2010, ഡിസംബർ 19, ഞായറാഴ്‌ച

അയോദ്ധ്യയുടെ യുദ്ധകാണ്ഡം


അയോദ്ധ്യയുടെ യുദ്ധകാണ്ഡം


ഡോ. ഗോപാൽ ഉണ്ണീകൃഷ്ണ

ത്രേതായുഗം മുതൽ ഉരുത്തിരിഞ്ഞ ചരിത്രം അയോദ്ധ്യയുടെ നീണ്ടു വളഞ്ഞ രാജവീഥികളിലും ഉപ വീഥികളിലും ഉറങ്ങിക്കിടക്കുന്നു. ശ്രീരാമപാദം തഴുകിയൊഴുകിയ സരയൂനദിയിലൂടെ എത്രയോ ഹിമവൽജന്യ ജലം സാഗരാഭിമുഖം പ്രയാണം ചെയ്തിരിക്കുന്നു. രാജ,പ്രജ വ്യത്യാസമില്ലാതെ സുഖ,ദുഃഖ പൂരിതമായ, മനുഷ്യ ജന്മ കഥാനുഗായിയായിരുന്നു ആ ഭഗവൽ ജന്മം പോലും! ഒരു ജനതയുടെ മുഴുവൻ വിശ്വാസകേന്ദ്രമായ ആ ന്മസ്ഥലിയും അവിടെ നൂറ്റാണ്ടുകളുടെ ഭക്തി പടുത്തുർത്തിയ ക്ഷേത്രത്തിന്റെ കഥയും ഭഗവൽജന്മത്തെപ്പോലെ തന്നെ സുഖ,ദുഃഖ സമ്മിശ്രമാണ്. ഭാരതത്തിന്റെ നാനാദിശകളിൽനിന്നും വീശി എത്തിയിരുന്ന ഭക്തിവാതത്തിന്റെ സുഖാലസ്യത്തിൽ സരയുവിന്റെ ശാന്തപ്രവാഹംപോലെ നൂറ്റാണ്ടുകൾ പിന്നിട്ട ബാലകാണ്ഡത്തിനു ശേഷം ആ ജന്മസ്ഥലിയും അതു രേഖപ്പെടുത്തുന്ന രാമക്ഷേത്രത്തിന്റെയും കാലഗതിയിലെ യുദ്ധകാണ്ഡം തുടങ്ങുകയായി. ഇടിവെട്ടുന്ന പീരങ്കികളും ഭൂമിയെ വിറപ്പിക്കുന്ന അശ്വഘോഷങ്ങളുമായി വടക്കുപടിഞ്ഞാറൻ ഹിമാലയ ചുരങ്ങളിലൂടെ മുഗൾ സൈന്യം നയിച്ച് ബാബർ എത്തുന്നു, 16 ആം നൂറ്റാണ്ടിൽ. ഇന്ന് 21 ആം നൂറ്റാണ്ടിൽ എത്തിനിൽക്കുമ്പോഴും തീരുന്നില്ല ആ യുദ്ധകാണ്ഡം.. യുഗങ്ങളുടെ കാലഗണനയിൽ നൂറ്റാണ്ടുകൾ വെറും വാസരങ്ങൾ മാത്രമാണല്ലൊ.


അയോദ്ധ്യ

ഉത്തർപ്രദേശിലെ ഫൈസബാദ് ജില്ലയിൽ സരയൂ നദിയുടെ വലതുകരയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറുപട്ടണമാണ് അയോദ്ധ്യ.. ഗംഗാനദിയുടെ പോഷകനദിയായ ഘാഘരയുടെ( Ghaghara River) കൈവഴിയായോ നദിയായിത്തന്നെയൊ കരുതപ്പെടുന്ന സരയൂനദി, ഹിമാലയ സാനുക്കളിൽ കുമാ‍ഓൺ- നേപ്പാൾ മലയിടുക്കളിൽനിന്നും ഉത്ഭവിക്കുന്നു. അഥർവ്വവേദത്തിൽ ( ബി.സി.ഇ.(Before Common Era)12-10 ശതകം) സരയൂനദിയെക്കുറിച്ചു പരാമർശമുണ്ട്.. പ്രാചീന ആര്യവർഗ്ഗത്തിന്റെ സൂര്യവംശ രാജകുലത്തിലെ രാജാവായിരുന്ന അയുദ്ധൻ ( അജയ്യൻ എന്ന് അർഥം) സ്ഥാപിച്ചതാണു അയോദ്ധ്യ എന്നാണു വിശ്വാസം. ഭഗവാൻ ശ്രീരാമന്റെ പിതാവായ ദശരഥൻ സൂര്യകുലത്തിലെ 63‌‌ ‌‌‌ആം രാജാവായിരുന്നു. ദശരഥന്റെ മുൻ‌ഗാമിയായിരുന്ന കൌസല രാജാവ് താൻ സ്ഥാപിച്ച കോസല രാജ്യത്തിന്റെ തലസ്ഥാനമാക്കി, അഥർവ്വവേദത്തിൽ വിശേഷിപ്പിക്കുന്നതുപോലെ “ ദൈവങ്ങൾ നിർമ്മിച്ച സ്വർഗ്ഗമായി അയോദ്ധ്യയെ വികസിപ്പിച്ചുവത്രെ . അന്നത്തെ അയോദ്ധ്യയ്ക്കു 250 ച.കി..മീ വിസ്തൃതി ഉണ്ടായിരുന്നതായിട്ടാണ് പുരാണങ്ങൾ പറയുന്നത്. (ഇന്നാകട്ടെ,, 10.24 ച.കി.മീ.മാത്രം).

സി.ഇ. (Common Era)127 ൽ കനിഷ്കരാജാവ് അയോദ്ധ്യ പിടിച്ചടക്കിയതോടെ, പിന്നീട് 6‌ ആം ശതകം വരെ ഇവിടം സാകേതം എന്നാണു അറിയപ്പെട്ടിരുന്നത്. എന്നാൽ കനിഷ്ക്കന്മാർ ക്ഷയിച്ചതോടെ ഇവിടം അയോദ്ധ്യ എന്ന പൂർവ്വനാമം വീണ്ടെടുത്തു. ഹിന്ദുമത വിശ്വാസികളുടെ ഏഴ് പുണ്യനഗരികളിൽ ഒന്നാണു അയോദ്ധ്യ

“അയോദ്ധ്യാ, മഥുര,മായാ,കാശി, കാഞ്ചി, അവന്തികാപുരി, ദ്വാരാവതി, ചൈവ സപ്തതെ മോക്ഷദായിക”
( മായ =ഹരിദ്വാർ; അവന്തികാപുരി= ഉജ്ജ്യയിനി; ദ്വാരാവതി= ദ്വാരക)

അതേസമയം, അയോദ്ധ്യ ബുദ്ധ,ജൈവ മതങ്ങളുടെ പ്രധാന കേന്ദ്രവുമായിരുന്നു. ശ്രീബുദ്ധൻ പലപ്രാവശ്യം അയോദ്ധ്യ സന്ദർശിച്ചിരുന്നതായി ചീന സഞ്ചാരി ഫാബിയാൻ (സി.ഇ.4‌‌ ‌ആം ശതകം) രേഖപ്പെടുത്തുന്നുണ്ട്.. ആദ്യ ജൈന തീർഥങ്കരനായ ശ്രീ ഋഷഭദേവൻ ഉൾപ്പെടെ 5 തീർഥങ്കരന്മാരുടെ സ്വദേശമാണ് അയോദ്ധ്യ..മൌര്യ, ഗുപ്ത സാമ്രാജ്യ കാലങ്ങളിൽ പുറം‌രാജ്യങ്ങളിൽ സാകേതമെന്ന് അറിയപ്പെട്ടിരുന്ന അയോദ്ധ്യ വാണിജ്യപ്രധാനമായ ദേശവുമായിരുന്നു. ഇതിന്റെ ചില സൂചകങ്ങൾ കൊറിയൻ ചരിത്രത്തിൽനിന്നും ലഭിയ്ക്കുന്നുണ്ട്.. സി.ഇ. 48 ൽ ഭാരതത്തിൽനിന്നും കപ്പൽ വഴി കൊറിയയിൽ എത്തിയ സംഗുക് യുസ (Samguk Yusa) ( സംയുക്ത ഉഷ?) എന്ന രാജകുമാരി അവിടുത്തെ രാജാവിനെ വിവാഹം കഴിക്കുകയും ഹിയോ ഹ്വാങ്-ഒകെ ( Heo Hwang-ok) എന്ന കൊറിയൻ നാമം സ്വീകരിച്ച്, Geumgwan Gaya രാജകുലം സ്ഥാപിച്ചുവെന്നും ഒരു കൊറിയൻ ഐതിഹ്യം.ഉണ്ട്. കൊറിയൻ കിം (Kim) കുടുംബം ഇവരുടെ പിൻ‌തുടർച്ചക്കാർ ആണത്രെ. Kimhae എന്നും Heo എന്നും വംശനാമങ്ങൾ അവിടെ ഇന്നും തുടരുന്നു.

സൂര്യവംശം ഋഗ്വേദ കാലത്തുള്ള( ബി.സി.ഇ. 15‌ ‌‌ആം ശതകം) പ്രബല ഗോത്രവർഗ്ഗ രാജകുലമാണെന്നെതിനാലും, രാമൻ,സീത, ദശരഥൻ,,ജനകൻ, വസിഷ്ടൻ, വിശ്വാമിത്രൻ, ഈ നാമങ്ങൾ എല്ലാംതന്നെ വേദത്തിൽ കാണപ്പെടുന്നതിനാലും രാമായണ കഥാ സംഭവങ്ങൾ ഋഗ്വേദ കാലത്തിനു മുമ്പുണ്ടായതാണെന്നു അനുമാനിക്കാം. എന്നാൽ രാമയണ കഥാഖ്യാനം ഋഗ്വേദത്തിലില്ല. ഒരു ഇതിഹാസമായി രാമായണ കഥ രൂപപ്പെടുന്നതും രേഖപ്പെടുന്നതും കാലങ്ങൾ കഴിഞ്ഞ് ബി.സി.ഇ.8 മുതൽ 4 ലാം ശതകത്തിനിടയിലുള്ള കാലത്താണ് ( 8-7 ശതകം: A.L.Basham; 4‌ആം ശതകം:D Sankalia:). സി.ഇ.ഒന്നാം ശതകത്തിൽ തന്നെ അയോദ്ധ്യയിൽ രാമജന്മഭൂമി സ്മരണാർഥമായി നിർമ്മിച്ച ക്ഷേത്രം നിലവിലുണ്ടായിരുന്നതായി അക്കാലത്തേതെന്നു കരുതുന്ന സ്കണ്ഡപുരാണത്തിൽ നിന്നും മനസ്സിലാക്കാം.

ബാബറി മസ്ജിദ്

1525 ൽ ഭാരതത്തിൽ എത്തിയ ബാബർ ആദ്യം പാനിപ്പാട്ടു യുദ്ധത്തിൽ ഇബ്രാഹിം ലോദിയെയും,പിന്നീട് ഖൻ‌വാ യുദ്ധത്തിൽ ചിത്തോർഗാഡിലെ റാണാ സംഗ്രാം സിങ്ങിനെയും പീരങ്കികളുടെയും കുതിരപ്പട്ടാളത്തിന്റെയും സഹായത്തോടെ തോൽ‌പ്പിച്ച് ഉത്തരഭാരതത്തിൽ തന്റെ ആധിപത്യം ഉറപ്പിച്ചു. തുടർന്നു, വ്യാപകമായ തോതിൽ മുസ്ലീം മത പ്രചരണാർത്ഥം പ്രധാന ഹിന്ദുക്ഷേത്രങ്ങൾ നശിപ്പിച്ച് അവിടെയെല്ലാം തന്നെ പള്ളികൾ പണിയുന്ന ഉദ്യമം തുടങ്ങിവെച്ചു.
( Mirza Jan, Hadiqa-i Shahada (“The garden of martyrdom”),1856, Lucknow,) 1528 ൽ തന്റെ ഒരു ജനറൽ ആയിരുന്ന മിർ ബകിയെ അയോദ്ധ്യയിലേക്കു അയക്കുകയും ( മിർ ബകി അപേക്ഷിച്ചതനുസരിച്ചാണെന്നും പറയുന്നു) ക്ഷേത്രം നിന്നിരുന്ന സ്ഥലത്തുതന്നെ "ജന്മസ്ഥാൻ പള്ളി" എന്ന പേരിൽ പള്ളി പണി തുടങ്ങുകയും പണി മുഴുമിപ്പിച്ചപ്പോൾ 'ബാബറി പള്ളി" എന്നു പുനർനാമകരണം ചെയ്തതായും പറയുന്നു. അന്നത്തെ ഏറ്റവും വലിയ പള്ളിയായിരുന്നു അതെന്നാണു പറയപ്പെടുന്നത്. തുടക്കത്തിൽ നാമമാത്രമായ ആരാധന നടന്നിരുന്നുവങ്കിലും, മുസ്ലീം മതസ്ഥർ ന്നു കുറവായിരുന്നതിനാലും മറ്റ് ആരാധനാലയങ്ങൾക്കുമേൽ നിർമ്മിച്ച പള്ളികളിൽ ആരാധന നടത്തുന്നത് മുസ്ലീം മതവിശ്വാസമനുസരിച്ചു നിഷിദ്ധമായതിനാലുമാവാം ഈ പള്ളിയിൽ ഒരിക്കലും നിർവിഘ്നമായ ആരാധന നടന്നിരുന്നില്ല. 1936 നു ശേഷം പള്ളി ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ദിവസം അഞ്ചുനേരം നിസ്കരിക്കുന്നതുകൊണ്ട് മുസ്ലിമുകൾക്കു പള്ളിയിലെ ആരാധന ഒഴിച്ചുകൂടാൻപാടില്ലാത്തതല്ലെന്നും അതിനു രണ്ടാംതരം പ്രാധാന്യമേയുള്ളെന്നുതുമാവാം. 

