വിചിന്തനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വിചിന്തനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 മാർച്ച് 18, ഞായറാഴ്‌ച

കവിതയും താളാത്മകതയും


                                    
കവിതയും താളാത്മകതയും

                       ഗോപാൽ ഉണ്ണികൃഷ്ണ



കവിതയുടെ നിയാമക സ്വഭാവമെന്താണ്? അതിന്റെ ഓജസ്സിന്റെ ഔന്നത്യങ്ങളിൽനിന്ന് ഏതുതരം ആത്മാലാപന സംഗീതമാണ് നാം ആഗ്രഹിക്കുന്നത്? യാഥാർഥ്യത്തിന്റെ തംബുരുശ്രുതിയിൽ ഭാവനയുടെ ആരോഹണാവരോഹണങ്ങൾ ലയിപ്പിക്കുന്നതെങ്ങനെ? ഈ സമസ്യകളുടെ അനുധാവനത്തിൽ കവിയുടെ നൈസർഗ്ഗിക സർഗ്ഗസങ്കേതങ്ങൾപോലെതന്നെ പ്രധാനമാണ്  ആസ്വാദകന്റെ അനുരണന ബോധതലവും. ഉപരിപ്ലവനായ അനുവാചകൻ കവിതയുടെ അന്തർധാരയിലേക്ക് ആഴാതെ വെറും ഭാവനാപരമായ, ബൗദ്ധികമായ, രസജ്ഞതയായോ കലാവിനോദമായോ മാത്രം കവിതയെ വായിക്കുന്നു. ഇവർക്ക്  കവിത സുന്ദരമായ ഒരു ആശയത്തെ ഉൾവഹിക്കുന്നതായാൽ മതി. വിചക്ഷണനായ വിമർശകനാവട്ടെ, കവിതയുടെ പരിച്ഛേദമെടുത്തു പരിശോധിക്കുന്നതിൽ പരിരമിക്കുന്നു. അതിനാൽ ,കവിതയെക്കുറിച്ചുള്ള പണ്ഡിതവിചിന്തനങ്ങളിലും ഉൾക്കാഴ്ചകളിലും സമ്മതമെന്നും സ്വീകാര്യവുമെന്നും തോന്നിയവയിൽക്കൂടിയുള്ള ഒരു പ്രയാണമാണിവിടെ.

 മനുഷ്യന്റെ ആദി വചനങ്ങളിൽ വസ്തുക്കളെയും പ്രാകൃതാശയങ്ങളെയും പ്രതിനിധാനം ചെയ്തിരുന്നത് അവയിലെ ഏറ്റവും പ്രകടമായതോ മനുഷ്യബന്ധിതമോ ആയ  ഗുണവിശേഷമായിരുന്നു, പ്രധാനമായും ശബ്ദഗുണങ്ങൾ. ഉദാഹരണത്തിന്, കാകൻ,കാക്ക, ക്രോ എന്ന് ഇന്നും ഉച്ചരിക്കപ്പെടുന്നവയുടെ ആദിരൂപങ്ങൾ. ഇവയിൽത്തന്നെ അന്തരാളത്തിൽ അനുരണനം സൃഷ്ടിക്കുന്ന ശബ്ദങ്ങൾ കൊണ്ടും അവൻ വസ്തുക്കളെ അടയാളപ്പെടുത്തി. കുഞ്ഞ് കേഴുന്ന 'മ' ശബ്ദം സൃഷ്ടിക്കുന്ന അനുരണനത്തിൽ നിന്നാവാം  ആ ശബ്ദം മാതാവിനെ പ്രതിനിധാനം ചെയ്തത്. ഈ വിധം അനുരണനാധിഷ്ടിതമായ ആദി ഭാഷയ്ക്ക് ജീവസ്സുറ്റ കരുത്തും കാവ്യാത്മകതയും ഉണ്ടായിരുന്നത് ഭാഷാവികാസത്തിൽ പിന്നീട്  വളരെ സൂക്ഷ്മതയും, വ്യക്തതയും പ്രായോഗികതയും ഉണ്ടായ ചെലവിൽ നഷ്ടമായി. ഭാഷയുടെ പ്രാകൃത ചരിത്രമോ ഉല്പത്തിതന്നെയോ പരിശോധിച്ചാൽ, അതു പ്രധാനമായും വികാരങ്ങൾ അല്ലെങ്കിൽ തോന്നലുകൾ, ഇന്ദ്രിയബോധങ്ങൾ, സാമാന്യ സഹജാവബോധങ്ങൾ, ആദിയായവയ്ക്കു ശബ്ദം നൽകാനായിരുന്നുവെന്ന് കാണാം. അതുകൊണ്ടുതന്നെ എണ്ണത്തിൽ പരിമിതമായിരുന്ന ആ ശബ്ദസഞ്ചയത്തിലെ ഓരോ വാക്കിനും ഏകാർത്ഥമായ, വളരെ ജൈവമായ, അസ്തിത്വം ഉണ്ടായിരുന്നു. ബൗദ്ധികമായ ഭിന്നാശയങ്ങൾ അടങ്ങുന്ന ബോധമോ അറിവോ പ്രകടമാക്കാനുള്ള ആവശ്യം ബുദ്ധിയുടെയും ഭാഷയുടെയും  വികാസഗതികൾക്കനുരൂപമായി പിന്നീടാണുണ്ടായത്. അതോടെ വാക്കുകൾക്കും ശബ്ദങ്ങൾക്കും ആദിയിലുണ്ടായിരുന്ന ഉൽക്കടമായ വ്യതിരിക്തതയും ഏകമാനവും മാറി വാക്കുകൾക്ക് പലേമാനങ്ങളൂം, ആശയങ്ങൾക്ക് പലേമാനമുള്ള വാക്കുകളൂം, പ്രയോഗത്തിലായി. കൂടുതൽ മെച്ചപ്പെട്ട ആശയസംക്രമണത്തിന് ഉതകിയെങ്കിലും നിത്യഭാഷണത്തിൽ വാക്കുകൾ ജീവസ്സ് നഷ്ടപ്പെട്ട് യാന്ത്രികോപരണങ്ങളായി മാറി. അപ്പോൾപിന്നെ  വാക്കുകൾക്ക് ജീവൻ കൊടുക്കണമെങ്കിൽ, ശബ്ദങ്ങളുടെ വർദ്ധിച്ച സ്വരഭേദങ്ങളാലും അവയിലേക്കു നാം സംക്രമിപ്പിക്കുന്ന നമ്മുടെ ഉള്ളിൽത്തന്നെയുള്ള വികാരസാന്ദ്രതയാലും പ്രാണശക്തിയാലും അവയെ നിർഭരമാക്കണ്ടതുണ്ട് എന്നു വന്നു.

  അസ്ഥിത്വമുള്ളതിനെ പ്രകടിപ്പിക്കുന്നതും വ്യക്തമാക്കിനിർത്തുന്നതുമായ കർമ്മമാണ് ഭാഷയുടേത്. അറിവ് പകരാനുള്ള ഉപകരണം എന്ന നിലയിൽ ഭാഷ ഒരു അധീനതയാണ്. അതിനുമപ്പുറം, അസ്ഥിത്വത്തിന്റെ തുറസ്സിൽ ഭാഷയിലൂടെ മാത്രമേ ഊന്നിനിൽക്കാനും കഴിയൂ. ഭാഷയിലൂടെ മാത്രമെ ലോകം അർഥവത്താകയുള്ളു. കവിതയുടെ സത്തയെ ഭാഷയുടെ സത്തയിലൂടെയും ഭാഷയുടെ സത്തയെ കവിതയുടെ സത്തയിലൂടെയും മനസ്സിലാക്കണം. ഒരു കണക്കിന്, പ്രകൃതിയുടെ ഉപഹാരം എന്നതിനാൽ അസ്ഥിത്വം തന്നെ അടിസ്ഥാനപരമായി കാവ്യാത്മകമാണ്. കവിത സത്യത്തിന്റെ ചിരസ്ഥിതിയെ വാക്കിലും വാക്കിലൂടെയും സമർഥിക്കുമ്പോൾ, പ്രകൃതിവസ്തുക്കളെ കവി പേർവിളിക്കുമ്പോൾ, നാമകരണത്തിനും  അപ്പുറം ആ വസ്തു അതായി നാമനിർദ്ദേശിക്കപ്പെടുകയാണ്. സംബോധനയായ ആ പ്രതേക വാക്ക് പരക്കെ മനസ്സിലാക്കപ്പെടുകയും പ്രചരിക്കുകയും ചെയ്യണമെങ്കിൽ അത് സാധാരണമൊ താളാത്മകമൊ ആകണ്ടതുണ്ട്. കവിതയുടെ താളാത്മകത ഒരു വലിയ അളവിൽ ഇതു സാധ്യമാക്കുന്നു.


 താളാത്മകത

. ഇവിടെയാണ് കവിതയുടെ താളാത്മകതയുടെ പ്രസക്തി. അവബോധ മനശ്ശാസ്ത്രത്തിലെ (Cognitive Psychology) ഒരു പ്രബല പരികല്പനയായ ചിന്താഭാഷാ സിദ്ധാന്തം ( Language Of Thought Hypothesis or LOTH) അനുസരിച്ച് ചിന്ത, പദവിന്യാസവും പദാർത്ഥവ്യാപ്തിയുമുള്ള ഒരു പ്രതിനിധാനത്തിന്റെ ചിഹ്നമാണ്. ചിന്തകൾ അതിനാൽ പ്രമേയപരമായ മനസ്ഥിതികളാണ്: ഓരോന്നിനും തനതായ വിഷയവും, വാക്യവും, ഉദ്ദിഷ്ടതയും ഉള്ളവ. ഈ ചിന്താഭാഷയിലാണ് (Mentalese) നാം ചിന്തിക്കുന്നത്. കാവ്യോപസനയ്ക്കായി ബാഹ്യലോകത്തിൽ നിന്ന് ഉൾവലിഞ്ഞ് അന്തരംഗത്തിന്റെ വിതതദൃശ്യങ്ങളിലേക്ക് പ്രയാണം ചെയ്തെത്തുന്ന കവി, സാധാരണ ഗദ്യത്തിലുള്ള ചിന്താഭാഷയെ കാവ്യചിന്താഭാഷയായി രാസപരിണാമം ചെയ്യുകയാണ്

 ഈ കാവ്യചിന്താഭാഷയുടെ അനഘതയിലൂടെ വസ്തുക്കളുടെ ഇന്ദ്രിയപരമായ നിശ്ചിതത്തെ ബിംബങ്ങൾകൊണ്ട് പകരം വച്ച്, ശബ്ദത്തിന്റെ വ്യജ്ഞനശക്തി വർദ്ധിപ്പിച്ച്, ബുദ്ധിയുടെ ചിന്താമൂല്യവുമായി ചേർത്ത്, കവി വസ്തുക്കളുടെ മൗലികതയെ പുനർവചിക്കുന്നു. വാക്ക് ഇവിടെ പരമ‌മായ അർഥവ്യാപ്തിയെ പ്രാപിക്കുകയാണു ചെയ്യുന്നത്. ധിഷണയും ആശയവും അനുഭൂതിയും ചേർന്നുള്ള, അന്തരാത്മാവിന്റെ  ദർശനം പ്രകടിപ്പിക്കാനുള്ള ആത്മീയാവേശത്തിന്റെ ആവിഷ്കാരവും ചലനവുമായി കവിതയുടെ ശൈലിയും താളവും  മാറുന്നു. കവിതയുടെ താളാത്മകത, തനതു ശൈലികൊണ്ട് മാത്രം സാധ്യമല്ലാത്ത ഒരു മാനത്തിലേക്ക് കവിതയെ ഉയർത്തുകയാണു ചെയുന്നത്. ജീവിതത്തിന്റെയോ പ്രകൃതിയുടെയോ ഒരു സത്യാംശത്തിന്റെ ദർശനജനിതമായ ആവേശത്താലുളവാകുന്ന ദമം ആനന്ദമായി പരിണമിക്കുമ്പോൾ താനെ ജനിക്കുന്നതാണീ താളാത്മകത. സ്വയംവെളിവിന്റെ വേളയിൽ തൽജന്യമായ രൂപഭാവങ്ങളുടെ നടനം. കാവ്യമൊഴിയുടെയും കാവ്യചാലകതയുടെയും സ്രോതസ്സ് ഇവിടെയാണ്.  തീവ്രവും നിസ്സങ്കോചവുമായ കാവ്യശൈലി അതിനെ സമീകരിച്ച്, നികടത്തും ജൈവത്തുമാക്കുന്നു. ഇങ്ങനെ കാവ്യചിന്താഭാഷയിലൂടെ ആത്മാവിന്റെ താളം പേറുന്ന കവിത മനുഷ്യന്റെയോ പ്രകൃതിയുടെയോ സ്വത്വവീക്ഷണം ആവിഷ്കരിക്കുന്ന ഏറ്റവും ഉദാത്തമായ മൊഴിയാണ്.

താളം

തൗര്യത്രികങ്ങളായ നൃത്തം,ഗീതം,വാദ്യം എന്നിവയെ കോർ‌ത്തിണക്കുന്ന താളം സൂക്ഷമായ സമയക്രമമാണ്. അത് രണ്ട് എതിരുകളുടെ കാലത്തിലുള്ള  ചലനത്തിന്റെ ആവർത്തനക്രമമാണ്. ഈ അർഥത്തിൽ പ്രപഞ്ചത്തിൽ പലതിനും, പ്രപഞ്ചത്തിനുതന്നെയും, താളമുണ്ട്. (സം)ഗീതത്തിൽ, പദ്യത്തിൽ, അത് ശബ്ദത്തിന്റെയും നിശബ്ദത്തിന്റെയും ചാലികമായ ആവർത്തനക്രമമാണ്. ഗർഭാശയത്തിൽ വെച്ചു കേൾക്കൂന്ന ഹൃദയതാളമാണ് മനുഷ്യനിൽ (പല ജന്തുക്കളിലും) ജന്മവാസനയായി   താളാത്മകത തോന്നിച്ചതെന്നു പറയപ്പെടുന്നു. അതു പിന്നീട്, പൂർവ്വമനുഷ്യൻ  മരങ്ങളിൽനിന്ന് നിലത്തിറങ്ങിയ പരിണാമദിശയിൽ ആക്രമണങ്ങളെ എതിരിടുവാൻ സഹായിക്കുന്ന ഒരു നിർഭയത്വമൂർച്ഛ (  battle transce) സൃഷ്ടിക്കാൻ സഹായിച്ചുവത്രെ. യുദ്ധകാഹളങ്ങളെയും പോർവിളികളെയും അനുസ്മരിക്കുക


ആംഗല കവിതയിൽ സാധാരണമായി താളം( rhythm) സങ്കലിപ്പിക്കുന്നത് ഊന്നൽ കൊടുത്തും അല്ലാതെയും ഉച്ചരിക്കുന്ന ഏകസ്വരാക്ഷരഗണങ്ങളുടെ (  syllable)  ആവർത്തനം സൃഷ്ടിച്ചാണ്. താളം കവിതയ്ക്ക് സംഗീതം കൊടുക്കുന്നു.   വാക്കുകളുടെയും പ്രയോഗങ്ങളടെയും ആവർത്തനം കൊണ്ടും ഒരു തരം താളാത്മകത വരുത്തിതീർക്കാം. ഉദാ.: "Sounds of the city and sounds out of the city, sounds of the day and night," ( Walt Whitman: "Song of Myself").  ഊന്നൽ കൊടുത്തും ( __  ) അല്ലാതെയുമുള്ള (u)രണ്ടിന്റെയും വിന്യാസവ്യത്യാസം (pattern) അനുസരിച്ച് താളത്തിന്റ ഏകകങ്ങളായി( units) അഞ്ച് പാദങ്ങൾ (feet or beat): 1. ഐആം (iamb): __u ( eg. "good-bye");
2. റ്റ്റോകീ (trochee): __u (eg."awful");
3. അനപെസ്റ്റ് (3 സിലബൾ) (anapest) __ __u (eg. "Halloween");
4. ഡാക്റ്റിൽ (dactyl) __uu (eg. wonderful);
5. സ്പാൻഡീ (spondee): __ __(eg. "big deal"),
എന്നിങ്ങനെ ഉപയോഗിക്കുന്നു.  വൃത്തം, അതിലെ വരികളുടെ നീളം, ഇത്തരം പാദങ്ങളുടെ എണ്ണം അനുസരിച്ച് ചിട്ടപ്പെടുത്തിയിരിക്കുന്നു. ഉദാഹരണത്തിന്, ഐആംബിക് പെന്റാമീറ്റർ എന്ന വൃത്തത്തിൽ ( iambic pentameter ) അഞ്ച് ഐആംബുകൾ അടങ്ങിയ പത്ത് സിലബൾ ഉണ്ടായിരിക്കും. ഏറ്റവും സാധാരണമായ ഒരു വൃത്തമാണിത്.  (ഷേക്സ്പിയർ കൂടുതലും ഈ വൃത്തത്തിലാണ് രചിച്ചത്.) വാസ്തവത്തിൽ, ആംഗലകവിതയിൽ അവശ്യം വേണ്ട ഘടകമാണ് താളം, വൃത്തം അവശ്യമല്ലെങ്കിൽകൂടി. വൃത്തമില്ലാത്ത സ്വതന്ത്ര പദ്യത്തിലാകട്ടെ (free verse), പദവിന്യാസക്രമം, വ്യവസ്ഥിതമായി  ശബ്ദം, വാക്ക്, പ്രയോഗങ്ങൾ (phrases), വരി ഇവയുടെ ആവർത്തനം, യതിവിന്യാസം, വരികളുടെ ഏറ്റക്കുറച്ചിൽ, ഇത്തരം വേഗനിർണ്ണായകങ്ങൾ കൊണ്ട് ഒരു തരം താളം തരപ്പെടുത്തുന്നു

ഇന്ത്യൻ സംഗീതത്തിൽ താളത്തിന്റെ ഏകകം (unit) തുറന്ന കൈപ്പത്തി കമഴ്ത്തി കീഴ്പോട്ട് അടിക്കുന്ന ഒരടിയാണ് ( അനുധ്രുതം). ഇതിനോട് സമമാണ് മാത്രാ, ഭാഷാ,വൃത്തങ്ങളുടെ ഏകകമായ മാത്ര ( ഹൃസ്വം, ലഘു). സംസ്കൃതവൃത്തങ്ങൾ വർണ്ണം അഥവാ സ്വരാക്ഷരം ഏകകമായ വർണ്ണവൃത്തങ്ങളാണ്. ഒരു പാദത്തിൽ, വരിയിൽ, എത്ര അക്ഷരങ്ങൾ എന്ന് ക്രമപ്പെടുത്തി 21 അക്ഷരങ്ങൾ വരെയാകാവുന്ന 21 ഛന്ദസ്സുകളാണ്  വർണ്ണവൃത്തങ്ങളിലുള്ളത്. വ്യാകരണത്തിലെ ഹൃസ്വ,ദീർഘ സ്വരങ്ങൾക്കു സമാനമായി ഇവയെ ലഘു, ഗുരു എന്ന് വിളിക്കുന്നു. മലയാളവൃത്തങ്ങളിൽ കാലംകൊണ്ടുള്ള  ശ്വാസമാനമായതിനാൽ ഒരു ലഘു ഉച്ചരിക്കുന്ന കാലം ഒരു മാത്രയും ഒരു ഗുരു ഉച്ചരിക്കുന്ന കാലം രണ്ട് മാത്രകളായും കരുതുന്നു. ഈ വർണ്ണ,മാത്രകളെ  എണ്ണം അനുസരിച്ച് ചെറുകൂട്ടങ്ങളായ ഗണങ്ങളായി വിഭജിച്ച്, വിസ്ത്രുതമായ നിയമാനുസരണ വിന്യാസ മാതൃകകളനുസരിച്ച് വൃത്തങ്ങൾ നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. ഇതാണ് മലയാളത്തിലെ താളക്രമത്തിന്റെ ചുരുക്കം.

