2013, ഡിസംബർ 15, ഞായറാഴ്‌ച

സാന്ത്വനം




 സാന്ത്വനം




വിരസമാമൊരു സാന്ധ്യവേളയിൽ
വിരഹവേദനയാകവേ
അലസമാമൊരു നിമിഷമൊന്നിൽ
മനസ്സിലൂറിയ ഗാനമായ്
മഴനനഞ്ഞൊരു ചിദംബരത്തിൽ
എഴുതിവെച്ചൊരു ചിത്രമായ്
കടലിനക്കരെനിന്നുവീശിയ
കുളിരുകാറ്റിൻശീലുപോലെ
ഒരു സമീരണനുള്ളിൽനിന്നുമെൻ
ചിരപുരാതനശോകമായ്
ഹൃദയവീണയിൽ വിരലുചേർക്കെ
മൃദുലഗീതസ്വരാക്ഷരം
പകരുമാത്മനിർവൃതിതന്നെയെൻ
പരമജിവിതസാന്ത്വനം

2013, ഡിസംബർ 12, വ്യാഴാഴ്‌ച

അർവിന്ദ് കെജ്രിവാളിന്റെ ആപ്

 അർവിന്ദ് കെജ്രിവാളിന്റെ ആപ്

ആം ആദ്മി പാർട്ടി (ആപ്) അനിതരസാധാരണമായ കിടിലൻ കന്നിപ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അർവിന്ദ് കെജ്രിവാൾ തന്റെ അണ്ണാ തൊപ്പിയിൽനിന്നും പൊടുന്നനെ ഒരു മുയലിനെ ഇറക്കിവിട്ട് അമ്പരിപ്പിക്കുന്ന ജാലവിദ്യയാണ് ജനസമക്ഷം അവതരിപ്പിച്ചിരിക്കുന്നത്. ഏവരേയും വിലക്കുന്നപോലെയോ അനുഗ്രഹിക്കുന്നപോലെയൊ തരാതരമായി വിശേഷിപ്പിക്കാവുന്ന രീതിയിൽ ഉയർത്തിക്കാട്ടിയിരുന്ന കോൺഗ്രസ്സിന്റെ കൈയ്യ് താനേ താണു. താമര ഉലഞ്ഞാടി നീരിൽ താഴുമെന്നുവരെ ഭയന്നു. ഇടക്കിടെ ഉടക്കാൻ വന്നിരുന്ന അയലത്തെ ചെറുക്കൻ വീട്ടിൽനിന്ന് ഇറക്കിവിട്ടതുപോലെയായി മുന്നു തവണ-മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ വിശ്വവിഖ്യാതമായ അമ്മമുഖം.

വെറും രാഷ്ട്രീയ ശിശുവായ കെജ്രിവാളിനെ ആർക്കാണു പേടിയെന്നു ചോദിച്ചവരൊക്കെ അവിശ്വസനീയമായി കണ്ണുമിഴിക്കുന്നു. ആപിന്റെ വിജയരേണുക്കൾ മുളക്കാൻപാകത്തിൽ ഇന്ത്യയിൽ എമ്പാടും പതിച്ചുകൊണ്ടിരിക്കുകയാണ്.ഏതാണ്ട് നിശ്ചലമായി തളംകെട്ടി മുഷിഞ്ഞ വായു നിറഞ്ഞിരുന്ന ഇന്ത്യൻ രാഷ്ട്രീയ സദനത്തിൽ പൊടുന്നനെ ഇന്ദ്രപ്രസ്ഥത്തിൽനിന്ന് ഒരു വടക്കൻ കാറ്റ് വീശിയിരിക്കുന്നു. ഈ വാമനൻ അടിവച്ച് അടിവെച്ച് ഇന്ത്യ മുഴുവൻ അളന്നെടുക്കുമോ?

ആശങ്കയുടെയും ആശയുടെയും സമ്മിശ്രവികാരവീചികൾ ദീർഘതരംഗങ്ങളായി പ്രസരിക്കുകകയാണ്. ഇതിൽ ഏതു വികാരദിശയെ അടയാളപ്പെടുത്തി നിൽക്കുന്നതാണ് തരംഗഗ്രാഹി എന്നതിനെ ആശ്രയിച്ചുനിൽക്കും ഓരോരുത്തരും വായിക്കുന്ന സന്ദേശം. എന്നാൽ രാഷ്ട്രീയ സൂചനകളേക്കാൾ ഈ വിഷയത്തിൽ വേണ്ടത് സാമൂഹ്യ സൂചനകളുടെ ഇഴപിരിച്ചുള്ള വിചാരണയാണ്. ഈ മുഴച്ചുനിൽക്കുന്ന സന്നിഗ്ദ്ധതയിൽ അന്തർലീനമായ സാമൂഹ്യ ശക്തികൾക്ക് തനതായുള്ള സൂചനകളാണ് ഈ നവാഗത രാഷ്ട്രീയപാർട്ടി തരംഗമാകുമോ എന്ന ചോദ്യത്തിനു ഉത്തരം പ്രവചിക്കാൻ സഹായിക്കുന്നത്.

