2009, നവംബർ 27, വെള്ളിയാഴ്‌ച

നീലനിവാസങ്ങൾ




 നീലനിവാസങ്ങൾ

















    കണ്ണിമ ചിമ്മുമ്പൊഴേ
    ക്കെണ്ണിയാലൊടുങ്ങാത്ത
    വണ്ണമീ മണ്ണിൽ വന്നു
    ജാതമാം ജന്മങ്ങളേ,


    കണ്ണിമ ചിമ്മുമ്പൊഴേ
    ക്കെണ്ണിയാലൊടുങ്ങാത്ത
    വണ്ണമീ മന്നിൽ നിന്നു
    പോകുന്ന ജന്മങ്ങളേ,


    നിങ്ങളീ പ്രവാസത്തിൽ
    സന്ധിപ്പതുണ്ടോ, മുറ്റും
    തങ്ങൾ തൻ നാട്ടിൻ കൊച്ചു
           വാർത്തകൾ കൈമാറുമോ?





    അർക്കശോണിമ പൂശി,
    യതിർനിർണ്ണയിച്ചിട്ട
    ചക്രവാളത്തിൻ സീമ
    താണ്ടിയോ പോകൂ പാത?


    നാകവും നരകവു
    മൊന്നുപോൽതിരിയാതെ
    പോകുമീയാത്മാക്കളോ
    എങ്ങ്‌ വേർപ്പിരിയുന്നു?


        അക്ഷമരാണോ ലക്ഷ്യ
    സ്ഥാനത്തെത്തുവാനേതോ
    ശിക്ഷയോ,പാരം രക്ഷ
    യോ,എന്തായ്‌ കാണാകുന്നു?


    ഭൂത,ഭാവിയായ്‌ കാലം
    മാറുമോ,പലേമാന-
    ഭൂതിയുണ്ടാമോ, ചിരം
    സ്മൃതിയോ, വിസ്മൃതിയോ?









    ഫുല്ലപുഷ്പത്തിൻ ഗന്ധ
    കാന്തി ദീപ്തിയോ, ചാരു
    തല്ലജങ്ങളിൽച്ചേരും
    മർമ്മരാരവങ്ങളോ,
    ഉൽക്കട പ്രേമകാമ
    പടഹങ്ങളോ, നീണ്ട
    സൽക്കാരരാവിൻ ഗൂഢ
    മാദക മേളങ്ങളോ


    പൊന്നിളം വിഭാതമോ,
    പൊള്ളുന്ന മദ്ധ്യാഹ്നമോ,
    പിന്നിളം താപം കൊള്ളും
    ശാന്തമാമപരാഹ്നമോ,


    ശരൽക്കാല സന്ധ്യാർദ്ര
    രാഗമോ, ചിത്തവീണാ-
    വിരൽസ്പർശമേകുന്നൊ
    രനുരാഗമോ, നീണ്ട
    യിരുൾക്കാല വിരഹാ
  ർത്ത താപമോ, ഭംഗമാം
    ചിരകാലമോഹങ്ങ
    ളെരിയും മനസ്സോ,




    നിഴലിക്കുമോ നിഴൽ
    പോലെപോലും, നിലാവി
    ന്നഴകാർന്ന നീലിച്ച
    നാട്ടിൻ നിവാസങ്ങളിൽ?







  
**




                നീലിമ പുൽകുന്നൊരാ വിണ്ണിലേയാത്മാക്കളാൽ
                പ്പാലിതമാമീ മൗനം മഹാവിശ്വചാലകം!!   
           


2009, നവംബർ 20, വെള്ളിയാഴ്‌ച

മധുരം തേടി



മധുരം തേടി 





കുമ്പിളായിരുന്ന കരളിൽ
തുളുമ്പുവോളം മധു ഉണ്ടായിരുന്നു
കരൾനാളത്തിലൂടെ ആഗിരണം ചെയ്ത്
വീണ്ടും വീണ്ടും നിറച്ചിരുന്നു.


കരൾ വളർന്നുമുറ്റിയപ്പോൾ
വെറും ഫലകമായി,ഫാലസ്ഥലമായി.
ഉറവനാളം അടഞ്ഞ്‌ തിരോഭവിച്ചു
നിറഞ്ഞ തേൻ കുമ്പിൾ വറ്റിവരണ്ടു.





