2016 ജൂൺ 28, ചൊവ്വാഴ്ച

അഴകിൻ ചിമിഴുകൾ

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.

 അഴകിൻ ചിമിഴുകൾ






 മാരിവില്ലിൻ മനോഹാരിത
ചാരുവാം നയനചാരുത

മാനവിതാനം മുറ്റുന്നതേക്കാൾ
മാനിപ്പുനിൻ ക്ഷണികത ഞാൻ

വാനിൻ വർണ്ണ സൗഭാഗ്യമായി
മാനിപ്പുനിൻ അസുലഭത

ഞെട്ടിക്കുന്ന കടുംതുടി കൊട്ടി
തട്ടു തകർക്കും മേഘനിനാദം

ഒട്ടുശമിക്കും നിശ്ശബ്ദതയിൽ
പാടും കിളിയേ സ്നേഹിപ്പൂ ഞാൻ

കാടിൻ മാറത്തുഗ്രം താണ്ഡവ
മാടും ചുഴലിക്കാറ്റേ വെല്ലും

കാട്ടുവല്ലരി യിളംകൈകൾ
നീട്ടിയാടുന്നൂ, മതിപ്പൂ ഞാൻ

സൂരതേജസ്സോ ചിരദീപം
പാരിൻ രക്ഷക,നെന്നാകിലും

രാവിലെരിയും തിരിദീപ
മൊന്നായിടും മാനിപ്പതീഞാൻ.

സാഗരമപാര,മിക്കാണും
ജഗത്തിന്നാധാരമെങ്കിലും

ആയിരം പൂവിരിയും ചെറു
താമരക്കുളം മാനിപ്പുഞാൻ

പാറിപ്പായും ഭ്രമരങ്ങൾ പോ-
ലേറെക്കാണുന്ന വൻബോട്ടുകൾ

ചീറിപ്പോവുന്ന കായൽപ്പരപ്പിൽ
മാറിച്ചരിക്കും ചെറുതോണി

തുഴയുന്നപോക്കിൽ പുറകേ
ഒഴുകും തുഴച്ചാൽ മതിപ്പേൻ

ചെറുതല്ലയൊന്നുമേ, ലോകം
വലുതെന്നുമാത്രം, ചെറുതിൽ

അടങ്ങും അഴകിൻ ചിമിഴിൽ
തുടങ്ങും വലുതിൻ വലിപ്പം!

2016 മേയ് 24, ചൊവ്വാഴ്ച

അഘോരം: രാഷ്ട്രീയ കാവ്യ കമന്റുകൾ: ആമ്പൽക്കടവിലെ വിമാനനൗക

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.


ആമ്പൽക്കടവിലെ വിമാനനൗക



‘അല്ലിയാമ്പൽ കടവി’ലെത്തി
    കിടക്കുന്നൂ നമുക്കുള്ള
പള്ളിയോടം, പണ്ടുകണ്ട
    കൊതുമ്പൂവള്ളം!
മെല്ലെമെല്ലെ ഊന്നിയൂന്നി
സഞ്ചരിച്ചൊരു കൊച്ചുവള്ളം
മിന്നൽപോലിനി പായുമല്ലൊ
    ഇന്ത്യസാഗര വൻപരപ്പിൽ!!
ചെന്നുകണ്ട് തിരിച്ചെത്തും
    അന്യഗോള വിമാനനൗക
എന്നുമെന്നും വിഹായസ്സിൽ
 ഊന്നിയൂന്നി തിളങ്ങട്ടെ!!

2016 മേയ് 23, തിങ്കളാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യ കമന്റുകൾ: കാരസ്കരത്തിൻ കുരു

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.


കാരസ്കരത്തിൻ കുരു



കാരസ്കരത്തിൻ കുരു
പാലിലിട്ടാൽ
കാലാന്തരേ കയ്പ്
ശമിപ്പതുണ്ടോ?

കമ്മൂണിസത്തിൻ കുരു
ക്ലിഫൗസിലിട്ടാൽ
അമ്മാത്രയിൽ കയ്ചു
കുഴഞ്ഞു വീഴും

കാലാവധിക്കായ്
കാത്തിരിക്കേണ്ട നാം
കാണുന്നകാര്യം
പറയേണ്ടതുണ്ടോ

നാനാവിധത്തിൽ
അരിവാൾ ചുഴറ്റി
ഓരോ വധത്തിൻ
രുധിരത്തിലാഴ്ത്തി

ദുരുതത്തിലേറ്റും
ഭരണത്തിലെന്ന്
പരമാവധിയ്ക്കും
പരമാർത്ഥമല്ലേ?

