2012, ഫെബ്രുവരി 19, ഞായറാഴ്‌ച

ഇടശ്ശേരിയുടെ ക്രൂരതാരാധന

ഇടശ്ശേരിയുടെ ക്രൂരതാരാധന
 
മലയാളകവിതയിൽ, സാഹിത്യത്തിൽതന്നെയും, മറ്റെവിടെയും  കാണാത്ത ഒരു തരം സവിശേഷതയായി ക്രൂരതയുടെ അപദാനം, ആരാധന, ഇവ ഇടശ്ശേരിയുടെ കവിതകളിൽ കാണാനാകും. ആദ്യവായനയിൽ അനുവാചകനെ നടുക്കുന്ന ഈ കാവ്യപ്രസ്താവങ്ങൾക്ക് കവിയുടെ വിശദീകരണ,ന്യായ, ശ്രമങ്ങളോ എങ്ങുമില്ലതാനും.

"ക്രൂരതേ നീതാനത്രെ ശ്വാശ്വത സത്യം ! നിന്റെ
നേരെ ഞാൻ കൃതജ്ഞതാപൂർവ്വകമെറിയട്ടേ
"ഹേ,ദയാമയൻ, എന്ന സംബുദ്ധി, ഇതെന്നെന്നും
സ്വീകരിച്ചാവൂ പൂജാപുഷ്പമായ് നിൻ പാദങ്ങൾ"  (പൂജാപുഷ്പം)

" വിജയിക്ക മേൽക്കുമേൽ ക്രൗര്യമേ സംസ്കാര
വിഭവത്തിലെന്നുടെ പൈതൃകം നീ"   (മുള്ളൻചീര).

മറ്റൊരിടത്ത്,ഭാഗികമാണെങ്കിൽകൂടി:

"'ഹാ രക്ഷയ്ക്കാത്മകർമ്മം ശരണ, മിതരമി,-
ല്ലില്ല മാപ്പെ'ന്നഗീരിൻ
ക്രൂരത്വത്താലുയർത്തപ്പെടുക ഹൃദയമേ,
പിന്നെയും പിന്നെയും നീ."  (മാപ്പില്ല)

ഇടശ്ശേരിയുടെ ഈ പ്രസ്താവങ്ങളെ ജനിപ്പിച്ചത് ഏതുതരം ചേതോവികാരമാണ്? "സുഖിതമാകട്ടെയിപ്പാരൊക്കെ യെന്നത്ര
സുലഭമായ് പാടി പഠിച്ച കണ്ഠം" തന്നെ എങ്ങനെ ക്രൂരതയെ പാടിപുകഴ്ത്തുന്നു? ഈ ദർശനത്തെക്കുറിച്ച് കവി സിശ്ശബ്ദനാകയാൽ കവിയുടെ സാംസ്കാരികവും വ്യക്തിപരവും സാമൂഹ്യപരിസ്ഥിതിപരവുമായ പലമാനങ്ങളെയും അപഗ്രഥിച്ചു ഈ ദർശനസ്രോതസ്സ് നാം സ്വയം കണ്ടെത്തേണ്ടതുണ്ട്.

