2014, ഏപ്രിൽ 30, ബുധനാഴ്‌ച

ഭഗവാൻ ഉറങ്ങുകയല്ല.


ഭഗവാൻ ഉറങ്ങുകയല്ല.



സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന ക്രിസ്തുവചനം (Synoptic Bible ) നമ്മുടെ നടപ്പ് ജനാധിപത്യവ്യ്വസ്ഥയ്ക്കു മാതൃകയായ ബ്രിട്ടനിൽ  പണ്ടേ സ്ഥാപിതമതവും ഭരണകൂടവും തമ്മിലുള്ള അതിർരേഖയായി കാണുന്നു. ക്രിസ്തുവിന്റെ എതിരാളികൾ ദൈവപുത്രനെ കുരുക്കുവാനായി,  വിശ്വാസികളായ യഹൂദർ തങ്ങളുടെ ഭരണകൂടത്തിനു കരംകൊടുക്കന്നത് ശരിയോ എന്നു യേശുവിനോട് ചോദിച്ചപ്പോൾ അവർ വിചാരിച്ചത് യേശു ദൈവത്തിന്റെ പക്ഷംപിടിക്കുമെന്നാണ്. ശ്രീയേഷു കണക്കിനുകൊടുത്ത ഈ മറുപടി പിന്നീട് ജനായത്ത രാജ്യഭരണ മീമാംസയുടെ ആണിക്കല്ലായി കിടക്കുകയാണ്. സത്യക്രിസ്ത്യാനിയായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഈ ബിബ്ളിക്കൽ പൊരുൾ അതിന്റെ എല്ലാ ആധുനിക കാലികമാനങ്ങളോടൂംകൂടി ഉൾക്കൊള്ളുമെന്ന് പ്രതീക്ഷിക്കാം.


 പാണ്ഡ്യസാമ്രാജ്യത്തിലെ സാമന്തരാജ്യവംശമായിരുന്ന ആയ് രാജ്യത്തിന്റെ കീഴിലുള്ള പ്രമുഖ രാജവംശമായിരുന്നു വേണാട് രാജകുലം. ഇന്നത്തെ കൊല്ലം,തിരുവനന്തപുരം,കന്യാകുമാരി ജില്ലകൾ അടങ്ങിയ വേണാട് രാജ്യം അവർ അടക്കിവാണിരുന്നു. തമിഴക സംഘകാലം മുതലേയുള്ളതാണ് വേൽനാട് എന്ന വേണാട്. അത് 9 -ആം ശതകത്തോടുകൂടി രണ്ടാം ചേരരാജവംശത്തിന്റെ ഭാഗമാവുകയും പിന്നീട് 11-ആം ശതകത്തോടെ ചോള സാമ്രാജ്യത്തിന്റെ അധീനതയിലാവുകയും ചെയ്തു. ചേരരാജവംശത്തിൽ ലയിച്ചതോടെയാണ് വേണാടിനു സമൃദ്ധിയുടെ നാട് എന്നർത്ഥത്തിൽ ശ്രീവാഴുംകോട് ( തിരുവിഴാംകോട്,തിരുവിതാംകൂർ, (ഇംഗ്ളീഷുകാരുടെ ട്രാവൻകൂർ))എന്ന പേർ വന്നത്. പിന്നീട്18-ആം ശതകത്തിന്റെ പകുതിയോടെ മാർത്താണ്ഡവർമ്മ മഹാരാജാവ് ആധുനിക തിരുവിതാംകൂർ രാജ്യം സൃഷ്ടിച്ചെടുക്കുകയും ചെയ്തു.

 ഇക്കാലമത്രയും വേണാട്ടരചന്മാരായ തിരുവിതാംകൂർ രാജവശത്തിന്റെ കുലക്ഷേത്രമായിരുന്നു ശീപദ്മനാഭസ്വാമി ക്ഷേത്രം. അതായത് ക്രിസ്തുവിന്റെ കാലത്തിനും മുൻപ് മുതൽതന്നെ. 9-ആം ശതകത്തിൽപോലും തമിഴകത്തെ (തെന്നിന്ത്യ) സുപ്രസിദ്ധ വിഷ്ണുക്ഷേത്രങ്ങളിലൊന്നായി ശീപദ്മനാഭസ്വാമി ക്ഷേത്രം വാഴ്ത്തപ്പെട്ടിരുന്നതായി വൈഷ്ണവാചാര്യൻ നമ്മൽവാരുടെ 'മലൈനാട്ടു തിരുപ്പതികൾ' എന്ന രചനയലെ കീർത്തന പരാമശർത്തിൽനിന്ന് മനസ്സിലാക്കാം. അപ്പോൾ, സഹസ്രാബ്ദങ്ങളായി ക്ഷേത്രംഭരിച്ചിരുന്ന രാജകുടുംബത്തിനെ ക്ഷേത്രത്തിൽനിന്ന് എങ്ങനെ അടർത്തി മാറ്റിനിർത്താനാവും? അതൊരു ക്ഷേത്രഭേദനം ആവും, ഭവനഭേദനംപോലെ.

 വിഷയം ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. 14-ആം നൂറ്റാണ്ടിന്റെ ആദ്യദശകത്തിനടുപ്പിച്ച് (1310-14) വേണാട്ട് രാജവംശത്തിന്റെ വെന്നിക്കൊടി തെന്നിന്ത്യ മുഴുവൻ പാറിച്ച രവിവർമ്മ കുലശേഖരന്റെ ദിഗ്വിജയത്തിനു തൊട്ടുമുൻപ് ഡൽഹി സുൽത്താൻ വേണാട് രാജ്യത്തിൽ ആക്രമണപരമായി ഇടപെട്ടതുപോലെ ഇപ്പോൾ ഡൽഹി യിൽനിന്നും ശ്രീപദ്മ്നാഭസ്വമിക്ഷേത്ര ഭരണത്തിൽ അനാരോഗ്യകരവും നിർഭാഗ്യകരവുമായ രീതിയിൽ ഇടങ്കോലിടുകില്ലെന്ന് ആശിക്കാം. ചരിത്രത്തിലെ അതുല്യമായ, അമൂല്യമായ, ഈ ലോകോത്തര ദൈവികനിധി ചിരകാലസുരക്ഷിതമായി സൂക്ഷിക്കാൻ രാജകുടുംബത്തിന്റെ പ്രാധാന്യം നിലനിർത്തിക്കൊണ്ട്തന്നെ, സർക്കാരിന്റെ സംവിധാനങ്ങളും സേവനവും ഉപയോഗിച്ച്  ആർക്കും കബളിപ്പിക്കാൻപറ്റാത്ത, പഴുതുകളോ പിഴവുകളോ ഇല്ലാത്ത, ഒരു ഭരണസംവിധാനം വിധിച്ചുനൽകാൻ ഈ ചരിത്രസന്ദർഭം പരമോന്നതനീതിപീഠം വിനിയോഗിക്കുകയാണുവേണ്ടത്. ഏതായലും പ്രപഞ്ച പരമോന്നതപീഠം ഉണ്ടല്ലോ, ...പ്രിൻസസ് ലക്ഷ്മീ ബായി പറഞ്ഞതുപോലെ: " ഭഗവാൻ ഉറങ്ങുകയല്ല".
Powered By Blogger