2009, ഡിസംബർ 15, ചൊവ്വാഴ്ച

സമകാലികം

മലയാളം എഴുതാൻ അറിയാവുന്നവർ എന്തെങ്കിലും ആവശ്യത്തിന് എഴുതുന്നതെന്തും സമകാലിക കവിതയാണ്.

 മലയാള ബ്ലോ/ബൂലോക കുട്ടി/മഹാകവിതകൾ വായിച്ചപ്പോഴാണ് ഈ ജ്ഞാനോദയം സംഭവിച്ചത്. വരികളൊ വാക്കുകളൊ ഉണ്ടെങ്കിൽ ഉടച്ച്/മുറിച്ച് പ്രതേകമായി ഒന്നിനുതാഴെഒന്നായി കാച്ച്യാൽ മതി.

ഒരു ബ്ലോലോക കുട്ടിവീരൻ ഈയിടെ കല്പിച്ചു:  ഡിക്ലരെറ്റീവ് സ്റ്റേ റ്റ്മെന്റ് വല്ലതും ഉരിയാടിയാൽ ക്ഷണം എവിഡെൻസ് ഹാജരാക്കിക്കൊളളണമെന്ന്. ഉടനെ എവിഡെൻസ് ഹാജരാക്കുകയും ചെയ്തു( ഇവിടെ). അപ്പോൾ ഇവിടെയും വേണമല്ലൊ.

ഉടനെ കയ്യിലുള്ള ‘എഴുത്ത്” നമ്മുടെ ബൂലോക മഹാകവി വിഷ്ണൂ തന്റെ തട്ടകത്ത് നടത്തുന്ന കൊമ്പ്‌വിളികളൊന്നിൽ ഈ ലേഖകൻ ഒന്ന്  കമന്റി മുരടനക്കിയതാണ്. മേൽ‌പ്പറഞ്ഞ മോഡസ് ഓപെറാൻഡി വച്ച് ഈ സാധനത്തെ ചിത്രവധം ചെയ്തപ്പോൾ ഉദാത്തമായ കവിതയാണ് കിട്ടിയത്. പിടിച്ചോളു  (നിങ്ങളുടെ ഇന്നത്തെ വാരഫലം മോശമെന്നു വിചാരിച്ചാൽ മതി);

കൊമ്പുവിളി

താങ്കൾ
ആദ്യം പറഞ്ഞ കാര്യങ്ങൾ
മിക്കവാറും ശരിയാണ്‌..
പക്ഷെ
പറഞ്ഞു വികാരം കേറിയപ്പോൾ
ലോകം ചെറുതാകുകയും
സ്വയം വിശ്വരൂപമാകുകയും ചെയ്തു..
അതുകൊണ്ടാണ്‌
വായനക്കാർ പുല്ലാണ്‌ എന്നും മറ്റുമുള്ള ജൽപനങ്ങൾ..
വായനക്കാരില്ലെങ്കിൽ
എഴുത്തുകാരൻ പൂജ്യം ആണ്‌..
താങ്കളുടെ
മിക്ക എഴുത്തുകളിലും
വികാരത്തിന്റെ വാണത്തിലേറി
വിവേകതലം വിട്ടുപോകുന്ന കാഴ്ചയാണ്‌ കാണുന്നത്‌..
പിന്നെ പറയുന്നത് പലതും പതിര്‌..
താങ്കൾക്ക്‌ വായനക്കാർ പുല്ല്‌;
വായനക്കാർ അകന്നാൽ താങ്കൾ പൂജ്യം..
ആർക്കാ ചേതം ?..
എഴുത്തുകാരനുതന്നെ..

താങ്കൾ പറയുന്നു,
"കവിത എന്നാല്‍
പദ്യമാണെന്ന് വിചാരിച്ചിരിക്കുന്ന
കുറേ വിഡ്ഢികള്‍ ഇക്കാലത്തുമുണ്ട്“..

ഉണ്ട്‌ ..
ഒരുപക്ഷെ താങ്കളുടെ സോഡാ ഗ്ലാസിൽ
പമ്പരവിഡ്ഡിയായി തെളിഞ്ഞേക്കാം:..
ശ്രി. ഒ.എൻ.വി കുറുപ്പ്‌. .
പലയിടത്തും അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുണ്ട്‌..

എത്ര അനായാസമാണ്‌
താങ്കൾ
മറ്റുള്ളവരെ വിഢ്ഢികൾ എന്നും
ഒരു ചുക്കും അറിയാത്തവരെന്നും
വിളിക്കുന്നത്‌!..
വികാരത്തെ പായിച്ച്‌
തന്റെ പൊള്ളയായ വളഞ്ഞ കുഴലിൽക്കൂടി
വന്യമായി കൊമ്പ്‌വിളിക്കുകയാണ്‌
താങ്കൾ..
വനരോദനം!!
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌---------------------------------------------------------

ഇരട്ടക്കുത്തുകൾ മര്യാദക്കെഴുതിയ ഗദ്യവരികൾ സൂചിപ്പിക്കുന്നു. നിസ്തുലനായ ഈ സമകാലനെ ലോകത്തിന് സമർപ്പിക്കുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