നമ്മുടെ ആധുനിക കവിവരേണ്യരിൽ മലയാളത്തനിമയിൽനിന്ന് ബോധപൂർവ്വം ഊർജ്ജംകൊണ്ട് കാവ്യസൃഷ്ടി നടത്തിയവരായ പീ. കുഞ്ഞിരാമൻ നായർ, വൈലോപ്പിള്ളി, ഇവരുടെ സൃഷ്ടികളിൽനിന്ന് അല്പം വിഭിന്നമായി കാർഷികസംസ്കാരത്തിൽ നിന്നുള്ള തേജോമയമായ പ്രതിഫലനങ്ങളാണ് ഇടശ്ശേരിക്കവിതകൾ. പ്രഥമ കൃഷീവലസംസ്കാരമായിരുന്ന ആര്യഗോത്രവർഗ്ഗസംസ്കൃതിയിൽനിന്നും ഉറവയെടുത്ത് മഹാപ്രവാഹമായി പലകൈവഴികളായി പരിണമിച്ച് ഭാരതദേശം പരക്കെ ഇന്നും  പ്രവഹിക്കുന്നതിന്റെ ഒരു കൈവഴിയാണ് കേരളകാർഷിക സംസ്കാരവും. കൃഷികർമ്മത്തെ അനുഗ്രഹിച്ചും പലപ്പൊഴും നിഗ്രഹിച്ചും വർത്തിച്ചിരുന്ന ദുർജ്ഞേയങ്ങളായിരുന്ന പ്രകൃതിശക്തികളെ ആര്യകൃഷീവലൻ ദൈവതങ്ങളാക്കി. ഈ ദൈവതങ്ങളെക്കുറിച്ചുള്ള വിസ്മയം ജ്ഞാനദർശനങ്ങൾക്കും, ഭീതി ആരാധനയ്ക്കും വഴിതെളിച്ചു. ക്രമേണ, ജ്ഞാനദർശനങ്ങൾ അസാധാരണരിലും, ഭീതികലർന്ന ആരാധന സർവ്വസാധാരണവുമായിത്തീർന്നു. ഈ ഭയാരാധനാബോധം ഭീതിയുടെ സ്വഭാവമായ വിപുലീകരണ-പർവ്വതീകരണ, വിചിത്രവൽക്കരണ സമ്പ്രദായങ്ങളിലൂടെ ആവിഷ്കാരം കണ്ടെത്തുന്നതാണ്,  പ്രാചീന ദേവതാമൂർത്തികളും തെയ്യങ്ങളും അവയെ പ്രീതിപ്പെടുത്താനുള്ള ആചാരാനുഷ്ടാനങ്ങളും. സമസൃഷ്ടികളെപ്പോലെതന്നെ, പ്രകൃതിയിലും സമസൃഷ്ടികളോടും മല്ലിട്ടു ജീവിച്ചിരുന്ന അവനു കൃഷികർമ്മത്തിനു പ്രകൃതിയെത്തന്നെ പ്രതിരോധിക്കണമെന്നും വന്നു. അതിനുള്ള നൈപുണ്യമാകട്ടെ മുകുള ദശയിൽ. . അവന്റെ പ്രയത്നങ്ങളിൽ ഉന്മൂലനാശം വിതയ്ക്കുന്ന  പ്രകൃതിയുടെ ഹിംത്സാത്മക താണ്ഡവങ്ങൾ.  ചുറ്റും, കൊന്നും തിന്നും മാത്രംകഴിയുന്ന ക്രൂരമായ കാട്ടുനീതി. പ്രകൃത്യാനുഭവം പ്രഥമമായും പ്രകടമായും ക്രുരമായിരുന്നു. ക്രൂരതമാത്രമാണു സത്യമെന്ന് അനുഭവങ്ങൾ അവനെ പഠിപ്പിച്ചു. അതിനെ അവൻ അടിസ്ഥാനപരമായും പ്രകൃതിസത്യമായി പ്രതിഷ്ടിച്ചു.
 "മാറിലമ്മിഞ്ഞയും കൈയ്യിൽക്കൊടും കൊല-
വാളുമെഴുമൊരു മൂർത്തി
കാവിലുണ്ടെങ്കിലുമില്ലെങ്കിലും ശരി
മേവിടുന്നുണ്ടയാൾക്കുള്ളിൽ"
 ക്രുരതയുടെ ഈ സമഷ്ടിയായ മൂലഭാവത്തിൽ  ഏകപരമോ താൽകാലികമോ നൈമിഷികമയെങ്കിലുമോ ആയ കാരുണിക ഭാവഭേദം വരുത്തുവാനുള്ള പ്രീണനോപായങ്ങളായിത്തീർന്നു, അചാരങ്ങളും അനുഷ്ടാനങ്ങളും. അത്തരം കാർഷികസംസ്കാരത്തിന്റെ കഥാനുഗായിയായ ഇടശ്ശേരി ആ നിഷ്ടുര സത്യത്തിനു തന്റെ രചനാപുഷ്പങ്ങളാൽ അർച്ചന ചെയ്യുന്നു.


