2016, സെപ്റ്റംബർ 13, ചൊവ്വാഴ്ച

എട്ടിന്റെ പണി

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.


 
എട്ടിന്റെ പണി
 ( ഒരു സുഹൃത്തിന്റെ ഏറ്റുപറച്ചിൽ)


കുറ്റിത്തലമുടി പറ്റയ്ക്ക് വെട്ടി,
ഒറ്റക്കൽ കമ്മൽ ഒറ്റയ്ക്കണിഞ്ഞ്,
വട്ടക്കഴുത്തിലായ് മാലയണിഞ്ഞ്,
മുട്ടോളമെത്തുന്ന കുപ്പായമിട്ട്.
വെട്ടിപിടിപ്പിച്ച പാച്ചപ്പ്ജീൻസും
കട്ടിയിൽ പൊക്കം പിടിപ്പിച്ച ഷൂസും
എല്ലാം ധരിക്കും പുരുഷാവതാരം
മെല്ലെ ചലിച്ചെന്റെ ചാരത്തു വന്നു
" പത്തിന്റെ നോട്ടുണ്ടോ നൂറിനായ്, ഹീ?
എത്തണം വേഗമെനിക്കൊരിടത്ത്!"
"എട്ടോളം കാണണം, പോരുമോ, ഹീഹീ"
ഒട്ടൊന്നിളിച്ചു ഞാൻ തട്ടിവിട്ടപ്പോൾ
ഒട്ടും മടിക്കാതെ നൂറു നീട്ടി, ...ഞാൻ
എട്ടും കൊടുത്തേ; ചിരിക്കാതെ നിന്നു.
പെട്ടെന്നുപോകാൻ തിരിയുന്ന നേരം
തട്ടിയെൻ തോളത്ത്, ചൊല്ലി പിന്നെ, ..ഹി
ഒട്ടും താൻ കരുതല്ലെ ലാഭമെന്ന്,
കിട്ടിയതിപ്പോൾ വെറും ദാനമാണ്
മുട്ടിവിളിക്കുന്ന യാചകർക്കായി
ഇട്ടിട്ടു പോകയീ ഇരുപതും നീ.

അന്നത്തെ നാൾ മുതൽ പാഠം പഠിച്ചു:
എന്നത്തെ സത്യവും രൂപമല്ലല്ലോ.

    - ജിയു കുറുപ്പ്

2016, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

കടവിലെ കാഴ്ചകൾ

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്. 
കടവിലെ കാഴ്ചകൾ

ഒടുവിൽ തുഴഞ്ഞു നാമെത്തിയിക്കടവിലെ 
പടിയിലായ് തോണിയണച്ചു കെട്ടി
കടവിന്റെ മേലേ പടവിലേ കൽത്തറ
പ്പടിയിൽ  നമുക്കൊന്നു വിശ്രമിക്കാം.
അതിനുള്ള ഭാഗ്യം തരേണെമേ കാവിലെ
ഭഗവതീ ശരണമായ് നിൽക്കുകില്ലേ!
കുങ്കുമച്ചെപ്പും തുറന്നതിന്നുള്ളിലെ
അന്തിച്ചുകപ്പിന്റെ പൊട്ടുതൊട്ട്,
മുറ്റത്തെ വെണ്മണൽ കാൽനടപ്പാതയിൽ 
ചുറ്റും വിളക്കുകൾ കത്തിനിൽക്കും,
ദ്യോവിലെനീലിച്ച കാന്തിയിൽ കാണുന്ന 
കാവിൽ ഭഗോതിയെ മെയ്‌വണങ്ങാം.
കളകളം പാടുന്ന കല്ലോലമാടുന്ന
നിളയിലെ കാറ്റുമായ് സല്ലപിക്കാം.
പുഴയിലെപ്പാതയിൽ ഊന്നിച്ചലിക്കുന്ന
കഴുകോൾത്തോണികൾ എണ്ണിനിൽക്കാം
ഒഴുകുന്ന ആറിന്റെ ശോകനിശ്വസമാം
ചുഴികളെക്കണ്ടുനാം സഹതപിക്കാം.
കാടിന്റെ മാറത്തെ മുട്ടൻമരങ്ങളിൽ
കടപുഴകിയൊഴുകുന്ന വൻമരത്തിൽ
കളിയാത്രചെയ്യുന്ന, കാടിൻ മകളായ
കിളിയെയും കണ്ടൊന്നു കുതുകമേറാം
ഒരുനാളെയോർക്കുന്ന, ആറ്റിൽകളിക്കുന്ന
കരുമാടികുട്ടർക്ക് കൈയ്യടിക്കാം
മുഴുവൻ കുടുംബാംഗ മാലിന്യമൊക്കെയും
കഴുകുമാ അമ്മയ്ക്ക് കുശലമോതാം.