അണ്ണാ തലപ്പാവുകൾ അടയാളമാക്കി ഡൽഹിയിലെ തെരുവുകളിൽ കണ്ട തൊപ്പിപ്പട്ടാളം പാർട്ടിപ്രവർത്തകരെന്നതിനേക്കാൾ ഒരു തരം ജനക്കൂട്ടത്തിനെയാണ് വിവക്ഷിച്ചത്. രാംലീല മൈതാനത്തു അണ്ണാ ഹസാരെയുടെ തൊപ്പിക്കീഴിലും സംവരണവിരുദ്ധ സമരത്തിലും തടിച്ചുകൂടിയ അതേ ജനക്കൂട്ടം. അവർ തെരുവുകളിലും ചേരികളിലും മധ്യവർഗ്ഗ വസതികളിലും കോളനികളിലും ഏവർക്കും നിത്യപരിചിതമായ ചൂലുകൾ ചിഹ്നമായി ഉയർത്തിക്കാട്ടി കേറിയിറങ്ങി നടന്നു. ആർക്കും ചേരാവുന്ന ആശയ, സിദ്ധാന്ത, ബന്ധനങ്ങളില്ലാത്ത, വെറും നേരമ്പോക്കുകാർക്കും നുഴഞ്ഞുകയറാവുന്ന ഒരു ജനസഞ്ചയം.' ഇന്നെന്താ പരിപാടി'യെന്ന് തെരഞ്ഞുനടക്കുന്ന മധ്യ, ഉപരിവർഗ്ഗക്കാരായ യുവാക്കളുടെയും മധ്യവയസ്കരുടെയും ഒഴിവുസമയ വിനോദം പെട്ടെന്ന് രാഷ്ട്രീയ അർത്ഥതലങ്ങളിലേക്ക് ഒരു കൊടുംകാറ്റുപോലെ കടന്നുകയറി കളി കാര്യമാക്കി.

ഇത്തരം ജനസഞ്ചയങ്ങളെ അറബ് വസന്തത്തിലും മുല്ലപ്പൂവിപ്ലവത്തിലും വാൾസ്ട്രീറ്റ് അധിനിവേശത്തിലുമൊക്കെ നഗരഹൃദയങ്ങളിലെ ഇടങ്ങൾ നിറച്ച് സമാധാനപരമായി ഇരമ്പുന്ന ജനരോഷമായി നാം പരിചയപ്പെട്ടിട്ടുണ്ട്.. സ്വയംഭൂവായി കേന്ദ്രനേതത്വമില്ലാതെ തടിച്ചുകൂടുക (swarming). അത്തരം ഒരു ജനസഞ്ചയത്തെ മറ്റിടങ്ങളിൽ സംഭവിക്കാതിരുന്ന രീതിയിൽ   പരമ്പരാഗത രാഷ്ട്രീയ സംഘടനയുടെ ചട്ടക്കൂട് കൊടുത്ത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ വഴിയിൽ ശാക്തീകരിച്ചതാണ് കെജ്രിവാളിന്റെ വിജയം.

പരമ്പരാഗത  രാഷ്ട്രീയ ജീർണ്ണതകൾക്കെതിരായ പുതുതലമുറയുടെ കടുത്ത രോഷം, വിലക്കയറ്റവും വിപരീത ഭരണക്കെടുതികളും കൊണ്ട് പൊറുതിമുട്ടിയിരുന്ന ജനമനസ്സുകളിലെ തീക്കനലുകളെ ആളിക്കത്തിച്ചതാണ് നാം കണ്ടത്. അതേറ്റുവാങ്ങാൻ സാമ്പ്രദായികമല്ലാത്ത മറ്റൊരു  രാഷ്ട്രീയ ബദൽ തേടിനടന്നവർക്ക് അത് വിശ്വ്വസനീയമായി ഒരുക്കി കൈകളിലെത്തിച്ചു കൊടുത്തു കെജ്രിവാൾ.

