2010, ജനുവരി 26, ചൊവ്വാഴ്ച

മൌനലാസ്യം
   മൌനലാസ്യം                                                                                      

         ഗോപാൽ കൃഷ്ണ


           കനകച്ചിലങ്കകൾ കെട്ടഴിഞ്ഞൂരി
         ത്തനിയേകിടക്കുന്ന രംഗമായി

         മന്ദ്രമീവേദിയിൽ മാറ്റൊലിക്കൊൾവതോ
         മന്ദം,വിലോലമാം മൌനമായി

         വശ്യമാം ലാസ്യത്തിൻ വിശ്വം വിടർത്തിയ
         ദൃശ്യങ്ങളെല്ലാമദൃശ്യമായി

         കമനീയപാദങ്ങളാടിത്തളർന്നൂ
         കുനുചികിരഭാരം കൊഴിഞ്ഞുവീണു

         ചമയങ്ങൾ,വേഷങ്ങളെല്ലാമഴിഞ്ഞു
         സമയമോ വേഗം കഴിഞ്ഞുപോയി

         ആടിക്കഴിഞ്ഞതാം വേദിയിൽ വീണൊരു
         വാടിക്കൊഴിഞ്ഞതാം പുഷ്പമായ് നീ!

2010, ജനുവരി 23, ശനിയാഴ്‌ച

രാമണീയകം

            രാമണീയകം 

                        ഗോപാൽ ഉണ്ണികൃഷ്ണ
               രാത്രിയിൽ പൂക്കുന്ന
               വെള്ളിപ്പൂവിൽ
               ചാർത്തിയതാരിത്ര
               രാഗഗന്ധം


               വാസന്തമാസാദ്യ
               പൂർണ്ണിമയ്ക്കായ്
               പാലൊളിയാരു
               പകർന്നരുളി


               ചെന്തളിർശോഭയിൽ
               ചാഞ്ചാടിടും
               ചെന്താമരയ്ക്കിത്ര
               ചാരുതയും


               മന്ദ്രമൃദുമൊഴി
               ത്തേൻപകർന്ന
               മന്ദഹാസത്തിന്റെ
               മാധുരിയും


               ആരരുളീയിവ-
               യ്ക്കീരസങ്ങൾ
               ആരിന്നെനിയ്ക്കേകി
               ഈ സ്വരങ്ങൾ!!

2010, ജനുവരി 19, ചൊവ്വാഴ്ച

അംബ   അം‌ബ 
      ഗോപൽ കൃഷ്ണ
      അഴകിന്റെ മാറ്റെല്ലാ  
      മൊന്നിച്ചുകൂട്ടുവാൻ
      കഴിയുന്നതാകിലോ
      അമ്മയല്ലെ!


       നറുമണം വാറ്റിയെ-
       ടുത്തൊരു കുമ്പിളിൽ
       നിറയുന്നതാകിലോ
       അമ്മയല്ലേ!


       മണിനാദമീണവും
       താളവും ചേരുമ്പോൾ
       അണയുന്ന ഭാവമോ
       അമ്മയല്ലേ!


       തൊട്ടറിഞ്ഞേകുമാ
       ബോധത്തിൻ കണ്ണികൾ
       കൂട്ടിത്തൊടുത്താൽ
       അമ്മയല്ലേ!


       * *


       പരുഷമൃദു ഭാവങ്ങൾ രണ്ടും പുലർത്തും
       പുരുഷനുടെ പ്രകൃതിയാണമ്മ
       (- ഉടലിന്റെ നേർപകുതിയാണമ്മ)


       ചുരുളായിയുൾവലിഞ്ഞോരുകൊച്ചു കുമ്പിളായ്
       കരളിനെക്കോട്ടിയാൽ പ്പോതുമല്ലോ
       വാരിക്കുടിച്ചിടാം അമ്മതൻ കനിവിന്റെ
       വാരിധിതന്നിൽനിന്നാവതോളം!!