സമീപകാല ചരിത്രം

Joseph Tieffenhaler എന്ന ഫ്രെഞ്ച് ജെസ്യൂട് പുരോഹിതൻ 1788 ൽ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിലാണ് ബാബറി മസ്ജിദ് രാമജന്മസ്ഥലത്താണു സ്ഥിതിചെയ്യുന്നതെന്ന വാസ്തവം സമീപകാലത്ത് ആദ്യമായി 
അറിയപ്പെടുന്നത്. അതിൽ പറയുന്നു: “ ഔറങ്ങ്സേബ് ചക്രവർത്തി[?] അയോദ്ധ്യയിൽ രാംകോട്ട് എന്ന കോട്ട തകർക്കുകയും തൽ‌സ്ഥാനത്ത് മൂന്നു കുപ്പോളകൾ ( കുംഭഗോപുരങ്ങൾ) ഉള്ള ഒരു പള്ളി പണിയുകയും, പിന്നീട് ഹിന്ദുക്കൾ ജഹാംഗീർ ചക്രവർത്തിയുടെ കാലത്തും ഇതുപോലെ ഉണ്ടായ ക്ഷേത്ര ധ്വംസനങ്ങളെ ചെറുത്തിരുന്നതുപോലെ ഔറംഗസേബിന്റെ മരണാനന്തരം 1707 ൽ പല യുദ്ധങ്ങൾ നടത്തി വീണ്ടെടുത്ത് വീണ്ടും കോട്ടകെട്ടി സംരക്ഷിക്കുകയും ചെയ്തു.“[ ബാബറിനു ശേഷവും നശിപ്പിക്കലും വീണ്ടെടുക്കലും ചെറു യുദ്ധങ്ങൾ തന്നെയും പല പ്രാവശ്യവും നടന്നിരുന്നതായി തോന്നുന്നു.] 1767 ൽ ഇവിടെ രാമനവമി ആഘോഷിക്കുന്നത് അദ്ദേഹം രേഖപ്പെടുത്തുന്നു. പിന്നീട് 1885 വരെയും രാംകോട്ട് എന്നറിയപ്പെട്ടിരുന്ന രാമജന്മഭൂമി ക്ഷേത്രത്തിൽ ആരാധന തുടർന്നിരുന്നുവെന്നും 1857 ൽ നടന്ന


ശിപായിലഹളയെ തുടർന്നു 1859 ൽ ബ്രിട്ടീഷുകാർ ഇവിടെ പള്ളിയുടെ വശത്ത് കൈവരി-മതിൽ കെട്ടുകയും പുറത്ത് ഒരു പ്ലാറ്റ്ഫോം നിർമ്മിച്ച് അവിടെ ഹിന്ദുക്കൾക്ക് ആരാധനാസൌകര്യം ഒരുക്കിയതായും ജില്ലാ കമ്മീഷണറായിരുന്ന P.Carnegy യുടെ 1870 ലെ ഭരണ രേഖകളിൽ കാണുന്നു. 1858 ൽ പള്ളിയുടെ മുവാസ്സിൻ ( Muassin) സർക്കാരിനയച്ച ഒരു ഹർജിയിൽ ഹിന്ദുക്കൾ പള്ളിയുടെ മുറ്റത്ത് വളരെക്കാലമായി ആരാധന നടത്തുന്നതാണെന്നു പ്രസ്താവിക്കുന്നുണ്ട്. 1905 ലെ ജില്ലാ ഗസറ്റിയറിലും ഇതു പറയുന്നുണ്ട്: “പള്ളിയുടെ മുൻപിൽ ഒരു അടച്ചുകെട്ടുണ്ടാക്കി (enclosure) അവിടെ ഹിന്ദുക്കൾ പടുത്ത ഒരു പ്ലാറ്റ്ഫോമിൽ ആരാധന നടത്തുന്നു.”.


കോർട്ട്‌ കേസുകൾ


അയോദ്ധ്യ രാമജന്മഭുമി-ബാബറി മസ്ജിദ്‌ തർക്കവിഷയം സംബന്ധിച്ച കോർട്ടു കേസുകൾക്കു 1885 മുതലുള്ള ചരിത്രമാണ്‌. ആ വർഷം ജനുവരി 19 ന്‌ ജന്മസ്ഥാൻ പൂജാരി (മഹന്ത്‌) ആയിരുന്ന രഘുബീർ പ്രസാദ്‌ രാമജന്മസ്ഥലമായിക്കരുതുന്ന ചബൂത്രയിൽ രാമക്ഷേത്രം പണിയാൻ അനുമതി തേടി ഫൈസാബാദ്‌ സബ്കോടതിയിൽ കേസ്‌ ഫയൽ ചെയ്തു. ഒരു ബ്രാഹ്മണനായിരുന്ന സബ്ജഡ്ജി പണ്ഡിറ്റ്‌ ഹരികിഷൻ ഫെബ്ര്യ്‌വരി 24 നു തന്നെ പ്രസ്താവിച്ച വിധിയിൽ, ചബൂത്ര ഇരിക്കുന്ന സ്ഥലം വാദിക്ക്‌ അവകാശപ്പെട്ടതാണെങ്കിലും അത്‌ ബാബറി മസ്ജിദിനോട്‌ ചേർന്ന സ്ഥലമായിരിക്കുന്നതിനാൽ തൊട്ടടുത്ത്‌ അന്യമത ആരാധനാലയങ്ങൾ പാടില്ല എന്ന സർക്കാർ നയത്തിനു വിരുദ്ധമാകുമന്നു കാണിച്ച്‌ അനുമതി നിഷേധിച്ച്‌ കേസ്‌ തള്ളി. തുടർന്ന് രഘുബീർ ഫൈസാബാദ്‌ ജില്ലാക്കോടതിയിൽ അപ്പീൽ കൊടുത്തു . ജഡ്ജി Col.J.E.A. Chambier 1886 മാർച്ച്‌ 17 നു സ്ഥലം പരിശോധിച്ചതിനുശേഷം പുറപ്പെടുവിച്ച വിധിയിൽ പറയുന്നു:
"ബാബർ ചക്രവർത്തി നിർമ്മിച്ച മസ്ജിദ്‌ അയോദ്ധ്യാ നഗരിയുടെ അതിർത്തിയിലാണെന്നു കാണുന്നു....ഹിന്ദുക്കൾ പാവനമെന്നു കരുതുന്ന സ്ഥലത്തുതന്നെ പള്ളി പണിതത്‌ നിർഭാഗ്യകരമായിപ്പോയി. എന്നാൽ 356 വർഷങ്ങൾക്കു മുൻപാണതു നടന്നത്‌ അതിനാൽ ഇപ്പോൾ പരിഹരിക്കുവാൻ കഴിയാത്തവണ്ണം താമസിച്ചുപോയി. വർത്തമാന സ്ഥിതി തുടരുകയേ നിർവ്വാഹമുള്ളു".
വർത്തമാനസ്ഥിതിയിൽ ലേശം പോലും വ്യതിയാനം വേണ്ടെന്നുവച്ച്‌ മഹന്തിനു കീഴ്ക്കോടതി അംഗീകരിച്ച വസ്തുവിലെ അധികാരവും റദ്ദാക്കി. . കേസ്‌ ഉടനെതന്നെ ഔധ്‌ ജുഡീഷ്യൽ കമ്മീഷണർ W.Young ന്റെ പരിഗണനയ്ക്കെത്തുന്നു. അവിടെയും തഥൈവ. പക്ഷെ അനുകമ്പ ധാരാളം .1886 നവംബർ 1 ന്‌ കേസ്‌ തള്ളിക്കൊണ്ട്‌ ജഡ്ജ് Young പറയുന്നു:
" ബാബർ ചക്രവർത്തിയുടെ മതവിദ്വേഷവും നിഷ്ടുര ശാസനയും മൂലം ഹിന്ദുക്കളുടെ ഈ പാവന സ്ഥലം തന്നെ തിരഞ്ഞെടുത്ത്‌ നിർമ്മിച്ച ഈ പള്ളിയുടെ ചുറ്റുമതിലിന്നുള്ളിലാണ്‌ നിർദ്ദിഷ്ട സ്ഥലം. പള്ളിയുടെ പര്യന്തത്തിലുള്ള ചിലയിടങ്ങളിലേക്കു എത്തിച്ചേരൻ ഹിന്ദുക്കൾക്കിപ്പോഴുള്ള ചുരുങ്ങിയ അവകാശം വർദ്ധിപ്പിച്ചു സീതാ കീ രസോയി, രാമജന്മസ്ഥാനം എന്നീയിടങ്ങളിൽ ക്ഷേത്രം നിർമ്മിക്കുവാൻ അവർ വർഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നു".
ഇതോടുകൂടി ആദ്യത്തെ നിയമ യുദ്ധം സമാപിച്ചു. പിന്നീട്‌ 1934 ൽ അടുത്ത ഗ്രാമത്തിലുണ്ടായ ഒരു ഗോഹത്യയെത്തുടർന്നുണ്ടായ ലഹളയിൽ മസ്ജിദിന്റെ മധ്യ കുംഭഗോപുരത്തിനുണ്ടായ നാശം സർക്കാർ നികത്തിക്കൊടുത്ത സംഭവമൊഴിച്ചാൽ അടുത്ത 48 വർഷത്തേക്കു തർക്കം നിദ്രയിലാണ്ടു കിടന്നു.

പ്രശ്നം വീണ്ടും സജീവമാകുന്നത്‌ 1948 ലാണ്‌. സർക്കാർ ഉദ്യോഗസ്ഥതലത്തിൽ തർക്കത്തിലിടപെടുകയും ഒരു ഉത്തരവിലൂടെ പള്ളിയുടെ പ്രധാന വാതിൽ അടയ്ക്കുകയും മുസ്ലീമുകൾ അതിന്‌ 200 വാരയ്ക്കകത്തു പ്രവേശിക്കുന്നതു നിരോധിക്കുകയും വശത്തുള്ള ഒരു വാതിലിൽക്കൂടി ഹിന്ദുക്കൾക്കു അകത്ത്‌ ആരാധന അനുവദിക്കുകയും ചെയ്തു. അടുത്ത വർഷം, 1949 ഡീസംബർ 22/23 രാത്രിയിൽ പ്രധാന കുംഭഗൃഹത്തിനുള്ളിൽ ശ്രിരാമവിഗ്രഹം പ്രതിഷ്ടിക്കപ്പെട്ടു. മുസ്ലീമുകളുടെ പ്രതിഷേധത്തെ തുടർന്ന് ഇവിടം തർക്കസ്ഥലമായി പ്രഖാപിക്കുകയും പള്ളി അടയ്ക്കുകയും ചെയ്തു. എന്നാൽ പ്രതിഷ്ടിക്കപ്പെട്ട വിഗ്രഹങ്ങൾ മാറ്റാൻ ആരും ധൈര്യപ്പെട്ടില്ല, പ്രധാനമന്ത്രി നെഹ്രുവിന്റെ അതിനുള്ള നിർദ്ദേശം മുഖ്യമന്ത്രി ഗോവിന്ദ വല്ലഭ പന്തിന്‌ ഉണ്ടായിരുന്നിട്ടുകൂടി. അന്ന്ത്തെ ജില്ലാ മജിസ്ട്രേറ്റ് കെ കെ കെ നയ്യാർ വിഗ്രഹം മാറ്റാൻ കഴിയില്ലെന്നും വേണമെങ്കിൽ സ്ഥാനമൊഴിയുവാൻ സന്നദ്ധനണെന്നും അറിയിക്കുകയാണുണ്ടായത്‌. അലഹബാദ്‌ ഡിവിഷൺ കമ്മീഷണർ S.S.S Dar സർക്കാരിന്‌ എഴുതി: “സ്ഥിതിഗതികൾ പഠിക്കുകയും ചർച്ചചെയ്തതിനും ശേഷം വമ്പിച്ച ലഹള സാധ്യത കണക്കിലെടുത്ത് വിഗ്രഹങ്ങൾ തൽക്കാലം മാറ്റാതിരിക്കുകയാണ്‌ ആശാസ്യമെന്ന്‌ കരുതുന്നു. കുറച്ചുകാലത്തിനു ശേഷം സ്ഥിതി ശാന്തമായിക്കഴിഞ്ഞാൽ സ്ഥായിയായ പരിഹാരം കാണാം.“ അതുവരേക്കുമുള്ള നടപടിയായി ഡിസംബർ 29 നു അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്‌ തർക്കവസ്തു ഏറ്റെടുക്കുകയും മുൻസിപ്പൽ ബോർഡ്‌ ചെയർമാൻ പ്രിയ ദത്ത്‌ രാമിനെ റിസീവർ ആയി നിയമിക്കുകയും ചെയ്തു. തുടർന്നു, ഇന്നുവരെ തുടരുന്ന നിയമയുദ്ധത്തിനു തുടക്കം കുറിക്കുകയായിരുന്നു.

