കവിതയും താളാത്മകതയും
ഗോപാൽ ഉണ്ണികൃഷ്ണ
കവിതയുടെ നിയാമക സ്വഭാവമെന്താണ്? അതിന്റെ ഓജസ്സിന്റെ ഔന്നത്യങ്ങളിൽനിന്ന് ഏതുതരം ആത്മാലാപന സംഗീതമാണ് നാം ആഗ്രഹിക്കുന്നത്? യാഥാർഥ്യത്തിന്റെ തംബുരുശ്രുതിയിൽ ഭാവനയുടെ ആരോഹണാവരോഹണങ്ങൾ ലയിപ്പിക്കുന്നതെങ്ങനെ? ഈ സമസ്യകളുടെ അനുധാവനത്തിൽ കവിയുടെ നൈസർഗ്ഗിക സർഗ്ഗസങ്കേതങ്ങൾപോലെതന്നെ പ്രധാനമാണ് ആസ്വാദകന്റെ അനുരണന ബോധതലവും. ഉപരിപ്ലവനായ അനുവാചകൻ കവിതയുടെ അന്തർധാരയിലേക്ക് ആഴാതെ വെറും ഭാവനാപരമായ, ബൗദ്ധികമായ, രസജ്ഞതയായോ കലാവിനോദമായോ മാത്രം കവിതയെ വായിക്കുന്നു. ഇവർക്ക് കവിത സുന്ദരമായ ഒരു ആശയത്തെ ഉൾവഹിക്കുന്നതായാൽ മതി. വിചക്ഷണനായ വിമർശകനാവട്ടെ, കവിതയുടെ പരിച്ഛേദമെടുത്തു പരിശോധിക്കുന്നതിൽ പരിരമിക്കുന്നു. അതിനാൽ ,കവിതയെക്കുറിച്ചുള്ള പണ്ഡിതവിചിന്തനങ്ങളിലും ഉൾക്കാഴ്ചകളിലും സമ്മതമെന്നും സ്വീകാര്യവുമെന്നും തോന്നിയവയിൽക്കൂടിയുള്ള ഒരു പ്രയാണമാണിവിടെ.
മനുഷ്യന്റെ ആദി വചനങ്ങളിൽ വസ്തുക്കളെയും പ്രാകൃതാശയങ്ങളെയും പ്രതിനിധാനം ചെയ്തിരുന്നത് അവയിലെ ഏറ്റവും പ്രകടമായതോ മനുഷ്യബന്ധിതമോ ആയ ഗുണവിശേഷമായിരുന്നു, പ്രധാനമായും ശബ്ദഗുണങ്ങൾ. ഉദാഹരണത്തിന്, കാകൻ,കാക്ക, ക്രോ എന്ന് ഇന്നും ഉച്ചരിക്കപ്പെടുന്നവയുടെ ആദിരൂപങ്ങൾ. ഇവയിൽത്തന്നെ അന്തരാളത്തിൽ അനുരണനം സൃഷ്ടിക്കുന്ന ശബ്ദങ്ങൾ കൊണ്ടും അവൻ വസ്തുക്കളെ അടയാളപ്പെടുത്തി. കുഞ്ഞ് കേഴുന്ന 'മ' ശബ്ദം സൃഷ്ടിക്കുന്ന അനുരണനത്തിൽ നിന്നാവാം ആ ശബ്ദം മാതാവിനെ പ്രതിനിധാനം ചെയ്തത്. ഈ വിധം അനുരണനാധിഷ്ടിതമായ ആദി ഭാഷയ്ക്ക് ജീവസ്സുറ്റ കരുത്തും കാവ്യാത്മകതയും ഉണ്ടായിരുന്നത് ഭാഷാവികാസത്തിൽ പിന്നീട് വളരെ സൂക്ഷ്മതയും, വ്യക്തതയും പ്രായോഗികതയും ഉണ്ടായ ചെലവിൽ നഷ്ടമായി. ഭാഷയുടെ പ്രാകൃത ചരിത്രമോ ഉല്പത്തിതന്നെയോ പരിശോധിച്ചാൽ, അതു പ്രധാനമായും വികാരങ്ങൾ അല്ലെങ്കിൽ തോന്നലുകൾ, ഇന്ദ്രിയബോധങ്ങൾ, സാമാന്യ സഹജാവബോധങ്ങൾ, ആദിയായവയ്ക്കു ശബ്ദം നൽകാനായിരുന്നുവെന്ന് കാണാം. അതുകൊണ്ടുതന്നെ എണ്ണത്തിൽ പരിമിതമായിരുന്ന ആ ശബ്ദസഞ്ചയത്തിലെ ഓരോ വാക്കിനും ഏകാർത്ഥമായ, വളരെ ജൈവമായ, അസ്തിത്വം ഉണ്ടായിരുന്നു. ബൗദ്ധികമായ ഭിന്നാശയങ്ങൾ അടങ്ങുന്ന ബോധമോ അറിവോ പ്രകടമാക്കാനുള്ള ആവശ്യം ബുദ്ധിയുടെയും ഭാഷയുടെയും വികാസഗതികൾക്കനുരൂപമായി പിന്നീടാണുണ്ടായത്. അതോടെ വാക്കുകൾക്കും ശബ്ദങ്ങൾക്കും ആദിയിലുണ്ടായിരുന്ന ഉൽക്കടമായ വ്യതിരിക്തതയും ഏകമാനവും മാറി വാക്കുകൾക്ക് പലേമാനങ്ങളൂം, ആശയങ്ങൾക്ക് പലേമാനമുള്ള വാക്കുകളൂം, പ്രയോഗത്തിലായി. കൂടുതൽ മെച്ചപ്പെട്ട ആശയസംക്രമണത്തിന് ഉതകിയെങ്കിലും നിത്യഭാഷണത്തിൽ വാക്കുകൾ ജീവസ്സ് നഷ്ടപ്പെട്ട് യാന്ത്രികോപരണങ്ങളായി മാറി. അപ്പോൾപിന്നെ വാക്കുകൾക്ക് ജീവൻ കൊടുക്കണമെങ്കിൽ, ശബ്ദങ്ങളുടെ വർദ്ധിച്ച സ്വരഭേദങ്ങളാലും അവയിലേക്കു നാം സംക്രമിപ്പിക്കുന്ന നമ്മുടെ ഉള്ളിൽത്തന്നെയുള്ള വികാരസാന്ദ്രതയാലും പ്രാണശക്തിയാലും അവയെ നിർഭരമാക്കണ്ടതുണ്ട് എന്നു വന്നു.
