2010 നവംബർ 23, ചൊവ്വാഴ്ച

കിളിപ്പൈതൽ

കിളിപ്പൈതൽ


ഒരു രാവു നീണ്ടതാം നോവിന്റെയറുതിയിൽ
നവജാതമായൊരീപ്പൊന്നിൻകുരുന്നിനെ
അരുമത്തിടമ്പുപോൽ ഹൃദയത്തിലേറ്റി നിൻ
തിരുമുൽപ്പടിക്കാഴ്ച്ചയർപ്പിച്ചു നിന്നിടും
തലതൊട്ടനുഗ്രഹിച്ചെൻ പൊന്നുകുഞ്ഞിനെ
പ്പലവട്ടമാശീർവ്വദിച്ചു തന്നീടണെ!
 അനവദ്യ കോമള ത്തൂവൽ കളേബരം
അനുഭാവമാക്കും അനന്യ ഹർഷത്തിനെ
വരവേൽക്കുവാനായിരവിൽക്കഴിച്ചൊര
പ്പരിതാപമെല്ലാമിനിയും മറക്കാം
അകതാരിൽനിന്നും വിരിയുന്ന താമര
യ്ക്കകമേയുറങ്ങൂ കിളിപ്പൈതലേ നീ
അതിലോല നേത്രങ്ങളിമകൾ ചലിപ്പിക്കു
മരിയവദനത്തിനേ മുത്തമിട്ടങ്ങനെ
അരികത്തുതന്നേ മരുവുന്നിതാ നീയു-
ണരുന്ന നേരം പുലരും വരേക്കും
വെളിവാർന്നുണർന്നാത്തളിർച്ചുണ്ടിളക്കി
ഇളംകൈകൾ വീശിച്ചിരിക്കുന്ന നേരം
അണയുന്നു ജന്മസാഫല്യ മെൻ ജീവനി-
ന്നണയും വരേക്കുമീ സൗഭഗം വാഴുക.!



Image: CC


2010 ഒക്‌ടോബർ 17, ഞായറാഴ്‌ച

ചന്ദനക്കാട്ടിലെ സർപ്പം


ചന്ദനക്കാട്ടിലെ സർപ്പം



ചന്ദനക്കാട്ടിലെ തായ്ത്തടിപ്പൊത്തിലായ്‌
ഇന്ദ്രനീലാങ്കിതം സർപ്പമുണ്ടേ
മാദകം ഗന്ധം മണക്കുവാനായതി-
ന്നാവതില്ലെന്നും കഥിപ്പതുണ്ടേ
കാറ്റടിക്കുന്നതും സഹ്യമല്ലായതി-
ന്നേറ്റം പിടിക്കുന്നതുഷ്ണമത്രേ!
മുറ്റും വെളിച്ചം കടക്കാത്തിടത്തിലെ
കുറ്റിരുൾ താനതിന്നിഷ്ടമത്രേ
താണടിക്കാടിലൂടൂളിയിട്ടോടുമ
പ്രാണികൾ താനതിന്നഷ്ടിയത്രേ
ചന്ദ്രികച്ചാർത്തുള്ള രാവണഞ്ഞാൽ ഫണ
മുദ്രകൾ കാട്ടിയിട്ടാടുമെന്നും,
ആദിമത്താം പെരും മായികം ശക്തിയാൽ
ഭേദിക്കുമെല്ലാ രജോഗുണവും
മാമ്പൂവിലേറും പുഴുവായി പിന്നതു
മാങ്കനിക്കുള്ളിൽ കൊഴുക്കുമത്രേ
തങ്കക്കനിച്ചാറിലാസ്വദിക്കും മനം
പങ്കിലക്കയ്പാക്കി മാറ്റുമെന്നും
ജിഹ്വകൾ കാട്ടിയിട്ടായിരം പത്തികൾ
വിഹ്വലരാക്കുമീ നമ്മെയെന്നും
കാണാവിഷം വമിച്ചുച്ഛാസ വായുവാൽ
പ്രാണനെപ്പോലും തളർത്തുമെന്നും.

