2010, ഏപ്രിൽ 23, വെള്ളിയാഴ്‌ച

പൂത്തിരുവാതിരപൂത്തിരുവാതിര

താരണിപ്പൂഞ്ചോലയാകും
നാകഗംഗതന്നിൽ
വാരണിത്തൂമേനിയാകെ
ആതിരനീരാടി

ശോണവർണപ്പട്ടുസാരി
തോരുവാൻ വിരിച്ച്
വീണു പൂർവ്വവാനിലാകെ
വർണരാശി ചാർത്തി

മഞ്ഞണിപ്പൂഞ്ചേലയുടെ
മൂടുപടം മാറ്റി
മഞ്ഞരളിപ്പൂവു ചൂടി
പൊൻപുലരി നിന്നു

പൊൻകിരണത്തൊട്ടിലാടി
പുലരിത്താരകം
കണ്മിഴിച്ചുണർന്നുനിന്നു
കമലതോരണം

പൂങ്കുയിലിൻ പാട്ടുണർന്നു
തൂമലർ തേന്മാവിൽ
മാങ്കനികൾ മുത്തമിട്ടു
മാന്തളിർ മൂർദ്ധാവിൽ

ചുറ്റുമൊരു മാദകത്വം
മദനമോഹിതം
കാറ്റിലെങ്ങും മാറ്റൊലിക്കും
അമരസംഗീതം

കമ്രപാണിവീശിയാടി
കദളിവാഴകൾ
ചമയമിട്ടുപാറിചിത്ര-
ശലഭരാജികൾ

മുടിയഴിഞ്ഞു, മെയ്യുലഞ്ഞു
നടനമാടിയാ
ത്തുടുതുടുത്ത മാറു താങ്ങി
കേരകന്യമാർ

നാദലാസ്യമുഖരിതമീ
ഭൂസുരത്തിൻ മണ്ഡപം
.......
.......വേദിമുന്നിൽ വീക്ഷകരോ
      വീണുറക്കമായി!

       ഒഴുകിമാഞ്ഞുപോയിടുമീ
       അമരസംഗീതം
       പൊഴിഞ്ഞുപോവതറിയാതെ
       ബധിരമാനസം!!

image at: www.rassouli.com/contemporary.htm

2 അഭിപ്രായങ്ങൾ:

  1. നല്ല കവിത
    വളരെയധികം ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  2. കലാവല്ലഭൻ; ഉടനെ വായിച്ച് വിലയേറിയ അഭിപ്രായം അറിയിച്ചതിനു വളരെ നന്ദി.

    മറുപടിഇല്ലാതാക്കൂ