2011, ജൂലൈ 31, ഞായറാഴ്‌ച

മുത്തി (ഗ്രാമ്യകവിത)




നാലുംകൂട്ടി മുറുക്കീ മുത്തി
കാലുംനീട്ടിയിരിക്കെച്ചൊല്ലീ:

"നാണം കെട്ടൊരു പോക്കാണിന്നി
ക്കാണാൻ ബാക്കിയിരിപ്പോ വല്ലോം
ചോറ്റാനിക്കര പോകാമെന്നാ-
യേറ്റവനല്ലേ കോവാലൻ
പോണെന്നോർത്തിക്കാരിയം ഞാനാ
നാണിപ്പെണ്ണിനൊടോതിപ്പോയി
കേട്ടൊരുപാടെ നാണിപ്പെണ്ണോ
നാട്ടിലതൊക്കെപ്പാട്ടാക്കി
കൂടെപ്പോരാൻ മാലേം കെട്ടി
കൂടിയതല്ലേ പാറുക്കുട്ടി
പത്താംക്ലാസിൽ തോറ്റിട്ടവളൊരു
പത്തായം പോലല്ലേ പുരയിൽ
കൊള്ളാവുന്നൊരു ചെക്കനെയെങ്ങാ-
നുള്ളൊരുകാലത്തൊപ്പിക്കെണ്ടേ!

പാക്കുകൊടുക്കാൻ കൊച്ചീപ്പോയാ
ചാക്കോ വന്നുപറഞ്ഞപ്പോഴാ...
കെട്ടിയ പെണ്ണേം കൂട്ടിപ്പോയീ
കെട്ടിയെടുത്തവൻ ചോറ്റാനിക്കര,
ഉച്ചയ്ക്കെത്താമെന്നു പറഞ്ഞി-
ട്ടച്ചിക്കോന്തൻ പണി പറ്റിച്ചു.!"

കാളൂം രോഷമൊ,ടൊക്കെ കേൾക്കും
കോളാമ്പിയിലേക്കൂക്കൊടെ തുപ്പി,
കാലു മടക്കിച്ചൊല്ലീ മുത്തി:
"കാലം പോയൊരു പോക്കെന്റെമ്മോ!
നാണം കെട്ടൊരു പോക്കാണിന്നി
ക്കാണാൻ ബാക്കിയിരിപ്പോ വല്ലോം"


                                                        

4 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2011, ജൂലൈ 31 3:58 PM

    മുത്തിയെ എനിക്ക് ഇഷ്ടപ്പെട്ടു. പലക്കാടുകാരനായ ഞാന്‍ മറ്റുസ്ഥലത്തുള്ളവര്‍ മുത്തശ്ശിയെ മുത്തി എന്ന് വിളിച്ചു കേട്ടിട്ടില്ല. ഒരു ഒട്ടന്തുള്ളലിന്റെ രീതി. അതാണോ ഉദ്ദേശിച്ചത്? ഭാവുകങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  2. മുത്തശ്ശിക്ക് തമിഴിലെ പാട്ടിയെപ്പോലെ ഒരു ചുരുക്കപ്പേരിട്ടുവെന്നു.മാത്രം
    ഗ്രാമ്യകവിതയ്ക്കു ആ വൃത്തം ചേരുമെന്നു തോന്നി.ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം ഉണ്ട്.

    മറുപടിഇല്ലാതാക്കൂ
  3. “പത്താംക്ലാസിൽ തോറ്റിട്ടവളൊരു
    പത്തായം പോലല്ലേ പുരയിൽ“
    "കാലം പോയൊരു പോക്കെന്റെമ്മോ!“
    ഹായ്, കൊള്ളാം.

    മറുപടിഇല്ലാതാക്കൂ

Powered By Blogger