അഘോരം: രാഷ്ട്രീയ കാവ്യ കമന്റുകൾ: ഒരു തെക്കൻ വീരഗാഥ

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.




ഒരു തെക്കൻ വീരഗാഥ



ഒന്നാനാം കുന്നിലേ കോട്ട കാണാൻ
ഒന്നിങ്ങുവന്നോട്ടെ മാളോരെ
പാടില്ല പാടില്ല എന്നു കാട്ടി
പത്തി വിടർത്തിയ കൈപ്പത്തി്!
ഒന്നാനാം കുന്നിലേ കോട്ട കാണാൻ
ഒന്നിങ്ങുവന്നോട്ടെ സോകാക്കളേ
പാടില്ല പാടില്ല പണ്ടേ ഞങ്ങൾ
ചാടിപ്പിടിച്ച ചെങ്കോട്ടയല്ലേ?

..... മട്ടു മാറി.........
എങ്കിലോ ഞങ്ങൾക്ക് വന്നേപറ്റൂ,
അങ്കം ജയിച്ചവരല്ലേ ഞങ്ങൾ!
നേരിൽ തടുക്കുവാനാകുമെങ്കിൽ
നേമത്ത് കാണാം, മാറി നിൽക്ക്
വെട്ടൊന്നുമാത്രം,അമ്പത്തൊന്നു വേണ്ട,
വെട്ടിയ വാഴപോൽ വീണിതോ നീ
ആന്റണി ഓടുന്നു ദില്ലി പൂകാൻ
പടയണിയൊക്കെ കഴിഞ്ഞിതല്ലൊ
ഒന്നാനാം കുന്നിലെ കോട്ട വാഴാൻ
വന്നിടും;
പത്തിയും വാളും വലിച്ചെറിയും.

2016 മേയ് 21, ശനിയാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യ കമന്റുകൾ: അച്യുതാനന്ദം പാന

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.



 അഘോരം: രാഷ്ട്രീയ കാവ്യ കമന്റുകൾ: അച്യുതാനന്ദം പാന




അച്യുതാനന്ദം. പാന


തൊണ്ണൂറ്റിരണ്ട് വയസ്സുള്ളൊരാശാൻ
കണ്ണാടിനോക്കിചമയമിട്ടു,
മൂക്കിലെ പല്ല് പിഴുതെറിഞ്ഞു,
മുഖ്യന്റെ ആസനം നോക്കിഗ്ഗമിച്ചു
കൈതാങ്ങി യെച്ചൂരി കൊണ്ടുനട,ന്നു
വഴിയായവഴിഎല്ലാം വെചുപിടിച്ചു,
പടിയെല്ലാം ചാടിക്കടന്നിതാശാൻ
പടയശ്വമെന്നല്ലൊ യെച്ചൂരി ചൊന്നു
ഒടുവിലെ പടവും കടന്നിതാശാൻ

..... അപ്പോൾ.....

നടുവിലായ്കാണും കസേരതന്നിൽ
മരുവിന്നിതപ്പോൾ പിണറായി ആശാൻ!
തുണയായി നില്പതോ യെച്ചൂരി മാന്യൻ!!
വീണില്ലയാശാൻ തൊട്ടടുത്തുള്ളതാം
തൂണിൽ പിടിച്ചു വീഴാതെ നിന്നു.
എന്തോപിറുപിറുത്തിങ്ങുപോന്നു,
അന്തവും കുന്തവുമില്ലാതെ നിന്നു.

വയലായ വയലെല്ലാം വെള്ളം കരേറി
പുഴയായ പുഴയെല്ലാം തൊണ്ടടുക്കും
കയറിന്റെ നാട്ടിലെ തന്റെ വീട്ടിൽ
കയറി മുൻ വാതിൽ അടച്ചിരുന്നു


അച്ചുതം മാധവം ഗോവിന്ദനില്ലാതെ
സച്ചിനാനന്ദമേ തിരുവോന്തരം!