ദൂരെയായ് കാണുമാ തിരുമലക്കോവിലിൽ
തിരിദീപനാളം തെളിവതും മുമ്പ്
തിരയൊന്നും കാണാനരുതാതെ രാവിന്റെ 
തിരശീല താഴുന്ന മുമ്പുതന്നെ
ഒടുവിലെ കറ്റിരുൾ കാത്തിരിക്കാതെയാ
കടവും കടന്നേ തുഴഞ്ഞുപോകാം.2016, സെപ്റ്റംബർ 11, ഞായറാഴ്‌ച

തുള്ളിയിൽ തെളിയുന്നത്.

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.

തുള്ളിയിൽ തെളിയുന്നത്.പെയ്തു തോരാത്തതാമെത്രയോ കൺകളിൽ
പയ്യെത്തുളുമ്പിത്തിളങ്ങുന്ന തുള്ളിയിൽ
ഒന്നുനോക്കീടുകിൽ കാണാം സമൂഹവും
പിന്നിലായേറെ വികലമാം ലോകവും.

ചെയ്തുപോരുന്നതാം പാപക്കറകളാൽ
ചെയ്തു തീരാത്തതാം ചിത്രം കണക്കെയും
അസ്ഥിവാരം പോലും ആകെ മറിഞ്ഞതാം
അസ്ഥിത്വമാവുന്നു നാടും നഗരവും
പ്രേമം പുരളാത്ത കലുഷിതമാനസർ,
പ്രേതം ഭരിക്കുന്ന ഭീകര ജീവികൾ,
കാപാലികർ, കൊലയാളികൾ, തീവൃമാം
കോപാകുലർ, കൊടുംകാമാന്ധരായവർ
ചെയ്തുകൂട്ടുന്നതാം പാപക്കറകളാൽ
ചെയ്തുതീരാത്തതാം ചിത്രമായ് ലോകവും
എന്തുുകൊണ്ടാണെന്ന കാരണം പണ്ട് നീ
ബന്ധുരം ചൊല്ലിയോ, രാമായണക്കിളീ?

2016, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

രണ്ടാം ക്ഷേത്രപ്രവേശന സമരം: ശബരിമല: മലമുകളിൽ മുല്ലപ്പൂ വിപ്ലവം.

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്. രണ്ടാം ക്ഷേത്രപ്രവേശന സമരം: ശബരിമല: മലമുകളിൽ മുല്ലപ്പൂ വിപ്ലവം.ഇന്ത്യയിലെ 99.9 ശതമാനം ക്ഷേത്രങ്ങളിലും സ്ത്രീകളോട് ഒരു വിവേചനവും ഇല്ല. വിരലിലെണ്ണാവുന്ന അത്രയും ക്ഷേത്രങ്ങളിൽ ചില നിയന്ത്രണങ്ങൾ ഉണ്ടാവാം. എന്നാൽ, മസ്ജിദുകളുടെ കാര്യമതല്ല. വ്യാപകമായ രീതിയിൽ അവ മുസ്ലീം സ്ത്രികളെ പലദൂരത്തിൽ അകറ്റി നിർത്തുന്നുണ്ട്. അവിടങ്ങളിൽ ഒരു വമ്പിച്ച 'ബൂർഖാ- തലേത്തട്ടം' വിപ്ലവം അരങ്ങേറുന്നതിന് സ്കോപ് ഉണ്ടുതാനും. എന്നാൽ ക്ഷേത്രപ്രവേശന വിഷയത്തിൽ ഇത്രയും ഹൈപ്,  ബഹളം ഉണ്ടാക്കുന്നത് മാധ്യമ അധികപ്രസരമാണ്.

പ്രത്യേകിച്ചും ശബരിമല ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ സ്ത്രികൾ പ്രവേശന സമരം എന്നു കൊട്ടിഘോഷിച്ച് ഒരു മുല്ലപ്പൂ വിപ്ലവത്തിന്‌വേണ്ടി സാരി മാറ്റി ചൂരിദാർ-കമീസ് ധരിച്ച് കച്ചകെട്ടി കല്ലും മുള്ളും പുല്ലാണേ ശരണം അയ്യപ്പാാ എന്നു വിളിച്ച് മലകേറണോ എന്ന് അവർ ഒരു വീണ്ടുവിചാരം നടത്തണ്ടതാണ്. അത്തരം വിവേകപൂർണ്ണമായ സമീപനം കേരളത്തിലെ പ്രഗൽഭരായ സ്ത്രീസമൂഹത്തിന് ഉണ്ടെന്നുള്ളതിന് തെളിവാണ് " കാത്തിരിക്കാൻ തയ്യാർ" (" Ready to wait") എന്ന സൈബർ പ്രസ്ഥാനം. കാത്തിരിക്കാൻ തയ്യാറല്ലാത്ത കൂടുതലും വടക്കേ ഇന്ത്യൻ സ്ത്രീവാദികളെ അവർ നന്നായി കഴിഞ്ഞ ദിവസം ടീവി ചനലിൽ പ്രതിരോധിക്കുന്നത് കണ്ടു. സബാഷ്, സഹോദരിമാരെ!

