അയോദ്ധ്യയുടെ യുദ്ധകാണ്ഡം
ഡോ. ഗോപാൽ ഉണ്ണീകൃഷ്ണ
ത്രേതായുഗം മുതൽ ഉരുത്തിരിഞ്ഞ ചരിത്രം അയോദ്ധ്യയുടെ നീണ്ടു വളഞ്ഞ രാജവീഥികളിലും ഉപ വീഥികളിലും ഉറങ്ങിക്കിടക്കുന്നു. ശ്രീരാമപാദം തഴുകിയൊഴുകിയ സരയൂനദിയിലൂടെ എത്രയോ ഹിമവൽജന്യ ജലം സാഗരാഭിമുഖം പ്രയാണം ചെയ്തിരിക്കുന്നു. രാജ,പ്രജ വ്യത്യാസമില്ലാതെ സുഖ,ദുഃഖ പൂരിതമായ, മനുഷ്യ ജന്മ കഥാനുഗായിയായിരുന്നു ആ ഭഗവൽ ജന്മം പോലും! ഒരു ജനതയുടെ മുഴുവൻ വിശ്വാസകേന്ദ്രമായ ആ ജന്മസ്ഥലിയും അവിടെ നൂറ്റാണ്ടുകളുടെ ഭക്തി പടുത്തുർത്തിയ ക്ഷേത്രത്തിന്റെ കഥയും ഭഗവൽജന്മത്തെപ്പോലെ തന്നെ സുഖ,ദുഃഖ സമ്മിശ്രമാണ്. ഭാരതത്തിന്റെ നാനാദിശകളിൽനിന്നും വീശി എത്തിയിരുന്ന ഭക്തിവാതത്തിന്റെ സുഖാലസ്യത്തിൽ സരയുവിന്റെ ശാന്തപ്രവാഹംപോലെ നൂറ്റാണ്ടുകൾ പിന്നിട്ട ബാലകാണ്ഡത്തിനു ശേഷം ആ ജന്മസ്ഥലിയും അതു രേഖപ്പെടുത്തുന്ന രാമക്ഷേത്രത്തിന്റെയും കാലഗതിയിലെ യുദ്ധകാണ്ഡം തുടങ്ങുകയായി. ഇടിവെട്ടുന്ന പീരങ്കികളും ഭൂമിയെ വിറപ്പിക്കുന്ന അശ്വഘോഷങ്ങളുമായി വടക്കുപടിഞ്ഞാറൻ ഹിമാലയ ചുരങ്ങളിലൂടെ മുഗൾ സൈന്യം നയിച്ച് ബാബർ എത്തുന്നു, 16 ആം നൂറ്റാണ്ടിൽ. ഇന്ന് 21 ആം നൂറ്റാണ്ടിൽ എത്തിനിൽക്കുമ്പോഴും തീരുന്നില്ല ആ യുദ്ധകാണ്ഡം.. യുഗങ്ങളുടെ കാലഗണനയിൽ നൂറ്റാണ്ടുകൾ വെറും വാസരങ്ങൾ മാത്രമാണല്ലൊ.
അയോദ്ധ്യ
ഉത്തർപ്രദേശിലെ ഫൈസബാദ് ജില്ലയിൽ സരയൂ നദിയുടെ വലതുകരയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറുപട്ടണമാണ് അയോദ്ധ്യ.. ഗംഗാനദിയുടെ പോഷകനദിയായ ഘാഘരയുടെ( Ghaghara River) കൈവഴിയായോ നദിയായിത്തന്നെയൊ കരുതപ്പെടുന്ന സരയൂനദി, ഹിമാലയ സാനുക്കളിൽ കുമാഓൺ- നേപ്പാൾ മലയിടുക്കളിൽനിന്നും ഉത്ഭവിക്കുന്നു. അഥർവ്വവേദത്തിൽ ( ബി.സി.ഇ.(Before Common Era)12-10 ശതകം) സരയൂനദിയെക്കുറിച്ചു പരാമർശമുണ്ട്.. പ്രാചീന ആര്യവർഗ്ഗത്തിന്റെ സൂര്യവംശ രാജകുലത്തിലെ രാജാവായിരുന്ന അയുദ്ധൻ ( അജയ്യൻ എന്ന് അർഥം) സ്ഥാപിച്ചതാണു അയോദ്ധ്യ എന്നാണു വിശ്വാസം. ഭഗവാൻ ശ്രീരാമന്റെ പിതാവായ ദശരഥൻ സൂര്യകുലത്തിലെ 63 ആം രാജാവായിരുന്നു. ദശരഥന്റെ മുൻഗാമിയായിരുന്ന കൌസല രാജാവ് താൻ സ്ഥാപിച്ച കോസല രാജ്യത്തിന്റെ തലസ്ഥാനമാക്കി, അഥർവ്വവേദത്തിൽ വിശേഷിപ്പിക്കുന്നതുപോലെ “ ദൈവങ്ങൾ നിർമ്മിച്ച സ്വർഗ്ഗമായി“ അയോദ്ധ്യയെ വികസിപ്പിച്ചുവത്രെ . അന്നത്തെ അയോദ്ധ്യയ്ക്കു 250 ച.കി..മീ വിസ്തൃതി ഉണ്ടായിരുന്നതായിട്ടാണ് പുരാണങ്ങൾ പറയുന്നത്. (ഇന്നാകട്ടെ,, 10.24 ച.കി.മീ.മാത്രം).
സി.ഇ. (Common Era)127 ൽ കനിഷ്കരാജാവ് അയോദ്ധ്യ പിടിച്ചടക്കിയതോടെ, പിന്നീട് 6 ആം ശതകം വരെ ഇവിടം സാകേതം എന്നാണു അറിയപ്പെട്ടിരുന്നത്. എന്നാൽ കനിഷ്ക്കന്മാർ ക്ഷയിച്ചതോടെ ഇവിടം അയോദ്ധ്യ എന്ന പൂർവ്വനാമം വീണ്ടെടുത്തു. ഹിന്ദുമത വിശ്വാസികളുടെ ഏഴ് പുണ്യനഗരികളിൽ ഒന്നാണു അയോദ്ധ്യ
“അയോദ്ധ്യാ, മഥുര,മായാ,കാശി, കാഞ്ചി, അവന്തികാപുരി, ദ്വാരാവതി, ചൈവ സപ്തതെ മോക്ഷദായിക”
( മായ =ഹരിദ്വാർ; അവന്തികാപുരി= ഉജ്ജ്യയിനി; ദ്വാരാവതി= ദ്വാരക)
അതേസമയം, അയോദ്ധ്യ ബുദ്ധ,ജൈവ മതങ്ങളുടെ പ്രധാന കേന്ദ്രവുമായിരുന്നു. ശ്രീബുദ്ധൻ പലപ്രാവശ്യം അയോദ്ധ്യ സന്ദർശിച്ചിരുന്നതായി ചീന സഞ്ചാരി ഫാബിയാൻ (സി.ഇ.4 ആം ശതകം) രേഖപ്പെടുത്തുന്നുണ്ട്.. ആദ്യ ജൈന തീർഥങ്കരനായ ശ്രീ ഋഷഭദേവൻ ഉൾപ്പെടെ 5 തീർഥങ്കരന്മാരുടെ സ്വദേശമാണ് അയോദ്ധ്യ..മൌര്യ, ഗുപ്ത സാമ്രാജ്യ കാലങ്ങളിൽ പുറംരാജ്യങ്ങളിൽ സാകേതമെന്ന് അറിയപ്പെട്ടിരുന്ന അയോദ്ധ്യ വാണിജ്യപ്രധാനമായ ദേശവുമായിരുന്നു. ഇതിന്റെ ചില സൂചകങ്ങൾ കൊറിയൻ ചരിത്രത്തിൽനിന്നും ലഭിയ്ക്കുന്നുണ്ട്.. സി.ഇ. 48 ൽ ഭാരതത്തിൽനിന്നും കപ്പൽ വഴി കൊറിയയിൽ എത്തിയ സംഗുക് യുസ (Samguk Yusa) ( സംയുക്ത ഉഷ?) എന്ന രാജകുമാരി അവിടുത്തെ രാജാവിനെ വിവാഹം കഴിക്കുകയും ഹിയോ ഹ്വാങ്-ഒകെ ( Heo Hwang-ok) എന്ന കൊറിയൻ നാമം സ്വീകരിച്ച്, Geumgwan Gaya രാജകുലം സ്ഥാപിച്ചുവെന്നും ഒരു കൊറിയൻ ഐതിഹ്യം.ഉണ്ട്. കൊറിയൻ കിം (Kim) കുടുംബം ഇവരുടെ പിൻതുടർച്ചക്കാർ ആണത്രെ. Kimhae എന്നും Heo എന്നും വംശനാമങ്ങൾ അവിടെ ഇന്നും തുടരുന്നു.
