2011, ഡിസംബർ 17, ശനിയാഴ്‌ച

മൃണാളിനി


മൃണാളിനീ നീയൊരു മദിരോത്സവം
വ്രീളാരഹിതം മദിക്കും മദിരാക്ഷി.
പെണ്ണിന്നേഴഴകിൻ മുകിൽക്കൊടി, പലേ
വർണ്ണബഹുലമാം പട്ടുപാവാടയോ
പരന്നാഞ്ഞുചുറ്റും ജഗൽക്കാറ്റിലാടി-
ത്തിരിഞ്ഞുയരുന്നു ചക്രവാളങ്ങളിൽ!

തിരിയുന്നിതെന്നാത്മ നയനങ്ങൾ നിൻ
ചരണങ്ങളിൽ,ചടുല ചോടുവയ്പിൽ,
കലമ്പും ഇരമ്പത്തിൽ, ഉച്ചം ചിലയ്ക്കും
ചിലമ്പിന്റെ താളനാദങ്ങളിൽ, ഇളം
മന്ദഹാസമിനുസ്സങ്ങളിൽ,തെളീയും
ഇന്ദ്രധനുസ്സിൻ ശബളരേണുക്കളിൽ,

രക്തപുഷ്പങ്ങൾ ചൂടുംകാർമുടിക്കെട്ടിൽ,
ശക്തമോഹ വിവശാർത്തമാം മാർക്കെട്ടിൽ,
ആർദ്രമാമരുതായ്മ തന്നാഴങ്ങളിൽ.
നിർനിദ്രരാവിന്റെ അന്ത്യ യാമങ്ങളിൽ

ചെറുതോണിയായിട്ടു കായൽപ്പരപ്പിൽ,
നിറയെപ്പരക്കും പുലർവീഴ്ചയായി,
അതിരൂപഭാവത്തളിർച്ചാത്തിനെ, യുൾ-
പ്രതിരൂപമാക്കും കാന്താരചോലയിൽ,
ഉഡുപുഷ്പിതം വാനവനജ്യോസ്നയിൽ,
കടുംപച്ചയാളും പട്ടുപൂവാടയിൽ

മൃണാളിനീ മോഹസ്വരൂപിണി, കാല-
വിനോദിനീ, മമനർത്തക മോഹിനി.!!