എന്നാൽ ആപിന്റെ അഖിലേന്ത്യാ വ്യാപനത്തിന്റെയും വളർച്ചയുടെയും സാധ്യത എന്താണ്?  സംവരണത്തിനെതിരായി ഡെൽഹിയിൽ നടന്ന സമരം നയിച്ചവർ  യൂത്ത് ഫോർ ഇക്വാലിറ്റി എന്ന് സ്വയം വിശേഷിപ്പിച്ച  സവർണ്ണവിദ്യാർത്ഥി കളുടെ കൂട്ടായ്മയായിരുന്നു. ഇവർക്കു ആപിലും നിർണ്ണായക സ്വാധീനമുണ്ട്. അതുപോലെ ജനലോക്പാൽ സമരത്തിൽ ആർ.എസ്.എസ്. ന്റെയും  സംഘപരിവാറിന്റെയും നിഴലുകൾ വീണിരുന്നു. ഈ വിചാരങ്ങൾ മുസ്ലീം കേന്ദ്രങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. അസംബ്ലി തിരഞ്ഞെടുപ്പിൽ  മുസ്ലീം മണ്ഡലങ്ങളിലൊക്കെ കോൺഗ്രസ്സ് സ്ഥാനാർത്ഥികളാണ് വിജയിച്ചിരിക്കുന്നത് ( ജയിച്ച 8 സ്ഥാനാർത്ഥികളിൽ 4  പേർ മുസ്ലീമുകൾ). ആപിന്റെ പ്രധാന മുസ്ലീം മുഖമായിരുന്ന ഷാസിയ ഇൽമി മറ്റു കാരണങ്ങൾ കലർന്നിട്ടായിരുന്നെങ്കിലും  തോറ്റുപോവുകയാണുണ്ടായത്.

ഡെൽഹി നിവാസികൾ അഖിലേന്ത്യാജനതയുടെ പരിച്ഛേദസ്വഭാവം വഹിക്കുന്ന നാഗരികരും വേരുകൾ പ്രായേണ ബലഹീനമായിക്കഴിഞ്ഞിരിക്കുന്ന, ആദേശം ചെയ്തു ആഗതരായവരുമാണ് (migrants). മറ്റേതൊരു പൗരാാവലിയേക്കാളും അഖിലേന്ത്യാ രാക്ഷ്ട്രീയ പ്രസരം  വമിച്ചുനിൽക്കുന്ന തലസ്ഥാന നഗരയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന നയ, നിയമ,ഭരണ ഗതിവിഗതികളുടെ ചൂടും ചൂരും അണുപ്രസരണവും നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്നവർ. അവരുടെ ബഹുസ്വരത ഈ രാഷ്ട്രീയ പ്രസരണങ്ങൾക്കും ചലനങ്ങൾക്കും വിധേയമായി കഴിഞ്ഞിരിക്കുന്നു.

ഡെൽഹി എല്ലാവരുടേയുമാണ്; എന്നാൽ ആരുടെയും അല്ല താനും. ഒരു പരമവിധേയത്വമോ, പ്രതേക  ജാതി മത ദേശ ഭാഷാ സമൂഹത്തിന്റെ പ്രാമാണികത്വവുമില്ല. ഉപരിശ്രേണിയിലേക്കു ഉയരാൻ സദാ ശ്രമിച്ചുകൊണ്ടിരിക്കുന്ന അവർക്ക് ശക്തമായ വോട്ടുബാങ്ക് ബന്ധങ്ങളൊന്നുമില്ല. ആശ്വ്വാസകരമായ നഗരഭരണത്തിലും നാൾക്കുനാൾ നന്നാവുന്ന ജീവിതം കെട്ടിപ്പടുക്കുന്നതിലും മാത്രമാണ് അവർ ശ്രദ്ധിക്കുന്നത്. ഏറ്റവും മികച്ച ആളോഹരി വരുമാനമുള്ള ഡെൽഹി നിവാസികൾ മദ്യത്തിനൊ വോട്ടുകൂലിക്കൊ പേശീബലത്തിനൊ വളരെയൊന്നും വഴങ്ങുന്നവരുമല്ല. അതേസമയം പുത്തൻപണവും അധികാരവും ചേർന്നു സൃഷ്ടിക്കുന്ന ഒരു മൃഗീയ വ്യവസ്ഥിതി അവരുടെ ജീവിതത്തിന്റെ ഗുണപരിപാകങ്ങൾ നിർണ്ണയിക്കുന്നതിൽ അസ്വസ്ഥരാണ്. ഇതുപോലെയുള്ള ഒരു പരിസ്ഥിതി ആപിനെപോലെയുള്ള  രാഷ്ട്രീയ ബദലുകൾക്ക് വളരാൻ പറ്റിയ വിളനിലമാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാവങ്ങളൂടെയും സംവരണത്തിന്റെയും ധനികരുടെയും മണ്ഡലങ്ങളിൽ ആപിന്റെ സ്ഥാനാർത്ഥികൾ വിജയിച്ചിട്ടുണ്ട്.

