2016, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

കടവിലെ കാഴ്ചകൾ

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്. 
കടവിലെ കാഴ്ചകൾ

ഒടുവിൽ തുഴഞ്ഞു നാമെത്തിയിക്കടവിലെ 
പടിയിലായ് തോണിയണച്ചു കെട്ടി
കടവിന്റെ മേലേ പടവിലേ കൽത്തറ
പ്പടിയിൽ  നമുക്കൊന്നു വിശ്രമിക്കാം.
അതിനുള്ള ഭാഗ്യം തരേണെമേ കാവിലെ
ഭഗവതീ ശരണമായ് നിൽക്കുകില്ലേ!
കുങ്കുമച്ചെപ്പും തുറന്നതിന്നുള്ളിലെ
അന്തിച്ചുകപ്പിന്റെ പൊട്ടുതൊട്ട്,
മുറ്റത്തെ വെണ്മണൽ കാൽനടപ്പാതയിൽ 
ചുറ്റും വിളക്കുകൾ കത്തിനിൽക്കും,
ദ്യോവിലെനീലിച്ച കാന്തിയിൽ കാണുന്ന 
കാവിൽ ഭഗോതിയെ മെയ്‌വണങ്ങാം.
കളകളം പാടുന്ന കല്ലോലമാടുന്ന
നിളയിലെ കാറ്റുമായ് സല്ലപിക്കാം.
പുഴയിലെപ്പാതയിൽ ഊന്നിച്ചലിക്കുന്ന
കഴുകോൾത്തോണികൾ എണ്ണിനിൽക്കാം
ഒഴുകുന്ന ആറിന്റെ ശോകനിശ്വസമാം
ചുഴികളെക്കണ്ടുനാം സഹതപിക്കാം.
കാടിന്റെ മാറത്തെ മുട്ടൻമരങ്ങളിൽ
കടപുഴകിയൊഴുകുന്ന വൻമരത്തിൽ
കളിയാത്രചെയ്യുന്ന, കാടിൻ മകളായ
കിളിയെയും കണ്ടൊന്നു കുതുകമേറാം
ഒരുനാളെയോർക്കുന്ന, ആറ്റിൽകളിക്കുന്ന
കരുമാടികുട്ടർക്ക് കൈയ്യടിക്കാം
മുഴുവൻ കുടുംബാംഗ മാലിന്യമൊക്കെയും
കഴുകുമാ അമ്മയ്ക്ക് കുശലമോതാം.

ദൂരെയായ് കാണുമാ തിരുമലക്കോവിലിൽ
തിരിദീപനാളം തെളിവതും മുമ്പ്
തിരയൊന്നും കാണാനരുതാതെ രാവിന്റെ 
തിരശീല താഴുന്ന മുമ്പുതന്നെ
ഒടുവിലെ കറ്റിരുൾ കാത്തിരിക്കാതെയാ
കടവും കടന്നേ തുഴഞ്ഞുപോകാം.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