അസ്ഥിത്വമുള്ളതിനെ പ്രകടിപ്പിക്കുന്നതും വ്യക്തമാക്കിനിർത്തുന്നതുമായ കർമ്മമാണ് ഭാഷയുടേത്. അറിവ് പകരാനുള്ള ഉപകരണം എന്ന നിലയിൽ ഭാഷ ഒരു അധീനതയാണ്. അതിനുമപ്പുറം, അസ്ഥിത്വത്തിന്റെ തുറസ്സിൽ ഭാഷയിലൂടെ മാത്രമേ ഊന്നിനിൽക്കാനും കഴിയൂ. ഭാഷയിലൂടെ മാത്രമെ ലോകം അർഥവത്താകയുള്ളു. കവിതയുടെ സത്തയെ ഭാഷയുടെ സത്തയിലൂടെയും ഭാഷയുടെ സത്തയെ കവിതയുടെ സത്തയിലൂടെയും മനസ്സിലാക്കണം. ഒരു കണക്കിന്, പ്രകൃതിയുടെ ഉപഹാരം എന്നതിനാൽ അസ്ഥിത്വം തന്നെ അടിസ്ഥാനപരമായി കാവ്യാത്മകമാണ്. കവിത സത്യത്തിന്റെ ചിരസ്ഥിതിയെ വാക്കിലും വാക്കിലൂടെയും സമർഥിക്കുമ്പോൾ, പ്രകൃതിവസ്തുക്കളെ കവി പേർവിളിക്കുമ്പോൾ, നാമകരണത്തിനും അപ്പുറം ആ വസ്തു അതായി നാമനിർദ്ദേശിക്കപ്പെടുകയാണ്. സംബോധനയായ ആ പ്രതേക വാക്ക് പരക്കെ മനസ്സിലാക്കപ്പെടുകയും പ്രചരിക്കുകയും ചെയ്യണമെങ്കിൽ അത് സാധാരണമൊ താളാത്മകമൊ ആകണ്ടതുണ്ട്. കവിതയുടെ താളാത്മകത ഒരു വലിയ അളവിൽ ഇതു സാധ്യമാക്കുന്നു.
താളാത്മകത
. ഇവിടെയാണ് കവിതയുടെ താളാത്മകതയുടെ പ്രസക്തി. അവബോധ മനശ്ശാസ്ത്രത്തിലെ (Cognitive Psychology) ഒരു പ്രബല പരികല്പനയായ ചിന്താഭാഷാ സിദ്ധാന്തം ( Language Of Thought Hypothesis or LOTH) അനുസരിച്ച് ചിന്ത, പദവിന്യാസവും പദാർത്ഥവ്യാപ്തിയുമുള്ള ഒരു പ്രതിനിധാനത്തിന്റെ ചിഹ്നമാണ്. ചിന്തകൾ അതിനാൽ പ്രമേയപരമായ മനസ്ഥിതികളാണ്: ഓരോന്നിനും തനതായ വിഷയവും, വാക്യവും, ഉദ്ദിഷ്ടതയും ഉള്ളവ. ഈ ചിന്താഭാഷയിലാണ് (Mentalese) നാം ചിന്തിക്കുന്നത്. കാവ്യോപസനയ്ക്കായി ബാഹ്യലോകത്തിൽ നിന്ന് ഉൾവലിഞ്ഞ് അന്തരംഗത്തിന്റെ വിതതദൃശ്യങ്ങളിലേക്ക് പ്രയാണം ചെയ്തെത്തുന്ന കവി, സാധാരണ ഗദ്യത്തിലുള്ള ചിന്താഭാഷയെ കാവ്യചിന്താഭാഷയായി രാസപരിണാമം ചെയ്യുകയാണ്
ഈ കാവ്യചിന്താഭാഷയുടെ അനഘതയിലൂടെ വസ്തുക്കളുടെ ഇന്ദ്രിയപരമായ നിശ്ചിതത്തെ ബിംബങ്ങൾകൊണ്ട് പകരം വച്ച്, ശബ്ദത്തിന്റെ വ്യജ്ഞനശക്തി വർദ്ധിപ്പിച്ച്, ബുദ്ധിയുടെ ചിന്താമൂല്യവുമായി ചേർത്ത്, കവി വസ്തുക്കളുടെ മൗലികതയെ പുനർവചിക്കുന്നു. വാക്ക് ഇവിടെ പരമമായ അർഥവ്യാപ്തിയെ പ്രാപിക്കുകയാണു ചെയ്യുന്നത്. ധിഷണയും ആശയവും അനുഭൂതിയും ചേർന്നുള്ള, അന്തരാത്മാവിന്റെ ദർശനം പ്രകടിപ്പിക്കാനുള്ള ആത്മീയാവേശത്തിന്റെ ആവിഷ്കാരവും ചലനവുമായി കവിതയുടെ ശൈലിയും താളവും മാറുന്നു. കവിതയുടെ താളാത്മകത, തനതു ശൈലികൊണ്ട് മാത്രം സാധ്യമല്ലാത്ത ഒരു മാനത്തിലേക്ക് കവിതയെ ഉയർത്തുകയാണു ചെയുന്നത്. ജീവിതത്തിന്റെയോ പ്രകൃതിയുടെയോ ഒരു സത്യാംശത്തിന്റെ ദർശനജനിതമായ ആവേശത്താലുളവാകുന്ന ദമം ആനന്ദമായി പരിണമിക്കുമ്പോൾ താനെ ജനിക്കുന്നതാണീ താളാത്മകത. സ്വയംവെളിവിന്റെ വേളയിൽ തൽജന്യമായ രൂപഭാവങ്ങളുടെ നടനം. കാവ്യമൊഴിയുടെയും കാവ്യചാലകതയുടെയും സ്രോതസ്സ് ഇവിടെയാണ്. തീവ്രവും നിസ്സങ്കോചവുമായ കാവ്യശൈലി അതിനെ സമീകരിച്ച്, നികടത്തും ജൈവത്തുമാക്കുന്നു. ഇങ്ങനെ കാവ്യചിന്താഭാഷയിലൂടെ ആത്മാവിന്റെ താളം പേറുന്ന കവിത മനുഷ്യന്റെയോ പ്രകൃതിയുടെയോ സ്വത്വവീക്ഷണം ആവിഷ്കരിക്കുന്ന ഏറ്റവും ഉദാത്തമായ മൊഴിയാണ്.