എന്നാൽ ബാക്കിയുള്ള ഇന്ത്യ വളരെ വിഭിന്നമാണെന്നു  നമുക്ക് അറിയാം. ശിവസേന നടമാടുന്ന മുംബൈയിലൊ, ജയലളിത,കരുണാനിധി പ്രഭൃതരുടെ ചെന്നൈയിലൊ, ത്രിണമുൽ കോട്ടയായ കൊൽക്കത്തയിലൊ, യാദവ നാടുകളിലൊ, ഒന്നും ജാതി മത പ്രാദേശീയ രാഷ്ട്രീയത്തിനതീതമായ സാർവ്വജനീനതയുടെ അഴിമതി വിരുദ്ധ ധാർമ്മിക രോഷവികാരം കൊണ്ടുമാത്രം വിജയിക്കാൻ സാധ്യമല്ല. ജയപ്രകാശ് നാരായൺ സ്ഥാപിച്ച ലോകസത്ത പാർട്ടി ആന്ധ്രയിൽ കിണഞ്ഞുശ്രമിച്ചിട്ടും ഇന്നും എങ്ങും എത്തിയിട്ടില്ലെന്നോർക്കണം.

അമിതമായ സ്വയം പരിശുദ്ധൻ വികാരം, ദാംഭികത്തം മറ്റു രാക്ഷ്ട്രീയപാർട്ടികളെ അസ്‌പൃശ്യരാക്കി തീണ്ടൽപ്പാടകലത്ത് നിർത്തുന്ന നയം വോട്ടർമാരെ ധ്രുവീകരിക്കുകയേയുള്ളു. ഇതര പാർട്ടികളുമായി നീക്കുപോക്കില്ലാതെ വർത്തമാനകാല രാക്ഷ്ട്രീയം എപ്പോഴും സാധ്യമാകില്ല എന്ന സത്യം ആപ് അറിഞ്ഞാൽ അവർക്കു നന്ന്.




2013, ഒക്‌ടോബർ 27, ഞായറാഴ്‌ച

ഹൈകു കവിതകൾ (തുടർച്ച:1)


ഇക്കഴിഞ്ഞ പോസ്റ്റായ  "7 ഹൈകു കവിതകൾ " ( 2013, ഒക്ടോബർ 8, ചൊവ്വാഴ്ച) ഹൈകുകളുടെ സ്വഭാവ വിശദീകരണത്തോടെ പ്രസിദ്ധീകരിച്ചുകഴിഞ്ഞപ്പോൾ അത്  ഹൈകു കവിതകളായി നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിലും അറിവിൽപ്പെട്ടിടത്തോളം മലയാള സാഹിത്യത്തിലെ ശാസ്ത്രീയമായ ( classic or taditional, 5-7-5 syllables and other essential features) ഹൈകു കവിതകളൂടെ ആദ്യ അവതരണവും പ്രകാശനവുമായിരിക്കുയാണ്.
  
പ്രസ്തുത "7 ഹൈകു കവിതകൾ" ഫെയ്സ്ബുക്കിൽ (Facebook) ഞാൻ പുനഃപ്രകാശനം ചെയ്തതോടെ അവിടെയും ശാസ്ത്രീയ സ്വഭാവം പൂർണ്ണമായി പാലിക്കുന്നവയല്ലെങ്കിൽക്കൂടി മൂന്നു വരി രൂപകല്പനയിൽ സന്തോഷകരമായ ഉദ്യമങ്ങൾ ഉണ്ടായിവരുന്നുണ്ട്. ഹൈകു കവിതകൾക്ക് ഇനി പ്രചുരപ്രചാരം ലഭിക്കുമെന്ന് പ്രത്യാശിക്കാം.

