2009, നവംബർ 15, ഞായറാഴ്‌ച

എന്തിനെക്കുറിച്ചാവാം!

   
   എന്തിനെക്കുറിച്ചാവാം! 



      


       അലസം പ്രവാഹമായ്‌
       പ്പോകുമിപ്പുഴയെന്നും
       പുലമ്പും കഥയെല്ലാ-
       മെന്തിനെക്കുറിച്ചാവാം!

                           തടയാനൊരുമ്പെട്ട
                           കർക്കശം ശിലകളെ-
                           ക്കടന്നങ്ങൊഴുകിയ

                           സാഹസകഥയാണോ!

       കമ്രതാലങ്ങൾ ചുണ്ട-
       നക്കിക്കഥിക്കും തരു
       മർമ്മരം പൊഴിക്കുന്ന-
       തെന്തിനെക്കുറിച്ചാവാം! 




                            മണ്ണുമീവിണ്ണും കനി-
                            ഞ്ഞുൾക്കാമ്പിലുയർത്തുന്ന
                            വർണ്ണങ്ങൾ ചൂടും വരും
                            പൂക്കാലമോർത്തിട്ടാണോ!

       കഥകേട്ടാഹ്ലാദിച്ചു
       കൂജനം ചെയ്യും കിളി
       കഥനം ശൃവിച്ചതി-
       ന്നെന്തിനെക്കുറിച്ചാവം!





                           തായയാം കാകസ്ത്രീയെ
                           തൻ പോതങ്ങളെ പ്പോറ്റും
                           ആയയായ്‌ മാറ്റും കുയിൽ-
                           പ്പേട തൻ കൗശല്യമോ!

       ആടിയും പുണർന്നുംകൊ-
       ണ്ടുന്മത്തമാകും മുള-
       ങ്കാടുകൾ വിതുമ്പുന്ന-
       തെന്തിനെക്കുറിച്ചാവാം! 


 

                          തങ്ങൾ തൻ പ്രണയത്തിൻ
                          പൂവിരിഞ്ഞുയരുവാൻ
                          എങ്ങിനെയതിദീർഘം
                          കാത്തിരിക്കുകയെന്നോ!*

                              
*            *            *

                      
          യുക്തമായിരിക്കാമീ
          ഉക്തികൾ, അവ പക്ഷെ
          ശക്തമല്ലല്ലോ വിശ്വ-
          സത്യത്തിൻ പൊരുളാകാൻ,

          ഗൂഢമായ്‌ വിവക്ഷിച്ചു
          പാടുവതെല്ലാ മെന്റെ
          ഗാഢമാം മനസ്സിന്റെ
          ഭാവരൂപത്തെത്താനോ! 



________________________________________


* മുള പത്തുവർഷത്തിലൊരിക്കൽ മാത്രം പൂക്കുന്നു.









12 അഭിപ്രായങ്ങൾ:

  1. ഗൂഢമായ്‌ വിവക്ഷിച്ചു
    പാടുവതെല്ലാ മെന്റെ
    ഗാഢമാം മനസ്സിന്റെ
    ഭാവരൂപത്തെത്താനോ!

    അവസാന വരികള്‍ മൊത്തം കവിതയെ സുന്ദരമാക്കി

    മറുപടിഇല്ലാതാക്കൂ
  2. വല്യമ്മായി, ഹാരിസ്‌, വളരെ നന്ദി!

    മറുപടിഇല്ലാതാക്കൂ
  3. ഈണത്തില്‍ ചൊല്ലാന്‍ വേണ്ടി ഒത്തുതീര്‍പ്പുകള്‍ നടത്താതെ തന്നെ നല്ല് കവിത എഴുതി. അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  4. നല്ല കവിതയും,അതിനുതകുന്ന ചിത്രങ്ങളും

    മറുപടിഇല്ലാതാക്കൂ
  5. തലശ്ശേരിയുടെ നിരീക്ഷണത്തിനും അഭിനന്ദനങ്ങൾക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ
  6. ലളിതം..താള നിബദ്ധം..സുന്ദരം.....!

    മറുപടിഇല്ലാതാക്കൂ

Powered By Blogger