2010, ജൂലൈ 30, വെള്ളിയാഴ്‌ച

വരണം


വരണംനനുത്ത കാറ്റിൽ രാവിൻ വാർമുടി
                                      യുലഞ്ഞു മാറുന്നു
മിനുത്ത കവിളിൻ മുഖപ്രസാദം
                                       നിലാവിൽ മുങ്ങുന്നു
പരക്കെ വിണ്ണിൻ ചെരാതുകൾ നി-
                                        ന്നെരിഞ്ഞു കത്തുന്നു
ഒരുക്കമൊക്കെ കഴിഞ്ഞിറങ്ങാൻ
                                        തിടുക്കമാവുന്നോ?
തനിച്ചുതന്നേ വരണം, വേദിയിൽ
                                        നടപ്പതല്ലീ വരണം,
നിനച്ചിതെന്നേതന്നേ, പക്ഷേ
                                        നിമന്ത്രണം വരണം.
തുടിച്ചു നിൽക്കും ഹൃദന്തമല്ലാ-
                                        തെടുക്കുവാനില്ല
കൊടുക്കുവാനായ്‌ കരത്തിലൊന്നും
                                        പിടിക്കുവാനില്ല
മൊഴിഞ്ഞ പാട്ടിന്നീരടി കാതിൽ
                                        പൊലിഞ്ഞു പോയാലും
പൊഴിഞ്ഞ പൂവിന്നിതളുകൾ കാറ്റിൽ
                                        പറന്നു പോയാലും
അഴിഞ്ഞുപോയൊരു തന്ത്രികൾ പേറിയ
                                        വീണയിതെന്നാലും
കഴിഞ്ഞകാലശ്രുതികളിലൊഴുകിയ
                                        നാദം നിന്നാലും
അകത്തളത്തിൽ ജ്വലിച്ചുനിൽക്കും
                                        വിളക്കെരിഞ്ഞോട്ടെ
അകന്നുതന്നെ ഒഴിഞ്ഞുമാറി
                                        ഇരുട്ടു നിന്നോളൂം
കനത്തനാണം മെനഞ്ഞ മഞ്ഞിൻ
                                        മുഖപ്പടം മൂടി
കുനിഞ്ഞ ശീർഷം നമിച്ചു കൈകൾ
                                        പിണച്ചു കൂപ്പട്ടെ!


ചിത്രം: ഗൂഗിൾ വഴി.

       

2010, ജൂലൈ 13, ചൊവ്വാഴ്ച

വ്യവസായം


വ്യവസായംകക്ഷിരാഷ്ട്രീയം കടക്കാത്ത താം മന-
സ്സാക്ഷികൾ! നിങ്ങൾ തൻ വർഗ്ഗം വളരണേ!
പാർട്ടിയേക്കാളും വലുതായ്‌ അയൽപ്പക്ക
വീട്ടിന്റെ സൗഹൃദം കാണാൻ കഴിയണേ!
ഏട്ടിലായ്ക്കാണും വരട്ടുവാദത്തിനേ-
ക്കാട്ടിലും നല്ലതീ നാട്ടിന്നറിവുകൾ
ഈർഷ്യയും കൊണ്ടു നടക്കുന്ന ദോഷമീ
ബൂർഷകളൊന്നും വരുത്തുകില്ലെന്നതും
ധർമ്മങ്ങളെല്ലാം മതിക്കുന്നതുൽകൃഷ്ട
കർമ്മങ്ങളെന്ന മതത്തിനെയെന്നതും
നാനതരങ്ങളിൽക്കാണുന്നൊരേകത്വ
മാനങ്ങളൊന്നേ സനാതനമെന്നതും
നേരിട്ടുചൊല്ലും " ഋജുബുദ്ധി" യാമീ
നേരിന്നുപാസകൻ കവിമാത്രചിത്തൻ.

ഓരോ തിരഞ്ഞെടുപ്പെത്തവേ പ്രത്യേക
രൂപാന്തരത്താൽ ഉടലെടുക്കുന്നവർ
സഞ്ചിതം നാട്ടിൻ വിധായകം കേവലം
പഞ്ചവർഷങ്ങളിൽ ഭാഗിച്ചുവെയ്ക്കുവോർ,
വന്നിടും രാമനും പോയിടും രാമനും
ചേർന്നിടും തീർക്കുവാൻ രാമരാജ്യത്തിനെ!

ആശയമില്ലതെ ആദർശമില്ലാതെ
ആശ്രയിക്കുന്നൂ വയർ വീർത്ത കീശയെ
ആർജ്ജവം പണ്ടേ കളഞ്ഞുകുളിച്ചവർ
ആർജ്ജിച്ചു വെയ്ക്കുന്നിതേഴു ജന്മത്തിനും

    രാഷ്ട്രീയമിന്നു വിളയാണ്‌, നാണയ-
    ക്കൃഷിയാണ്‌, പക്ഷേ വ്യവസായമാക്കണം!


                               ചിത്രം; ഗൂഗിൾ വഴി