പ്രാസം

 താളമല്ലെങ്കിലും താളാത്മകതയും ലയവും വരുത്താനുള്ള മറ്റൊരു ഉപാധിയാണ് പ്രാസം (rhyme). കവിതയിൽ തുല്യോച്ചാരണപദങ്ങൾ വിന്യസിക്കലാണത്. ഭാഷാഭേദമനുസരിച്ചും ഒരേഭാഷയിലും ഇത് പലവിധത്തിൽ നിർവഹിക്കപ്പെടുന്നു. ആംഗലത്തിൽ ഇതിനു നാലു രീതികളാണുള്ളത്: വാക്യാന്ത്യപ്രാസം( rhyme) : വരികളുടെ , പ്രധാനമായും അവസാനത്തിലോ, പ്രതേകയിടങ്ങളിലൊ വരുത്തുന്ന പ്രാസം;  വാക്കാദിപ്രാസം(alliteration): വാക്കുകളുടെ ആദിപ്പൊരുത്തം;  സ്വരാക്ഷരപ്രാസം (assonance): വാക്കുകളിലെ സ്വരാക്ഷരങ്ങൾ പൊരുത്തപ്പെട്ടിരിക്കുക;  വ്യജ്ഞനാക്ഷരപ്രാസം (consonance): വാക്കുകളിലെ വ്യജ്ഞനങ്ങൾ പൊരുത്തപ്പെട്ടിരിക്കുക എന്നിങ്ങനെ.  ഇവിടെത്തന്നെ, രണ്ട് വാക്കുകൾ ഒരേ സ്വര,വ്യജ്ഞന ജോടിയിൽ തീരുമ്പോൾ, പൗരുഷപ്രാസമെന്നും (masculine), രണ്ട് സിലബിൾ പൊരുത്തത്തിന്, സ്ത്രൈണപ്രാസമെന്നും (feminine), മൂന്ന് സിലബികൾ പൊരുത്തത്തിന്  ത്രൈഗണപ്രാസമെന്നും (trisyllabic) വ്യ്വഹരിക്കപ്പെടാറുണ്ട്

.  മലയാളത്തിലാകട്ടെ, ഓരോ വരിയിലെയും നിശ്ചിതയിടങ്ങളിൽ ഒരേ അക്ഷരമോ ശബ്ദത്തിൽ സമാനാക്ഷരമോ ചേർത്താണ് ശബ്ദാലങ്കാരങ്ങളിലൊന്നായ പ്രാസം വരുത്തുക. ഏഴു പ്രാസങ്ങളാണല്ലോ  ഭാഷാഭൂഷണത്തിൽ നിർണ്ണയിച്ചിരിക്കുന്നത്.  (ആദിപ്രാസം ( ആംഗലപ്രാസം), ദ്വിതീയാക്ഷരപ്രാസം ( കേരളപ്രാസം) , അന്ത്യപ്രാസം (മഹാരാഷ്ട്രപ്രാസം), അഷ്ടപ്രാസം, ദ്വാദശപ്രാസം, ഷോഡശപ്രാസം, ലാടാനുപ്രാസം എന്നിങ്ങനെ). ഓരൊവരിയിലും രണ്ടാമത്തെ അക്ഷരം ഒന്നായിരിക്കുക എന്ന  ദ്വിതീയക്ഷരപ്രാസം നമ്മുടെ പദ്യങ്ങളിൽ, പ്രത്യേകിച്ചും ഭാഷാവൃത്തങ്ങളിൽ ഏറ്റവും പ്രിയങ്കരമായി പ്രയോഗിക്കപ്പെടുന്നതിനാൽ കേരളപ്രാസമെന്ന  പേരും വീണിട്ടുണ്ടിതിന്. ഈ പ്രാസം, പ്രസക്തമായും, അർഥപുഷ്ടിയാൽ അനുയോജ്യമായും, വരികളിൽ ചാർത്തുമ്പോൾ അസാമാന്യമായ താളാത്മകതയും അതുണർത്തുന്ന ഗാനാത്മകതയും രസജ്ഞതയുമാണ് കവിതയ്ക്ക് സിദ്ധിക്കുന്നത്. പഴയകാല ആധുനികർക്ക് ദ്വിതീയാക്ഷരപ്രാസം ഏതാണ്ട് നിർബന്ധമായിരുന്നെന്നു പറയാം. അവർക്ക് അതിനുള്ള കുശലത നൈസർഗ്ഗികമായി ഉണ്ടായിരുന്നു താനും.  എന്നാൽ അന്നും താരതമ്യേനെ കുശലത കുറഞ്ഞിരുന്നവരുടെ നേതൃത്വത്തിൽ, തുടക്കത്തിൽ ഈ പ്രാസത്തോടുള്ള അമിതാസക്തിയ്ക്കെതിരായും പിന്നീട്  വാദം പുരോഗമിച്ചപ്പോൾ ആവേശം മൂത്ത് അനഭിലഷണീയമെന്നുവരെ വാദിക്കുകയും ചെയ്ത്,   സാഹിത്യപ്രമുഖർതന്നെ അനുകൂലമായും പ്രതികൂലമായും രണ്ട് ചേരികളിൽ അണിനിരന്നു നടത്തിയ ദ്വിതീയാക്ഷരപ്രാസവാഗ്വാദങ്ങൾ സാഹിത്യ ചരിത്രത്തിലെ ഒരു പ്രകരണമായിത്തന്നെ എടുക്കാം. ഭാഷയ്ക്ക് ഉണർവ്വും അഭിവൃദ്ധിയും സമ്മാനിച്ചതെന്നു രേഖപ്പെടുത്തേണ്ട ഒരു പ്രകരണം. "പ്രാസവാദത്തിന്റെ ഫലമായി ശക്തമായ ഒരു വിമര്‍ശനശാഖ മലയാള സാഹിത്യത്തിനു ലഭിച്ചു. ക്ലാസ്സിസത്തില്‍നിന്ന് റൊമാന്റിസിസത്തിലേക്കുള്ള മലയാള കവിതയുടെ വളര്‍ച്ചയില്‍ ദ്വിതീയാക്ഷരപ്രാസവാദം സുപ്രധാനമായ പങ്കുവഹിച്ചു...സാഹിത്യത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും സാഹിത്യത്തില്‍ ഭാവാവിഷ്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മലയാള കവിതയുടെ തനതായ മൂല്യങ്ങളെക്കുറിച്ചും മറ്റുമുള്ള സമഗ്രമായ വിലയിരുത്തലിന് പ്രാസവാദം സഹായകമായി. സംസ്കൃത സാഹിത്യത്തില്‍ ആനന്ദവര്‍ധനന്‍, അഭിനവ ഗുപ്തന്‍, ഭട്ടനായകന്‍, കുന്തകന്‍, ക്ഷേമേന്ദ്രന്‍ തുടങ്ങിയ ആലങ്കാരികന്മാര്‍ സാഹിത്യത്തെക്കുറിച്ചു നടത്തിയ നിരീക്ഷണ-നിഗമനങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ വിലയിരുത്തലുകള്‍. ഇംഗ്ലീഷ് തുടങ്ങിയ വിദേശഭാഷകളിലെ ഉത്തമ സാഹിത്യകൃതികളും സാഹിത്യനിരൂപണവും ശ്രദ്ധിച്ചു പഠിക്കുന്നതിനും അതുമായി താരതമ്യം ചെയ്ത് മലയാള സാഹിത്യത്തെ നിരൂപണം ചെയ്യുന്നതിനും പ്രാസവാദം പ്രേരണ നല്കി. രൂപപരതയില്‍നിന്ന് ഭാവപരതയിലേക്കു നീങ്ങാന്‍ തയ്യാറായിനിന്ന മലയാളകവിതാപ്രസ്ഥാനത്തിലെ ആദ്യത്തെ അര്‍ഥവത്തായ സംഘട്ടനമായിരുന്നു ഈ സംവാദം എന്ന് വിലയിരുത്തുന്നുണ്ട്. ആധുനിക മലയാളസാഹിത്യത്തിന്റെ ആവിര്‍ഭാവത്തിനു വഴിതെളിച്ച ഘടകങ്ങളില്‍ മുഖ്യ പങ്കാണ് ഈ വാദത്തിനുള്ളത്. "

ഗദ്യകവിത

. കവിതയുടെ സാമ്പ്രദായികമായ നിർവചനത്തിന്റെയും ഗദ്യ പദ്യ  വിവേചനത്തിന്റെയും സാംഗത്യവും വിവക്ഷ്യവും ചോദ്യം ചെയ്തുകൊണ്ടാണ് പാശ്ചാത്യ സാഹിത്യത്തിൽ കഴിഞ്ഞ ശതകത്തിന്റെ ആദ്യപാതിയിൽ പരമ്പരാഗതമായ കാവ്യ രൂപ,ഘടനയുടെ ഒരു തിരസ്കാരമുണ്ടായത്. പുറകെ അതിന്റെ അനുരണനം ഇവിടെയും ആവിർഭവിച്ചു. ആധുനികതയിലെ രൂപഭദ്രതാവാദികൾ ഈ പ്രസ്ഥാനം അല്ലെങ്കിൽ പ്രവണതയോട് പ്രതികരിച്ചത് നവരൂപഘടനകൾ സൃഷ്ടിക്കുന്നതിനോടൊപ്പം പഴയ രൂപഘടനകളെ പുനരുദ്ധരിച്ചുകൂടിയായിരുന്നു. അതിനുശേഷം, ഉത്തരാധുനികർ ഗദ്യ പദ്യ വ്യതിരിക്തതയെ വീണ്ടും പൊലിപ്പിക്കുന്നു. പക്ഷെ ഒന്നുമാത്രം. അവർ ഗദ്യപദ്യ വിവേചനത്തെയും കവിതയ്ക്കുള്ളിൽത്തന്നെയുള്ള തരാതരങ്ങളെയും വെറും സാംസ്കാരിക സൂത്രപ്പണികളായി (artifacts)മാത്രം കാണുന്നു. ആധുനികതയിലെ, കവിയുടെ സർഗ്ഗാത്മകപങ്കിനു‌ കല്പിക്കുന്ന പ്രാധാന്യത്തിനുമ‌‌പ്പുറം ചരിച്ച്, ഉത്തരാധുനികത, വായനക്കാരന്റെ ഭാഷ്യത്തെയും കൃതി വായിക്കപ്പെടുന്ന സങ്കീർണമായ സാംസ്കാരിക കെട്ടുപാടുകളെയും കൂടി കണക്കിലെടുക്കുന്നു. ഏതാണ്ട്, സർഗ്ഗകാരനുള്ള അത്രയും സ്ഥാനം തന്നെ വായനക്കാരനും കല്പിക്കുന്നു.  കവിയുടെ കർമ്മം ഭാഗികമാക്കുന്നു.

. സ്വതന്ത്ര പദ്യം അല്ലെങ്കിൽ ഗദ്യകവിത  ( free verse, മുക്തഛന്ദസ്സ്), അനവധാനി സ്വായത്തമാക്കുന്ന സ്വാതന്ത്ര്യമാണ്. എന്തിനും നാം മാതൃകയായി സ്വീകരിക്കുന്ന പാശ്ചാത്യ സാഹിത്യത്തിൽ ഇതു 19 താം നൂറ്റാണ്ടിൽ ഫ്രെഞ്ച്സാഹിത്യത്തിലാണു ജനിക്കുന്നത്. ബെർട്രാൻഡ്, (Aloysius Bertrand), ബൗദിലേർ (Charles Baudelaire), മുതലായവരായിരുന്നു  അന്നതിന്റെ പ്രോക്താക്കൾ. ഇംഗ്ലിഷിലും മറ്റും ഗദ്യകവിത പ്രചുരപ്രചാരം നേടിയത് 1980 കളിലാണ്. ഇന്ന് അതിന്റെ ഏറ്റവും താണ നിലയിൽ, മിനിക്കഥകളും ചെറുകഥകളും, സംഭവവിവരണങ്ങളും വരെ കവിതയായി പടച്ചു വിടുന്നുണ്ട്. അല്ലൻ ഗിൻസ്‌ബെർഗ് (Allen Ginsberg) ഒരിക്കൽ നിന്ദാഗർഭമായി പറഞ്ഞു: "കവിത എഴുതുന്നതിന് എനിക്കു ഒരു പുതിയ രിതിയുണ്ട്.: തലയിൽ തോന്നുന്ന എന്തുമാവാം,... ദുരിതങ്ങളായാൽ നന്ന് ...  അവയെ രണ്ട്, മൂന്ന്, നാലു, വാക്കുകൾ അടങ്ങുന്ന വരികളായി അടുക്കി - വാചകമാക്കാനൊന്നും നിൽക്കണ്ട - രണ്ട്, മൂന്ന്, നാല് വരികളടങ്ങുന്ന ബ്ലോക്കുകളായി കാച്ചുക!". സൈബർബ്ലോഗുകളിൽ ഇത് എളുപ്പവുമാണ്, എന്തു കുന്തവും എഴുതി പോസ്റ്റ് ചെയ്യുമ്പോൾ റ്റാഗ് (tag) ആയി " കവിത" എന്നു കൊടുത്താൽ മതി. ഇങ്ങനെ 'ഗവി'കളായി വിഹരിക്കുന്നവർക്ക് അതുമാത്രമേ അറിയൂ. വൃത്തബദ്ധകവിത വല്ല ബ്ലോഗിലും ( ഭാഗ്യത്തിന്  അങ്ങനയും ഉണ്ട്) കണ്ടാൽ, ഇതൊക്കെ ഇപ്പോഴുമുണ്ടോ എന്നു ചോദിക്കുന്ന വിവരദോഷികളെയും കാണാം

 ഭാരതീയ ആംഗല കവിതയിൽ സ്വതന്ത്ര പദ്യം അല്ലെങ്കിൽ മുക്തച്ഛന്ദസ്സ്  ( free verse) ആവിർഭവിച്ചത് ഇംഗ്ലിഷിലെ മാർഗ്ഗദർശകകവികളായിരുന്ന റ്റി.എസ്.എലിയറ്റ്, എസ്രാ പൗണ്ട്  മുതലായവരെ അനുകരിച്ചായിരുന്നുവെന്നു പറയാം.. വൃത്തക്രമത്തിലല്ല, വാക്യബന്ധങ്ങളുടെ താളലയം കോർത്താണ് കവിത രചിക്കണ്ടതെന്നായിരുന്നു ഇവർ നിർദ്ദേശിച്ചത്. താരതമ്യേനെ പ്രയാസരഹിതമായതിനാൽ, മുമ്പ് വിവരിച്ച ഇംഗ്ലീഷ് മീറ്റർ അനുസരിച്ച് പദ്യം ചമയ്ക്കാൻ വല്ലാതെ കുഴഞ്ഞിരുന്ന കവികൾക്ക്  ഈ രീതി ദൈവസഹായം തന്നെയായി. ഒറ്റയടിക്കു പാരമ്പര്യം പൊട്ടിക്കുകയുമാവാം, നൂതനത്വം സൃഷ്ടിക്കുകയുമാവാം. ഛന്ദശാസ്ത്ര (prosody)  നിയമങ്ങളിൽ നിന്നുള്ള മുക്തി 1950 കളിൽ ഇന്ത്യനിംഗ്ലീഷിൽ സ്വതന്ത്ര പദ്യങ്ങളുടെ ഒരു വസന്തം തന്നെ സൃഷ്ടിച്ചു. മുക്തഛന്ദസ്സുകാരിൽ പ്രമുഖൻ രണ്ടുരിതിയിലും പ്രവീണനായിരുന്ന നിസ്സിം എസകീൽ (Nissim Ezekiel) ആയിരുന്നെന്നു പറയാം.. അദ്ദേഹത്തിന്റെ " Night of the Scorpion"  പുതുമാതൃകയിൽ പ്രശസ്തി നേടിയ കവിതയാണ്

