2009, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

നിലാസദ്യ



നിലാസദ്യ




നിലാവിന്റെ നറൂമധു
നിഴലിന്റെ ഇലക്കീറിൽ
രാവിന്റെ ഊണ്മേശമേൽ
വിളമ്പുന്ന നിലാസദ്യ
വീക്ഷിച്ചിരിക്കയാണ്‌ ഞാൻ


നിലത്തു ചിതറിക്കിടക്കുന്ന
കരിയിലകളിൽ സ്വേദകണങ്ങൾ,


അവയിൽ ആയിരം നക്ഷത്രങ്ങൾ!
പെയ്തൊഴിഞ്ഞ മേഘജലത്തിൽ നിന്ന്‌
പൊടിച്ചതാകാം, അല്ലെങ്കിൽ,
വിങ്ങിനിൽക്കുന്ന നീരാവി പിഴിഞ്ഞതാകാം.


നിലാസദ്യ നീളുന്നു, തെളിയുന്നു,
നീരവത്തിൽനിന്നും വീശുന്ന കാറ്റിൽ
മാറ്റൊലിക്കുന്ന വിരാൾവീണ!
അതിന്റെ തന്ത്രികളെമീട്ടുന്നതാരോ,
മെല്ലെച്ചലിക്കുന്ന മേഘാംഗുലികളൊ!


അതിന്റെ ചുഴലിക്കാറ്റ്‌ എങ്ങിനെ
എന്റെ കോപ്പയിൽ കോളിളക്കുന്നു!
ആയിരം ഞെട്ടുകളിൽ തളിരിടുന്ന
പൂവള്ളിയായി ചുറ്റിപ്പിണയുന്നു!


പൊടുന്നനെ നീട്ടപ്പെട്ട പാനീയത്തിന്റെ
മണം ഞാനറിയുന്നു, ഗുണമറിയുന്നു,
ലേശം ലവണം കലർന്ന്‌,ചുരമാന്തുന്ന
രോഷാകുലമായ ചുകപ്പിൽ!


തുള്ളികൾ കണ്ണുകളിൽക്കൂടി
മോചിക്കപ്പെടുന്നു, വീണയുടെ തന്ത്രികൾ
വെറുങ്ങലിച്ചു, കറുത്ത മഞ്ഞിൽ,
മാറ്റൊലി കുറഞ്ഞ്‌, സംഗീതം മരിച്ചു.




രസം ചവർപ്പാകുന്നു, ലവണം പരലുകളാകുന്നു
സൂചിമുനകളുടെ പരലുകൾ നിറഞ്ഞ,
സ്പർശനമറിയാത്ത പെരുപ്പ്‌


കൂനിക്കൂടി ഞാനിരിക്കുന്നു,
പുലരിയുടെ പുതപ്പിനു വേണ്ടി
നീളുന്ന രാവിന്റെ നിലാസദ്യ
രുചിക്കാതെ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Powered By Blogger