സൂര്യവംശം ഋഗ്വേദ കാലത്തുള്ള( ബി.സി.ഇ. 15 ആം ശതകം) പ്രബല ഗോത്രവർഗ്ഗ രാജകുലമാണെന്നെതിനാലും, രാമൻ,സീത, ദശരഥൻ,,ജനകൻ, വസിഷ്ടൻ, വിശ്വാമിത്രൻ, ഈ നാമങ്ങൾ എല്ലാംതന്നെ വേദത്തിൽ കാണപ്പെടുന്നതിനാലും രാമായണ കഥാ സംഭവങ്ങൾ ഋഗ്വേദ കാലത്തിനു മുമ്പുണ്ടായതാണെന്നു അനുമാനിക്കാം. എന്നാൽ രാമയണ കഥാഖ്യാനം ഋഗ്വേദത്തിലില്ല. ഒരു ഇതിഹാസമായി രാമായണ കഥ രൂപപ്പെടുന്നതും രേഖപ്പെടുന്നതും കാലങ്ങൾ കഴിഞ്ഞ് ബി.സി.ഇ.8 മുതൽ 4 ലാം ശതകത്തിനിടയിലുള്ള കാലത്താണ് ( 8-7 ശതകം: A.L.Basham; 4ആം ശതകം:D Sankalia:). സി.ഇ.ഒന്നാം ശതകത്തിൽ തന്നെ അയോദ്ധ്യയിൽ രാമജന്മഭൂമി സ്മരണാർഥമായി നിർമ്മിച്ച ക്ഷേത്രം നിലവിലുണ്ടായിരുന്നതായി അക്കാലത്തേതെന്നു കരുതുന്ന സ്കണ്ഡപുരാണത്തിൽ നിന്നും മനസ്സിലാക്കാം.
ബാബറി മസ്ജിദ്
1525 ൽ ഭാരതത്തിൽ എത്തിയ ബാബർ ആദ്യം പാനിപ്പാട്ടു യുദ്ധത്തിൽ ഇബ്രാഹിം ലോദിയെയും,പിന്നീട് ഖൻവാ യുദ്ധത്തിൽ ചിത്തോർഗാഡിലെ റാണാ സംഗ്രാം സിങ്ങിനെയും പീരങ്കികളുടെയും കുതിരപ്പട്ടാളത്തിന്റെയും സഹായത്തോടെ തോൽപ്പിച്ച് ഉത്തരഭാരതത്തിൽ തന്റെ ആധിപത്യം ഉറപ്പിച്ചു. തുടർന്നു, വ്യാപകമായ തോതിൽ മുസ്ലീം മത പ്രചരണാർത്ഥം പ്രധാന ഹിന്ദുക്ഷേത്രങ്ങൾ നശിപ്പിച്ച് അവിടെയെല്ലാം തന്നെ പള്ളികൾ പണിയുന്ന ഉദ്യമം തുടങ്ങിവെച്ചു.
( Mirza Jan, Hadiqa-i Shahada (“The garden of martyrdom”),1856, Lucknow,) 1528 ൽ തന്റെ ഒരു ജനറൽ ആയിരുന്ന മിർ ബകിയെ അയോദ്ധ്യയിലേക്കു അയക്കുകയും ( മിർ ബകി അപേക്ഷിച്ചതനുസരിച്ചാണെന്നും പറയുന്നു) ക്ഷേത്രം നിന്നിരുന്ന സ്ഥലത്തുതന്നെ "ജന്മസ്ഥാൻ പള്ളി" എന്ന പേരിൽ പള്ളി പണി തുടങ്ങുകയും പണി മുഴുമിപ്പിച്ചപ്പോൾ 'ബാബറി പള്ളി" എന്നു പുനർനാമകരണം ചെയ്തതായും പറയുന്നു. അന്നത്തെ ഏറ്റവും വലിയ പള്ളിയായിരുന്നു അതെന്നാണു പറയപ്പെടുന്നത്. തുടക്കത്തിൽ നാമമാത്രമായ ആരാധന നടന്നിരുന്നുവങ്കിലും, മുസ്ലീം മതസ്ഥർ അന്നു കുറവായിരുന്നതിനാലും മറ്റ് ആരാധനാലയങ്ങൾക്കുമേൽ നിർമ്മിച്ച പള്ളികളിൽ ആരാധന നടത്തുന്നത് മുസ്ലീം മതവിശ്വാസമനുസരിച്ചു നിഷിദ്ധമായതിനാലുമാവാം ഈ പള്ളിയിൽ ഒരിക്കലും നിർവിഘ്നമായ ആരാധന നടന്നിരുന്നില്ല. 1936 നു ശേഷം പള്ളി ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ദിവസം അഞ്ചുനേരം നിസ്കരിക്കുന്നതുകൊണ്ട് മുസ്ലിമുകൾക്കു പള്ളിയിലെ ആരാധന ഒഴിച്ചുകൂടാൻപാടില്ലാത്തതല്ലെന്നും അതിനു രണ്ടാംതരം പ്രാധാന്യമേയുള്ളെന്നുതുമാവാം.
സമീപകാല ചരിത്രം
Joseph Tieffenhaler എന്ന ഫ്രെഞ്ച് ജെസ്യൂട് പുരോഹിതൻ 1788 ൽ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിലാണ് ബാബറി മസ്ജിദ് രാമജന്മസ്ഥലത്താണു സ്ഥിതിചെയ്യുന്നതെന്ന വാസ്തവം സമീപകാലത്ത് ആദ്യമായി
അറിയപ്പെടുന്നത്. അതിൽ പറയുന്നു: “ ഔറങ്ങ്സേബ് ചക്രവർത്തി[?] അയോദ്ധ്യയിൽ രാംകോട്ട് എന്ന കോട്ട തകർക്കുകയും തൽസ്ഥാനത്ത് മൂന്നു കുപ്പോളകൾ ( കുംഭഗോപുരങ്ങൾ) ഉള്ള ഒരു പള്ളി പണിയുകയും, പിന്നീട് ഹിന്ദുക്കൾ ജഹാംഗീർ ചക്രവർത്തിയുടെ കാലത്തും ഇതുപോലെ ഉണ്ടായ ക്ഷേത്ര ധ്വംസനങ്ങളെ ചെറുത്തിരുന്നതുപോലെ ഔറംഗസേബിന്റെ മരണാനന്തരം 1707 ൽ പല യുദ്ധങ്ങൾ നടത്തി വീണ്ടെടുത്ത് വീണ്ടും കോട്ടകെട്ടി സംരക്ഷിക്കുകയും ചെയ്തു.“[ ബാബറിനു ശേഷവും നശിപ്പിക്കലും വീണ്ടെടുക്കലും ചെറു യുദ്ധങ്ങൾ തന്നെയും പല പ്രാവശ്യവും നടന്നിരുന്നതായി തോന്നുന്നു.] 1767 ൽ ഇവിടെ രാമനവമി ആഘോഷിക്കുന്നത് അദ്ദേഹം രേഖപ്പെടുത്തുന്നു. പിന്നീട് 1885 വരെയും രാംകോട്ട് എന്നറിയപ്പെട്ടിരുന്ന രാമജന്മഭൂമി ക്ഷേത്രത്തിൽ ആരാധന തുടർന്നിരുന്നുവെന്നും 1857 ൽ നടന്ന
ശിപായിലഹളയെ തുടർന്നു 1859 ൽ ബ്രിട്ടീഷുകാർ ഇവിടെ പള്ളിയുടെ വശത്ത് കൈവരി-മതിൽ കെട്ടുകയും പുറത്ത് ഒരു പ്ലാറ്റ്ഫോം നിർമ്മിച്ച് അവിടെ ഹിന്ദുക്കൾക്ക് ആരാധനാസൌകര്യം ഒരുക്കിയതായും ജില്ലാ കമ്മീഷണറായിരുന്ന P.Carnegy യുടെ 1870 ലെ ഭരണ രേഖകളിൽ കാണുന്നു. 1858 ൽ പള്ളിയുടെ മുവാസ്സിൻ ( Muassin) സർക്കാരിനയച്ച ഒരു ഹർജിയിൽ ഹിന്ദുക്കൾ പള്ളിയുടെ മുറ്റത്ത് വളരെക്കാലമായി ആരാധന നടത്തുന്നതാണെന്നു പ്രസ്താവിക്കുന്നുണ്ട്. 1905 ലെ ജില്ലാ ഗസറ്റിയറിലും ഇതു പറയുന്നുണ്ട്: “പള്ളിയുടെ മുൻപിൽ ഒരു അടച്ചുകെട്ടുണ്ടാക്കി (enclosure) അവിടെ ഹിന്ദുക്കൾ പടുത്ത ഒരു പ്ലാറ്റ്ഫോമിൽ ആരാധന നടത്തുന്നു.”.