ഇറ്റു മധുരം തേടി തേനീച്ചയായി്
പൂക്കൾതോറും പാറിപ്പറന്നു
ഓരോ പൂക്കളോടും മന്ത്രിക്കുന്ന
ഓണത്തുമ്പിയായും മാറിപ്പാറി


കരിവണ്ടായി,വങ്കത്തത്തിന്റെ
പൊണ്ണത്തം മൂളി പ്പൊലിപ്പിച്ച്‌
വിരിഞ്ഞുചിരിച്ച പൂക്കളിൽ പതിച്ച്‌`
അവയെ വീണപൂക്കളാക്കി.


മഞ്ഞവെയിലിൽ പൊതിഞ്ഞുവന്ന
മുന്തിരികളുടെ ത്വക്കിൽ കാലിടറി,
വീണ്ടും പറന്നുപറ്റി വലംവെച്ചു, പക്ഷെ
കിട്ടിയത്‌ അകമ്പടിയില്ലാത്ത മണം മാത്രം


ഗന്ധവീചികളുടെ പാൽക്കടലിലേക്കാഴ്‌ന്നു
തീരം പിൻ വാങ്ങി മറഞ്ഞുകൊണ്ടേയിരുന്നു
തിരകൾ വെളിച്ചമിളക്കി തമസ്സാക്കുന്നു
നഭസ്സിൽ ലയിച്ച്‌ കരിമേഘങ്ങളാകുന്നു



പിന്നീട്‌ തിരകളുടെ പ്രതിപ്രവാഹത്തിൽ
തീരം തിരിച്ചൂവന്ന്, കരയണഞ്ഞപ്പോൾ,
കരളോ, നിറഞ്ഞ കുമ്പിളായിരുന്നു
അതിലോ ആകാശം നിഴലിക്കുന്നു!

2009, നവംബർ 15, ഞായറാഴ്‌ച

എന്തിനെക്കുറിച്ചാവാം!

   
   എന്തിനെക്കുറിച്ചാവാം! 



      


       അലസം പ്രവാഹമായ്‌
       പ്പോകുമിപ്പുഴയെന്നും
       പുലമ്പും കഥയെല്ലാ-
       മെന്തിനെക്കുറിച്ചാവാം!

                           തടയാനൊരുമ്പെട്ട
                           കർക്കശം ശിലകളെ-
                           ക്കടന്നങ്ങൊഴുകിയ

                           സാഹസകഥയാണോ!

       കമ്രതാലങ്ങൾ ചുണ്ട-
       നക്കിക്കഥിക്കും തരു
       മർമ്മരം പൊഴിക്കുന്ന-
       തെന്തിനെക്കുറിച്ചാവാം! 




                            മണ്ണുമീവിണ്ണും കനി-
                            ഞ്ഞുൾക്കാമ്പിലുയർത്തുന്ന
                            വർണ്ണങ്ങൾ ചൂടും വരും
                            പൂക്കാലമോർത്തിട്ടാണോ!

       കഥകേട്ടാഹ്ലാദിച്ചു
       കൂജനം ചെയ്യും കിളി
       കഥനം ശൃവിച്ചതി-
       ന്നെന്തിനെക്കുറിച്ചാവം!





                           തായയാം കാകസ്ത്രീയെ
                           തൻ പോതങ്ങളെ പ്പോറ്റും
                           ആയയായ്‌ മാറ്റും കുയിൽ-
                           പ്പേട തൻ കൗശല്യമോ!

       ആടിയും പുണർന്നുംകൊ-
       ണ്ടുന്മത്തമാകും മുള-
       ങ്കാടുകൾ വിതുമ്പുന്ന-
       തെന്തിനെക്കുറിച്ചാവാം! 


 

                          തങ്ങൾ തൻ പ്രണയത്തിൻ
                          പൂവിരിഞ്ഞുയരുവാൻ
                          എങ്ങിനെയതിദീർഘം
                          കാത്തിരിക്കുകയെന്നോ!*

                              
*            *            *

                      
          യുക്തമായിരിക്കാമീ
          ഉക്തികൾ, അവ പക്ഷെ
          ശക്തമല്ലല്ലോ വിശ്വ-
          സത്യത്തിൻ പൊരുളാകാൻ,

          ഗൂഢമായ്‌ വിവക്ഷിച്ചു
          പാടുവതെല്ലാ മെന്റെ
          ഗാഢമാം മനസ്സിന്റെ
          ഭാവരൂപത്തെത്താനോ! 



