2010, ജനുവരി 2, ശനിയാഴ്‌ച

പ്രിയദർശിനി ഗംഗ

               

           പ്രിയദർശിനി ഗംഗ
                           ഗോപാൽ കൃഷ്ണ
                
                  തുംഗമാം ഗിരി ശൃംഗ നന്ദിനി

                  ഗംഗയാം പ്രിയദർശിനി


                  ബന്ധുരങ്ങളാമെത്ര ഹൈമന

                  സ്യന്ദനങ്ങളാൽ ചേർന്നു നീ


                  മേഘചുംബിതമദ്രിയിൽ ജനി-

                  തങ്ങളാം വനമൂലികൾ,


                  മേദുരങ്ങളാം സിദ്ധികൾ ചേർന്നു

                  മേദിനിക്കുണർവ്വേകി നീ


                  സ്വർഗ്ഗശുദ്ധിയെയുൾവഹിക്കുന്ന-

                  സർഗ്ഗശക്തിപ്രവാഹമായ്‌


                  ദേവഭൂമിയിൽ നിന്നുമീയെങ്ങൾ

                  മേവിടുന്നിടത്തെത്തി നീ


                  അഞ്ചിതം ആര്യസംസ്കൃതീയുഗ

                  സഞ്ചിതം ഫലപുഷ്ടമാം


                  പാടശേഖരവാസവാടികൾ

                  പാടെയും രണഭൂമിയായ്‌


                  എത്രയോ കുരുക്ഷേത്രയുദ്ധങ്ങൾ

                  നിത്യവും പൊരുതുന്നവർ


                  ഞങ്ങൾ വീഴ്ത്തിയ ചോരയും, അതിൽ

                  മുങ്ങിവീണതനുക്കളും                  ദൂഷിതം മദകാമ വാഞ്ചയാൽ

                  പോഷിതം തവ ധാരകൾ


                  ഒഴുകിചേർന്നുള്ളിലേറ്റിയോര-

                  ഴലിനാൽ കലങ്ങീടവെ


                  ശോകചിത്തയാണെങ്കിലും ഇരു

                  തീരദേശവും പുൽകി നീ


                  മർത്യജീവിത സങ്കരത്തിലെ

                  യുദ്ധനായികയായി നീ


                  കൂലദേശതടങ്ങൾ താണ്ടി നീ

                  കാലസാഗരം ചേരവെ


                  മർത്യജീവിതഗാഥയിൽ ഒര-

                  മർത്യധാരയായ്‌ നിൽപു നീ!

7 അഭിപ്രായങ്ങൾ:

 1. “മർത്യജീവിതഗാഥയിൽ ഒര-
  മർത്യധാരയായ്‌ നിൽപു നീ!“

  മറുപടിഇല്ലാതാക്കൂ
 2. ആര്യസംസ്കാര പ്രതീകമായിട്ടെടുക്കാമൊ? ഗംഭീരമായിട്ടുണ്ട്

  മറുപടിഇല്ലാതാക്കൂ
 3. സമൃദ്ധമായ ഒഴുക്കുണ്ട്; നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 4. മേദുരങ്ങളാം സിദ്ധികൾ ചേർന്നു
  മേദിനിക്കുണർവ്വേകി നീ

  മറുപടിഇല്ലാതാക്കൂ
 5. സന്ദർശിച്ച സുഹൃത്ത്ക്കൾക്ക് നന്ദി.

  മറുപടിഇല്ലാതാക്കൂ
 6. തുംഗമാം ഗിരി ശൃംഗ നന്ദിനി
  ഗംഗയാം പ്രിയദർശിനി

  ഈ വരികളുടെ ഒരു ഒഴുക്ക് താഴേക്കു വായിക്കുമ്പോള്‍ ചിലയിടങ്ങളില്‍ വിട്ട് പോകുന്നു. അതൊന്ന് ശ്രദ്ധിക്കുമല്ലൊ? അതാണ് ഈ കവിതയുടെ ഒരു ജീവന്‍...

  മറുപടിഇല്ലാതാക്കൂ
 7. വളരെ നന്ദി, അച്ചൂസ്. അപ്പപ്പോൾ ശ്രദ്ധിക്കാറുള്ളതുകൊണ്ട് തീർന്നാലുടനെ പോസ്റ്റ് ചെയ്യുകയാണു പതിവ്. മാറിനിന്നുള്ള വായനയിൽ ഏകാഗ്രത കുറഞ്ഞതായി തോന്നിയ ചില ഭാഗങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്

  മറുപടിഇല്ലാതാക്കൂ