2010, മാർച്ച് 25, വ്യാഴാഴ്‌ച

കാണാപ്പുറങ്ങൾ

കാണാപ്പുറങ്ങൾ



     എന്തൊക്കയോ നേടിയെന്ന ചിന്താഭാണ്ഡം ഒന്നഴിച്ചുനോക്കിയപ്പോൾ:
         





പട്ടിൽപ്പൊതിഞ്ഞതി ഗൂഢമായ്‌ വെച്ചൊര-
ക്കെട്ടുകൾ പൊട്ടിച്ചഴിച്ചു നോക്കി


തിട്ടപ്പെടുത്തുവാൻ, വീതിക്കുവാൻ,ലാഭ,
നഷ്ടക്കണക്കു നിൻ പക്കലില്ല


പാറിക്കളിക്കാൻ  പറത്തിയ പട്ടമായ്‌
മാറിക്കഴിഞ്ഞു നിൻ ജന്മമെന്നേ


വെട്ടിപ്പിടിക്കാനൊരുമ്പെട്ട സാമ്രാജ്യ
മിഷ്ടപ്പെടാത്തൊരു നഷ്ടയോദ്ധാ


അർത്ഥവും കാമവും കെട്ടിപ്പടുത്തൊരു
വ്യ്‌ർത്ഥസാമ്രാജ്യം ഭരിക്കയോ നീ?


ലക്ഷ്യം സുനിശ്ചിതം,എത്തും, എന്നൊർത്തു നീ
ഇച്ഛിച്ചതില്ലേ,യീ യാത്ര നീളാൻ?


കാണാത്തലയ്ക്കൽ വെളിച്ചമുണ്ടെങ്കിലോ
വേണം സുദീർഘം തുരങ്കമല്ലോ!


കൽപിച്ചു, പാപങ്ങളിൽ നിന്നു മോചനം
പിൽപ്പാടു പോതുമെന്നോതിയില്ലേ?


ഉൾക്കടം ഹൃത്തിൻ വരൾച്ചയിൽ സൂക്ഷിച്ചു
ശുഷ്ക്കമായ്മാറ്റിയോരോർമ്മപ്പൂക്കൾ


ആത്മഗേഹത്തിന്നലങ്കാരമായിതോ
ആത്മനിന്ദാപരിഹാരമായോ?




ചെല്ലക്കിനാക്കളെ മേയുവാൻ വിട്ടിട്ടു
പുല്ലാങ്കുഴൾനാദമോർത്തുനിന്നു


കാലികൾ മുറ്റും തിരിച്ചണഞ്ഞിട്ടുമാ
ലോല വേണുസ്വനം കേട്ടതില്ല


ഓർത്തില്ല, നിന്നിലാ വൃന്ദാവനം വെറും
ചീർത്ത മുൾക്കാടായ്ക്കഴിഞ്ഞുവെന്നും


നിൻ മനം തീർക്കും മുരളിക മാത്രമേ
അമ്മണിക്കണ്ണനോ മീട്ടുകെന്നും


ആദ്യന്തമില്ലാത്ത പാതയിൽ സ്വച്ഛമീ-
ശാദ്വല പ്പാടത്തിലെത്തിനിൽക്കെ,


ഈണമായ്‌, രാഗമായാ വേണുനാദമീ-
ക്കാണാപ്പുറങ്ങളിൽ കേൾക്കുമെങ്കിൽ!


ചിത്രം : ക്രി. കോ .

3 അഭിപ്രായങ്ങൾ:

  1. "പട്ടിൽപ്പൊതിഞ്ഞതി ഗൂഢമായ്‌ വെച്ചൊര-
    ക്കെട്ടുകൾ പൊട്ടിച്ചഴിച്ചു നോക്കി"
    കണ്ടു. ഇഷ്ടപ്പെട്ടു.
    ദ്വിതീയക്ഷരപ്രാസം ഇഷ്ടപ്പെട്ടു.
    കവിതകൾ ഇങ്ങനെയാവണം.

    മറുപടിഇല്ലാതാക്കൂ
  2. സർവശ്രീ Sabu Jose, Kalavallabhan

    സന്ദർശനത്തീനും അഭിപ്രായം അറിയിച്ചതിനും സന്തോഷിയ്ക്കുന്നു.

    മറുപടിഇല്ലാതാക്കൂ

Powered By Blogger