1950 ജനുവരി 16 ന്‌ സ്ഥലവാസിയായ ഗോപൽ സിങ്ങ്‌ വിശാരദ്‌ രാമവിഗ്രഹത്തിൽ ആരാധന നടത്താനുള്ള അവകാശത്തിനുവേണ്ടി ഫൈസാബാദ്‌ സിവിൽ കോടതിയിൽ ഹർജി സമർപ്പിച്ചു ( suit No. 2 of 1950). അതേവർഷം ഡിസംബർ 5 നു മഹന്ത്‌ പരമഹൻസ രാമചന്ദ്ര ദാസ്‌ ഇതേ ആവശ്യത്തിനു മറ്റൊരു കേസും ഫയൽ ചെയ്തു ( suit No. 25 0f 1950). ( ഈ കേസ്‌ നിരാശപൂണ്ട് 1990 ആഗസ്റ്റിൽ പിൻവലിക്കപ്പെട്ടു) ഈ കേസുകളിൽ സിവിൽ ജഡ്ജി N.N.Chadda ഒരു ഇടക്കാല ഉത്തരവിൽ പൊതുജനങ്ങൾക്ക്‌ പ്രവേശനമില്ലാതെ പൂജാരിക്കുമാത്രം പൂജ നടത്തനുള്ള അനുമതി നൾകി. ഈ വിധിക്കെതിരെ മറ്റൊരു സ്ഥലവാസിയയ മുഹമ്മദ്‌ ഹഷിമും കൂട്ടരും ഹൈക്കോടതിയിൽ റിട്ട്‌ കൊടുത്തു. 1955 ൽ വർത്തമാന സ്ഥിതി തുടരുവാൻ മാത്രം ഡിവിഷൻ ബെഞ്ച്‌ താൽക്കാലികമായി വിധിക്കുകയും അവസാന വിധി 6 മാസ്ത്തേക്കു മാറ്റി വെക്കുകയും ചെയ്തു. പക്ഷെ പിന്നീടൊന്നും സംഭവിച്ചില്ല. 1959 ൽ ഒരു ഹിന്ദു സംഘടനയായ നിർമോഹി അഖര തർക്കഭൂമിൽ അവകാശം കാണിച്ച്‌ അവരുടെ കേസ്‌ ഫയൽ ചെയ്തു( suit No. 26 of 1959) അതോടെ, ഇതുവരെ വ്യക്തികളായി നടത്തിയിരുന നിയമയുദ്ധം സംഘടനകളും ഏറ്റെടുത്തു. 1961 ഡിസംബർ 18 നു യു.പി. സുന്നി സെൻട്രൽ ബോർഡ്‌ ഒഫ്‌ വകഫ്‌ ( Sunni Central Board of Wakaf) തർക്കഭൂമിയുടെ അവകാശം ഉന്നയിച്ച് അവരുടെയും കേസ്‌ ഫയൽ ചെയ്തു ( suit No. 12 of 1961) എന്നാൽ സിവിൽ കോടതി നിയമിച്ച പുതിയ റിസീവർ സ്വീകാര്യനല്ലെന്നു തർക്കിച്ച്‌ തുടങ്ങിയ കേസുകൾ1986 വരെ നീണ്ടു. 1986 ഫെബ്രുവരി 2 നു ഫൈസാബാദ് ജില്ലാ ജഡ്ജി പൂട്ടിയിട്ടിരുന്ന പള്ളി തുറക്കുവാനും നടുവിലെ കുംഭഗൃഹത്തിലെ ശ്രീരാമവിഗ്രഹത്തിൽ ആരാധന നടത്തുവാനുള്ള തടസ്സങ്ങൾ മാറ്റുവാനും ഉത്തരവിട്ടു .സ്വാഭാവികമായും ഇതിനെതിരെയും കേസുണ്ടായി

അങ്ങനെയിരിക്കെ 1989 ജൂലൈ 1 നു,അലഹബാദ്‌ ഹൈക്കോടതിയിലെ മുൻ ജസ്റ്റീസായിരുന്ന ദിയോകി നന്ദൻ അഗർവ്വാൾ ഭഗവാൻ ശ്രീരാമനു വേണ്ടി ഭഗവാൻ ശ്രീരാം വിരാജ്മാൻ ഒന്നാം വാദിയായും ആസ്ഥാൻ ശ്രീരാം ജന്മഭൂമി അയോധ്യ രണ്ടാം വാദിയായും മൂന്നാംവാദിയുടെ സ്ഥാനത്ത്‌ അദ്ദേഹം തന്നെ "ദൈവതത്തിന്റെ അടുത്ത സുഹൃത്ത്‌' ( next friend of the deity) എന്ന നിയമാനുസൃത സംജ്ഞ അവലംബിച്ചും തർക്കവിഷയത്തിൽ പങ്കാളിയായി 5​‍ മത്തെ കേസ്‌ ഫയൽ ചെയ്തു അദ്ദേഹത്തിന്റെ മരണശേഷം ടി പി ശർമ്മയും അതിനുശേഷം ത്രിലോകിനാഥ്‌ പാണ്ടെയും കോടതി നിയമിച്ചനുസരിച്ച്‌ കേസ്‌ തുടർന്നു നടത്തി. അയോദ്ധ്യാ കേസിൽ 4 അവകാശ ഹർജികൾ സമർപ്പിച്ചു വാദം കേട്ടിരുന്നെങ്കിലും ഈ കേസ്‌ ഒന്നു മാത്രമാണ്‌ അലഹബാദ്‌ ഹൈക്കോടതി അവസാനം വിധിയിൽ സ്വീകരിച്ചതെന്നതിനാലും ഇതിലെ അഭിഭാഷകനായിരുന്ന മുൻ അഡീഷണൽ സൊളിസിറ്റർ ജനറൽ കെ.എൻ. ഭട്ട്‌ നിരത്തിയ വാദമുഖങ്ങൾ സവിശേഷമായതുകൊണ്ടും പ്രതിപാദിക്കണ്ടതുണ്ട്‌.. ആ വാദമുഖങ്ങളെ ഇങ്ങ്നെ സംഗ്രഹിക്കാം: 1. ഹിന്ദു ദൈവതം(deity) നിയമാനുസൃതമായ ഒരു വ്യക്തിയാണ്. ഈ തത്വം സുപ്രിം കോടതി, പ്രൈവീകൗൺസിൽ, എന്നീ ന്യായപീഠങ്ങൾ അംഗീകരിച്ചതായതിനാൽ ദൈവതത്തിനു വ്യക്തിപരമായി കേസ്‌ കൊടുക്കുവാനും വസ്തു ഉടമസ്ഥനാകുവാനും അവകാശമുണ്ട്‌. 2. ജന്മസ്ഥാൻ തന്നെ ഒരു ദൈവതമാണ് 3. കേസ്‌ കാലഹരണപ്പെട്ടിട്ടില്ല , കാരണം ,ദൈവതം, രാംലല്ല, ( ശൈശവസ്ഥായിയിലെ രാമൻ) നിത്യ ബാലാവസ്ഥയിലുള്ളതാണ് 4. ഒരു മൈനറുടെ മാനേജർക്കുള്ള അവകാശം ദൈവതത്തിന്റെ ചുമതലക്കാരനുണ്ട്‌. അതിനാൽ കോടതി. നിയമിക്കുന്ന' ' ദൈവത്തിന്റെ അടുത്ത സുഹൃത്ത്‌ ' എന്ന സ്ഥാനമേർപ്പെടുത്തി കേസ് നടത്താൻ അവകാശവുമുണ്ട്‌. 5. രാമജന്മഭുമി ആസ്ഥാനത്തിനു നിയമപരമായ സ്വത്വം ഉള്ളതും ക്ഷേത്രനിർമ്മാണത്തിനും വിഗ്രഹ പ്രതിഷ്ടയ്ക്കും മുൻപുതന്നെയും എപ്പോഴും ദൈവതാ സാന്നിദ്ധ്യവും സ്വത്വവും ഉള്ളതാണ്‌.. വിഗ്രഹമില്ലെങ്കിൽകൂടീ ദൈവികസ്വത്വവും സാന്നിദ്ധ്യവും ഉള്ളതായി കരുതുന്ന കേദാർന്നാഥ്‌, വൈഷ്ണോദേവി, ഗയ എന്നീ പുണ്യ സ്ഥലങ്ങൾ ഉദാഹരണം. ഈ വാദമുഖങ്ങളാണു പിന്നീട് കോടതി അംഗീകരിച്ചു വിധിയായത്. അങ്ങനെ ശ്രീരാമദേവന്റെ “അടുത്ത സുഹൃത്ത്” ആയി ദിയോകി നന്ദൻ അഗർവാൾ കൊടുത്ത ഹർജി, പുരാവസ്തു വകുപ്പിന്റെ ഖനന റിപ്പോർടിന്റെ കൂടെ അയോദ്ധ്യാകേസിൽ വിധിനിർണ്ണായകമായി. ഈ അവകാശഹർജി കൂടി വന്നതിനെത്തുടർന്ന് കീഴ്കോടതിയിൽ കാത്തുകിടക്കുന്ന ഈ വിഷയം സംബന്ധിച്ച പ്രധാന 5 കേസുകളും ഏറ്റെടുക്കണമെന്ന സർക്കാരിന്റെ അപേക്ഷ പരിഗണിച്ച് ഹൈക്കോടതി ലെക്നൌ ബെഞ്ച് അവ ഏറ്റെടുക്കകയും ഒരു മുസ്ലീം ജഡ്ജി ഉൾപ്പെടുന്ന മൂന്നംഗ പ്രത്യേക ബഞ്ചിനു വിടുകയും ചെയ്തു.

മസ്ജിദ് തകർക്കൽ


1991 ഒക്ടോബർ 10 നു തർക്കഭുമി അടങ്ങിയ 2.77 ഏക്കർ ഭൂമി കല്യാൺ സിംഗ്‌ സർക്കാർ ഏറ്റെടുത്തു. ഇതിനെതിരെ വന്ന റിറ്റ്‌ ഫർജിയിലെ സുപ്രീം കോടതിയുടെ ഇടക്കാല വിധിയിൽ ഏറ്റെടുക്കൽ അ‍ാഗികരിച്ചതിനെ തുടർന്ന് അത്രയും ഭൂമി കൈവശം എടുക്കുകയും ചെയ്തു. 1992 നവംബറിൽ റിട്ടുഹർജിയിലെ വാദം കേൾക്കൽ മുഴുമിച്ചെങ്കിലും വിധി പറയാനായി മാറ്റിവെച്ചു.

അപ്പോഴേക്കും രാഷ്ട്രീയാന്തരീക്ഷം സ്ഫോടനാത്മകമായിക്കഴിഞ്ഞിരുന്നു. 1992 ജൂലൈ യിൽ
ശിലന്യാസ്‌ സ്ഥലത്ത്‌ ( രാമവിഗ്രഹത്തിനു 200 വാര യകലെ )കർസേവ നടത്തി രാമക്ഷേത്രം പണിയുമെന്നു വിശ്വ ഹിന്ദു മഹാസഭ പ്രഖ്യാപിച്ചു പ്രധാന മന്ത്രി നരസിംഹ റാവു പരിഷത്തുമായും ബാബറി മസ്ജിദ്‌ ആക്ഷൺ കമ്മിറ്റിയുമായും നടത്തിയ ചർച്ചകൾ എങ്ങുമെത്താതെ പോകുന്നതായി ആരോപിച്ച്‌ പരിഷത്ത്‌ 1992 ഡിസംബർ 6 കർസേവ നടത്തുന്ന തീയതിയായി പ്രഖ്യാപിച്ചു. തർക്കവസ്തുവിൽ നിർമ്മാണം പടില്ലെന്ന സ്റ്റേയുടെ കാലാവധി തീരാറായതിനാൽ കേസിൽ വിധിപ്രസ്താവം ഉടനെ വേണമെന്നു യൂ.പി. അഡ്വക്കേറ്റ്‌ ജനറൽ അപേക്ഷിച്ചെങ്കിലും ഫലവത്തായില്ല. വിധിപ്രസ്താവം 1992 ഡിസംബർ 11 ലേക്കായി നിശ്ചയിച്ചു.

പിന്നെ സംഭവിച്ചതെല്ലാം സുവിദിതമാണല്ലോ. സരയൂ നദിയിലെ മണലും ജലവും മാത്രം കൊണ്ട്‌ കർസേവ നടത്താനാണു നിശ്ചയിച്ചിരുന്നതെങ്കിലും അവിടെ ലക്ഷക്കണക്കിനു തടിച്ചുകൂടിയ ജനസമൂഹത്തിന്റെ മുമ്പിൽ അത്ഭുതാവഹകരമായ 5 മണിക്കൂറുകൾക്കുള്ളിൽ മസ്ജിദ്‌ നിലംപൊത്തി. യന്ത്ര സഹായത്തോടെ ആണെങ്കിലും 15 ദിവമെടുക്കുമായിരുന്നെന്നു വിദഗദ്ധർ പറയുന്നു. തുടർന്നു, പല സ്ഥലങ്ങളിലും പൊട്ടിപ്പുറപ്പെട്ട ലഹളകളിൽ 2000 ത്തോളം ആളുകൾ മരണപ്പെട്ടതായാണു കണക്ക്. കേന്ദ്രസർക്കാരിനു പിന്നെ ഒന്നു മാത്രമേ കരണീയമായിരുന്നുള്ളു. മണീക്കൂറുകൾക്കുള്ളിൽ കല്യാൻ സിങ്ങ് സർക്കാർ പിരിച്ചുവിടപ്പെട്ടു.( കല്യാൻ സിങ്ങ് മസ്ജിദ് സംരക്ഷിക്കാമെന്നു ഏറ്റിരുന്നത് പാലിക്കാതിരുന്നതിനാൽ ഒരു ദിവസത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു.) അടുത്തദിവസം തന്നെ എടുത്ത ഒരു റസലൂഷനിലൂടെ
തർക്കവസ്തുവും ചുറ്റുമുള്ള 77 ഏക്കർ ഏറ്റെടുക്കുകയും അതോടൊപ്പം ആർട്ടിക്കിൾ 143 (1) പ്രകാരം രാമജന്മഭൂമിയിൽ ഉണ്ടായിരുന്ന ക്ഷേത്രം തകർത്താണോ ബാബറി മസ്ജിദ്‌ നിർമ്മിച്ചത്‌ എന്ന പ്രശ്നം തീരുമാനിച്ചറിയിക്കുവാനും ഒരു പ്രസിഡെൻഷിയൽ റെഫെറെൻസിലൂടെ സുപ്രീം കോടതിയോട്‌ ആവശ്യപ്പെട്ടു.അതുവരെ കേസുകളുടെ പരിഗണന നിർത്തിവെക്കാനും നിർദ്ദേശിച്ചു. എന്നാൽ സുപ്രീം കോടതി 1994 ഒക്റ്റോബർ 24 നു നൽകിയ വിധിയിൽ വസ്തു ഏറ്റെടുക്കൽ സാധുവാക്കിയങ്കിലും റെഫെറെൻസിനു മറുപടി കൊടുക്കാനോ കേസിന്റെ പരിഗണന മാറ്റിവെയ്ക്കാനോ തയ്യാറായില്ല. കേസുകൾ പരിഗണനയ്ക്കു വന്നുകഴിഞ്ഞതുകൊണ്ടായിരുന്നു അത്.