താളം
തൗര്യത്രികങ്ങളായ നൃത്തം,ഗീതം,വാദ്യം എന്നിവയെ കോർത്തിണക്കുന്ന താളം സൂക്ഷമായ സമയക്രമമാണ്. അത് രണ്ട് എതിരുകളുടെ കാലത്തിലുള്ള ചലനത്തിന്റെ ആവർത്തനക്രമമാണ്. ഈ അർഥത്തിൽ പ്രപഞ്ചത്തിൽ പലതിനും, പ്രപഞ്ചത്തിനുതന്നെയും, താളമുണ്ട്. (സം)ഗീതത്തിൽ, പദ്യത്തിൽ, അത് ശബ്ദത്തിന്റെയും നിശബ്ദത്തിന്റെയും ചാലികമായ ആവർത്തനക്രമമാണ്. ഗർഭാശയത്തിൽ വെച്ചു കേൾക്കൂന്ന ഹൃദയതാളമാണ് മനുഷ്യനിൽ (പല ജന്തുക്കളിലും) ജന്മവാസനയായി താളാത്മകത തോന്നിച്ചതെന്നു പറയപ്പെടുന്നു. അതു പിന്നീട്, പൂർവ്വമനുഷ്യൻ മരങ്ങളിൽനിന്ന് നിലത്തിറങ്ങിയ പരിണാമദിശയിൽ ആക്രമണങ്ങളെ എതിരിടുവാൻ സഹായിക്കുന്ന ഒരു നിർഭയത്വമൂർച്ഛ ( battle transce) സൃഷ്ടിക്കാൻ സഹായിച്ചുവത്രെ. യുദ്ധകാഹളങ്ങളെയും പോർവിളികളെയും അനുസ്മരിക്കുക
ആംഗല കവിതയിൽ സാധാരണമായി താളം( rhythm) സങ്കലിപ്പിക്കുന്നത് ഊന്നൽ കൊടുത്തും അല്ലാതെയും ഉച്ചരിക്കുന്ന ഏകസ്വരാക്ഷരഗണങ്ങളുടെ ( syllable) ആവർത്തനം സൃഷ്ടിച്ചാണ്. താളം കവിതയ്ക്ക് സംഗീതം കൊടുക്കുന്നു. വാക്കുകളുടെയും പ്രയോഗങ്ങളടെയും ആവർത്തനം കൊണ്ടും ഒരു തരം താളാത്മകത വരുത്തിതീർക്കാം. ഉദാ.: "Sounds of the city and sounds out of the city, sounds of the day and night," ( Walt Whitman: "Song of Myself"). ഊന്നൽ കൊടുത്തും ( __ ) അല്ലാതെയുമുള്ള (u)രണ്ടിന്റെയും വിന്യാസവ്യത്യാസം (pattern) അനുസരിച്ച് താളത്തിന്റ ഏകകങ്ങളായി( units) അഞ്ച് പാദങ്ങൾ (feet or beat): 1. ഐആം (iamb): __u ( eg. "good-bye");
2. റ്റ്റോകീ (trochee): __u (eg."awful");
3. അനപെസ്റ്റ് (3 സിലബൾ) (anapest) __ __u (eg. "Halloween");
4. ഡാക്റ്റിൽ (dactyl) __uu (eg. wonderful);
5. സ്പാൻഡീ (spondee): __ __(eg. "big deal"),
എന്നിങ്ങനെ ഉപയോഗിക്കുന്നു. വൃത്തം, അതിലെ വരികളുടെ നീളം, ഇത്തരം പാദങ്ങളുടെ എണ്ണം അനുസരിച്ച് ചിട്ടപ്പെടുത്തിയിരിക്കുന്നു. ഉദാഹരണത്തിന്, ഐആംബിക് പെന്റാമീറ്റർ എന്ന വൃത്തത്തിൽ ( iambic pentameter ) അഞ്ച് ഐആംബുകൾ അടങ്ങിയ പത്ത് സിലബൾ ഉണ്ടായിരിക്കും. ഏറ്റവും സാധാരണമായ ഒരു വൃത്തമാണിത്. (ഷേക്സ്പിയർ കൂടുതലും ഈ വൃത്തത്തിലാണ് രചിച്ചത്.) വാസ്തവത്തിൽ, ആംഗലകവിതയിൽ അവശ്യം വേണ്ട ഘടകമാണ് താളം, വൃത്തം അവശ്യമല്ലെങ്കിൽകൂടി. വൃത്തമില്ലാത്ത സ്വതന്ത്ര പദ്യത്തിലാകട്ടെ (free verse), പദവിന്യാസക്രമം, വ്യവസ്ഥിതമായി ശബ്ദം, വാക്ക്, പ്രയോഗങ്ങൾ (phrases), വരി ഇവയുടെ ആവർത്തനം, യതിവിന്യാസം, വരികളുടെ ഏറ്റക്കുറച്ചിൽ, ഇത്തരം വേഗനിർണ്ണായകങ്ങൾ കൊണ്ട് ഒരു തരം താളം തരപ്പെടുത്തുന്നു
ഇന്ത്യൻ സംഗീതത്തിൽ താളത്തിന്റെ ഏകകം (unit) തുറന്ന കൈപ്പത്തി കമഴ്ത്തി കീഴ്പോട്ട് അടിക്കുന്ന ഒരടിയാണ് ( അനുധ്രുതം). ഇതിനോട് സമമാണ് മാത്രാ, ഭാഷാ,വൃത്തങ്ങളുടെ ഏകകമായ മാത്ര ( ഹൃസ്വം, ലഘു). സംസ്കൃതവൃത്തങ്ങൾ വർണ്ണം അഥവാ സ്വരാക്ഷരം ഏകകമായ വർണ്ണവൃത്തങ്ങളാണ്. ഒരു പാദത്തിൽ, വരിയിൽ, എത്ര അക്ഷരങ്ങൾ എന്ന് ക്രമപ്പെടുത്തി 21 അക്ഷരങ്ങൾ വരെയാകാവുന്ന 21 ഛന്ദസ്സുകളാണ് വർണ്ണവൃത്തങ്ങളിലുള്ളത്. വ്യാകരണത്തിലെ ഹൃസ്വ,ദീർഘ സ്വരങ്ങൾക്കു സമാനമായി ഇവയെ ലഘു, ഗുരു എന്ന് വിളിക്കുന്നു. മലയാളവൃത്തങ്ങളിൽ കാലംകൊണ്ടുള്ള ശ്വാസമാനമായതിനാൽ ഒരു ലഘു ഉച്ചരിക്കുന്ന കാലം ഒരു മാത്രയും ഒരു ഗുരു ഉച്ചരിക്കുന്ന കാലം രണ്ട് മാത്രകളായും കരുതുന്നു. ഈ വർണ്ണ,മാത്രകളെ എണ്ണം അനുസരിച്ച് ചെറുകൂട്ടങ്ങളായ ഗണങ്ങളായി വിഭജിച്ച്, വിസ്ത്രുതമായ നിയമാനുസരണ വിന്യാസ മാതൃകകളനുസരിച്ച് വൃത്തങ്ങൾ നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. ഇതാണ് മലയാളത്തിലെ താളക്രമത്തിന്റെ ചുരുക്കം.