മലയാളത്തിൽ മുക്തഛന്ദസ്സ് പുരാതനകാലത്തുതന്നെ നിലവിൽവന്നതാണ്. മധ്യകാലങ്ങളിലെ  മണിപ്രവാള ചമ്പൂകാവ്യങ്ങൾ ( തേവർ ചിരികുമാരന്റെ (ദേവൻ ശ്രീകുമാരൻ) ഉണ്ണിയച്ചീചരിതം, ദാമോദരച്ചാക്യാരുടെ ഉണ്ണിയാടീചരിതം) ഇവ ഉദാഹരണം. സംസ്കൃതത്തിൽ നിന്നെത്തി ഏതാണ്ട് പതിമൂന്നാം നൂറ്റാണ്ട് മുതൽ 16/17ഴാം ശതകത്തോടെ ചമ്പുകാവ്യരീതി അസ്തമിച്ചു, -  കഥകളിപ്പദങ്ങളിൽ അവയുടെ ഒട്ടൊരു സ്വാധീനം കാണാമെങ്കിലും. പിന്നതു മറ്റൊരു രീതിയിൽ ആംഗലഭാഷാസ്വാധീനത്തിൽ പുനർജ്ജനിക്കുന്നതാണ് 1950 കൾ മുതൽ "ഗദ്യകവിത" എന്ന പേരിൽ നാം കാണുന്ന മുക്തഛന്ദസ്സുകൾ. ചമ്പുക്കളിലെ തരംഗിതമായ ഉൾത്താളത്തിനു പകരം  വാക്യതാളത്തിനും ആശയധ്വനിക്കും മേൽക്കോയ്മ കൊടുത്തുകൊണ്ടുള്ള ഒരുതരം പടുത്വദ്രരിദ്രരുടെ കവിതാശ്രമങ്ങൾ. എന്നാൽ നിറതുളുമ്പുന്ന ഭാഷാജ്ഞാനവും ഭാവുകത്വവും ഉണ്ടെങ്കിൽ ഉത്തുംഗ കവിതയോട് ചേർന്നുനിൽക്കാൻ സാധിക്കുന്ന ഗദ്യകവിതകൾ ജനിക്കുമെന്നത് മഹാകവികൾ ജി. ശങ്കരക്കുറുപ്പിന്റെയും, രബീന്ദ്രനാഥ ടാഗോറിന്റെ സ്വന്തം ബംഗാളി കവിതകളുടെ ഇംഗ്ലീഷ് പരിഭാഷകളും സാക്ഷ്യപ്പെടുത്തുന്നു. അയ്യപ്പ പണിക്കരെ പോലെ ചൂരുക്കംപേരെ ഒഴിച്ചുനിർത്തിയാൽ പിന്നീടുവന്ന മിക്കവരുടെയും "ഗദ്യകവിതകൾ" ഗദ്യം വെറുതെ ഉടച്ച്  ശകലങ്ങൾ അടുക്കിവെച്ചവയാണ്
 താളാത്മകതയും അതിനെ പരിപോഷിപ്പിക്കുന്ന പ്രാസ നിവേശനവും വൃത്തബദ്ധതയും എല്ലാം തന്നെ നിർമ്മാണജ്ഞാനത്തിന്റെയും നിർമ്മാണചതുരതയുടേയും ഭാഗങ്ങളാണ്. ഇവ രണ്ടുംകൊണ്ട് സമ്പന്നരായ കവികൾ എക്കാലത്തും വായനാസ്വാദനക്ഷമതയുള്ള കവിതകൾ, പിന്നീട് ക്ലാസ്സിക്കുകൾ ആകുന്ന കവിതകൾ, സംഭാവന ചെയ്യുന്നു.  ഗദ്യശൈലീകാർ ഈ രാസപരിണാമ പ്രക്രിയയ്ക്ക് അസമർത്ഥരോ അതിനുള്ള ആയാസദോഷികളായ വിമുഖരോ ആണെന്നു പറയണം.

കവിതയുടെ സ്വധർമ്മം
-
.ഇവിടെ ഒറബിന്ദൊ ( Aurobindo) യുടെ കാവ്യകല്പനകൾ ആദരണീയം തന്നെ.കാഞ്ചത്തെ കാഞ്ചനമാക്കുന്ന കാവ്യചിന്താഭാഷാ പരിപാകം കവിയിൽ അന്തർലീനമായ  ഒരു അവകാശഭാഗ്യമാണ്. കവിതയുടെ നികടത്തോ കവിതയിൽ തന്നെ കടന്നുനിൽക്കുന്നതോ ആയ ഉദാത്ത ഗദ്യത്തിനുമപ്പുറത്തു പോയി, കൂടുതൽ മൂർത്തമായ മൊഴിപ്രകാശനം, ആ പ്രചോദിതവാക്ക്, അത് അടങ്ങുന്നതോ ദ്യോതിപ്പിക്കുന്നതോ ആയ, അരുള്, ആത്മാവിന്റെ ഉറവമുഖങ്ങളിൽനിന്ന് ഉയർന്നുപൊന്തുന്ന ചോദന തരുന്ന അർഥവ്യാപ്തിയുടെ ശക്തിയുള്ള താളത്മക ചാലനത്തിന്റെ ഏകത, താദാത്മ്യം, കണ്ടെത്തലാണത്. കവിയ്ക്ക് ഇതെപ്പോഴും സാധ്യമായില്ലെന്നുവരാം. പക്ഷെ ആ ലക്ഷ്യത്തെ തേടുന്നതായിരിക്കണം കവിമൊഴിയുടെ ഉന്നത പ്രവണത. അതു കണ്ടെത്തുകയും അതിനെ അഗാധതയിൽനിന്ന് വെളിപ്പെട്ട സത്തയിലെ സത്യത്തിലേക്കു സന്നിവേശിപ്പിക്കുകയും ചെയ്യുമ്പോൾ മഹാകവിത ജനിക്കുന്നു

 ഏന്നാൽ, ഭാവനയുടെ ആകർഷണം നമ്മിലെ നിമ്നതലങ്ങളോടാവുമ്പോൾ അല്ലെങ്കിൽ ബാഹ്യമനസ്സിനോടു മാത്രമാവുമ്പോൾ, കാവ്യതലം വിട്ട്  കേവല ഗദ്യത്തിനു ഒരു പടി മേലെയായി സാധാരണ ഭാഷണത്തിലെ അയഞ്ഞ പ്രയോഗരീതിക്കും മേലെ, അല്പം ഒതുക്കവും ചടുലതയുമുള്ള കാവ്യരൂപത്തിന്റെ മൂഖവലയണിഞ്ഞ ഒരു മേൽത്തരം ഗദ്യമായിരിക്കും  ഉണ്ടാവുക. ഉന്നതവും സൂക്ഷ്മവുമായ ഒരു പര്യാപ്തത, സഫലത, ബൗദ്ധികമായ പ്രബോധനം, ശ്രദ്ധയോടെ പാകംവരുത്തിയ രസജ്ഞത, ഇവ കലർത്തി ഈ  ഗദ്യത്തിന്റെ മൊഴിശക്തി വർദ്ധിപ്പിക്കാം. പക്ഷെ, താരതമ്യേനെ പദ്യത്തെ അപേക്ഷിച്ച് കാതരമായ ഗദ്യത്തിന് അതിന്റെ സാധാരണ തട്ടകം വിട്ട് കവിതയുടെ പ്രാന്തത്തിലെത്തുകയോ അന്തർഗമിക്കുകയോ സാധ്യമാകണമെങ്കിൽ  ശ്രദ്ധേയമായ താളാത്മക സമീകരണവും ദർശനങ്ങൾക്കുതകുന്ന ബിംബകല്പനയും പ്രഭവത്തായ പ്രാണശക്തിയുള്ള മൊഴിയും സമ്മേളിക്കണം

ഗദ്യശൈലിയിലുള്ള കവിത, വാക്കിന്റെ ബുദ്ധിപരമായ മൂല്യത്തിൽ മാത്രം ഉറച്ചൂനിൽക്കുന്നതിനാൽ ഈ വിധമായ ഒരു ഉത്തുംഗ ശ്രമം നടത്തുന്നില്ല. സംസാര ഭാഷയിൽ സാധാരണമല്ലാത്ത, താളച്ചേർച്ചയുള്ള വാക്കുകൾ വരുത്തുന്ന ഒഴുക്ക്, ധിഷണയെ തൃപ്തിപ്പെടുത്തുന്നതും സ്പഷ്ടീകരിക്കുന്നതുമായ വാക്കുകളുടെ പഥ്യമായും ദീപ്തമായും ഉള്ള പ്രയോഗം, എന്നിവയാൽ  കൃത്യമായ, ദുർബോധമായ, എന്നാൽ വഴങ്ങുന്നതും തോഷിപ്പിക്കുന്നതുമായ ഒരു ആവിഷ്കാരശൈലി മാത്രമാണത്. വചനത്തിന്റെ പോരിമ അതിനു സഹജമായ വാചാടോപം ഉൾപ്പെടെയുള്ള വിദ്യകൾ കൊണ്ട് വർദ്ധിപ്പിക്കുക എന്ന പ്രഥമ ലക്ഷ്യത്തിനപ്പുറം ചിലപ്പോൾ  കൂടിയ വികാരപ്രചോദനവും സൌന്ദര്യാനുഭൂതിയും കവിതയെ അനുസ്മരിക്കുന്ന ബിംബകല്പനയും അത് ഉൾക്കൊള്ളാമെങ്കിലും അവ ഗദ്യകവിതയിൽ  ബൌദ്ധികചിന്തയുടെ ആഭരണങ്ങൾ മാത്രമായി പരിണമിക്കുകയാണ്. കവി തേടുന്ന ഗഹനമായ, ജീവസ്സുറ്റ, ബൌദ്ധികനേർക്കാഴ്ച അവ നൽകുന്നില്ല. ഗദ്യശൈലി എപ്പോഴും അതിന്റെ വിധാതാവും വിധികർത്താവുമായ ബുദ്ധിയെ ഉറ്റുനോക്കുന്നു; എല്ലാ സഹായവിദ്യകളും ഉപയോഗിച്ച് ബുദ്ധിയെ ആശ്രയിച്ച് നിൽക്കുന്നു. ബുദ്ധിയുടെ പ്രധാനബലങ്ങളായ യുക്തിയും അഭിരുചിയും ആണ് ഗദ്യത്തിന്റെ ദൈവതങ്ങൾ; എന്നാൽ കവിതയ്ക്ക് അവ ഉപദൈവങ്ങൾ മാത്രം(ഒറബിന്ദൊ)


. യഥാർഥ ആസ്വാദനം അനുവാചകന്റെ ആത്മസത്തയിലാണ് സംഭവിക്കുന്നത്.  ആത്മാവിന്റെ ആഴങ്ങളിലേക്ക്  എത്തിച്ചേരുകയാണ് കവിതയുടെ സ്വധർമ്മം. എത്രയും നേരിട്ട് വാക്ക് ആത്മാവിന്റെ ആഴങ്ങളിലേക്ക് എത്തിച്ചേരുന്നുവോ അത്രയും ഉന്നതമായി കവിത സ്വധർമ്മം അനുഷ്ടിക്കുന്നുവെന്നു പറയാം.. ബുദ്ധിപരത, ഭാവനാവൈഭവം, ശ്രവണമാധുരി, ഇവ വാസ്തവത്തിൽ കവിതയുടെ ഉപകരണങ്ങളോ പ്രവാഹനാളികളോ മാത്രമായി കരുതിയാൽ മതി.. അനുവാചകന്റെ ആ ആത്മതുഷ്ടി ഉദാത്തമായ രസാനുഭൂതി എന്നതും കവിഞ്ഞ് ഒരു നവചേതനാസൃഷ്ടിയും പുതുവെളിച്ചവുമാകുമ്പോൾ അയാൾ യഥാർഥ കവിത കണ്ടെത്തുന്നു;  കവിത യഥാർഥ ആസ്വാദകനേയും. വാസ്തവത്തിൽ, സാങ്കേതിക നൈപുണ്യത്തിന് കാവ്യസൃഷ്ടിയിൽ പരിമിതമായ ഇടമേയുള്ളു.. കാരണം, ചോദനാജന്യമായ താളമായി, ഉള്ളിൽനിന്ന് തെളിഞ്ഞ വാക്കായി, കവിയുടെ ആത്മാവ് ശബ്ദിക്കുകയാണ്. ആ താളബദ്ധവാക്കിനു സ്വകീയമായ പല ദിശാ,മാനങ്ങളും  ഇന്ദ്രിയ വേദനത്തിനു പുറമേയുള്ള ബൗദ്ധിക മൂല്യവും താനേതന്നെ ലഭ്യമായിരിക്കും. അതിന്റെ ദൃശ്യപരവും വസ്തുപരവുമായ മാനങ്ങൾക്കപ്പുറം കവിയുടെ സ്വന്തം വീക്ഷണവും, മുഴങ്ങണ്ട ശബ്ദവും അതിലടങ്ങിയിരിക്കുകയും ചെയ്യും.

 കവിത പച്ചയായ ആത്മഗതമല്ല, അപ്പപ്പോൾ അനുഭവിക്കുന്ന വികാരം വിളിച്ചുപറയലുമല്ല.  കവിത ആവിഷ്കാരത്തെ കവിഞ്ഞും, സംവേദനമാണ്, അനുഭൂതി പകരലാണ്. ഈ തീവൃസംവേദനത്തിന് പ്രയത്നവും,ശിക്ഷണവും, അച്ചടക്കവും വേണം. എഴുത്ത് എന്ന കലയെക്കുറിച്ച് ആദരവും. അത് അണിയാനുള്ളതല്ല, അനുഭവിക്കാൻ, അറിയാൻ, ഉള്ളതാണ്. ആ അനുഭവമോ, നൈരന്തരാസ്ഥിത്വത്തിന്റെ ലയത്തിൽ  അസ്വസ്ഥതയുടെ തിരയിളക്കം അനുഭൂതമാക്കേണ്ടതുമാണ്. കവി വാക്കുകളോടുള്ള അത്യാവേശത്തിൽ ഉന്മത്തനാകണം. അർഥത്തിനുപരി ഒരോ വാക്കിന്റെയും വികാരങ്ങൾ, അടുപ്പം, എന്തിന്, സാമൂഹ്യമാനം വരെ പരിശോധിക്കണം കവിത വാക്കുകളൂടെ ഉന്നതമായ കൃത്യതയാണ്. ഗുസ്താവ്  ഫ്ലൗവ്ബേർട്(  Gustev Floubert)  പറഞ്ഞതുപോലെ " കവിത ജ്യാമിതിയേക്കാൾ കൃത്യമായിരിക്കണം". പ്രപഞ്ചസംവേദനത്തിന്റെ ശക്തിയായ വാഗ്‌ശക്തിയുടെ സാന്ദ്രതയായിരിക്കണം.  അന്തസത്തയ്ക്ക് അറിയാനുള്ള വഴി കവിതയിൽക്കൂടിയുള്ളതുപോലെ മറ്റൊരു കലാരൂപത്തിനുമില്ല

 , കവിതയിൽ,  ഭാവുകത്വത്തിന്റെ ഒരു പ്രതിലോമ രൂപമാണ് റീയലിസം എന്നു പറയാം. ജീവിതത്തിനെ  വിലങ്ങുന്ന യാഥാർഥ്യങ്ങൾ ഫലശക്തിയോടെയും ഉൽക്കടമായും പരിചയപ്പെടുത്തി സർഗ്ഗാത്മകമായ സത്യത്തെതന്നെയാണ് രണ്ടും അവതരിപ്പിക്കുന്നത്. പ്രകടമായതിനപ്പുറമുള്ള പരോക്ഷമാനങ്ങളെ വെളിപ്പെടുത്തുന്നതായിരിക്കണം കവിത. അത്  കവി  കണ്ട ഒരു ആശയത്തിൽ, ദർശനത്തിൽ,ഭാവനയിൽ, അടങ്ങിയിരിക്കുന്ന ഒരു ലോകത്തിന്റെ, അല്ലെങ്കിൽ, സത്യത്തിന്റെ നിർമ്മാണമാണ്. ആ സത്യം എത്ര ശക്തിയോടെ, പൂർണ്ണതയോടെ, ലാവണ്യത്തോടെ അവതതരിക്കപ്പെട്ടിരിക്കുന്നു എന്നതനുസരിച്ചായിരിക്കണം   കവിത വിലയിരുത്തപ്പെടേണ്ടത്. ഗതകാലവരേണ്യർ പറഞ്ഞുവച്ചതിനുമപ്പുറം, , കവിതയുടെ ഏറ്റവും അന്തഃപ്രകൃതമായ ഭാവുകത്വത്തിലൂടെ, ഭാവഗാനാത്മകതയിലൂടെ, വേണം ഈ പുതിയ സത്യത്തെ അനുഭൂതമാക്കാൻ; -- നാടകീയ ഐതിഹാസ, കവിതകളിലാണെങ്കിൽപോലും

.   അതുപോലെ, ആത്മനിഷ്ഠവും വസ്തനിഷ്ഠവും എന്ന എതിർദിശകളുടെ ഇടയിൽ ദോലമാനമായി വർത്തിക്കുന്ന കവിതയ്ക്കു് ഇവ തമ്മിലുള്ള വിവേചനങ്ങൾ താദാത്മ്യപ്പെടുത്തണമെങ്കിൽ ആദ്ധ്യാത്മികതലത്തിലേക്ക് ഉയരേണ്ടതുമുണ്ട്. അസ്ഥിരമായ വാക്കിനും കർമ്മത്തിനും അപ്പുറം ഉള്ള സ്ഥിരതയെ അന്യേഷിക്കുന്ന, മാനുഷികത്തിന്റെ അപൂർണ്ണതയിൽനിന്നും പൂർണ്ണതയിലേക്ക് പ്രയാണം ചെയ്യാനുള്ള ത്വര പ്രതിനിധാനം ചെയ്യുന്ന ആ ചിന്ത, അത് സത്യത്തിന്റെ ഗേഹത്തിൽനിന്നും ദൃഷ്ടാവിന്റെ ഹൃദയത്തിലേക്ക് അനുരണനം ചെയ്യപ്പെടുന്നത് കവിതയിലെ താളാത്മകമൊഴിയിലൂടെയാണ്. മനസ്സിന്റെ ഉച്ചസ്ഥായിലെത്തിയ ചില നിമിഷങ്ങളിൽ അതു അനുഭൂതമാക്കാൻ പഴയ കവിവരേണ്യർക്കു സാധിച്ചിട്ടുണ്ട്.

pic; Cr.Co.




















