2009, ഒക്‌ടോബർ 28, ബുധനാഴ്‌ച

പ്രയാണം


               
             പ്രയാണം





ചിരന്തനമായ ചാക്രികഭ്രമണത്തില്‍ 
എന്റെ ശുഷ്കമായ പരുത്തിക്കെട്ട്‌
ഒരു വെള്ളിരേഖപോലെ
നീളുകയാണ്, ഒരു പ്രയാണമായി.


കറുത്തിഴയുന്ന തണുപ്പുള്ള, നനഞ്ഞു
വിലപിക്കുന്ന ചതുപ്പുകളിലൂടെ,
നെല്‍‌പ്പാടങ്ങളുടെ ദീര്ഘമൌനത്തിലൂടെ,
ശിലാതലങ്ങളുടെ കാഠിന്യത്തിലൂടെ,


ഉരിച്ച്‌ വല്ക്കലമാക്കിയ പരപ്പുകളിലൂടെ,
നീരവം നിറഞ്ഞ മരുസ്ഥലികളിലൂടെ,
മണല്‍ത്തരികള്‍ മുട്ടിപ്പാടും രുദ്രഗാനം
സംക്രമിക്കുന്ന ചുഴലിയിലൂടെ.


നഭസ്ഥലങ്ങളെ കെട്ടിവരിയുന്ന
അനന്തനാഗം പൊഴിച്ചിട്ട,
ചര്‍മ്മപടലങ്ങളെ ചിതറിപ്പാറ്റി,
നിമിഷങ്ങളുടെ ചിറകടികള്‍ വീശി
കാലഗരുഡന്‍   വട്ടംചുറ്റുന്നു.


ഇഹപരങ്ങളെ ഉരുമ്മി,
ജന്മങ്ങള്‍ ഒഴുകുന്ന, പുഴയുടെ പാട്ട്
കളകളം പാടുകയും, കയങ്ങളില്‍
സ്തംഭിക്കുകയും ചെയ്യുന്നു.


വന്നുകൊണ്ടേയിരിക്കുന്ന
വിതതമായ കാണാപ്പുറങ്ങളില്‍

പ്രതിക്ഷകളുടെ മുടല്‍മഞ്ഞ്   
ദ്രഷ്ടിപാതത്തിലലിഞ്ഞിറ്റി-
വീണുധ്വനിക്കുന്നു,ഹ്രദയമിടിപ്പുകളായി.


ചിരന്തനമായ ചാക്രിക ഭ്രമണത്തില്‍ 
എന്റെ ശുഷ്കമായ പരുത്തിക്കെട്ട്‌
ഒരു വെള്ളിരേഖ പോലെ നീളുകയാണ്,
ചുവന്ന സന്ധ്യയുടെ ഇരുണ്ട ചുമലിലേക്ക്‌
ഒരു ദിര്‍ഘമൌനമായി മൂര്‍ച്ഛിക്കുവോളം!


അതിനുമുമ്പായി,


കാലത്തിലുറങ്ങുന്ന സരിഗമകളെ
എനിക്കു തൊട്ടുണർത്തണം
എന്റെ ശബ്ദവും മൌനവും മുഴങ്ങാന്‍ 
ആ സ്വരലയത്തില്‍  പുലരുവാന്‍ !




 

5 അഭിപ്രായങ്ങൾ:

  1. "കാലത്തിലുറങ്ങുന്ന സരിഗമകളെ
    എനിക്കു തൊട്ടുണർത്തണം"

    സഫലമാവട്ടെ!

    മറുപടിഇല്ലാതാക്കൂ
  2. ചുവന്ന സന്ധ്യയുടെ ഇരുണ്ട ചുമലിലേക്ക്‌
    ഒരു ദീർഘമൌനമായി മൂർച്ഛിക്കുവോളം!

    ഈ പ്രയോഗത്തിൽ ചെറിയൊരാപകതയില്ലെ? വെളുത്തപെണ്ണിന്റെ കറുത്തമുഖം എന്നു പറയുന്നതുപോലെ..
    പക്ഷെ കവിത ഉഷാറായിട്ടുണ്ട്..

    മറുപടിഇല്ലാതാക്കൂ
  3. സന്ധ്യയുടെ മുഖം മാത്രമല്ലെ ചുവന്നത്‌? ഉടൽ അന്ധകാരാവ്രതമാണ്...
    നന്ദി, താരകൻ!

    മറുപടിഇല്ലാതാക്കൂ
  4. പാദക്ഷാളനം
    വായിച്ചപ്പോള്‍ ഈണത്തില്‍ കവിത ചൊല്ലി മലയാളം ക്ലാസ്സ്‌
    ധന്യമാക്കിയിരുന്ന രാജന്‍ മാഷിനെ ഓര്‍മിച്ചു
    അത്ര മനോഹരം
    നിലസദ്യയും നന്നായി
    ഈ കവിത

    ചുവന്ന സന്ധ്യയുടെ ഇരുണ്ട ചുമലിലേക്ക്‌
    ഒരു ദീർഘമൌനമായി മൂർച്ഛിക്കുവോളം!

    നിലനില്‍ക്കും മനസ്സില്‍

    മറുപടിഇല്ലാതാക്കൂ
  5. ഷൈജുവിന്റെ നല്ല വാക്കുകൾക്കു നന്ദി!

    മറുപടിഇല്ലാതാക്കൂ

Powered By Blogger