ,
പൊട്ടിച്ചിരിപ്പവൾ, കൈനീട്ടിയും,

എങ്ങിനെയുണ്ട് ഹായ് ഓൾഡ്മാൻ, തീരെ
യങ്ങിനെത്തന്നെ താൻ, ക്ഷേമമല്ലേ?

ചുറ്റിത്തിരിഞ്ഞൊന്നു നോക്കവേ ഓരമായ്
പറ്റിനിൽക്കുന്നൂ മുട്ടാളമക്കൾ

ബാഗേജിനെക്കാൾ വലിപ്പം, പഴേകാല
ബാഗേജ് ജീൻസിൽ ഞെരിഞ്ഞു നില്പൂ

കൈകളെകൂട്ടിപ്പിടിച്ചും കുലുക്കിയും
തോളെല്ലു തീരെതകർക്കും ഇവൾ

അവൾ തന്നെയെന്നോ? പഴേകാല വേദീ
യവനികയിതാ വീണുവെന്നോ?

2016, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ശാക്തിക സ്ത്രീവാദം

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.


 ശാക്തിക സ്ത്രീവാദം





 “ദി ബ്യൂട്ടി മിത്ത്‌ “എന്ന പ്രശസ്തകൃതിയുടെ രചയിതാവായ നയമി വൂൾഫിന്റെ പുതിയ കൃതിയാണ്.“ഫയർ വിത്ത്‌ ഫയർ” .    സ്ത്രീവാദത്തിന്റെ രണ്ടാം തരംഗമെന്ന് വിശേഷിക്കപ്പെടുന്ന  'ഇരയുടെ ഫെമിനിസത്തെ' വിമർശന വിധേയമാക്കുന്നതോടൊപ്പം  ഈ പുസ്തകം 'പവര്‍ ഫെമിനിസം' എന്ന ഒരു മൂന്നാം തരംഗത്തിന്റെ വക്താവായും വരികയാണ്.

 ഇരയുടെ ഫെമിനിസം സ്ത്രീയെ നന്മയുടെയും പുരുഷനെ മൃഗീയതയുടേയും പ്രതീകമായി കാണുന്നു എന്നാൽ രണ്ടും ചേർന്ന സ്വഭാവം ഇരുവരിലുമുണ്ട്‌. സ്ത്രീപീഡനത്തെപ്പറ്റി ഇരയുടെ ഫെമിനിസം ആകുലമാണ്. സ്ത്രീയുടെ വൈകാരികതയിലാണ്‌ ഇരയുടെ ഫെമിനിസം ഊന്നുന്നത്‌. എന്നാൽ അവളുടെ യുക്തിബോധവും വൈകാരികത പോലെതന്നെ പരിപോഷിപ്പിക്കപ്പെടണം. ഇരയുടെ ഫെമിനിസം സ്ത്രീകളുടെ ആത്മത്യാഗത്തിനുള്ള കഴിവിനെപ്പറ്റി പറയുമ്പോൾ, അവളുടെ മഹത്വാകാംക്ഷയാണ്‌ ശക്തിയുടെ ഫെമിനിസം ചൂണ്ടിക്കാട്ടുന്നത്‌. ഒരു മനുഷ്യാവകാശ പ്രസ്ഥാനം കൂടിയാണ്‌ ഫെമിനിസം. ചിലരുടെ തെറ്റിന്റെ  പേരിൽ പുരുഷവർഗ്ഗത്തെ ഒന്നടങ്കം പഴിക്കുന്ന നിലയിലേക്ക്‌ സ്ത്രീവാദം താഴരുത്. ഫെമിനിസത്തിന്റെ ഒന്നാം തരംഗം പുരുഷന്മാരെ അകറ്റി നിർത്തുകയോ ശത്രുക്കളായി കരുതുകയോ ചെയ്യാതെ സാമൂഹ്യനീതിക്കുവേണ്ടിയുള്ള സ്ത്രീയുടെ സമരത്തിലെ പങ്കാളികളാക്കിയിരുന്നു. സ്ത്രീ, സ്വന്തം സ്വാതന്ത്ര്യത്തേക്കാൾ ബന്ധങ്ങൾക്ക്‌ പ്രാധാന്യം കൊടുക്കുകയും . അതുകൊണ്ടുതന്നെ  സ്വയം നിർണയത്തേയും  എന്തിന്‌  അസൂയയുണർത്തുന്ന വിജയങ്ങളെപ്പോലും ഭയപ്പെടുന്നു എന്നും അത്തരം ഭയങ്ങളിൽനിന്ന് മുക്തമാകണ്ടതുണ്ടെന്നും ശഠിച്ചിരുന്നു, .