________________________________________


* മുള പത്തുവർഷത്തിലൊരിക്കൽ മാത്രം പൂക്കുന്നു.









2009, നവംബർ 11, ബുധനാഴ്‌ച

എന്റെ ലോകം

എന്റെ ലോകം
                                                             



                                                                              




എന്റെ ലോകം എനിക്കു തിരിച്ചുതരു
നിങ്ങൾക്കാവട്ടെ,
അത്‌ മലറ്ത്തിവയ്ക്കപ്പെട്ട ലോകം!
തല കീഴ്മേൽമറിഞ്ഞ ലോകം!!


എന്റെ ഭൂമി എന്റെ ആകാശമായിരുന്നു
അവിടെ ഞാൻ എന്റെ കരുത്തുകൾ കുഴിച്ചിട്ടു
സ്വന്തം ജനിയിൽനിന്നൂറിയ
ചിന്താമഗ്നമായ ഉറവകളിൽ
അവ വളർന്ന് നക്ഷത്രങ്ങളായി ചിതറിക്കിടന്നു
ഞാൻ വിതച്ച നിശ്ശ്വാസങ്ങൾ പൂത്തതുപോലെ.
താളങ്ങളുടെ പൂമ്പാറ്റകൾ പറന്നുനടന്നിരുന്നു,
ഹൃദയത്തെ മുട്ടിയുരുമ്മി മന്ത്രിച്ചുകൊണ്ട്‌.
കാണാമറയത്തുനിന്നെത്തിയിരുന്ന കാറ്റ്‌
കാണാതിർത്തികളിലേക്കുതന്നെ വീശിയിരുന്നു





അവിടെ നിത്യതയുടെ പച്ചപ്പുതപ്പ്‌ വലിച്ചു ചുറ്റി
സംവേദനത്തിന്റെ അതികായരായ മരങ്ങൾ
വനമാകാതെ അംബരചുംബികളായി നിന്നിരുന്നു,
സുതാര്യതയുടെ കണ്ണാടിക്കയങ്ങളിലേക്ക്‌
പ്രതിഫലിച്ചുകൊണ്ട്‌


മുകുളങ്ങളുടെ അനുഷ്ടാനങ്ങളിലൂടെ,
നിറങ്ങുളുടെ ഇലകളെയും ദളങ്ങളെയും
വിരിയിച്ചുകൊണ്ടിരുന്നു. പിന്നീട്‌,
വേനൽരശ്മികളുടെ സൂചിക്കുത്തുകളാൽ
പക്വങ്ങളാക്കി, ജന്മങ്ങളൊരുക്കിയിരുന്നു.



ആഴങ്ങളിലും അപ്പുറങ്ങളിലും നിന്നുമുള്ള
സന്ദേശങ്ങളുമായി
വികാരസാഗരങ്ങൾക്കു കുറുകെ
വെള്ളിലപ്പക്ഷികൾ വെളിച്ചത്തിലേക്ക്‌
പറന്നകന്നിരുന്നു, പിന്നീട്‌,
അവയുടെ നിഷ്ക്കളങ്കമായ
ശുഭ്രതയിൽത്തന്നെ മറഞ്ഞിരുന്നു.



എന്റെ ലോകത്തിനുമേൽ നിങ്ങൾ കമഴ്ത്തിവച്ച
നിങ്ങളുടെ ലോകം എടുത്തുമാറ്റു!
കനകപരാഗങ്ങൾ പേറി
പൂമ്പാറ്റകൾ പറക്കട്ടെ
എന്റെ ഭൂമിയിലെ വൈഡൂര്യങ്ങൾ
ഞാൻ പെറുക്കട്ടെ!!