കോർട്ട് കേസുകൾ
അയോദ്ധ്യ രാമജന്മഭുമി-ബാബറി മസ്ജിദ് തർക്കവിഷയം സംബന്ധിച്ച കോർട്ടു കേസുകൾക്കു 1885 മുതലുള്ള ചരിത്രമാണ്. ആ വർഷം ജനുവരി 19 ന് ജന്മസ്ഥാൻ പൂജാരി (മഹന്ത്) ആയിരുന്ന രഘുബീർ പ്രസാദ് രാമജന്മസ്ഥലമായിക്കരുതുന്ന ചബൂത്രയിൽ രാമക്ഷേത്രം പണിയാൻ അനുമതി തേടി ഫൈസാബാദ് സബ്കോടതിയിൽ കേസ് ഫയൽ ചെയ്തു. ഒരു ബ്രാഹ്മണനായിരുന്ന സബ്ജഡ്ജി പണ്ഡിറ്റ് ഹരികിഷൻ ഫെബ്ര്യ്‌വരി 24 നു തന്നെ പ്രസ്താവിച്ച വിധിയിൽ, ചബൂത്ര ഇരിക്കുന്ന സ്ഥലം വാദിക്ക് അവകാശപ്പെട്ടതാണെങ്കിലും അത് ബാബറി മസ്ജിദിനോട് ചേർന്ന സ്ഥലമായിരിക്കുന്നതിനാൽ തൊട്ടടുത്ത് അന്യമത ആരാധനാലയങ്ങൾ പാടില്ല എന്ന സർക്കാർ നയത്തിനു വിരുദ്ധമാകുമന്നു കാണിച്ച് അനുമതി നിഷേധിച്ച് കേസ് തള്ളി. തുടർന്ന് രഘുബീർ ഫൈസാബാദ് ജില്ലാക്കോടതിയിൽ അപ്പീൽ കൊടുത്തു . ജഡ്ജി Col.J.E.A. Chambier 1886 മാർച്ച് 17 നു സ്ഥലം പരിശോധിച്ചതിനുശേഷം പുറപ്പെടുവിച്ച വിധിയിൽ പറയുന്നു:
"ബാബർ ചക്രവർത്തി നിർമ്മിച്ച മസ്ജിദ് അയോദ്ധ്യാ നഗരിയുടെ അതിർത്തിയിലാണെന്നു കാണുന്നു....ഹിന്ദുക്കൾ പാവനമെന്നു കരുതുന്ന സ്ഥലത്തുതന്നെ പള്ളി പണിതത് നിർഭാഗ്യകരമായിപ്പോയി. എന്നാൽ 356 വർഷങ്ങൾക്കു മുൻപാണതു നടന്നത് അതിനാൽ ഇപ്പോൾ പരിഹരിക്കുവാൻ കഴിയാത്തവണ്ണം താമസിച്ചുപോയി. വർത്തമാന സ്ഥിതി തുടരുകയേ നിർവ്വാഹമുള്ളു".
വർത്തമാനസ്ഥിതിയിൽ ലേശം പോലും വ്യതിയാനം വേണ്ടെന്നുവച്ച് മഹന്തിനു കീഴ്ക്കോടതി അംഗീകരിച്ച വസ്തുവിലെ അധികാരവും റദ്ദാക്കി. . കേസ് ഉടനെതന്നെ ഔധ് ജുഡീഷ്യൽ കമ്മീഷണർ W.Young ന്റെ പരിഗണനയ്ക്കെത്തുന്നു. അവിടെയും തഥൈവ. പക്ഷെ അനുകമ്പ ധാരാളം .1886 നവംബർ 1 ന് കേസ് തള്ളിക്കൊണ്ട് ജഡ്ജ് Young പറയുന്നു:
" ബാബർ ചക്രവർത്തിയുടെ മതവിദ്വേഷവും നിഷ്ടുര ശാസനയും മൂലം ഹിന്ദുക്കളുടെ ഈ പാവന സ്ഥലം തന്നെ തിരഞ്ഞെടുത്ത് നിർമ്മിച്ച ഈ പള്ളിയുടെ ചുറ്റുമതിലിന്നുള്ളിലാണ് നിർദ്ദിഷ്ട സ്ഥലം. പള്ളിയുടെ പര്യന്തത്തിലുള്ള ചിലയിടങ്ങളിലേക്കു എത്തിച്ചേരൻ ഹിന്ദുക്കൾക്കിപ്പോഴുള്ള ചുരുങ്ങിയ അവകാശം വർദ്ധിപ്പിച്ചു സീതാ കീ രസോയി, രാമജന്മസ്ഥാനം എന്നീയിടങ്ങളിൽ ക്ഷേത്രം നിർമ്മിക്കുവാൻ അവർ വർഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നു".
ഇതോടുകൂടി ആദ്യത്തെ നിയമ യുദ്ധം സമാപിച്ചു. പിന്നീട് 1934 ൽ അടുത്ത ഗ്രാമത്തിലുണ്ടായ ഒരു ഗോഹത്യയെത്തുടർന്നുണ്ടായ ലഹളയിൽ മസ്ജിദിന്റെ മധ്യ കുംഭഗോപുരത്തിനുണ്ടായ നാശം സർക്കാർ നികത്തിക്കൊടുത്ത സംഭവമൊഴിച്ചാൽ അടുത്ത 48 വർഷത്തേക്കു തർക്കം നിദ്രയിലാണ്ടു കിടന്നു.
പ്രശ്നം വീണ്ടും സജീവമാകുന്നത് 1948 ലാണ്. സർക്കാർ ഉദ്യോഗസ്ഥതലത്തിൽ തർക്കത്തിലിടപെടുകയും ഒരു ഉത്തരവിലൂടെ പള്ളിയുടെ പ്രധാന വാതിൽ അടയ്ക്കുകയും മുസ്ലീമുകൾ അതിന് 200 വാരയ്ക്കകത്തു പ്രവേശിക്കുന്നതു നിരോധിക്കുകയും വശത്തുള്ള ഒരു വാതിലിൽക്കൂടി ഹിന്ദുക്കൾക്കു അകത്ത് ആരാധന അനുവദിക്കുകയും ചെയ്തു. അടുത്ത വർഷം, 1949 ഡീസംബർ 22/23 രാത്രിയിൽ പ്രധാന കുംഭഗൃഹത്തിനുള്ളിൽ ശ്രിരാമവിഗ്രഹം പ്രതിഷ്ടിക്കപ്പെട്ടു. മുസ്ലീമുകളുടെ പ്രതിഷേധത്തെ തുടർന്ന് ഇവിടം തർക്കസ്ഥലമായി പ്രഖാപിക്കുകയും പള്ളി അടയ്ക്കുകയും ചെയ്തു. എന്നാൽ പ്രതിഷ്ടിക്കപ്പെട്ട വിഗ്രഹങ്ങൾ മാറ്റാൻ ആരും ധൈര്യപ്പെട്ടില്ല, പ്രധാനമന്ത്രി നെഹ്രുവിന്റെ അതിനുള്ള നിർദ്ദേശം മുഖ്യമന്ത്രി ഗോവിന്ദ വല്ലഭ പന്തിന് ഉണ്ടായിരുന്നിട്ടുകൂടി. അന്ന്ത്തെ ജില്ലാ മജിസ്ട്രേറ്റ് കെ കെ കെ നയ്യാർ വിഗ്രഹം മാറ്റാൻ കഴിയില്ലെന്നും വേണമെങ്കിൽ സ്ഥാനമൊഴിയുവാൻ സന്നദ്ധനണെന്നും അറിയിക്കുകയാണുണ്ടായത്. അലഹബാദ് ഡിവിഷൺ കമ്മീഷണർ S.S.S Dar സർക്കാരിന് എഴുതി: “സ്ഥിതിഗതികൾ പഠിക്കുകയും ചർച്ചചെയ്തതിനും ശേഷം വമ്പിച്ച ലഹള സാധ്യത കണക്കിലെടുത്ത് വിഗ്രഹങ്ങൾ തൽക്കാലം മാറ്റാതിരിക്കുകയാണ് ആശാസ്യമെന്ന് കരുതുന്നു. കുറച്ചുകാലത്തിനു ശേഷം സ്ഥിതി ശാന്തമായിക്കഴിഞ്ഞാൽ സ്ഥായിയായ പരിഹാരം കാണാം.“ അതുവരേക്കുമുള്ള നടപടിയായി ഡിസംബർ 29 നു അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് തർക്കവസ്തു ഏറ്റെടുക്കുകയും മുൻസിപ്പൽ ബോർഡ് ചെയർമാൻ പ്രിയ ദത്ത് രാമിനെ റിസീവർ ആയി നിയമിക്കുകയും ചെയ്തു. തുടർന്നു, ഇന്നുവരെ തുടരുന്ന നിയമയുദ്ധത്തിനു തുടക്കം കുറിക്കുകയായിരുന്നു.