പുരാവസ്തു ഗവേഷണ ഖനനങ്ങൾ


തർക്കഭൂമി ഉൾപ്പെടുത്തി രാമായണ സംബന്ധിയായ അയോദ്ധ്യയിലെ 14 ഇടങ്ങളിൽ ഖനന ഗവേഷണങ്ങൾ ഭാരതീയ പുരാവസ്തു സർവേക്ഷണ വകുപ്പ് ( Archeological Survey Of India ) 1975 മുതൽ തന്നെ തുടങ്ങിയിരുന്നു. 1985 വരെ തുടർന്ന ഈ പ്രൊജെക്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നത് 11‌ആം ശതകത്തിലേതെന്നു കരുതാവുന്ന ക്ഷേത്രത്തൂണുകളുടെ നിരകൾ തന്നെ തർക്കസ്ഥലത്തു കാണാൻ സാധിച്ചുവെന്നാണ്. ഇതിനെ തുടർന്നു ഡോ. വൈ.ഡി. ശർമ, ഡോ.കെ.എം. ശ്രീവാസ്തവ മുതലായ പ്രസിദ്ധ ഗവേഷകർ ഖനനങ്ങൾ സന്ദർശിച്ച് തെളിവുകൾ പരിശോധിക്കുകയും ടെറാകോട്ട(കളിമൺ) ഹിന്ദുമത ശില്പങ്ങൾ, വിഷ്ണുമൂർത്തി, ശിവ-പാർവതീ മൂർത്തി, കുഷൻ കാലത്തെയെന്നു (സി.ഇ.100-500)കരുതാവുന്ന കളിമൺ വിഗ്രഹങ്ങൾ, സാൻഡ്‌സ്റ്റോണിൽ നിർമ്മിച്ച വൈഷ്ണവ, ശൈവ, മൂർത്തികളുടെ ശിഷ്ടങ്ങൾ എല്ലാം കാണിക്കുന്ന സി.ഇ.900-1200 കാലയളവിലെ നാഗര ക്ഷേത്രങ്ങളുടെ മാതൃകയിലുള്ള ഒരു ക്ഷേത്രം ഇവിടെ നിലനിന്നിരുന്നതായി തെളിയിക്കുന്നു എന്നു രേഖപ്പെടുത്തി. പ്രൊഫ.എസ്.പി. ഗുപ്ത ഗവേഷണഫലങ്ങളെ ഇങ്ങനെ സംഗ്രഹിചു: “ ലഭിച്ച പുരാവസ്തുക്കൾ 10 മുതൽ 12 ആം ശതകത്തിലെ പ്രതിഹാര , ഗഹദവൽക്കാലത്തെ ആണെന്നു നിർണ്ണയിക്കാം. ക്ഷേത്ര, ഉപക്ഷേത്രങ്ങളുടെ നെറുകയിലെ ചക്രാകൃതിയിലുള്ള അമകലകൾ ഇക്കാലത്തെ ഉത്തരേന്ത്യൻ ക്ഷേത്ര മാതൃകകളുടെ സ്ഥിരം രൂപമാതൃകകളാണ് കൂടാതെ, ചുമർ ശീർഷങ്ങളിലെ ചിത്രവരികൾ (cornices) , സ്തംഭശീർഷങ്ങൾ, പുഷ്പചിത്രാലംകൃതമായ കട്ടിളകൾ, മുതലായ പലതും 10-12‌ആം ശതകത്തിലെ ഒരു ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്തിരുന്നതായി തെളിയിക്കുന്നു..”

എന്നാൽ ഈ രിപ്പോർട്ടിനെതിരെയുണ്ടായ വാദങ്ങൾ, ഇവ പള്ളിയുടെ ചുറ്റുമുള്ള പരിസരത്തെ മാത്രം കാര്യമാണെന്നുമുള്ളവ, പരിഗണിച്ചു അലഹബാദ് ഹൈക്കോടതി ബെഞ്ച് 2003 ൽ പുരാവസ്തു വകുപ്പിനോട് ആധുനീക സാങ്കേതിക വിദ്യയായ Ground Penetrating Radar(GPR) ഉപയോഗിച്ചു പള്ളിയുടെ നേരെ അടിയിൽ എന്തെങ്കിലും നിർമ്മാണം ഉണ്ടോ എന്നു പ്രാഥമിക പരിശൊധന നടത്തി ഫലം അറിയിക്കാൻ ആവശ്യപ്പെട്ടു. അതനുസരിച്ചു വകുപ്പ് നിയോഗിച്ച അമെരിക്കൻ GPR വിദഗ്ദ്ധൻ Claude Robillard നടത്തിയ ഗവേഷണങ്ങളീൽ നിന്ന്, 0.5 മുതൽ 5.5 മീ. വരെ താഴ്ചയിൽ പുരാതനവും, സമീപകാലീനവുമായ തുണുകൾ, അടിത്തറ ഭിത്തിക, ശിലാഫലകതറകൾ, എന്നിവ പള്ളിയുടെ അടിയിൽ പല ഭാഗങ്ങളിൽ ഉള്ളതായി തെളിഞ്ഞു. ഇതിന്റെ വിശദമായ രൂപങ്ങൾ അറിയാൻ പള്ളിയുടെ അടിയിൽ ഖനനം ആവശ്യമാണെന്നും അറിയിച്ചു ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പള്ളിയുടേ അടിയിൽ ഖനനം നടത്താൻ കോടതി ഉത്തരവിട്ടു. പുരാവസ്തു വകുപ്പ് കേസിലെ എല്ലാ കക്ഷികളും നിയമിച്ച നിരീക്ഷകരുടെ സാന്നിദ്ധ്യത്തിൽ ഉടൻ ഖനനം തുടങ്ങുകയും ചെയ്തു.. 131 തൊഴിലാളികളിൽ 29 പേർ മുസ്ലീമുകളായിരുന്നുവെന്ന് എടുത്തു പറയേണ്ടതുണ്ട്.

2003 ജുണിൽ വകുപ്പ് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടു മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളതെന്നതിനാൽ (കോടതി വിധിയ്ക്കവലംബിച്ച 2003 ആഗസ്റ്റിലെ അവസാന റിപ്പോർട്ട് പൊതുരംഗത്ത് (Public Domain) വന്നിട്ടില്ലത്തതിനാൽ ഇടക്കാല റിപ്പോർട്ട് ഇവിടെ സംഗ്രഹിക്കുന്നു.(കൂടുതൽ വിശദമായിരിക്കാമെന്നല്ലാ
തെ, അവസാന റിപ്പോർടിനു അടിസ്ഥാന ഭേദങ്ങൾ ഇല്ലെന്നു വിധിയിൽ നിന്നു മനസ്സിലാക്കാം):

ബാബറിന്റെ കാലത്തിനും കൂടുതൽ പഴക്കമുള്ള ഇഷ്ടികകളാൽ നിർമ്മിതവും, താമര, കൌസ്തുഭമണി, മുതലമുഖങ്ങൾ, മുതലായവയുടെ ശിലാശില്പങ്ങൾ പതിച്ച് അലങ്കരിച്ചതും, നാലു ദിശകളിലേക്കും പള്ളിയെ കവിഞ്ഞു നീളുന്നതുമായ ഭിത്തികൾ പള്ളിയുടെ അടിയിൽ കാണപ്പെട്ടു.
ഇതു പള്ളിയേക്കാളും ബൃത്തായിരുന്ന ഒരു നിർമ്മിതി നിലനിന്നിരുന്നതായി വെളിവാക്കുന്നു. ഭിത്തിയിൽനിന്നും തള്ളിനിൽക്കുന്ന ഒരു ചെറു ശിലയിൽ അഞ്ച് അക്ഷരങ്ങൾ അടങ്ങുന്ന ദേവനാഗരിയിൽ കൊത്തിയ ഒരു ഹിന്ദുനാമം കാണുന്നു. പള്ളിയേക്കാളും ബൃത്തായിരുന്ന ഈ നിർമ്മിതിയിൽ ഒരേ അകലത്തിലുള്ള 30 തൂൺപാദങ്ങൾ കാണപ്പെട്ടു. .മൂന്നു തലങ്ങളിലുള്ള തറകൾ ,ഒന്നിനു മേലെ പണിത ഭിത്തികൾ, യജ്ഞകുണ്ഡം, മധ്യകാലത്തുമാത്രം ഉപയോഗിച്ചിരുന്ന (2000 വർഷങ്ങളായി ഉപയോഗത്തിലില്ലാത്ത) വർത്തുളമായും മറ്റാകൃതിയിലുമുള്ള ( ദീർഘചതുരാകൃതി അല്ലാത്ത) ഇഷ്ടികൾ, കസൌത്തി(touch stone) കല്ലുകൾകൊണ്ട് നിർമ്മിച്ച തൂണുകൾ, കളിമൺ ദിവ്യരൂപങ്ങൾ,( പാമ്പ്,ആന,അശ്വാരൂഢൻ,യോഗി) ഗുപ്ത, കുഷൻ, ഗഹഡ്‌വൻ ( 12‌ആം ശതകം) കാലത്തെ ഇഷ്ടികകൾ ഇവയും കണ്ടെത്തി. വാസഗൃഹങ്ങളുടെ യാതൊരു തെളിവും ലഭിച്ചില്ല. വളരെ ദിവ്യമായിക്കരുതി , ആരാധനയ്ക്കുമാത്രമായി ഉപയോഗിച്ചിരുന്ന ഒരു ബൃഹത്കേന്ദ്രം നിന്നിരുന്ന വളപ്പിന്റെ ( complex) ചിത്രമാണ് ഖനനങ്ങൾ കാട്ടുന്നതെന്ന് റിപ്പോർട്ട് ഊന്നിപ്പറയുന്നു. ഒരു അടി മേൽമണ്ണ് വന്നുമൂടാൻ ഒരു ശതകം വേണമെന്നാണു പുരാവസ്തുശാസ്ത്രത്തിലെ കണക്ക് എന്നതിനാൽ 30 അടി താഴ്ചയിൽ കണ്ട ഈ അടരിനും അതിലെ നിർമ്മിതിയ്ക്കും 2500 വർഷത്തെയെങ്കിലും പഴക്കമുണ്ട് എന്നു തെളിയുന്നു.

