2009, നവംബർ 6, വെള്ളിയാഴ്‌ച

ഇഷ്ടസാനുക്കൾ








  ഇഷ്ടസാനുക്കൾ 

                                 സാനുക്കള്‍ 


മാധവമാസത്തിന്റെ
മന്ദഹാസമായ്‌ വർണ്ണ
മാധുരി വളർത്തുന്ന
വസന്താഗമനത്തിലും,
കാർമുകിൽച്ചുരുളുകൾ
വന്യമായഴിച്ചിട്ട
വാർമുടിയുലച്ചെത്തും
വർഷത്തിൻ വരവിലും,
ഹേമന്തനിശ്വാസാർദ്ദ്ര
ഹിമബിന്ദുഗോളങ്ങൾ
വ്യോമേന്ദുബിംമ്പങ്ങളെ
ത്താരാട്ടും ശൈത്യത്തിലും,




സ്വഛ്ചമാം സാനുക്കളാ-
ണെന്നിടം, ഇവിടുത്തെ
പച്ചയാം വിരിപ്പിട്ട
പീഠഭൂമിയിൽ നിന്നും
ഒന്നുനോക്കിയാൽ കാണാ-
മിത്രയും വഴി വന്ന
കുന്നുകൾ, ഗർത്തങ്ങളും
ശാദ്വലദേശങ്ങളും,
പിന്നിനിപ്പോകേണ്ടുന്ന
പാതകൾ, ദൂരെക്കാണും
സന്നിധാനത്തിലെ
പ്പൊന്നമ്പലം നിൽക്കും മേട്ടിൽ,
സ്വർണകാന്തിയിലുയിർ-
ക്കൊള്ളുമപ്പുലരിയും
വർണ്ണസന്ധ്യകൾ വിണ്ണിൻ
കുന്നേറി മായുന്നതും
വിണ്ണിലായ്‌ ത്തുഴയുന്ന
വെള്ളിനീർപ്പറവകൾ,
കണ്ണിമ ചിമ്മിക്കൊണ്ടു
താരകൾ, പിറവി തൻ
ദെണ്ണവും പേറിക്കൊണ്ടു
രാവുകൾ, പിറക്കും പൊ-
ന്നു ണ്ണിയാം ശശി പ്പൈതൽ
പൊഴിക്കും പാൽപ്പുഞ്ചിരി.


                                 താഴ്വാരം


സുകൃതക്ഷയം പൂണ്ട
താഴ്‌വരയാണെങ്കിലോ
വികൃതം ചതുപ്പിന്റെ
പാഴ്‌നിലമായിത്തീർന്നു.
തങ്ങളിൽ കെട്ടിപ്പിണഞ്ഞ-
ന്യോന്യം വിഴുങ്ങുന്ന
വിങ്ങലില്‍  പുളയുന്ന
ദുർനാഗവൃത്തങ്ങളും ,
പകയും കാമക്രോധ
വഹ്നിയും വമിക്കുന്ന
പുകയും കരിക്കുന്ന
കൂരകൾ, കബന്ധങ്ങൾ,
ദുരയാൽ പടുത്തോരു
നഗരങ്ങൾ, മേടകൾ
നുരയുമാ ലഹരിയിൽ
സമ്പന്നവീടുകൾ,
ഇരയെത്തേടും വേടൻ,
ഭയാക്രാന്ത പേടയും,
കരുണതൻ നേർക്ക-
ടഞ്ഞീടും കവാടങ്ങളും!




സ്വഛ്ചമാം സാനുക്കളാ-
ണെന്നിടം ഇദ്ദിക്കിലെ
പച്ചയാം വിരിപ്പിട്ട
ശീതഭൂമിതൻ മാറിൽ-
നിന്നു പാടുവാൻ, ഒരു
ചുവടാടുവാൻ, എനി
ക്കൊന്നു കൂടുവാൻ, ഒരു
 കൂടു ഞാനൊരുക്കട്ടെ!!

6 അഭിപ്രായങ്ങൾ:

  1. ഒരു സിംഫണി പോലെ സുന്ദരം..പക്ഷെ ഹിമബിന്ദു ഗോളങ്ങൾ എന്ന പ്രയോഗം ശരിയായി തോന്നിയില്ല..അതുപൊലെ ഇന്ദുബിംബങ്ങൾ എന്ന ബഹുവചനവും...ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  2. മഞ്ഞുതുള്ളികൾ ഗോളമോ സമാനരൂപത്തിലോ അനവധി കാണുന്നതിൽ ഓരോന്നിലും ചന്ദ്രൻ പ്രതിഫലിച്ചു കാണുന്നു. അങ്ങിനെ പല ബിംമ്പങ്ങൾ; അതുകൊണ്ടു ബഹുവചന പ്രയോഗം.ഓരോ തുള്ളിയുടെ ഗോളത്തിലും ബിംമ്പിച്ചുകാണുന്ന കൊച്ചു ചന്ദ്രബിംമ്പത്തെ ശിശുവിനെയെന്നപോലെ താരാട്ടുന്ന മാതൃ ബിന്ദുക്കൾ. സമാധാനത്തോടെ കുടുംമ്പജീവിതം നയിക്കുന്ന ജനതതിയെ ഇവിടെ ഭംഗ്യന്തരേണ സൂചിപ്പിക്കുന്നു.

    വളരെ നന്ദി, താരകൻ!

    മറുപടിഇല്ലാതാക്കൂ
  3. കവിതയുടെ ഇന്ദു കാന്തി ഇപ്പോഴാണ് തെളിഞ്ഞു കിട്ടിയത്.മണ്ണിലെ മഞ്ഞു തുള്ളീകളിൽ മാനത്തെ മതിബിംബത്തിന്റെ അനേകം ‘ഫോട്ടോസ്റ്റാറ്റ്’കോപ്പികളെടുത്ത കവിതയുടെ മായാജാലത്തിന് നമോവാകം.പിന്നെ ഒരു ഗസറ്റഡ് ഓഫീസറൊന്നുമല്ലെങ്കിലും ഓരോ ഫോട്ടൊ കോപ്പിയും ഒപ്പും സീലും വച്ച് ഒരു ആസ്വാദകനെന്ന നിലയിൽ ഇതാ ഞാ‍ൻ അറ്റസ്റ്റ് ചെയ്യുന്നു.good.
    ബൈ ..ഓകെ..സീയൂ..

    മറുപടിഇല്ലാതാക്കൂ
  4. നല്ല കവിത.

    മുന്‍‌കുറിപ്പ് ആവശ്യമായിരുന്നൊ?

    മറുപടിഇല്ലാതാക്കൂ
  5. വേണ്ടവരേക്കൂടി കൂട്ടാമെന്നു കരുതി. ആവശ്യമായില്ല എന്നറിയുന്നതിൽ സന്തോഷിക്കുന്നു

    നന്ദി, വല്ല്യമ്മായി.

    മറുപടിഇല്ലാതാക്കൂ

Powered By Blogger