 ഇരയുടെ  തോൽവിയുടെ കയങ്ങളിൽ അഭിരമിക്കുന്ന ഫെമിനിസത്തിൽനിന്ന് ശക്തിയുടെ,  ഫെമിനിസത്തിലേയ്ക്ക്‌ സ്ത്രീകൾ പുരോഗമിക്കേണ്ടതുണ്ട്.  ജയിക്കാനുള്ള അഭിനിവേശമാണ് ഇന്നത്തെ സ്ത്രീക്ക്‌ വേണ്ടത്‌ പുരുഷാധിപത്യത്തിന്റെ ഭാഷ പണത്തിന്റെയും അധികാരത്തിന്റെയും ഭാഷ. അവരോട് ആഭാഷയിൽ തന്നെ സംസാരിക്കണം.
എന്നാൽ ആ ഭാഷയെ കാര്യങ്ങളുടെ  സങ്കീർണത മനസിലാക്കി കൂടുതൽ സൂക്ഷ്മമാക്കണം  സാമ്പത്തിക സ്വാതന്ത്ര്യമാണ്‌ സ്ത്രീക്ക്‌ ഏറ്റവുമാദ്യം വേണ്ടത്‌.
മുമ്പ്‌ ഭർത്താക്കന്മാരിലൂടെ നേടിയിരുന്ന വിജയം ഒറ്റയ്ക്ക്‌ നേടാൻ ഇന്നത്തെ സ്ത്രീ കൊതിക്കുന്നു. സ്ത്രീയുടെ ലൈംഗികത തെറ്റായി ചിത്രീകരിക്കപ്പെടുമ്പോൾ സ്വന്തം ലൈംഗിക  എന്തെന്ന്‌ സ്ത്രീകൾ ലോകത്തോട്‌ പറയണം- ഉഭയസമ്മതത്തോടെയുള്ള മുതിർന്ന സ്ത്രീ പുരുഷന്മാരുടെ ലൈംഗികവേഴ്ചയിൽ പവർഫെമിനിസത്തിന്‌ പരാതിയില്ല. മനസും ആത്മാവും പലതരം വിശപ്പുകളുടെ ഇടമായ ശരീരവും എല്ലാമുള്ള, സ്ത്രീകൾ ആ ത്രിമാനങ്ങൾ പ്രതിഫലിപ്പിക്കേണ്ടതുണ്ട്. സ്ത്രീപീഡനത്തേയും പുരുഷാധിപത്യ പ്രവണതകളേയും പറ്റി മാത്രം ചർച്ച ചെയ്ത്‌ സ്വൽപം ഇരുണ്ടു പോകുന്നുണ്ടോ ഫെമിനിസം?

സ്ത്രീകൾ ഫെമിനിസ്റ്റുകളാവാൻ മടിക്കുന്നത് എന്തുകൊണ്ട്? ഫെമിനിസത്തിന്റെ ചില കടുംപിടുത്തങ്ങൾ അവരെ അകറ്റുന്നുണ്ടോ?  സ്ത്രീവാദം ഉത്തരം കാണണ്ടതുണ്ട്.
 ബാല്യത്തിൽ പെൺകുട്ടികൾ ആൺകുട്ടികളോളം തന്നെ കാടത്തമുള്ളവരാണ്‌. എന്നാൽ പിന്നീട് മാറുന്നു; അവൾ ആശ്രിതത്വവും  സംരക്ഷയും ശ്രദ്ധ കിട്ടുന്നതും  കുട്ടിത്തരവും  ഗൗരവരാഹിത്യവും ജീവിതത്തിൽ വലിയ നിർണ്ണങ്ങളില്ലാത്ത അവസ്ഥയും ആഗ്രഹിക്കുന്നു. എങ്കിൽ വ്യക്തിത്വരൂപീകരണം സാധ്യമാവില്ലെന്ന് പക്ഷെ അറിയുന്നില്ല. അവൾ അധികാരത്തെ ഭയപ്പെടുന്നു. അതിന്റെ ഒരു കാരണം അതിന്റെ മോശമായ ഉപയോഗം മാത്രമേ പൊതുവേ  അവൾ കണ്ടിട്ടുള്ളൂ എന്നതാണ്‌. അതിനെ നീതിബോധത്തോടെ ഉപയോഗിക്കാനാവും എന്നവൾ മനസിലാക്കണം.  അതുപോലെതന്നെ, വ്യക്തിബന്ധങ്ങൾക്ക്‌ നൽകുന്ന അമിതപ്രാധാന്യം സ്ത്രീക്ക്‌ സംഘടനാപ്രവർത്തനവും ബുദ്ധിമുട്ടുള്ളതാക്കുന്നു. ഒരു സംഘത്തിലെ ചില വ്യക്തികളെ ഇഷ്ടപ്പെടാത്തതിനാൽ അതിൽ നിന്നവൾ അകലാൻ പാടില്ല. വ്യക്തിപരമായ അടുപ്പമില്ലാതെതന്നെ, കൂട്ടായി പ്രവർത്തിക്കാനുള്ള ശേഷി ആർജ്ജിക്കണം. മുഖ്യധാരാ മാധ്യമങ്ങൾ ഫെമിനിസത്തെ പരിഹസിക്കുന്നത് നേരിടാനും, ജനപ്രിയ മാധ്യമങ്ങളെ പുശ്ചിക്കാതെ അവയിൽ നിന്ന്‌ ഒരു ശ്രേഷ്ടഭാവത്തിൽ മാറി നിൽക്കാതിരിക്കാനും പുതിയ ഫെമിനിസ്റ്റുകൾ ശ്രദ്ധിക്കണം.