2016 മേയ് 20, വെള്ളിയാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യ കമെന്റുകൾ: താമര മനോഹരം

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.


അഘോരം: രാഷ്ട്രീയ കാവ്യ കമന്റുകൾ:

 താമര മനോഹരം!






 ഈ മനോഹര തീരേ
ഈശ്വരൻ തന്റെ തീരേ
തൂമയിൽ വിരിഞ്ഞല്ലോ
താമര മനോഹരം!

ആയിരം ദളങ്ങളാൽ
സുരതേജസ്സും ചൊരി-
ഞ്ഞാടിടും ഐശ്വര്യത്തിൻ
നാളുകൾ നൽകിക്കൊണ്ട്

ചാരുവാം മലയാളം
കോമളം സസ്യശ്യാമം
ഭാരതനവോത്ഥാന
ഭാഗമായ് കഴിഞ്ഞല്ലോ!!
 

2016 ഫെബ്രുവരി 29, തിങ്കളാഴ്‌ച

ജെഎൻയുവിലെ മഹിഷാസുരമക്കൾ.

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.

 ജെഎൻയുവിലെ മഹിഷാസുരമക്കൾ. 





മഹിഷാസുരനെ അനാര്യരും അവർണ്ണരുമായ വിഭാഗത്തിന്റെ പ്രതിപുരുഷനായും ആര്യമേധാവിത്വത്തിന്റെ രക്തസാക്ഷിയായും സങ്കല്പിച്ചു പ്രതിഷ്ടിച്ച് ഒരു സ്മരണാദിനം ആചരിക്കുന്നത് ഏതാനും വർഷങ്ങൾക്ക്മുമ്പ്മാത്രം തുടങ്ങിവെച്ച ഒരു പ്രസ്ഥാനമാണ്. ആദ്യമായി 2011ൽ ജെഎൻയുവിലെ അഖില ഇന്ത്യൻ പിന്നോക്കവിദ്യാർത്ഥി ഫോറം ആണ് ഇങ്ങനെയൊരു ആചരണത്തിനു തുടക്കം കുറിച്ചത്. ഇതേതുടർന്ന് പലയിടത്തും ദിനാചരണങ്ങൾ നടത്തപ്പെട്ടു.  പശ്ചിമ ബെംഗാളിൽ എല്ലാ ശരദ്പൂർണ്ണിമ ദിവസവും ഇപ്പോൾ ഈ ദിനം ആഘോഷിക്കപ്പെടുന്നുണ്ട്.

ഛാർഖണ്ടിലെ അസുർ ഗോത്രവർഗ്ഗക്കാർ, മറ്റു പ്രദേശങ്ങളിലുമുള്ള സന്താൾ, ഭിൽ. യാദവ്, കുഷ്വഹ, കുംഹർ തുടങ്ങിയ ആദിവാസി ഗോത്രവിഭാഗങ്ങളും മഹിഷാസുരനെ അവരുടെ പുരാതന പൂർവികനായി കാണുന്നു. ആരാണ്, ആയിരുന്നു, ഈ അസുരന്മാർ? പുരാചരിത്ര-ഭാഷാശാസ്ത്രപരമായി അന്വേഷിച്ചാൽ അറിയാൻ കഴിയുന്നത്, അസ് എന്ന സംസ്കൃതമൂലത്തിന്റെ തദ്ഭവമായ  ആത്മീയസ്വരൂപം, അമാനുഷൻ, അമേയൻ,സത്ത,ദിവ്യൻ എന്നൊക്കെ വിശേഷിപ്പിക്കാൻ കഴിയുന്നവരുടെ കൂട്ടം, വർഗ്ഗം, എന്ന് ധരിക്കാം. ഇവരിൽ സത്തുക്കളും അസത്തുക്കളും ഉണ്ടായിരുന്നു. ആദിവേദകാലങ്ങളിൽ ഇവരെ സത്തുക്കളായിമാത്രം കരുതുന്നെണ്ടെങ്കിലും അനന്തരവേദകാലങ്ങളിൽ അസത്തുക്കളായി പരാമർശിക്കപ്പെടുകയും സത്തുക്കളെ വേർതിരിച്ച് പ്രത്യേകമായി ദേവന്മാരായി പരിഗണിക്കയും ചെയ്യുന്നു. മനുഷ്യന്റെ അടിസ്ഥാനപരമായ നന്മയും തിന്മയും തിരിച്ചറിഞ്ഞ് വർഗ്ഗീകരണം ചെയ്യുന്ന പ്രക്രിയ തന്നെയാവുമിത്.