2012 ഫെബ്രുവരി 19, ഞായറാഴ്‌ച

ഇടശ്ശേരിയുടെ ക്രൂരതാരാധന

ഇടശ്ശേരിയുടെ ക്രൂരതാരാധന
 
മലയാളകവിതയിൽ, സാഹിത്യത്തിൽതന്നെയും, മറ്റെവിടെയും  കാണാത്ത ഒരു തരം സവിശേഷതയായി ക്രൂരതയുടെ അപദാനം, ആരാധന, ഇവ ഇടശ്ശേരിയുടെ കവിതകളിൽ കാണാനാകും. ആദ്യവായനയിൽ അനുവാചകനെ നടുക്കുന്ന ഈ കാവ്യപ്രസ്താവങ്ങൾക്ക് കവിയുടെ വിശദീകരണ,ന്യായ, ശ്രമങ്ങളോ എങ്ങുമില്ലതാനും.

"ക്രൂരതേ നീതാനത്രെ ശ്വാശ്വത സത്യം ! നിന്റെ
നേരെ ഞാൻ കൃതജ്ഞതാപൂർവ്വകമെറിയട്ടേ
"ഹേ,ദയാമയൻ, എന്ന സംബുദ്ധി, ഇതെന്നെന്നും
സ്വീകരിച്ചാവൂ പൂജാപുഷ്പമായ് നിൻ പാദങ്ങൾ"  (പൂജാപുഷ്പം)

" വിജയിക്ക മേൽക്കുമേൽ ക്രൗര്യമേ സംസ്കാര
വിഭവത്തിലെന്നുടെ പൈതൃകം നീ"   (മുള്ളൻചീര).

മറ്റൊരിടത്ത്,ഭാഗികമാണെങ്കിൽകൂടി:

"'ഹാ രക്ഷയ്ക്കാത്മകർമ്മം ശരണ, മിതരമി,-
ല്ലില്ല മാപ്പെ'ന്നഗീരിൻ
ക്രൂരത്വത്താലുയർത്തപ്പെടുക ഹൃദയമേ,
പിന്നെയും പിന്നെയും നീ."  (മാപ്പില്ല)

ഇടശ്ശേരിയുടെ ഈ പ്രസ്താവങ്ങളെ ജനിപ്പിച്ചത് ഏതുതരം ചേതോവികാരമാണ്? "സുഖിതമാകട്ടെയിപ്പാരൊക്കെ യെന്നത്ര
സുലഭമായ് പാടി പഠിച്ച കണ്ഠം" തന്നെ എങ്ങനെ ക്രൂരതയെ പാടിപുകഴ്ത്തുന്നു? ഈ ദർശനത്തെക്കുറിച്ച് കവി സിശ്ശബ്ദനാകയാൽ കവിയുടെ സാംസ്കാരികവും വ്യക്തിപരവും സാമൂഹ്യപരിസ്ഥിതിപരവുമായ പലമാനങ്ങളെയും അപഗ്രഥിച്ചു ഈ ദർശനസ്രോതസ്സ് നാം സ്വയം കണ്ടെത്തേണ്ടതുണ്ട്.

നമ്മുടെ ആധുനിക കവിവരേണ്യരിൽ മലയാളത്തനിമയിൽനിന്ന് ബോധപൂർവ്വം ഊർജ്ജംകൊണ്ട് കാവ്യസൃഷ്ടി നടത്തിയവരായ പീ. കുഞ്ഞിരാമൻ നായർ, വൈലോപ്പിള്ളി, ഇവരുടെ സൃഷ്ടികളിൽനിന്ന് അല്പം വിഭിന്നമായി കാർഷികസംസ്കാരത്തിൽ നിന്നുള്ള തേജോമയമായ പ്രതിഫലനങ്ങളാണ് ഇടശ്ശേരിക്കവിതകൾ. പ്രഥമ കൃഷീവലസംസ്കാരമായിരുന്ന ആര്യഗോത്രവർഗ്ഗസംസ്കൃതിയിൽനിന്നും ഉറവയെടുത്ത് മഹാപ്രവാഹമായി പലകൈവഴികളായി പരിണമിച്ച് ഭാരതദേശം പരക്കെ ഇന്നും  പ്രവഹിക്കുന്നതിന്റെ ഒരു കൈവഴിയാണ് കേരളകാർഷിക സംസ്കാരവും. കൃഷികർമ്മത്തെ അനുഗ്രഹിച്ചും പലപ്പൊഴും നിഗ്രഹിച്ചും വർത്തിച്ചിരുന്ന ദുർജ്ഞേയങ്ങളായിരുന്ന പ്രകൃതിശക്തികളെ ആര്യകൃഷീവലൻ ദൈവതങ്ങളാക്കി. ഈ ദൈവതങ്ങളെക്കുറിച്ചുള്ള വിസ്മയം ജ്ഞാനദർശനങ്ങൾക്കും, ഭീതി ആരാധനയ്ക്കും വഴിതെളിച്ചു. ക്രമേണ, ജ്ഞാനദർശനങ്ങൾ അസാധാരണരിലും, ഭീതികലർന്ന ആരാധന സർവ്വസാധാരണവുമായിത്തീർന്നു. ഈ ഭയാരാധനാബോധം ഭീതിയുടെ സ്വഭാവമായ വിപുലീകരണ-പർവ്വതീകരണ, വിചിത്രവൽക്കരണ സമ്പ്രദായങ്ങളിലൂടെ ആവിഷ്കാരം കണ്ടെത്തുന്നതാണ്,  പ്രാചീന ദേവതാമൂർത്തികളും തെയ്യങ്ങളും അവയെ പ്രീതിപ്പെടുത്താനുള്ള ആചാരാനുഷ്ടാനങ്ങളും. സമസൃഷ്ടികളെപ്പോലെതന്നെ, പ്രകൃതിയിലും സമസൃഷ്ടികളോടും മല്ലിട്ടു ജീവിച്ചിരുന്ന അവനു കൃഷികർമ്മത്തിനു പ്രകൃതിയെത്തന്നെ പ്രതിരോധിക്കണമെന്നും വന്നു. അതിനുള്ള നൈപുണ്യമാകട്ടെ മുകുള ദശയിൽ. . അവന്റെ പ്രയത്നങ്ങളിൽ ഉന്മൂലനാശം വിതയ്ക്കുന്ന  പ്രകൃതിയുടെ ഹിംത്സാത്മക താണ്ഡവങ്ങൾ.  ചുറ്റും, കൊന്നും തിന്നും മാത്രംകഴിയുന്ന ക്രൂരമായ കാട്ടുനീതി. പ്രകൃത്യാനുഭവം പ്രഥമമായും പ്രകടമായും ക്രുരമായിരുന്നു. ക്രൂരതമാത്രമാണു സത്യമെന്ന് അനുഭവങ്ങൾ അവനെ പഠിപ്പിച്ചു. അതിനെ അവൻ അടിസ്ഥാനപരമായും പ്രകൃതിസത്യമായി പ്രതിഷ്ടിച്ചു.
 "മാറിലമ്മിഞ്ഞയും കൈയ്യിൽക്കൊടും കൊല-
വാളുമെഴുമൊരു മൂർത്തി
കാവിലുണ്ടെങ്കിലുമില്ലെങ്കിലും ശരി
മേവിടുന്നുണ്ടയാൾക്കുള്ളിൽ"
 ക്രുരതയുടെ ഈ സമഷ്ടിയായ മൂലഭാവത്തിൽ  ഏകപരമോ താൽകാലികമോ നൈമിഷികമയെങ്കിലുമോ ആയ കാരുണിക ഭാവഭേദം വരുത്തുവാനുള്ള പ്രീണനോപായങ്ങളായിത്തീർന്നു, അചാരങ്ങളും അനുഷ്ടാനങ്ങളും. അത്തരം കാർഷികസംസ്കാരത്തിന്റെ കഥാനുഗായിയായ ഇടശ്ശേരി ആ നിഷ്ടുര സത്യത്തിനു തന്റെ രചനാപുഷ്പങ്ങളാൽ അർച്ചന ചെയ്യുന്നു.


മറ്റുകവികളെല്ലാവരും തന്നെ പ്രകൃതിയുടെ ക്രുരത പ്രമേയമാക്കിയിട്ടുണ്ട്. പക്ഷെ ക്രൂരതയെ  പ്രകൃതിയുടെ മൂലസത്യമായി, " നീ താൻ സത്യ"മായി, മൂലപ്രതിഷ്ടയാക്കി വന്ദിച്ചു പൂജിക്കുന്നത് ഇടശ്ശേരി മാത്രം. അതിന്റെ കാരണവും അപഗ്രഥിക്കേണ്ടിയിരിക്കുന്നു. അതിനു നിദാനമായത് കവിയുടെ പ്രത്യേക ജീവിതസാഹചര്യങ്ങളായിരുന്നു. വക്കീൽ ഗുമസ്തനായിരുന്ന ഇടശ്ശേരിക്കു നിരന്തരമായി ക്രൂരതയുടെ നിരവധി മുഖങ്ങളുമായി ഒരു കവിഹൃദയത്തിനു ഒരിക്കലും സമരസപ്പെടാനാവില്ലത്ത തരത്തിൽ ഇടപെടേണ്ടിയിരുന്നു. നിരവധി കുടിയൊഴിപ്പിക്കലുകൾ, പുരയിട ജപ്തികൾ, എന്നുവേണ്ട, ഇന്നു നാം കേട്ടിട്ടില്ലാത്ത വിളകണ്ടുകെട്ടൽ, ദുഷിച്ച ഗ്രാമീണ സാമൂഹ്യ,സാമ്പത്തിക വ്യവസ്ഥിതിയുടെ നിഷ്ടുരമുഖങ്ങൾ, എല്ലാത്തിനും നിസ്സഹായനായി നിയമചക്രത്തിന്റെ ഒരു പല്ലെന്ന നിലയ്ക്കു അദ്ദേഹത്തിനു മൂകസാക്ഷിയാകേണ്ടിവന്നിരുന്നു, വീട്ടിലിരുന്നാലും കോടതിയിലായാലും മുന്നിൽ കാണുന്നത് ദുരവസ്ഥകളുടെ നീണ്ട ഘോഷയാത്ര, അവയിൽ മിക്കവയിലും ക്രൂരതയുടെ ആ ഴത്തിലുള്ള ദംഷ്ട്രാവൃണങ്ങൾ. "പുത്തൻകലവും അരിവാളും" ഒരു വിള ജപ്തിചെയ്യുന്നതിനു മൂകസാക്ഷ്യം വഹിക്കണ്ടതായി വന്നതിന്റെ വേദന ഉറവപൊട്ടിയതാണ്. "കുടിയൊഴുപ്പിക്കൽ" എന്ന പ്രസിദ്ധമായ കവിത തന്നെയുണ്ട്. തടസ്സമായി നിൽക്കുന്ന മുള്ളഞ്ചീരകളെ പിഴുതുമാറ്റാൻ യാതൊരു ദാക്ഷിണ്യവും വേണ്ട; കാരണം " ക്രൗര്യമേ സംസ്കാര വിഭവത്തിലെന്നുടെ പൈതൃകം നീ".  ക്രൂരത നിത്യസത്യമായും വല്ലപ്പോഴും വീണുകിട്ടുന്ന കനിവ്  ക്രൂരതയുടെ സത്യം കൂടുതൽ ഗാഢമായി ഉറപ്പിക്കനുള്ളതുമാണെന്ന കാർഷികസംസ്കാരദർശനം ഉള്ളിൽ നിറഞ്ഞുനിന്ന കവിയ്ക്ക് അത് വ്യക്തിപരമായി അതിശക്തമായി അനുഭവവേദ്യമായപ്പോൾ അദ്ദേഹം അത് കവിതയിൽക്കൂടി പ്രഖ്യാപിച്ചു. കവിത ബുദ്ധിയിൽ തെളിയുന്ന സത്യമല്ല, ഹൃദയത്തിൽ അനുഭവിച്ചറിയുന്ന സത്യമാണെന്ന് ഇടശ്ശേരിക്കവിതകൾ ഉൽഘോഷണം ചെയ്യുന്നു..ക്രൗര്യത്തിന്റെ സന്തതിയായി മാത്രമേ കനിവിനെ ഇടശ്ശേരി കാണുന്നുള്ളു.

2010 ഡിസംബർ 19, ഞായറാഴ്‌ച

അയോദ്ധ്യയുടെ യുദ്ധകാണ്ഡം


അയോദ്ധ്യയുടെ യുദ്ധകാണ്ഡം


ഡോ. ഗോപാൽ ഉണ്ണീകൃഷ്ണ

ത്രേതായുഗം മുതൽ ഉരുത്തിരിഞ്ഞ ചരിത്രം അയോദ്ധ്യയുടെ നീണ്ടു വളഞ്ഞ രാജവീഥികളിലും ഉപ വീഥികളിലും ഉറങ്ങിക്കിടക്കുന്നു. ശ്രീരാമപാദം തഴുകിയൊഴുകിയ സരയൂനദിയിലൂടെ എത്രയോ ഹിമവൽജന്യ ജലം സാഗരാഭിമുഖം പ്രയാണം ചെയ്തിരിക്കുന്നു. രാജ,പ്രജ വ്യത്യാസമില്ലാതെ സുഖ,ദുഃഖ പൂരിതമായ, മനുഷ്യ ജന്മ കഥാനുഗായിയായിരുന്നു ആ ഭഗവൽ ജന്മം പോലും! ഒരു ജനതയുടെ മുഴുവൻ വിശ്വാസകേന്ദ്രമായ ആ ന്മസ്ഥലിയും അവിടെ നൂറ്റാണ്ടുകളുടെ ഭക്തി പടുത്തുർത്തിയ ക്ഷേത്രത്തിന്റെ കഥയും ഭഗവൽജന്മത്തെപ്പോലെ തന്നെ സുഖ,ദുഃഖ സമ്മിശ്രമാണ്. ഭാരതത്തിന്റെ നാനാദിശകളിൽനിന്നും വീശി എത്തിയിരുന്ന ഭക്തിവാതത്തിന്റെ സുഖാലസ്യത്തിൽ സരയുവിന്റെ ശാന്തപ്രവാഹംപോലെ നൂറ്റാണ്ടുകൾ പിന്നിട്ട ബാലകാണ്ഡത്തിനു ശേഷം ആ ജന്മസ്ഥലിയും അതു രേഖപ്പെടുത്തുന്ന രാമക്ഷേത്രത്തിന്റെയും കാലഗതിയിലെ യുദ്ധകാണ്ഡം തുടങ്ങുകയായി. ഇടിവെട്ടുന്ന പീരങ്കികളും ഭൂമിയെ വിറപ്പിക്കുന്ന അശ്വഘോഷങ്ങളുമായി വടക്കുപടിഞ്ഞാറൻ ഹിമാലയ ചുരങ്ങളിലൂടെ മുഗൾ സൈന്യം നയിച്ച് ബാബർ എത്തുന്നു, 16 ആം നൂറ്റാണ്ടിൽ. ഇന്ന് 21 ആം നൂറ്റാണ്ടിൽ എത്തിനിൽക്കുമ്പോഴും തീരുന്നില്ല ആ യുദ്ധകാണ്ഡം.. യുഗങ്ങളുടെ കാലഗണനയിൽ നൂറ്റാണ്ടുകൾ വെറും വാസരങ്ങൾ മാത്രമാണല്ലൊ.


അയോദ്ധ്യ

ഉത്തർപ്രദേശിലെ ഫൈസബാദ് ജില്ലയിൽ സരയൂ നദിയുടെ വലതുകരയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറുപട്ടണമാണ് അയോദ്ധ്യ.. ഗംഗാനദിയുടെ പോഷകനദിയായ ഘാഘരയുടെ( Ghaghara River) കൈവഴിയായോ നദിയായിത്തന്നെയൊ കരുതപ്പെടുന്ന സരയൂനദി, ഹിമാലയ സാനുക്കളിൽ കുമാ‍ഓൺ- നേപ്പാൾ മലയിടുക്കളിൽനിന്നും ഉത്ഭവിക്കുന്നു. അഥർവ്വവേദത്തിൽ ( ബി.സി.ഇ.(Before Common Era)12-10 ശതകം) സരയൂനദിയെക്കുറിച്ചു പരാമർശമുണ്ട്.. പ്രാചീന ആര്യവർഗ്ഗത്തിന്റെ സൂര്യവംശ രാജകുലത്തിലെ രാജാവായിരുന്ന അയുദ്ധൻ ( അജയ്യൻ എന്ന് അർഥം) സ്ഥാപിച്ചതാണു അയോദ്ധ്യ എന്നാണു വിശ്വാസം. ഭഗവാൻ ശ്രീരാമന്റെ പിതാവായ ദശരഥൻ സൂര്യകുലത്തിലെ 63‌‌ ‌‌‌ആം രാജാവായിരുന്നു. ദശരഥന്റെ മുൻ‌ഗാമിയായിരുന്ന കൌസല രാജാവ് താൻ സ്ഥാപിച്ച കോസല രാജ്യത്തിന്റെ തലസ്ഥാനമാക്കി, അഥർവ്വവേദത്തിൽ വിശേഷിപ്പിക്കുന്നതുപോലെ “ ദൈവങ്ങൾ നിർമ്മിച്ച സ്വർഗ്ഗമായി അയോദ്ധ്യയെ വികസിപ്പിച്ചുവത്രെ . അന്നത്തെ അയോദ്ധ്യയ്ക്കു 250 ച.കി..മീ വിസ്തൃതി ഉണ്ടായിരുന്നതായിട്ടാണ് പുരാണങ്ങൾ പറയുന്നത്. (ഇന്നാകട്ടെ,, 10.24 ച.കി.മീ.മാത്രം).