ശബരിമലയിൽ ആർത്തവ വിധേയരായ, പ്രത്യുല്പാദനക്ഷമരായ സ്ത്രികൾക്കുമാത്രമേ  സന്നിധാനത്തിൽ വിലക്കുള്ളു. അല്ലാത്തവർക്ക് കാത്തിരുപ്പ് വേണ്ട. അവർ പുരുഷ സമാനർ. ശ്രീകോവിൽ നടവരെ ചെന്ന് താണുവീണുകിടന്ന് തൊഴാം, തിരക്ക് അനുവദിക്കുന്നിടത്തോളം. ആർത്തവബാധിതർക്കും (രോഗമെന്ന് വിവക്ഷയില്ല) വിധേയർക്കും എന്തുകൊണ്ട് വിലക്ക് എന്നത് സംഗതമായ, ചോദിക്കേണ്ട, ചോദ്യമാണ്.  ഇതിന്റെ ഉത്തരം അറിയാത്തവരാണ് മുല്ലപ്പൂവ് സമരക്കാർ.

ഈശ്വര വിശ്വ്വാസത്തിലും ആരാധനയിലും വെറും പ്രാർഥനയിലും ഒക്കെ നിർണ്ണായക ഘടകവും ന്യായീകരണ ഘടകവും ഭക്തിയും വിശ്വ്വാസവുമാണ്.  ലോജിക്കിന്റെ ഇരുമ്പുലക്കയല്ല. അല്ലേയല്ല. നിങ്ങൾ ലോജിക്കിൽ തലവെച്ചാൽ വിശ്വ്വാസവും വരില്ല ഭക്തിയും തോന്നില്ല. കല്ലിന്റെ അകത്ത് ദൈവം കേറിയിരുന്നാൽ ശ്വാസം മുട്ടില്ലേ 'അച്ചാ' എന്നു പണ്ടത്തെപോലെ ചോദിക്കും. അതുപോലെ തന്നെയാണ് പലദൈവങ്ങളുടെ അസ്ഥിത്വവവും. അത്യാവശ്യത്തിന് ഒരു ദൈവം ധാരാളം മതി. പക്ഷെ പല രൂപഭാവങ്ങളിൽ അതിനെ സങ്കല്പിക്കാം. അപ്പോഴാണ് നമ്മുടെ ദൈവസങ്കല്പത്തിന് സമഗ്രത കൈവരിക . തൂണിലും തുരുമ്പിലും ദൈവത്തെ കാണാൻ  സാധിച്ചാൽ ഭക്തിയുടെ പരമകാഷ്ഠ ആയി. ലോജിക്കുകാരന്റെ ഉള്ളിലും അതാ ഇരിക്കുന്നു ദൈവം.
 അങ്ങിനെ എവിടെയെങ്കിലും ഒരു പ്രത്യേക ദൈവ സങ്കൽപത്തെ വിശ്വ്വാസി പ്രതിഷ്ടിച്ചാൽ ആ സങ്കല്പത്തിന് അയാളെ, അവളെ, സംബന്ധിച്ചിടത്തോളം മൂർത്തിമത്വവും വ്യക്തിത്വവും വരും. അത് ഒരു ദൈവതം ആകും അങ്ങനെ ഒന്നാണ് ശ്രീ അയ്യപ്പൻ എന്ന ദൈവതം. അയ്യപ്പ സങ്കല്പം നിത്യ ബ്രഹ്മചാരിയുടെ രൂപഭാവത്തിലാണ്. ആ ബ്രഹ്മചര്യത്തെ, നമ്മുടെ തന്നെ സങ്കല്പമായ ആ രൂപഭാവത്തെ, അവിഹിതമായി നകാരാത്മകമായി ബാധിച്ച് ആ സങ്കല്പത്തിനെ ഉടയ്ക്കുന്ന സാഹചര്യം നാം തന്നെ എന്തിന് ഒരുക്കണം? പുരുഷ ബ്രഹ്മചര്യോർജ്ജത്തെ എതിർദിശയിൽ   ധ്രുവീകരിക്കത്തക്കതാണ് പ്രജനനക്ഷമമായ സ്ത്രീലൈംഗികതയുടെ കാന്തശക്തി. മറിച്ചും. പുരുഷന്മാർ അയ്യപ്പനോട് ഐക്യദാർഢ്യം പാലിച്ച് 45 ദിവസത്തെ വൃതാനുഷ്ടാനത്തോടെയാണ് മലചവിട്ടുന്നത്. മലമുകളിൽ ബ്രഹ്മചര്യത്തിന്റെയും മനശുദ്ധിയുടെയും പരിസ്ഥിതി ചൂഴ്ന്ന് നിൽക്കയാണ്. അതിനെ ധ്രുവീകരിക്കാൻപോന്ന സാഹചര്യം ഒഴിവാക്കണമെന്നുള്ളതുകൊണ്ടാണ് പ്രജനനക്ഷമരായ സ്ത്രീകൾക്ക് വിലക്ക്. തനുമനശുദ്ധിക്കായി ചിലർ ഏതനും ദിവസത്തെ നിരാഹാരവൃതം എടുക്കാറുണ്ട്. അങ്ങനെയുള്ള ഒരാളിന്റെ മുൻപിൽ ആരെങ്കിലും സ്വാദിഷ്ടമായ ഭക്ഷണം നിരത്തി വൃതഭംഗത്തിന് ശ്രമിക്കുമോ. ആൾ നല്ല മനശ്ശക്തിയും നിശ്ചയദാർഢ്യവുമുള്ള വ്യക്തിയാണെങ്കിൽപോലും.