 ഫെമിനിസ്റ്റ്‌ ചിന്ത മനുഷ്യാവകാശ പ്രശ്നമായിക്കൂടി ഉന്നയിക്കപ്പെട്ടെങ്കിലും, അത് ഒരു  പ്രത്യേക വിഷയവും ഭാഷയായും മാറി അക്കാദമിക ലോകത്തേയ്ക്ക്‌ പിൻവലിയുകയാണുണ്ടായത്‌. ഇത്‌ ഒരു ദുരന്തമായി. ഫെമിനിസവും സാധാരണ സ്ത്രീകളും വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവരായിത്തീർന്നു എന്ന ദുരന്തം.  ഫെമിനിസ്റ്റ്‌ ബുദ്ധിജീവികൾ നിസാരമായിക്കാണുന്ന വനിതാ മാസികകളിലെ ശുഭപ്രതീക്ഷയും മാറ്റത്തിലുള്ള അചഞ്ചലവിശ്വാസവും ഒരു വശത്ത്‌; ഫെമിനിസ്റ്റ്‌ സിദ്ധാന്തത്തിന്റെ വ്യക്തമായ രാഷ്ട്രീയവിശകലനങ്ങളും ഫെമിനിസ്റ്റ്‌ സംഘടനകളുടെ പ്രവർത്തനമികവും മറുവശത്ത്‌, ഇങ്ങനെ ചേരിതിരിയാതെ, ഇവയെല്ലാം ഒന്നിപ്പിച്ച്‌  ഒഴുകുമ്പോഴേ കൂടുതൽ സ്ത്രീകളെ ആകർഷിക്കാൻ ഫെമിനിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ സാധ്യമാകൂ.

  


2016, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

7 ഹൈകു കവിതകൾ (തുടർച്ച 5 )

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.


7 ഹൈകു കവിതകൾ (തുടർച്ച 5 ) 


[ തനത് സാമ്പ്രദായിക (traditional) ജാപ്പനീസ്  ഹൈകു രീതി അവലംബിച്ച് രചിക്കുന്നവ: അതായത്, 5-7-5 അക്ഷര ക്രമത്തിൽ 3 വരികൾ; (-) കിരേജി ഇട്ട് വേർതിരിച്ച മൂന്നാമത്തെ വരിയിൽ സ്വതന്ത്ര ആശയം; ഋതു സൂചന. തനത് ഹൈകു രൂപകല്പനാ വിവരണത്തിന്, കാണുക എന്റെ ആദ്യ ഹൈകു രചന:  http://jeeyu.blogspot.in/2013/10/7.html]






                                              1. സാഹിതി
                                
                                   സാഹിതീ വർഷം           
                                   പ്രപഞ്ച വാങ്മയമോ -
                                   വിപഞ്ചികകൾ!

                                              2. ഓർമ്മ
                             
                                   ഓർമ്മ ചീയാതെ
                                   കാലപ്പഴക്കം ഉപ്പിൽ -
                                   പൂത്ത മാവുകൾ.

                                              3. മീൻമോഹം
                                 
                                   പൊന്മാന്റെ ഭംഗി
                                   നോക്കിയ മീനോ കൊക്കിൽ -
                                   ജലത്തിൽ മേഘം.

                                             4. അണ്ണാൻ 
                                
                                   അണ്ണാൻ ചിലച്ച്
                                   കുത്തനെ കീഴോട്ടേക്ക് -
                                   മരം നിവർന്ന്.

                                             5. മഴക്കുഴി 
                                 
                                   അലയിളക്കാൻ
                                   കൊതിച്ച് മഴക്കുഴി -
                                   കുതിക്കും മാക്രി.

                                            6. നിഴൽ
                                 
                                   എന്നെക്കാൾ നീണ്ട
                                   നിഴൽ എനിക്കുവേണ്ട -
                                   വെയിൽ ചിരിച്ച്.

                                 
                                           7. ഇലയോട്
                                 
                                   പൂ ഇലയോട്
                                   മുഖം മറയ്ക്കാതെന്ന്  -
                                   ആടും ചില്ലകൾ
                                 
                                 
Powered By Blogger