2022, നവംബർ 25, വെള്ളിയാഴ്‌ച

ശാരദ സന്ധ്യ

 

 ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.

 

ശാരദ സന്ധ്യ

 

ജി യു കുറുപ്പ്

 

 

ശാരദ സന്ധ്യാ സുശോഭയ്ക്കുതന്നെയും
ചാരുതയേകിയ നിന്നെ ഞാന്‍ കണ്ടനാള്‍
ജന്മാന്തരങ്ങളില്‍നിന്നെത്തി വീശുന്ന
മന്ദാനിലന്‍ പാറി എന്നകക്കാമ്പിലായി.
അന്തരം‍ഗങ്ങളില്‍ പൂക്കും സുഗന്ധികള്‍
ചിന്തിയോ സൌവര്‍ണ പൂം‍പരാഗങ്ങളെ!

ശാരദ സന്ധ്യയുറങ്ങുന്ന രാവുതന്‍
നേരിലുണരുന്ന പൊന്നിന്‍ പുലരികള്‍
പാരിന്‍റെ പോരില്‍ പിടയ്ക്കും പകലുകള്‍
ഓരോന്നുപോയി ലയിക്കുന്ന വര്‍ഷങ്ങള്‍
ഒന്നും ഗണിക്കാതെ മുന്നോട്ടുപോയി നാം
മന്നിന്‍റെ സംഗീതമാലപിച്ചിത്രനാള്‍!

നീലാം‍ബരിയായി പൂത്തുനില്‍ക്കുന്നതും,
നീരണിമേഘമായ് പെയ്തിറങ്ങുന്നതും,
മിന്നല്‍ ത്രിശൂലവും വീശി മനസ്സിനെ
ചിന്നിച്ചിതറിക്കുമുഗ്രസ്വരൂപിയും
പിന്നെ, പ്രണയാര്‍ദ്ദ്ര രാവുകളേറെയായ്
പൊന്നിന്‍ നിലാവില്‍ പൊതിഞ്ഞുനള്‍കുന്നതും

എല്ലാം നിഴലിപ്പിതേതോ വനാന്തര
ചോലയില്‍ ആകാശ, വനഭം‍ഗിയായി.
അച്ഛസ്ഫടിക വനനിര്‍ഝരിയുടെ
സ്വച്ഛാനുഭൂതിയായ് ജീവല്‍ പ്രവാഹവും!

2020, ഒക്‌ടോബർ 7, ബുധനാഴ്‌ച

ഇടവേളക്കുശേഷം

ഇടവേള ആയിരുന്നു. വീണ്ടും തുടരും, ദിവസങ്ങള്‍ക്കുള്ളില്‍.


ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.

2017, ഒക്‌ടോബർ 29, ഞായറാഴ്‌ച

പഴയ പാട്ട്

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.



 പഴയ പാട്ട്



 ഒരുമിച്ചു പാട്ടൊന്നുപാടുവാനായി ഞാൻ
വരികെന്നുനിന്നെ ക്ഷണിച്ചശേഷം
സരിഗമകൾ ജീവൽനിനാദമായി
ഇരുവരും ചേർന്നു നാമാലപിച്ചു
ആവേശനാദപ്രപഞ്ചമായായതിൻ
ആവർത്തനങ്ങളും ഘോഷമാക്കി
സുരലോകമേഘങ്ങൾ പെയ്തിറങ്ങും
സ്വരനാദഗംഗാപ്രവാഹമായി
അനുപമം ലയഭാവമിശ്രണത്താൽ
അനുരാഗഭരിതമാമന്തരീക്ഷം
കരിമേഘജാലങ്ങൾ വന്നുമൂടി
ദുരിതങ്ങൾ വർഷിച്ചനാളിലൊക്കെ
കനകപ്രഭാതങ്ങൾ വന്നുദിച്ചാ
ഘനശ്യാമമേഘങ്ങൾ തൂത്തുമാറ്റും
അസുലഭസൗഭാഗ്യ ഭാവനതൻ
ഗസലുകൾ പാടിയ പഴയകാലം
തുടികൊട്ടി പാടുക ഹൃദയമേ നീ
ഒടുവിലേനാദം നിലയ്ക്കുവോളം !

2016, ഡിസംബർ 11, ഞായറാഴ്‌ച


2016, സെപ്റ്റംബർ 13, ചൊവ്വാഴ്ച

എട്ടിന്റെ പണി

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.


 
എട്ടിന്റെ പണി
 ( ഒരു സുഹൃത്തിന്റെ ഏറ്റുപറച്ചിൽ)


കുറ്റിത്തലമുടി പറ്റയ്ക്ക് വെട്ടി,
ഒറ്റക്കൽ കമ്മൽ ഒറ്റയ്ക്കണിഞ്ഞ്,
വട്ടക്കഴുത്തിലായ് മാലയണിഞ്ഞ്,
മുട്ടോളമെത്തുന്ന കുപ്പായമിട്ട്.
വെട്ടിപിടിപ്പിച്ച പാച്ചപ്പ്ജീൻസും
കട്ടിയിൽ പൊക്കം പിടിപ്പിച്ച ഷൂസും
എല്ലാം ധരിക്കും പുരുഷാവതാരം
മെല്ലെ ചലിച്ചെന്റെ ചാരത്തു വന്നു
" പത്തിന്റെ നോട്ടുണ്ടോ നൂറിനായ്, ഹീ?
എത്തണം വേഗമെനിക്കൊരിടത്ത്!"
"എട്ടോളം കാണണം, പോരുമോ, ഹീഹീ"
ഒട്ടൊന്നിളിച്ചു ഞാൻ തട്ടിവിട്ടപ്പോൾ
ഒട്ടും മടിക്കാതെ നൂറു നീട്ടി, ...ഞാൻ
എട്ടും കൊടുത്തേ; ചിരിക്കാതെ നിന്നു.
പെട്ടെന്നുപോകാൻ തിരിയുന്ന നേരം
തട്ടിയെൻ തോളത്ത്, ചൊല്ലി പിന്നെ, ..ഹി
ഒട്ടും താൻ കരുതല്ലെ ലാഭമെന്ന്,
കിട്ടിയതിപ്പോൾ വെറും ദാനമാണ്
മുട്ടിവിളിക്കുന്ന യാചകർക്കായി
ഇട്ടിട്ടു പോകയീ ഇരുപതും നീ.