    ചന്ദനത്താരിന്റെ ശുദ്ധിയിൽത്തന്നെയീ
    ഇന്ദ്രനീലാങ്കിതം സർപ്പമെന്നോ
    നന്മയിൽക്കൂടിക്കടന്നുകേറീടുവാൻ
    തിന്മയ്ക്കു കൂടുന്നു കെൽപ്പിതെന്നോ ?





ചിത്രം: ഗൂഗിൾ വഴി

2010 സെപ്റ്റംബർ 22, ബുധനാഴ്‌ച

ബോധി


ബോധി

അറിവേറെയില്ലാതിരുന്നപ്പൊഴത്രയും
ചെറുതായിരുന്നു എൻ ചിത്തഭാരം
അറിവേറിടുംതോറുമേറുന്നു ദുഃഖമെ-
ന്നറിയുന്നു; ബോധം വ്യഥതന്നെയെന്നോ!

സ്നേഹം തെളിക്കും വിളക്കിന്റെ വെട്ടമേ
മോഹിച്ചതില്ല ഞാൻ നിൻ നിഴൽ വട്ടവും
ചീർത്താന്ധകാരം തിമിർക്കുമെന്നുള്ളിലായ്‌
തീർത്തു വാതായനം വെട്ടം കടക്കുവാൻ
ഏതും നിനച്ചില്ലതിൽക്കൂടീ വായു വ-
ന്നൂതിക്കെടുത്തും വിളക്കിനെയെന്നു ഞാൻ

തമ്മിൽ പയറ്റാൻ ജനിച്ചോരു കാരണം
നമ്മൾക്കു മുന്നേ മരിച്ചു വീഴുമ്പൊഴും
യുദ്ധം നിറുത്താനരുതാതെ നമ്മളോ
ബദ്ധവീറോടേ പൊരുതിവീണല്ലെങ്കിൽ
അങ്കം കഴിഞ്ഞാ രണാങ്കണം വിട്ടുപോ-
യന്ത്യം വരിക്കുന്നനുചരൻ കയ്യിനാൽ!
അടരാടിനേടുവാനന്യർ നിർമ്മിച്ചതാം
പടവാളുമാത്രമായ്‌  നാമെന്നറിഞ്ഞുവോ!

അബ്ജവ്യൂഹങ്ങൾ വളഞ്ഞകപ്പെട്ടതാം
അർജ്ജുനപുത്രനായ്‌ ഭാവിച്ചിതെങ്കിലും
രഥഘോഷമില്ലാതെ രണഭൂമിയിൽ തീവൃ-
വ്യഥ പൂണ്ടിരിക്കും അതിഭീരുവായി
ബാണം തൊടുക്കാതെ, ചാപം കുലയ്ക്കാതെ
ഞാണറ്റ വില്ലായിരുന്നു ഞാൻ തേരിലായ്‌
അസ്ത്രം തറയ്ക്കയോ മെയ്യിൽ! അംഗങ്ങളോ
രക്താഭിഷിക്തമായ്ത്തീരുക! ഞെട്ടി ഞാൻ
എയ്യുകയില്ല ഞാൻ ക്രൂരം ശരങ്ങൾ തൻ
ശയ്യയും തീർക്കുകില്ലെന്നുറച്ചെങ്കിലും
ഗത്യന്തരം വേറെയില്ലെന്നു കാൺകയാൽ
അത്യന്ത ഖേദമോടെന്നടരാടി ഞാൻ
അംഗം മറന്നും നിണംവാർന്നുമാടിയാ
സംഗരം വെന്നാലുമില്ലെന്നിരുന്നാലും
ഇന്നറിയുന്നു ഞാനെൻശക്തിശ്രോതമായ്‌
അന്നേറ്റൊരമ്പുകൾ തൻ മുറിവായകൾ
മുറികൂടിയുണ്ടായ പാടുകൾ പുത്തനാം
അറിവിന്റെ ബോധിയാം ലിപികളെന്നും!

