2010, ഏപ്രിൽ 30, വെള്ളിയാഴ്‌ച

ശോഭയാത്ര

ശോഭയാത്ര
ഗോപാൽ ഉണ്ണികൃഷ്ണതാളബദ്ധതരംഗിത ഗീതിതൻ
മേളനത്തിന്റെ മായാമരീചിക

മജ്ഞുവാമുഷക്കന്യതൻ ലോലമാം
മഞ്ഞുടയാടയെന്നപോൽ ചൂഴവേ

മന്ത്രമോഹിതമുഗ്ദ്ധയായെൻ മനോ-
തന്ത്രികൾ കേട്ടു ഞെട്ടിത്തരിച്ചുവോ!

നാദവീചികൾ സ്വർണ്ണവർണ്ണാങ്കിത
മേദുരങ്ങളായ്‌ വീശും പുലർച്ചയിൽ

പൂത്തുലയുന്നു കൊന്നകൾ, മുല്ലകൾ
കോർത്തൊരുക്കുന്നുപഹാരമാലകൾ

നേർത്ത സൗരഭം, കാറ്റിലോ കൈതകൾ
കാത്തുവച്ചതാം ഗന്ധം കനക്കവെ,

വെള്ളചുറ്റും വിതാനം വലിച്ചു ഞാ-
നുള്ളമെല്ലാമലങ്കരിച്ചില്ലയോ!

തകിലുകൊട്ടും ഹൃദയമോ, ദൂരെയാ-
യകലെനിന്നും കുളമ്പടിനാദമോ!

മേരുശൃംഗങ്ങൾ ചുറ്റും പെരുമ്പറ
ഭേരിതീർക്കും പടഹധ്വനികളും

കണ്ടുനിൽക്കും കരിമ്പുതോട്ടങ്ങളെ-
ക്കൊണ്ടുതീർക്കുന്ന തോരണജാലവും

നീരവം,..ക്ഷണനേരത്തിനുള്ളിലായ്‌
ആരവം,...ഇതു സാഗരഘോഷമോ!


പൊന്നിളംവെയിൽ താവും വഴിക്കിതാ
മന്നവൻ എഴുന്നെള്ളുന്ന വേളയിൽ

എന്നെയിപ്പോൾത്തിരിച്ചറിഞ്ഞീടുമോ
മിന്നുമോ മൃദുസ്മേരമക്കൺകളിൽ!

തൻ ഗളത്തിൽനിന്നൂരിയ ഹാരമൊ-
ന്നെൻ ഗളത്തിലേക്കിട്ടെറിഞ്ഞീടുമോ!

പുലരിപോയിട്ടപരാഹ്നമായതും
പലരുമെന്നേ പൊഴിഞ്ഞുപോയെന്നതും

തിരുമനസ്സറിഞ്ഞില്ലയെന്നാകുമോ,
വരികയില്ലന്നൊരല്ലൽ നേരാകുമോ!

ഇരവിലാകിലും വന്നണഞ്ഞീടുകിൽ
തിരികൾ സൂക്ഷിച്ചതെല്ലാം കൊളുത്തിടും

അഴകെഴുന്നോരലൗകികശോഭയിൽ
നിഴലുപോലെ നീയെന്നടുത്തെത്തവേ,

ഒരു ലഹരി ചേർന്നുന്മത്തമായൊരാ-
യിരവു പിന്നെ പുലരിയായ്‌ മാറിടും

ഹൃദയഹാരിയാമീണമായ്‌, താളമായ്‌
ഉദയഗീതമൊന്നെങ്ങും മുഴങ്ങിടും!!ചിത്രം: ഗൂഗിള്‍ വഴി

2010, ഏപ്രിൽ 23, വെള്ളിയാഴ്‌ച

പൂത്തിരുവാതിരപൂത്തിരുവാതിര

താരണിപ്പൂഞ്ചോലയാകും
നാകഗംഗതന്നിൽ
വാരണിത്തൂമേനിയാകെ
ആതിരനീരാടി

ശോണവർണപ്പട്ടുസാരി
തോരുവാൻ വിരിച്ച്
വീണു പൂർവ്വവാനിലാകെ
വർണരാശി ചാർത്തി

മഞ്ഞണിപ്പൂഞ്ചേലയുടെ
മൂടുപടം മാറ്റി
മഞ്ഞരളിപ്പൂവു ചൂടി
പൊൻപുലരി നിന്നു

പൊൻകിരണത്തൊട്ടിലാടി
പുലരിത്താരകം
കണ്മിഴിച്ചുണർന്നുനിന്നു
കമലതോരണം

പൂങ്കുയിലിൻ പാട്ടുണർന്നു
തൂമലർ തേന്മാവിൽ
മാങ്കനികൾ മുത്തമിട്ടു
മാന്തളിർ മൂർദ്ധാവിൽ