1950 ജനുവരി 16 ന് സ്ഥലവാസിയായ ഗോപൽ സിങ്ങ് വിശാരദ് രാമവിഗ്രഹത്തിൽ ആരാധന നടത്താനുള്ള അവകാശത്തിനുവേണ്ടി ഫൈസാബാദ് സിവിൽ കോടതിയിൽ ഹർജി സമർപ്പിച്ചു ( suit No. 2 of 1950). അതേവർഷം ഡിസംബർ 5 നു മഹന്ത് പരമഹൻസ രാമചന്ദ്ര ദാസ് ഇതേ ആവശ്യത്തിനു മറ്റൊരു കേസും ഫയൽ ചെയ്തു ( suit No. 25 0f 1950). ( ഈ കേസ് നിരാശപൂണ്ട് 1990 ആഗസ്റ്റിൽ പിൻവലിക്കപ്പെട്ടു) ഈ കേസുകളിൽ സിവിൽ ജഡ്ജി N.N.Chadda ഒരു ഇടക്കാല ഉത്തരവിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ലാതെ പൂജാരിക്കുമാത്രം പൂജ നടത്തനുള്ള അനുമതി നൾകി. ഈ വിധിക്കെതിരെ മറ്റൊരു സ്ഥലവാസിയയ മുഹമ്മദ് ഹഷിമും കൂട്ടരും ഹൈക്കോടതിയിൽ റിട്ട് കൊടുത്തു. 1955 ൽ വർത്തമാന സ്ഥിതി തുടരുവാൻ മാത്രം ഡിവിഷൻ ബെഞ്ച് താൽക്കാലികമായി വിധിക്കുകയും അവസാന വിധി 6 മാസ്ത്തേക്കു മാറ്റി വെക്കുകയും ചെയ്തു. പക്ഷെ പിന്നീടൊന്നും സംഭവിച്ചില്ല. 1959 ൽ ഒരു ഹിന്ദു സംഘടനയായ നിർമോഹി അഖര തർക്കഭൂമിൽ അവകാശം കാണിച്ച് അവരുടെ കേസ് ഫയൽ ചെയ്തു( suit No. 26 of 1959) അതോടെ, ഇതുവരെ വ്യക്തികളായി നടത്തിയിരുന നിയമയുദ്ധം സംഘടനകളും ഏറ്റെടുത്തു. 1961 ഡിസംബർ 18 നു യു.പി. സുന്നി സെൻട്രൽ ബോർഡ് ഒഫ് വകഫ് ( Sunni Central Board of Wakaf) തർക്കഭൂമിയുടെ അവകാശം ഉന്നയിച്ച് അവരുടെയും കേസ് ഫയൽ ചെയ്തു ( suit No. 12 of 1961) എന്നാൽ സിവിൽ കോടതി നിയമിച്ച പുതിയ റിസീവർ സ്വീകാര്യനല്ലെന്നു തർക്കിച്ച് തുടങ്ങിയ കേസുകൾ1986 വരെ നീണ്ടു. 1986 ഫെബ്രുവരി 2 നു ഫൈസാബാദ് ജില്ലാ ജഡ്ജി പൂട്ടിയിട്ടിരുന്ന പള്ളി തുറക്കുവാനും നടുവിലെ കുംഭഗൃഹത്തിലെ ശ്രീരാമവിഗ്രഹത്തിൽ ആരാധന നടത്തുവാനുള്ള തടസ്സങ്ങൾ മാറ്റുവാനും ഉത്തരവിട്ടു .സ്വാഭാവികമായും ഇതിനെതിരെയും കേസുണ്ടായി
അങ്ങനെയിരിക്കെ 1989 ജൂലൈ 1 നു,അലഹബാദ് ഹൈക്കോടതിയിലെ മുൻ ജസ്റ്റീസായിരുന്ന ദിയോകി നന്ദൻ അഗർവ്വാൾ ഭഗവാൻ ശ്രീരാമനു വേണ്ടി ഭഗവാൻ ശ്രീരാം വിരാജ്മാൻ ഒന്നാം വാദിയായും ആസ്ഥാൻ ശ്രീരാം ജന്മഭൂമി അയോധ്യ രണ്ടാം വാദിയായും മൂന്നാംവാദിയുടെ സ്ഥാനത്ത് അദ്ദേഹം തന്നെ "ദൈവതത്തിന്റെ അടുത്ത സുഹൃത്ത്' ( next friend of the deity) എന്ന നിയമാനുസൃത സംജ്ഞ അവലംബിച്ചും തർക്കവിഷയത്തിൽ പങ്കാളിയായി 5 ആ മത്തെ കേസ് ഫയൽ ചെയ്തു അദ്ദേഹത്തിന്റെ മരണശേഷം ടി പി ശർമ്മയും അതിനുശേഷം ത്രിലോകിനാഥ് പാണ്ടെയും കോടതി നിയമിച്ചനുസരിച്ച് കേസ് തുടർന്നു നടത്തി. അയോദ്ധ്യാ കേസിൽ 4 അവകാശ ഹർജികൾ സമർപ്പിച്ചു വാദം കേട്ടിരുന്നെങ്കിലും ഈ കേസ് ഒന്നു മാത്രമാണ് അലഹബാദ് ഹൈക്കോടതി അവസാനം വിധിയിൽ സ്വീകരിച്ചതെന്നതിനാലും ഇതിലെ അഭിഭാഷകനായിരുന്ന മുൻ അഡീഷണൽ സൊളിസിറ്റർ ജനറൽ കെ.എൻ. ഭട്ട് നിരത്തിയ വാദമുഖങ്ങൾ സവിശേഷമായതുകൊണ്ടും പ്രതിപാദിക്കണ്ടതുണ്ട്.. ആ വാദമുഖങ്ങളെ ഇങ്ങ്നെ സംഗ്രഹിക്കാം: 1. ഹിന്ദു ദൈവതം(deity) നിയമാനുസൃതമായ ഒരു വ്യക്തിയാണ്. ഈ തത്വം സുപ്രിം കോടതി, പ്രൈവീകൗൺസിൽ, എന്നീ ന്യായപീഠങ്ങൾ അംഗീകരിച്ചതായതിനാൽ ദൈവതത്തിനു വ്യക്തിപരമായി കേസ് കൊടുക്കുവാനും വസ്തു ഉടമസ്ഥനാകുവാനും അവകാശമുണ്ട്. 2. ജന്മസ്ഥാൻ തന്നെ ഒരു ദൈവതമാണ് 3. കേസ് കാലഹരണപ്പെട്ടിട്ടില്ല , കാരണം ,ദൈവതം, രാംലല്ല, ( ശൈശവസ്ഥായിയിലെ രാമൻ) നിത്യ ബാലാവസ്ഥയിലുള്ളതാണ് 4. ഒരു മൈനറുടെ മാനേജർക്കുള്ള അവകാശം ദൈവതത്തിന്റെ ചുമതലക്കാരനുണ്ട്. അതിനാൽ കോടതി. നിയമിക്കുന്ന' ' ദൈവത്തിന്റെ അടുത്ത സുഹൃത്ത് ' എന്ന സ്ഥാനമേർപ്പെടുത്തി കേസ് നടത്താൻ അവകാശവുമുണ്ട്. 5. രാമജന്മഭുമി ആസ്ഥാനത്തിനു നിയമപരമായ സ്വത്വം ഉള്ളതും ക്ഷേത്രനിർമ്മാണത്തിനും വിഗ്രഹ പ്രതിഷ്ടയ്ക്കും മുൻപുതന്നെയും എപ്പോഴും ദൈവതാ സാന്നിദ്ധ്യവും സ്വത്വവും ഉള്ളതാണ്.. വിഗ്രഹമില്ലെങ്കിൽകൂടീ ദൈവികസ്വത്വവും സാന്നിദ്ധ്യവും ഉള്ളതായി കരുതുന്ന കേദാർന്നാഥ്, വൈഷ്ണോദേവി, ഗയ എന്നീ പുണ്യ സ്ഥലങ്ങൾ ഉദാഹരണം. ഈ വാദമുഖങ്ങളാണു പിന്നീട് കോടതി അംഗീകരിച്ചു വിധിയായത്. അങ്ങനെ ശ്രീരാമദേവന്റെ “അടുത്ത സുഹൃത്ത്” ആയി ദിയോകി നന്ദൻ അഗർവാൾ കൊടുത്ത ഹർജി, പുരാവസ്തു വകുപ്പിന്റെ ഖനന റിപ്പോർടിന്റെ കൂടെ അയോദ്ധ്യാകേസിൽ വിധിനിർണ്ണായകമായി. ഈ അവകാശഹർജി കൂടി വന്നതിനെത്തുടർന്ന് കീഴ്കോടതിയിൽ കാത്തുകിടക്കുന്ന ഈ വിഷയം സംബന്ധിച്ച പ്രധാന 5 കേസുകളും ഏറ്റെടുക്കണമെന്ന സർക്കാരിന്റെ അപേക്ഷ പരിഗണിച്ച് ഹൈക്കോടതി ലെക്നൌ ബെഞ്ച് അവ ഏറ്റെടുക്കകയും ഒരു മുസ്ലീം ജഡ്ജി ഉൾപ്പെടുന്ന മൂന്നംഗ പ്രത്യേക ബഞ്ചിനു വിടുകയും ചെയ്തു.