2010 സെപ്റ്റംബർ 6, തിങ്കളാഴ്‌ച

പരിണാമം

പരിണാമം
വിണ്ണിലെ പ്രതിഭാസ
മിന്നെനിക്കറിയേണ്ട‍ീ
മണ്ണിന്റെയിതിഹാസ-
കാരകാ ചൊല്ലിത്തരൂ
പുരുഷനും പ്രകൃതി-
യുമീമട്ടിൽ മാറിപ്പോകാൻ
പരുഷമായ്‌ പരിണാമ
മെങ്ങിനെ പാളിപ്പോയി?

മന്ദ്രമായുണരുന്ന
ഭൂവിലേക്കരുണിമാ-
സാന്ദ്രമാം പുലരിതൻ
പൊന്നൊളി  വീശുമ്പൊഴേ
ജാഗരത്താകും ജീവ
ജാലങ്ങൾക്കൊപ്പം തന്നെ
ആഗമദിനത്തിനെ
സ്വാഗതം ചെയ്തൂ നമ്മൾ
സുന്ദരസൂര്യോദയം
കൂപ്പുകൈകളാലഭി-
വന്ദനം ചെയ്യും പോലെ
കണ്ടിതു ശൈലാഗ്രങ്ങൾ
ഹരിത വനാഞ്ചലേ
വെള്ളിനീരിഴകളാൽ
ത്വരിതപതനങ്ങളെ
നെയ്ത സാനുക്കളും
അവിരളവാരിയായ്‌,
മേദുരശരീരയായ്‌
അവിരാമ നിർത്ധരി
സൈകത സ്പർശിയായ്‌
ഒഴുകിയ തെളിനീർ
പ്രവാങ്ങൾ പാരിലാ-
യെഴുതി വെളിവായൊ-
രു മാനുഷ സംസ്കൃതി
ആന്തരസംവേദന
ബദ്ധമായ്‌, കർമ്മ,ധർമ്മ,
ചിന്താബന്ധുര, സമ-
ഭാവമായൊരു സംസ്കൃതി.
നേട്ടമായ്‌,ജീവന ചട്ട
മായ്‌, മാർഗ്ഗദർശിയായ്‌
ഏട്ടിലെച്ചൊല്ലിൻപടി-
യാവതും പുലരവേ

ഏടുകൾ മാറീ,ചവുട്ടീ
ചുവടുകൾ മാറ്റീ
തേടിനാമിറങ്ങീയേതു
നൂതന മരീചിക
മണലാരണ്യം കൊടും
കാടായ്ക്കണ്ടൂ,പിന്നെ
ത്തണലിൽ ദ്രുമങ്ങളും
തെളിനീർത്തടാകവും
ധൂളീതൻ ശ്രംഗങ്ങളും
മിന്നുന്ന ചൂടിന്നഭ്ര-
പാളീയിലൂടേ ഒന്നാ-
യുദയാസ്തമയങ്ങളും.
ഉദിപ്പൂ വെളിച്ചം
പടിഞ്ഞാറ,തിൽപ്പെട്ടു
മദിപ്പൂ മനം മെയ്യ്‌
മറന്നർത്ഥവിഹീനമായ്‌
തന്നിൽനിന്നുയർന്നൊന്നും
വിടരേണ്ടതില്ലെല്ലാം
തന്നിലേക്കമരുവാൻ
മാത്രമാണെന്നാം മതം
കലിതാൻ ദൈവം, കൊടും
പകതാനതിൻ പൂജ
കൊലയും പെരുകുന്ന
കൊള്ളയും നൈവേദ്യമായ്‌
ഹരിതം പട്ടിൻ ചേല
യണിയും പ്രകൃത്യംമ്പേ
ദുരയായതിൽക്കൂടി
കണ്ണുവെയ്ക്കുന്നൂ മർത്ത്യർ
പുഴയെ പിഴപ്പിച്ചു
വിളയിൽ വിഷം ചേർത്തു
മഴയെക്കൂടി ദുഷി-
പ്പിച്ചെത്രനാൾ പുലരും നാം?
തനുവും മനവും
ചെറുതായ്‌ വാമനന്മാരായ്‌
ജനം,പുതുജീവിതൻ
പരിണാമമായിതോ?