സി.ഇ. (Common Era)127 ൽ കനിഷ്കരാജാവ് അയോദ്ധ്യ പിടിച്ചടക്കിയതോടെ, പിന്നീട് 6‌ ആം ശതകം വരെ ഇവിടം സാകേതം എന്നാണു അറിയപ്പെട്ടിരുന്നത്. എന്നാൽ കനിഷ്ക്കന്മാർ ക്ഷയിച്ചതോടെ ഇവിടം അയോദ്ധ്യ എന്ന പൂർവ്വനാമം വീണ്ടെടുത്തു. ഹിന്ദുമത വിശ്വാസികളുടെ ഏഴ് പുണ്യനഗരികളിൽ ഒന്നാണു അയോദ്ധ്യ

“അയോദ്ധ്യാ, മഥുര,മായാ,കാശി, കാഞ്ചി, അവന്തികാപുരി, ദ്വാരാവതി, ചൈവ സപ്തതെ മോക്ഷദായിക”
( മായ =ഹരിദ്വാർ; അവന്തികാപുരി= ഉജ്ജ്യയിനി; ദ്വാരാവതി= ദ്വാരക)

അതേസമയം, അയോദ്ധ്യ ബുദ്ധ,ജൈവ മതങ്ങളുടെ പ്രധാന കേന്ദ്രവുമായിരുന്നു. ശ്രീബുദ്ധൻ പലപ്രാവശ്യം അയോദ്ധ്യ സന്ദർശിച്ചിരുന്നതായി ചീന സഞ്ചാരി ഫാബിയാൻ (സി.ഇ.4‌‌ ‌ആം ശതകം) രേഖപ്പെടുത്തുന്നുണ്ട്.. ആദ്യ ജൈന തീർഥങ്കരനായ ശ്രീ ഋഷഭദേവൻ ഉൾപ്പെടെ 5 തീർഥങ്കരന്മാരുടെ സ്വദേശമാണ് അയോദ്ധ്യ..മൌര്യ, ഗുപ്ത സാമ്രാജ്യ കാലങ്ങളിൽ പുറം‌രാജ്യങ്ങളിൽ സാകേതമെന്ന് അറിയപ്പെട്ടിരുന്ന അയോദ്ധ്യ വാണിജ്യപ്രധാനമായ ദേശവുമായിരുന്നു. ഇതിന്റെ ചില സൂചകങ്ങൾ കൊറിയൻ ചരിത്രത്തിൽനിന്നും ലഭിയ്ക്കുന്നുണ്ട്.. സി.ഇ. 48 ൽ ഭാരതത്തിൽനിന്നും കപ്പൽ വഴി കൊറിയയിൽ എത്തിയ സംഗുക് യുസ (Samguk Yusa) ( സംയുക്ത ഉഷ?) എന്ന രാജകുമാരി അവിടുത്തെ രാജാവിനെ വിവാഹം കഴിക്കുകയും ഹിയോ ഹ്വാങ്-ഒകെ ( Heo Hwang-ok) എന്ന കൊറിയൻ നാമം സ്വീകരിച്ച്, Geumgwan Gaya രാജകുലം സ്ഥാപിച്ചുവെന്നും ഒരു കൊറിയൻ ഐതിഹ്യം.ഉണ്ട്. കൊറിയൻ കിം (Kim) കുടുംബം ഇവരുടെ പിൻ‌തുടർച്ചക്കാർ ആണത്രെ. Kimhae എന്നും Heo എന്നും വംശനാമങ്ങൾ അവിടെ ഇന്നും തുടരുന്നു.

സൂര്യവംശം ഋഗ്വേദ കാലത്തുള്ള( ബി.സി.ഇ. 15‌ ‌‌ആം ശതകം) പ്രബല ഗോത്രവർഗ്ഗ രാജകുലമാണെന്നെതിനാലും, രാമൻ,സീത, ദശരഥൻ,,ജനകൻ, വസിഷ്ടൻ, വിശ്വാമിത്രൻ, ഈ നാമങ്ങൾ എല്ലാംതന്നെ വേദത്തിൽ കാണപ്പെടുന്നതിനാലും രാമായണ കഥാ സംഭവങ്ങൾ ഋഗ്വേദ കാലത്തിനു മുമ്പുണ്ടായതാണെന്നു അനുമാനിക്കാം. എന്നാൽ രാമയണ കഥാഖ്യാനം ഋഗ്വേദത്തിലില്ല. ഒരു ഇതിഹാസമായി രാമായണ കഥ രൂപപ്പെടുന്നതും രേഖപ്പെടുന്നതും കാലങ്ങൾ കഴിഞ്ഞ് ബി.സി.ഇ.8 മുതൽ 4 ലാം ശതകത്തിനിടയിലുള്ള കാലത്താണ് ( 8-7 ശതകം: A.L.Basham; 4‌ആം ശതകം:D Sankalia:). സി.ഇ.ഒന്നാം ശതകത്തിൽ തന്നെ അയോദ്ധ്യയിൽ രാമജന്മഭൂമി സ്മരണാർഥമായി നിർമ്മിച്ച ക്ഷേത്രം നിലവിലുണ്ടായിരുന്നതായി അക്കാലത്തേതെന്നു കരുതുന്ന സ്കണ്ഡപുരാണത്തിൽ നിന്നും മനസ്സിലാക്കാം.

ബാബറി മസ്ജിദ്

1525 ൽ ഭാരതത്തിൽ എത്തിയ ബാബർ ആദ്യം പാനിപ്പാട്ടു യുദ്ധത്തിൽ ഇബ്രാഹിം ലോദിയെയും,പിന്നീട് ഖൻ‌വാ യുദ്ധത്തിൽ ചിത്തോർഗാഡിലെ റാണാ സംഗ്രാം സിങ്ങിനെയും പീരങ്കികളുടെയും കുതിരപ്പട്ടാളത്തിന്റെയും സഹായത്തോടെ തോൽ‌പ്പിച്ച് ഉത്തരഭാരതത്തിൽ തന്റെ ആധിപത്യം ഉറപ്പിച്ചു. തുടർന്നു, വ്യാപകമായ തോതിൽ മുസ്ലീം മത പ്രചരണാർത്ഥം പ്രധാന ഹിന്ദുക്ഷേത്രങ്ങൾ നശിപ്പിച്ച് അവിടെയെല്ലാം തന്നെ പള്ളികൾ പണിയുന്ന ഉദ്യമം തുടങ്ങിവെച്ചു.
( Mirza Jan, Hadiqa-i Shahada (“The garden of martyrdom”),1856, Lucknow,) 1528 ൽ തന്റെ ഒരു ജനറൽ ആയിരുന്ന മിർ ബകിയെ അയോദ്ധ്യയിലേക്കു അയക്കുകയും ( മിർ ബകി അപേക്ഷിച്ചതനുസരിച്ചാണെന്നും പറയുന്നു) ക്ഷേത്രം നിന്നിരുന്ന സ്ഥലത്തുതന്നെ "ജന്മസ്ഥാൻ പള്ളി" എന്ന പേരിൽ പള്ളി പണി തുടങ്ങുകയും പണി മുഴുമിപ്പിച്ചപ്പോൾ 'ബാബറി പള്ളി" എന്നു പുനർനാമകരണം ചെയ്തതായും പറയുന്നു. അന്നത്തെ ഏറ്റവും വലിയ പള്ളിയായിരുന്നു അതെന്നാണു പറയപ്പെടുന്നത്. തുടക്കത്തിൽ നാമമാത്രമായ ആരാധന നടന്നിരുന്നുവങ്കിലും, മുസ്ലീം മതസ്ഥർ ന്നു കുറവായിരുന്നതിനാലും മറ്റ് ആരാധനാലയങ്ങൾക്കുമേൽ നിർമ്മിച്ച പള്ളികളിൽ ആരാധന നടത്തുന്നത് മുസ്ലീം മതവിശ്വാസമനുസരിച്ചു നിഷിദ്ധമായതിനാലുമാവാം ഈ പള്ളിയിൽ ഒരിക്കലും നിർവിഘ്നമായ ആരാധന നടന്നിരുന്നില്ല. 1936 നു ശേഷം പള്ളി ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ദിവസം അഞ്ചുനേരം നിസ്കരിക്കുന്നതുകൊണ്ട് മുസ്ലിമുകൾക്കു പള്ളിയിലെ ആരാധന ഒഴിച്ചുകൂടാൻപാടില്ലാത്തതല്ലെന്നും അതിനു രണ്ടാംതരം പ്രാധാന്യമേയുള്ളെന്നുതുമാവാം. 

സമീപകാല ചരിത്രം

Joseph Tieffenhaler എന്ന ഫ്രെഞ്ച് ജെസ്യൂട് പുരോഹിതൻ 1788 ൽ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിലാണ് ബാബറി മസ്ജിദ് രാമജന്മസ്ഥലത്താണു സ്ഥിതിചെയ്യുന്നതെന്ന വാസ്തവം സമീപകാലത്ത് ആദ്യമായി 
അറിയപ്പെടുന്നത്. അതിൽ പറയുന്നു: “ ഔറങ്ങ്സേബ് ചക്രവർത്തി[?] അയോദ്ധ്യയിൽ രാംകോട്ട് എന്ന കോട്ട തകർക്കുകയും തൽ‌സ്ഥാനത്ത് മൂന്നു കുപ്പോളകൾ ( കുംഭഗോപുരങ്ങൾ) ഉള്ള ഒരു പള്ളി പണിയുകയും, പിന്നീട് ഹിന്ദുക്കൾ ജഹാംഗീർ ചക്രവർത്തിയുടെ കാലത്തും ഇതുപോലെ ഉണ്ടായ ക്ഷേത്ര ധ്വംസനങ്ങളെ ചെറുത്തിരുന്നതുപോലെ ഔറംഗസേബിന്റെ മരണാനന്തരം 1707 ൽ പല യുദ്ധങ്ങൾ നടത്തി വീണ്ടെടുത്ത് വീണ്ടും കോട്ടകെട്ടി സംരക്ഷിക്കുകയും ചെയ്തു.“[ ബാബറിനു ശേഷവും നശിപ്പിക്കലും വീണ്ടെടുക്കലും ചെറു യുദ്ധങ്ങൾ തന്നെയും പല പ്രാവശ്യവും നടന്നിരുന്നതായി തോന്നുന്നു.] 1767 ൽ ഇവിടെ രാമനവമി ആഘോഷിക്കുന്നത് അദ്ദേഹം രേഖപ്പെടുത്തുന്നു. പിന്നീട് 1885 വരെയും രാംകോട്ട് എന്നറിയപ്പെട്ടിരുന്ന രാമജന്മഭൂമി ക്ഷേത്രത്തിൽ ആരാധന തുടർന്നിരുന്നുവെന്നും 1857 ൽ നടന്ന


ശിപായിലഹളയെ തുടർന്നു 1859 ൽ ബ്രിട്ടീഷുകാർ ഇവിടെ പള്ളിയുടെ വശത്ത് കൈവരി-മതിൽ കെട്ടുകയും പുറത്ത് ഒരു പ്ലാറ്റ്ഫോം നിർമ്മിച്ച് അവിടെ ഹിന്ദുക്കൾക്ക് ആരാധനാസൌകര്യം ഒരുക്കിയതായും ജില്ലാ കമ്മീഷണറായിരുന്ന P.Carnegy യുടെ 1870 ലെ ഭരണ രേഖകളിൽ കാണുന്നു. 1858 ൽ പള്ളിയുടെ മുവാസ്സിൻ ( Muassin) സർക്കാരിനയച്ച ഒരു ഹർജിയിൽ ഹിന്ദുക്കൾ പള്ളിയുടെ മുറ്റത്ത് വളരെക്കാലമായി ആരാധന നടത്തുന്നതാണെന്നു പ്രസ്താവിക്കുന്നുണ്ട്. 1905 ലെ ജില്ലാ ഗസറ്റിയറിലും ഇതു പറയുന്നുണ്ട്: “പള്ളിയുടെ മുൻപിൽ ഒരു അടച്ചുകെട്ടുണ്ടാക്കി (enclosure) അവിടെ ഹിന്ദുക്കൾ പടുത്ത ഒരു പ്ലാറ്റ്ഫോമിൽ ആരാധന നടത്തുന്നു.”.


കോർട്ട്‌ കേസുകൾ


അയോദ്ധ്യ രാമജന്മഭുമി-ബാബറി മസ്ജിദ്‌ തർക്കവിഷയം സംബന്ധിച്ച കോർട്ടു കേസുകൾക്കു 1885 മുതലുള്ള ചരിത്രമാണ്‌. ആ വർഷം ജനുവരി 19 ന്‌ ജന്മസ്ഥാൻ പൂജാരി (മഹന്ത്‌) ആയിരുന്ന രഘുബീർ പ്രസാദ്‌ രാമജന്മസ്ഥലമായിക്കരുതുന്ന ചബൂത്രയിൽ രാമക്ഷേത്രം പണിയാൻ അനുമതി തേടി ഫൈസാബാദ്‌ സബ്കോടതിയിൽ കേസ്‌ ഫയൽ ചെയ്തു. ഒരു ബ്രാഹ്മണനായിരുന്ന സബ്ജഡ്ജി പണ്ഡിറ്റ്‌ ഹരികിഷൻ ഫെബ്ര്യ്‌വരി 24 നു തന്നെ പ്രസ്താവിച്ച വിധിയിൽ, ചബൂത്ര ഇരിക്കുന്ന സ്ഥലം വാദിക്ക്‌ അവകാശപ്പെട്ടതാണെങ്കിലും അത്‌ ബാബറി മസ്ജിദിനോട്‌ ചേർന്ന സ്ഥലമായിരിക്കുന്നതിനാൽ തൊട്ടടുത്ത്‌ അന്യമത ആരാധനാലയങ്ങൾ പാടില്ല എന്ന സർക്കാർ നയത്തിനു വിരുദ്ധമാകുമന്നു കാണിച്ച്‌ അനുമതി നിഷേധിച്ച്‌ കേസ്‌ തള്ളി. തുടർന്ന് രഘുബീർ ഫൈസാബാദ്‌ ജില്ലാക്കോടതിയിൽ അപ്പീൽ കൊടുത്തു . ജഡ്ജി Col.J.E.A. Chambier 1886 മാർച്ച്‌ 17 നു സ്ഥലം പരിശോധിച്ചതിനുശേഷം പുറപ്പെടുവിച്ച വിധിയിൽ പറയുന്നു:
"ബാബർ ചക്രവർത്തി നിർമ്മിച്ച മസ്ജിദ്‌ അയോദ്ധ്യാ നഗരിയുടെ അതിർത്തിയിലാണെന്നു കാണുന്നു....ഹിന്ദുക്കൾ പാവനമെന്നു കരുതുന്ന സ്ഥലത്തുതന്നെ പള്ളി പണിതത്‌ നിർഭാഗ്യകരമായിപ്പോയി. എന്നാൽ 356 വർഷങ്ങൾക്കു മുൻപാണതു നടന്നത്‌ അതിനാൽ ഇപ്പോൾ പരിഹരിക്കുവാൻ കഴിയാത്തവണ്ണം താമസിച്ചുപോയി. വർത്തമാന സ്ഥിതി തുടരുകയേ നിർവ്വാഹമുള്ളു".
വർത്തമാനസ്ഥിതിയിൽ ലേശം പോലും വ്യതിയാനം വേണ്ടെന്നുവച്ച്‌ മഹന്തിനു കീഴ്ക്കോടതി അംഗീകരിച്ച വസ്തുവിലെ അധികാരവും റദ്ദാക്കി. . കേസ്‌ ഉടനെതന്നെ ഔധ്‌ ജുഡീഷ്യൽ കമ്മീഷണർ W.Young ന്റെ പരിഗണനയ്ക്കെത്തുന്നു. അവിടെയും തഥൈവ. പക്ഷെ അനുകമ്പ ധാരാളം .1886 നവംബർ 1 ന്‌ കേസ്‌ തള്ളിക്കൊണ്ട്‌ ജഡ്ജ് Young പറയുന്നു:
" ബാബർ ചക്രവർത്തിയുടെ മതവിദ്വേഷവും നിഷ്ടുര ശാസനയും മൂലം ഹിന്ദുക്കളുടെ ഈ പാവന സ്ഥലം തന്നെ തിരഞ്ഞെടുത്ത്‌ നിർമ്മിച്ച ഈ പള്ളിയുടെ ചുറ്റുമതിലിന്നുള്ളിലാണ്‌ നിർദ്ദിഷ്ട സ്ഥലം. പള്ളിയുടെ പര്യന്തത്തിലുള്ള ചിലയിടങ്ങളിലേക്കു എത്തിച്ചേരൻ ഹിന്ദുക്കൾക്കിപ്പോഴുള്ള ചുരുങ്ങിയ അവകാശം വർദ്ധിപ്പിച്ചു സീതാ കീ രസോയി, രാമജന്മസ്ഥാനം എന്നീയിടങ്ങളിൽ ക്ഷേത്രം നിർമ്മിക്കുവാൻ അവർ വർഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നു".
ഇതോടുകൂടി ആദ്യത്തെ നിയമ യുദ്ധം സമാപിച്ചു. പിന്നീട്‌ 1934 ൽ അടുത്ത ഗ്രാമത്തിലുണ്ടായ ഒരു ഗോഹത്യയെത്തുടർന്നുണ്ടായ ലഹളയിൽ മസ്ജിദിന്റെ മധ്യ കുംഭഗോപുരത്തിനുണ്ടായ നാശം സർക്കാർ നികത്തിക്കൊടുത്ത സംഭവമൊഴിച്ചാൽ അടുത്ത 48 വർഷത്തേക്കു തർക്കം നിദ്രയിലാണ്ടു കിടന്നു.