ചുറ്റുമൊരു മാദകത്വം
മദനമോഹിതം
കാറ്റിലെങ്ങും മാറ്റൊലിക്കും
അമരസംഗീതം

കമ്രപാണിവീശിയാടി
കദളിവാഴകൾ
ചമയമിട്ടുപാറിചിത്ര-
ശലഭരാജികൾ

മുടിയഴിഞ്ഞു, മെയ്യുലഞ്ഞു
നടനമാടിയാ
ത്തുടുതുടുത്ത മാറു താങ്ങി
കേരകന്യമാർ

നാദലാസ്യമുഖരിതമീ
ഭൂസുരത്തിൻ മണ്ഡപം
.......
.......വേദിമുന്നിൽ വീക്ഷകരോ
      വീണുറക്കമായി!

       ഒഴുകിമാഞ്ഞുപോയിടുമീ
       അമരസംഗീതം
       പൊഴിഞ്ഞുപോവതറിയാതെ
       ബധിരമാനസം!!

image at: www.rassouli.com/contemporary.htm

2010, ഏപ്രിൽ 15, വ്യാഴാഴ്‌ച

പിന്നിലെ സ്ത്രീ

ഉണ്ണിക്കവിത:


പിന്നിലെ സ്ത്രീ


 
എതൊരു പുരുഷ ജേതാവിന്റെ 
പിന്നിലും ഒരു സ്ത്രീ ;
നേതാവിന്റെ പിന്നിലും. 
രണ്ടും വീഴുന്നതിന്റെ മുന്നിലും!
എന്നാലും മുകളിലും

ചിത്രം: ഗൂഗിൽ വഴി

2010, ഏപ്രിൽ 13, ചൊവ്വാഴ്ച

കൊന്നയും കനിയില്ല

കൊന്നയും കനിയില്ല


                                 

ഈ വിഷുപ്പുലരിയിൽ
                കണികാണുവാൻ കൊന്ന-
പ്പൂവശേഷം പൂത്തു
                തീർന്നുപോയെന്നോ മുന്നെ

പൂത്തുലഞ്ഞടിഞ്ഞല്ലോ
                 പത്തുനാൾ മുന്നേതന്നെ,
കാത്തുനിൽക്കുവാനിപ്പോൾ
                 കൊന്നയും കനിയില്ല!

തമ്പുരാനരുളിയി-
                 ട്ടുണ്ടാവാം: “കണിക്കൊന്നേ,
കമ്പുകൾ മാത്രം പേറി
                 നിർത്തിടും നിന്നേ മർത്ത്യർ

വസന്തം വിളംബരം
                 ചെയ്തു നീ സന്തോഷത്തിൽ
വസിക്കൂ കസവുട-
                 യാടഭൂഷകൾ മാറ്റി

വന്നിടും വേനൽച്ചൂടിൽ
                 വാടിടും പൊയ്ക്കാലത്തിൻ
ദൈന്യത ചൂടും വെറും
                 പേക്കോലമാകൊല്ല നീ”നീരണിമേഘങ്ങളാൽ
                 നിറയും വിഹായസ്സിൻ
കാരുണ്യം കനിഞ്ഞിനി
                 നിന്റെമേൽ വർഷിച്ചാലും

നീ തളിർത്തുണരുവാൻ,
                 നിൻ മേനി കുളിർപ്പിച്ചു
ശീതള പ്പച്ചപ്പട്ടു
                 സാരിയിലൊരുങ്ങുവാൻ

ആവാതെപോകേണ്ടിനി
                  യെന്നുകണ്ടാവാം, നിന്മേൽ
ആവലാതികൾ മർത്ത്യ-

                രെത്രമേൽ പൊഴിച്ചോട്ടെ!!ചിത്രം; ഗൂഗിൾ വഴി

2010, ഏപ്രിൽ 8, വ്യാഴാഴ്‌ച

പുനർജന്മം
 പുനർജന്മം


പുതിയോരു പാട്ടൊന്നു
പാടുവാനുളളത്തിൽ
മതിയായ മാധുര്യ
മില്ലേ?

കരമേറ്റു താഴെ
ത്തെറിച്ചുപോയ് വീണൊ-
രക്കരളിന്റെ കുമ്പിൾ
ഒഴിഞ്ഞോ?