മസ്ജിദ് തകർക്കൽ
1991 ഒക്ടോബർ 10 നു തർക്കഭുമി അടങ്ങിയ 2.77 ഏക്കർ ഭൂമി കല്യാൺ സിംഗ് സർക്കാർ ഏറ്റെടുത്തു. ഇതിനെതിരെ വന്ന റിറ്റ് ഫർജിയിലെ സുപ്രീം കോടതിയുടെ ഇടക്കാല വിധിയിൽ ഏറ്റെടുക്കൽ അാഗികരിച്ചതിനെ തുടർന്ന് അത്രയും ഭൂമി കൈവശം എടുക്കുകയും ചെയ്തു. 1992 നവംബറിൽ റിട്ടുഹർജിയിലെ വാദം കേൾക്കൽ മുഴുമിച്ചെങ്കിലും വിധി പറയാനായി മാറ്റിവെച്ചു.
അപ്പോഴേക്കും രാഷ്ട്രീയാന്തരീക്ഷം സ്ഫോടനാത്മകമായിക്കഴിഞ്ഞിരുന്നു. 1992 ജൂലൈ യിൽ
ശിലന്യാസ് സ്ഥലത്ത് ( രാമവിഗ്രഹത്തിനു 200 വാര യകലെ )കർസേവ നടത്തി രാമക്ഷേത്രം പണിയുമെന്നു വിശ്വ ഹിന്ദു മഹാസഭ പ്രഖ്യാപിച്ചു പ്രധാന മന്ത്രി നരസിംഹ റാവു പരിഷത്തുമായും ബാബറി മസ്ജിദ് ആക്ഷൺ കമ്മിറ്റിയുമായും നടത്തിയ ചർച്ചകൾ എങ്ങുമെത്താതെ പോകുന്നതായി ആരോപിച്ച് പരിഷത്ത് 1992 ഡിസംബർ 6 കർസേവ നടത്തുന്ന തീയതിയായി പ്രഖ്യാപിച്ചു. തർക്കവസ്തുവിൽ നിർമ്മാണം പടില്ലെന്ന സ്റ്റേയുടെ കാലാവധി തീരാറായതിനാൽ കേസിൽ വിധിപ്രസ്താവം ഉടനെ വേണമെന്നു യൂ.പി. അഡ്വക്കേറ്റ് ജനറൽ അപേക്ഷിച്ചെങ്കിലും ഫലവത്തായില്ല. വിധിപ്രസ്താവം 1992 ഡിസംബർ 11 ലേക്കായി നിശ്ചയിച്ചു.
പിന്നെ സംഭവിച്ചതെല്ലാം സുവിദിതമാണല്ലോ. സരയൂ നദിയിലെ മണലും ജലവും മാത്രം കൊണ്ട് കർസേവ നടത്താനാണു നിശ്ചയിച്ചിരുന്നതെങ്കിലും അവിടെ ലക്ഷക്കണക്കിനു തടിച്ചുകൂടിയ ജനസമൂഹത്തിന്റെ മുമ്പിൽ അത്ഭുതാവഹകരമായ 5 മണിക്കൂറുകൾക്കുള്ളിൽ മസ്ജിദ് നിലംപൊത്തി. യന്ത്ര സഹായത്തോടെ ആണെങ്കിലും 15 ദിവസമെടുക്കുമായിരുന്നെന്നു വിദഗദ്ധർ പറയുന്നു. തുടർന്നു, പല സ്ഥലങ്ങളിലും പൊട്ടിപ്പുറപ്പെട്ട ലഹളകളിൽ 2000 ത്തോളം ആളുകൾ മരണപ്പെട്ടതായാണു കണക്ക്. കേന്ദ്രസർക്കാരിനു പിന്നെ ഒന്നു മാത്രമേ കരണീയമായിരുന്നുള്ളു. മണീക്കൂറുകൾക്കുള്ളിൽ കല്യാൻ സിങ്ങ് സർക്കാർ പിരിച്ചുവിടപ്പെട്ടു.( കല്യാൻ സിങ്ങ് മസ്ജിദ് സംരക്ഷിക്കാമെന്നു ഏറ്റിരുന്നത് പാലിക്കാതിരുന്നതിനാൽ ഒരു ദിവസത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു.) അടുത്തദിവസം തന്നെ എടുത്ത ഒരു റസലൂഷനിലൂടെ
തർക്കവസ്തുവും ചുറ്റുമുള്ള 77 ഏക്കർ ഏറ്റെടുക്കുകയും അതോടൊപ്പം ആർട്ടിക്കിൾ 143 (1) പ്രകാരം രാമജന്മഭൂമിയിൽ ഉണ്ടായിരുന്ന ക്ഷേത്രം തകർത്താണോ ബാബറി മസ്ജിദ് നിർമ്മിച്ചത് എന്ന പ്രശ്നം തീരുമാനിച്ചറിയിക്കുവാനും ഒരു പ്രസിഡെൻഷിയൽ റെഫെറെൻസിലൂടെ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.അതുവരെ കേസുകളുടെ പരിഗണന നിർത്തിവെക്കാനും നിർദ്ദേശിച്ചു. എന്നാൽ സുപ്രീം കോടതി 1994 ഒക്റ്റോബർ 24 നു നൽകിയ വിധിയിൽ വസ്തു ഏറ്റെടുക്കൽ സാധുവാക്കിയങ്കിലും റെഫെറെൻസിനു മറുപടി കൊടുക്കാനോ കേസിന്റെ പരിഗണന മാറ്റിവെയ്ക്കാനോ തയ്യാറായില്ല. കേസുകൾ പരിഗണനയ്ക്കു വന്നുകഴിഞ്ഞതുകൊണ്ടായിരുന്നു അത്.
പുരാവസ്തു ഗവേഷണ ഖനനങ്ങൾ
തർക്കഭൂമി ഉൾപ്പെടുത്തി രാമായണ സംബന്ധിയായ അയോദ്ധ്യയിലെ 14 ഇടങ്ങളിൽ ഖനന ഗവേഷണങ്ങൾ ഭാരതീയ പുരാവസ്തു സർവേക്ഷണ വകുപ്പ് ( Archeological Survey Of India ) 1975 മുതൽ തന്നെ തുടങ്ങിയിരുന്നു. 1985 വരെ തുടർന്ന ഈ പ്രൊജെക്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നത് 11ആം ശതകത്തിലേതെന്നു കരുതാവുന്ന ക്ഷേത്രത്തൂണുകളുടെ നിരകൾ തന്നെ തർക്കസ്ഥലത്തു കാണാൻ സാധിച്ചുവെന്നാണ്. ഇതിനെ തുടർന്നു ഡോ. വൈ.ഡി. ശർമ, ഡോ.കെ.എം. ശ്രീവാസ്തവ മുതലായ പ്രസിദ്ധ ഗവേഷകർ ഖനനങ്ങൾ സന്ദർശിച്ച് തെളിവുകൾ പരിശോധിക്കുകയും ടെറാകോട്ട(കളിമൺ) ഹിന്ദുമത ശില്പങ്ങൾ, വിഷ്ണുമൂർത്തി, ശിവ-പാർവതീ മൂർത്തി, കുഷൻ കാലത്തെയെന്നു (സി.ഇ.100-500)കരുതാവുന്ന കളിമൺ വിഗ്രഹങ്ങൾ, സാൻഡ്‌സ്റ്റോണിൽ നിർമ്മിച്ച വൈഷ്ണവ, ശൈവ, മൂർത്തികളുടെ ശിഷ്ടങ്ങൾ എല്ലാം കാണിക്കുന്ന സി.ഇ.900-1200 കാലയളവിലെ നാഗര ക്ഷേത്രങ്ങളുടെ മാതൃകയിലുള്ള ഒരു ക്ഷേത്രം ഇവിടെ നിലനിന്നിരുന്നതായി തെളിയിക്കുന്നു എന്നു രേഖപ്പെടുത്തി. പ്രൊഫ.എസ്.പി. ഗുപ്ത ഗവേഷണഫലങ്ങളെ ഇങ്ങനെ സംഗ്രഹിചു: “ ലഭിച്ച പുരാവസ്തുക്കൾ 10 മുതൽ 12 ആം ശതകത്തിലെ പ്രതിഹാര , ഗഹദവൽക്കാലത്തെ ആണെന്നു നിർണ്ണയിക്കാം. ക്ഷേത്ര, ഉപക്ഷേത്രങ്ങളുടെ നെറുകയിലെ ചക്രാകൃതിയിലുള്ള അമകലകൾ ഇക്കാലത്തെ ഉത്തരേന്ത്യൻ ക്ഷേത്ര മാതൃകകളുടെ സ്ഥിരം രൂപമാതൃകകളാണ് കൂടാതെ, ചുമർ ശീർഷങ്ങളിലെ ചിത്രവരികൾ (cornices) , സ്തംഭശീർഷങ്ങൾ, പുഷ്പചിത്രാലംകൃതമായ കട്ടിളകൾ, മുതലായ പലതും 10-12ആം ശതകത്തിലെ ഒരു ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്തിരുന്നതായി തെളിയിക്കുന്നു..”
