2010, ഫെബ്രുവരി 26, വെള്ളിയാഴ്‌ച

മായാമയൂരം മായാമയൂരം                                                            

ഒരു മാസ്മരത്തിന്റെ
മായൂര പിഞ്ചിയോ
ഒരു മാരിവില്ലിന്റെ 
വർണ്ണാനുഭൂതിയൊ
അണയുന്നൊരുന്മത്ത
നിമിഷങ്ങളിൽ പൂ-
വണിയുന്ന പൂക്കൈത
ചാർത്തും സുഗന്ധമൊ
അറിയില്ല നിന്നെ 
വിളിക്കെണ്ടതെന്തെന്ന്
പറയാനെനിക്കാവ-
തില്ലെന്റെ യോമലേ
ഒരു നോവിലലിയാനു-
മൊരു ചൂടിലെരിയാനു-
മൊരു വേള യെന്നെയും
തന്നേ മറക്കുവാൻ
ഹൃദയങ്ങളിൽ ഹർഷ
പുളകുങ്ങളേകുന്ന
സുരവേള തന്നിൽ
നാമൊരുമിക്കുമെപ്പൊഴും
ഇരുളുന്നോരാത്മാവി-
ലിഴുകിപ്പിടിക്കു-
ന്നൊരഴലിന്റെ കാർ-
മേഘപടലങ്ങളിൽ
ഒരു മാരിവില്ലിന്റെ
ഹൃദ്യാനുഭൂതിയായ്
ഒരു മാസ്മരത്തിന്റെ 
മായാമയൂരമായ്
ഒരു വിസ്മയത്തിന്റെ
വെണ്മേഘമായി നീ
ഒരു സുസ്മിതം തൂകി 
നിൽക്കുകെന്നോമലേ!ചിത്രങ്ങൾ: ഗൂഗിൽ വഴി


2010, ഫെബ്രുവരി 23, ചൊവ്വാഴ്ച

പ്രണയിനി       പ്രണയിനി                                                                                                                                                                                                  

   ഗോപാൽ ഉണ്ണികൃഷ്ണ                                                            
                   
                                   പ്രണയത്തിനെത്രയാ പടികള്‍ മാലോകരേ
      പ്രണയിച്ചു പോയവരാണോ നിങ്ങള്‍ ?
      അതിനുള്ളൊരാദ്യത്തെ പടിയിലാണിന്നു ഞാ-
      നിനിയെത്ര വേണം കടന്നുകേറാൻ?
      ഒരു നോട്ടമൊന്നേയൊരുനോട്ടമായതിൻ
      പിടിയിലാ,ണാദ്യത്തെ പടിയിതാണോ?
      ഒരുരൂപമെത്രയോ കണ്ടതിൽനിന്നു ഞാൻ
      തിരയുന്ന രൂപമോ, പടിയേറെ മേലിൽ
      അവിടേക്കു കേറുവാനരുതാതെ നിശ്ചലം
      വിറപൂണ്ടു നിൽ‌പ്പിതാ,യെൻ പദങ്ങൾ
      ഒരു നാദമുച്ചമായെങ്ങും മുഴങ്ങുന്ന
      മണിനാദ,മെത്രമേലുയരത്തിലാ മണി!
      അരികത്തു ചെല്ലുവാൻ മോഹമു,ണ്ടതിലേറെ
      ഭയമുണ്ട്,കമ്പിതം ഹൃദയമുണ്ട്
      അചലയാണെങ്കിലും പാദങ്ങൾ വെമ്പുന്നി-
      തവിടുത്തെ സന്നിധി പൂകുവാനായ്
      വിവശയാ,യാർത്തയാ,യാലംമ്പഹീനയായ്
      ഇവിടെയീപ്പടിയിൽ ഞാൻ വീണുറങ്ങും