മറ്റുകവികളെല്ലാവരും തന്നെ പ്രകൃതിയുടെ ക്രുരത പ്രമേയമാക്കിയിട്ടുണ്ട്. പക്ഷെ ക്രൂരതയെ  പ്രകൃതിയുടെ മൂലസത്യമായി, " നീ താൻ സത്യ"മായി, മൂലപ്രതിഷ്ടയാക്കി വന്ദിച്ചു പൂജിക്കുന്നത് ഇടശ്ശേരി മാത്രം. അതിന്റെ കാരണവും അപഗ്രഥിക്കേണ്ടിയിരിക്കുന്നു. അതിനു നിദാനമായത് കവിയുടെ പ്രത്യേക ജീവിതസാഹചര്യങ്ങളായിരുന്നു. വക്കീൽ ഗുമസ്തനായിരുന്ന ഇടശ്ശേരിക്കു നിരന്തരമായി ക്രൂരതയുടെ നിരവധി മുഖങ്ങളുമായി ഒരു കവിഹൃദയത്തിനു ഒരിക്കലും സമരസപ്പെടാനാവില്ലത്ത തരത്തിൽ ഇടപെടേണ്ടിയിരുന്നു. നിരവധി കുടിയൊഴിപ്പിക്കലുകൾ, പുരയിട ജപ്തികൾ, എന്നുവേണ്ട, ഇന്നു നാം കേട്ടിട്ടില്ലാത്ത വിളകണ്ടുകെട്ടൽ, ദുഷിച്ച ഗ്രാമീണ സാമൂഹ്യ,സാമ്പത്തിക വ്യവസ്ഥിതിയുടെ നിഷ്ടുരമുഖങ്ങൾ, എല്ലാത്തിനും നിസ്സഹായനായി നിയമചക്രത്തിന്റെ ഒരു പല്ലെന്ന നിലയ്ക്കു അദ്ദേഹത്തിനു മൂകസാക്ഷിയാകേണ്ടിവന്നിരുന്നു, വീട്ടിലിരുന്നാലും കോടതിയിലായാലും മുന്നിൽ കാണുന്നത് ദുരവസ്ഥകളുടെ നീണ്ട ഘോഷയാത്ര, അവയിൽ മിക്കവയിലും ക്രൂരതയുടെ ആ ഴത്തിലുള്ള ദംഷ്ട്രാവൃണങ്ങൾ. "പുത്തൻകലവും അരിവാളും" ഒരു വിള ജപ്തിചെയ്യുന്നതിനു മൂകസാക്ഷ്യം വഹിക്കണ്ടതായി വന്നതിന്റെ വേദന ഉറവപൊട്ടിയതാണ്. "കുടിയൊഴുപ്പിക്കൽ" എന്ന പ്രസിദ്ധമായ കവിത തന്നെയുണ്ട്. തടസ്സമായി നിൽക്കുന്ന മുള്ളഞ്ചീരകളെ പിഴുതുമാറ്റാൻ യാതൊരു ദാക്ഷിണ്യവും വേണ്ട; കാരണം " ക്രൗര്യമേ സംസ്കാര വിഭവത്തിലെന്നുടെ പൈതൃകം നീ".  ക്രൂരത നിത്യസത്യമായും വല്ലപ്പോഴും വീണുകിട്ടുന്ന കനിവ്  ക്രൂരതയുടെ സത്യം കൂടുതൽ ഗാഢമായി ഉറപ്പിക്കനുള്ളതുമാണെന്ന കാർഷികസംസ്കാരദർശനം ഉള്ളിൽ നിറഞ്ഞുനിന്ന കവിയ്ക്ക് അത് വ്യക്തിപരമായി അതിശക്തമായി അനുഭവവേദ്യമായപ്പോൾ അദ്ദേഹം അത് കവിതയിൽക്കൂടി പ്രഖ്യാപിച്ചു. കവിത ബുദ്ധിയിൽ തെളിയുന്ന സത്യമല്ല, ഹൃദയത്തിൽ അനുഭവിച്ചറിയുന്ന സത്യമാണെന്ന് ഇടശ്ശേരിക്കവിതകൾ ഉൽഘോഷണം ചെയ്യുന്നു..ക്രൗര്യത്തിന്റെ സന്തതിയായി മാത്രമേ കനിവിനെ ഇടശ്ശേരി കാണുന്നുള്ളു.

2 അഭിപ്രായങ്ങൾ:

  1. ഇടശ്ശേരി കവിതയുടെ വളരെ പ്രധാനപ്പെട്ട ഒരു വിഷയം അനായാസം പ്രതിപാദിക്കുന്നു ഗോപാല്‍ ഈ ലേഖനത്തില്‍. നല്ല ലേഖനം.
    ഇ. ഹരികുമാര്‍.

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2013, ജൂൺ 9 9:52 PM

    manushyanu manassilakunna vithathil ayuth ok

    മറുപടിഇല്ലാതാക്കൂ

Powered By Blogger