സ്വരരാഗമൊഴുകിയ
വേണുവിൽ നിന്നിനി
ഒരുരാഗം പോലു-
മൂറില്ലേ?

സ്വരഗംഗ ഓളം
തുളുമ്പിയോരോരത്തിൻ
ചിരകളനാദം
നിലച്ചോ?

പ്രിയഗാനമുച്ചമായ്
പാടിയാ മാനസ-
ക്കുയിൽവാടിവീണി-
ട്ടുറക്കമായോ?

ഒരു മൊട്ടു പോലും
ക്ഷമാപണം പോലെ
നിന്നരിയ പൂന്തോട്ട-
ത്തിലില്ലേ?
             സ്വരരാഗസുധ
             യൊന്നുമാവേണ്ട
             പാട്ടിനോ, ഒരു രാഗ
             മധുരവും വേണ്ട

             ഒരു പൂക്കുടന്നയും
             വേണ്ട നിന്നാരാമ-
             മൊരു പുൽക്കൊടി-
             ച്ചാർത്തുമാവാം

             ഒരു കൈക്കുടന്നയിൽ
             ഒരുപിടി സ്വപ്നവും
             കരളിലായിത്തിരി
             സ്നേഹം!

             ഇവ രണ്ടും ചേർത്തിനി
             പ്രാണനിൽ ചാർത്തിയാൽ
             അവതരിക്കും
             പുനർജന്മം!

             സ്വർഗ്ഗീയ ഭാവങ്ങൾ
             ചാർത്തും നവീനം
             സർഗ്ഗപ്രഭാവം
             നിറയ്ക്കും!!
 ചിത്രം: ഗൂഗിൾ വഴി

2010, ഏപ്രിൽ 1, വ്യാഴാഴ്‌ച

സവിധത്തിൽ

 സവിധത്തിൽ             സവിധത്തിൻ ഗുണമെന്താ-
ണുഷ്ണമാണോ കുളിർ താനോ
കവിഞ്ഞോരാസക്തിയാണോ
കുറഞ്ഞീടും തൃഷ്ണയാണോ?


കോളുകൊള്ളും കടൽ കാട്ടും
ഏറ്റമാണോ, അതോപിന്നെ
ഓളമെല്ലാമൊതുങ്ങുന്നോ-
രിറക്കത്തിൻ ചാലുതാനോ?


ഹൃദയത്തിന്നേറിനിൽക്കും
മിടിപ്പാണോ, വികാരത്താൽ
വദനത്തിൽ‌പ്പരക്കുന്നോ-
രിറുക്കും മുറുക്കമാണോ?


പുലരിപ്പൊൻനിറമാണോ
നിലാവിൻ വെൺശോഭയൊന്നും
കലരാത്തോരിരവിന്റെ
കനക്കുംകാളിമയാണോ?


പണ്ടുകാണും നിറം താനോ,
ചെമ്പു കേറിക്കലർന്നുള്ള
പണ്ടമൊന്നാ‍യ്മാറ്റുരഞ്ഞു
നഷ്ടമായിപ്പോകുമെന്നോ?


അകലങ്ങൾ കുറയുമ്പോൾ,
അടുക്കുമ്പോളിണങ്ങും ഈ
വകയ്ക്കൊക്കെ തോന്നുവാനീ
പുകയും സംശയം താനോ?


               *


നിന്നടുക്കൽ മരുവുമ്പോൾ
പുഞ്ചിരിപ്പാൽ പകുക്കുമ്പോൾ,
ഇന്നെനിക്കോ ലവലേശം
ഇത്തരം സംശയം തോന്നാ.


ഹൃദയത്തിന്നേറിവായ്ക്കും
മിടിപ്പല്ലോ, വികാരത്താ‍ൽ
വദനത്തിൽ‌പ്പരക്കും പൊൻ
വിഭാതം വന്നുദിയ്ക്കും താനും.


കോളുകൊള്ളും കടൽ കേറും
കേറ്റമല്ലോ, നിലാവിന്നൊ-
ളിച്ചാർത്തിൽ തുളുമ്പും വിണ്ണിൻ
ചിരിക്കും പാൽക്കടൽ താനും.


സിരകളെ ത്രസിപ്പിക്കും
ഉഷ്ണമാണ,ങ്ങതേപോലെ
കരൾകോരിക്കുളിർപ്പിയ്ക്കാൻ
വരുംനൽക്കുളിർമ്മക്കൂട്ടും!                                                   ചിത്രം: ഗൂഗിൾ