2016, ഫെബ്രുവരി 29, തിങ്കളാഴ്‌ച

ജെഎൻയുവിലെ മഹിഷാസുരമക്കൾ.

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.

 ജെഎൻയുവിലെ മഹിഷാസുരമക്കൾ. 





മഹിഷാസുരനെ അനാര്യരും അവർണ്ണരുമായ വിഭാഗത്തിന്റെ പ്രതിപുരുഷനായും ആര്യമേധാവിത്വത്തിന്റെ രക്തസാക്ഷിയായും സങ്കല്പിച്ചു പ്രതിഷ്ടിച്ച് ഒരു സ്മരണാദിനം ആചരിക്കുന്നത് ഏതാനും വർഷങ്ങൾക്ക്മുമ്പ്മാത്രം തുടങ്ങിവെച്ച ഒരു പ്രസ്ഥാനമാണ്. ആദ്യമായി 2011ൽ ജെഎൻയുവിലെ അഖില ഇന്ത്യൻ പിന്നോക്കവിദ്യാർത്ഥി ഫോറം ആണ് ഇങ്ങനെയൊരു ആചരണത്തിനു തുടക്കം കുറിച്ചത്. ഇതേതുടർന്ന് പലയിടത്തും ദിനാചരണങ്ങൾ നടത്തപ്പെട്ടു.  പശ്ചിമ ബെംഗാളിൽ എല്ലാ ശരദ്പൂർണ്ണിമ ദിവസവും ഇപ്പോൾ ഈ ദിനം ആഘോഷിക്കപ്പെടുന്നുണ്ട്.

ഛാർഖണ്ടിലെ അസുർ ഗോത്രവർഗ്ഗക്കാർ, മറ്റു പ്രദേശങ്ങളിലുമുള്ള സന്താൾ, ഭിൽ. യാദവ്, കുഷ്വഹ, കുംഹർ തുടങ്ങിയ ആദിവാസി ഗോത്രവിഭാഗങ്ങളും മഹിഷാസുരനെ അവരുടെ പുരാതന പൂർവികനായി കാണുന്നു. ആരാണ്, ആയിരുന്നു, ഈ അസുരന്മാർ? പുരാചരിത്ര-ഭാഷാശാസ്ത്രപരമായി അന്വേഷിച്ചാൽ അറിയാൻ കഴിയുന്നത്, അസ് എന്ന സംസ്കൃതമൂലത്തിന്റെ തദ്ഭവമായ  ആത്മീയസ്വരൂപം, അമാനുഷൻ, അമേയൻ,സത്ത,ദിവ്യൻ എന്നൊക്കെ വിശേഷിപ്പിക്കാൻ കഴിയുന്നവരുടെ കൂട്ടം, വർഗ്ഗം, എന്ന് ധരിക്കാം. ഇവരിൽ സത്തുക്കളും അസത്തുക്കളും ഉണ്ടായിരുന്നു. ആദിവേദകാലങ്ങളിൽ ഇവരെ സത്തുക്കളായിമാത്രം കരുതുന്നെണ്ടെങ്കിലും അനന്തരവേദകാലങ്ങളിൽ അസത്തുക്കളായി പരാമർശിക്കപ്പെടുകയും സത്തുക്കളെ വേർതിരിച്ച് പ്രത്യേകമായി ദേവന്മാരായി പരിഗണിക്കയും ചെയ്യുന്നു. മനുഷ്യന്റെ അടിസ്ഥാനപരമായ നന്മയും തിന്മയും തിരിച്ചറിഞ്ഞ് വർഗ്ഗീകരണം ചെയ്യുന്ന പ്രക്രിയ തന്നെയാവുമിത്.

അങ്ങനെ ഈ പ്രക്രിയ ആര്യ വംശത്തെ അസുര-ദേവ വംശങ്ങൾ എന്ന രണ്ടു വിഭാഗമാക്കിച്ചെയ്തു. അസുരർ  ക്രമേണെ പടിഞ്ഞാറേക്ക്, ഇന്നത്തെ ഇറാൻ അതിർത്തിയായ പ്രദേശങ്ങളിലേക്ക് ആദേശം ചെയ്യപ്പെടുകയുണ്ടായി. ഇവരിൽപ്പെട്ട രാജകുലമാണ് മഹാബലിയുടേതും മറ്റ് അസുരരാജാക്കന്മാരുടേതും. ഇന്ത്യയിൽ അവശേഷിച്ചവരാകട്ടെ ദക്ഷിണഭാഗത്തേക്ക് തള്ളപ്പെട്ടു.

എന്നാൽ ഇങ്ങനെ ദക്ഷിണാത്യം സംഭവിച്ചവർക്ക് മറ്റൊരു അപചയവും നേരിട്ടു. ആര്യന്മാർക്കും മുൻപ് ഈ ഉപഭൂഖണ്ഡത്തിൽ വസിച്ചിരുന്നവരും  ദക്ഷിണാത്യം സംഭവിച്ചിരുന്നവരുമായ മുണ്ട നരവർഗ്ഗക്കാരുമായി അസുരർക്ക് ജനിതക സങ്കലനം സംഭവിച്ചു. ആദിദ്രാവിഡർ, ചണ്ഡാളർ, രാക്ഷസർ (ഇവർ വടക്കും ഉണ്ടായിരുന്നു) എന്നിങ്ങനെയുള്ളവർ മുണ്ടവർഗ്ഗത്തിൽപെട്ട വിഭാഗങ്ങളെ സൂചിപ്പിക്കുന്നു. ഇവരെല്ലാം ചേർന്നുള്ള ജനതതിയാണ് ഇപ്പോൾ ദളിതർ എന്ന് നാം വ്യ്വഹരിക്കുന്നവർ.
ഇവരിലെ ഒരു രാജാവായിരുന്നു മഹിഷാസുരൻ. അതിപ്രതാപിയായി വളർന്ന മഹിഷാസുരൻ ആര്യദേവ കുലങ്ങൾക്കും മറ്റ് സമീപ അസുരരാജകുലങ്ങൾക്കും ഭീഷണിയായതോടെ മഹിഷനെ നിഷ്കാസനം ചെയ്യാനുള്ള ഗൂഢാലോചനയിൽ രണ്ട് ആര്യവർഗ്ഗങ്ങളും പങ്കെടുത്തു. അന്നത്തെ ഏറ്റവും ശക്തിശാലിയായ ദേവരാജ്യത്തിലെ റാണിയായിരുന്ന് ദുർഗ്ഗാദേവിയെ മഹിഷാസുരന്റെ രാജ്യം ആക്രമിക്കാനും കീഴടക്കി മഹിഷനെ വധിക്കാനും നിയോഗിച്ചു.  അതിൽ ഇന്ദിരാ ഗാന്ധിയെപ്പോലെ ദുർഗ്ഗദേവി വിജയിക്കയും ചെയ്തു എന്ന് ഇന്ന് നമുക്ക് വായിച്ചെടുക്കാം.

അങ്ങനെ ആര്യർക്ക് കശ്മലനായ മഹിഷാസുരൻ  ദളിതർക്ക് രക്തസാക്ഷിയായ പിതാമഹനുമായി. ദളിതർ മഹിഷാസുരദിനം ആഘോഷിക്കട്ടെ, പക്ഷെ അഫ്സൽ ഗുരുദിനവും യാക്കൂബ്ദിനവും പിതാമഹദിനങ്ങളാക്കിയാൽ തിക്തസ്മരണയാവും ഫലം.
Powered By Blogger