ഖനനം കാട്ടിത്തരുന്ന ചരിത്രകാലഘട്ടങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:
ആദ്യത്തെ ബി.സി.ഇ. സഹസ്രാബ്ദത്തിൽ ( BCE1st millinium ) വടക്കൻ കറുത്ത മിനുസ്സൻ
മൺ)പാത്രങ്ങൾ (Northern Black Polished Ware) ഉപയോഗിച്ചിരുന്ന ജനതയാണ് അദ്യമായി
കുടിയേറി വസിച്ചിരുന്നത്. ഈ കാലം ബി.സി.ഇ.300 വരെ നീണ്ടതായി കരുതാം
അതിനുശേഷം, ബി.സി.ഇ. 2-1 ശതകത്തിൽ സുംഗകാല ജനത ഇവിടെ കുടിയേറി. മണ്മാതൃ ദേവതകൾ, മനുഷ്യ, ജന്തു, രൂപങ്ങൾ ഇക്കാലത്തെ പ്രത്യേകതകളാണ്.
പിന്നീട് തെളിയുന്നത് കുഷൻ കാലമാണ് (1-3 ശതകം)
അടുത്ത അടരിൽ തെളിയുന്നത് 4-6 ശതകം വരെയുള്ള ഗുപ്ത കാലഘട്ടത്തിലെ പ്രത്യേകതകളാണ്. ചെമ്പ് നാണയങ്ങൾ, പ്രത്യേക മൺ‌രൂപങ്ങൾ ഇവ അടങ്ങിയവ.
പിന്നീടു കാണുന്ന രജപുത്രകാലത്ത്( 7-10 ശതകം) ഇവിടെ പല നിർമ്മാണ പ്രവർത്തനങ്ങളും ഒരു വർത്തുളാകാര ക്ഷേത്രവും ഉണ്ടായിരുന്നതിന്റെ തെളിവുകൾ കാണുന്നു. ക്ഷേത്രം നശിച്ചിരുന്നുവെങ്കിലും അതിന്റെ വടക്കെ ഭിത്തിയിലിപ്പോഴും ഒരു (അഭിഷേക) ജല നിർഗ്ഗമന നാളി (water chute) കാണാം. ഈ വർത്തുള ക്ഷേത്രത്തിന്റെ നിർമ്മാണ മാതൃകയാവട്ടെ ശ്രാവസ്തിയിൽ വകുപ്പിന്റെ തന്നെ ഖനനത്തിൽ കണ്ടെത്തിയ ചിരേനാഥ ക്ഷേത്രം, മധ്യപ്രദേശിലെ രേവയിൽ ചന്ദ്രഹേ, മസാ‍വോൺ ശിവ ക്ഷേത്രങ്ങൾ( 1950) , ഉത്തർപ്രദേശിലെ ഫത്തേപ്പൂരിലെ കുരാരിയിലുള്ള വിഷ്ണു ക്ഷേത്രം, ആ ജില്ലയിലെ തന്നെ റ്റിൻഡാലിയിലുള്ള സുര്യ ക്ഷേത്രം, എന്നി ക്ഷേത്ര മാതൃകകളോട് വളരെ സമാനത പുലർത്തുന്നതിനാൽ10 ‌ആം ശതകത്തിലേതാണെന്നു വ്യക്തമാണ് എന്നാൽ വർത്തുളക്ഷേത്രം പരിമിതമായ കാലത്തേക്കു മാത്രമെ നിലനിന്നുള്ളുവെന്നു് കരുതണം. അതിന്റെ ഭിത്തികൾ പലതും നശിച്ചിരുന്നു. ഈ നിർമ്മിതിയുടെ അവശിഷ്ടങ്ങൾക്കു മേലാണ് നേരത്തെ പറഞ്ഞ ബൃഹത്‌നിർമ്മിതി പണിതുയർത്തിയത്. മൂന്നു ഘട്ടങ്ങളായി
ഒന്നിനുമേൽ ഒന്നായ മൂന്ന് തറകളോടുകൂടി പടുത്തുയർത്തിയ ഈ വൻ ആകാരത്തിനു നേരെ മുകളിലാണ് 16ആം ശതകത്തിൽ ഉപരിസഥിതമായി ബാബറി മസ്ജിദ് അവിടെ നിർമ്മിച്ചത്


അലഹബാദ് ഹൈക്കോടതിയുടെ അന്തിമ വിധി

  From connect.in.com/
1999 ൽ പിൻ‌വലിച്ച മഹന്ത് രാമചന്ദ്ര ദാസിന്റെ കേസ് ഒഴിച്ച് 4 കേസുകളുടെയും വാദംക്കേൾക്കൽ 2002 ൽ അലഹബാദ് ഹൈക്കോടതിയുടെ ലെക്നൌ പ്രത്യേക ബെഞ്ചിൽ തുടങ്ങി. ആകെ 94 സാക്ഷികൾ ഉണ്ടായിരുന്നതിൽ 58 ഹിന്ദുക്കളും 36 മുസ്ലീമുകളുമായിരുന്നു. ഇവരുടെ മൊഴികൾ തന്നെ 13000 പേജുകൾ കവിയുന്നു. 2010 ജനുവരി മുതൽ പ്രത്യേക് ബെഞ്ച് ദിവസവും കേസ് കേട്ടു.
2010 സെപ്റ്റംബർ 30, വ്യാഴാഴ്ച, ഒരാഴ്ചത്തെ സുപ്രീം കോടതിയുടെ സ്റ്റേ നീക്കിയതിനുശേഷം അലഹബാദ് ഹൈക്കോടതിയുടെ ലെക്നൌ ബെഞ്ചിന്റെ ജസ്റ്റിസ് എസ്.യു ഖാൻ, ജസ്റ്റീസ് സുധീർ അഗർവാൾ,ഡി.വി. ശർമ്മ, ഇവരുടെ മൂന്നംഗബെഞ്ചിന്റെ വിധിയിൽ, രാംലല്ല കക്ഷിയുടെ ഒഴികെയുള്ള മറ്റു മൂന്നുകേസുകളും കാലഹരണപ്പെട്ടവയായി തള്ളുകയും എന്നാൽ ഒരു സൌമനസ്യമായി 2.77 ഏക്കർ വരുന്ന തർക്കഭൂമി സമം മൂന്നു ഭാഗങ്ങളായി വിഭജിച്ചു ഹിന്ദുക്കൾക്കും മുസ്ലിമുകൾക്കും അനുവദിക്കുകയും, താൽക്കാലിക ക്ഷേത്രം ഇരിക്കുന്ന സ്ഥലം ഹിന്ദുക്കളുടെയാണെന്നും വിധിയായി. അതായത് മൂന്നിൽ ഒന്നു ഭാഗം വെച്ച്, രാം‌ലല്ല കക്ഷിയ്ക്കും, നിർമ്മോഹി അഖരയ്ക്കും, സുന്നി വകഫ് ബോർഡിനുമായി ഭാഗിക്കുകക. വിഗ്രഹങ്ങൾ വിരാജമാനമായ മധ്യകുംഭഗോപുരത്തിനു കീഴിലുള്ള ഭാഗം രാമലല്ലയ്യ്ക്കും, ചബൂത്തരയും സീതാകാ രസോയിയും ഇരിക്കുന്ന ഭാഗം നിർമോഹി അഖരയ്ക്കും, ബാക്കി ഭാഗം വകഫ് ബോർഡിനും. 8000 പേജുകൾ അടങ്ങുന്നതാണു വിധി. വിധിയുടെ മറ്റു പ്രധാനാംശങ്ങൾ താഴെ കൊടുക്കുന്നു:

  1. തർക്കഭൂമി ഭഗവാൻ ശ്രീരാമന്റെ ജന്മസ്ഥലമാണോ?
അതെ. ആ ജന്മസ്ഥാനം നീതിന്യായപരതയുള്ള വ്യക്തിയും ( juristic person ) ഒരു ദൈവതവും ( deity ) ആണ്. അത് ശൈശവസ്ഥായിയിലുള്ള ഭഗവാൻ ശ്രീരാമന്റെ ദിവ്യചൈതന്യമുള്ള സ്വത്വരൂപമായി ആരാധിക്കപ്പെടുന്ന ജന്മസ്ഥാനമാണ്. ദിവ്യാൽമകത എവിടെയും സ്ഥിരവും ചിരവും, ആർക്കും സ്വവിശ്വാസമനുസരിച്ച് ഏതു രൂപത്തിലും ആകൃതിയിലും ആവാഹിക്കാവുന്നതും, അതിനാൽ അരൂപമാകാവുന്നതുമാണ്.

2. തർക്കനിർമ്മിതി ഒരു മസ്ജിദ് ആയിരുന്നോ? എങ്കിൽ, എന്ന്, ആർ നിർമ്മിച്ചു?
തർക്കനിർമ്മിതി ബാബറാണു നിർമ്മിച്ചത്. എത് വർഷമെന്ന് നിശ്ചിതമല്ല. അത് ഇസ്ലാമിക മത നിബന്ധനകൾക്ക് അനുസൃതമായിട്ടല്ല നിർമ്മിക്കപ്പെട്ടത്. അതിനാൽ മസ്ജിദിന്റെ സ്വഭാവമില്ല

3. മസ്ജിദ് പണിതത് തൽസ്ഥാനത്തുണ്ടായിരുന്ന ഹിന്ദുക്ഷേത്രം തകർത്തിട്ടായിരുന്നുവോ?
തർക്കനിർമ്മിതി തൽസ്ഥാനത്തുണ്ടായിരുന്ന പ്രാചീനനിർമ്മിതി തകർത്ത് അവിടെത്തന്നെ പണിയുകയായിരുന്നു. ഭാരതീയ പുരാവസ്തു വകുപ്പ് ആ പ്രാചീന നിർമ്മിതി ഒരു ബൃഹത്തായ ഹിന്ദുമത നിർമ്മിതിയായിരുന്നുവെന്ന് തെളിയിച്ചു.

4. മൂർത്തികൾ ഈ കെട്ടിടത്തിൽ പ്രതിഷ്ടിച്ചത് 1949 ഡിസംബർ 22/23 രാത്രിയിലായിരുന്നോ?
മൂർത്തികൾ തർക്കനിർമ്മിതിയിലെ മദ്ധ്യകുംഭഗോപുരത്തിനകത്തു വെച്ചത് 1949 ഡിസംബർ 22/23 രാത്രി ആയിരുന്നു

5. തർക്കവസ്തുവിനു ഉന്നയിച്ചു സമർപ്പിച്ച അവകാശങ്ങളിൽ ഏതെങ്കിലും കാലഹരണപ്പെട്ടതാണോ?
സുന്നി സെന്റ്റൽ ബോർഡ് വക്കഫ്, (O.O.S No.4 of 1989); നിർമോഹി അഖര (O.O.S. No. 3 ) , ഇവ രണ്ടും കാലഹരണപ്പെട്ടവയാണ്.

6. തർക്കഭൂമിയുടെ , അക,പുറമുറ്റം ഉൾപ്പെടെയുള്ളതിന്റെ, പദവി എന്തായിരിക്കും?
തർക്കഭൂമി രാമചന്ദ്രജിയുടെ ജന്മഭൂമിയാണെന്നും ഹിന്ദുക്കൾക്ക് അവിടെ ആരാധനാവകാശം ഉണ്ടെന്നും സ്ഥാപിച്ചിരിക്കുന്നു.

7. 3 മാസത്തേക്ക് തർക്കഭൂമിയിൽ തൽ‌സ്ഥിതി തുടരണം.
വിധിപ്രസ്താവത്തൊടെ ഉണ്ടായേക്കാവുന്ന സമാധാനഭംഗം ഭയന്നു അഭുതപൂർവ്വമായ കരുതലുകൾ ദേശവ്യാപകമായി എടുത്തിരുന്നുവെങ്കിലും എല്ലാ വിഭാഗം നേതാക്കളുടെയും ആഹ്വാനം അനുസരിച്ച് രാജ്യം മാതൃകാപരമായ സമന്യയം പാലിച്ചു. പക്ഷെ തർക്കഭൂമി ഭാഗം വയ്ക്കേണ്ടിവന്നത് ഹിന്ദുക്കളെയും മുസ്ലിമുകളെയും തൃപ്തിപ്പെടുത്തിയിട്ടില്ല. ഇരു കൂട്ടരും സുപ്രീം കോടതിയിൽ അപ്പിലിനു പോകനൊരുങ്ങുന്നു.. അതെ, യുദ്ധകാണ്ഡം ഇനിയും തീരാനുണ്ട്
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌                                                                             ----------------

2010, നവംബർ 23, ചൊവ്വാഴ്ച

കിളിപ്പൈതൽ

കിളിപ്പൈതൽ


ഒരു രാവു നീണ്ടതാം നോവിന്റെയറുതിയിൽ
നവജാതമായൊരീപ്പൊന്നിൻകുരുന്നിനെ
അരുമത്തിടമ്പുപോൽ ഹൃദയത്തിലേറ്റി നിൻ
തിരുമുൽപ്പടിക്കാഴ്ച്ചയർപ്പിച്ചു നിന്നിടും
തലതൊട്ടനുഗ്രഹിച്ചെൻ പൊന്നുകുഞ്ഞിനെ
പ്പലവട്ടമാശീർവ്വദിച്ചു തന്നീടണെ!
 അനവദ്യ കോമള ത്തൂവൽ കളേബരം
അനുഭാവമാക്കും അനന്യ ഹർഷത്തിനെ
വരവേൽക്കുവാനായിരവിൽക്കഴിച്ചൊര
പ്പരിതാപമെല്ലാമിനിയും മറക്കാം
അകതാരിൽനിന്നും വിരിയുന്ന താമര
യ്ക്കകമേയുറങ്ങൂ കിളിപ്പൈതലേ നീ
അതിലോല നേത്രങ്ങളിമകൾ ചലിപ്പിക്കു
മരിയവദനത്തിനേ മുത്തമിട്ടങ്ങനെ
അരികത്തുതന്നേ മരുവുന്നിതാ നീയു-
ണരുന്ന നേരം പുലരും വരേക്കും
വെളിവാർന്നുണർന്നാത്തളിർച്ചുണ്ടിളക്കി
ഇളംകൈകൾ വീശിച്ചിരിക്കുന്ന നേരം
അണയുന്നു ജന്മസാഫല്യ മെൻ ജീവനി-
ന്നണയും വരേക്കുമീ സൗഭഗം വാഴുക.!Image: CC


2010, ഒക്‌ടോബർ 17, ഞായറാഴ്‌ച

ചന്ദനക്കാട്ടിലെ സർപ്പം


ചന്ദനക്കാട്ടിലെ സർപ്പംചന്ദനക്കാട്ടിലെ തായ്ത്തടിപ്പൊത്തിലായ്‌
ഇന്ദ്രനീലാങ്കിതം സർപ്പമുണ്ടേ
മാദകം ഗന്ധം മണക്കുവാനായതി-
ന്നാവതില്ലെന്നും കഥിപ്പതുണ്ടേ
കാറ്റടിക്കുന്നതും സഹ്യമല്ലായതി-
ന്നേറ്റം പിടിക്കുന്നതുഷ്ണമത്രേ!
മുറ്റും വെളിച്ചം കടക്കാത്തിടത്തിലെ
കുറ്റിരുൾ താനതിന്നിഷ്ടമത്രേ
താണടിക്കാടിലൂടൂളിയിട്ടോടുമ
പ്രാണികൾ താനതിന്നഷ്ടിയത്രേ
ചന്ദ്രികച്ചാർത്തുള്ള രാവണഞ്ഞാൽ ഫണ
മുദ്രകൾ കാട്ടിയിട്ടാടുമെന്നും,
ആദിമത്താം പെരും മായികം ശക്തിയാൽ
ഭേദിക്കുമെല്ലാ രജോഗുണവും
മാമ്പൂവിലേറും പുഴുവായി പിന്നതു
മാങ്കനിക്കുള്ളിൽ കൊഴുക്കുമത്രേ
തങ്കക്കനിച്ചാറിലാസ്വദിക്കും മനം
പങ്കിലക്കയ്പാക്കി മാറ്റുമെന്നും
ജിഹ്വകൾ കാട്ടിയിട്ടായിരം പത്തികൾ
വിഹ്വലരാക്കുമീ നമ്മെയെന്നും
കാണാവിഷം വമിച്ചുച്ഛാസ വായുവാൽ
പ്രാണനെപ്പോലും തളർത്തുമെന്നും.

