2010, ഏപ്രിൽ 1, വ്യാഴാഴ്‌ച

സവിധത്തിൽ

 സവിധത്തിൽ



             



സവിധത്തിൻ ഗുണമെന്താ-
ണുഷ്ണമാണോ കുളിർ താനോ
കവിഞ്ഞോരാസക്തിയാണോ
കുറഞ്ഞീടും തൃഷ്ണയാണോ?


കോളുകൊള്ളും കടൽ കാട്ടും
ഏറ്റമാണോ, അതോപിന്നെ
ഓളമെല്ലാമൊതുങ്ങുന്നോ-
രിറക്കത്തിൻ ചാലുതാനോ?


ഹൃദയത്തിന്നേറിനിൽക്കും
മിടിപ്പാണോ, വികാരത്താൽ
വദനത്തിൽ‌പ്പരക്കുന്നോ-
രിറുക്കും മുറുക്കമാണോ?


പുലരിപ്പൊൻനിറമാണോ
നിലാവിൻ വെൺശോഭയൊന്നും
കലരാത്തോരിരവിന്റെ
കനക്കുംകാളിമയാണോ?


പണ്ടുകാണും നിറം താനോ,
ചെമ്പു കേറിക്കലർന്നുള്ള
പണ്ടമൊന്നാ‍യ്മാറ്റുരഞ്ഞു
നഷ്ടമായിപ്പോകുമെന്നോ?


അകലങ്ങൾ കുറയുമ്പോൾ,
അടുക്കുമ്പോളിണങ്ങും ഈ
വകയ്ക്കൊക്കെ തോന്നുവാനീ
പുകയും സംശയം താനോ?


               *


നിന്നടുക്കൽ മരുവുമ്പോൾ
പുഞ്ചിരിപ്പാൽ പകുക്കുമ്പോൾ,
ഇന്നെനിക്കോ ലവലേശം
ഇത്തരം സംശയം തോന്നാ.


ഹൃദയത്തിന്നേറിവായ്ക്കും
മിടിപ്പല്ലോ, വികാരത്താ‍ൽ
വദനത്തിൽ‌പ്പരക്കും പൊൻ
വിഭാതം വന്നുദിയ്ക്കും താനും.


കോളുകൊള്ളും കടൽ കേറും
കേറ്റമല്ലോ, നിലാവിന്നൊ-
ളിച്ചാർത്തിൽ തുളുമ്പും വിണ്ണിൻ
ചിരിക്കും പാൽക്കടൽ താനും.


സിരകളെ ത്രസിപ്പിക്കും
ഉഷ്ണമാണ,ങ്ങതേപോലെ
കരൾകോരിക്കുളിർപ്പിയ്ക്കാൻ
വരുംനൽക്കുളിർമ്മക്കൂട്ടും!



                                                   ചിത്രം: ഗൂഗിൾ

3 അഭിപ്രായങ്ങൾ:

Powered By Blogger