പ്രാസം
താളമല്ലെങ്കിലും താളാത്മകതയും ലയവും വരുത്താനുള്ള മറ്റൊരു ഉപാധിയാണ് പ്രാസം (rhyme). കവിതയിൽ തുല്യോച്ചാരണപദങ്ങൾ വിന്യസിക്കലാണത്. ഭാഷാഭേദമനുസരിച്ചും ഒരേഭാഷയിലും ഇത് പലവിധത്തിൽ നിർവഹിക്കപ്പെടുന്നു. ആംഗലത്തിൽ ഇതിനു നാലു രീതികളാണുള്ളത്: വാക്യാന്ത്യപ്രാസം( rhyme) : വരികളുടെ , പ്രധാനമായും അവസാനത്തിലോ, പ്രതേകയിടങ്ങളിലൊ വരുത്തുന്ന പ്രാസം; വാക്കാദിപ്രാസം(alliteration): വാക്കുകളുടെ ആദിപ്പൊരുത്തം; സ്വരാക്ഷരപ്രാസം (assonance): വാക്കുകളിലെ സ്വരാക്ഷരങ്ങൾ പൊരുത്തപ്പെട്ടിരിക്കുക; വ്യജ്ഞനാക്ഷരപ്രാസം (consonance): വാക്കുകളിലെ വ്യജ്ഞനങ്ങൾ പൊരുത്തപ്പെട്ടിരിക്കുക എന്നിങ്ങനെ. ഇവിടെത്തന്നെ, രണ്ട് വാക്കുകൾ ഒരേ സ്വര,വ്യജ്ഞന ജോടിയിൽ തീരുമ്പോൾ, പൗരുഷപ്രാസമെന്നും (masculine), രണ്ട് സിലബിൾ പൊരുത്തത്തിന്, സ്ത്രൈണപ്രാസമെന്നും (feminine), മൂന്ന് സിലബികൾ പൊരുത്തത്തിന് ത്രൈഗണപ്രാസമെന്നും (trisyllabic) വ്യ്വഹരിക്കപ്പെടാറുണ്ട്
. മലയാളത്തിലാകട്ടെ, ഓരോ വരിയിലെയും നിശ്ചിതയിടങ്ങളിൽ ഒരേ അക്ഷരമോ ശബ്ദത്തിൽ സമാനാക്ഷരമോ ചേർത്താണ് ശബ്ദാലങ്കാരങ്ങളിലൊന്നായ പ്രാസം വരുത്തുക. ഏഴു പ്രാസങ്ങളാണല്ലോ ഭാഷാഭൂഷണത്തിൽ നിർണ്ണയിച്ചിരിക്കുന്നത്. (ആദിപ്രാസം ( ആംഗലപ്രാസം), ദ്വിതീയാക്ഷരപ്രാസം ( കേരളപ്രാസം) , അന്ത്യപ്രാസം (മഹാരാഷ്ട്രപ്രാസം), അഷ്ടപ്രാസം, ദ്വാദശപ്രാസം, ഷോഡശപ്രാസം, ലാടാനുപ്രാസം എന്നിങ്ങനെ). ഓരൊവരിയിലും രണ്ടാമത്തെ അക്ഷരം ഒന്നായിരിക്കുക എന്ന ദ്വിതീയക്ഷരപ്രാസം നമ്മുടെ പദ്യങ്ങളിൽ, പ്രത്യേകിച്ചും ഭാഷാവൃത്തങ്ങളിൽ ഏറ്റവും പ്രിയങ്കരമായി പ്രയോഗിക്കപ്പെടുന്നതിനാൽ കേരളപ്രാസമെന്ന പേരും വീണിട്ടുണ്ടിതിന്. ഈ പ്രാസം, പ്രസക്തമായും, അർഥപുഷ്ടിയാൽ അനുയോജ്യമായും, വരികളിൽ ചാർത്തുമ്പോൾ അസാമാന്യമായ താളാത്മകതയും അതുണർത്തുന്ന ഗാനാത്മകതയും രസജ്ഞതയുമാണ് കവിതയ്ക്ക് സിദ്ധിക്കുന്നത്. പഴയകാല ആധുനികർക്ക് ദ്വിതീയാക്ഷരപ്രാസം ഏതാണ്ട് നിർബന്ധമായിരുന്നെന്നു പറയാം. അവർക്ക് അതിനുള്ള കുശലത നൈസർഗ്ഗികമായി ഉണ്ടായിരുന്നു താനും. എന്നാൽ അന്നും താരതമ്യേനെ കുശലത കുറഞ്ഞിരുന്നവരുടെ നേതൃത്വത്തിൽ, തുടക്കത്തിൽ ഈ പ്രാസത്തോടുള്ള അമിതാസക്തിയ്ക്കെതിരായും പിന്നീട് വാദം പുരോഗമിച്ചപ്പോൾ ആവേശം മൂത്ത് അനഭിലഷണീയമെന്നുവരെ വാദിക്കുകയും ചെയ്ത്, സാഹിത്യപ്രമുഖർതന്നെ അനുകൂലമായും പ്രതികൂലമായും രണ്ട് ചേരികളിൽ അണിനിരന്നു നടത്തിയ ദ്വിതീയാക്ഷരപ്രാസവാഗ്വാദങ്ങൾ സാഹിത്യ ചരിത്രത്തിലെ ഒരു പ്രകരണമായിത്തന്നെ എടുക്കാം. ഭാഷയ്ക്ക് ഉണർവ്വും അഭിവൃദ്ധിയും സമ്മാനിച്ചതെന്നു രേഖപ്പെടുത്തേണ്ട ഒരു പ്രകരണം. "പ്രാസവാദത്തിന്റെ ഫലമായി ശക്തമായ ഒരു വിമര്‍ശനശാഖ മലയാള സാഹിത്യത്തിനു ലഭിച്ചു. ക്ലാസ്സിസത്തില്‍നിന്ന് റൊമാന്റിസിസത്തിലേക്കുള്ള മലയാള കവിതയുടെ വളര്‍ച്ചയില്‍ ദ്വിതീയാക്ഷരപ്രാസവാദം സുപ്രധാനമായ പങ്കുവഹിച്ചു...