തുടർന്ന് കൂടുതൽ  "ഹൈകു കവിതകൾ (തുടർച്ച:1)"  ഇവിടെ പ്രസിദ്ധീകരിക്കുന്നു:


 ഹൈകു കവിതകൾ (തുടർച്ച: 1)



 1. അറിയാൻ
    തീർച്ചയില്ലാതെ
       വിഷയങ്ങളെത്രയോ; --
       മൂളുന്നു മൂങ്ങ.

2  പാപഭാരം
    ഈ നിലത്തിന്റെ
       പാപം, പാറകളായി; --
       ഒറ്റമരം തപസ്സിൽ


3. അപചയം  
       തോനെ കാര്യങ്ങൾ
       തെറ്റിലേക്കിഴയുന്നു; --
       തോട്ടിലോ വെള്ളം കുറവ്.


4. എഴുതാൻ
    വിഷയമാക്കാൻ
       ധൈര്യം പാവം ജീവിതം; --
       മണൽമെത്ത ഉറങ്ങാൻ
  
.      
5. പുരളും ചെളി
    വെളിയിൽ ചെളി,
       വീട്ടിൽ പുരളാനെത്ര!; --
       മഴയൊ ഇല്ല.


6. ഹോട്ടൽ പൂജ
    നക്ഷത്രഹോട്ടൽ!
       ജപവും ജാരവൃത്തി; --
       തിക്കും തിരക്കും


7. മാനഭ്രമം
    ഇരുളും മാനം
       ഭ്രമമായ് ചക്രവാളം; --
       ഇരമ്പും കടൽ.
  
        ----


.



2013, ഒക്‌ടോബർ 8, ചൊവ്വാഴ്ച

7 ഹൈകു കവിതകൾ







ജാപ്പനീസ് ഭാഷയിലെ കുഞ്ഞിക്കവിതകളാണു ഹൈകുകൾഉച്ചാരണത്തിന്റെ ഏറ്റവും ചെറിയ ഏകകത്തിനെ ആ ഭാഷയിൽ ഓൻ അഥവാ മൊറെ എന്നു പറയുന്നു;  ഏകദേശം ചില്ലക്ഷരത്തിനു സമാനംസാമ്പ്രദായിക (traditional)  ഹൈകു, ലംബമായി എഴുതുന്ന(കീഴോട്ട്ഒറ്റവരിയിൽ 17 ഓൻ അടങ്ങിയതാണ്തിരശ്ചീനമായി എഴുതുന്ന സാധാരണ ഭാഷകളിൽ മൂന്നുവരികളിലാണ് ഹൈകു കവിത. പാശ്ചാത്യ ഭാഷകളിൽ ഇല്ലാത്ത ഓനിനു പകരം സിലബി (syllable)  കണക്കായി ഉപയോഗിക്കുന്നുഒന്നും മൂന്നും വരികളിൽ ഉം നടുവിലെ വരിയിൽ 7ഉം സിലബിൾ ആണ് സാധാരണ വരിക
അടിസ്ഥാനപരമായി വ്യത്യസ്ഥമായ രണ്ട് ആശയങ്ങൾ, അഥവാ ബിംബങ്ങൾ, തൊടുവിച്ചുവെക്കുന്നതായിരിക്കണം എന്നത് നിർബന്ധമാണ്ജാപ്പനീസ് ഭാഷയിൽ ഈ രണ്ട് ഘടകങ്ങളേയു വേർതിരിക്കുന്നതും അതേസമയം വിശേഷിപ്പിക്കുന്നതുമായ  ഒരു വാക്ചിഹ്നം (കിരേജിഉണ്ടായിരിക്കുംമറ്റു ഭാഷകളിൽ സൗകര്യംപോലെ ഒരു ഉപാധികയോ, വിരാമചിഹ്നങ്ങളിലൊന്നോ ഉപയോഗിക്കുന്നുസാമ്പ്രദായികമായ മറ്റൊരു നിബന്ധന ഏതെങ്കിലും ഒരു ഋതുകാലത്തെ വിവക്ഷിക്കണം എന്നതുമാണ്ഇത്തരം നിഷ്കർഷങ്ങൾ പാലിക്കാത്ത വകഭേദങ്ങളും ധാരാളമായി ഉണ്ട്.
ഇവിടെ മലയാളത്തിൽ ഓനിനെ അക്ഷരമായി മാറ്റി, കണക്കായി ഉപയോഗിക്കുന്നു, കിരേജിക്കു പകരം തുടർച്ചക്കുറി (-)യും.



1. പൂത്തുമ്പി
 
 പറന്നിറങ്ങി
പൂ ത്തുമ്പി പുൽക്കൊടിമേൽ, -
 ഭൂമി ചിരിച്ച്.