എന്നാൽ ഈ രിപ്പോർട്ടിനെതിരെയുണ്ടായ വാദങ്ങൾ, ഇവ പള്ളിയുടെ ചുറ്റുമുള്ള പരിസരത്തെ മാത്രം കാര്യമാണെന്നുമുള്ളവ, പരിഗണിച്ചു അലഹബാദ് ഹൈക്കോടതി ബെഞ്ച് 2003 ൽ പുരാവസ്തു വകുപ്പിനോട് ആധുനീക സാങ്കേതിക വിദ്യയായ Ground Penetrating Radar(GPR) ഉപയോഗിച്ചു പള്ളിയുടെ നേരെ അടിയിൽ എന്തെങ്കിലും നിർമ്മാണം ഉണ്ടോ എന്നു പ്രാഥമിക പരിശൊധന നടത്തി ഫലം അറിയിക്കാൻ ആവശ്യപ്പെട്ടു. അതനുസരിച്ചു വകുപ്പ് നിയോഗിച്ച അമെരിക്കൻ GPR വിദഗ്ദ്ധൻ Claude Robillard നടത്തിയ ഗവേഷണങ്ങളീൽ നിന്ന്, 0.5 മുതൽ 5.5 മീ. വരെ താഴ്ചയിൽ പുരാതനവും, സമീപകാലീനവുമായ തുണുകൾ, അടിത്തറ ഭിത്തികൾ, ശിലാഫലകതറകൾ, എന്നിവ പള്ളിയുടെ അടിയിൽ പല ഭാഗങ്ങളിൽ ഉള്ളതായി തെളിഞ്ഞു. ഇതിന്റെ വിശദമായ രൂപങ്ങൾ അറിയാൻ പള്ളിയുടെ അടിയിൽ ഖനനം ആവശ്യമാണെന്നും അറിയിച്ചു ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പള്ളിയുടേ അടിയിൽ ഖനനം നടത്താൻ കോടതി ഉത്തരവിട്ടു. പുരാവസ്തു വകുപ്പ് കേസിലെ എല്ലാ കക്ഷികളും നിയമിച്ച നിരീക്ഷകരുടെ സാന്നിദ്ധ്യത്തിൽ ഉടൻ ഖനനം തുടങ്ങുകയും ചെയ്തു.. 131 തൊഴിലാളികളിൽ 29 പേർ മുസ്ലീമുകളായിരുന്നുവെന്ന് എടുത്തു പറയേണ്ടതുണ്ട്.
2003 ജുണിൽ വകുപ്പ് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടു മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളതെന്നതിനാൽ (കോടതി വിധിയ്ക്കവലംബിച്ച 2003 ആഗസ്റ്റിലെ അവസാന റിപ്പോർട്ട് പൊതുരംഗത്ത് (Public Domain) വന്നിട്ടില്ലത്തതിനാൽ ഇടക്കാല റിപ്പോർട്ട് ഇവിടെ സംഗ്രഹിക്കുന്നു.(കൂടുതൽ വിശദമായിരിക്കാമെന്നല്ലാ
തെ, അവസാന റിപ്പോർടിനു അടിസ്ഥാന ഭേദങ്ങൾ ഇല്ലെന്നു വിധിയിൽ നിന്നു മനസ്സിലാക്കാം):
ബാബറിന്റെ കാലത്തിനും കൂടുതൽ പഴക്കമുള്ള ഇഷ്ടികകളാൽ നിർമ്മിതവും, താമര, കൌസ്തുഭമണി, മുതലമുഖങ്ങൾ, മുതലായവയുടെ ശിലാശില്പങ്ങൾ പതിച്ച് അലങ്കരിച്ചതും, നാലു ദിശകളിലേക്കും പള്ളിയെ കവിഞ്ഞു നീളുന്നതുമായ ഭിത്തികൾ പള്ളിയുടെ അടിയിൽ കാണപ്പെട്ടു.
ഇതു പള്ളിയേക്കാളും ബൃഹത്തായിരുന്ന ഒരു നിർമ്മിതി നിലനിന്നിരുന്നതായി വെളിവാക്കുന്നു. ഭിത്തിയിൽനിന്നും തള്ളിനിൽക്കുന്ന ഒരു ചെറു ശിലയിൽ അഞ്ച് അക്ഷരങ്ങൾ അടങ്ങുന്ന ദേവനാഗരിയിൽ കൊത്തിയ ഒരു ഹിന്ദുനാമം കാണുന്നു. പള്ളിയേക്കാളും ബൃഹത്തായിരുന്ന ഈ നിർമ്മിതിയിൽ ഒരേ അകലത്തിലുള്ള 30 തൂൺപാദങ്ങൾ കാണപ്പെട്ടു. .മൂന്നു തലങ്ങളിലുള്ള തറകൾ ,ഒന്നിനു മേലെ പണിത ഭിത്തികൾ, യജ്ഞകുണ്ഡം, മധ്യകാലത്തുമാത്രം ഉപയോഗിച്ചിരുന്ന (2000 വർഷങ്ങളായി ഉപയോഗത്തിലില്ലാത്ത) വർത്തുളമായും മറ്റാകൃതിയിലുമുള്ള ( ദീർഘചതുരാകൃതി അല്ലാത്ത) ഇഷ്ടികൾ, കസൌത്തി(touch stone) കല്ലുകൾകൊണ്ട് നിർമ്മിച്ച തൂണുകൾ, കളിമൺ ദിവ്യരൂപങ്ങൾ,( പാമ്പ്,ആന,അശ്വാരൂഢൻ,യോഗി) ഗുപ്ത, കുഷൻ, ഗഹഡ്‌വൻ ( 12ആം ശതകം) കാലത്തെ ഇഷ്ടികകൾ ഇവയും കണ്ടെത്തി. വാസഗൃഹങ്ങളുടെ യാതൊരു തെളിവും ലഭിച്ചില്ല. വളരെ ദിവ്യമായിക്കരുതി , ആരാധനയ്ക്കുമാത്രമായി ഉപയോഗിച്ചിരുന്ന ഒരു ബൃഹത്കേന്ദ്രം നിന്നിരുന്ന വളപ്പിന്റെ ( complex) ചിത്രമാണ് ഖനനങ്ങൾ കാട്ടുന്നതെന്ന് റിപ്പോർട്ട് ഊന്നിപ്പറയുന്നു. ഒരു അടി മേൽമണ്ണ് വന്നുമൂടാൻ ഒരു ശതകം വേണമെന്നാണു പുരാവസ്തുശാസ്ത്രത്തിലെ കണക്ക് എന്നതിനാൽ 30 അടി താഴ്ചയിൽ കണ്ട ഈ അടരിനും അതിലെ നിർമ്മിതിയ്ക്കും 2500 വർഷത്തെയെങ്കിലും പഴക്കമുണ്ട് എന്നു തെളിയുന്നു.
ഖനനം കാട്ടിത്തരുന്ന ചരിത്രകാലഘട്ടങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:
ആദ്യത്തെ ബി.സി.ഇ. സഹസ്രാബ്ദത്തിൽ ( BCE1st millinium ) വടക്കൻ കറുത്ത മിനുസ്സൻ
മൺ)പാത്രങ്ങൾ (Northern Black Polished Ware) ഉപയോഗിച്ചിരുന്ന ജനതയാണ് അദ്യമായി
കുടിയേറി വസിച്ചിരുന്നത്. ഈ കാലം ബി.സി.ഇ.300 വരെ നീണ്ടതായി കരുതാം
അതിനുശേഷം, ബി.സി.ഇ. 2-1 ശതകത്തിൽ സുംഗകാല ജനത ഇവിടെ കുടിയേറി. മണ്മാതൃ ദേവതകൾ, മനുഷ്യ, ജന്തു, രൂപങ്ങൾ ഇക്കാലത്തെ പ്രത്യേകതകളാണ്.
പിന്നീട് തെളിയുന്നത് കുഷൻ കാലമാണ് (1-3 ശതകം)
അടുത്ത അടരിൽ തെളിയുന്നത് 4-6 ശതകം വരെയുള്ള ഗുപ്ത കാലഘട്ടത്തിലെ പ്രത്യേകതകളാണ്. ചെമ്പ് നാണയങ്ങൾ, പ്രത്യേക മൺരൂപങ്ങൾ ഇവ അടങ്ങിയവ.