സാഹിത്യത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും സാഹിത്യത്തില്‍ ഭാവാവിഷ്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മലയാള കവിതയുടെ തനതായ മൂല്യങ്ങളെക്കുറിച്ചും മറ്റുമുള്ള സമഗ്രമായ വിലയിരുത്തലിന് പ്രാസവാദം സഹായകമായി. സംസ്കൃത സാഹിത്യത്തില്‍ ആനന്ദവര്‍ധനന്‍, അഭിനവ ഗുപ്തന്‍, ഭട്ടനായകന്‍, കുന്തകന്‍, ക്ഷേമേന്ദ്രന്‍ തുടങ്ങിയ ആലങ്കാരികന്മാര്‍ സാഹിത്യത്തെക്കുറിച്ചു നടത്തിയ നിരീക്ഷണ-നിഗമനങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ വിലയിരുത്തലുകള്‍. ഇംഗ്ലീഷ് തുടങ്ങിയ വിദേശഭാഷകളിലെ ഉത്തമ സാഹിത്യകൃതികളും സാഹിത്യനിരൂപണവും ശ്രദ്ധിച്ചു പഠിക്കുന്നതിനും അതുമായി താരതമ്യം ചെയ്ത് മലയാള സാഹിത്യത്തെ നിരൂപണം ചെയ്യുന്നതിനും പ്രാസവാദം പ്രേരണ നല്കി. രൂപപരതയില്‍നിന്ന് ഭാവപരതയിലേക്കു നീങ്ങാന്‍ തയ്യാറായിനിന്ന മലയാളകവിതാപ്രസ്ഥാനത്തിലെ ആദ്യത്തെ അര്‍ഥവത്തായ സംഘട്ടനമായിരുന്നു ഈ സംവാദം എന്ന് വിലയിരുത്തുന്നുണ്ട്. ആധുനിക മലയാളസാഹിത്യത്തിന്റെ ആവിര്‍ഭാവത്തിനു വഴിതെളിച്ച ഘടകങ്ങളില്‍ മുഖ്യ പങ്കാണ് ഈ വാദത്തിനുള്ളത്. "
ഗദ്യകവിത
. കവിതയുടെ സാമ്പ്രദായികമായ നിർവചനത്തിന്റെയും ഗദ്യ പദ്യ വിവേചനത്തിന്റെയും സാംഗത്യവും വിവക്ഷ്യവും ചോദ്യം ചെയ്തുകൊണ്ടാണ് പാശ്ചാത്യ സാഹിത്യത്തിൽ കഴിഞ്ഞ ശതകത്തിന്റെ ആദ്യപാതിയിൽ പരമ്പരാഗതമായ കാവ്യ രൂപ,ഘടനയുടെ ഒരു തിരസ്കാരമുണ്ടായത്. പുറകെ അതിന്റെ അനുരണനം ഇവിടെയും ആവിർഭവിച്ചു. ആധുനികതയിലെ രൂപഭദ്രതാവാദികൾ ഈ പ്രസ്ഥാനം അല്ലെങ്കിൽ പ്രവണതയോട് പ്രതികരിച്ചത് നവരൂപഘടനകൾ സൃഷ്ടിക്കുന്നതിനോടൊപ്പം പഴയ രൂപഘടനകളെ പുനരുദ്ധരിച്ചുകൂടിയായിരുന്നു. അതിനുശേഷം, ഉത്തരാധുനികർ ഗദ്യ പദ്യ വ്യതിരിക്തതയെ വീണ്ടും പൊലിപ്പിക്കുന്നു. പക്ഷെ ഒന്നുമാത്രം. അവർ ഗദ്യപദ്യ വിവേചനത്തെയും കവിതയ്ക്കുള്ളിൽത്തന്നെയുള്ള തരാതരങ്ങളെയും വെറും സാംസ്കാരിക സൂത്രപ്പണികളായി (artifacts)മാത്രം കാണുന്നു. ആധുനികതയിലെ, കവിയുടെ സർഗ്ഗാത്മകപങ്കിനു കല്പിക്കുന്ന പ്രാധാന്യത്തിനുമപ്പുറം ചരിച്ച്, ഉത്തരാധുനികത, വായനക്കാരന്റെ ഭാഷ്യത്തെയും കൃതി വായിക്കപ്പെടുന്ന സങ്കീർണമായ സാംസ്കാരിക കെട്ടുപാടുകളെയും കൂടി കണക്കിലെടുക്കുന്നു. ഏതാണ്ട്, സർഗ്ഗകാരനുള്ള അത്രയും സ്ഥാനം തന്നെ വായനക്കാരനും കല്പിക്കുന്നു. കവിയുടെ കർമ്മം ഭാഗികമാക്കുന്നു.
. സ്വതന്ത്ര പദ്യം അല്ലെങ്കിൽ ഗദ്യകവിത ( free verse, മുക്തഛന്ദസ്സ്), അനവധാനി സ്വായത്തമാക്കുന്ന സ്വാതന്ത്ര്യമാണ്. എന്തിനും നാം മാതൃകയായി സ്വീകരിക്കുന്ന പാശ്ചാത്യ സാഹിത്യത്തിൽ ഇതു 19 താം നൂറ്റാണ്ടിൽ ഫ്രെഞ്ച്സാഹിത്യത്തിലാണു ജനിക്കുന്നത്. ബെർട്രാൻഡ്, (Aloysius Bertrand), ബൗദിലേർ (Charles Baudelaire), മുതലായവരായിരുന്നു അന്നതിന്റെ പ്രോക്താക്കൾ. ഇംഗ്ലിഷിലും മറ്റും ഗദ്യകവിത പ്രചുരപ്രചാരം നേടിയത് 1980 കളിലാണ്. ഇന്ന് അതിന്റെ ഏറ്റവും താണ നിലയിൽ, മിനിക്കഥകളും ചെറുകഥകളും, സംഭവവിവരണങ്ങളും വരെ കവിതയായി പടച്ചു വിടുന്നുണ്ട്. അല്ലൻ ഗിൻസ്‌ബെർഗ് (Allen Ginsberg) ഒരിക്കൽ നിന്ദാഗർഭമായി പറഞ്ഞു: "കവിത എഴുതുന്നതിന് എനിക്കു ഒരു പുതിയ രിതിയുണ്ട്.: തലയിൽ തോന്നുന്ന എന്തുമാവാം,... ദുരിതങ്ങളായാൽ നന്ന് ... അവയെ രണ്ട്, മൂന്ന്, നാലു, വാക്കുകൾ അടങ്ങുന്ന വരികളായി അടുക്കി - വാചകമാക്കാനൊന്നും നിൽക്കണ്ട - രണ്ട്, മൂന്ന്, നാല് വരികളടങ്ങുന്ന ബ്ലോക്കുകളായി കാച്ചുക!". സൈബർബ്ലോഗുകളിൽ ഇത് എളുപ്പവുമാണ്, എന്തു കുന്തവും എഴുതി പോസ്റ്റ് ചെയ്യുമ്പോൾ റ്റാഗ് (tag) ആയി " കവിത" എന്നു കൊടുത്താൽ മതി. ഇങ്ങനെ 'ഗവി'കളായി വിഹരിക്കുന്നവർക്ക് അതുമാത്രമേ അറിയൂ. വൃത്തബദ്ധകവിത വല്ല ബ്ലോഗിലും ( ഭാഗ്യത്തിന് അങ്ങനയും ഉണ്ട്) കണ്ടാൽ, ഇതൊക്കെ ഇപ്പോഴുമുണ്ടോ എന്നു ചോദിക്കുന്ന വിവരദോഷികളെയും കാണാം
