2010, ജനുവരി 13, ബുധനാഴ്‌ച

നഗ്നപാദൻ


   നഗ്നപാദൻ



             ഗോപാൽ  കൃഷ്ണ




          നനുത്ത ചിന്തകൾ കുരുത്തുകേറുമ-
          ത്തണുത്ത മണ്ണിലായ് ചരൽ‌പ്പരപ്പിതാ

          അതിൽ ചവിട്ടിയെന്നൊഴിഞ്ഞ പാദങ്ങൾ
          അമർന്നുകേഴുന്നു,തുടുത്തുപോവുന്നു

          കിളച്ചു സൂക്ഷ്മമായ് പെറുക്കിമാറ്റിഞാൻ
          തെളിച്ചെടുത്തൊരീ നുറുങ്ങു ഭൂമിയിൽ

          മിനുത്ത പച്ച തന്നിടയ്ക്കിടയ്ക്കിതാ
          കറുത്തകല്ലുകൾ കവിഞ്ഞുകൂടുന്നു

          അറിഞ്ഞതില്ല ഞാനൊരുക്കുമീമണ്ണി-
          ന്നടിത്തളത്തിലായ് കിടന്ന കല്ലുകൾ

          കളത്തലപ്പുകൾ വളർന്നുപോയൊരാ
          വിളപ്പിനെത്രയും വെടിപ്പിയറ്റുവാൻ

          വരുത്തിഞാൻ പെരുംവിളം‌മ്പമത്രയും
          പെരുക്കിയീമണ്ണിൽ മുഴുത്ത ചല്ലികൾ

          വെളിച്ചമീനിലം തൊടട്ടെ നേരിലായ്
          തളിർക്കണം വരും വസന്തമിന്നിയും

          നിനച്ചു ചെയ്തൊരാ പ്രയത്നമാകെയും
          കനത്ത മാരിയിൽ ഒലിച്ചുപോകയോ!

          അടിക്കടിക്കിതാ തെളിച്ചുകാട്ടുന്നു
          അടിഞ്ഞുമേവുമാചരൽ‌പ്പരപ്പിനെ



          പൊരിഞ്ഞ വേനലിൽ കനത്ത പൂമഴ
          പൊഴിച്ച വാന ത്തിൻ മനസ്സറിഞ്ഞു ഞാൻ

          നനച്ചു മർദ്ദിച്ചും പിഴിഞ്ഞെടുത്തുമായ്
          മനോവിതാനത്തിൽ വിരിപ്പു വെള്ള നീ

          കനിഞ്ഞു മാരിയാൽ ചികഞ്ഞെടുത്തു നീ
          എനിക്കുകാട്ടുന്നു തിരസ്ക്കരിക്കുവാൻ

          നനുത്തൊരീ മണ്ണിൽ മുഴച്ചു കണ്ടൊരു
          കനത്ത കല്ലുകൾ മുഴുക്കെ മാറ്റിയാൽ

          തഴച്ചുമൂടുമാ മിനുത്ത പച്ചയിൽ
          ഒഴിഞ്ഞ പാദവും പതിച്ചുപോയിടും

          എനിക്കു വേണമിക്കുളിർത്ത  സൌഹൃദം
          തനിച്ചു വെയ്ക്കുമീ ചവിട്ടുവയ്പ്പിലും

          പുറത്തുപോകുമ്പോൾ ധരിക്കും മൂടികൾ
          മുഖത്തിലല്ലെങ്കിൽ പദത്തിലേറ്റണോ

          അകത്തുവാഴുമ്പോഴെനിക്കു വേണ്ടതീ
          മികച്ച പച്ച തൻ കനത്ത കമ്പളം!!

5 അഭിപ്രായങ്ങൾ:

  1. “നനുത്തൊരീ മണ്ണിൽ മുഴച്ചു കണ്ടൊരു
    കനത്ത കല്ലുകൾ മുഴുക്കെ മാറ്റിയാൽ

    തഴച്ചുമൂടുമാ മിനുത്ത പച്ചയിൽ
    ഒഴിഞ്ഞ പാദവും പതിച്ചുപോയിടും“

    മറുപടിഇല്ലാതാക്കൂ
  2. അകത്തുവാഴുമ്പോഴെനിക്കു വേണ്ടതീ
    മികച്ച പച്ച തൻ കനത്ത കമ്പളം!!

    മറുപടിഇല്ലാതാക്കൂ
  3. വായന സുഖം, താളം ....ഹോ! മനോഹരം മാഷേ..!

    മറുപടിഇല്ലാതാക്കൂ
  4. SAJAN SADASIVAN , അച്ചൂസ്, സന്ദർശനത്തിനും വായനയ്ക്കും വളരെ നന്ദി.

    മറുപടിഇല്ലാതാക്കൂ
  5. അകത്തുവാഴുമ്പോഴെനിക്കു വേണ്ടതീ മികച്ച പച്ച തൻ കനത്ത കമ്പളം!!

    വായിക്കാൻ സുഖമുള്ള കവിത.നല്ല താളം.

    മറുപടിഇല്ലാതാക്കൂ

Powered By Blogger