പ്രശ്നം വീണ്ടും സജീവമാകുന്നത്‌ 1948 ലാണ്‌. സർക്കാർ ഉദ്യോഗസ്ഥതലത്തിൽ തർക്കത്തിലിടപെടുകയും ഒരു ഉത്തരവിലൂടെ പള്ളിയുടെ പ്രധാന വാതിൽ അടയ്ക്കുകയും മുസ്ലീമുകൾ അതിന്‌ 200 വാരയ്ക്കകത്തു പ്രവേശിക്കുന്നതു നിരോധിക്കുകയും വശത്തുള്ള ഒരു വാതിലിൽക്കൂടി ഹിന്ദുക്കൾക്കു അകത്ത്‌ ആരാധന അനുവദിക്കുകയും ചെയ്തു. അടുത്ത വർഷം, 1949 ഡീസംബർ 22/23 രാത്രിയിൽ പ്രധാന കുംഭഗൃഹത്തിനുള്ളിൽ ശ്രിരാമവിഗ്രഹം പ്രതിഷ്ടിക്കപ്പെട്ടു. മുസ്ലീമുകളുടെ പ്രതിഷേധത്തെ തുടർന്ന് ഇവിടം തർക്കസ്ഥലമായി പ്രഖാപിക്കുകയും പള്ളി അടയ്ക്കുകയും ചെയ്തു. എന്നാൽ പ്രതിഷ്ടിക്കപ്പെട്ട വിഗ്രഹങ്ങൾ മാറ്റാൻ ആരും ധൈര്യപ്പെട്ടില്ല, പ്രധാനമന്ത്രി നെഹ്രുവിന്റെ അതിനുള്ള നിർദ്ദേശം മുഖ്യമന്ത്രി ഗോവിന്ദ വല്ലഭ പന്തിന്‌ ഉണ്ടായിരുന്നിട്ടുകൂടി. അന്ന്ത്തെ ജില്ലാ മജിസ്ട്രേറ്റ് കെ കെ കെ നയ്യാർ വിഗ്രഹം മാറ്റാൻ കഴിയില്ലെന്നും വേണമെങ്കിൽ സ്ഥാനമൊഴിയുവാൻ സന്നദ്ധനണെന്നും അറിയിക്കുകയാണുണ്ടായത്‌. അലഹബാദ്‌ ഡിവിഷൺ കമ്മീഷണർ S.S.S Dar സർക്കാരിന്‌ എഴുതി: “സ്ഥിതിഗതികൾ പഠിക്കുകയും ചർച്ചചെയ്തതിനും ശേഷം വമ്പിച്ച ലഹള സാധ്യത കണക്കിലെടുത്ത് വിഗ്രഹങ്ങൾ തൽക്കാലം മാറ്റാതിരിക്കുകയാണ്‌ ആശാസ്യമെന്ന്‌ കരുതുന്നു. കുറച്ചുകാലത്തിനു ശേഷം സ്ഥിതി ശാന്തമായിക്കഴിഞ്ഞാൽ സ്ഥായിയായ പരിഹാരം കാണാം.“ അതുവരേക്കുമുള്ള നടപടിയായി ഡിസംബർ 29 നു അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്‌ തർക്കവസ്തു ഏറ്റെടുക്കുകയും മുൻസിപ്പൽ ബോർഡ്‌ ചെയർമാൻ പ്രിയ ദത്ത്‌ രാമിനെ റിസീവർ ആയി നിയമിക്കുകയും ചെയ്തു. തുടർന്നു, ഇന്നുവരെ തുടരുന്ന നിയമയുദ്ധത്തിനു തുടക്കം കുറിക്കുകയായിരുന്നു.

1950 ജനുവരി 16 ന്‌ സ്ഥലവാസിയായ ഗോപൽ സിങ്ങ്‌ വിശാരദ്‌ രാമവിഗ്രഹത്തിൽ ആരാധന നടത്താനുള്ള അവകാശത്തിനുവേണ്ടി ഫൈസാബാദ്‌ സിവിൽ കോടതിയിൽ ഹർജി സമർപ്പിച്ചു ( suit No. 2 of 1950). അതേവർഷം ഡിസംബർ 5 നു മഹന്ത്‌ പരമഹൻസ രാമചന്ദ്ര ദാസ്‌ ഇതേ ആവശ്യത്തിനു മറ്റൊരു കേസും ഫയൽ ചെയ്തു ( suit No. 25 0f 1950). ( ഈ കേസ്‌ നിരാശപൂണ്ട് 1990 ആഗസ്റ്റിൽ പിൻവലിക്കപ്പെട്ടു) ഈ കേസുകളിൽ സിവിൽ ജഡ്ജി N.N.Chadda ഒരു ഇടക്കാല ഉത്തരവിൽ പൊതുജനങ്ങൾക്ക്‌ പ്രവേശനമില്ലാതെ പൂജാരിക്കുമാത്രം പൂജ നടത്തനുള്ള അനുമതി നൾകി. ഈ വിധിക്കെതിരെ മറ്റൊരു സ്ഥലവാസിയയ മുഹമ്മദ്‌ ഹഷിമും കൂട്ടരും ഹൈക്കോടതിയിൽ റിട്ട്‌ കൊടുത്തു. 1955 ൽ വർത്തമാന സ്ഥിതി തുടരുവാൻ മാത്രം ഡിവിഷൻ ബെഞ്ച്‌ താൽക്കാലികമായി വിധിക്കുകയും അവസാന വിധി 6 മാസ്ത്തേക്കു മാറ്റി വെക്കുകയും ചെയ്തു. പക്ഷെ പിന്നീടൊന്നും സംഭവിച്ചില്ല. 1959 ൽ ഒരു ഹിന്ദു സംഘടനയായ നിർമോഹി അഖര തർക്കഭൂമിൽ അവകാശം കാണിച്ച്‌ അവരുടെ കേസ്‌ ഫയൽ ചെയ്തു( suit No. 26 of 1959) അതോടെ, ഇതുവരെ വ്യക്തികളായി നടത്തിയിരുന നിയമയുദ്ധം സംഘടനകളും ഏറ്റെടുത്തു. 1961 ഡിസംബർ 18 നു യു.പി. സുന്നി സെൻട്രൽ ബോർഡ്‌ ഒഫ്‌ വകഫ്‌ ( Sunni Central Board of Wakaf) തർക്കഭൂമിയുടെ അവകാശം ഉന്നയിച്ച് അവരുടെയും കേസ്‌ ഫയൽ ചെയ്തു ( suit No. 12 of 1961) എന്നാൽ സിവിൽ കോടതി നിയമിച്ച പുതിയ റിസീവർ സ്വീകാര്യനല്ലെന്നു തർക്കിച്ച്‌ തുടങ്ങിയ കേസുകൾ1986 വരെ നീണ്ടു. 1986 ഫെബ്രുവരി 2 നു ഫൈസാബാദ് ജില്ലാ ജഡ്ജി പൂട്ടിയിട്ടിരുന്ന പള്ളി തുറക്കുവാനും നടുവിലെ കുംഭഗൃഹത്തിലെ ശ്രീരാമവിഗ്രഹത്തിൽ ആരാധന നടത്തുവാനുള്ള തടസ്സങ്ങൾ മാറ്റുവാനും ഉത്തരവിട്ടു .സ്വാഭാവികമായും ഇതിനെതിരെയും കേസുണ്ടായി

അങ്ങനെയിരിക്കെ 1989 ജൂലൈ 1 നു,അലഹബാദ്‌ ഹൈക്കോടതിയിലെ മുൻ ജസ്റ്റീസായിരുന്ന ദിയോകി നന്ദൻ അഗർവ്വാൾ ഭഗവാൻ ശ്രീരാമനു വേണ്ടി ഭഗവാൻ ശ്രീരാം വിരാജ്മാൻ ഒന്നാം വാദിയായും ആസ്ഥാൻ ശ്രീരാം ജന്മഭൂമി അയോധ്യ രണ്ടാം വാദിയായും മൂന്നാംവാദിയുടെ സ്ഥാനത്ത്‌ അദ്ദേഹം തന്നെ "ദൈവതത്തിന്റെ അടുത്ത സുഹൃത്ത്‌' ( next friend of the deity) എന്ന നിയമാനുസൃത സംജ്ഞ അവലംബിച്ചും തർക്കവിഷയത്തിൽ പങ്കാളിയായി 5​‍ മത്തെ കേസ്‌ ഫയൽ ചെയ്തു അദ്ദേഹത്തിന്റെ മരണശേഷം ടി പി ശർമ്മയും അതിനുശേഷം ത്രിലോകിനാഥ്‌ പാണ്ടെയും കോടതി നിയമിച്ചനുസരിച്ച്‌ കേസ്‌ തുടർന്നു നടത്തി. അയോദ്ധ്യാ കേസിൽ 4 അവകാശ ഹർജികൾ സമർപ്പിച്ചു വാദം കേട്ടിരുന്നെങ്കിലും ഈ കേസ്‌ ഒന്നു മാത്രമാണ്‌ അലഹബാദ്‌ ഹൈക്കോടതി അവസാനം വിധിയിൽ സ്വീകരിച്ചതെന്നതിനാലും ഇതിലെ അഭിഭാഷകനായിരുന്ന മുൻ അഡീഷണൽ സൊളിസിറ്റർ ജനറൽ കെ.എൻ. ഭട്ട്‌ നിരത്തിയ വാദമുഖങ്ങൾ സവിശേഷമായതുകൊണ്ടും പ്രതിപാദിക്കണ്ടതുണ്ട്‌.. ആ വാദമുഖങ്ങളെ ഇങ്ങ്നെ സംഗ്രഹിക്കാം: 1. ഹിന്ദു ദൈവതം(deity) നിയമാനുസൃതമായ ഒരു വ്യക്തിയാണ്. ഈ തത്വം സുപ്രിം കോടതി, പ്രൈവീകൗൺസിൽ, എന്നീ ന്യായപീഠങ്ങൾ അംഗീകരിച്ചതായതിനാൽ ദൈവതത്തിനു വ്യക്തിപരമായി കേസ്‌ കൊടുക്കുവാനും വസ്തു ഉടമസ്ഥനാകുവാനും അവകാശമുണ്ട്‌. 2. ജന്മസ്ഥാൻ തന്നെ ഒരു ദൈവതമാണ് 3. കേസ്‌ കാലഹരണപ്പെട്ടിട്ടില്ല , കാരണം ,ദൈവതം, രാംലല്ല, ( ശൈശവസ്ഥായിയിലെ രാമൻ) നിത്യ ബാലാവസ്ഥയിലുള്ളതാണ് 4. ഒരു മൈനറുടെ മാനേജർക്കുള്ള അവകാശം ദൈവതത്തിന്റെ ചുമതലക്കാരനുണ്ട്‌. അതിനാൽ കോടതി. നിയമിക്കുന്ന' ' ദൈവത്തിന്റെ അടുത്ത സുഹൃത്ത്‌ ' എന്ന സ്ഥാനമേർപ്പെടുത്തി കേസ് നടത്താൻ അവകാശവുമുണ്ട്‌. 5. രാമജന്മഭുമി ആസ്ഥാനത്തിനു നിയമപരമായ സ്വത്വം ഉള്ളതും ക്ഷേത്രനിർമ്മാണത്തിനും വിഗ്രഹ പ്രതിഷ്ടയ്ക്കും മുൻപുതന്നെയും എപ്പോഴും ദൈവതാ സാന്നിദ്ധ്യവും സ്വത്വവും ഉള്ളതാണ്‌.. വിഗ്രഹമില്ലെങ്കിൽകൂടീ ദൈവികസ്വത്വവും സാന്നിദ്ധ്യവും ഉള്ളതായി കരുതുന്ന കേദാർന്നാഥ്‌, വൈഷ്ണോദേവി, ഗയ എന്നീ പുണ്യ സ്ഥലങ്ങൾ ഉദാഹരണം. ഈ വാദമുഖങ്ങളാണു പിന്നീട് കോടതി അംഗീകരിച്ചു വിധിയായത്. അങ്ങനെ ശ്രീരാമദേവന്റെ “അടുത്ത സുഹൃത്ത്” ആയി ദിയോകി നന്ദൻ അഗർവാൾ കൊടുത്ത ഹർജി, പുരാവസ്തു വകുപ്പിന്റെ ഖനന റിപ്പോർടിന്റെ കൂടെ അയോദ്ധ്യാകേസിൽ വിധിനിർണ്ണായകമായി. ഈ അവകാശഹർജി കൂടി വന്നതിനെത്തുടർന്ന് കീഴ്കോടതിയിൽ കാത്തുകിടക്കുന്ന ഈ വിഷയം സംബന്ധിച്ച പ്രധാന 5 കേസുകളും ഏറ്റെടുക്കണമെന്ന സർക്കാരിന്റെ അപേക്ഷ പരിഗണിച്ച് ഹൈക്കോടതി ലെക്നൌ ബെഞ്ച് അവ ഏറ്റെടുക്കകയും ഒരു മുസ്ലീം ജഡ്ജി ഉൾപ്പെടുന്ന മൂന്നംഗ പ്രത്യേക ബഞ്ചിനു വിടുകയും ചെയ്തു.

മസ്ജിദ് തകർക്കൽ


1991 ഒക്ടോബർ 10 നു തർക്കഭുമി അടങ്ങിയ 2.77 ഏക്കർ ഭൂമി കല്യാൺ സിംഗ്‌ സർക്കാർ ഏറ്റെടുത്തു. ഇതിനെതിരെ വന്ന റിറ്റ്‌ ഫർജിയിലെ സുപ്രീം കോടതിയുടെ ഇടക്കാല വിധിയിൽ ഏറ്റെടുക്കൽ അ‍ാഗികരിച്ചതിനെ തുടർന്ന് അത്രയും ഭൂമി കൈവശം എടുക്കുകയും ചെയ്തു. 1992 നവംബറിൽ റിട്ടുഹർജിയിലെ വാദം കേൾക്കൽ മുഴുമിച്ചെങ്കിലും വിധി പറയാനായി മാറ്റിവെച്ചു.

അപ്പോഴേക്കും രാഷ്ട്രീയാന്തരീക്ഷം സ്ഫോടനാത്മകമായിക്കഴിഞ്ഞിരുന്നു. 1992 ജൂലൈ യിൽ
ശിലന്യാസ്‌ സ്ഥലത്ത്‌ ( രാമവിഗ്രഹത്തിനു 200 വാര യകലെ )കർസേവ നടത്തി രാമക്ഷേത്രം പണിയുമെന്നു വിശ്വ ഹിന്ദു മഹാസഭ പ്രഖ്യാപിച്ചു പ്രധാന മന്ത്രി നരസിംഹ റാവു പരിഷത്തുമായും ബാബറി മസ്ജിദ്‌ ആക്ഷൺ കമ്മിറ്റിയുമായും നടത്തിയ ചർച്ചകൾ എങ്ങുമെത്താതെ പോകുന്നതായി ആരോപിച്ച്‌ പരിഷത്ത്‌ 1992 ഡിസംബർ 6 കർസേവ നടത്തുന്ന തീയതിയായി പ്രഖ്യാപിച്ചു. തർക്കവസ്തുവിൽ നിർമ്മാണം പടില്ലെന്ന സ്റ്റേയുടെ കാലാവധി തീരാറായതിനാൽ കേസിൽ വിധിപ്രസ്താവം ഉടനെ വേണമെന്നു യൂ.പി. അഡ്വക്കേറ്റ്‌ ജനറൽ അപേക്ഷിച്ചെങ്കിലും ഫലവത്തായില്ല. വിധിപ്രസ്താവം 1992 ഡിസംബർ 11 ലേക്കായി നിശ്ചയിച്ചു.