ഭാരതീയ ആംഗല കവിതയിൽ സ്വതന്ത്ര പദ്യം അല്ലെങ്കിൽ മുക്തച്ഛന്ദസ്സ് ( free verse) ആവിർഭവിച്ചത് ഇംഗ്ലിഷിലെ മാർഗ്ഗദർശകകവികളായിരുന്ന റ്റി.എസ്.എലിയറ്റ്, എസ്രാ പൗണ്ട് മുതലായവരെ അനുകരിച്ചായിരുന്നുവെന്നു പറയാം.. വൃത്തക്രമത്തിലല്ല, വാക്യബന്ധങ്ങളുടെ താളലയം കോർത്താണ് കവിത രചിക്കണ്ടതെന്നായിരുന്നു ഇവർ നിർദ്ദേശിച്ചത്. താരതമ്യേനെ പ്രയാസരഹിതമായതിനാൽ, മുമ്പ് വിവരിച്ച ഇംഗ്ലീഷ് മീറ്റർ അനുസരിച്ച് പദ്യം ചമയ്ക്കാൻ വല്ലാതെ കുഴഞ്ഞിരുന്ന കവികൾക്ക് ഈ രീതി ദൈവസഹായം തന്നെയായി. ഒറ്റയടിക്കു പാരമ്പര്യം പൊട്ടിക്കുകയുമാവാം, നൂതനത്വം സൃഷ്ടിക്കുകയുമാവാം. ഛന്ദശാസ്ത്ര (prosody) നിയമങ്ങളിൽ നിന്നുള്ള മുക്തി 1950 കളിൽ ഇന്ത്യനിംഗ്ലീഷിൽ സ്വതന്ത്ര പദ്യങ്ങളുടെ ഒരു വസന്തം തന്നെ സൃഷ്ടിച്ചു. മുക്തഛന്ദസ്സുകാരിൽ പ്രമുഖൻ രണ്ടുരിതിയിലും പ്രവീണനായിരുന്ന നിസ്സിം എസകീൽ (Nissim Ezekiel) ആയിരുന്നെന്നു പറയാം.. അദ്ദേഹത്തിന്റെ " Night of the Scorpion" പുതുമാതൃകയിൽ പ്രശസ്തി നേടിയ കവിതയാണ്
മലയാളത്തിൽ മുക്തഛന്ദസ്സ് പുരാതനകാലത്തുതന്നെ നിലവിൽവന്നതാണ്. മധ്യകാലങ്ങളിലെ മണിപ്രവാള ചമ്പൂകാവ്യങ്ങൾ ( തേവർ ചിരികുമാരന്റെ (ദേവൻ ശ്രീകുമാരൻ) ഉണ്ണിയച്ചീചരിതം, ദാമോദരച്ചാക്യാരുടെ ഉണ്ണിയാടീചരിതം) ഇവ ഉദാഹരണം. സംസ്കൃതത്തിൽ നിന്നെത്തി ഏതാണ്ട് പതിമൂന്നാം നൂറ്റാണ്ട് മുതൽ 16/17ഴാം ശതകത്തോടെ ചമ്പുകാവ്യരീതി അസ്തമിച്ചു, - കഥകളിപ്പദങ്ങളിൽ അവയുടെ ഒട്ടൊരു സ്വാധീനം കാണാമെങ്കിലും. പിന്നതു മറ്റൊരു രീതിയിൽ ആംഗലഭാഷാസ്വാധീനത്തിൽ പുനർജ്ജനിക്കുന്നതാണ് 1950 കൾ മുതൽ "ഗദ്യകവിത" എന്ന പേരിൽ നാം കാണുന്ന മുക്തഛന്ദസ്സുകൾ. ചമ്പുക്കളിലെ തരംഗിതമായ ഉൾത്താളത്തിനു പകരം വാക്യതാളത്തിനും ആശയധ്വനിക്കും മേൽക്കോയ്മ കൊടുത്തുകൊണ്ടുള്ള ഒരുതരം പടുത്വദ്രരിദ്രരുടെ കവിതാശ്രമങ്ങൾ. എന്നാൽ നിറതുളുമ്പുന്ന ഭാഷാജ്ഞാനവും ഭാവുകത്വവും ഉണ്ടെങ്കിൽ ഉത്തുംഗ കവിതയോട് ചേർന്നുനിൽക്കാൻ സാധിക്കുന്ന ഗദ്യകവിതകൾ ജനിക്കുമെന്നത് മഹാകവികൾ ജി. ശങ്കരക്കുറുപ്പിന്റെയും, രബീന്ദ്രനാഥ ടാഗോറിന്റെ സ്വന്തം ബംഗാളി കവിതകളുടെ ഇംഗ്ലീഷ് പരിഭാഷകളും സാക്ഷ്യപ്പെടുത്തുന്നു. അയ്യപ്പ പണിക്കരെ പോലെ ചൂരുക്കംപേരെ ഒഴിച്ചുനിർത്തിയാൽ പിന്നീടുവന്ന മിക്കവരുടെയും "ഗദ്യകവിതകൾ" ഗദ്യം വെറുതെ ഉടച്ച് ശകലങ്ങൾ അടുക്കിവെച്ചവയാണ്
താളാത്മകതയും അതിനെ പരിപോഷിപ്പിക്കുന്ന പ്രാസ നിവേശനവും വൃത്തബദ്ധതയും എല്ലാം തന്നെ നിർമ്മാണജ്ഞാനത്തിന്റെയും നിർമ്മാണചതുരതയുടേയും ഭാഗങ്ങളാണ്. ഇവ രണ്ടുംകൊണ്ട് സമ്പന്നരായ കവികൾ എക്കാലത്തും വായനാസ്വാദനക്ഷമതയുള്ള കവിതകൾ, പിന്നീട് ക്ലാസ്സിക്കുകൾ ആകുന്ന കവിതകൾ, സംഭാവന ചെയ്യുന്നു. ഗദ്യശൈലീകാർ ഈ രാസപരിണാമ പ്രക്രിയയ്ക്ക് അസമർത്ഥരോ അതിനുള്ള ആയാസദോഷികളായ വിമുഖരോ ആണെന്നു പറയണം.
