2010, ഏപ്രിൽ 30, വെള്ളിയാഴ്‌ച

ശോഭയാത്ര

ശോഭയാത്ര








ഗോപാൽ ഉണ്ണികൃഷ്ണ







താളബദ്ധതരംഗിത ഗീതിതൻ
മേളനത്തിന്റെ മായാമരീചിക

മജ്ഞുവാമുഷക്കന്യതൻ ലോലമാം
മഞ്ഞുടയാടയെന്നപോൽ ചൂഴവേ

മന്ത്രമോഹിതമുഗ്ദ്ധയായെൻ മനോ-
തന്ത്രികൾ കേട്ടു ഞെട്ടിത്തരിച്ചുവോ!

നാദവീചികൾ സ്വർണ്ണവർണ്ണാങ്കിത
മേദുരങ്ങളായ്‌ വീശും പുലർച്ചയിൽ

പൂത്തുലയുന്നു കൊന്നകൾ, മുല്ലകൾ
കോർത്തൊരുക്കുന്നുപഹാരമാലകൾ

നേർത്ത സൗരഭം, കാറ്റിലോ കൈതകൾ
കാത്തുവച്ചതാം ഗന്ധം കനക്കവെ,

വെള്ളചുറ്റും വിതാനം വലിച്ചു ഞാ-
നുള്ളമെല്ലാമലങ്കരിച്ചില്ലയോ!

തകിലുകൊട്ടും ഹൃദയമോ, ദൂരെയാ-
യകലെനിന്നും കുളമ്പടിനാദമോ!

മേരുശൃംഗങ്ങൾ ചുറ്റും പെരുമ്പറ
ഭേരിതീർക്കും പടഹധ്വനികളും

കണ്ടുനിൽക്കും കരിമ്പുതോട്ടങ്ങളെ-
ക്കൊണ്ടുതീർക്കുന്ന തോരണജാലവും

നീരവം,..ക്ഷണനേരത്തിനുള്ളിലായ്‌
ആരവം,...ഇതു സാഗരഘോഷമോ!


പൊന്നിളംവെയിൽ താവും വഴിക്കിതാ
മന്നവൻ എഴുന്നെള്ളുന്ന വേളയിൽ

എന്നെയിപ്പോൾത്തിരിച്ചറിഞ്ഞീടുമോ
മിന്നുമോ മൃദുസ്മേരമക്കൺകളിൽ!

തൻ ഗളത്തിൽനിന്നൂരിയ ഹാരമൊ-
ന്നെൻ ഗളത്തിലേക്കിട്ടെറിഞ്ഞീടുമോ!

പുലരിപോയിട്ടപരാഹ്നമായതും
പലരുമെന്നേ പൊഴിഞ്ഞുപോയെന്നതും

തിരുമനസ്സറിഞ്ഞില്ലയെന്നാകുമോ,
വരികയില്ലന്നൊരല്ലൽ നേരാകുമോ!

ഇരവിലാകിലും വന്നണഞ്ഞീടുകിൽ
തിരികൾ സൂക്ഷിച്ചതെല്ലാം കൊളുത്തിടും

അഴകെഴുന്നോരലൗകികശോഭയിൽ
നിഴലുപോലെ നീയെന്നടുത്തെത്തവേ,

ഒരു ലഹരി ചേർന്നുന്മത്തമായൊരാ-
യിരവു പിന്നെ പുലരിയായ്‌ മാറിടും

ഹൃദയഹാരിയാമീണമായ്‌, താളമായ്‌
ഉദയഗീതമൊന്നെങ്ങും മുഴങ്ങിടും!!



ചിത്രം: ഗൂഗിള്‍ വഴി

3 അഭിപ്രായങ്ങൾ:

  1. Kalavallabhan:

    ഒരു കവിത മൊട്ടിട്ടു വിരിയാൻ ഒന്നോ രണ്ടോ ദിവസം,കൂടിയാൽ ഒരാഴ്ച, മതിയാകും.എഴുതിയ കവിതകൾ ബ്ലോഗിൽ
    ഓരോന്നായി കൊടുക്കുകയാണ്. താമസിയാതെ സമാഹാരം പുറത്തിറക്കണമെന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  2. “കുമാരസംഭവം ” പോലെ
    ബ്ലോഗിൽ നിന്നും ഒരു കവിതാ സമഹാരം കൂടി പുസ്തകരൂപത്തിൽ ഇറങ്ങട്ടെ.
    ആശംസകൾ.
    ഇനി എന്റെ പുതിയ കവിത കൂടിയൊന്നു വായിച്ചുനോക്കൂ

    മറുപടിഇല്ലാതാക്കൂ

Powered By Blogger