2011, ജൂൺ 27, തിങ്കളാഴ്‌ച

ആജന്മപഥികൻ



 ആജന്മപഥികൻ



കരളിന്നവേദ്യമാമേകാന്തകാണ്ഡങ്ങളിൽ,
പെരുകിത്തെളിയുന്ന കാമാന്തരാളങ്ങളിൽ
ഏതോ വനാന്തര ഗഹ്വരങ്ങളിൽത്തെളിയും
ശിലാലിഖിതങ്ങളിൽ, നിഴൽ നൃത്തമാടുന്നു.

അവിരാമമീ ജന്മജീവിതത്വരതന്റെ
മരുഭൂവിലെക്കൊടുംതാപവും, കനൽകോരി
നിറമണ്ണിലേറ്റിച്ചിരം കാളുന്ന സൂരോർജ്ജവും
പരികീർണ്ണമാം പൂഴിക്കടലിന്റെ പാർശ്വങ്ങളിൽ
പരുഷം പരിരൂപമായൊരാപാറക്കൂട്ടം
ഘനീഭൂതകാഠിന്യവിതതങ്ങളായ്‌, വീഴും
നിദാഘത്തിനെക്ഷണാൽ നീരാവിയാക്കിക്കണ്ടും

എന്തിനോപുറപ്പെട്ടിട്ടെങ്ങുമേയെത്താത്തതാം
സഞ്ചാരിതൻ പരിക്ഷീണമാമുടലുമായ്‌
രണ്ടാമതൊന്നുംതന്നെ വീക്ഷിച്ചുനിൽക്കാൻ ക്ഷമാ-
സമ്പത്ത്‌ മാറാപ്പിലൊട്ടുമേ കരുതാത്തതാം
ആജന്മപഥികൻ, മോഹഭംഗങ്ങളെ സ്വന്തം
ക്ഷീണപാദങ്ങളാൽ മെതിച്ചേറിനടക്കുവാൻ
അകമുരുകിയുടൽ വെടിയുമുൽക്കപോലായ്‌
പകലറുതിയോളം മരണം മരിച്ചുകൊ-
ണ്ടകലങ്ങളിൽ, താരവിടവിൽ ലയിക്കുവാൻ,

ഒരുനാളുമേറിയിട്ടില്ലാത്ത കോണിതന്നൊ-
ടുവിലെപ്പടികഴിഞ്ഞെത്തുന്ന ശൂന്യമാം
കടവിൽ, --ദൂരെയാണക്കര, ഇല്ലാത്തോണിയും!


ചിത്രം: ഗൂഗിൾ വഴി
Powered By Blogger