ബോധി
അറിവേറെയില്ലാതിരുന്നപ്പൊഴത്രയും
ചെറുതായിരുന്നു എൻ ചിത്തഭാരം
അറിവേറിടുംതോറുമേറുന്നു ദുഃഖമെ-
ന്നറിയുന്നു; ബോധം വ്യഥതന്നെയെന്നോ!
സ്നേഹം തെളിക്കും വിളക്കിന്റെ വെട്ടമേ
മോഹിച്ചതില്ല ഞാൻ നിൻ നിഴൽ വട്ടവും
ചീർത്താന്ധകാരം തിമിർക്കുമെന്നുള്ളിലായ്
തീർത്തു വാതായനം വെട്ടം കടക്കുവാൻ
ഏതും നിനച്ചില്ലതിൽക്കൂടീ വായു വ-
ന്നൂതിക്കെടുത്തും വിളക്കിനെയെന്നു ഞാൻ
തമ്മിൽ പയറ്റാൻ ജനിച്ചോരു കാരണം
നമ്മൾക്കു മുന്നേ മരിച്ചു വീഴുമ്പൊഴും
യുദ്ധം നിറുത്താനരുതാതെ നമ്മളോ
ബദ്ധവീറോടേ പൊരുതിവീണല്ലെങ്കിൽ
അങ്കം കഴിഞ്ഞാ രണാങ്കണം വിട്ടുപോ-
യന്ത്യം വരിക്കുന്നനുചരൻ കയ്യിനാൽ!
അടരാടിനേടുവാനന്യർ നിർമ്മിച്ചതാം
പടവാളുമാത്രമായ് നാമെന്നറിഞ്ഞുവോ!
അബ്ജവ്യൂഹങ്ങൾ വളഞ്ഞകപ്പെട്ടതാം
അർജ്ജുനപുത്രനായ് ഭാവിച്ചിതെങ്കിലും
രഥഘോഷമില്ലാതെ രണഭൂമിയിൽ തീവൃ-
വ്യഥ പൂണ്ടിരിക്കും അതിഭീരുവായി
ബാണം തൊടുക്കാതെ, ചാപം കുലയ്ക്കാതെ
ഞാണറ്റ വില്ലായിരുന്നു ഞാൻ തേരിലായ്
അസ്ത്രം തറയ്ക്കയോ മെയ്യിൽ! അംഗങ്ങളോ
രക്താഭിഷിക്തമായ്ത്തീരുക! ഞെട്ടി ഞാൻ
എയ്യുകയില്ല ഞാൻ ക്രൂരം ശരങ്ങൾ തൻ
ശയ്യയും തീർക്കുകില്ലെന്നുറച്ചെങ്കിലും
ഗത്യന്തരം വേറെയില്ലെന്നു കാൺകയാൽ
അത്യന്ത ഖേദമോടെന്നടരാടി ഞാൻ
അംഗം മറന്നും നിണംവാർന്നുമാടിയാ
സംഗരം വെന്നാലുമില്ലെന്നിരുന്നാലും
ഇന്നറിയുന്നു ഞാനെൻശക്തിശ്രോതമായ്
അന്നേറ്റൊരമ്പുകൾ തൻ മുറിവായകൾ
മുറികൂടിയുണ്ടായ പാടുകൾ പുത്തനാം
അറിവിന്റെ ബോധിയാം ലിപികളെന്നും!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