2010, ജനുവരി 7, വ്യാഴാഴ്‌ച

കവിമാത്രചിത്തൻ           കവിമാത്രചിത്തൻ


                                    ഗോപാൽ കൃഷ്ണഒരു കുഞ്ഞുപക്ഷി തൻ

തൂവൽ കൊഴിഞ്ഞെങ്കി

ലൊരുപക്ഷെ, യാരും

തിരിച്ചറിയാതെയാം


ഒരു വന്മരത്തിൻ

ദലമർമ്മരങ്ങൾ

ഒരു പക്ഷി പോലും

ശ്രവിച്ചതില്ലെന്നുമാം


കുഞ്ഞോളമാട്ടി

കുളിർകാറ്റുകൊഞ്ചും

കളിവാക്കു കായൽ

വിഗണിച്ചിരിക്കാം


തളിർതിന്ന മോദം

തിരതല്ലു മാണിൻ

കുയിൽകൂവലൊന്നും

ഇണ കേൾപ്പതില്ലാം


വരുമെന്നുവച്ചാ

ശലഭത്തിനായി-

ക്കരുതിക്കിനിഞ്ഞാ

മധുവൊക്കെ വറ്റാം


തിരപാണി നീട്ടി

പ്രണയിച്ചുകേറും

കടലപ്പൊഴൊക്കെ

പിന്മാറിയേക്കാം


മുരളിപ്പറക്കും

കരിവണ്ടിനാലേ

ചതിപറ്റി പുഷ്പം

വിലയിച്ചിരിക്കാം


വിഷുവിന്നുകാണാ-

നണിഞ്ഞങ്ങുവന്ന

ക്കണിക്കൊന്ന മുന്നേ

കൊഴിഞ്ഞങ്ങു പോവാം


പ്രതിഭാസമെല്ലാം

പ്രകൃതിക്കണക്കിൽ

പ്രതിപാദ്യമായി

ട്ടെഴുതുന്നതില്ലാം


പ്രകമ്പിക്കുമോരോ

തരംഗത്തിനേയും

അകക്കാമ്പിലൂടാ-

യറിയുന്നൊരേയാൾ


കൃതാവായിരിക്കും

വിധാതാവു താവും

നികടത്തു മേവും

കവിമാത്രചിത്തൻ!!

                                      


2 അഭിപ്രായങ്ങൾ:

 1. പ്രതിഭാസമെല്ലാം
  പ്രകൃതിക്കണക്കിൽ
  പ്രതിപാദ്യമായി
  ട്ടെഴുതുന്നതില്ലാം

  കൊള്ളാം...

  മറുപടിഇല്ലാതാക്കൂ