    ചന്ദനത്താരിന്റെ ശുദ്ധിയിൽത്തന്നെയീ
    ഇന്ദ്രനീലാങ്കിതം സർപ്പമെന്നോ
    നന്മയിൽക്കൂടിക്കടന്നുകേറീടുവാൻ
    തിന്മയ്ക്കു കൂടുന്നു കെൽപ്പിതെന്നോ ?

ചിത്രം: ഗൂഗിൾ വഴി

2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

ബോധി


ബോധി

അറിവേറെയില്ലാതിരുന്നപ്പൊഴത്രയും
ചെറുതായിരുന്നു എൻ ചിത്തഭാരം
അറിവേറിടുംതോറുമേറുന്നു ദുഃഖമെ-
ന്നറിയുന്നു; ബോധം വ്യഥതന്നെയെന്നോ!

സ്നേഹം തെളിക്കും വിളക്കിന്റെ വെട്ടമേ
മോഹിച്ചതില്ല ഞാൻ നിൻ നിഴൽ വട്ടവും
ചീർത്താന്ധകാരം തിമിർക്കുമെന്നുള്ളിലായ്‌
തീർത്തു വാതായനം വെട്ടം കടക്കുവാൻ
ഏതും നിനച്ചില്ലതിൽക്കൂടീ വായു വ-
ന്നൂതിക്കെടുത്തും വിളക്കിനെയെന്നു ഞാൻ

തമ്മിൽ പയറ്റാൻ ജനിച്ചോരു കാരണം
നമ്മൾക്കു മുന്നേ മരിച്ചു വീഴുമ്പൊഴും
യുദ്ധം നിറുത്താനരുതാതെ നമ്മളോ
ബദ്ധവീറോടേ പൊരുതിവീണല്ലെങ്കിൽ
അങ്കം കഴിഞ്ഞാ രണാങ്കണം വിട്ടുപോ-
യന്ത്യം വരിക്കുന്നനുചരൻ കയ്യിനാൽ!
അടരാടിനേടുവാനന്യർ നിർമ്മിച്ചതാം
പടവാളുമാത്രമായ്‌  നാമെന്നറിഞ്ഞുവോ!

അബ്ജവ്യൂഹങ്ങൾ വളഞ്ഞകപ്പെട്ടതാം
അർജ്ജുനപുത്രനായ്‌ ഭാവിച്ചിതെങ്കിലും
രഥഘോഷമില്ലാതെ രണഭൂമിയിൽ തീവൃ-
വ്യഥ പൂണ്ടിരിക്കും അതിഭീരുവായി
ബാണം തൊടുക്കാതെ, ചാപം കുലയ്ക്കാതെ
ഞാണറ്റ വില്ലായിരുന്നു ഞാൻ തേരിലായ്‌
അസ്ത്രം തറയ്ക്കയോ മെയ്യിൽ! അംഗങ്ങളോ
രക്താഭിഷിക്തമായ്ത്തീരുക! ഞെട്ടി ഞാൻ
എയ്യുകയില്ല ഞാൻ ക്രൂരം ശരങ്ങൾ തൻ
ശയ്യയും തീർക്കുകില്ലെന്നുറച്ചെങ്കിലും
ഗത്യന്തരം വേറെയില്ലെന്നു കാൺകയാൽ
അത്യന്ത ഖേദമോടെന്നടരാടി ഞാൻ
അംഗം മറന്നും നിണംവാർന്നുമാടിയാ
സംഗരം വെന്നാലുമില്ലെന്നിരുന്നാലും
ഇന്നറിയുന്നു ഞാനെൻശക്തിശ്രോതമായ്‌
അന്നേറ്റൊരമ്പുകൾ തൻ മുറിവായകൾ
മുറികൂടിയുണ്ടായ പാടുകൾ പുത്തനാം
അറിവിന്റെ ബോധിയാം ലിപികളെന്നും!

2010, സെപ്റ്റംബർ 6, തിങ്കളാഴ്‌ച

പരിണാമം

പരിണാമം
വിണ്ണിലെ പ്രതിഭാസ
മിന്നെനിക്കറിയേണ്ട‍ീ
മണ്ണിന്റെയിതിഹാസ-
കാരകാ ചൊല്ലിത്തരൂ
പുരുഷനും പ്രകൃതി-
യുമീമട്ടിൽ മാറിപ്പോകാൻ
പരുഷമായ്‌ പരിണാമ
മെങ്ങിനെ പാളിപ്പോയി?

മന്ദ്രമായുണരുന്ന
ഭൂവിലേക്കരുണിമാ-
സാന്ദ്രമാം പുലരിതൻ
പൊന്നൊളി  വീശുമ്പൊഴേ
ജാഗരത്താകും ജീവ
ജാലങ്ങൾക്കൊപ്പം തന്നെ
ആഗമദിനത്തിനെ
സ്വാഗതം ചെയ്തൂ നമ്മൾ
സുന്ദരസൂര്യോദയം
കൂപ്പുകൈകളാലഭി-
വന്ദനം ചെയ്യും പോലെ
കണ്ടിതു ശൈലാഗ്രങ്ങൾ
ഹരിത വനാഞ്ചലേ
വെള്ളിനീരിഴകളാൽ
ത്വരിതപതനങ്ങളെ
നെയ്ത സാനുക്കളും
അവിരളവാരിയായ്‌,
മേദുരശരീരയായ്‌
അവിരാമ നിർത്ധരി
സൈകത സ്പർശിയായ്‌
ഒഴുകിയ തെളിനീർ
പ്രവാങ്ങൾ പാരിലാ-
യെഴുതി വെളിവായൊ-
രു മാനുഷ സംസ്കൃതി
ആന്തരസംവേദന
ബദ്ധമായ്‌, കർമ്മ,ധർമ്മ,
ചിന്താബന്ധുര, സമ-
ഭാവമായൊരു സംസ്കൃതി.
നേട്ടമായ്‌,ജീവന ചട്ട
മായ്‌, മാർഗ്ഗദർശിയായ്‌
ഏട്ടിലെച്ചൊല്ലിൻപടി-
യാവതും പുലരവേ

ഏടുകൾ മാറീ,ചവുട്ടീ
ചുവടുകൾ മാറ്റീ
തേടിനാമിറങ്ങീയേതു
നൂതന മരീചിക
മണലാരണ്യം കൊടും
കാടായ്ക്കണ്ടൂ,പിന്നെ
ത്തണലിൽ ദ്രുമങ്ങളും
തെളിനീർത്തടാകവും
ധൂളീതൻ ശ്രംഗങ്ങളും
മിന്നുന്ന ചൂടിന്നഭ്ര-
പാളീയിലൂടേ ഒന്നാ-
യുദയാസ്തമയങ്ങളും.
ഉദിപ്പൂ വെളിച്ചം
പടിഞ്ഞാറ,തിൽപ്പെട്ടു
മദിപ്പൂ മനം മെയ്യ്‌
മറന്നർത്ഥവിഹീനമായ്‌
തന്നിൽനിന്നുയർന്നൊന്നും
വിടരേണ്ടതില്ലെല്ലാം
തന്നിലേക്കമരുവാൻ
മാത്രമാണെന്നാം മതം
കലിതാൻ ദൈവം, കൊടും
പകതാനതിൻ പൂജ
കൊലയും പെരുകുന്ന
കൊള്ളയും നൈവേദ്യമായ്‌
ഹരിതം പട്ടിൻ ചേല
യണിയും പ്രകൃത്യംമ്പേ
ദുരയായതിൽക്കൂടി
കണ്ണുവെയ്ക്കുന്നൂ മർത്ത്യർ
പുഴയെ പിഴപ്പിച്ചു
വിളയിൽ വിഷം ചേർത്തു
മഴയെക്കൂടി ദുഷി-
പ്പിച്ചെത്രനാൾ പുലരും നാം?
തനുവും മനവും
ചെറുതായ്‌ വാമനന്മാരായ്‌
ജനം,പുതുജീവിതൻ
പരിണാമമായിതോ?

പുരുഷനും പ്രകൃതിയു
മീമട്ടിൽ മാറിപ്പോകാൻ
പരുഷമായ്‌ പരിണാമ
മെങ്ങിനെ മാറിപ്പോയി?
ചിത്രം; യാഹൂ വഴി

2010, ഓഗസ്റ്റ് 21, ശനിയാഴ്‌ച

മാവേലിത്തമ്പുരാൻ

മാവേലിത്തമ്പുരാൻ


അന്നുമിന്നും ഒന്നുപോലായ്‌
ഓണമുണ്ണാനോടിയെത്തും
തെന്നലായിട്ടെഴുന്നള്ളും
തമ്പുരാനെന്നോ?

വാരിദങ്ങൾ പോയൊഴിഞ്ഞാ
വാനിടത്തിൽ വിരാജിക്കും
താരരാജൻ കുമാരൻ
അത്തമ്പുരാനാണോ?

മന്നിനായാ വിണ്ണിൽനിന്നും
വെൺപുടവപ്പട്ടുചാർത്തും
പൊന്നുകയ്യാലുദാരൻ
ആ മന്നവൻ താനോ?

പൊന്നരളിപ്പൂക്കളത്തിൽ
ചെമ്പരത്തിപ്പൂക്കൾ വെച്ചു
വന്നുദിക്കും വിഭാതം ഈ
മന്നവൻ താനോ?

കിന്നരിപ്പൊൻനൂലു തുന്നി
പൊന്നലക്കിൻ പട്ടമിട്ടു
മിന്നൽ കാട്ടും തിളക്കം
ഈ മന്നവന്നാണോ?

വിസ്മയങ്ങൾ വിടർത്തുന്ന
വെള്ളയാമ്പൽ പൊയ്കയിന്നു
സുസ്മിതപ്രഭ ചാർത്തി
നിൽക്കുവതങ്ങയേക്കാത്തോ?

പോക്കുവെയിലിൻ പുഞ്ചിരിക്കൽ,
പൂങ്കുയിലിൻ പാട്ടുമേളം,
ആർക്കുവേണ്ടിപ്പൊഴിക്കു-
ന്നിപ്പാരിടം ഇപ്പോൾ?

ആരുടേയും അനുഭൂതിയ്ക്ക-
നുരൂപൻ മന്നവന്നി-
ന്നാരതിത്തട്ടുഴിഞ്ഞെത്തും
അമ്മ താൻ തന്നെ,
ആരുമൊന്നും സ്വന്തമായി
പ്പാരിലില്ലാത്തവർക്കായി
ചാരുവർണ്ണച്ചിത്രദൃശ്യം
 ചമയ്ക്കുന്നെന്നോ?ചിത്രം: ഗൂഗിൾ വഴി


2010, ഓഗസ്റ്റ് 7, ശനിയാഴ്‌ച

മാസ്മരം


 മാസ്മരംനിന്റെ മനസ്സിലുയർന്നൊരു സുമമീ
നിന്നുടെ ചുണ്ടിൽ വിരിയും സ്മിതമായ്‌
കണ്ണിൽ കനവായ്‌ നിനവായ്‌,എന്നുടെ
യുള്ളിൽ കുളിരായ്‌, വെയിലായ്ത്തീരാ-
                 നുള്ളൊരു മായികജാലമിതെന്തേ?

താവക കുളിർ കര സ്പർശന മൊരു
നവജീവനുണർത്താൻ, സിരകളിൽ
ഭാവ തരംഗത്തള്ളിൻ നുരയുടെ
                പൂവുകൾ ചിതറാൻ മായമിതെന്തേ?

ദ്യോവിൻ നിറുകയിൽനിന്നുമിറങ്ങി
ഭൂവിലുറങ്ങും ബീജശതങ്ങളിൽ
ജീവനുണർത്തിയെടുത്തെന്നുള്ളിൽ
പൂവിരിയിക്കും മഴപോൽ പൊഴിയാൻ
               ആവതിതേതൊരു മായാജാലം?

ഇന്ദീവരനേർമിഴികൊണ്ടെൻ മന-
മിന്ദ്രിയ ചോദിത തരളിതമായൊരു
മന്ദ്രം, മഥിതം സലിലമതാക്കി
സുന്ദര കവിതാകമലമുയർത്താ-
               നെന്തൊരു വിസ്മയ വിദ്യയിരിപ്പൂ?

കോപം വില്ലു കുലച്ചു തൊടുത്തൊരു
ചാപം പോലെ, തുടുത്തൊരു ചുണ്ടിൽ
താപജ്വാലകൾ ഞൊടിയിൽ രൂപം
പ്രാപിക്കുന്നൊരു മഴവില്ലൊളിയായ്‌
             വ്യാപിക്കുന്നതിതേതൊരു മായാജാലം?

