2010, ജൂലൈ 30, വെള്ളിയാഴ്ച
വരണം
വരണം
നനുത്ത കാറ്റിൽ രാവിൻ വാർമുടി
യുലഞ്ഞു മാറുന്നു
മിനുത്ത കവിളിൻ മുഖപ്രസാദം
നിലാവിൽ മുങ്ങുന്നു
പരക്കെ വിണ്ണിൻ ചെരാതുകൾ നി-
ന്നെരിഞ്ഞു കത്തുന്നു
ഒരുക്കമൊക്കെ കഴിഞ്ഞിറങ്ങാൻ
തിടുക്കമാവുന്നോ?
തനിച്ചുതന്നേ വരണം, വേദിയിൽ
നടപ്പതല്ലീ വരണം,
നിനച്ചിതെന്നേതന്നേ, പക്ഷേ
നിമന്ത്രണം വരണം.
തുടിച്ചു നിൽക്കും ഹൃദന്തമല്ലാ-
തെടുക്കുവാനില്ല
കൊടുക്കുവാനായ് കരത്തിലൊന്നും
പിടിക്കുവാനില്ല
മൊഴിഞ്ഞ പാട്ടിന്നീരടി കാതിൽ
പൊലിഞ്ഞു പോയാലും
പൊഴിഞ്ഞ പൂവിന്നിതളുകൾ കാറ്റിൽ
പറന്നു പോയാലും
അഴിഞ്ഞുപോയൊരു തന്ത്രികൾ പേറിയ
വീണയിതെന്നാലും
കഴിഞ്ഞകാലശ്രുതികളിലൊഴുകിയ
നാദം നിന്നാലും
അകത്തളത്തിൽ ജ്വലിച്ചുനിൽക്കും
വിളക്കെരിഞ്ഞോട്ടെ
അകന്നുതന്നെ ഒഴിഞ്ഞുമാറി
ഇരുട്ടു നിന്നോളൂം
കനത്തനാണം മെനഞ്ഞ മഞ്ഞിൻ
മുഖപ്പടം മൂടി
കുനിഞ്ഞ ശീർഷം നമിച്ചു കൈകൾ
പിണച്ചു കൂപ്പട്ടെ!
ചിത്രം: ഗൂഗിൾ വഴി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
നല്ല വരികൾ!
മറുപടിഇല്ലാതാക്കൂആശംസകൾ!
ഭാഷയുടെ ലാളിത്യം ഇഷ്ടമായി.
മറുപടിഇല്ലാതാക്കൂആശയവും.ആശംസകള്‍
സുന്ദരമായ വരികൾ...നന്നായി.
മറുപടിഇല്ലാതാക്കൂ