കവിതയുടെ സ്വധർമ്മം
-
.ഇവിടെ ഒറബിന്ദൊ ( Aurobindo) യുടെ കാവ്യകല്പനകൾ ആദരണീയം തന്നെ.കാഞ്ചത്തെ കാഞ്ചനമാക്കുന്ന കാവ്യചിന്താഭാഷാ പരിപാകം കവിയിൽ അന്തർലീനമായ ഒരു അവകാശഭാഗ്യമാണ്. കവിതയുടെ നികടത്തോ കവിതയിൽ തന്നെ കടന്നുനിൽക്കുന്നതോ ആയ ഉദാത്ത ഗദ്യത്തിനുമപ്പുറത്തു പോയി, കൂടുതൽ മൂർത്തമായ മൊഴിപ്രകാശനം, ആ പ്രചോദിതവാക്ക്, അത് അടങ്ങുന്നതോ ദ്യോതിപ്പിക്കുന്നതോ ആയ, അരുള്, ആത്മാവിന്റെ ഉറവമുഖങ്ങളിൽനിന്ന് ഉയർന്നുപൊന്തുന്ന ചോദന തരുന്ന അർഥവ്യാപ്തിയുടെ ശക്തിയുള്ള താളത്മക ചാലനത്തിന്റെ ഏകത, താദാത്മ്യം, കണ്ടെത്തലാണത്. കവിയ്ക്ക് ഇതെപ്പോഴും സാധ്യമായില്ലെന്നുവരാം. പക്ഷെ ആ ലക്ഷ്യത്തെ തേടുന്നതായിരിക്കണം കവിമൊഴിയുടെ ഉന്നത പ്രവണത. അതു കണ്ടെത്തുകയും അതിനെ അഗാധതയിൽനിന്ന് വെളിപ്പെട്ട സത്തയിലെ സത്യത്തിലേക്കു സന്നിവേശിപ്പിക്കുകയും ചെയ്യുമ്പോൾ മഹാകവിത ജനിക്കുന്നു
ഏന്നാൽ, ഭാവനയുടെ ആകർഷണം നമ്മിലെ നിമ്നതലങ്ങളോടാവുമ്പോൾ അല്ലെങ്കിൽ ബാഹ്യമനസ്സിനോടു മാത്രമാവുമ്പോൾ, കാവ്യതലം വിട്ട് കേവല ഗദ്യത്തിനു ഒരു പടി മേലെയായി സാധാരണ ഭാഷണത്തിലെ അയഞ്ഞ പ്രയോഗരീതിക്കും മേലെ, അല്പം ഒതുക്കവും ചടുലതയുമുള്ള കാവ്യരൂപത്തിന്റെ മൂഖവലയണിഞ്ഞ ഒരു മേൽത്തരം ഗദ്യമായിരിക്കും ഉണ്ടാവുക. ഉന്നതവും സൂക്ഷ്മവുമായ ഒരു പര്യാപ്തത, സഫലത, ബൗദ്ധികമായ പ്രബോധനം, ശ്രദ്ധയോടെ പാകംവരുത്തിയ രസജ്ഞത, ഇവ കലർത്തി ഈ ഗദ്യത്തിന്റെ മൊഴിശക്തി വർദ്ധിപ്പിക്കാം. പക്ഷെ, താരതമ്യേനെ പദ്യത്തെ അപേക്ഷിച്ച് കാതരമായ ഗദ്യത്തിന് അതിന്റെ സാധാരണ തട്ടകം വിട്ട് കവിതയുടെ പ്രാന്തത്തിലെത്തുകയോ അന്തർഗമിക്കുകയോ സാധ്യമാകണമെങ്കിൽ ശ്രദ്ധേയമായ താളാത്മക സമീകരണവും ദർശനങ്ങൾക്കുതകുന്ന ബിംബകല്പനയും പ്രഭവത്തായ പ്രാണശക്തിയുള്ള മൊഴിയും സമ്മേളിക്കണം
ഗദ്യശൈലിയിലുള്ള കവിത, വാക്കിന്റെ ബുദ്ധിപരമായ മൂല്യത്തിൽ മാത്രം ഉറച്ചൂനിൽക്കുന്നതിനാൽ ഈ വിധമായ ഒരു ഉത്തുംഗ ശ്രമം നടത്തുന്നില്ല. സംസാര ഭാഷയിൽ സാധാരണമല്ലാത്ത, താളച്ചേർച്ചയുള്ള വാക്കുകൾ വരുത്തുന്ന ഒഴുക്ക്, ധിഷണയെ തൃപ്തിപ്പെടുത്തുന്നതും സ്പഷ്ടീകരിക്കുന്നതുമായ വാക്കുകളുടെ പഥ്യമായും ദീപ്തമായും ഉള്ള പ്രയോഗം, എന്നിവയാൽ കൃത്യമായ, ദുർബോധമായ, എന്നാൽ വഴങ്ങുന്നതും തോഷിപ്പിക്കുന്നതുമായ ഒരു ആവിഷ്കാരശൈലി മാത്രമാണത്. വചനത്തിന്റെ പോരിമ അതിനു സഹജമായ വാചാടോപം ഉൾപ്പെടെയുള്ള വിദ്യകൾ കൊണ്ട് വർദ്ധിപ്പിക്കുക എന്ന പ്രഥമ ലക്ഷ്യത്തിനപ്പുറം ചിലപ്പോൾ കൂടിയ വികാരപ്രചോദനവും സൌന്ദര്യാനുഭൂതിയും കവിതയെ അനുസ്മരിക്കുന്ന ബിംബകല്പനയും അത് ഉൾക്കൊള്ളാമെങ്കിലും അവ ഗദ്യകവിതയിൽ ബൌദ്ധികചിന്തയുടെ ആഭരണങ്ങൾ മാത്രമായി പരിണമിക്കുകയാണ്. കവി തേടുന്ന ഗഹനമായ, ജീവസ്സുറ്റ, ബൌദ്ധികനേർക്കാഴ്ച അവ നൽകുന്നില്ല. ഗദ്യശൈലി എപ്പോഴും അതിന്റെ വിധാതാവും വിധികർത്താവുമായ ബുദ്ധിയെ ഉറ്റുനോക്കുന്നു; എല്ലാ സഹായവിദ്യകളും ഉപയോഗിച്ച് ബുദ്ധിയെ ആശ്രയിച്ച് നിൽക്കുന്നു. ബുദ്ധിയുടെ പ്രധാനബലങ്ങളായ യുക്തിയും അഭിരുചിയും ആണ് ഗദ്യത്തിന്റെ ദൈവതങ്ങൾ; എന്നാൽ കവിതയ്ക്ക് അവ ഉപദൈവങ്ങൾ മാത്രം(ഒറബിന്ദൊ)
. യഥാർഥ ആസ്വാദനം അനുവാചകന്റെ ആത്മസത്തയിലാണ് സംഭവിക്കുന്നത്. ആത്മാവിന്റെ ആഴങ്ങളിലേക്ക് എത്തിച്ചേരുകയാണ് കവിതയുടെ സ്വധർമ്മം. എത്രയും നേരിട്ട് വാക്ക് ആത്മാവിന്റെ ആഴങ്ങളിലേക്ക് എത്തിച്ചേരുന്നുവോ അത്രയും ഉന്നതമായി കവിത സ്വധർമ്മം അനുഷ്ടിക്കുന്നുവെന്നു പറയാം.. ബുദ്ധിപരത, ഭാവനാവൈഭവം, ശ്രവണമാധുരി, ഇവ വാസ്തവത്തിൽ കവിതയുടെ ഉപകരണങ്ങളോ പ്രവാഹനാളികളോ മാത്രമായി കരുതിയാൽ മതി.. അനുവാചകന്റെ ആ ആത്മതുഷ്ടി ഉദാത്തമായ രസാനുഭൂതി എന്നതും കവിഞ്ഞ് ഒരു നവചേതനാസൃഷ്ടിയും പുതുവെളിച്ചവുമാകുമ്പോൾ അയാൾ യഥാർഥ കവിത കണ്ടെത്തുന്നു; കവിത യഥാർഥ ആസ്വാദകനേയും. വാസ്തവത്തിൽ, സാങ്കേതിക നൈപുണ്യത്തിന് കാവ്യസൃഷ്ടിയിൽ പരിമിതമായ ഇടമേയുള്ളു.. കാരണം, ചോദനാജന്യമായ താളമായി, ഉള്ളിൽനിന്ന് തെളിഞ്ഞ വാക്കായി, കവിയുടെ ആത്മാവ് ശബ്ദിക്കുകയാണ്. ആ താളബദ്ധവാക്കിനു സ്വകീയമായ പല ദിശാ,മാനങ്ങളും ഇന്ദ്രിയ വേദനത്തിനു പുറമേയുള്ള ബൗദ്ധിക മൂല്യവും താനേതന്നെ ലഭ്യമായിരിക്കും. അതിന്റെ ദൃശ്യപരവും വസ്തുപരവുമായ മാനങ്ങൾക്കപ്പുറം കവിയുടെ സ്വന്തം വീക്ഷണവും, മുഴങ്ങണ്ട ശബ്ദവും അതിലടങ്ങിയിരിക്കുകയും ചെയ്യും.