                     ***************

        വെയിലിന്റെ വർണ്ണത്തിളക്കവും മേനിയിൽ 
        ത്തെളിയും നിലാവിന്റെ വെണ്മയും, കൺകളിൽ
        പ്രണയവും, ചൊടികളിൽ ചിരിയുമായ്
        പടി വിട്ടിറങ്ങിയെൻ  ചാരത്തു നിൽപ്പിതാ-
        ക്കമനീയ രൂപനോ, എൻ വെറും സ്വപ്നമോ?
                ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌-------------------
ചിത്രം: ഗ്ഗൂഗിൾ വഴി


അനുകരണം ആദരിക്കൽകൂടിയാണ്

2010, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

യാമിനി
               യാമിനി                                           ഗോപാൽ ഉണ്ണികൃഷ്ണ


ചന്ദ്രികച്ചാർത്തിന്റെ
പട്ടുപാവാടയും,
ഇന്ദ്രനീലാംബരം
കൊണ്ട്‌ മേലാടയും,

മന്ദ സമീരനാൽ
സൗരഭം വീശിയും,
മന്ദ്രം മനോഹരം
ഈ മുഗ്ധയാമിനി!

താരണിമാലയും,
തങ്കപ്പതക്കമായ്‌
രാകേന്ദുവും, നീ
സർവ്വാംഗഭൂഷിത!

നീരദ നീലനി-
ചോളമണിഞ്ഞതാം
വാരിദമാകെയൊ-
ഴിഞ്ഞതാം വാനവും!!

നിർവ്വചനാതീത‌-
മായോരു നാകീയ
നിർവൃതിയാണു നിൻ
മാറിലമരുക.


വെള്ളിപ്പറവകൾ
കൂട്ടമായ്‌ നീങ്ങും
വിണ്ണിൻ വിതാനം
വിമൂകമാണെങ്കിലും

തള്ളിത്തിരക്കി-
ച്ചിറകിട്ടടിക്കുന്നി-
തുള്ളിന്റെയുള്ളിലായ്‌
മോഹപ്പിറാവുകൾ

കാറ്റിൽ വിറയ്ക്കും
നിഴലുകൾക്കൊപ്പമായ്‌
ഏറ്റം ത്രസിക്കുന്നി-
താകുലം ചിന്തകൾ

നീലക്കയത്തിലാ
വെള്ളിമീൻ വെട്ടുന്ന
ചേലിൽ ജ്വലിക്കുന്നൊ-
രൊറ്റനക്ഷത്രവും

തൂകും നിലാവിൻ
മഴയിൽ കുഴഞ്ഞാകെ
മൂക വൈവശ്യം
പുണർന്നോരു ഭൂമിയും

എല്ലാം കലർന്നൊരീ
മായികരാവിന്ന്
വല്ലാതുണർത്തുന്ന
വശ്യാനുഭൂതിയിൽ

നിർവ്വചനാതീത-
മായോരു നാകീയ
നിർവൃതിയായി ഞാനി-
ല്ലാതെ മാഞ്ഞുപോയ്‌.

-----------------
image: c.comm.

2010, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

വിരാഗം
      വിരാഗം 


             ഗോപാൽ ഉണ്ണികൃഷ്ണ 

                    കാമദം കേളികൾ നിന്നു,...രജസ്സിൻ
                    കാർമുടിച്ചാർത്തും വെളുത്തു

                    തീവ്രംവികാരം വിരാഗം ...സിരകളിൽ
                    താവുമുന്മാദം കുറഞ്ഞു

                    ആ വേലിയേറ്റം നിലച്ചു...കടലിന്റെ
                    ആവേഗമൊക്കെത്തളർന്നു

                    ആകാശഗംഗയിൽച്ചെന്നു...രാവതിൽ
                    ആപാദചൂഡം കുളിച്ചു

                    ചന്ദനാലേഖം കുറിച്ചു...പിന്നതിൽ
                    സിന്ദൂര രേഖയും തേച്ചു

                    നീലാംബരത്തെ ത്യജിച്ചു...മെല്ലെയാ
                    പ്പീതാംബരത്തെ ധരിച്ചു

                    തെക്കൻ മലയ്ക്കുമേൽ വച്ചു...മിന്നുന്ന
                    മുക്കുത്തി,ദീപം തെളിഞ്ഞു

