2011, ജൂലൈ 31, ഞായറാഴ്‌ച

മുത്തി (ഗ്രാമ്യകവിത)
നാലുംകൂട്ടി മുറുക്കീ മുത്തി
കാലുംനീട്ടിയിരിക്കെച്ചൊല്ലീ:

"നാണം കെട്ടൊരു പോക്കാണിന്നി
ക്കാണാൻ ബാക്കിയിരിപ്പോ വല്ലോം
ചോറ്റാനിക്കര പോകാമെന്നാ-
യേറ്റവനല്ലേ കോവാലൻ
പോണെന്നോർത്തിക്കാരിയം ഞാനാ
നാണിപ്പെണ്ണിനൊടോതിപ്പോയി
കേട്ടൊരുപാടെ നാണിപ്പെണ്ണോ
നാട്ടിലതൊക്കെപ്പാട്ടാക്കി
കൂടെപ്പോരാൻ മാലേം കെട്ടി
കൂടിയതല്ലേ പാറുക്കുട്ടി
പത്താംക്ലാസിൽ തോറ്റിട്ടവളൊരു
പത്തായം പോലല്ലേ പുരയിൽ
കൊള്ളാവുന്നൊരു ചെക്കനെയെങ്ങാ-
നുള്ളൊരുകാലത്തൊപ്പിക്കെണ്ടേ!

പാക്കുകൊടുക്കാൻ കൊച്ചീപ്പോയാ
ചാക്കോ വന്നുപറഞ്ഞപ്പോഴാ...
കെട്ടിയ പെണ്ണേം കൂട്ടിപ്പോയീ
കെട്ടിയെടുത്തവൻ ചോറ്റാനിക്കര,
ഉച്ചയ്ക്കെത്താമെന്നു പറഞ്ഞി-
ട്ടച്ചിക്കോന്തൻ പണി പറ്റിച്ചു.!"

കാളൂം രോഷമൊ,ടൊക്കെ കേൾക്കും
കോളാമ്പിയിലേക്കൂക്കൊടെ തുപ്പി,
കാലു മടക്കിച്ചൊല്ലീ മുത്തി:
"കാലം പോയൊരു പോക്കെന്റെമ്മോ!
നാണം കെട്ടൊരു പോക്കാണിന്നി
ക്കാണാൻ ബാക്കിയിരിപ്പോ വല്ലോം"


                                                        

2011, ജൂലൈ 22, വെള്ളിയാഴ്‌ച

ഉറുമ്പ്

 ഉറുമ്പ്


ഗോപാൽ ഉണ്ണികൃഷ്ണഅനാദ്യന്തമായ പ്രവാഹത്തിന്റെ
ചാക്രികമായ പരിഭ്രമണം,
അതിന്റെ ഉൽക്കടതയിലേക്കു വീഴുന്ന
നാകതാരകൾ,
കറങ്ങിക്കുത്തുന്ന പെരുംചുഴികൾ,
ഇടിഞ്ഞുചേരുന്ന ഭൂമിയുടെ കരകൾ,

നഗരങ്ങളെ വഹിച്ചെത്തുന്ന നദികൾ,
ഒന്നിച്ചാർത്തലയ്ക്കുന്ന പാരാവാരം
ചുഴിയുടെ സമഗ്രതയ്ക്കുമേൽ നിന്റെ മുഖം
ഭീമാകാരം, സൂര്യചന്ദ്രോജ്ജ്വലം!
   നനഞ്ഞൊഴുകുന്ന പുൽക്കൊടിയിൽ
   ഒരു ഉറുമ്പ്, - - ഒന്നുമറിയാതെ.
ചിത്രം: ഗൂഗിൾ വഴി