പിന്നീടു കാണുന്ന രജപുത്രകാലത്ത്( 7-10 ശതകം) ഇവിടെ പല നിർമ്മാണ പ്രവർത്തനങ്ങളും ഒരു വർത്തുളാകാര ക്ഷേത്രവും ഉണ്ടായിരുന്നതിന്റെ തെളിവുകൾ കാണുന്നു. ക്ഷേത്രം നശിച്ചിരുന്നുവെങ്കിലും അതിന്റെ വടക്കെ ഭിത്തിയിലിപ്പോഴും ഒരു (അഭിഷേക) ജല നിർഗ്ഗമന നാളി (water chute) കാണാം. ഈ വർത്തുള ക്ഷേത്രത്തിന്റെ നിർമ്മാണ മാതൃകയാവട്ടെ ശ്രാവസ്തിയിൽ വകുപ്പിന്റെ തന്നെ ഖനനത്തിൽ കണ്ടെത്തിയ ചിരേനാഥ ക്ഷേത്രം, മധ്യപ്രദേശിലെ രേവയിൽ ചന്ദ്രഹേ, മസാവോൺ ശിവ ക്ഷേത്രങ്ങൾ( 1950) , ഉത്തർപ്രദേശിലെ ഫത്തേപ്പൂരിലെ കുരാരിയിലുള്ള വിഷ്ണു ക്ഷേത്രം, ആ ജില്ലയിലെ തന്നെ റ്റിൻഡാലിയിലുള്ള സുര്യ ക്ഷേത്രം, എന്നി ക്ഷേത്ര മാതൃകകളോട് വളരെ സമാനത പുലർത്തുന്നതിനാൽ10 ആം ശതകത്തിലേതാണെന്നു വ്യക്തമാണ് എന്നാൽ വർത്തുളക്ഷേത്രം പരിമിതമായ കാലത്തേക്കു മാത്രമെ നിലനിന്നുള്ളുവെന്നു് കരുതണം. അതിന്റെ ഭിത്തികൾ പലതും നശിച്ചിരുന്നു. ഈ നിർമ്മിതിയുടെ അവശിഷ്ടങ്ങൾക്കു മേലാണ് നേരത്തെ പറഞ്ഞ ബൃഹത്‌നിർമ്മിതി പണിതുയർത്തിയത്. മൂന്നു ഘട്ടങ്ങളായി
ഒന്നിനുമേൽ ഒന്നായ മൂന്ന് തറകളോടുകൂടി പടുത്തുയർത്തിയ ഈ വൻ ആകാരത്തിനു നേരെ മുകളിലാണ് 16ആം ശതകത്തിൽ ഉപരിസഥിതമായി ബാബറി മസ്ജിദ് അവിടെ നിർമ്മിച്ചത്
അലഹബാദ് ഹൈക്കോടതിയുടെ അന്തിമ വിധി
1999 ൽ പിൻവലിച്ച മഹന്ത് രാമചന്ദ്ര ദാസിന്റെ കേസ് ഒഴിച്ച് 4 കേസുകളുടെയും വാദംക്കേൾക്കൽ 2002 ൽ അലഹബാദ് ഹൈക്കോടതിയുടെ ലെക്നൌ പ്രത്യേക ബെഞ്ചിൽ തുടങ്ങി. ആകെ 94 സാക്ഷികൾ ഉണ്ടായിരുന്നതിൽ 58 ഹിന്ദുക്കളും 36 മുസ്ലീമുകളുമായിരുന്നു. ഇവരുടെ മൊഴികൾ തന്നെ 13000 പേജുകൾ കവിയുന്നു. 2010 ജനുവരി മുതൽ പ്രത്യേക് ബെഞ്ച് ദിവസവും കേസ് കേട്ടു.
2010 സെപ്റ്റംബർ 30, വ്യാഴാഴ്ച, ഒരാഴ്ചത്തെ സുപ്രീം കോടതിയുടെ സ്റ്റേ നീക്കിയതിനുശേഷം അലഹബാദ് ഹൈക്കോടതിയുടെ ലെക്നൌ ബെഞ്ചിന്റെ ജസ്റ്റിസ് എസ്.യു ഖാൻ, ജസ്റ്റീസ് സുധീർ അഗർവാൾ,ഡി.വി. ശർമ്മ, ഇവരുടെ മൂന്നംഗബെഞ്ചിന്റെ വിധിയിൽ, രാംലല്ല കക്ഷിയുടെ ഒഴികെയുള്ള മറ്റു മൂന്നുകേസുകളും കാലഹരണപ്പെട്ടവയായി തള്ളുകയും എന്നാൽ ഒരു സൌമനസ്യമായി 2.77 ഏക്കർ വരുന്ന തർക്കഭൂമി സമം മൂന്നു ഭാഗങ്ങളായി വിഭജിച്ചു ഹിന്ദുക്കൾക്കും മുസ്ലിമുകൾക്കും അനുവദിക്കുകയും, താൽക്കാലിക ക്ഷേത്രം ഇരിക്കുന്ന സ്ഥലം ഹിന്ദുക്കളുടെയാണെന്നും വിധിയായി. അതായത് മൂന്നിൽ ഒന്നു ഭാഗം വെച്ച്, രാംലല്ല കക്ഷിയ്ക്കും, നിർമ്മോഹി അഖരയ്ക്കും, സുന്നി വകഫ് ബോർഡിനുമായി ഭാഗിക്കുകക. വിഗ്രഹങ്ങൾ വിരാജമാനമായ മധ്യകുംഭഗോപുരത്തിനു കീഴിലുള്ള ഭാഗം രാമലല്ലയ്യ്ക്കും, ചബൂത്തരയും സീതാകാ രസോയിയും ഇരിക്കുന്ന ഭാഗം നിർമോഹി അഖരയ്ക്കും, ബാക്കി ഭാഗം വകഫ് ബോർഡിനും. 8000 പേജുകൾ അടങ്ങുന്നതാണു വിധി. വിധിയുടെ മറ്റു പ്രധാനാംശങ്ങൾ താഴെ കൊടുക്കുന്നു:
- തർക്കഭൂമി ഭഗവാൻ ശ്രീരാമന്റെ ജന്മസ്ഥലമാണോ?
അതെ. ആ ജന്മസ്ഥാനം നീതിന്യായപരതയുള്ള വ്യക്തിയും ( juristic person ) ഒരു ദൈവതവും ( deity ) ആണ്. അത് ശൈശവസ്ഥായിയിലുള്ള ഭഗവാൻ ശ്രീരാമന്റെ ദിവ്യചൈതന്യമുള്ള സ്വത്വരൂപമായി ആരാധിക്കപ്പെടുന്ന ജന്മസ്ഥാനമാണ്. ദിവ്യാൽമകത എവിടെയും സ്ഥിരവും ചിരവും, ആർക്കും സ്വവിശ്വാസമനുസരിച്ച് ഏതു രൂപത്തിലും ആകൃതിയിലും ആവാഹിക്കാവുന്നതും, അതിനാൽ അരൂപമാകാവുന്നതുമാണ്.
2. തർക്കനിർമ്മിതി ഒരു മസ്ജിദ് ആയിരുന്നോ? എങ്കിൽ, എന്ന്, ആർ നിർമ്മിച്ചു?
തർക്കനിർമ്മിതി ബാബറാണു നിർമ്മിച്ചത്. എത് വർഷമെന്ന് നിശ്ചിതമല്ല. അത് ഇസ്ലാമിക മത നിബന്ധനകൾക്ക് അനുസൃതമായിട്ടല്ല നിർമ്മിക്കപ്പെട്ടത്. അതിനാൽ മസ്ജിദിന്റെ സ്വഭാവമില്ല
3. മസ്ജിദ് പണിതത് തൽസ്ഥാനത്തുണ്ടായിരുന്ന ഹിന്ദുക്ഷേത്രം തകർത്തിട്ടായിരുന്നുവോ?
തർക്കനിർമ്മിതി തൽസ്ഥാനത്തുണ്ടായിരുന്ന പ്രാചീനനിർമ്മിതി തകർത്ത് അവിടെത്തന്നെ പണിയുകയായിരുന്നു. ഭാരതീയ പുരാവസ്തു വകുപ്പ് ആ പ്രാചീന നിർമ്മിതി ഒരു ബൃഹത്തായ ഹിന്ദുമത നിർമ്മിതിയായിരുന്നുവെന്ന് തെളിയിച്ചു.
4. മൂർത്തികൾ ഈ കെട്ടിടത്തിൽ പ്രതിഷ്ടിച്ചത് 1949 ഡിസംബർ 22/23 രാത്രിയിലായിരുന്നോ?
മൂർത്തികൾ തർക്കനിർമ്മിതിയിലെ മദ്ധ്യകുംഭഗോപുരത്തിനകത്തു വെച്ചത് 1949 ഡിസംബർ 22/23 രാത്രി ആയിരുന്നു
5. തർക്കവസ്തുവിനു ഉന്നയിച്ചു സമർപ്പിച്ച അവകാശങ്ങളിൽ ഏതെങ്കിലും കാലഹരണപ്പെട്ടതാണോ?