                    കളകളം കേൾക്കെപ്പുലർന്നു...കാവിൽ
                    കിളികളോ നാമം ജപിച്ചു

                    ചക്രവാളത്തിന്റെ ചേലിൽ...ചുറ്റിയ
                    രുദ്രാക്ഷമാലയും ചാർത്തി

                    ചിറകടിശ്ശ്ബ്ദം ധ്വനിച്ചു...രാവുതൻ
                    മെതിയടിനീട്ടിച്ചരിച്ചു!
2010, ഫെബ്രുവരി 2, ചൊവ്വാഴ്ച

കുളിർച്ഛായ
കുളിർച്ഛായ                                            

             ഗോപാൽ ഉണ്ണികൃഷ്ണ

               
                                 
                                 


                   പാത നീളുന്നനന്തമാ,യെങ്കിലും
                   പാതിയും വഴി പിന്നിട്ടിരിക്കണം

                   പാതയോരത്തിലെത്രയോ പാദുപ-
                   ശ്ശീതളച്ഛായ കണ്ടെന്നിരിക്കിലും

                   ഒരു നിമേഷവുമൊന്നിലും ഇത്തിരി
                   മരുവുവാൻപോലുമായതില്ലിത്രനാൾ

                   ഒടുവിലേറ്റം   വിജനമാമി മണൽ
                   അടവി താണ്ടും പ്രയാണത്തിലെത്തവെ

                   ഒരു മരത്തിൻ തണൽച്ചാർത്തിലെത്തുവാൻ
                   ഒരു കരൾപ്പച്ചതന്നിൽ തുടിക്കുവാൻ

                   കേണിടും അഭിവാഞ്ചകൾ ദൂരവേ
                   വാണിടും മരുപ്പച്ചയായ് മാറവെ

                   ഒന്നിരിക്കാൻ സമയവും മോഹവും
                   ഇന്നെനിക്കെത്രയുണ്ടെന്നിരിക്കിലും

                   കത്തിനിൽക്കും കതിരവൻ ഉച്ചനാ-
                   യെത്തിവീഴ്ത്തുന്നൊരത്യുഗ്ര വേനലിൽ

                   നിന്നുപോകിൽ ഇവിടെയിന്നിങ്ങനെ
                   നിന്നുപോകുമെൻ ജീവിത യാത്രയും
                   എന്ന ഭീതിയാലാടിക്കുഴഞ്ഞു ഞാൻ
                   മുന്നിലേക്കുതാൻ ചോടുകൾ വെക്കവെ,


                   പാറതീർത്തതാം പർവതസാനുവിൻ
                   മാറിലേക്കായ് ചരിയും തണൽമരം


                   പാതയോരത്തു കാണ്മതുണ്ടെങ്കിലും
                   മീതെയിപ്പോൾ കതിരവൻ നിൽക്കയാൽ

                   വഴിയിതിന്മേൽ വിരിക്കുവാൻ ആ മര-
                   നിഴലിനാവാതെ നിൽ‌പ്പിതിങ്ങേപ്പുറം

                   എത്ര കാത്തൊരീയാശ്രയം കാണുവാ-
                   നിത്രയും പോലുമിന്നിയും ലഭ്യമോ!

                   പാപഭാണ്ഡമെൻ തോളിൽ നിന്നൂരിയ-
                   ത്താപരക്ഷകൻ സന്നിധിയെത്തിഞാൻ

                   ഒന്നുമങ്ങിയോ കത്തും വെയിൽ!, അതിൽ
                   നിന്നു തന്നെ തണൽക്കരം നീളുന്നു

                   കാലമിത്തിരിക്കൂടിക്കഴിഞ്ഞനു-
                   കൂലമായ് തണൽ നീട്ടിയെൻ മൌലിയിൽ

                   തത്ര കൈവച്ചനുഗ്രഹിച്ചെൻ തനു
                   ചേർത്തുപുൽകും മുഹൂർത്തം നിനച്ചിതാ

                    കാത്തിരിക്കുന്നിതക്കുളിർച്ഛായയെ-
                    ന്നാർത്തതാപങ്ങളെല്ലാമകറ്റിടാം!!