2016, ഓഗസ്റ്റ് 14, ഞായറാഴ്‌ച

ഒരു പഴയ ബാഗേജ്.

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.


ഒരു പഴയ ബാഗേജ്.
 പാടാൻ തുടങ്ങിയ പാട്ടിൻവരികളെ
പാടേ വിഴുങ്ങി ഞാൻ കണ്ണുതള്ളി

പണ്ടത്തെ പൈങ്കിളി പ്രേമകഥയിലെ
മൊഞ്ചത്തിയല്ലിയെൻ മുന്നിൽ നില്പൂ!

വമ്പത്തി,താനോ കോളേജ് ബ്യൂട്ടിയാണെന്ന
തണ്ടത്തി; എത്രയോ കൂവി ഞങ്ങൾ!

ഊളസംഘത്തിനെയൊട്ടുമേ കൂസാതെ
ആളുകാണിച്ചവൾ, തോറ്റു ഞങ്ങൾ.

പിന്നെയോ സൗഹൃദ പട്ടുറുമ്മാലുകൾ
തുന്നി സമ്മാനമായ് തന്നുവല്ലൊ

തോറ്റുനിലംപരിശായൊരാക്കൂട്ടത്തി-
ലൊറ്റയ്ക്കൊരാളെ നീ നോക്കിവെച്ചു.

വശ്യം കളിച്ചും കുഴഞ്ഞും രസിച്ചും, അ-
വശ്യം പിന്നെ ശാസിച്ചുനോക്കിയും, 

ആരുടെമുന്നിലും വായാടിയായ നീ
ക്രൂരമായെന്നെയവഗണിച്ചു.

ഭീരുവാകുന്നതോ മൂകയാകുന്നതോ! 
തീരെ തിരിയാതിരുന്നിതന്നാൾ

ദൂരെ നീളത്തിലക്കോറിഡോർ ചെന്നങ്ങ്
തീരവേ നീയോ തിരിഞ്ഞുനോക്കും 

സുറുമതേക്കാത്തൊരാക്കൺകളിൽ
വെറിപുരണ്ടതോ, പ്രേമവായ്പോ?

ചകിതമാനസനായി ഞാൻ രാത്രിതൻ
പകുതി നിദ്രാവിഹീനനായി.

പാതിരിയച്ചന്റെ യാസുരതാടിയെ
പാതിരാവിലും പാർത്തോരു നാൾകൾ!

"അച്ചൻ വിളീക്കുന്നു", ആ രണ്ടു വാക്കുകൾ
ഉച്ചത്തിലെന്റെ മിടിപ്പുകൂട്ടി.

************

ആലയഘണ്ടാനിനാദങ്ങൾ പിന്നെയും
ആലപിച്ചല്ലോ പല വട്ടവും

"അച്ചൻ വിളിക്കുന്നു" കേട്ടു ഞാനൊരുനാൾ,
ഉച്ചം മിടിക്കും കരളുമായി

ചെന്നു ഞാൻ, പാതിരിയച്ചൻ ചിരിക്കുന്നു!
" വന്നുവോ, ഈ കത്തു വാങ്ങിക്കുക

ഞങ്ങളെയൊക്കെ ക്ഷണിച്ചു; നിനക്കിതാ
വാങ്ങുക, എന്നെയേല്പിച്ചതെന്തോ!"

തീർത്തും അടക്കിയ ശ്വാസത്തെ വിട്ടു ഞാൻ
കത്ത് തുറന്നൂ; പിന്നാമ്പുറത്തായ്

കുത്തിക്കുറിച്ചിരിക്കുന്നു:
      "പോകുന്നു ഞാൻ,
      എത്രയും പേടിച്ച ദുസ്വപ്നമോ
      എത്തി യാഥാർഥ്യമായ്,
      വരൻ ദുബായിയിൽ,
      എത്തേണ്ട നീ, വന്നാലെനിക്കെന്നെ
      നിർത്തുവാനാവില്ല, എന്തുമേചെയ്യിടും.
      ആർക്കും കൊടുത്തില്ല കൂട്ടുകാർക്കായ്
      നിനക്കായിമാത്രം!.. നിനക്കായിമാത്രം!
      നിനക്കായ് നേരുന്നു നന്മയെന്നും!!"

*********

പൊട്ടിച്ചിരിയൊന്നു കേട്ട് ഞാൻ ഞെട്ടിയോ,
പൊട്ടിച്ചിരിപ്പവൾ, കൈനീട്ടിയും,

എങ്ങിനെയുണ്ട് ഹായ് ഓൾഡ്മാൻ, തീരെ
യങ്ങിനെത്തന്നെ താൻ, ക്ഷേമമല്ലേ?

ചുറ്റിത്തിരിഞ്ഞൊന്നു നോക്കവേ ഓരമായ്
പറ്റിനിൽക്കുന്നൂ മുട്ടാളമക്കൾ

ബാഗേജിനെക്കാൾ വലിപ്പം, പഴേകാല
ബാഗേജ് ജീൻസിൽ ഞെരിഞ്ഞു നില്പൂ

കൈകളെകൂട്ടിപ്പിടിച്ചും കുലുക്കിയും
തോളെല്ലു തീരെതകർക്കും ഇവൾ

അവൾ തന്നെയെന്നോ? പഴേകാല വേദീ
യവനികയിതാ വീണുവെന്നോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