അങ്ങനെ ഈ പ്രക്രിയ ആര്യ വംശത്തെ അസുര-ദേവ വംശങ്ങൾ എന്ന രണ്ടു വിഭാഗമാക്കിച്ചെയ്തു. അസുരർ  ക്രമേണെ പടിഞ്ഞാറേക്ക്, ഇന്നത്തെ ഇറാൻ അതിർത്തിയായ പ്രദേശങ്ങളിലേക്ക് ആദേശം ചെയ്യപ്പെടുകയുണ്ടായി. ഇവരിൽപ്പെട്ട രാജകുലമാണ് മഹാബലിയുടേതും മറ്റ് അസുരരാജാക്കന്മാരുടേതും. ഇന്ത്യയിൽ അവശേഷിച്ചവരാകട്ടെ ദക്ഷിണഭാഗത്തേക്ക് തള്ളപ്പെട്ടു.

എന്നാൽ ഇങ്ങനെ ദക്ഷിണാത്യം സംഭവിച്ചവർക്ക് മറ്റൊരു അപചയവും നേരിട്ടു. ആര്യന്മാർക്കും മുൻപ് ഈ ഉപഭൂഖണ്ഡത്തിൽ വസിച്ചിരുന്നവരും  ദക്ഷിണാത്യം സംഭവിച്ചിരുന്നവരുമായ മുണ്ട നരവർഗ്ഗക്കാരുമായി അസുരർക്ക് ജനിതക സങ്കലനം സംഭവിച്ചു. ആദിദ്രാവിഡർ, ചണ്ഡാളർ, രാക്ഷസർ (ഇവർ വടക്കും ഉണ്ടായിരുന്നു) എന്നിങ്ങനെയുള്ളവർ മുണ്ടവർഗ്ഗത്തിൽപെട്ട വിഭാഗങ്ങളെ സൂചിപ്പിക്കുന്നു. ഇവരെല്ലാം ചേർന്നുള്ള ജനതതിയാണ് ഇപ്പോൾ ദളിതർ എന്ന് നാം വ്യ്വഹരിക്കുന്നവർ.
ഇവരിലെ ഒരു രാജാവായിരുന്നു മഹിഷാസുരൻ. അതിപ്രതാപിയായി വളർന്ന മഹിഷാസുരൻ ആര്യദേവ കുലങ്ങൾക്കും മറ്റ് സമീപ അസുരരാജകുലങ്ങൾക്കും ഭീഷണിയായതോടെ മഹിഷനെ നിഷ്കാസനം ചെയ്യാനുള്ള ഗൂഢാലോചനയിൽ രണ്ട് ആര്യവർഗ്ഗങ്ങളും പങ്കെടുത്തു. അന്നത്തെ ഏറ്റവും ശക്തിശാലിയായ ദേവരാജ്യത്തിലെ റാണിയായിരുന്ന് ദുർഗ്ഗാദേവിയെ മഹിഷാസുരന്റെ രാജ്യം ആക്രമിക്കാനും കീഴടക്കി മഹിഷനെ വധിക്കാനും നിയോഗിച്ചു.  അതിൽ ഇന്ദിരാ ഗാന്ധിയെപ്പോലെ ദുർഗ്ഗദേവി വിജയിക്കയും ചെയ്തു എന്ന് ഇന്ന് നമുക്ക് വായിച്ചെടുക്കാം.

അങ്ങനെ ആര്യർക്ക് കശ്മലനായ മഹിഷാസുരൻ  ദളിതർക്ക് രക്തസാക്ഷിയായ പിതാമഹനുമായി. ദളിതർ മഹിഷാസുരദിനം ആഘോഷിക്കട്ടെ, പക്ഷെ അഫ്സൽ ഗുരുദിനവും യാക്കൂബ്ദിനവും പിതാമഹദിനങ്ങളാക്കിയാൽ തിക്തസ്മരണയാവും ഫലം.
Powered By Blogger