പുരുഷനും പ്രകൃതിയു
മീമട്ടിൽ മാറിപ്പോകാൻ
പരുഷമായ്‌ പരിണാമ
മെങ്ങിനെ മാറിപ്പോയി?
ചിത്രം; യാഹൂ വഴി

2010 ഓഗസ്റ്റ് 21, ശനിയാഴ്‌ച

മാവേലിത്തമ്പുരാൻ

മാവേലിത്തമ്പുരാൻ


അന്നുമിന്നും ഒന്നുപോലായ്‌
ഓണമുണ്ണാനോടിയെത്തും
തെന്നലായിട്ടെഴുന്നള്ളും
തമ്പുരാനെന്നോ?

വാരിദങ്ങൾ പോയൊഴിഞ്ഞാ
വാനിടത്തിൽ വിരാജിക്കും
താരരാജൻ കുമാരൻ
അത്തമ്പുരാനാണോ?

മന്നിനായാ വിണ്ണിൽനിന്നും
വെൺപുടവപ്പട്ടുചാർത്തും
പൊന്നുകയ്യാലുദാരൻ
ആ മന്നവൻ താനോ?

പൊന്നരളിപ്പൂക്കളത്തിൽ
ചെമ്പരത്തിപ്പൂക്കൾ വെച്ചു
വന്നുദിക്കും വിഭാതം ഈ
മന്നവൻ താനോ?

കിന്നരിപ്പൊൻനൂലു തുന്നി
പൊന്നലക്കിൻ പട്ടമിട്ടു
മിന്നൽ കാട്ടും തിളക്കം
ഈ മന്നവന്നാണോ?

വിസ്മയങ്ങൾ വിടർത്തുന്ന
വെള്ളയാമ്പൽ പൊയ്കയിന്നു
സുസ്മിതപ്രഭ ചാർത്തി
നിൽക്കുവതങ്ങയേക്കാത്തോ?

പോക്കുവെയിലിൻ പുഞ്ചിരിക്കൽ,
പൂങ്കുയിലിൻ പാട്ടുമേളം,
ആർക്കുവേണ്ടിപ്പൊഴിക്കു-
ന്നിപ്പാരിടം ഇപ്പോൾ?

ആരുടേയും അനുഭൂതിയ്ക്ക-
നുരൂപൻ മന്നവന്നി-
ന്നാരതിത്തട്ടുഴിഞ്ഞെത്തും
അമ്മ താൻ തന്നെ,
ആരുമൊന്നും സ്വന്തമായി
പ്പാരിലില്ലാത്തവർക്കായി
ചാരുവർണ്ണച്ചിത്രദൃശ്യം
 ചമയ്ക്കുന്നെന്നോ?



ചിത്രം: ഗൂഗിൾ വഴി


2010 ഓഗസ്റ്റ് 7, ശനിയാഴ്‌ച

മാസ്മരം


 മാസ്മരം



നിന്റെ മനസ്സിലുയർന്നൊരു സുമമീ
നിന്നുടെ ചുണ്ടിൽ വിരിയും സ്മിതമായ്‌
കണ്ണിൽ കനവായ്‌ നിനവായ്‌,എന്നുടെ
യുള്ളിൽ കുളിരായ്‌, വെയിലായ്ത്തീരാ-
                 നുള്ളൊരു മായികജാലമിതെന്തേ?

താവക കുളിർ കര സ്പർശന മൊരു
നവജീവനുണർത്താൻ, സിരകളിൽ
ഭാവ തരംഗത്തള്ളിൻ നുരയുടെ
                പൂവുകൾ ചിതറാൻ മായമിതെന്തേ?