സുന്നി സെന്റ്റൽ ബോർഡ് വക്കഫ്, (O.O.S No.4 of 1989); നിർമോഹി അഖര (O.O.S. No. 3 ) , ഇവ രണ്ടും കാലഹരണപ്പെട്ടവയാണ്.
6. തർക്കഭൂമിയുടെ , അക,പുറമുറ്റം ഉൾപ്പെടെയുള്ളതിന്റെ, പദവി എന്തായിരിക്കും?
തർക്കഭൂമി രാമചന്ദ്രജിയുടെ ജന്മഭൂമിയാണെന്നും ഹിന്ദുക്കൾക്ക് അവിടെ ആരാധനാവകാശം ഉണ്ടെന്നും സ്ഥാപിച്ചിരിക്കുന്നു.
7. 3 മാസത്തേക്ക് തർക്കഭൂമിയിൽ തൽസ്ഥിതി തുടരണം.
വിധിപ്രസ്താവത്തൊടെ ഉണ്ടായേക്കാവുന്ന സമാധാനഭംഗം ഭയന്നു അഭുതപൂർവ്വമായ കരുതലുകൾ ദേശവ്യാപകമായി എടുത്തിരുന്നുവെങ്കിലും എല്ലാ വിഭാഗം നേതാക്കളുടെയും ആഹ്വാനം അനുസരിച്ച് രാജ്യം മാതൃകാപരമായ സമന്യയം പാലിച്ചു. പക്ഷെ തർക്കഭൂമി ഭാഗം വയ്ക്കേണ്ടിവന്നത് ഹിന്ദുക്കളെയും മുസ്ലിമുകളെയും തൃപ്തിപ്പെടുത്തിയിട്ടില്ല. ഇരു കൂട്ടരും സുപ്രീം കോടതിയിൽ അപ്പിലിനു പോകനൊരുങ്ങുന്നു.. അതെ, യുദ്ധകാണ്ഡം ഇനിയും തീരാനുണ്ട്.
----------------
പലടത്തും അന്വേഷിച്ചിട്ടും കിട്ടാതിരുന്ന പല കാര്യങ്ങ്ളും ഇതിന്‍ നിന്ന് കിട്ടി..സാറിന്റെ പ്രയത്നം വലുതാണു..നന്ദി
മറുപടിഇല്ലാതാക്കൂഗ്രേറ്റ് :)
മറുപടിഇല്ലാതാക്കൂ"Joseph Tieffenhaler എന്ന ഫ്രെഞ്ച് ജെസ്യൂട് പുരോഹിതൻ 1788 ൽ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിലാണ് ബാബറി മസ്ജിദ് രാമജന്മസ്ഥലത്താണു സ്ഥിതിചെയ്യുന്നതെന്ന വാസ്തവം സമീപകാലത്ത് ആദ്യമായി
മറുപടിഇല്ലാതാക്കൂഅറിയപ്പെടുന്നത്. അതിൽ പറയുന്നു: “ ഔറങ്ങ്സേബ് ചക്രവർത്തി[?] അയോദ്ധ്യയിൽ രാംകോട്ട് എന്ന കോട്ട തകർക്കുകയും തൽസ്ഥാനത്ത് മൂന്നു കുപ്പോളകൾ ( കുംഭഗോപുരങ്ങൾ) ഉള്ള ഒരു പള്ളി പണിയുകയും, പിന്നീട് ഹിന്ദുക്കൾ ജഹാംഗീർ ചക്രവർത്തിയുടെ കാലത്തും ഇതുപോലെ ഉണ്ടായ ക്ഷേത്ര ധ്വംസനങ്ങളെ ചെറുത്തിരുന്നതുപോലെ ഔറംഗസേബിന്റെ മരണാനന്തരം 1707 ൽ പല യുദ്ധങ്ങൾ നടത്തി വീണ്ടെടുത്ത് വീണ്ടും കോട്ടകെട്ടി സംരക്ഷിക്കുകയും ചെയ്തു.“[ ബാബറിനു ശേഷവും നശിപ്പിക്കലും വീണ്ടെടുക്കലും ചെറു യുദ്ധങ്ങൾ തന്നെയും പല പ്രാവശ്യവും നടന്നിരുന്നതായി തോന്നുന്നു.] 1767 ൽ ഇവിടെ രാമനവമി ആഘോഷിക്കുന്നത് അദ്ദേഹം രേഖപ്പെടുത്തുന്നു. പിന്നീട് 1885 വരെയും രാംകോട്ട് എന്നറിയപ്പെട്ടിരുന്ന രാമജന്മഭൂമി ക്ഷേത്രത്തിൽ ആരാധന തുടർന്നിരുന്നുവെന്നും 1857 ൽ നടന്ന ശിപായിലഹളയെ തുടർന്നു 1859 ൽ ബ്രിട്ടീഷുകാർ ഇവിടെ പള്ളിയുടെ വശത്ത് കൈവരി-മതിൽ കെട്ടുകയും പുറത്ത് ഒരു പ്ലാറ്റ്ഫോം നിർമ്മിച്ച് അവിടെ ഹിന്ദുക്കൾക്ക് ആരാധനാസൌകര്യം ഒരുക്കിയതായും ജില്ലാ കമ്മീഷണറായിരുന്ന P.Carnegy യുടെ 1870 ലെ ഭരണ രേഖകളിൽ കാണുന്നു. 1858 ൽ പള്ളിയുടെ മുവാസ്സിൻ ( Muassin) സർക്കാരിനയച്ച ഒരു ഹർജിയിൽ ഹിന്ദുക്കൾ പള്ളിയുടെ മുറ്റത്ത് വളരെക്കാലമായി ആരാധന നടത്തുന്നതാണെന്നു പ്രസ്താവിക്കുന്നുണ്ട്. 1905 ലെ ജില്ലാ ഗസറ്റിയറിലും ഇതു പറയുന്നുണ്ട്: “പള്ളിയുടെ മുൻപിൽ ഒരു അടച്ചുകെട്ടുണ്ടാക്കി (enclosure) അവിടെ ഹിന്ദുക്കൾ പടുത്ത ഒരു പ്ലാറ്റ്ഫോമിൽ ആരാധന നടത്തുന്നു.”...........ഇതില്‍ ഒരു കാര്യം വ്യക്ത്തം. ബ്രിടീശു ഭരണം അതിനു മുന്‍പുണ്ടായിരുന്ന ഇസ്ലാമിക ഭരണത്തെക്കാള്‍ ഹിന്ദുക്കള്‍ക്ക് നന്മ ഉള്ളതായിരുന്നു അല്ലെ ? ഒരുപക്ഷെ ഇസ്ലാമിക ഭീകരഭാരനത്തിനു അറുതി വരുത്തിക്കൊണ്ട് ബ്രിടീശുകാര്‍ വന്നില്ലായിരുന്നു എങ്കില്‍ ഇപ്പോഴും ഭഗവാന്‍ ശ്രീരാമചന്ദ്ര പ്രഭുവിന്റെ ജന്മഭൂമി ബാബരി മസ്ജിദ് ആയി തന്നെ നിലനില്‍ക്കും ആയിരുന്നു അല്ലെ !!!
നന്നായി എഴുതിയിരിക്കുന്നു. എങ്കിലും ഒരുകാര്യം വ്യക്തമല്ല .'' സൂര്യവംശം ഋഗ്വേദ കാലത്തുള്ള( ബി.സി.ഇ. 15 ആം ശതകം) പ്രബല ഗോത്രവർഗ്ഗ രാജകുലമാണെന്നെതിനാലും, രാമൻ,സീത, ദശരഥൻ,,ജനകൻ, വസിഷ്ടൻ, വിശ്വാമിത്രൻ, ഈ നാമങ്ങൾ എല്ലാംതന്നെ വേദത്തിൽ കാണപ്പെടുന്നതിനാലും രാമായണ കഥാ സംഭവങ്ങൾ ഋഗ്വേദ കാലത്തിനു മുമ്പുണ്ടായതാണെന്നു അനുമാനിക്കാം.''....ആര്യന്മാര്‍ സ്പതസൈന്ധവത്തില്‍ കഴിയുമ്പോള്‍ ഋഗ്വേദം നിര്‍മ്മിച്ചുവെന്നു കരുതുന്നു ...അതിനു വളരെക്കാലത്തിനു ശേഷമാണ് കിഴക്കു ഗംഗാതീരത്തിലെ വനങ്ങള്‍ വെട്ടിത്തെളിച്ചു കൃഷിഭൂമിയാക്കുന്നതും 'ആര്യാവര്‍ത്തം' സൃഷ്ടിക്കുന്നതും ... അങ്ങനെയെങ്കില്‍ ഗംഗാ-യമുനാ Doab ന്‍റെ കിഴക്കേയറ്റത്തുള്ള അയോദ്ധ്യ ഋഗ്വേദകാലത്തിനും മുന്‍പു ജീവിച്ചിരുന്ന ശ്രീരാമന്‍റെ ജന്മദേശ ആകുന്നതെങ്ങനെ ?
മറുപടിഇല്ലാതാക്കൂ