2009, ഡിസംബർ 25, വെള്ളിയാഴ്‌ച

ചോദ്യച്ചിഹ്നം


      ചോദ്യച്ചിഹ്നം


       ഞാൻ വളരെ പഠിച്ചു
       പക്ഷെ ചോദിക്കാൻ പഠിച്ചില്ല
       പഠിച്ചതെല്ലാം ഉത്തരങ്ങളായിരുന്നു
       ആരോ ചോദിച്ച് ആരോ പറഞ്ഞ
       അനുസരണയുള്ള ഉത്തരങ്ങൾ

                വൈകിയണെങ്കിലും
                ചോദിക്കാൻ ഞാൻ പഠിക്കുകയാണ്
                ഉത്തരത്തിലുള്ളത് കളയാനും വയ്യ
                ചോദ്യത്തിലുള്ളത് കിട്ടുകയും വേണം


      പക്ഷെ ഉത്തരങ്ങളിൽനിന്നും കിട്ടുന്നത്
      നഖച്ചിഹ്നങ്ങൾ മാത്രം; ചോദ്യങ്ങൾ
      ഒരു തിരനോട്ടത്തിലെന്നപോലെ
      ചിത്രകമ്പളത്തിനുപിന്നിൽ മറഞ്ഞുനിൽക്കുന്നു


                എന്തുചെയ്യും? ഇത് ചോദ്യമോ, തോൽ‌വിയോ?
                അതോ മദ്ധ്യസ്ഥമായ ആശ്ചര്യമോ?
                ഉത്തരങ്ങളുടെ കരയിൽ അധികദൂരമെത്താത്ത
                പ്രശ്നവീചിയുടെ പ്രതിപ്രവാഹമോ!


       പ്രതിപ്രവാഹം! ഫലത്തിൽനിന്നും കർമ്മത്തിലേക്ക്
       ഇലയിൽനിന്നും മുന്നമായ മുകളത്തിലേക്ക്
       ബൃഹത്തിൽ നിന്നും ഉള്ളിലെ ബീജത്തിലേക്ക്
       കാര്യത്തിൽ‌നിന്നും ചിരിക്കുന്ന കാരണത്തിലേക്ക്


                             എങ്കിൽ,


                എന്റെ ഉത്തരങ്ങളെ ഞാൻ കുഴിച്ചിടട്ടെ
                ചോദ്യങ്ങളുടെ കിളിർപ്പുകൾ പൊടിക്കും
                അങ്കുരങ്ങളുടെ അങ്കുശാഗ്രങ്ങളിൽ പിന്നെ
                സമഗ്രതയുടെ പത്രങ്ങൾ വിരിയും


       വള്ളിവീശി വളർന്നാൽ ഞാൻ ജയിച്ചു
       പുഷ്പിച്ചുഫലിച്ചാൽ അവ എന്റേതു മാത്രം
       എന്റെ ഉദ്യാനം ഞാൻ നിർമ്മിക്കട്ടെ
       ആയിരം ചോദ്യങ്ങൾ പുഷ്പിക്കട്ടെ!!

6 അഭിപ്രായങ്ങൾ: