2016, ജൂൺ 28, ചൊവ്വാഴ്ച

അഴകിൻ ചിമിഴുകൾ

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.

 അഴകിൻ ചിമിഴുകൾ






 മാരിവില്ലിൻ മനോഹാരിത
ചാരുവാം നയനചാരുത

മാനവിതാനം മുറ്റുന്നതേക്കാൾ
മാനിപ്പുനിൻ ക്ഷണികത ഞാൻ

വാനിൻ വർണ്ണ സൗഭാഗ്യമായി
മാനിപ്പുനിൻ അസുലഭത

ഞെട്ടിക്കുന്ന കടുംതുടി കൊട്ടി
തട്ടു തകർക്കും മേഘനിനാദം

ഒട്ടുശമിക്കും നിശ്ശബ്ദതയിൽ
പാടും കിളിയേ സ്നേഹിപ്പൂ ഞാൻ

കാടിൻ മാറത്തുഗ്രം താണ്ഡവ
മാടും ചുഴലിക്കാറ്റേ വെല്ലും

കാട്ടുവല്ലരി യിളംകൈകൾ
നീട്ടിയാടുന്നൂ, മതിപ്പൂ ഞാൻ

സൂരതേജസ്സോ ചിരദീപം
പാരിൻ രക്ഷക,നെന്നാകിലും

രാവിലെരിയും തിരിദീപ
മൊന്നായിടും മാനിപ്പതീഞാൻ.

സാഗരമപാര,മിക്കാണും
ജഗത്തിന്നാധാരമെങ്കിലും

ആയിരം പൂവിരിയും ചെറു
താമരക്കുളം മാനിപ്പുഞാൻ

പാറിപ്പായും ഭ്രമരങ്ങൾ പോ-
ലേറെക്കാണുന്ന വൻബോട്ടുകൾ

ചീറിപ്പോവുന്ന കായൽപ്പരപ്പിൽ
മാറിച്ചരിക്കും ചെറുതോണി

തുഴയുന്നപോക്കിൽ പുറകേ
ഒഴുകും തുഴച്ചാൽ മതിപ്പേൻ

ചെറുതല്ലയൊന്നുമേ, ലോകം
വലുതെന്നുമാത്രം, ചെറുതിൽ

അടങ്ങും അഴകിൻ ചിമിഴിൽ
തുടങ്ങും വലുതിൻ വലിപ്പം!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Powered By Blogger