2010, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

യാമിനി




               യാമിനി                    



                       ഗോപാൽ ഉണ്ണികൃഷ്ണ






ചന്ദ്രികച്ചാർത്തിന്റെ
പട്ടുപാവാടയും,
ഇന്ദ്രനീലാംബരം
കൊണ്ട്‌ മേലാടയും,

മന്ദ സമീരനാൽ
സൗരഭം വീശിയും,
മന്ദ്രം മനോഹരം
ഈ മുഗ്ധയാമിനി!

താരണിമാലയും,
തങ്കപ്പതക്കമായ്‌
രാകേന്ദുവും, നീ
സർവ്വാംഗഭൂഷിത!

നീരദ നീലനി-
ചോളമണിഞ്ഞതാം
വാരിദമാകെയൊ-
ഴിഞ്ഞതാം വാനവും!!

നിർവ്വചനാതീത‌-
മായോരു നാകീയ
നിർവൃതിയാണു നിൻ
മാറിലമരുക.


വെള്ളിപ്പറവകൾ
കൂട്ടമായ്‌ നീങ്ങും
വിണ്ണിൻ വിതാനം
വിമൂകമാണെങ്കിലും

തള്ളിത്തിരക്കി-
ച്ചിറകിട്ടടിക്കുന്നി-
തുള്ളിന്റെയുള്ളിലായ്‌
മോഹപ്പിറാവുകൾ

കാറ്റിൽ വിറയ്ക്കും
നിഴലുകൾക്കൊപ്പമായ്‌
ഏറ്റം ത്രസിക്കുന്നി-
താകുലം ചിന്തകൾ

നീലക്കയത്തിലാ
വെള്ളിമീൻ വെട്ടുന്ന
ചേലിൽ ജ്വലിക്കുന്നൊ-
രൊറ്റനക്ഷത്രവും

തൂകും നിലാവിൻ
മഴയിൽ കുഴഞ്ഞാകെ
മൂക വൈവശ്യം
പുണർന്നോരു ഭൂമിയും

എല്ലാം കലർന്നൊരീ
മായികരാവിന്ന്
വല്ലാതുണർത്തുന്ന
വശ്യാനുഭൂതിയിൽ

നിർവ്വചനാതീത-
മായോരു നാകീയ
നിർവൃതിയായി ഞാനി-
ല്ലാതെ മാഞ്ഞുപോയ്‌.

-----------------
image: c.comm.

6 അഭിപ്രായങ്ങൾ:

  1. കാറ്റിൽ വിറയ്ക്കും
    നിഴലുകൾക്കൊപ്പമായ്‌
    ഏറ്റം ത്രസിക്കുന്നി-
    താകുലം ചിന്തകൾ

    etra sari..

    മറുപടിഇല്ലാതാക്കൂ
  2. ഗദ്യ കവിതകളെക്കാൾ ഇത്തരം കവിതകൾ ഇഷ്ടപ്പെടുന്നു

    മറുപടിഇല്ലാതാക്കൂ
  3. ഗദ്യകവിതകള്‍ (കവിതാണോന്നറിയില്ല) എഴുതുന്ന എനിക്ക് താങ്കളോട് അസൂയ തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  4. യാമിനീ...നീയെത്ര മനോഹരി...!
    കവിത ഒരുപാടിഷ്ടമായി....!

    മറുപടിഇല്ലാതാക്കൂ
  5. Deepa Bijo Alexander
    റ്റോംസ് കോനുമഠം
    Kalavallabhan
    Manoraj

    സദയം അഭിപ്രായം എഴുതിയ പ്രിയ സുഹൃത്തുക്കൾക്കു നന്ദി

    മറുപടിഇല്ലാതാക്കൂ

Powered By Blogger