മായികമാമീ മാനസഭാവം
പോയൊരു കാലക്കഥകളിലേതാം
നായികയെന്നേ യവനിക പിന്നിൽ
പോയിയിതെന്നാലെന്തേ, ഇന്നും എന്നിൽ
            സ്ഥായീഭവമായ്‌ പൂത്തുലയുന്നു?
ചിത്രം: ഗൂഗിൾ വഴി

2010, ജൂലൈ 30, വെള്ളിയാഴ്‌ച

വരണം


വരണംനനുത്ത കാറ്റിൽ രാവിൻ വാർമുടി
                                      യുലഞ്ഞു മാറുന്നു
മിനുത്ത കവിളിൻ മുഖപ്രസാദം
                                       നിലാവിൽ മുങ്ങുന്നു
പരക്കെ വിണ്ണിൻ ചെരാതുകൾ നി-
                                        ന്നെരിഞ്ഞു കത്തുന്നു
ഒരുക്കമൊക്കെ കഴിഞ്ഞിറങ്ങാൻ
                                        തിടുക്കമാവുന്നോ?
തനിച്ചുതന്നേ വരണം, വേദിയിൽ
                                        നടപ്പതല്ലീ വരണം,
നിനച്ചിതെന്നേതന്നേ, പക്ഷേ
                                        നിമന്ത്രണം വരണം.
തുടിച്ചു നിൽക്കും ഹൃദന്തമല്ലാ-
                                        തെടുക്കുവാനില്ല
കൊടുക്കുവാനായ്‌ കരത്തിലൊന്നും
                                        പിടിക്കുവാനില്ല
മൊഴിഞ്ഞ പാട്ടിന്നീരടി കാതിൽ
                                        പൊലിഞ്ഞു പോയാലും
പൊഴിഞ്ഞ പൂവിന്നിതളുകൾ കാറ്റിൽ
                                        പറന്നു പോയാലും
അഴിഞ്ഞുപോയൊരു തന്ത്രികൾ പേറിയ
                                        വീണയിതെന്നാലും
കഴിഞ്ഞകാലശ്രുതികളിലൊഴുകിയ
                                        നാദം നിന്നാലും
അകത്തളത്തിൽ ജ്വലിച്ചുനിൽക്കും
                                        വിളക്കെരിഞ്ഞോട്ടെ
അകന്നുതന്നെ ഒഴിഞ്ഞുമാറി
                                        ഇരുട്ടു നിന്നോളൂം
കനത്തനാണം മെനഞ്ഞ മഞ്ഞിൻ
                                        മുഖപ്പടം മൂടി
കുനിഞ്ഞ ശീർഷം നമിച്ചു കൈകൾ
                                        പിണച്ചു കൂപ്പട്ടെ!


ചിത്രം: ഗൂഗിൾ വഴി.

       

2010, ജൂലൈ 13, ചൊവ്വാഴ്ച

വ്യവസായം


വ്യവസായംകക്ഷിരാഷ്ട്രീയം കടക്കാത്ത താം മന-
സ്സാക്ഷികൾ! നിങ്ങൾ തൻ വർഗ്ഗം വളരണേ!
പാർട്ടിയേക്കാളും വലുതായ്‌ അയൽപ്പക്ക
വീട്ടിന്റെ സൗഹൃദം കാണാൻ കഴിയണേ!
ഏട്ടിലായ്ക്കാണും വരട്ടുവാദത്തിനേ-
ക്കാട്ടിലും നല്ലതീ നാട്ടിന്നറിവുകൾ
ഈർഷ്യയും കൊണ്ടു നടക്കുന്ന ദോഷമീ
ബൂർഷകളൊന്നും വരുത്തുകില്ലെന്നതും
ധർമ്മങ്ങളെല്ലാം മതിക്കുന്നതുൽകൃഷ്ട
കർമ്മങ്ങളെന്ന മതത്തിനെയെന്നതും
നാനതരങ്ങളിൽക്കാണുന്നൊരേകത്വ
മാനങ്ങളൊന്നേ സനാതനമെന്നതും
നേരിട്ടുചൊല്ലും " ഋജുബുദ്ധി" യാമീ
നേരിന്നുപാസകൻ കവിമാത്രചിത്തൻ.

ഓരോ തിരഞ്ഞെടുപ്പെത്തവേ പ്രത്യേക
രൂപാന്തരത്താൽ ഉടലെടുക്കുന്നവർ
സഞ്ചിതം നാട്ടിൻ വിധായകം കേവലം
പഞ്ചവർഷങ്ങളിൽ ഭാഗിച്ചുവെയ്ക്കുവോർ,
വന്നിടും രാമനും പോയിടും രാമനും
ചേർന്നിടും തീർക്കുവാൻ രാമരാജ്യത്തിനെ!

ആശയമില്ലതെ ആദർശമില്ലാതെ
ആശ്രയിക്കുന്നൂ വയർ വീർത്ത കീശയെ
ആർജ്ജവം പണ്ടേ കളഞ്ഞുകുളിച്ചവർ
ആർജ്ജിച്ചു വെയ്ക്കുന്നിതേഴു ജന്മത്തിനും

    രാഷ്ട്രീയമിന്നു വിളയാണ്‌, നാണയ-
    ക്കൃഷിയാണ്‌, പക്ഷേ വ്യവസായമാക്കണം!


                               ചിത്രം; ഗൂഗിൾ വഴി

2010, ജൂൺ 24, വ്യാഴാഴ്‌ച

ഓണത്തുമ്പി

ഓണത്തുമ്പി


കതിർ വീണു തിങ്ങിക്കിടക്കുന്ന പാടത്തി
ന്നതിരായിപ്പോകുന്നു മുള്ളുവേലി,
അരികിലായൊഴുകുന്നു കൈത്തോട്‌; വേണെങ്കിൽ
ഒരു കുതിപ്പാലതിൻ മറികടക്കാം

( ചെറുതോട്ടിൽനിന്നുടൻ ചാടുമത്തവളയേ
വെറുതേ വിരട്ടാൻ മെനക്കെടാതെ,
കാണുന്ന കാണുന്ന പൂക്കളിൻ കാതിലായോ-
ണക്കുശലങ്ങളോതുന്ന തുമ്പിയെ
ഓടിച്ചുചാടിപ്പിടിക്കുവാനൊട്ടൊന്നു
പാടുപെട്ടെന്നാൽ പിടിച്ചെടുക്കാം)

കുറുകുത്തിമുല്ലതൻ നറുമണം വായുവിൽ
നിറയുന്ന നീളൻ വരമ്പിലൂടെ
വേലിപ്പരത്തിയും മുല്ലയും പൂവിട്ടൊ-
രോലപ്പുരയ്ക്കൂള്ള "ഗേറ്റി"ലെത്തീ
ഇരുമുളക്കമ്പിൻ കടമ്പ കാണുന്നതിൽ
ഒരു കമ്പു മാറ്റിക്കടന്നുകൂടാം.

"ഹാ"യെന്നു വിസ്മയം കൂടുന്ന കണ്ണുകൾ
വായിക്കുമീയെൻ മുഖം ചുളിച്ച്‌
ഒരു കണ്ണിറുക്കി ഞാൻ കേൾക്കുന്നു: കോർക്കുമീ-
യരിമുല്ലമാലയിന്നാർക്കു വേണ്ടി?
വിവരമായറിയില്ലയൊന്നുമേയെങ്കിലും
കവിളുകൾ കുങ്കുമം പൂശി നിൽക്കും.
ഒരു പൊട്ടുചൂടുവാൻ പോരുന്ന കുങ്കുമം
അരുമയാം കവിളിൽനിന്നൂർന്നെടുക്കാം!

കുറുമുടിച്ചുരുളുകൾ മൃദുതളിർപാണിയാൽ
നറുനെറ്റിമേലേ വകഞ്ഞുമാറ്റി,
മലർമാല മാറിലായ്‌ തൊട്ടൊരു പുഞ്ചിരി
കലരുന്ന കുസൃതിച്ചുണ്ടുകോട്ടി,
തനതായ വേണിയിൽ കോർക്കുവാൻ ഭാവിച്ചി-
ട്ടനവദ്യമായെൻ ഗളത്തിൽ വയ്ക്കെ,
വരമഞ്ഞൾ വർണ്ണത്തിലായിരം തുമ്പികൾ
കരളിൽ വന്നെന്നും പറഞ്ഞുവെയ്ക്കാംചിത്രം: ഗൂഗിൾ വഴി

2010, ജൂൺ 6, ഞായറാഴ്‌ച

മോഹപ്പക്ഷി

മോഹപ്പക്ഷി


താമരപ്പത്രത്തിൽ

പാദമൂന്നി
ഓമനപ്പക്ഷി 

നടന്നുനീങ്ങി

നീരിൽ നടക്കാൻ

നിവൃത്തിയില്ലാ-
തോരത്തുനിന്നു 

ഞാൻ പിന്മടങ്ങി

നന്നെപ്പരന്നതാം

 കല്ലെടുത്തു,
തെന്നുന്നപോലെ

എറിഞ്ഞൂവിട്ടു

കല്ലോലവീചികൾ

ചുംബിച്ചു പായും
കല്ലിനാലന്നെൻ 

നിരാശ തീർത്തു.

മാമലയ്ക്കുച്ചിയിൽ 

ചേക്കേറിയന്ത്യ-
യാമപ്പുലരിയിൽ

പക്ഷം പരത്തി

ഉഷ്ണപ്രവാഹത്തി

ലേറി വിണ്ണിൽ
കൃഷ്ണപ്പരുന്തായി

യാലി നിൽക്കാൻ,

മാനത്തുമുട്ടാൻ

മദിച്ച മോഹം
വാനിൽ ത്തൊടു-

ത്തതാം പട്ടമാക്കി

സൂത്രം ചലിപ്പിച്ചു 

കാക്കുവാനായ്
മാത്രമീമന്നിൽ

ത്തറഞ്ഞുനിന്നു.

നാകപ്രഭയ്ക്കുള്ളിൽ

മിന്നുന്ന താരം
ആകുവാൻ മിന്നാ-

മിനുങ്ങിറങ്ങി!


           *       *      *     *    പിന്നെയോ കാലം 

    കഴിഞ്ഞുപോയീ
    പിന്നിൽ നിഴലുകൾ

    നീണ്ടുപോയി.

    പണ്ടത്തെ മോഹത്തിൻ

    വെമ്പലില്ല
    താണ്ടുവാനേറെ-

    ക്കടമ്പയില്ല

    എങ്കിലും ഏകാന്ത

    മാത്രയൊന്നിൽ
    അങ്കുരിപ്പൂ പഴ-

    ങ്കാല മോഹം:

    സാഗരമാനവും 

    പിന്നിട്ടു വാനിൽ
    ആഗമിച്ചപ്പുറം 

    പോയ്മറയാൻ,

    അകലത്തിനപ്പുറം 

    ആലിനിൽക്കാൻ,
    സകലതും കാണും

    വിഹംഗമാകാൻ!!
ചിത്രം: ഗൂഗിൾ വഴി

2010, മേയ് 25, ചൊവ്വാഴ്ച

പേടകം

    പേടകംഉൽക്കടം കത്തിജ്ജ്വലിച്ചാ വിഹായസ്സി-
ലത്ഭുത ബിന്ദുവായ് പാഞ്ഞകന്നങ്ങനെ

താരാപഥങ്ങളെത്താണ്ടി നീ യജ്ഞാത
സൂരവ്യൂഹങ്ങളെത്തേടിപ്പറക്കവേ,

നിർഗ്ഗുണ നിശ്ശൂന്യ നാക വക്ഷസ്സിലെ
സ്വർഗ്ഗപ്രശാന്തിയിൽ നീന്തിത്തുടിക്കവേ,

ഓർക്കുക നിന്നെയീമന്നുമായ്ച്ചേർത്തൊരു
പൊക്കിളിൻ വള്ളിയിൽ ബന്ധിച്ചിരിപ്പതും

സീമയില്ലാത്തൊരഭൌമ പ്രപഞ്ചവും
വ്യോമവുമുണ്ടു നിന്നുള്ളിലായെന്നതും

ആദിമധ്യാന്തവിഹീനമായ്, കാലാതി-
ഭേദിയായ് വർത്തിക്കുമന്തരാകാശത്തിൽ

ആവർത്തനംചെയ്തു സത്യങ്ങളന്യോന്യ-
മാവഹിക്കുന്നതാമെത്രയോ ഗോളങ്ങൾ,

തേജസ്സു ചൂഴുമത്താരകൾ, ഭാവമാ-
മോജസ്സിൽ നീളുന്നൊരാകാശഗംഗ്ഗകൾ,

അപ്രമേയങ്ങളാം മാനങ്ങൾ, ആയതിൽ
തൽപ്രേരകങ്ങളാം വർണ്ണഭേദങ്ങളും,


മിന്നിപ്പൊലിഞ്ഞുപോമുൽക്കകൾ- ആശകൾ-,
വന്നുദിക്കുന്നതാം ധൂമകേതുക്കളും,

വെട്ടം വിഴുങ്ങുന്ന കൂരിരുൾഗർത്തവും
കത്തും പക തീർക്കുമഗ്നിഗോളങ്ങളും,  
  

   ജന്മപാശത്തിനാലാത്മാവിൽ ബന്ധിച്ചു
   ബ്രഹ്മപ്രപഞ്ചമീയന്തരാകാശത്തിൽ

   സ്വന്തമായുള്ളോരു സൂരവ്യൂഹത്തിനേ-
   യേന്തിച്ചലിക്കും പരമാണുവെപ്പോലെ

   ഏതോ സനാതനം സത്യത്തിനുള്ളിലെ
   ച്ചേതോവികാരമീയാകാശമെന്നതിൽ

   നിസ്തന്ദ്രനിർല്ലേപനാകപ്രയാണത്തി-
   ലസ്തിത്വമില്ലാതെ പായുന്ന പേടകം!ചിത്രം; ഗൂഗിൾ വഴി2010, മേയ് 13, വ്യാഴാഴ്‌ച

വാമനൻ

Varamozhi Editor: Text Exported for Print or Save

വാമനൻ
ഗോപാൽ ഉണ്ണികൃഷ്ണ

നന്നെക്കനിഞ്ഞു നീ
തന്നൊരീയാടകൾ
ഒന്നും എനിക്കിണ-
ങ്ങാത്തത്തായ്‌ വന്നു ഹാ!