പിന്നെ സംഭവിച്ചതെല്ലാം സുവിദിതമാണല്ലോ. സരയൂ നദിയിലെ മണലും ജലവും മാത്രം കൊണ്ട്‌ കർസേവ നടത്താനാണു നിശ്ചയിച്ചിരുന്നതെങ്കിലും അവിടെ ലക്ഷക്കണക്കിനു തടിച്ചുകൂടിയ ജനസമൂഹത്തിന്റെ മുമ്പിൽ അത്ഭുതാവഹകരമായ 5 മണിക്കൂറുകൾക്കുള്ളിൽ മസ്ജിദ്‌ നിലംപൊത്തി. യന്ത്ര സഹായത്തോടെ ആണെങ്കിലും 15 ദിവമെടുക്കുമായിരുന്നെന്നു വിദഗദ്ധർ പറയുന്നു. തുടർന്നു, പല സ്ഥലങ്ങളിലും പൊട്ടിപ്പുറപ്പെട്ട ലഹളകളിൽ 2000 ത്തോളം ആളുകൾ മരണപ്പെട്ടതായാണു കണക്ക്. കേന്ദ്രസർക്കാരിനു പിന്നെ ഒന്നു മാത്രമേ കരണീയമായിരുന്നുള്ളു. മണീക്കൂറുകൾക്കുള്ളിൽ കല്യാൻ സിങ്ങ് സർക്കാർ പിരിച്ചുവിടപ്പെട്ടു.( കല്യാൻ സിങ്ങ് മസ്ജിദ് സംരക്ഷിക്കാമെന്നു ഏറ്റിരുന്നത് പാലിക്കാതിരുന്നതിനാൽ ഒരു ദിവസത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു.) അടുത്തദിവസം തന്നെ എടുത്ത ഒരു റസലൂഷനിലൂടെ
തർക്കവസ്തുവും ചുറ്റുമുള്ള 77 ഏക്കർ ഏറ്റെടുക്കുകയും അതോടൊപ്പം ആർട്ടിക്കിൾ 143 (1) പ്രകാരം രാമജന്മഭൂമിയിൽ ഉണ്ടായിരുന്ന ക്ഷേത്രം തകർത്താണോ ബാബറി മസ്ജിദ്‌ നിർമ്മിച്ചത്‌ എന്ന പ്രശ്നം തീരുമാനിച്ചറിയിക്കുവാനും ഒരു പ്രസിഡെൻഷിയൽ റെഫെറെൻസിലൂടെ സുപ്രീം കോടതിയോട്‌ ആവശ്യപ്പെട്ടു.അതുവരെ കേസുകളുടെ പരിഗണന നിർത്തിവെക്കാനും നിർദ്ദേശിച്ചു. എന്നാൽ സുപ്രീം കോടതി 1994 ഒക്റ്റോബർ 24 നു നൽകിയ വിധിയിൽ വസ്തു ഏറ്റെടുക്കൽ സാധുവാക്കിയങ്കിലും റെഫെറെൻസിനു മറുപടി കൊടുക്കാനോ കേസിന്റെ പരിഗണന മാറ്റിവെയ്ക്കാനോ തയ്യാറായില്ല. കേസുകൾ പരിഗണനയ്ക്കു വന്നുകഴിഞ്ഞതുകൊണ്ടായിരുന്നു അത്.


പുരാവസ്തു ഗവേഷണ ഖനനങ്ങൾ


തർക്കഭൂമി ഉൾപ്പെടുത്തി രാമായണ സംബന്ധിയായ അയോദ്ധ്യയിലെ 14 ഇടങ്ങളിൽ ഖനന ഗവേഷണങ്ങൾ ഭാരതീയ പുരാവസ്തു സർവേക്ഷണ വകുപ്പ് ( Archeological Survey Of India ) 1975 മുതൽ തന്നെ തുടങ്ങിയിരുന്നു. 1985 വരെ തുടർന്ന ഈ പ്രൊജെക്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നത് 11‌ആം ശതകത്തിലേതെന്നു കരുതാവുന്ന ക്ഷേത്രത്തൂണുകളുടെ നിരകൾ തന്നെ തർക്കസ്ഥലത്തു കാണാൻ സാധിച്ചുവെന്നാണ്. ഇതിനെ തുടർന്നു ഡോ. വൈ.ഡി. ശർമ, ഡോ.കെ.എം. ശ്രീവാസ്തവ മുതലായ പ്രസിദ്ധ ഗവേഷകർ ഖനനങ്ങൾ സന്ദർശിച്ച് തെളിവുകൾ പരിശോധിക്കുകയും ടെറാകോട്ട(കളിമൺ) ഹിന്ദുമത ശില്പങ്ങൾ, വിഷ്ണുമൂർത്തി, ശിവ-പാർവതീ മൂർത്തി, കുഷൻ കാലത്തെയെന്നു (സി.ഇ.100-500)കരുതാവുന്ന കളിമൺ വിഗ്രഹങ്ങൾ, സാൻഡ്‌സ്റ്റോണിൽ നിർമ്മിച്ച വൈഷ്ണവ, ശൈവ, മൂർത്തികളുടെ ശിഷ്ടങ്ങൾ എല്ലാം കാണിക്കുന്ന സി.ഇ.900-1200 കാലയളവിലെ നാഗര ക്ഷേത്രങ്ങളുടെ മാതൃകയിലുള്ള ഒരു ക്ഷേത്രം ഇവിടെ നിലനിന്നിരുന്നതായി തെളിയിക്കുന്നു എന്നു രേഖപ്പെടുത്തി. പ്രൊഫ.എസ്.പി. ഗുപ്ത ഗവേഷണഫലങ്ങളെ ഇങ്ങനെ സംഗ്രഹിചു: “ ലഭിച്ച പുരാവസ്തുക്കൾ 10 മുതൽ 12 ആം ശതകത്തിലെ പ്രതിഹാര , ഗഹദവൽക്കാലത്തെ ആണെന്നു നിർണ്ണയിക്കാം. ക്ഷേത്ര, ഉപക്ഷേത്രങ്ങളുടെ നെറുകയിലെ ചക്രാകൃതിയിലുള്ള അമകലകൾ ഇക്കാലത്തെ ഉത്തരേന്ത്യൻ ക്ഷേത്ര മാതൃകകളുടെ സ്ഥിരം രൂപമാതൃകകളാണ് കൂടാതെ, ചുമർ ശീർഷങ്ങളിലെ ചിത്രവരികൾ (cornices) , സ്തംഭശീർഷങ്ങൾ, പുഷ്പചിത്രാലംകൃതമായ കട്ടിളകൾ, മുതലായ പലതും 10-12‌ആം ശതകത്തിലെ ഒരു ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്തിരുന്നതായി തെളിയിക്കുന്നു..”

എന്നാൽ ഈ രിപ്പോർട്ടിനെതിരെയുണ്ടായ വാദങ്ങൾ, ഇവ പള്ളിയുടെ ചുറ്റുമുള്ള പരിസരത്തെ മാത്രം കാര്യമാണെന്നുമുള്ളവ, പരിഗണിച്ചു അലഹബാദ് ഹൈക്കോടതി ബെഞ്ച് 2003 ൽ പുരാവസ്തു വകുപ്പിനോട് ആധുനീക സാങ്കേതിക വിദ്യയായ Ground Penetrating Radar(GPR) ഉപയോഗിച്ചു പള്ളിയുടെ നേരെ അടിയിൽ എന്തെങ്കിലും നിർമ്മാണം ഉണ്ടോ എന്നു പ്രാഥമിക പരിശൊധന നടത്തി ഫലം അറിയിക്കാൻ ആവശ്യപ്പെട്ടു. അതനുസരിച്ചു വകുപ്പ് നിയോഗിച്ച അമെരിക്കൻ GPR വിദഗ്ദ്ധൻ Claude Robillard നടത്തിയ ഗവേഷണങ്ങളീൽ നിന്ന്, 0.5 മുതൽ 5.5 മീ. വരെ താഴ്ചയിൽ പുരാതനവും, സമീപകാലീനവുമായ തുണുകൾ, അടിത്തറ ഭിത്തിക, ശിലാഫലകതറകൾ, എന്നിവ പള്ളിയുടെ അടിയിൽ പല ഭാഗങ്ങളിൽ ഉള്ളതായി തെളിഞ്ഞു. ഇതിന്റെ വിശദമായ രൂപങ്ങൾ അറിയാൻ പള്ളിയുടെ അടിയിൽ ഖനനം ആവശ്യമാണെന്നും അറിയിച്ചു ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പള്ളിയുടേ അടിയിൽ ഖനനം നടത്താൻ കോടതി ഉത്തരവിട്ടു. പുരാവസ്തു വകുപ്പ് കേസിലെ എല്ലാ കക്ഷികളും നിയമിച്ച നിരീക്ഷകരുടെ സാന്നിദ്ധ്യത്തിൽ ഉടൻ ഖനനം തുടങ്ങുകയും ചെയ്തു.. 131 തൊഴിലാളികളിൽ 29 പേർ മുസ്ലീമുകളായിരുന്നുവെന്ന് എടുത്തു പറയേണ്ടതുണ്ട്.

2003 ജുണിൽ വകുപ്പ് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടു മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളതെന്നതിനാൽ (കോടതി വിധിയ്ക്കവലംബിച്ച 2003 ആഗസ്റ്റിലെ അവസാന റിപ്പോർട്ട് പൊതുരംഗത്ത് (Public Domain) വന്നിട്ടില്ലത്തതിനാൽ ഇടക്കാല റിപ്പോർട്ട് ഇവിടെ സംഗ്രഹിക്കുന്നു.(കൂടുതൽ വിശദമായിരിക്കാമെന്നല്ലാ
തെ, അവസാന റിപ്പോർടിനു അടിസ്ഥാന ഭേദങ്ങൾ ഇല്ലെന്നു വിധിയിൽ നിന്നു മനസ്സിലാക്കാം):

ബാബറിന്റെ കാലത്തിനും കൂടുതൽ പഴക്കമുള്ള ഇഷ്ടികകളാൽ നിർമ്മിതവും, താമര, കൌസ്തുഭമണി, മുതലമുഖങ്ങൾ, മുതലായവയുടെ ശിലാശില്പങ്ങൾ പതിച്ച് അലങ്കരിച്ചതും, നാലു ദിശകളിലേക്കും പള്ളിയെ കവിഞ്ഞു നീളുന്നതുമായ ഭിത്തികൾ പള്ളിയുടെ അടിയിൽ കാണപ്പെട്ടു.
ഇതു പള്ളിയേക്കാളും ബൃത്തായിരുന്ന ഒരു നിർമ്മിതി നിലനിന്നിരുന്നതായി വെളിവാക്കുന്നു. ഭിത്തിയിൽനിന്നും തള്ളിനിൽക്കുന്ന ഒരു ചെറു ശിലയിൽ അഞ്ച് അക്ഷരങ്ങൾ അടങ്ങുന്ന ദേവനാഗരിയിൽ കൊത്തിയ ഒരു ഹിന്ദുനാമം കാണുന്നു. പള്ളിയേക്കാളും ബൃത്തായിരുന്ന ഈ നിർമ്മിതിയിൽ ഒരേ അകലത്തിലുള്ള 30 തൂൺപാദങ്ങൾ കാണപ്പെട്ടു. .മൂന്നു തലങ്ങളിലുള്ള തറകൾ ,ഒന്നിനു മേലെ പണിത ഭിത്തികൾ, യജ്ഞകുണ്ഡം, മധ്യകാലത്തുമാത്രം ഉപയോഗിച്ചിരുന്ന (2000 വർഷങ്ങളായി ഉപയോഗത്തിലില്ലാത്ത) വർത്തുളമായും മറ്റാകൃതിയിലുമുള്ള ( ദീർഘചതുരാകൃതി അല്ലാത്ത) ഇഷ്ടികൾ, കസൌത്തി(touch stone) കല്ലുകൾകൊണ്ട് നിർമ്മിച്ച തൂണുകൾ, കളിമൺ ദിവ്യരൂപങ്ങൾ,( പാമ്പ്,ആന,അശ്വാരൂഢൻ,യോഗി) ഗുപ്ത, കുഷൻ, ഗഹഡ്‌വൻ ( 12‌ആം ശതകം) കാലത്തെ ഇഷ്ടികകൾ ഇവയും കണ്ടെത്തി. വാസഗൃഹങ്ങളുടെ യാതൊരു തെളിവും ലഭിച്ചില്ല. വളരെ ദിവ്യമായിക്കരുതി , ആരാധനയ്ക്കുമാത്രമായി ഉപയോഗിച്ചിരുന്ന ഒരു ബൃഹത്കേന്ദ്രം നിന്നിരുന്ന വളപ്പിന്റെ ( complex) ചിത്രമാണ് ഖനനങ്ങൾ കാട്ടുന്നതെന്ന് റിപ്പോർട്ട് ഊന്നിപ്പറയുന്നു. ഒരു അടി മേൽമണ്ണ് വന്നുമൂടാൻ ഒരു ശതകം വേണമെന്നാണു പുരാവസ്തുശാസ്ത്രത്തിലെ കണക്ക് എന്നതിനാൽ 30 അടി താഴ്ചയിൽ കണ്ട ഈ അടരിനും അതിലെ നിർമ്മിതിയ്ക്കും 2500 വർഷത്തെയെങ്കിലും പഴക്കമുണ്ട് എന്നു തെളിയുന്നു.

ഖനനം കാട്ടിത്തരുന്ന ചരിത്രകാലഘട്ടങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:
ആദ്യത്തെ ബി.സി.ഇ. സഹസ്രാബ്ദത്തിൽ ( BCE1st millinium ) വടക്കൻ കറുത്ത മിനുസ്സൻ
മൺ)പാത്രങ്ങൾ (Northern Black Polished Ware) ഉപയോഗിച്ചിരുന്ന ജനതയാണ് അദ്യമായി
കുടിയേറി വസിച്ചിരുന്നത്. ഈ കാലം ബി.സി.ഇ.300 വരെ നീണ്ടതായി കരുതാം
അതിനുശേഷം, ബി.സി.ഇ. 2-1 ശതകത്തിൽ സുംഗകാല ജനത ഇവിടെ കുടിയേറി. മണ്മാതൃ ദേവതകൾ, മനുഷ്യ, ജന്തു, രൂപങ്ങൾ ഇക്കാലത്തെ പ്രത്യേകതകളാണ്.
പിന്നീട് തെളിയുന്നത് കുഷൻ കാലമാണ് (1-3 ശതകം)
അടുത്ത അടരിൽ തെളിയുന്നത് 4-6 ശതകം വരെയുള്ള ഗുപ്ത കാലഘട്ടത്തിലെ പ്രത്യേകതകളാണ്. ചെമ്പ് നാണയങ്ങൾ, പ്രത്യേക മൺ‌രൂപങ്ങൾ ഇവ അടങ്ങിയവ.
പിന്നീടു കാണുന്ന രജപുത്രകാലത്ത്( 7-10 ശതകം) ഇവിടെ പല നിർമ്മാണ പ്രവർത്തനങ്ങളും ഒരു വർത്തുളാകാര ക്ഷേത്രവും ഉണ്ടായിരുന്നതിന്റെ തെളിവുകൾ കാണുന്നു. ക്ഷേത്രം നശിച്ചിരുന്നുവെങ്കിലും അതിന്റെ വടക്കെ ഭിത്തിയിലിപ്പോഴും ഒരു (അഭിഷേക) ജല നിർഗ്ഗമന നാളി (water chute) കാണാം. ഈ വർത്തുള ക്ഷേത്രത്തിന്റെ നിർമ്മാണ മാതൃകയാവട്ടെ ശ്രാവസ്തിയിൽ വകുപ്പിന്റെ തന്നെ ഖനനത്തിൽ കണ്ടെത്തിയ ചിരേനാഥ ക്ഷേത്രം, മധ്യപ്രദേശിലെ രേവയിൽ ചന്ദ്രഹേ, മസാ‍വോൺ ശിവ ക്ഷേത്രങ്ങൾ( 1950) , ഉത്തർപ്രദേശിലെ ഫത്തേപ്പൂരിലെ കുരാരിയിലുള്ള വിഷ്ണു ക്ഷേത്രം, ആ ജില്ലയിലെ തന്നെ റ്റിൻഡാലിയിലുള്ള സുര്യ ക്ഷേത്രം, എന്നി ക്ഷേത്ര മാതൃകകളോട് വളരെ സമാനത പുലർത്തുന്നതിനാൽ10 ‌ആം ശതകത്തിലേതാണെന്നു വ്യക്തമാണ് എന്നാൽ വർത്തുളക്ഷേത്രം പരിമിതമായ കാലത്തേക്കു മാത്രമെ നിലനിന്നുള്ളുവെന്നു് കരുതണം. അതിന്റെ ഭിത്തികൾ പലതും നശിച്ചിരുന്നു. ഈ നിർമ്മിതിയുടെ അവശിഷ്ടങ്ങൾക്കു മേലാണ് നേരത്തെ പറഞ്ഞ ബൃഹത്‌നിർമ്മിതി പണിതുയർത്തിയത്. മൂന്നു ഘട്ടങ്ങളായി
ഒന്നിനുമേൽ ഒന്നായ മൂന്ന് തറകളോടുകൂടി പടുത്തുയർത്തിയ ഈ വൻ ആകാരത്തിനു നേരെ മുകളിലാണ് 16ആം ശതകത്തിൽ ഉപരിസഥിതമായി ബാബറി മസ്ജിദ് അവിടെ നിർമ്മിച്ചത്


അലഹബാദ് ഹൈക്കോടതിയുടെ അന്തിമ വിധി

  From connect.in.com/
1999 ൽ പിൻ‌വലിച്ച മഹന്ത് രാമചന്ദ്ര ദാസിന്റെ കേസ് ഒഴിച്ച് 4 കേസുകളുടെയും വാദംക്കേൾക്കൽ 2002 ൽ അലഹബാദ് ഹൈക്കോടതിയുടെ ലെക്നൌ പ്രത്യേക ബെഞ്ചിൽ തുടങ്ങി. ആകെ 94 സാക്ഷികൾ ഉണ്ടായിരുന്നതിൽ 58 ഹിന്ദുക്കളും 36 മുസ്ലീമുകളുമായിരുന്നു. ഇവരുടെ മൊഴികൾ തന്നെ 13000 പേജുകൾ കവിയുന്നു. 2010 ജനുവരി മുതൽ പ്രത്യേക് ബെഞ്ച് ദിവസവും കേസ് കേട്ടു.
2010 സെപ്റ്റംബർ 30, വ്യാഴാഴ്ച, ഒരാഴ്ചത്തെ സുപ്രീം കോടതിയുടെ സ്റ്റേ നീക്കിയതിനുശേഷം അലഹബാദ് ഹൈക്കോടതിയുടെ ലെക്നൌ ബെഞ്ചിന്റെ ജസ്റ്റിസ് എസ്.യു ഖാൻ, ജസ്റ്റീസ് സുധീർ അഗർവാൾ,ഡി.വി. ശർമ്മ, ഇവരുടെ മൂന്നംഗബെഞ്ചിന്റെ വിധിയിൽ, രാംലല്ല കക്ഷിയുടെ ഒഴികെയുള്ള മറ്റു മൂന്നുകേസുകളും കാലഹരണപ്പെട്ടവയായി തള്ളുകയും എന്നാൽ ഒരു സൌമനസ്യമായി 2.77 ഏക്കർ വരുന്ന തർക്കഭൂമി സമം മൂന്നു ഭാഗങ്ങളായി വിഭജിച്ചു ഹിന്ദുക്കൾക്കും മുസ്ലിമുകൾക്കും അനുവദിക്കുകയും, താൽക്കാലിക ക്ഷേത്രം ഇരിക്കുന്ന സ്ഥലം ഹിന്ദുക്കളുടെയാണെന്നും വിധിയായി. അതായത് മൂന്നിൽ ഒന്നു ഭാഗം വെച്ച്, രാം‌ലല്ല കക്ഷിയ്ക്കും, നിർമ്മോഹി അഖരയ്ക്കും, സുന്നി വകഫ് ബോർഡിനുമായി ഭാഗിക്കുകക. വിഗ്രഹങ്ങൾ വിരാജമാനമായ മധ്യകുംഭഗോപുരത്തിനു കീഴിലുള്ള ഭാഗം രാമലല്ലയ്യ്ക്കും, ചബൂത്തരയും സീതാകാ രസോയിയും ഇരിക്കുന്ന ഭാഗം നിർമോഹി അഖരയ്ക്കും, ബാക്കി ഭാഗം വകഫ് ബോർഡിനും. 8000 പേജുകൾ അടങ്ങുന്നതാണു വിധി. വിധിയുടെ മറ്റു പ്രധാനാംശങ്ങൾ താഴെ കൊടുക്കുന്നു:

  1. തർക്കഭൂമി ഭഗവാൻ ശ്രീരാമന്റെ ജന്മസ്ഥലമാണോ?
അതെ. ആ ജന്മസ്ഥാനം നീതിന്യായപരതയുള്ള വ്യക്തിയും ( juristic person ) ഒരു ദൈവതവും ( deity ) ആണ്. അത് ശൈശവസ്ഥായിയിലുള്ള ഭഗവാൻ ശ്രീരാമന്റെ ദിവ്യചൈതന്യമുള്ള സ്വത്വരൂപമായി ആരാധിക്കപ്പെടുന്ന ജന്മസ്ഥാനമാണ്. ദിവ്യാൽമകത എവിടെയും സ്ഥിരവും ചിരവും, ആർക്കും സ്വവിശ്വാസമനുസരിച്ച് ഏതു രൂപത്തിലും ആകൃതിയിലും ആവാഹിക്കാവുന്നതും, അതിനാൽ അരൂപമാകാവുന്നതുമാണ്.

