2010, ജൂൺ 24, വ്യാഴാഴ്‌ച

ഓണത്തുമ്പി

ഓണത്തുമ്പി


കതിർ വീണു തിങ്ങിക്കിടക്കുന്ന പാടത്തി
ന്നതിരായിപ്പോകുന്നു മുള്ളുവേലി,
അരികിലായൊഴുകുന്നു കൈത്തോട്‌; വേണെങ്കിൽ
ഒരു കുതിപ്പാലതിൻ മറികടക്കാം

( ചെറുതോട്ടിൽനിന്നുടൻ ചാടുമത്തവളയേ
വെറുതേ വിരട്ടാൻ മെനക്കെടാതെ,
കാണുന്ന കാണുന്ന പൂക്കളിൻ കാതിലായോ-
ണക്കുശലങ്ങളോതുന്ന തുമ്പിയെ
ഓടിച്ചുചാടിപ്പിടിക്കുവാനൊട്ടൊന്നു
പാടുപെട്ടെന്നാൽ പിടിച്ചെടുക്കാം)

കുറുകുത്തിമുല്ലതൻ നറുമണം വായുവിൽ
നിറയുന്ന നീളൻ വരമ്പിലൂടെ
വേലിപ്പരത്തിയും മുല്ലയും പൂവിട്ടൊ-
രോലപ്പുരയ്ക്കൂള്ള "ഗേറ്റി"ലെത്തീ
ഇരുമുളക്കമ്പിൻ കടമ്പ കാണുന്നതിൽ
ഒരു കമ്പു മാറ്റിക്കടന്നുകൂടാം.

"ഹാ"യെന്നു വിസ്മയം കൂടുന്ന കണ്ണുകൾ
വായിക്കുമീയെൻ മുഖം ചുളിച്ച്‌
ഒരു കണ്ണിറുക്കി ഞാൻ കേൾക്കുന്നു: കോർക്കുമീ-
യരിമുല്ലമാലയിന്നാർക്കു വേണ്ടി?
വിവരമായറിയില്ലയൊന്നുമേയെങ്കിലും
കവിളുകൾ കുങ്കുമം പൂശി നിൽക്കും.
ഒരു പൊട്ടുചൂടുവാൻ പോരുന്ന കുങ്കുമം
അരുമയാം കവിളിൽനിന്നൂർന്നെടുക്കാം!

കുറുമുടിച്ചുരുളുകൾ മൃദുതളിർപാണിയാൽ
നറുനെറ്റിമേലേ വകഞ്ഞുമാറ്റി,
മലർമാല മാറിലായ്‌ തൊട്ടൊരു പുഞ്ചിരി
കലരുന്ന കുസൃതിച്ചുണ്ടുകോട്ടി,
തനതായ വേണിയിൽ കോർക്കുവാൻ ഭാവിച്ചി-
ട്ടനവദ്യമായെൻ ഗളത്തിൽ വയ്ക്കെ,
വരമഞ്ഞൾ വർണ്ണത്തിലായിരം തുമ്പികൾ
കരളിൽ വന്നെന്നും പറഞ്ഞുവെയ്ക്കാം



ചിത്രം: ഗൂഗിൾ വഴി

3 അഭിപ്രായങ്ങൾ:

  1. തുമ്പിയും കളികൂട്ടുകാരിയും ...ഇഷ്ടായി

    മറുപടിഇല്ലാതാക്കൂ
  2. കതിർ വീണു തിങ്ങിക്കിടക്കുന്ന പാടത്തി
    ന്നതിരായിപ്പോകുന്നു മുള്ളുവേലി,
    അരികിലായൊഴുകുന്നു കൈത്തോട്‌; വേണെങ്കിൽ
    ഒരു കുതിപ്പാലതിൻ മറികടക്കാം

    മറുപടിഇല്ലാതാക്കൂ

Powered By Blogger