  
 2. പുഷ്പം

 നനഞ്ഞ പുഷ്പം
 ഈറൻ കാറ്റിൽ പതിച്ചു, -
 ഇല വിതുമ്പി.


 3. പുഴു

 അമ്മവീടോർത്ത്
 സഞ്ചരിക്കുന്ന പുഴു, -
 പൊള്ളും പാറകൾ.


 4. കുയിൽ

 തളിരു കണ്ട്
 കൂവിത്തകർക്കും കുയിൽ, -
 മരഹൃദയം.


 5. വെയിൽ  

 എന്തോ ഓർത്ത്
 ഒന്നും ഉരിയാടാതെ, -
 വെയിൽ തെളിഞ്ഞു.


 6. കാകൻ

 കാകൻ കരഞ്ഞു
 പറഞ്ഞ്, പറന്നുപോയ്, -
 പൂച്ച കൺചിമ്മി.


 7. മരക്കമ്പുകൾ

 മരക്കമ്പുകൾ
 ഇലച്ചാർത്തിലെ വഴി, -
 ഒലിക്കും കറ.

2013, ഏപ്രിൽ 14, ഞായറാഴ്‌ച

ഐശ്വര്യപ്പൊൻപുലരി - വിഷു.

ഐശ്വര്യപ്പൊൻപുലരി - വിഷു.
 
 
'പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക' എന്നു വിഷുവിനെ വാഴ്ത്തിക്കൊണ്ട് പുള്ളുവൻ പാടുന്നു. ശ്രീകൃഷ്ണൻ താരകാസുരനെ നിഗ്രഹിച്ച ദിവസമാണെന്നും, രാവണൻ തന്റെ കൊട്ടാരത്തിൽ വെയിൽ കടക്കുന്നതിനാൽ സൂര്യനെ ഉദിക്കാൻ അനുവദിക്കാതിരുന്നത് ശ്രീരാമനാൽ കൊല്ലപ്പെട്ടശേഷം മാറി സൂര്യൻ ഉദിച്ച ആഹ്ലാദദിനമാണെന്നും വിഷുവിനെച്ചൊല്ലി രണ്ട് ഐതിഹ്യങ്ങൾ ഉണ്ട്. ഏതായാലും   കണി കാണുന്നത് മലയാളിക്കു പ്രധാനമാണ്. ദിവസക്കണി ആണ്ടുകണി എന്ന രണ്ടു കണികളിൽ മേടമാസം ഒന്നാംദിനം ആഘോഷിക്കുന്ന ആണ്ടുകണിയാണു വിഷുക്കണി. വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. സമരാത്രദിനമെന്ന അർത്ഥത്തിൽ  മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്. തുലാവിഷുവിൽ കണികാണലില്ല. 

ഭാരതത്തിലെ കാർഷികപഞ്ചാംഗത്തിലെ ആദ്യദിനമാണ്‌ കേരളത്തിൽ വിഷു ആയി ആഘോഷിക്കുന്നത്‌. ഭാരതത്തിലെമ്പാടും ഇതേ ദിവസം ആഘോഷങ്ങൾ ഉണ്ട്‌. ഉദാഹരണത്തിന്‌ ബംഗാളീലെ ബൈശാഖ്, അസമിലെ ബിഹു. വൈശാഖമാസത്തിലെ ബൈഹാഗ്‌ ആണ്‌ അവർക്ക്‌ ബിഹു. അന്നേ ദിവസം കാർഷികോത്സവത്തിനു പുറമെ നവവത്സരവും, വസന്തോത്സവവും എല്ലാമായി അവർ ആഘോഷിക്കുന്നു. കൃഷിഭൂമിപൂജ, ഗോപൂജ, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനങ്ങൾ നൽകുക, സംഘനൃത്തം എന്നിവയെല്ലാം ബിഹുവിന്റെ ഭാഗമാണ്‌. കൃഷിയിടങ്ങളിലെ പൊലിപ്പാട്ടും, വളർത്തുമൃഗങ്ങളെ കണികാണിക്കലും, കൈനീട്ടം നൽകലും എല്ലാം വിഷുവിലും ഉണ്ട്. ബീഹാറിലെ ആഘോഷത്തിനും ബൈഹാഗ്‌ എന്നാണ്‌ പറയുക. പഞ്ചാബിൽ ഇതേ സമയം വൈശാഖിയും തമിഴ്‌നാട്ടിൽ പുത്താണ്ടും ആഘോഷിക്കുന്നു. കർണാടകയിലും ആന്ധ്രാപ്രദേശിലും ഇക്കാലത്ത്‌ ഉഗാദി എന്ന ആഘോഷം കൊണ്ടാടുന്നു. യുഗ-ആദി ആണ്‌ ഉഗാദി ആയത്‌, അർത്ഥം ആണ്ടുപിറപ്പ്‌ എന്നു തന്നെ.