2. തർക്കനിർമ്മിതി ഒരു മസ്ജിദ് ആയിരുന്നോ? എങ്കിൽ, എന്ന്, ആർ നിർമ്മിച്ചു?
തർക്കനിർമ്മിതി ബാബറാണു നിർമ്മിച്ചത്. എത് വർഷമെന്ന് നിശ്ചിതമല്ല. അത് ഇസ്ലാമിക മത നിബന്ധനകൾക്ക് അനുസൃതമായിട്ടല്ല നിർമ്മിക്കപ്പെട്ടത്. അതിനാൽ മസ്ജിദിന്റെ സ്വഭാവമില്ല

3. മസ്ജിദ് പണിതത് തൽസ്ഥാനത്തുണ്ടായിരുന്ന ഹിന്ദുക്ഷേത്രം തകർത്തിട്ടായിരുന്നുവോ?
തർക്കനിർമ്മിതി തൽസ്ഥാനത്തുണ്ടായിരുന്ന പ്രാചീനനിർമ്മിതി തകർത്ത് അവിടെത്തന്നെ പണിയുകയായിരുന്നു. ഭാരതീയ പുരാവസ്തു വകുപ്പ് ആ പ്രാചീന നിർമ്മിതി ഒരു ബൃഹത്തായ ഹിന്ദുമത നിർമ്മിതിയായിരുന്നുവെന്ന് തെളിയിച്ചു.

4. മൂർത്തികൾ ഈ കെട്ടിടത്തിൽ പ്രതിഷ്ടിച്ചത് 1949 ഡിസംബർ 22/23 രാത്രിയിലായിരുന്നോ?
മൂർത്തികൾ തർക്കനിർമ്മിതിയിലെ മദ്ധ്യകുംഭഗോപുരത്തിനകത്തു വെച്ചത് 1949 ഡിസംബർ 22/23 രാത്രി ആയിരുന്നു

5. തർക്കവസ്തുവിനു ഉന്നയിച്ചു സമർപ്പിച്ച അവകാശങ്ങളിൽ ഏതെങ്കിലും കാലഹരണപ്പെട്ടതാണോ?
സുന്നി സെന്റ്റൽ ബോർഡ് വക്കഫ്, (O.O.S No.4 of 1989); നിർമോഹി അഖര (O.O.S. No. 3 ) , ഇവ രണ്ടും കാലഹരണപ്പെട്ടവയാണ്.

6. തർക്കഭൂമിയുടെ , അക,പുറമുറ്റം ഉൾപ്പെടെയുള്ളതിന്റെ, പദവി എന്തായിരിക്കും?
തർക്കഭൂമി രാമചന്ദ്രജിയുടെ ജന്മഭൂമിയാണെന്നും ഹിന്ദുക്കൾക്ക് അവിടെ ആരാധനാവകാശം ഉണ്ടെന്നും സ്ഥാപിച്ചിരിക്കുന്നു.

7. 3 മാസത്തേക്ക് തർക്കഭൂമിയിൽ തൽ‌സ്ഥിതി തുടരണം.
വിധിപ്രസ്താവത്തൊടെ ഉണ്ടായേക്കാവുന്ന സമാധാനഭംഗം ഭയന്നു അഭുതപൂർവ്വമായ കരുതലുകൾ ദേശവ്യാപകമായി എടുത്തിരുന്നുവെങ്കിലും എല്ലാ വിഭാഗം നേതാക്കളുടെയും ആഹ്വാനം അനുസരിച്ച് രാജ്യം മാതൃകാപരമായ സമന്യയം പാലിച്ചു. പക്ഷെ തർക്കഭൂമി ഭാഗം വയ്ക്കേണ്ടിവന്നത് ഹിന്ദുക്കളെയും മുസ്ലിമുകളെയും തൃപ്തിപ്പെടുത്തിയിട്ടില്ല. ഇരു കൂട്ടരും സുപ്രീം കോടതിയിൽ അപ്പിലിനു പോകനൊരുങ്ങുന്നു.. അതെ, യുദ്ധകാണ്ഡം ഇനിയും തീരാനുണ്ട്




‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌                                                                             ----------------

2009 ഡിസംബർ 15, ചൊവ്വാഴ്ച

സമകാലികം

മലയാളം എഴുതാൻ അറിയാവുന്നവർ എന്തെങ്കിലും ആവശ്യത്തിന് എഴുതുന്നതെന്തും സമകാലിക കവിതയാണ്.

 മലയാള ബ്ലോ/ബൂലോക കുട്ടി/മഹാകവിതകൾ വായിച്ചപ്പോഴാണ് ഈ ജ്ഞാനോദയം സംഭവിച്ചത്. വരികളൊ വാക്കുകളൊ ഉണ്ടെങ്കിൽ ഉടച്ച്/മുറിച്ച് പ്രതേകമായി ഒന്നിനുതാഴെഒന്നായി കാച്ച്യാൽ മതി.

ഒരു ബ്ലോലോക കുട്ടിവീരൻ ഈയിടെ കല്പിച്ചു:  ഡിക്ലരെറ്റീവ് സ്റ്റേ റ്റ്മെന്റ് വല്ലതും ഉരിയാടിയാൽ ക്ഷണം എവിഡെൻസ് ഹാജരാക്കിക്കൊളളണമെന്ന്. ഉടനെ എവിഡെൻസ് ഹാജരാക്കുകയും ചെയ്തു( ഇവിടെ). അപ്പോൾ ഇവിടെയും വേണമല്ലൊ.

ഉടനെ കയ്യിലുള്ള ‘എഴുത്ത്” നമ്മുടെ ബൂലോക മഹാകവി വിഷ്ണൂ തന്റെ തട്ടകത്ത് നടത്തുന്ന കൊമ്പ്‌വിളികളൊന്നിൽ ഈ ലേഖകൻ ഒന്ന്  കമന്റി മുരടനക്കിയതാണ്. മേൽ‌പ്പറഞ്ഞ മോഡസ് ഓപെറാൻഡി വച്ച് ഈ സാധനത്തെ ചിത്രവധം ചെയ്തപ്പോൾ ഉദാത്തമായ കവിതയാണ് കിട്ടിയത്. പിടിച്ചോളു  (നിങ്ങളുടെ ഇന്നത്തെ വാരഫലം മോശമെന്നു വിചാരിച്ചാൽ മതി);

കൊമ്പുവിളി

താങ്കൾ
ആദ്യം പറഞ്ഞ കാര്യങ്ങൾ
മിക്കവാറും ശരിയാണ്‌..
പക്ഷെ
പറഞ്ഞു വികാരം കേറിയപ്പോൾ
ലോകം ചെറുതാകുകയും
സ്വയം വിശ്വരൂപമാകുകയും ചെയ്തു..
അതുകൊണ്ടാണ്‌
വായനക്കാർ പുല്ലാണ്‌ എന്നും മറ്റുമുള്ള ജൽപനങ്ങൾ..
വായനക്കാരില്ലെങ്കിൽ
എഴുത്തുകാരൻ പൂജ്യം ആണ്‌..
താങ്കളുടെ
മിക്ക എഴുത്തുകളിലും
വികാരത്തിന്റെ വാണത്തിലേറി
വിവേകതലം വിട്ടുപോകുന്ന കാഴ്ചയാണ്‌ കാണുന്നത്‌..
പിന്നെ പറയുന്നത് പലതും പതിര്‌..
താങ്കൾക്ക്‌ വായനക്കാർ പുല്ല്‌;
വായനക്കാർ അകന്നാൽ താങ്കൾ പൂജ്യം..
ആർക്കാ ചേതം ?..
എഴുത്തുകാരനുതന്നെ..

താങ്കൾ പറയുന്നു,
"കവിത എന്നാല്‍
പദ്യമാണെന്ന് വിചാരിച്ചിരിക്കുന്ന
കുറേ വിഡ്ഢികള്‍ ഇക്കാലത്തുമുണ്ട്“..

ഉണ്ട്‌ ..
ഒരുപക്ഷെ താങ്കളുടെ സോഡാ ഗ്ലാസിൽ
പമ്പരവിഡ്ഡിയായി തെളിഞ്ഞേക്കാം:..
ശ്രി. ഒ.എൻ.വി കുറുപ്പ്‌. .
പലയിടത്തും അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുണ്ട്‌..

എത്ര അനായാസമാണ്‌
താങ്കൾ
മറ്റുള്ളവരെ വിഢ്ഢികൾ എന്നും
ഒരു ചുക്കും അറിയാത്തവരെന്നും
വിളിക്കുന്നത്‌!..
വികാരത്തെ പായിച്ച്‌
തന്റെ പൊള്ളയായ വളഞ്ഞ കുഴലിൽക്കൂടി
വന്യമായി കൊമ്പ്‌വിളിക്കുകയാണ്‌
താങ്കൾ..
വനരോദനം!!
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌---------------------------------------------------------

ഇരട്ടക്കുത്തുകൾ മര്യാദക്കെഴുതിയ ഗദ്യവരികൾ സൂചിപ്പിക്കുന്നു. നിസ്തുലനായ ഈ സമകാലനെ ലോകത്തിന് സമർപ്പിക്കുകയാണ്.

2009 ഡിസംബർ 5, ശനിയാഴ്‌ച

പരിണാമം, മനുഷ്യൻ!

 “മലയാള സാംസ്കാരി“കത്തിൽ ഞാൻ പ്രസിദ്ധീകരിയ്ക്കുന്ന കവിതകൾ ഉയർത്തിവിടുന്നതെന്നു കരുതാവുന്ന ചിന്തകളടങ്ങിയ ഈമെയിലുകൾ എനിക്ക്  വരാറുണ്ട്. ചിന്താതുരയുള്ള ഒരു യുവസുഹൃത്ത് ഉയർത്തിയ സമസ്യകൾ പൊതുസ്വഭാവമുള്ളവയാണെന്നു  തോന്നിയതിനാൽ അവയും  അവയിലെ അടിസ്ഥാനപ്രശ്നത്തിനെക്കുറിച്ചുള്ള എന്റെ വീക്ഷണവും ഇവിടെ അവതരിപ്പിക്കുന്നു. ഇവ കൂടുതൽ ചിന്തകൾ ഉയർത്തിയാൽ അത്രയ്ക്കു വെളിച്ചം വീശുവാൻ ഉപകരിച്ചേക്കാം.




പ്രിയ ഗോപാല്‍ജി,
            .....താങ്കള്‍ ഒരു ശാസ്ത്രജ്ഞനായതില്‍ സന്തോഷം.എനിക്ക് ചില കാര്യങ്ങള്‍
അങ്ങയോട് ചോദിച്ചറിയാനുണ്ട്.
  പരിണാമം അങ്ങയുടെ ഒരു വിഷയമാണല്ലോ.പരിണാമത്തിന്റെ തുടക്കം എവിടെ
നിന്നായിരിക്കാം?.പരിണാമം പ്രക്യതിയുടെ ഒരു സ്വഭാവമാണോ? പരിണാമത്തിലൂടെ പ്രക്യതിയുടെ
ലക്ഷ്യമെന്താണ്.പരിണാമം എതുഘട്ടത്തിലാണ് മനുഷ്യനിലെത്തിനില്‍ക്കുന്നത്.
മനുഷ്യന്‍ എതളവുവരെ
പ്രക്യതിയുടെ ഭാഗമാണ്. കാരണം മനുഷ്യന്‍ പ്രക്യതിയേക്കുറിച്ചും പരിണാമത്തെയും സ്വയം നിരീക്ഷിക്കുന്നു.
അതിനെത്തന്നെ മാറ്റിമറിക്കുന്നു.മറ്റ് ജീവജാലങ്ങളിലേതിലെങ്കിലും പ്രക്ര്യതി ഇങ്ങിനെ സ്വയം തിരിച്ചറിയപ്പെടുന്നുണ്ടോ?
മനുഷ്യന് പ്രക്യതിയെ ഉപജീവിക്കുന്നതില്‍ എന്തെങ്കിലും അതിരുകളുണ്ടോ? ഇങ്ങിനെയിങ്ങിനെ ചിലതെല്ലാം.
പിന്നെ മനുഷ്യര്‍ കരയുന്നത്..... നിരാശരാകുന്നത്...ആതമഹത്ത്യചെയ്യുന്നത്....            
....

പ്രിയ ദിലീപ്‌,

യുവതലമുറയിൽ ഉറക്കെ ചിന്തിക്കുന്നവർ വിരളം. ദിലീപിനെപ്പോലെയുള്ളവരെ അറിയുന്നത്‌ അതുകൊണ്ടുതന്നെ ഏറെ സന്തോഷകരമാണ്‌.
പരിണാമവും പരിണാമവാദവും രണ്ടാണ്‌,
 പരിണാമം, മാറ്റം ,രൂപാന്തരം എന്ന അർത്ഥത്തിൽ പ്രപഞ്ചസ്വഭാവമാകുന്നു.ഏറ്റവുംസ്വീകാര്യമായ സിദ്ധാന്തമനുസരിച്ച്‌ പ്രപഞ്ചം, Big Bang എന്നറിയപ്പെടുന്ന ആദിവിസ്ഫോടനത്തിൽനിന്നും ജനിച്ചുവളർന്നുകൊണ്ടേയിരിക്കുന്നു.അനന്തമായ ഈ ചലനാത്മകതയിൽ നിന്നാണ്‌ പരിണാമസ്വഭാവം ഉണ്ടായത്‌

പ്രപഞ്ചത്തിലെ ജിവജാലങ്ങളിൽ ഒന്നുമാത്രമാണ്‌ മനുഷ്യൻ. പ്രപഞ്ചശക്തിയെയാണ്‌ ദൈവം എന്നു നാം വിളിക്കുന്നത്‌. ഈ ശക്തി ഏറ്റക്കുറച്ചിലോടെ എല്ലാ ജീവികളിലും
ഉണ്ടെങ്കിലും .ഏറ്റവും ഉയർന്ന അളവിൽ ഉള്ളത്‌ മനുഷ്യനിലാണ്‌.  ഈ അളവിലെ വലിയ അന്തരമാണ്‌ മനുഷ്യനെ മറ്റുജീവികളിൽനിന്നും ഉയർന്ന തോതിൽ വ്യത്യസ്തനാക്കുന്ന്ത്‌. അത്‌ അവനെ മറ്റു ജീവികളെയും പ്രകൃതിയെത്തന്നെയും നിയന്ത്രിക്കാൻ പര്യാപ്തനാക്കുന്നു.
ഇതാണ്‌ ഭാരതീയ സത്ത എന്നതിലും, ഇത്‌ ആദ്യം പറഞ്ഞത്‌ നാമാണന്നുള്ളതിലും നമുക്ക്‌ അഭിമാനിക്കാം.

കാച്ചിക്കുറുക്കി "കുറൾ" പോലെയാണ്( മനപ്പൂർവം)പ്രതിപാദിച്ചിരിക്കുന്നതെങ്കിലും ഈ തത്വശകലം മനനം ചെയ്ത്‌ വേണ്ടപോലെ മനസ്സിലാക്കിയാൽ, ബാക്കിയെല്ലാം പകൽപോലെ വെളിവാകും എന്ന് ഞാൻ വിശ്വസിക്കുന്നു.  ചിന്തിച്ച്‌ മനസ്സിനെ  വികസിപ്പിക്കാം. വീണ്ടും ചോദിക്കാൻ മടിക്കണ്ട.







സസ്നേഹം


ഗോപാ‍ൽ കൃഷ്ണ




Reblog this post [with Zemanta]
Powered By Blogger