2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

പങ്കാളി




മദഭരിത ലാസ്യം തിമിർത്തുകൊണ്ടങ്ങനെ
ഹൃദയസിരയിലോളം തുളുമ്പിച്ചുനിന്നു നീ.
   കദനകരുണ ഭാവങ്ങളെല്ലാം മറന്നും,
   വദനതരുണകാന്തിയെക്കണ്ണാലുഴിഞ്ഞും,
   കരയിണകളയുർത്തിച്ചലിപ്പിച്ചു വീശിയും,
   ചരണദ്വയചോടുകൾ ചടുലതരമാക്കിയും,
   ഹൃദയാന്തരാളത്തിലെത്തുന്ന നാനാ നി-
   നാദങ്ങൾ, ഭേരീപ്രകാരങ്ങൾ ചേർന്നും,
   അഭിജാതമംഗലാവണ്യം വളർത്തുന്നൊ-
   രഭിലാഷവേഗം പണിപ്പെട്ടടക്കിയും,
   ശൃംഗാരകാവ്യാനുഭൂതിപ്രകർഷം കരേറി
   പങ്കാളിനൃത്തം നടത്തുന്നു പ്രേക്ഷകർ.

മദഭരിത ലാസ്യം തുടർന്നുകൊണ്ടപ്പൊഴും
ഹൃദയസിരയിലോളം വളർത്തിനിന്നാടി നീ.
 
   വലയിതകരങ്ങളീൽ ചേർന്നുനിന്നാടുവാൻ
   വലയുമൊരു ഹൃദയമോ സ്പന്ദിച്ചു നിന്നിലായ്.
   അനവധിയാളുകൾ കാണുവാനല്ല തൻ 
   കനവുകളിൽമാത്രമായാടുന്നൊരേയൊരാൾ!
   ദിവസേനെയാടിപ്പുലരേണ്ടനാട്യത്തി-
   നവസാനമായാൽ പിരിയാത്തൊരേയൊരാൾ!
   അതിരാത്രമായാലതിവേഗമാളൊഴി-
   ഞ്ഞതിമാത്ര ശൂന്യമാം രംഗസ്ഥലത്തിൽ,
   അധിവാസനായിട്ടിരിക്കുന്നൊരേയൊരാൾ,
   അതിശാന്തമായി കരഘോഷമാർപ്പോൻ!
   അനുവേലമേറുന്നൊരാത്മഹർഷത്തൊടേ
   തനതായതെല്ലാം സമർപ്പിച്ചുകൊള്ളുവാൻ
   കൂർപ്പിപ്പു കാതുകൾ, പരതുന്നു കണ്ണുകൾ,
   അർപ്പിച്ചിടാൻ, സ്വയം സ്വീകരിച്ചെത്തുമോ!!

  


ചിത്രം: ഗൂഗിൾ വഴി: Holby City's Tom Chambers and his dance partner Camilla Dallerup 













2011, സെപ്റ്റംബർ 4, ഞായറാഴ്‌ച

മലയോരപാത



ഒരുനാളിലവിടുത്തെ പടിദാസനായി
ഞാനുയരുന്നനാളിലെ സൂര്യോദയം,പൂത്തു
വിടരുന്നതും കാത്തമരുന്നു ജീവന്റെയീ-
യിടവേളയോ നീളുന്നിതേകാന്ത വിജനം
മലയോരപാതപോൽ ശിലാഭരിതം,പുത്തൻ
ഇലയും മലരും പൊടിക്കുവാനില്ലാത്തതായ്.

ശിഥിലചിന്തതൻ താരനിശയിൽ, പിടയും
വ്യഥാഭരിതം വെള്ളിപ്പരൽമീൻ ചെതുമ്പലാൽ
നിറയും നാകനിളയിൽ തെളിനീർവെളിച്ചം
കുറവാണ്, കെട്ടിക്കിടപ്പാണ്, മഞ്ഞമണലോ
ചിരിക്കുന്നു,പുശ്ചമാണതിനേ നനയ്ക്കാത്ത
നിരാലംബനദിയേ, നീർപ്രവാഹമില്ലാത്ത-
യിരുൾഗാത്രിയാമീ നഷ്ടവാസന്തരാത്രിയെ.


വിളങ്ങിത്തെളിയും മിന്നാമിനുങ്ങിന്റെ വെട്ടം
തെളിയ്ക്കും ഗിരിപഥ്യയോ അത്യന്തദുഷ്കരം
ഏറെയഗാധ വിദൂരമായൊരാത്താഴ്ചയിൽ
ചീറിടുന്നു നരിഗർജ്ജനം അതിഭീകരം
ചന്ദ്രകാന്തയായ്, കാമാന്ധയായിരുൾക്കന്യ-
യന്തിയിൽ പ്രസവിച്ച് താരാട്ടും നിഴലുകൾ
കുട്ടിച്ചാത്തരായ് സർവ്വത്ര കൂത്താടുന്നു കാലിൻ
ചോട്ടിലും ചൂഴത്തിലും കാലദൂതരെപ്പോലെ.

പകലന്തിയോളം പരതിച്ചിലച്ചുകൊണ്ട-
കലുന്ന ചപ്പിലക്കിളികൾതൻ പാഴ്‌ജല്പനം
ഉരുവിട്ടു കാലം വിളയിച്ചുപോകും കാട്ട-
രുവിയെപ്പോലെയെൻ മനം ആവർത്തിബാധിതം
അകലങ്ങളെക്കാളൂമടുപ്പത്തിൽ വന്നെന്റെ-
യകമേ ജ്വലിക്കുന്നു മിന്നലിൻ പിണരുകൾ

വാസുകീവക്ത്രം പോലെ വന്മലച്ചോട്ടിൽക്കാണും
ആസുരഗുഹാമുഖം വാപിളർന്നടുക്കുന്നു
മാസ്മര‌മേതോ മതിക്ലാന്തമാം മനസ്സെല്ലാം
വിസ്മിതമാക്കിച്ചെയ്യും ഭ്രാന്തമാം നിമിഷത്തിൽ
ഒന്നുമേമൊഴിയാതെ വന്നതാം വഴിയേറി
ഖിന്നതയിരുൾചാർത്തും ഗഹ്വരം പ്രവേശിക്കെ,
എന്തുതാനാകും, നീണ്ടുപോകുമീയിരുൾനാളിത-
ന്നന്ത്യത്തിൽ!‌---അന്ധകാരമോ, വിണ്ണിൻ വെളിച്ചമോ!!




 ചിത്രം: ഗൂഗിൾ വഴി
Powered By Blogger