കേരളത്തിൽ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌  ആചരിക്കുന്നത്. തലേനാൾ സംക്രാന്തിയാണ്. അന്ന് വൈകീട്ട് വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കൾ കത്തിച്ചുകളയുന്നു. വീട് ശുദ്ധിയാക്കുകയും പുതിയ വർഷത്തെ വരവേൽക്കുയും ആണ് ഇതിന്റെ ഉദ്ദേശം. അതോടെ വീടുകളിൽ പടക്കം പൊട്ടിച്ചു തുടങ്ങുകയായി.

 കണി ഒരുക്കുന്നതും കാണീക്കുന്നതും കുടുംബത്തിലെ മുതിർന്ന സ്ത്രീകളുടെ ചുമതലയാണ്. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ കസവാട വിരിച്ച് അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്‌.വിഷുവുമായി അഭേദ്യബന്ധമുള്ള ഒന്നാണ്‌ കണിക്കൊന്ന(ഇന്ത്യൻ ലബർണം). സൗവര്‍ണ്ണമായ സങ്കല്പങ്ങള്‍ക്ക് ചാരുത പകരുന്ന പൂക്കളാണ് കൊന്നപൂക്കള്‍. പ്രകൃതിയുടെ വിഷുകൈനീട്ടമാണിവ.  കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നിൽകുന്നത് നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു. കർണ്ണികാരം എന്നും അറിയുന്ന കണികൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ്‌ കേരളത്തിന്റെ സംസ്ഥാന പുഷ്പവും. കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വെയ്ക്കാറുണ്ട്‌. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം.കുടുംബാംഗങ്ങൾ എല്ലാവരും കണികണ്ടാൽ പിന്നെ വീടിന്റെ കിഴക്കുവശത്ത്‌ കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു. കണികണ്ടതിനു ശേഷം ഗൃഹനാഥൻ കുടുംബാഗങ്ങൾക്ക് വിഷുക്കൈനീട്ടം നൽകുന്നു.  "ഐശ്വര്യസമ്പൂർണ്ണമായ അതായത്‌ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക"


രാവിലെ പ്രാതലിന് ചിലയിടങ്ങളിൽ വിഷുക്കട്ട എന്ന വിഭവം കാണാറുണ്ട്‌. നാളികേരപ്പാലിൽ പുന്നെല്ലിന്റെ അരി വേവിച്ച് ജീരകം ചേർത്ത് വറ്റിച്ചാണ് വിഷുക്കട്ട ഉണ്ടാക്കുന്നത്‌. വിഷുക്കട്ടക്ക് മധുരമോ ഉപ്പോ ഉണ്ടാവാറില്ല. ശർക്കര പാനിയോ, മത്തനും, പയറും കൊണ്ടുള്ള കറിയോ ഉപയോഗിച്ചായിരിക്കും ഇത് കഴിക്കുക. ഉച്ചു ഊണിന് ചക്ക - അന്നു പ്രത്യേകമായി,'പനസം 'എന്നേ പറയൂ - കൊണ്ടുള്ള, ചക്കയുടെ എല്ലാ ഭാഗങ്ങളും ചേർത്ത എരിശ്ശേരി, ചക്ക വറുത്തത്  ഈ വിഭവങ്ങൾ പ്രധാനമാണ്. അതുപോലെ മാമ്പഴപുളിശ്ശേരിയും. വിഷുവിനു മാംസാഹാരങ്ങൾ ആവാം. ആദിദ്രാവിഡാഘോഷങ്ങളിൽ പെട്ട ഒരു ഉത്സവമാണ്‌ വിഷു. മത്സ്യമാംസാഹാരാദികൾ വർജ്ജിച്ചുകൊണ്ടുള്ള ഓണം ബുദ്ധമതസിദ്ധാന്തങ്ങൾക്ക് ചേരുന്നതാണെങ്കിൽ വിഷു അതിന്‌ കടകവിരുദ്ധമാണ്‌. വേട്ടയാടി കാലയാപനം കഴിച്ചിരുന്ന ആദിദ്രാവിഡരുടെ മാംസാഹാരത്തോടുള്ള അഭിരുചി വിഷുആഘോഷങ്ങളിൽ നിഴലിക്കുന്നു. അതിനാൽ ഓണത്തേക്കാൾ പഴക്കമുള്ള ആഘോഷമാണ്‌ വിഷു എന്നും കരുതുന്നു.