2010, ജനുവരി 13, ബുധനാഴ്‌ച

നഗ്നപാദൻ


   നഗ്നപാദൻ             ഗോപാൽ  കൃഷ്ണ
          നനുത്ത ചിന്തകൾ കുരുത്തുകേറുമ-
          ത്തണുത്ത മണ്ണിലായ് ചരൽ‌പ്പരപ്പിതാ

          അതിൽ ചവിട്ടിയെന്നൊഴിഞ്ഞ പാദങ്ങൾ
          അമർന്നുകേഴുന്നു,തുടുത്തുപോവുന്നു

          കിളച്ചു സൂക്ഷ്മമായ് പെറുക്കിമാറ്റിഞാൻ
          തെളിച്ചെടുത്തൊരീ നുറുങ്ങു ഭൂമിയിൽ

          മിനുത്ത പച്ച തന്നിടയ്ക്കിടയ്ക്കിതാ
          കറുത്തകല്ലുകൾ കവിഞ്ഞുകൂടുന്നു

          അറിഞ്ഞതില്ല ഞാനൊരുക്കുമീമണ്ണി-
          ന്നടിത്തളത്തിലായ് കിടന്ന കല്ലുകൾ

          കളത്തലപ്പുകൾ വളർന്നുപോയൊരാ
          വിളപ്പിനെത്രയും വെടിപ്പിയറ്റുവാൻ

          വരുത്തിഞാൻ പെരുംവിളം‌മ്പമത്രയും
          പെരുക്കിയീമണ്ണിൽ മുഴുത്ത ചല്ലികൾ

          വെളിച്ചമീനിലം തൊടട്ടെ നേരിലായ്
          തളിർക്കണം വരും വസന്തമിന്നിയും

          നിനച്ചു ചെയ്തൊരാ പ്രയത്നമാകെയും
          കനത്ത മാരിയിൽ ഒലിച്ചുപോകയോ!

          അടിക്കടിക്കിതാ തെളിച്ചുകാട്ടുന്നു
          അടിഞ്ഞുമേവുമാചരൽ‌പ്പരപ്പിനെ          പൊരിഞ്ഞ വേനലിൽ കനത്ത പൂമഴ
          പൊഴിച്ച വാന ത്തിൻ മനസ്സറിഞ്ഞു ഞാൻ

          നനച്ചു മർദ്ദിച്ചും പിഴിഞ്ഞെടുത്തുമായ്
          മനോവിതാനത്തിൽ വിരിപ്പു വെള്ള നീ

          കനിഞ്ഞു മാരിയാൽ ചികഞ്ഞെടുത്തു നീ
          എനിക്കുകാട്ടുന്നു തിരസ്ക്കരിക്കുവാൻ

          നനുത്തൊരീ മണ്ണിൽ മുഴച്ചു കണ്ടൊരു
          കനത്ത കല്ലുകൾ മുഴുക്കെ മാറ്റിയാൽ

          തഴച്ചുമൂടുമാ മിനുത്ത പച്ചയിൽ
          ഒഴിഞ്ഞ പാദവും പതിച്ചുപോയിടും

          എനിക്കു വേണമിക്കുളിർത്ത  സൌഹൃദം
          തനിച്ചു വെയ്ക്കുമീ ചവിട്ടുവയ്പ്പിലും

          പുറത്തുപോകുമ്പോൾ ധരിക്കും മൂടികൾ
          മുഖത്തിലല്ലെങ്കിൽ പദത്തിലേറ്റണോ

          അകത്തുവാഴുമ്പോഴെനിക്കു വേണ്ടതീ
          മികച്ച പച്ച തൻ കനത്ത കമ്പളം!!

