2009 ഒക്‌ടോബർ 31, ശനിയാഴ്‌ച

ചൂഡാമലര്‍




 വളരെ നാൾ മുമ്പ് , വിടര്‍ന്നുവരുന്ന ഒരു വിഭാതവേളയില്‍  രചിച്ച ഗീതം.:




      


           ചൂഡാമലര്‍



സർഗ്ഗമനോരഥനാഥനിരിക്കും
സ്വർഗ്ഗ കവാടം പാടെ തുറക്കൂ
മൽപ്രിയ ദേവാ നിന്നുടെ മുരളീ
കൽപിതരാഗമൊരൽപം  മീട്ടൂ
പുഷ്പപരാഗസുരാഗമയൻ  തൻ
കൽപകവാടിയിലണയുമ്പോൾ
ശാരദ പുലരിപ്പൂവനിതന്നിൽ,
 ചാരുതയേകും ശലഭങ്ങൾ
നൃത്തമനോഹരഹർഷമുണർത്തും
ചിത്തമയൂരം പീലി വിടർത്തും
ഹൃദ്യസമീരണസൗരഭമേകും
വിദ്യുൽ ലഹരിയിലമരും ഞാൻ
ചാരുസുമാവൃതപാണികൾ വീശി
താരണിലതികകളാടുമ്പോൾ,
വാടാമലരണി മകുടത്തിന്മേൽ
ചൂടാനൊരു നവ മലരാകും.

2009 ഒക്‌ടോബർ 28, ബുധനാഴ്‌ച

പ്രയാണം


               
             പ്രയാണം





ചിരന്തനമായ ചാക്രികഭ്രമണത്തില്‍ 
എന്റെ ശുഷ്കമായ പരുത്തിക്കെട്ട്‌
ഒരു വെള്ളിരേഖപോലെ
നീളുകയാണ്, ഒരു പ്രയാണമായി.


കറുത്തിഴയുന്ന തണുപ്പുള്ള, നനഞ്ഞു
വിലപിക്കുന്ന ചതുപ്പുകളിലൂടെ,
നെല്‍‌പ്പാടങ്ങളുടെ ദീര്ഘമൌനത്തിലൂടെ,
ശിലാതലങ്ങളുടെ കാഠിന്യത്തിലൂടെ,


ഉരിച്ച്‌ വല്ക്കലമാക്കിയ പരപ്പുകളിലൂടെ,
നീരവം നിറഞ്ഞ മരുസ്ഥലികളിലൂടെ,
മണല്‍ത്തരികള്‍ മുട്ടിപ്പാടും രുദ്രഗാനം
സംക്രമിക്കുന്ന ചുഴലിയിലൂടെ.


നഭസ്ഥലങ്ങളെ കെട്ടിവരിയുന്ന
അനന്തനാഗം പൊഴിച്ചിട്ട,
ചര്‍മ്മപടലങ്ങളെ ചിതറിപ്പാറ്റി,
നിമിഷങ്ങളുടെ ചിറകടികള്‍ വീശി
കാലഗരുഡന്‍   വട്ടംചുറ്റുന്നു.


ഇഹപരങ്ങളെ ഉരുമ്മി,
ജന്മങ്ങള്‍ ഒഴുകുന്ന, പുഴയുടെ പാട്ട്
കളകളം പാടുകയും, കയങ്ങളില്‍
സ്തംഭിക്കുകയും ചെയ്യുന്നു.


വന്നുകൊണ്ടേയിരിക്കുന്ന
വിതതമായ കാണാപ്പുറങ്ങളില്‍

പ്രതിക്ഷകളുടെ മുടല്‍മഞ്ഞ്   
ദ്രഷ്ടിപാതത്തിലലിഞ്ഞിറ്റി-
വീണുധ്വനിക്കുന്നു,ഹ്രദയമിടിപ്പുകളായി.


ചിരന്തനമായ ചാക്രിക ഭ്രമണത്തില്‍ 
എന്റെ ശുഷ്കമായ പരുത്തിക്കെട്ട്‌
ഒരു വെള്ളിരേഖ പോലെ നീളുകയാണ്,
ചുവന്ന സന്ധ്യയുടെ ഇരുണ്ട ചുമലിലേക്ക്‌
ഒരു ദിര്‍ഘമൌനമായി മൂര്‍ച്ഛിക്കുവോളം!


അതിനുമുമ്പായി,


കാലത്തിലുറങ്ങുന്ന സരിഗമകളെ
എനിക്കു തൊട്ടുണർത്തണം
എന്റെ ശബ്ദവും മൌനവും മുഴങ്ങാന്‍ 
ആ സ്വരലയത്തില്‍  പുലരുവാന്‍ !




 

2009 ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

നിലാസദ്യ



നിലാസദ്യ




നിലാവിന്റെ നറൂമധു
നിഴലിന്റെ ഇലക്കീറിൽ
രാവിന്റെ ഊണ്മേശമേൽ
വിളമ്പുന്ന നിലാസദ്യ
വീക്ഷിച്ചിരിക്കയാണ്‌ ഞാൻ


നിലത്തു ചിതറിക്കിടക്കുന്ന
കരിയിലകളിൽ സ്വേദകണങ്ങൾ,


അവയിൽ ആയിരം നക്ഷത്രങ്ങൾ!
പെയ്തൊഴിഞ്ഞ മേഘജലത്തിൽ നിന്ന്‌
പൊടിച്ചതാകാം, അല്ലെങ്കിൽ,
വിങ്ങിനിൽക്കുന്ന നീരാവി പിഴിഞ്ഞതാകാം.