എന്നെക്കരുതി
ക്കരുപ്പിടിപ്പിച്ചൊരീ
പ്പൊന്നിൻ വിഭൂഷകൾ
പാഴായ്‌ ച്ചമഞ്ഞിതോ!

കൊട്ടിഘോഷിച്ചു
തിമിർക്കുവാൻ നിർമ്മിച്ച
കൊട്ടാരമൊന്നിൽ
ഞാനേകനായ്പ്പോയിതോ!

സാമ്രാജ്യമില്ലാത്ത
ചെങ്കോൽ വഹിക്കുന്ന
സാമ്രാട്ടെഴുന്നള്ളി
വാഴുന്ന പോലെയോ

എന്നെക്കുറിച്ചു ഞാൻ
കണ്ട കിനാവുകൾ
എന്നേ പൊലിഞ്ഞു പോ-
യെന്നറിഞ്ഞീലയോ

മിന്നിത്തെളിഞ്ഞ
പ്രതീക്ഷകൾ വന്നെന്റെ
മുന്നിൽക്കളിച്ചോരു
നാളുകളന്യമായ്‌

ഇന്നെന്റെ വാനി-
ലുദിക്കുന്ന സൂര്യനും
ചെന്നുപതിക്കുന്ന
സൂര്യനുമൊന്നുപോൽ

വന്നുമറഞ്ഞിടും
മാഞ്ഞിട്ടു വന്നിടും
എന്നുമീ വൃത്തം
വരയ്ക്കുക മാത്രമായ്‌

വന്നടുത്തെത്തും
ചുവടുകൾ കേൾക്കുവാൻ
ചെന്നെതിരേൽക്കു
വാനില്ലെനിക്കാഗ്രഹം

ഒന്നുകേട്ടിട്ടുണ്ടൊ-
രിക്കലീ നാടിന്റെ
മന്നവൻ പോലും
തലകുനിച്ചെന്നതായ്‌

എത്രയും നീളം
കുറഞ്ഞൊരാ വാമനൻ
അത്രയ്ക്കുയർന്നു
വളർന്നു വന്നെന്നതും

നന്നെക്കുറുകിയ
ചോടുകൾ വച്ഛൊരു
മന്നിൻ കിരീടവും
ചൂടിനിന്നെന്നതും

* *

എന്നെക്കരുതി
ക്കരുപ്പിടിപ്പിച്ചൊരാ
പൊന്നിൻ കിരീടവും
കാത്തിരിക്കുന്നു ഞാൻ!!
ചിത്രം: വിക്കിപിഡിയ2010, ഏപ്രിൽ 30, വെള്ളിയാഴ്‌ച

ശോഭയാത്ര

ശോഭയാത്ര
ഗോപാൽ ഉണ്ണികൃഷ്ണതാളബദ്ധതരംഗിത ഗീതിതൻ
മേളനത്തിന്റെ മായാമരീചിക

മജ്ഞുവാമുഷക്കന്യതൻ ലോലമാം
മഞ്ഞുടയാടയെന്നപോൽ ചൂഴവേ

മന്ത്രമോഹിതമുഗ്ദ്ധയായെൻ മനോ-
തന്ത്രികൾ കേട്ടു ഞെട്ടിത്തരിച്ചുവോ!

നാദവീചികൾ സ്വർണ്ണവർണ്ണാങ്കിത
മേദുരങ്ങളായ്‌ വീശും പുലർച്ചയിൽ

പൂത്തുലയുന്നു കൊന്നകൾ, മുല്ലകൾ
കോർത്തൊരുക്കുന്നുപഹാരമാലകൾ

നേർത്ത സൗരഭം, കാറ്റിലോ കൈതകൾ
കാത്തുവച്ചതാം ഗന്ധം കനക്കവെ,

വെള്ളചുറ്റും വിതാനം വലിച്ചു ഞാ-
നുള്ളമെല്ലാമലങ്കരിച്ചില്ലയോ!

തകിലുകൊട്ടും ഹൃദയമോ, ദൂരെയാ-
യകലെനിന്നും കുളമ്പടിനാദമോ!

മേരുശൃംഗങ്ങൾ ചുറ്റും പെരുമ്പറ
ഭേരിതീർക്കും പടഹധ്വനികളും

കണ്ടുനിൽക്കും കരിമ്പുതോട്ടങ്ങളെ-
ക്കൊണ്ടുതീർക്കുന്ന തോരണജാലവും

നീരവം,..ക്ഷണനേരത്തിനുള്ളിലായ്‌
ആരവം,...ഇതു സാഗരഘോഷമോ!


പൊന്നിളംവെയിൽ താവും വഴിക്കിതാ
മന്നവൻ എഴുന്നെള്ളുന്ന വേളയിൽ

എന്നെയിപ്പോൾത്തിരിച്ചറിഞ്ഞീടുമോ
മിന്നുമോ മൃദുസ്മേരമക്കൺകളിൽ!

തൻ ഗളത്തിൽനിന്നൂരിയ ഹാരമൊ-
ന്നെൻ ഗളത്തിലേക്കിട്ടെറിഞ്ഞീടുമോ!

പുലരിപോയിട്ടപരാഹ്നമായതും
പലരുമെന്നേ പൊഴിഞ്ഞുപോയെന്നതും

തിരുമനസ്സറിഞ്ഞില്ലയെന്നാകുമോ,
വരികയില്ലന്നൊരല്ലൽ നേരാകുമോ!

ഇരവിലാകിലും വന്നണഞ്ഞീടുകിൽ
തിരികൾ സൂക്ഷിച്ചതെല്ലാം കൊളുത്തിടും

അഴകെഴുന്നോരലൗകികശോഭയിൽ
നിഴലുപോലെ നീയെന്നടുത്തെത്തവേ,

ഒരു ലഹരി ചേർന്നുന്മത്തമായൊരാ-
യിരവു പിന്നെ പുലരിയായ്‌ മാറിടും

ഹൃദയഹാരിയാമീണമായ്‌, താളമായ്‌
ഉദയഗീതമൊന്നെങ്ങും മുഴങ്ങിടും!!ചിത്രം: ഗൂഗിള്‍ വഴി

2010, ഏപ്രിൽ 23, വെള്ളിയാഴ്‌ച

പൂത്തിരുവാതിരപൂത്തിരുവാതിര

താരണിപ്പൂഞ്ചോലയാകും
നാകഗംഗതന്നിൽ
വാരണിത്തൂമേനിയാകെ
ആതിരനീരാടി

ശോണവർണപ്പട്ടുസാരി
തോരുവാൻ വിരിച്ച്
വീണു പൂർവ്വവാനിലാകെ
വർണരാശി ചാർത്തി

മഞ്ഞണിപ്പൂഞ്ചേലയുടെ
മൂടുപടം മാറ്റി
മഞ്ഞരളിപ്പൂവു ചൂടി
പൊൻപുലരി നിന്നു

പൊൻകിരണത്തൊട്ടിലാടി
പുലരിത്താരകം
കണ്മിഴിച്ചുണർന്നുനിന്നു
കമലതോരണം

പൂങ്കുയിലിൻ പാട്ടുണർന്നു
തൂമലർ തേന്മാവിൽ
മാങ്കനികൾ മുത്തമിട്ടു
മാന്തളിർ മൂർദ്ധാവിൽ

ചുറ്റുമൊരു മാദകത്വം
മദനമോഹിതം
കാറ്റിലെങ്ങും മാറ്റൊലിക്കും
അമരസംഗീതം

കമ്രപാണിവീശിയാടി
കദളിവാഴകൾ
ചമയമിട്ടുപാറിചിത്ര-
ശലഭരാജികൾ

മുടിയഴിഞ്ഞു, മെയ്യുലഞ്ഞു
നടനമാടിയാ
ത്തുടുതുടുത്ത മാറു താങ്ങി
കേരകന്യമാർ

നാദലാസ്യമുഖരിതമീ
ഭൂസുരത്തിൻ മണ്ഡപം
.......
.......വേദിമുന്നിൽ വീക്ഷകരോ
      വീണുറക്കമായി!

       ഒഴുകിമാഞ്ഞുപോയിടുമീ
       അമരസംഗീതം
       പൊഴിഞ്ഞുപോവതറിയാതെ
       ബധിരമാനസം!!

image at: www.rassouli.com/contemporary.htm

2010, ഏപ്രിൽ 15, വ്യാഴാഴ്‌ച

പിന്നിലെ സ്ത്രീ

ഉണ്ണിക്കവിത:


പിന്നിലെ സ്ത്രീ


 
എതൊരു പുരുഷ ജേതാവിന്റെ 
പിന്നിലും ഒരു സ്ത്രീ ;
നേതാവിന്റെ പിന്നിലും. 
രണ്ടും വീഴുന്നതിന്റെ മുന്നിലും!
എന്നാലും മുകളിലും

ചിത്രം: ഗൂഗിൽ വഴി

2010, ഏപ്രിൽ 13, ചൊവ്വാഴ്ച

കൊന്നയും കനിയില്ല

കൊന്നയും കനിയില്ല


                                 

ഈ വിഷുപ്പുലരിയിൽ
                കണികാണുവാൻ കൊന്ന-
പ്പൂവശേഷം പൂത്തു
                തീർന്നുപോയെന്നോ മുന്നെ

പൂത്തുലഞ്ഞടിഞ്ഞല്ലോ
                 പത്തുനാൾ മുന്നേതന്നെ,
കാത്തുനിൽക്കുവാനിപ്പോൾ
                 കൊന്നയും കനിയില്ല!

തമ്പുരാനരുളിയി-
                 ട്ടുണ്ടാവാം: “കണിക്കൊന്നേ,
കമ്പുകൾ മാത്രം പേറി
                 നിർത്തിടും നിന്നേ മർത്ത്യർ

വസന്തം വിളംബരം
                 ചെയ്തു നീ സന്തോഷത്തിൽ
വസിക്കൂ കസവുട-
                 യാടഭൂഷകൾ മാറ്റി

വന്നിടും വേനൽച്ചൂടിൽ
                 വാടിടും പൊയ്ക്കാലത്തിൻ
ദൈന്യത ചൂടും വെറും
                 പേക്കോലമാകൊല്ല നീ”നീരണിമേഘങ്ങളാൽ
                 നിറയും വിഹായസ്സിൻ
കാരുണ്യം കനിഞ്ഞിനി
                 നിന്റെമേൽ വർഷിച്ചാലും

നീ തളിർത്തുണരുവാൻ,
                 നിൻ മേനി കുളിർപ്പിച്ചു
ശീതള പ്പച്ചപ്പട്ടു
                 സാരിയിലൊരുങ്ങുവാൻ

ആവാതെപോകേണ്ടിനി
                  യെന്നുകണ്ടാവാം, നിന്മേൽ
ആവലാതികൾ മർത്ത്യ-

                രെത്രമേൽ പൊഴിച്ചോട്ടെ!!ചിത്രം; ഗൂഗിൾ വഴി

2010, ഏപ്രിൽ 8, വ്യാഴാഴ്‌ച

പുനർജന്മം
 പുനർജന്മം


പുതിയോരു പാട്ടൊന്നു
പാടുവാനുളളത്തിൽ
മതിയായ മാധുര്യ
മില്ലേ?

കരമേറ്റു താഴെ
ത്തെറിച്ചുപോയ് വീണൊ-
രക്കരളിന്റെ കുമ്പിൾ
ഒഴിഞ്ഞോ?

സ്വരരാഗമൊഴുകിയ
വേണുവിൽ നിന്നിനി
ഒരുരാഗം പോലു-
മൂറില്ലേ?

സ്വരഗംഗ ഓളം
തുളുമ്പിയോരോരത്തിൻ
ചിരകളനാദം
നിലച്ചോ?

പ്രിയഗാനമുച്ചമായ്
പാടിയാ മാനസ-
ക്കുയിൽവാടിവീണി-
ട്ടുറക്കമായോ?

ഒരു മൊട്ടു പോലും
ക്ഷമാപണം പോലെ
നിന്നരിയ പൂന്തോട്ട-
ത്തിലില്ലേ?
             സ്വരരാഗസുധ
             യൊന്നുമാവേണ്ട
             പാട്ടിനോ, ഒരു രാഗ
             മധുരവും വേണ്ട

             ഒരു പൂക്കുടന്നയും
             വേണ്ട നിന്നാരാമ-
             മൊരു പുൽക്കൊടി-
             ച്ചാർത്തുമാവാം

             ഒരു കൈക്കുടന്നയിൽ
             ഒരുപിടി സ്വപ്നവും
             കരളിലായിത്തിരി
             സ്നേഹം!

             ഇവ രണ്ടും ചേർത്തിനി
             പ്രാണനിൽ ചാർത്തിയാൽ
             അവതരിക്കും
             പുനർജന്മം!

             സ്വർഗ്ഗീയ ഭാവങ്ങൾ
             ചാർത്തും നവീനം
             സർഗ്ഗപ്രഭാവം
             നിറയ്ക്കും!!
 ചിത്രം: ഗൂഗിൾ വഴി