2009, നവംബർ 6, വെള്ളിയാഴ്‌ച

ഇഷ്ടസാനുക്കൾ








  ഇഷ്ടസാനുക്കൾ 

                                 സാനുക്കള്‍ 


മാധവമാസത്തിന്റെ
മന്ദഹാസമായ്‌ വർണ്ണ
മാധുരി വളർത്തുന്ന
വസന്താഗമനത്തിലും,
കാർമുകിൽച്ചുരുളുകൾ
വന്യമായഴിച്ചിട്ട
വാർമുടിയുലച്ചെത്തും
വർഷത്തിൻ വരവിലും,
ഹേമന്തനിശ്വാസാർദ്ദ്ര
ഹിമബിന്ദുഗോളങ്ങൾ
വ്യോമേന്ദുബിംമ്പങ്ങളെ
ത്താരാട്ടും ശൈത്യത്തിലും,




സ്വഛ്ചമാം സാനുക്കളാ-
ണെന്നിടം, ഇവിടുത്തെ
പച്ചയാം വിരിപ്പിട്ട
പീഠഭൂമിയിൽ നിന്നും
ഒന്നുനോക്കിയാൽ കാണാ-
മിത്രയും വഴി വന്ന
കുന്നുകൾ, ഗർത്തങ്ങളും
ശാദ്വലദേശങ്ങളും,
പിന്നിനിപ്പോകേണ്ടുന്ന
പാതകൾ, ദൂരെക്കാണും
സന്നിധാനത്തിലെ
പ്പൊന്നമ്പലം നിൽക്കും മേട്ടിൽ,
സ്വർണകാന്തിയിലുയിർ-
ക്കൊള്ളുമപ്പുലരിയും
വർണ്ണസന്ധ്യകൾ വിണ്ണിൻ
കുന്നേറി മായുന്നതും
വിണ്ണിലായ്‌ ത്തുഴയുന്ന
വെള്ളിനീർപ്പറവകൾ,
കണ്ണിമ ചിമ്മിക്കൊണ്ടു
താരകൾ, പിറവി തൻ
ദെണ്ണവും പേറിക്കൊണ്ടു
രാവുകൾ, പിറക്കും പൊ-
ന്നു ണ്ണിയാം ശശി പ്പൈതൽ
പൊഴിക്കും പാൽപ്പുഞ്ചിരി.


                                 താഴ്വാരം


സുകൃതക്ഷയം പൂണ്ട
താഴ്‌വരയാണെങ്കിലോ
വികൃതം ചതുപ്പിന്റെ
പാഴ്‌നിലമായിത്തീർന്നു.
തങ്ങളിൽ കെട്ടിപ്പിണഞ്ഞ-
ന്യോന്യം വിഴുങ്ങുന്ന
വിങ്ങലില്‍  പുളയുന്ന
ദുർനാഗവൃത്തങ്ങളും ,
പകയും കാമക്രോധ
വഹ്നിയും വമിക്കുന്ന
പുകയും കരിക്കുന്ന
കൂരകൾ, കബന്ധങ്ങൾ,
ദുരയാൽ പടുത്തോരു
നഗരങ്ങൾ, മേടകൾ
നുരയുമാ ലഹരിയിൽ
സമ്പന്നവീടുകൾ,
ഇരയെത്തേടും വേടൻ,
ഭയാക്രാന്ത പേടയും,
കരുണതൻ നേർക്ക-
ടഞ്ഞീടും കവാടങ്ങളും!




സ്വഛ്ചമാം സാനുക്കളാ-
ണെന്നിടം ഇദ്ദിക്കിലെ
പച്ചയാം വിരിപ്പിട്ട
ശീതഭൂമിതൻ മാറിൽ-
നിന്നു പാടുവാൻ, ഒരു
ചുവടാടുവാൻ, എനി
ക്കൊന്നു കൂടുവാൻ, ഒരു
 കൂടു ഞാനൊരുക്കട്ടെ!!

2009, നവംബർ 3, ചൊവ്വാഴ്ച

നിമിഷങ്ങൾ, നിമിഷങ്ങൾ !!


                                                                       

വിസ്റ്റ ക്ലോക്കിന്റെ കരിവദനത്തിലെ ശോണസൂചി എന്നെ ത്രണവൽക്കരിച്ചുകൊണ്ട്‌ നിമിഷങ്ങളെ കടന്നുകയറുന്നു. കാലഗരുഡന്റെ ഈ ചിറകടികൾ എന്റെ മുഖത്തടിക്കുകയാണ്‌. എന്തിനാണീ നിമിഷങ്ങൾ?


അനാദ്യന്ത പ്രയാണത്തിൽ
വിനാഴികകളെന്തിനായ്‌
ആഴിപ്പരപ്പിൽ നാട്ടാനായ്‌
നാഴികക്കല്ലു വേണമോ?

വേണമോ?
Powered By Blogger