നിലാസദ്യ നീളുന്നു, തെളിയുന്നു,
നീരവത്തിൽനിന്നും വീശുന്ന കാറ്റിൽ
മാറ്റൊലിക്കുന്ന വിരാൾവീണ!
അതിന്റെ തന്ത്രികളെമീട്ടുന്നതാരോ,
മെല്ലെച്ചലിക്കുന്ന മേഘാംഗുലികളൊ!


അതിന്റെ ചുഴലിക്കാറ്റ്‌ എങ്ങിനെ
എന്റെ കോപ്പയിൽ കോളിളക്കുന്നു!
ആയിരം ഞെട്ടുകളിൽ തളിരിടുന്ന
പൂവള്ളിയായി ചുറ്റിപ്പിണയുന്നു!


പൊടുന്നനെ നീട്ടപ്പെട്ട പാനീയത്തിന്റെ
മണം ഞാനറിയുന്നു, ഗുണമറിയുന്നു,
ലേശം ലവണം കലർന്ന്‌,ചുരമാന്തുന്ന
രോഷാകുലമായ ചുകപ്പിൽ!


തുള്ളികൾ കണ്ണുകളിൽക്കൂടി
മോചിക്കപ്പെടുന്നു, വീണയുടെ തന്ത്രികൾ
വെറുങ്ങലിച്ചു, കറുത്ത മഞ്ഞിൽ,
മാറ്റൊലി കുറഞ്ഞ്‌, സംഗീതം മരിച്ചു.




രസം ചവർപ്പാകുന്നു, ലവണം പരലുകളാകുന്നു
സൂചിമുനകളുടെ പരലുകൾ നിറഞ്ഞ,
സ്പർശനമറിയാത്ത പെരുപ്പ്‌


കൂനിക്കൂടി ഞാനിരിക്കുന്നു,
പുലരിയുടെ പുതപ്പിനു വേണ്ടി
നീളുന്ന രാവിന്റെ നിലാസദ്യ
രുചിക്കാതെ!

2009 ഒക്‌ടോബർ 22, വ്യാഴാഴ്‌ച

പാദക്ഷാളനം


                                                      പാദക്ഷാളനം

സന്ധ്യാരാഗ സുശോഭന രംഗം
ബിംബിത സാഗര ദീപ്ത ഹൃദന്തം
ഇരുളും ഭൂവിന്‍ മ്ലാനം വദനം
തരളം താമസി ഭീതി ഗ്രസിതം


തഴുകാന്‍ നീളും തിരയൊന്നതിലായ്‌
മുഴുകാന്‍ കാലിണ മാത്രം കാട്ടി
കൈകളിലുതിരും പൂഴി ചൊരിഞ്ഞീ
വൈകിയ നേരമിരിപ്പൂ തീരെ
പാദക്ഷാളന പുളകക്കുളിരിൽ
മേദുരമാനസമുണരാനായി,
സിരകളിലോളമിളക്കിപ്പായും
തിരകളൊരായിരമുണരാനായി
നുര ചിതറുമ്പോള്‍ ഉൾമാനത്തിൽ
സുരുചിര മേഘധനുസ്സിന്നായി.


മാനവിതാനം മുട്ടൂം മാമല
മൌനത്താപസി  ശ്രംഗമുരപ്പൂ:


"സംഗമധാരാപുളിനതലങൾ
അങ്കുര  ഹരിതം,രമ്യം,രുചിരം.
വ്യോമവിതാനം പുഷ്പിതവല്ലി
ഗ്ഗേഹസമാനം,ശാന്തം,ഭവ്യം
വെള്ളിവിഹംഗമജാലം മനസ്സി
ന്നുള്ളിലൊതുങിയു‍ൂങും മുമ്പേ 
കൈകളുതിർക്കും പൂഴി കുടഞ്ഞീ 
വൈകിയ വേളയിലുണരൂ, ഉയരൂ
തഴുകാനായി വരും തിരയൊന്നിൽ
മുഴുകാൻ കാലിണ നീട്ടിച്ചെല്ലൂ"

2009 ഒക്‌ടോബർ 17, ശനിയാഴ്‌ച

മലയാള സാംസ്കാരികം




മാനവമൗലിക ചേതന ധാർമ്മികത തന്നെ. ബഹ്യ പ്രേരണകളാണ്‌ ഈ നൈസർഗ്ഗീയതയിൽനിന്നുമുള്ള വ്യതിചലനങൾക്കു കാരണം.ധാർമ്മികത പുനർഗ്രഹിക്കാനും ആഘോ ഷിക്കാനുമുള്ള ഏല്ലാ അവസരങളും ഉൽസവങളായിത്തീരുന്നു. അധർമ്മത്തിനുമേൽ ധർമ്മം വെന്നിക്കൊടി ഉയര്‍ത്തി , ദീപങൾ ജ്വലിപ്പിച്ച് ഇതാ ദീപാവലി വീണ്ടും.


"മലയാള സാംസ്കാരികം" എന്ന ചെ‍ൂദീപം ഇവിടെ  കൊളുത്തുകയാണ്‌. സുസ്വാഗതത്തോടൊപ്പം,ആഗതമായ ഈ സുദിനവും തുടർവർഷവും ആഹ്ലാദകരമാകാൻ നേരുന്നു.



Powered By Blogger