ഇനി സ്വല്പം നിയമവശംകൂടി പരിഗണിക്കാം. ഇങ്ങനെയുള്ള ഒരു ദൈവതം ഒരു നിയമാനുസൃതമായ വ്യക്തിയാണെന്നും വസ്തു,സ്വത്തുക്കൾക്ക് അവകാശിയാണെന്നും എന്നത് ബ്രിട്ടിഷ് ഭരണകാലത്തെ പ്രെവീകൗൺസിൽ മുതൽ സുപ്രീം കോടതി വരെ അംഗീകരിച്ചിട്ടുണ്ട്. സ്വത്തുക്കൾ നോക്കിനടത്താൻ "ഏറ്റവും അടുത്ത സുഹൃത്ത്" (best friend), മറ്റ് ചുമതലപ്പെട്ടവരുമാകാം. പ്രത്യേകിച്ചും ദൈവതം ബാലരൂപത്തിലുള്ളതെങ്കിൽ. രാമജന്മഭൂമി തർക്കത്തിലെ ഒടുവിൽ വന്നിരിക്കുന്ന വിധി ഈ ദൈവതവ്യക്തിത്വവും 'അടുത്ത സുഹൃത്ത്' തത്വവും ആശ്രയിച്ചുള്ളതാണ്. ബാലാവസ്ഥയിലുള്ള( രാംലല്ല) ശ്രീരാമന്റെ 'അടുത്ത സുഹൃത്ത്' എന്ന നിലയിലാണ്` മുൻ അഡീഷണൽ സൊളിസിറ്റർ ജനറൽ കെ.എൻ. ഭട്ട്‌ കേസ് ഫയൽ ചെയ്തത്.

അപ്പോൾ, ശബരിമല ക്ഷേത്രവും പരിസരങ്ങളും  അയ്യപ്പന്റെ ഗേഹംകൂടിയായ സ്വകാര്യ സ്വത്താണ്. അവിടുത്തെ നിയമങ്ങളും മര്യാദകളും ചിട്ടവട്ടങ്ങളും പാലിക്കാൻ എല്ലവരും ബാദ്ധ്യസ്ഥരാണ്. ഭരണഘടനയുടെ 14ആം വകുപ്പും പറഞ്ഞ് നിങ്ങൾക്ക് ഒരു വീട്ടിലോ, വനിതാ ഹോസ്റ്റലിലോ, വനിതാ ബോഗിയിലോ,
കമ്പാർട്ടുമെന്റിലോ,  ബസ്സിലോ കടന്നുകയറാൻ സാധ്യമല്ല. ഭരണഘടന അനുവദിച്ചിട്ടുള്ള ന്യായമായ നിയന്ത്രണമാണിത്, തുല്യതാ നിഷേധമല്ല.

അതുകൊണ്ട്, സഹോദരിമാരേ, അല്പം ക്ഷമിച്ച്, അല്പം കാത്തിരിക്കൂ; സമയമാകുമ്പോൾ ശ്രീകോവിലിന്റെ  അടുത്തുനിന്ന് മനസ്സ് നിറയെ ശ്രീഅയ്യപ്പസ്വരൂപം ദർശിച്ച് വണങ്ങാം. ആണുങ്ങൾക്ക് ഒപ്പം.