ദ്യോവിൻ നിറുകയിൽനിന്നുമിറങ്ങി
ഭൂവിലുറങ്ങും ബീജശതങ്ങളിൽ
ജീവനുണർത്തിയെടുത്തെന്നുള്ളിൽ
പൂവിരിയിക്കും മഴപോൽ പൊഴിയാൻ
               ആവതിതേതൊരു മായാജാലം?

ഇന്ദീവരനേർമിഴികൊണ്ടെൻ മന-
മിന്ദ്രിയ ചോദിത തരളിതമായൊരു
മന്ദ്രം, മഥിതം സലിലമതാക്കി
സുന്ദര കവിതാകമലമുയർത്താ-
               നെന്തൊരു വിസ്മയ വിദ്യയിരിപ്പൂ?

കോപം വില്ലു കുലച്ചു തൊടുത്തൊരു
ചാപം പോലെ, തുടുത്തൊരു ചുണ്ടിൽ
താപജ്വാലകൾ ഞൊടിയിൽ രൂപം
പ്രാപിക്കുന്നൊരു മഴവില്ലൊളിയായ്‌
             വ്യാപിക്കുന്നതിതേതൊരു മായാജാലം?

മായികമാമീ മാനസഭാവം
പോയൊരു കാലക്കഥകളിലേതാം
നായികയെന്നേ യവനിക പിന്നിൽ
പോയിയിതെന്നാലെന്തേ, ഇന്നും എന്നിൽ
            സ്ഥായീഭവമായ്‌ പൂത്തുലയുന്നു?




ചിത്രം: ഗൂഗിൾ വഴി

2010 ജൂലൈ 30, വെള്ളിയാഴ്‌ച

വരണം


വരണം



നനുത്ത കാറ്റിൽ രാവിൻ വാർമുടി
                                      യുലഞ്ഞു മാറുന്നു
മിനുത്ത കവിളിൻ മുഖപ്രസാദം
                                       നിലാവിൽ മുങ്ങുന്നു
പരക്കെ വിണ്ണിൻ ചെരാതുകൾ നി-
                                        ന്നെരിഞ്ഞു കത്തുന്നു
ഒരുക്കമൊക്കെ കഴിഞ്ഞിറങ്ങാൻ
                                        തിടുക്കമാവുന്നോ?
തനിച്ചുതന്നേ വരണം, വേദിയിൽ
                                        നടപ്പതല്ലീ വരണം,
നിനച്ചിതെന്നേതന്നേ, പക്ഷേ
                                        നിമന്ത്രണം വരണം.
തുടിച്ചു നിൽക്കും ഹൃദന്തമല്ലാ-
                                        തെടുക്കുവാനില്ല
കൊടുക്കുവാനായ്‌ കരത്തിലൊന്നും
                                        പിടിക്കുവാനില്ല
മൊഴിഞ്ഞ പാട്ടിന്നീരടി കാതിൽ
                                        പൊലിഞ്ഞു പോയാലും
പൊഴിഞ്ഞ പൂവിന്നിതളുകൾ കാറ്റിൽ
                                        പറന്നു പോയാലും
അഴിഞ്ഞുപോയൊരു തന്ത്രികൾ പേറിയ
                                        വീണയിതെന്നാലും
കഴിഞ്ഞകാലശ്രുതികളിലൊഴുകിയ
                                        നാദം നിന്നാലും
അകത്തളത്തിൽ ജ്വലിച്ചുനിൽക്കും
                                        വിളക്കെരിഞ്ഞോട്ടെ
അകന്നുതന്നെ ഒഴിഞ്ഞുമാറി
                                        ഇരുട്ടു നിന്നോളൂം
കനത്തനാണം മെനഞ്ഞ മഞ്ഞിൻ
                                        മുഖപ്പടം മൂടി
കുനിഞ്ഞ ശീർഷം നമിച്ചു കൈകൾ
                                        പിണച്ചു കൂപ്പട്ടെ!


ചിത്രം: ഗൂഗിൾ വഴി.













       
Powered By Blogger