2010, ജനുവരി 7, വ്യാഴാഴ്‌ച

കവിമാത്രചിത്തൻ           കവിമാത്രചിത്തൻ


                                    ഗോപാൽ കൃഷ്ണഒരു കുഞ്ഞുപക്ഷി തൻ

തൂവൽ കൊഴിഞ്ഞെങ്കി

ലൊരുപക്ഷെ, യാരും

തിരിച്ചറിയാതെയാം


ഒരു വന്മരത്തിൻ

ദലമർമ്മരങ്ങൾ

ഒരു പക്ഷി പോലും

ശ്രവിച്ചതില്ലെന്നുമാം


കുഞ്ഞോളമാട്ടി

കുളിർകാറ്റുകൊഞ്ചും

കളിവാക്കു കായൽ

വിഗണിച്ചിരിക്കാം


തളിർതിന്ന മോദം

തിരതല്ലു മാണിൻ

കുയിൽകൂവലൊന്നും

ഇണ കേൾപ്പതില്ലാം


വരുമെന്നുവച്ചാ

ശലഭത്തിനായി-

ക്കരുതിക്കിനിഞ്ഞാ

മധുവൊക്കെ വറ്റാം


തിരപാണി നീട്ടി

പ്രണയിച്ചുകേറും

കടലപ്പൊഴൊക്കെ

പിന്മാറിയേക്കാം


മുരളിപ്പറക്കും

കരിവണ്ടിനാലേ

ചതിപറ്റി പുഷ്പം

വിലയിച്ചിരിക്കാം


വിഷുവിന്നുകാണാ-

നണിഞ്ഞങ്ങുവന്ന

ക്കണിക്കൊന്ന മുന്നേ

കൊഴിഞ്ഞങ്ങു പോവാം


പ്രതിഭാസമെല്ലാം

പ്രകൃതിക്കണക്കിൽ

പ്രതിപാദ്യമായി

ട്ടെഴുതുന്നതില്ലാം


പ്രകമ്പിക്കുമോരോ

തരംഗത്തിനേയും

അകക്കാമ്പിലൂടാ-

യറിയുന്നൊരേയാൾ


കൃതാവായിരിക്കും

വിധാതാവു താവും

നികടത്തു മേവും

കവിമാത്രചിത്തൻ!!

                                      


2010, ജനുവരി 2, ശനിയാഴ്‌ച

പ്രിയദർശിനി ഗംഗ

               

           പ്രിയദർശിനി ഗംഗ
                           ഗോപാൽ കൃഷ്ണ
                
                  തുംഗമാം ഗിരി ശൃംഗ നന്ദിനി

                  ഗംഗയാം പ്രിയദർശിനി


                  ബന്ധുരങ്ങളാമെത്ര ഹൈമന

                  സ്യന്ദനങ്ങളാൽ ചേർന്നു നീ


                  മേഘചുംബിതമദ്രിയിൽ ജനി-

                  തങ്ങളാം വനമൂലികൾ,


                  മേദുരങ്ങളാം സിദ്ധികൾ ചേർന്നു

                  മേദിനിക്കുണർവ്വേകി നീ


                  സ്വർഗ്ഗശുദ്ധിയെയുൾവഹിക്കുന്ന-

                  സർഗ്ഗശക്തിപ്രവാഹമായ്‌


                  ദേവഭൂമിയിൽ നിന്നുമീയെങ്ങൾ

                  മേവിടുന്നിടത്തെത്തി നീ


                  അഞ്ചിതം ആര്യസംസ്കൃതീയുഗ

                  സഞ്ചിതം ഫലപുഷ്ടമാം


                  പാടശേഖരവാസവാടികൾ

                  പാടെയും രണഭൂമിയായ്‌


                  എത്രയോ കുരുക്ഷേത്രയുദ്ധങ്ങൾ

                  നിത്യവും പൊരുതുന്നവർ


                  ഞങ്ങൾ വീഴ്ത്തിയ ചോരയും, അതിൽ

                  മുങ്ങിവീണതനുക്കളും                  ദൂഷിതം മദകാമ വാഞ്ചയാൽ

                  പോഷിതം തവ ധാരകൾ


                  ഒഴുകിചേർന്നുള്ളിലേറ്റിയോര-

                  ഴലിനാൽ കലങ്ങീടവെ


                  ശോകചിത്തയാണെങ്കിലും ഇരു

                  തീരദേശവും പുൽകി നീ


                  മർത്യജീവിത സങ്കരത്തിലെ

                  യുദ്ധനായികയായി നീ


                  കൂലദേശതടങ്ങൾ താണ്ടി നീ

                  കാലസാഗരം ചേരവെ


                  മർത്യജീവിതഗാഥയിൽ ഒര-

                  മർത്യധാരയായ്‌ നിൽപു നീ!