കൃഷീവലർ ഉച്ചസദ്യയ്ക്കു മുൻപായി വയലിൽ കളം വരച്ച് കൃഷിയായുധങ്ങൾ കോലം വരച്ചലങ്കരിച്ച് അട നിവേദിച്ചു പൂജ കഴിച്ച്  ഉർവ്വരാനുഷ്ടാനമായി ഉഴുത് വിഷുച്ചാൽ കീറണം അതുപോലെ കൈക്കോട്ടുചാൽ ആചരിക്കുന്നതും പതിവുണ്ട്. പുതിയ കൈക്കോട്ടിനെ കഴുകി കുറി തൊടുവിച്ച് കൊന്നപ്പൂക്കൾ കൊണ്ട് അലങ്കരിക്കുന്നു. അങ്ങനെ അണിയിച്ചൊരുക്കിയ കൈക്കോട്ട് വീടിന്റെ കിഴക്കു പടിഞ്ഞാറു ഭാഗത്ത് വച്ചു പൂജിക്കയും അതിനുശേഷം കുറച്ചു സ്ഥലത്ത് കൊത്തികിളയ്ക്കുകയും ചെയ്യുന്നു. അങ്ങനെ കൊത്തിക്കിളച്ചതിൽ കുഴിയെടുത്ത് അതിൽ നവധാന്യങ്ങൾ, പച്ചക്കറി വിത്തുകൾ എന്നിവ ഒരുമിച്ച് നടുന്നു.

മദ്ധ്യ തിരുവിതാംകൂറിലെ ഏറ്റവും വലിയ വിഷു ഉത്സവം വെണ്മണിയിലെ ശാർ‍ങ്ങക്കാവിലെതാണ്(ചാമക്കാവ്). വിഷു ദിനത്തിൽ കെട്ടുകാഴ്ചകളുമായി വെണ്മണിയിലെ വിവിധ കരകളിൽ നിന്നും ഭക്തർ ഇവിടെ വന്നു കൂടുന്നു. ചേരാനെല്ലൂരിൽ നടക്കുന്ന ഏകദിനവ്യാപാരം വിഷുമാറ്റം എന്നാണ്‌ അറിയപ്പെടുന്നത്. നാണയസമ്പ്രദായം നടപ്പിലാവുന്നതിനു മുന്നേ തന്നെ നടന്നു വന്ന ഈ രീതിക്ക് സംഘകാലത്തോളം പഴക്കമുണ്ട്.

വിഷുഫലം പറയുന്ന രീതി പണ്ടുകാലത്ത് സാർവത്രികമായിരുന്നു. പണിക്കർ (കണിയാൻ) വീടുകളിൽ വന്ന് വിഷുഫലം ഗണിച്ച് പറയുന്നരീതിയാണിത്. ആ വർഷത്തെ മഴയുടെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള കണക്കാണത്. എത്ര പറ മഴ കിട്ടും, മഴ ഇടിമിന്നലോടു കൂടിയാവുമോ, കാറ്റുണ്ടാവുമോ എന്നൊക്കെ വായിച്ച് കേൾപ്പിക്കും. വിഷു സംക്രാന്തി നാളിലാണ്‌ പണിക്കർ വരുന്നത്. അവർക്ക് ഇതിനായി ലഭിക്കുന്ന പ്രതിഫലത്തെ "യാവന" എന്നാണ് പറയുക

മലയാളികള്‍ക്ക് ഐശ്വര്യത്തിന്റെ പൊന്‍പുലരിയാണ് വിഷു. പുതുവര്‍ഷത്തിലേക്കുള്ള ചുവട്‌വെപ്പ്. സ്നേഹത്തിന്റെ കണിവെള്ളരിക്കൊപ്പം കണിക്കൊന്നയുടെ പീതവര്‍ണവും കൈനീട്ടത്തിന്റെ ഐശ്വര്യവും. മലയാളിക്ക് പ്രതീക്ഷയുടെ മാസമാണ് മേടം.
 
എല്ലാവർക്കും സ്നേഹനിർഭരമായ വിഷു ആശംസകൾ!
 
 
Powered By Blogger