2010, മേയ് 25, ചൊവ്വാഴ്ച

പേടകം

    പേടകം







ഉൽക്കടം കത്തിജ്ജ്വലിച്ചാ വിഹായസ്സി-
ലത്ഭുത ബിന്ദുവായ് പാഞ്ഞകന്നങ്ങനെ

താരാപഥങ്ങളെത്താണ്ടി നീ യജ്ഞാത
സൂരവ്യൂഹങ്ങളെത്തേടിപ്പറക്കവേ,

നിർഗ്ഗുണ നിശ്ശൂന്യ നാക വക്ഷസ്സിലെ
സ്വർഗ്ഗപ്രശാന്തിയിൽ നീന്തിത്തുടിക്കവേ,

ഓർക്കുക നിന്നെയീമന്നുമായ്ച്ചേർത്തൊരു
പൊക്കിളിൻ വള്ളിയിൽ ബന്ധിച്ചിരിപ്പതും

സീമയില്ലാത്തൊരഭൌമ പ്രപഞ്ചവും
വ്യോമവുമുണ്ടു നിന്നുള്ളിലായെന്നതും

ആദിമധ്യാന്തവിഹീനമായ്, കാലാതി-
ഭേദിയായ് വർത്തിക്കുമന്തരാകാശത്തിൽ

ആവർത്തനംചെയ്തു സത്യങ്ങളന്യോന്യ-
മാവഹിക്കുന്നതാമെത്രയോ ഗോളങ്ങൾ,

തേജസ്സു ചൂഴുമത്താരകൾ, ഭാവമാ-
മോജസ്സിൽ നീളുന്നൊരാകാശഗംഗ്ഗകൾ,

അപ്രമേയങ്ങളാം മാനങ്ങൾ, ആയതിൽ
തൽപ്രേരകങ്ങളാം വർണ്ണഭേദങ്ങളും,


മിന്നിപ്പൊലിഞ്ഞുപോമുൽക്കകൾ- ആശകൾ-,
വന്നുദിക്കുന്നതാം ധൂമകേതുക്കളും,

വെട്ടം വിഴുങ്ങുന്ന കൂരിരുൾഗർത്തവും
കത്തും പക തീർക്കുമഗ്നിഗോളങ്ങളും,



  
  

   ജന്മപാശത്തിനാലാത്മാവിൽ ബന്ധിച്ചു
   ബ്രഹ്മപ്രപഞ്ചമീയന്തരാകാശത്തിൽ

   സ്വന്തമായുള്ളോരു സൂരവ്യൂഹത്തിനേ-
   യേന്തിച്ചലിക്കും പരമാണുവെപ്പോലെ

   ഏതോ സനാതനം സത്യത്തിനുള്ളിലെ
   ച്ചേതോവികാരമീയാകാശമെന്നതിൽ

   നിസ്തന്ദ്രനിർല്ലേപനാകപ്രയാണത്തി-
   ലസ്തിത്വമില്ലാതെ പായുന്ന പേടകം!







ചിത്രം; ഗൂഗിൾ വഴി











1 അഭിപ്രായം:

  1. "ഓർക്കുക നിന്നെയീമന്നുമായ്ച്ചേർത്തൊരു
    പൊക്കിളിൻ വള്ളിയിൽ ബന്ധിച്ചിരിപ്പതും"
    കവിതകൾ പോരട്ടേ....

    മറുപടിഇല്ലാതാക്കൂ

Powered By Blogger