കവിത പച്ചയായ ആത്മഗതമല്ല, അപ്പപ്പോൾ അനുഭവിക്കുന്ന വികാരം വിളിച്ചുപറയലുമല്ല. കവിത ആവിഷ്കാരത്തെ കവിഞ്ഞും, സംവേദനമാണ്, അനുഭൂതി പകരലാണ്. ഈ തീവൃസംവേദനത്തിന് പ്രയത്നവും,ശിക്ഷണവും, അച്ചടക്കവും വേണം. എഴുത്ത് എന്ന കലയെക്കുറിച്ച് ആദരവും. അത് അണിയാനുള്ളതല്ല, അനുഭവിക്കാൻ, അറിയാൻ, ഉള്ളതാണ്. ആ അനുഭവമോ, നൈരന്തരാസ്ഥിത്വത്തിന്റെ ലയത്തിൽ അസ്വസ്ഥതയുടെ തിരയിളക്കം അനുഭൂതമാക്കേണ്ടതുമാണ്. കവി വാക്കുകളോടുള്ള അത്യാവേശത്തിൽ ഉന്മത്തനാകണം. അർഥത്തിനുപരി ഒരോ വാക്കിന്റെയും വികാരങ്ങൾ, അടുപ്പം, എന്തിന്, സാമൂഹ്യമാനം വരെ പരിശോധിക്കണം കവിത വാക്കുകളൂടെ ഉന്നതമായ കൃത്യതയാണ്. ഗുസ്താവ് ഫ്ലൗവ്ബേർട്( Gustev Floubert) പറഞ്ഞതുപോലെ " കവിത ജ്യാമിതിയേക്കാൾ കൃത്യമായിരിക്കണം". പ്രപഞ്ചസംവേദനത്തിന്റെ ശക്തിയായ വാഗ്‌ശക്തിയുടെ സാന്ദ്രതയായിരിക്കണം. അന്തസത്തയ്ക്ക് അറിയാനുള്ള വഴി കവിതയിൽക്കൂടിയുള്ളതുപോലെ മറ്റൊരു കലാരൂപത്തിനുമില്ല
, കവിതയിൽ, ഭാവുകത്വത്തിന്റെ ഒരു പ്രതിലോമ രൂപമാണ് റീയലിസം എന്നു പറയാം. ജീവിതത്തിനെ വിലങ്ങുന്ന യാഥാർഥ്യങ്ങൾ ഫലശക്തിയോടെയും ഉൽക്കടമായും പരിചയപ്പെടുത്തി സർഗ്ഗാത്മകമായ സത്യത്തെതന്നെയാണ് രണ്ടും അവതരിപ്പിക്കുന്നത്. പ്രകടമായതിനപ്പുറമുള്ള പരോക്ഷമാനങ്ങളെ വെളിപ്പെടുത്തുന്നതായിരിക്കണം കവിത. അത് കവി കണ്ട ഒരു ആശയത്തിൽ, ദർശനത്തിൽ,ഭാവനയിൽ, അടങ്ങിയിരിക്കുന്ന ഒരു ലോകത്തിന്റെ, അല്ലെങ്കിൽ, സത്യത്തിന്റെ നിർമ്മാണമാണ്. ആ സത്യം എത്ര ശക്തിയോടെ, പൂർണ്ണതയോടെ, ലാവണ്യത്തോടെ അവതതരിക്കപ്പെട്ടിരിക്കുന്നു എന്നതനുസരിച്ചായിരിക്കണം കവിത വിലയിരുത്തപ്പെടേണ്ടത്. ഗതകാലവരേണ്യർ പറഞ്ഞുവച്ചതിനുമപ്പുറം, , കവിതയുടെ ഏറ്റവും അന്തഃപ്രകൃതമായ ഭാവുകത്വത്തിലൂടെ, ഭാവഗാനാത്മകതയിലൂടെ, വേണം ഈ പുതിയ സത്യത്തെ അനുഭൂതമാക്കാൻ; -- നാടകീയ ഐതിഹാസ, കവിതകളിലാണെങ്കിൽപോലും
. അതുപോലെ, ആത്മനിഷ്ഠവും വസ്തനിഷ്ഠവും എന്ന എതിർദിശകളുടെ ഇടയിൽ ദോലമാനമായി വർത്തിക്കുന്ന കവിതയ്ക്കു് ഇവ തമ്മിലുള്ള വിവേചനങ്ങൾ താദാത്മ്യപ്പെടുത്തണമെങ്കിൽ ആദ്ധ്യാത്മികതലത്തിലേക്ക് ഉയരേണ്ടതുമുണ്ട്. അസ്ഥിരമായ വാക്കിനും കർമ്മത്തിനും അപ്പുറം ഉള്ള സ്ഥിരതയെ അന്യേഷിക്കുന്ന, മാനുഷികത്തിന്റെ അപൂർണ്ണതയിൽനിന്നും പൂർണ്ണതയിലേക്ക് പ്രയാണം ചെയ്യാനുള്ള ത്വര പ്രതിനിധാനം ചെയ്യുന്ന ആ ചിന്ത, അത് സത്യത്തിന്റെ ഗേഹത്തിൽനിന്നും ദൃഷ്ടാവിന്റെ ഹൃദയത്തിലേക്ക് അനുരണനം ചെയ്യപ്പെടുന്നത് കവിതയിലെ താളാത്മകമൊഴിയിലൂടെയാണ്. മനസ്സിന്റെ ഉച്ചസ്ഥായിലെത്തിയ ചില നിമിഷങ്ങളിൽ അതു അനുഭൂതമാക്കാൻ പഴയ കവിവരേണ്യർക്കു സാധിച്ചിട്ടുണ്ട്.
pic; Cr.Co.
കവിതയെ കുറിച്ച് വളരെ അധികം ആഴത്തില് എഴുതിയിരിക്കുന്നു ,നല്ല അറിവ് തരുന്ന ലേഖനം
മറുപടിഇല്ലാതാക്കൂVery informative...
മറുപടിഇല്ലാതാക്കൂbest wishes
വളരെയധികം ഉപകാരപ്രദമായ ലേഖനം. Keep going
മറുപടിഇല്ലാതാക്കൂ