അന്നത്തെ നാൾ മുതൽ പാഠം പഠിച്ചു:
എന്നത്തെ സത്യവും രൂപമല്ലല്ലോ.

    - ജിയു കുറുപ്പ്

2016, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

കടവിലെ കാഴ്ചകൾ

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.



 
കടവിലെ കാഴ്ചകൾ

ഒടുവിൽ തുഴഞ്ഞു നാമെത്തിയിക്കടവിലെ 
പടിയിലായ് തോണിയണച്ചു കെട്ടി
കടവിന്റെ മേലേ പടവിലേ കൽത്തറ
പ്പടിയിൽ  നമുക്കൊന്നു വിശ്രമിക്കാം.
അതിനുള്ള ഭാഗ്യം തരേണെമേ കാവിലെ
ഭഗവതീ ശരണമായ് നിൽക്കുകില്ലേ!
കുങ്കുമച്ചെപ്പും തുറന്നതിന്നുള്ളിലെ
അന്തിച്ചുകപ്പിന്റെ പൊട്ടുതൊട്ട്,
മുറ്റത്തെ വെണ്മണൽ കാൽനടപ്പാതയിൽ 
ചുറ്റും വിളക്കുകൾ കത്തിനിൽക്കും,
ദ്യോവിലെനീലിച്ച കാന്തിയിൽ കാണുന്ന 
കാവിൽ ഭഗോതിയെ മെയ്‌വണങ്ങാം.
കളകളം പാടുന്ന കല്ലോലമാടുന്ന
നിളയിലെ കാറ്റുമായ് സല്ലപിക്കാം.
പുഴയിലെപ്പാതയിൽ ഊന്നിച്ചലിക്കുന്ന
കഴുകോൾത്തോണികൾ എണ്ണിനിൽക്കാം
ഒഴുകുന്ന ആറിന്റെ ശോകനിശ്വസമാം
ചുഴികളെക്കണ്ടുനാം സഹതപിക്കാം.
കാടിന്റെ മാറത്തെ മുട്ടൻമരങ്ങളിൽ
കടപുഴകിയൊഴുകുന്ന വൻമരത്തിൽ
കളിയാത്രചെയ്യുന്ന, കാടിൻ മകളായ
കിളിയെയും കണ്ടൊന്നു കുതുകമേറാം
ഒരുനാളെയോർക്കുന്ന, ആറ്റിൽകളിക്കുന്ന
കരുമാടികുട്ടർക്ക് കൈയ്യടിക്കാം
മുഴുവൻ കുടുംബാംഗ മാലിന്യമൊക്കെയും
കഴുകുമാ അമ്മയ്ക്ക് കുശലമോതാം.

ദൂരെയായ് കാണുമാ തിരുമലക്കോവിലിൽ
തിരിദീപനാളം തെളിവതും മുമ്പ്
തിരയൊന്നും കാണാനരുതാതെ രാവിന്റെ 
തിരശീല താഴുന്ന മുമ്പുതന്നെ
ഒടുവിലെ കറ്റിരുൾ കാത്തിരിക്കാതെയാ
കടവും കടന്നേ തുഴഞ്ഞുപോകാം.



2016, സെപ്റ്റംബർ 11, ഞായറാഴ്‌ച

തുള്ളിയിൽ തെളിയുന്നത്.

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.





തുള്ളിയിൽ തെളിയുന്നത്.



പെയ്തു തോരാത്തതാമെത്രയോ കൺകളിൽ
പയ്യെത്തുളുമ്പിത്തിളങ്ങുന്ന തുള്ളിയിൽ
ഒന്നുനോക്കീടുകിൽ കാണാം സമൂഹവും
പിന്നിലായേറെ വികലമാം ലോകവും.

ചെയ്തുപോരുന്നതാം പാപക്കറകളാൽ
ചെയ്തു തീരാത്തതാം ചിത്രം കണക്കെയും
അസ്ഥിവാരം പോലും ആകെ മറിഞ്ഞതാം
അസ്ഥിത്വമാവുന്നു നാടും നഗരവും
പ്രേമം പുരളാത്ത കലുഷിതമാനസർ,
പ്രേതം ഭരിക്കുന്ന ഭീകര ജീവികൾ,
കാപാലികർ, കൊലയാളികൾ, തീവൃമാം
കോപാകുലർ, കൊടുംകാമാന്ധരായവർ
ചെയ്തുകൂട്ടുന്നതാം പാപക്കറകളാൽ
ചെയ്തുതീരാത്തതാം ചിത്രമായ് ലോകവും
എന്തുുകൊണ്ടാണെന്ന കാരണം പണ്ട് നീ
ബന്ധുരം ചൊല്ലിയോ, രാമായണക്കിളീ?
Powered By Blogger